തികച്ചും നാടകീയം എന്ന് എല്ലാവരും വിശേഷിപ്പിച്ചു കഴിഞ്ഞ സംഭവ വികാസങ്ങളാണ് രണ്ട് കൊറിയകളുടെയും നേതാക്കന്മാരുടെ ഉച്ചകോടിയില്‍ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്ന വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഒരു സുപ്രഭാതത്തില്‍ ഏറ്റവും വലിയ സമാധാന പ്രേമിയായി രംഗ പ്രവേശം ചെയ്തിരിക്കുന്നു.
മുന്‍ അനുഭവങ്ങള്‍ വെച്ച് വടക്കന്‍ കൊറിയയുടെ ഈ നീക്കങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ടെങ്കിലും സംഭവത്തിന്റെ പ്രാധാന്യം കുറയുന്നില്ല. 2000 ലും 2007 ലും വടക്കന്‍ കൊറിയന്‍ നേതാക്കള്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങളെക്കാള്‍ ഗൗരവ സ്വഭാവത്തിലുള്ളതാണ് ഇപ്പോഴത്തെ പ്രഖ്യാപനം എന്നതാണ് അന്തരീക്ഷത്തിന് മിഴിവ് നല്‍കുന്നത്. കൊറിയന്‍ അര്‍ദ്ധ ദ്വീപിനെ പൂര്‍ണമായും ആണവ നിരായുധീകരിക്കുകയും സമാധാന മേഖലയാക്കുകയും ചെയ്യുമെന്ന ലക്ഷ്യ പ്രഖ്യാപനം തന്നെ ലോകത്തിനു മുഴുവന്‍ ആകര്‍ഷണീയമായ സ്വപ്ന സാക്ഷാല്‍ക്കാരമാണ്.
അത്ര നാടകീയമല്ലെങ്കിലും ലോക ജനസംഖ്യയില്‍ 260 കോടിയെ (40%) പ്രതിനിധാനം ചെയ്യുന്ന ഇന്ത്യയുടേയും ചൈനയുടേയും ഭരണത്തലവന്മാര്, നരേന്ദ്ര മോദിയും ഷി ജിന്പിങ്ങും, തമ്മിലുള്ള അനൗപചാരിക ഉന്നതതലവും ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നാളിതു വരെ ഇല്ലാത്ത സമാധാന അന്തരീക്ഷ സാധ്യതകളാണ് മുന്നോട്ടു വെയ്ക്കുന്നത്. പ്രായോഗിക തലത്തിലുള്ള സമൂര്‍ത്ത സാധ്യതകള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നതു കൊണ്ടാണ് ഈ ഉന്നതതലം ഗൗരവസ്വഭാവം ആര്‍ജിക്കുന്നത്.
സാര്‍വദേശീയ നയതന്ത്രത്തിന്റെ തലത്തില്‍ ഈ രണ്ട് ഉന്നതതലങ്ങളും ഗണ്യമായ സ്വാധീനമാണ് ചെലുത്താന്‍ പോകുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും ആദ്യത്തേത് തന്നെയാണ് നിര്‍ണായക പങ്കു വഹിക്കുക. പക്ഷെ, അതിന്റെ സങ്കീര്‍ണതയും ഒപ്പം അതിന്റെ അനിശ്ചിതത്വവുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. വ്യക്തമായി പ്രവചിക്കാനൊന്നും കഴിയില്ലെങ്കിലും സാധ്യതകളെക്കുറിച്ചുള്ള ഒരു പരിശോധന സാധ്യമാണ്.
രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്നു സോവിയറ്റ് യൂണിയനും അമേരിക്കയും ചേര്‍ന്ന് യുദ്ധ ബാക്കികള്‍ പങ്കുവച്ചതിന്റെ കൂട്ടത്തിലാണ് കൊറിയയും രണ്ടായി വിഭജിക്കപ്പെടുകയും രണ്ട് കൂട്ടരുടെയും കൈകളിലാവുകയും ചെയ്തു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെറിയ കമ്മുണിസ്റ്റു പാര്‍ട്ടികളെ പൊക്കിയെടുത്തു സോവിയറ്റ് സൈന്യത്തിന്റെ സംരക്ഷണയില്‍ കമ്മുണിസ്റ്റ് ഭരണം സ്ഥാപിച്ചതു പോലെയാണ് വടക്കന്‍ കൊറിയയില്‍ കിം ഉല് സുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മുണിസ്റ്റ് ഭരണവും നിലവില്‍ വന്നത്.
കമ്മുണിസ്റ്റുകാര്‍ ഏതു സമൂഹത്തിലും ചെറിയൊരു വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യുമ്പോഴും പ്രസ്തുത സമൂഹത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ തങ്ങള്‍ക്കു അർഹതയുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഫാസിസ്റ്റ് രീതിയില്‍ തങ്ങളുടെ മേധാവിത്തം സ്ഥാപിക്കുന്നവരാണ്. വടക്കന്‍ കൊറിയയില്‍ നടന്നതും അതു തന്നെ. കമ്മുണിസ്റ്റ് വിരുദ്ധരായ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ കൊറിയയിലും തങ്ങളുടെ ആധിപത്യമാണ് സ്ഥാപിക്കെണ്ടതെന്ന് അവര്‍ ചിന്തിക്കാനിടയാകുന്നതും സ്വാഭാവികമായിരുന്നു. സോവിയറ്റ് യൂണിയന് അവരെ പിന്തുണ ക്കുകയും ചെയ്യും. അതു തന്നെയാണ് സംഭവിച്ചതും.
1949 ല്‍ തെക്കന്‍ കൊറിയയിലെക്കുള്ള വടക്കന്‍ ആക്രമണം വ്യാപ കമായപ്പോള് യു എന്നിനെ ഉപയോഗിച്ച് തെക്കന്‍ കൊറിയക്കാരുടെ ചെറുത്തു നില്പിനെ സഹായിക്കാന്‍ അമേരിക്ക ശ്രമിച്ചു. സോവിയറ്റ് പിന്തുണയോടെയുള്ള വടക്കന്‍ ആക്രമണം ശക്തമായപ്പോള്‍ അമേരിക്ക നേരിട്ട് ഇടപെട്ടു. അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കിയ സോവിയറ്റ് യൂണിയന് വിപ്ലവം ജയിച്ച ചൈനയെ കൊറിയയില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചു. ചൈന അതിന് സന്നദ്ധവുമായിരുന്നു. 1950 ല്‍ ചൈന കൊറിയയില്‍ നേരിട്ട് ഇടപെട്ടതോടെ ഒരു വശത്തു അമേരിക്കയുടെ പിന്തുണയോടെ തെക്കന്‍ കൊറിയയും മറുവശത്തു സോവിയറ്റ് യൂണിയന്റെയും ചൈനയുടേയും പിന്തുണയോടെ വടക്കന്‍ കൊറിയയും നടത്തുന്ന ഒരു തുറന്ന യുദ്ധമായി അത് മാറി.
ഒരു ലോക യുദ്ധത്തിലേയ്ക്ക് നയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് താല്പര്യമില്ലാതിരുന്നതു കൊണ്ട് ആരും ജയിക്കാത്ത ഒരു യുദ്ധമായി അത് മൂന്ന് വര്‍ഷക്കാലം തുടര്‍ന്നു. 1953 ല്‍ വെടി നിർത്തല്‍ അഥവാ താല്‍ക്കാലിക യുദ്ധ വിരാമ കരാര്‍ ഒപ്പുവെച്ചു സംഘട്ടനം ഒഴിവാക്കപ്പെട്ടുവെങ്കിലും ഔപചാരികമായി യുദ്ധം ഒരിക്കലും അവസാനിച്ചില്ല. രണ്ടു കൊറിയകളും യുദ്ധാന്തരീക്ഷത്തില്‍ തന്നെയാണ് ഇതു വരെയും തുടര്‍ന്നു പോന്നത്.
വടക്കന്‍ കൊറിയയില്‍ കമ്മ്യൂണിസ്റ്റ് ഭരണം കുടുംബ വാഴ്ച്ചാ ഫാസിസമായി പരിണമിച്ചു. പൗരന്മാര്ക്ക് യാതൊരു ജനാധിപത്യാവകാശങ്ങളുമില്ലാത്ത സൈനിക ഭരണമാണ് അവിടെ നിലനില്‍ക്കുന്നത്. അധികാരിവര്ഗമൊഴിച്ചുള്ള സാധാരണ ജനങ്ങളുടെ ജീവിത നിലവാരം പരിതാപകരമാണ്. ചൈനയുടെ വ്യാപാര സാമ്പത്തിക സഹായം കൊണ്ട് മാത്രമാണ് ആ രാജ്യം പിടിച്ചു നില്‍ക്കുന്നത്.
തെക്കൻ കൊറിയയില്‍ അമേരിക്കന്‍ ശിങ്കിടികളായ സൈനിക മേധാവികളും സ്വേച്ഛാധിപതികളുമാണ് ആരംഭത്തില്‍ ഭരിച്ചിരുന്നതെങ്കിലും തുറന്ന വിപണിയിലൂടെ ആ സമൂഹം വലിയ സാമ്പത്തിക ശക്തി ആയതോടെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി വ്യവസ്ഥയിലേക്കു വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. ഭൂമിശാസ്ത്രപരമായി ചെറിയൊരു രാജ്യമാണെങ്കിലും തെക്കന്‍ കൊറിയ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാണ്.
ഈ പശ്ചാത്തലത്തിലാണ് വടക്കൻ കൊറിയന്‍ യുവ നേതാവ് ഒരു നിയന്ത്രണത്തിനും വഴങ്ങാതെ ആണവ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട് ലോകത്തെ ആണവ യുദ്ധത്തിലേക്ക് നയിക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ചത്. അതേ ആള് തന്നെയാണ് ഇനി മേലില്‍ തങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുകയില്ലെന്നും പകരമായി തങ്ങള്‍ ആണവാക്രമണത്തിനു വിധേയമാകില്ലെന്ന് ഉറപ്പു ലഭിക്കണമെന്നും പറഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ന്യായമാണ്.
നിയന്ത്രണമില്ലാത്ത ആണവ മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്കയും യു എന്നും റഷ്യയും ചൈനയും വരെ നാനാവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വടക്കന്‍ കൊറിയയെ ശ്വാസം മുട്ടിച്ചു നിര്‍ത്തിയിരിക്കുകയാണ്. ആ അവസ്ഥയില്‍നിന്നു രക്ഷപ്പെടാനാണ് ഇപ്പോഴത്തെ കീഴടങ്ങല്‍ എന്നൊരു വ്യാഖ്യാനമുണ്ട്. പക്ഷെ ആണവ പരീക്ഷണ വെല്ലുവിളിക്ക് തയ്യാറെടുത്തവര്‍ ഇത്തരം പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്‍കൂട്ടി കാണാന്‍ കഴിയാത്തവര്‍ ആയിരുന്നു എന്നു കരുതുന്നത് ശരിയായിരിക്കില്ല. അത്യാവശ്യം ആണവായുധങ്ങളുള്ള ഒരു ആണവ ശക്തിയെന്ന നിലക്ക് വില പേശാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവര്‍ ചെയ്തത്. ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ നടപടികള്‍ എടുക്കുന്നതു കൊണ്ട് നിലവിലുള്ള ആണവ ശക്തിക്ക് കോട്ടം സംഭവിക്കുന്നുമില്ല. ഇപ്പോഴത്തെ അവരുടെ നിര്‍ദേശങ്ങള്‍ കീഴടങ്ങലല്ല; വിലപേശല്‍ തന്നെയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു മുന്നിലാണ് കിം ഉന്നിന്റെ വിലപേശല്‍ നടക്കുന്നത്. കൊറിയന്‍ ഉപദ്വീപ് മുഴുവന്‍ ആണവ നിരായൂധീകരിക്കുക എന്നു പറഞ്ഞാല്‍ അത് നടപ്പിലാക്കാനുള്ള മുഖ്യ ഉത്തരവാദിത്വം ട്രംപിനാണ്. തെക്കന്‍ കൊറിയക്ക് ആണവ ആയുധങ്ങളില്ല. അമേരിക്ക നല്കുന്ന ആണവക്കുട സംരക്ഷണമാണ് അവര്‍ക്ക് ലഭിക്കുന്നത്.
ചുറ്റുമുള്ള അമേരിക്കന്‍ താവളങ്ങളില്‍ നിന്നാണ് അത് സജ്ജമാക്കിയിട്ടുള്ളത്. അതെല്ലാം അമേരിക്ക ഇല്ലായ്മ ചെയ്തതാലേ വടക്കന്‍ കൊറിയ അവരുടെ ആണവായുധങ്ങള്‍ നശിപ്പിക്കേണ്ടതുള്ളു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതെളുപ്പമല്ല. അമേരിക്കയുടെ ഇതേ ആണവക്കുട തന്നെയാണ് ജപ്പാന് സംരക്ഷണം നല്‍കുന്നതും…
തെക്കന്‍ കൊറിയന്‍ നേതാവ് മൂന് ജീ ഇന്‍ ആണ് ട്രംപിനു വേണ്ടി കൂടിയാലോചനകളില്‍ പങ്കെടുക്കുന്നത്. ഈ കൂടിയാലോചനകളിലൂടെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുമോ എന്നത് അറിയണമെങ്കില്‍ മേയ് അവസാനം നടക്കാനിരിക്കുന്ന ട്രംപ്—ഉന്‍ ഉച്ചകോടി വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
ഇന്ത്യ -ചൈന ബന്ധത്തില്‍ ദോക് ലാമില്‍ നടന്നതു പോലത്തെ സൈനിക മുഖാമുഖം ആവര്‍ത്തിക്കില്ലെന്ന രണ്ട് നേതാക്കളുടെയും കൂട്ടായ പ്രഖ്യാപനം ഗൗരവത്തില്‍ തന്നെയാണ് ലോകം നോക്കി കണ്ടത്. ദോക് ലാം ദിവസങ്ങളില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്നു ലോകം ഉറ്റു നോക്കി കൊണ്ടിരിക്കുകയായിരുന്നു. അത്തരം സാഹചര്യം ആവര്ത്തിക്കപ്പെടില്ലെന്ന് ഉറപ്പു വരുന്നത് ഇന്ത്യക്കും ചൈനക്കും മാത്രമല്ല ലോകത്തിനും ആശ്വാസകരം തന്നെയാണ്.