നമുക്ക് ചുറ്റും സർദാർ പട്ടേൽ എന്ന പേര് നിറഞ്ഞു തുളുമ്പുന്നുണ്ട്. ഗാന്ധിജിയുടെ നാമവും പ്രതീക്ഷിക്കാത്ത നാവുകളിൽ നിന്ന് വരുന്നുണ്ട്. പ്രതിരോധത്തിന്റെ ശബ്ദമായി അംബേദ്കർ എന്ന പേരും ഇടയ്ക്കൊക്കെ കേൾക്കാനുണ്ട്. ഇന്ത്യയുടെ വർത്തമാനകാല പൊതുമണ്ഡലത്തിൽ നിന്ന് അടുത്തകാലത്തായി ഒഴിവാക്കപ്പെടുന്ന പ്രധാന പേര് ജവഹർലാൽ നെഹറുവിന്റേതാണ്. ഹിന്ദുത്വ രാഷ്ടീയവാദികൾ ബോധപൂർവ്വം ഏറ്റെടുത്ത ദൗത്യമാണ് നെഹറുവിന്റെ ഓർമ്മയെ ഇല്ലായ്മ ചെയ്യുക എന്നത്. നെഹ്റുവെന്ന ആധുനിക ഇന്ത്യയുടെ രഷ്ട്ര ശില്പിയെ അവരെന്തുകൊണ്ട് ഭയപ്പെടുന്നു? അവരുടെ ആഗ്രഹത്തിലെ ഇന്ത്യ എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഒഴിവാക്കപ്പെടലിലൂടെ പുറത്തു വരുന്നത്.
നെഹ്റുവിനെ വിസ്മരിക്കുക എന്നത് അവരുടെ രാഷ്ട്രീയ പ്രവർത്തനമാണ്. നെഹ്റു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് അതുവഴി അവർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. നെഹ്റു പ്രതിനിധാനം ചെയ്യുന്നത് ജനാധിപത്യത്തെയാണ്. മതേതര ജനാധിപത്യത്തെ .നെഹ്റു പണിതുയർത്തിയ ഇന്ത്യ ജനാധിപത്യ ഇന്ത്യയാണ്. ഇന്ത്യൻ ജനാധിപത്യത്തിന് അടിത്തറ പാവുക എന്ന ശ്രമകരമായ കർമ്മത്തിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്. അതിനാവശ്യമായ ഭരണഘടനാ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ജനാധിപത്യ സമൂഹം നിലവിൽ വരാനാവശ്യമായ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലും അദ്ദേഹം കർമ്മനിരതനായി. അത് മറ്റാരെക്കാളും നെഹ്റുവിന് സാധിക്കും എന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. ജവഹർലാൽ സ്വതന്ത്ര ഇന്ത്യയെ നയിക്കും എന്ന സൂചന 1942 മുതൽ ഗാന്ധിജി നൽകിയിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ അവർ ഒരു പോലെയാണ് ചിന്തിച്ചത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഇപ്പോൾ പലരും പറഞ്ഞു പരത്തുന്നതുപോലെ പട്ടേലിനെ പ്രധാനമന്ത്രിയാക്കാൻ ഗാന്ധിജിയ്ക്ക് താല്പര്യമുണ്ടായിരുന്നു എന്ന വാദം വെറും പൊള്ളയാണ്. ഗാന്ധിജിയ്ക്ക് രണ്ടു പേരെയും അടുത്തറിയാമായിരുന്നു. പട്ടേലുമായി വ്യക്തി ബന്ധം ഏറെയുണ്ട് എന്നതും ശരിയാണ്. എന്നാൽ ഇന്ത്യയെ നയിക്കുവാൻ നെഹ്റുവിനേക്കാൾ യോഗ്യനായി മറ്റാരുമില്ലെന്നും അദ്ദേഹം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. പട്ടേലിലുള്ളതിനേക്കാൾ കരുത്തനായ ഒരു ജനാധിപത്യവാദി ജവഹർലാലിലുണ്ട് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വിശ്വാസിയായ പട്ടേലിനേക്കാൾ മികച്ച മതേതരവാദിയാവുക നിരീശ്വരവാദിയായ നെഹ്രുവാണെന്നും ഗാന്ധിജിക്ക് അറിയാമായിരുന്നു. സ്വാതന്ത്ര്യം നേടിയതിനേക്കാൾ പ്രയാസകരമായ ദൗത്യമാണ് തുടർന്നുള്ളത് എന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു. അതു കൊണ്ട് തന്നെ ആര് നയിക്കുന്നു എന്നത് പരമപ്രധാനമാണ്. ഹിന്ദു-മുസ്ലീം ബന്ധമാണ് രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയെന്ന് ഗാന്ധിജിയെപ്പോലെ എല്ലാവർക്കും അറിയാമായിരുന്നു. വർഗീയമായ വേർതിരിവ് പ്രതീക്ഷിച്ചതിലുമധികം പടർന്നുകൊണ്ടിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഹിന്ദുത്വ വാദിയായ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രിയാക്കുക എന്നത് ചിന്തിക്കാൻ പോലും ഇടയില്ല. പട്ടേൽ ആഗ്രഹിക്കുമിടയില്ല.

എല്ലാവരെയും അലട്ടിയ മറ്റൊരു പ്രധാനപ്രശ്നം സമ്പദ് വ്യവസ്ഥയാണ്. ഒരു പുതിയ രാജ്യത്തിന്റെ സമ്പദ്ഘടനയെ ഏങ്ങനെ കെട്ടിപ്പടുക്കണം എന്ന ചിന്ത എല്ലാവരേയും കുഴച്ചു കാണണം. വലിയ അസമത്വങ്ങൾ നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. സാമ്പത്തിക അസമത്വങ്ങൾക്ക് പുറമെ സാമൂഹിക അസമത്വങ്ങൾ വെറെയും. ഇവിടെ സോഷ്യലിസ്റ്റ് ബോധമുള്ള ഒരാൾ ഭരണാധികാരിയാവണം എന്ന് ഗാന്ധിജി നിശ്ചയിച്ചിരുന്നു. കോൺഗ്രസ്സ് പ്രസ്ഥാനത്തിനും അക്കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നില്ല. ഇത്തരം വിഷയങ്ങളിൽ കോൺഗ്രസ്സിന് ദിശാബോധം നൽകിയതും നെഹ്റു ആയിരുന്നു. 1946ൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ നെഹ്റു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇത്തരം വിഷയങ്ങൾ സമഗ്രമായി പ്രതിപാദിച്ചതായി കാണാം.
ഇന്ത്യയിലെ പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും പദവി സമത്വം , അവസരസമത്വം, നിയമത്തിനു മുന്നിൽ സമത്വം എന്നിവ ഉറപ്പു നൽകണം എന്നദ്ദേഹം വാദിച്ചു. പഞ്ചവത്സര പദ്ധതികൾ പോലും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യയെ ആഴത്തിൽ മനസ്സിലാക്കിയ ഒരു നേതാവ് ജവഹർലാൽ നെഹ്റു തന്നെയായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഭൂതകാലത്തെയും ദാർശനികമായ സത്തയേയും ഉൾക്കൊണ്ട നേതാവു കൂടിയായിരുന്നു നെഹ്റു. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ അദ്ദേഹത്തിന്റെ ‘Discovery of India’ എന്ന ഗ്രന്ഥം മാത്രം മതി അത് മനസ്സിലാക്കാൻ. അതുകൊണ്ടാണ് നിരാശ്വരവാദിയായ നെഹ്റു ഇന്ത്യ പോലൊരു രാജ്യത്ത് സർവ്വ സമ്മതനായത്. ഇന്ത്യയുടെ പ്രാചീന സംസ്കാരത്തെ ഉൾക്കൊണ്ട ആധുനികൻ എന്ന നിലയിലാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ജവഹർലാൽ നെഹ്റുവിനെ ആദരിച്ചതും അംഗീകരിച്ചതും.
ലോകവീക്ഷണത്തിലും നെഹ്റു മറ്റാരെക്കാളും മുന്നിലായിരുന്നു. ലോകത്ത് ഫാസിസം വന്ന വഴികൾ നെഹ്റു നേരിട്ടു തന്നെ മനസ്സിലാക്കായിരുന്നു. വർഗീയതയുടെ വിപത്തും അദ്ദേഹം തിരിച്ചറിഞ്ഞു. അക്കാലത്തെ ലോകനേതാക്കൾക്കളുടെ സ്നേഹാദരങ്ങൾ നേടാനും നെഹ്രുവിന് സാധിച്ചിരുന്നു.
ശാസ്ത്രീയ വീക്ഷണം ജീവിതരീതിയാക്കിയ നേതാവായിരുന്നു നെഹ്റു. പഠനം കൊണ്ടും ജീവിതം കൊണ്ടും നെഹ്റു വേറിട്ടുനിന്നു. ഇന്ത്യയിലെ ശാസ്ത്രപുരോഗതിയെയും അക്കാദമിക് സ്ഥാപനങ്ങളെയും നയിക്കുവാനുള്ള അറിവും കരുത്തും നെഹ്റുവിനുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സുകളിൽ പങ്കെടുത്തത് കൂടുതൽ അറിയാൻ വേണ്ടിയാണ്. ശ്രദ്ധാലുവായ പങ്കാളിയാവാൻ വേണ്ടിയാണ്. അല്ലാതെ സ്വന്തം അറിവോ അറിവില്ലായ്മയോ അധികാരത്തിന്റെ പിൻബലത്തോടെ ശാസ്ത്രലോകത്തിന്റെ മേൽ അടിച്ചേല്പിക്കാനല്ല.
എഴുത്തും വായനയും അദ്ദേഹത്തിന്റെ “ആത്മീയ ” ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിയുടെ സ്വാധീനം കടന്നു വരാതെ കരുതിയിരുന്നോളാം എന്ന് അദ്ദേഹം പറയുമായിരുന്നു.
ജവഹർലാൽ നെഹ്റു ഒരു സമ്പൂർണ്ണ ശരിയായിരുന്നു എന്നല്ല പറഞ്ഞു വരുന്നത്. ഒരു പാട് ശരികളുള്ള, ശകതമായ ധാർമ്മിക അടിത്തറയുള്ള, ദീർഘവീക്ഷണമുള്ള ഒരു മതേതര- ജനാധിപത്യവാദിയും സേഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് ഓർമ്മിപ്പിക്കുവാനാണ്. ആദ്യ പ്രധാനമന്ത്രി നെഹ്റു ആയതു കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യം ഉണ്ടായതും ഇത്രയെങ്കിലും വികാസം കൊണ്ടതും. അതു കൊണ്ടു മാത്രമാണ് ഇന്നും ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിൽക്കുന്നത്. നെഹ്റു ഒരാളാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പടിക്ക് പുറത്തു നിർത്തിയത്.
ഇപ്പോൾ പടിക്കകത്തു കയറിയ അവർ നെഹ്റുവിനെ ആക്ഷേപിക്കുന്നതിനും അവഗണിക്കുന്നതിനും മറ്റ് കാരണങ്ങൾ തേടേണ്ടതില്ല. നെഹ്റുവിന്റെ ഒരാശയത്തോടും അവർക്ക് യോജിപ്പില്ല. ജനാധിപത്യം, മതേതരത്വം, സമത്വം, ശാസ്ത്രീയ വീക്ഷണം തുടങ്ങിയവയെ ശത്രുക്കളായി കാണുന്നവർ വാഴുന്ന ഇന്ത്യയിൽ നെഹ്റു തമസ്ക്കരിക്കപ്പെടും. എന്നാൽ നെഹ്റുവിന്റെ ആശയങ്ങളെ വലിയ വലിയ പ്രതിമകൾ കൊണ്ട് മറച്ചുവെക്കാമെന്ന് കരുതുന്നത് വെറും മൗഢ്യം മാത്രമാണ്. നെഹ്റുവില്ലാതെ ഗാന്ധിയും നെഹ്റുവില്ലാതെ പട്ടേലുമൊന്നും പൂർത്തിയാവുന്നില്ല. വ്യക്തികളെന്ന നിലയിൽ അവരെ അടുത്തു നിർത്തിയതുകൊണ്ടോ, ചെളി വാരി എറിഞ്ഞതുകൊണ്ടോ ഒന്നും സംഭവിക്കുന്നില്ല. അവരൊക്കെ നിലകൊള്ളുന്നത് വലിയ ധാർമ്മികതയുടെയും ആശയങ്ങളുടെയും പിൻബലത്തോടെയാണ്. ആധുനിക ഇന്ത്യ എന്ന ആശയം അവരുടെയൊക്കെ കൂട്ടായ ഭാവനയിൽ നിന്ന് ഉയർന്നു വന്നതാണ്. അതിനെ വിഭാഗീയ ചിന്തകളോടെ ,ഇടുങ്ങിയ മനസ്സോടെ നേരിട്ടാൽ സ്വയം അവഹേളിതരാകുമെന്നല്ലാതെ ആരും ഒന്നും നേടാൻ പോവുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയാണ് ആ വലിയ മനുഷ്യരെ സൃഷ്ടിച്ചതും ചേർത്തു നിർത്തിയതും.
ഭരണവർഗം നെഹ്റുവെന്ന വ്യക്തിയെ ഉപേക്ഷിച്ചതുകൊണ്ട് ഇന്ത്യയിൽ നിന്ന് നെഹ്റു ഇല്ലാതാവുന്നില്ല. ആധുനിക ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന, അതിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ഒരു നേരിന്റെ പേരാണ് ജവഹർലാൽ നെഹ്റു എന്നത് . അതുകൊണ്ടാണ് ഇന്ത്യയിലിന്നും തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. അധികാര കൈമാറ്റങ്ങൾ നടക്കുന്നത്. മതങ്ങൾ അധികാരത്തിനു പുറത്തു നിൽക്കുന്നത്. പ്രധാന മന്ത്രിയുടെ ശാസത്ര കോൺഗ്രസ്സിലെ പ്രസംഗത്തെ ജനങ്ങൾ അപഹസിക്കുന്നത്. പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നത്. ഇന്ത്യയിലെ മിടുക്കരായ ചെറുപ്പക്കാർ ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കുന്നത്.
ശത്രുക്കളെ പറഞ്ഞയക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന പാക്കിസ്ഥാൻ എന്ന അയൽ രാജ്യം അത്തരമൊരവസ്ഥയിൽ ആയിപ്പോയത് അവിടെ ഒരു ജവഹർലാൽ നെഹ്റു ഇല്ലാതെ പോയതു കൊണ്ടു കൂടിയാണ്. മരത്തിന്റെ ഉയർന്ന കൊമ്പിൽ ഞെളിഞ്ഞിരിക്കുമ്പോൾ വേരുകളെ അക്ഷേപിക്കാം. അവഗണിക്കാം. വേരുകൾ അവിടെയുള്ളതുകൊണ്ടാണ് അതൊക്കെ സാധിക്കുന്നത് എന്ന് താഴെ വീഴുമ്പോൾ അവർക്കും മനസ്സിലാവും.
ആധുനിക ഇന്ത്യയുടെ വേരിന്റെ പേരാണ് ജവഹർലാൽ നെഹ്റു എന്നത്. സ്വയം വിമർശനത്തിലൂടെ നിരന്തരം തിരുത്തിയ ആ മനുഷ്യൻ ഇന്ത്യൻ ബഹുസ്വരത നിർമ്മിച്ച ഒരു വൻമതിലാണ്. വർഗീയ വിഷം കൊണ്ട് ആ വൻമതിലിനെ പൊളിച്ചു കളയാമെന്നത് രാഷ്ട്രീയ ബോദ്ധ്യമില്ലാത്തവരുടെ വ്യാമോഹം മാത്രം.