scorecardresearch
Latest News

ഞാന്‍ പൂത്തുമറിയുന്ന അഞ്ചു ചോപ്പു ദിവസങ്ങള്‍

“എല്ലാ പരിമിതികളും തൂത്തെറിഞ്ഞ് , പുടവകള്‍ ഊരിയെറിഞ്ഞ് ആഞ്ഞടിക്കുന്ന കാറ്റുനൃത്തം അതാണ് ഞാന്‍ അഞ്ചുദിനപ്പെരുമാളിന്റെ വരവുനേരത്ത്… പെണ്ണ് പൂക്കുന്ന നേരത്ത് എന്തോ ,ഞാന്‍ ഇങ്ങനെയൊക്കെയാണ്”

ഞാന്‍ പൂത്തുമറിയുന്ന അഞ്ചു ചോപ്പു ദിവസങ്ങള്‍

ഇന്ന് രാവിലെ ഫാബ് ഇന്‍ഡ്യയുടെ സ്‌ട്രോബെറി ക്രഷ് പുരട്ടി സാൻഡ്‌വിച്ച് ഉണ്ടാക്കുകയായിരുന്നു. ബ്രെഡ് സ്ലൈസില്‍ പരക്കുന്ന ആ സ്‌ട്രോബറിക്കട്ടകളും ഇരുണ്ട ചോപ്പും എന്നെ ആ അഞ്ചുദിവസങ്ങളെ ഓര്‍മ്മിപ്പിക്കുന്നത് ഇതാദ്യമായല്ല. തന്നിലേക്ക് തുളഞ്ഞുകയറുന്ന കരുത്തനായ ആണ്‍ ശുക്‌ള സഞ്ചാരിയ്ക്കായുള്ള പെണ്ണണ്ഡത്തിന്റെ മധുരക്കാത്തിരിപ്പ് ഇപ്പോള്‍ സഫലമാകും, ആ കൂടിച്ചേരലില്‍ നിന്നുകിളിര്‍ക്കുന്ന കുഞ്ഞാത്തരിക്ക് ഒമ്പതുമാസത്തൊട്ടിലാകാന്‍ പാകത്തിലാവണമല്ലോ എത്രയും പെട്ടെന്ന് എന്നെല്ലാം കരുതി ഗര്‍ഭപാത്ര കോശങ്ങള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ …സഞ്ചാരി ലക്ഷ്യത്തിലെത്താത്തതുമൂലം ഒരുക്കങ്ങളത്രയും വിഫലമായിത്തീര്‍ന്നതറിയുന്ന ശരീരം, അതിന്റെ ഗുഹാമുഖം ചുളിച്ച് ആ ഒരുക്കങ്ങളിലെ മജ്ജയെയും മാംസത്തിനെയും ഓരോ തവണയും പുറന്തള്ളുമ്പോള്‍, ആ ദ്രവരൂപത്തിനും കട്ടകള്‍ക്കും ഏതാണ്ടിതേ നിറവും രൂപവും തന്നെയാണ്.

menstruation, vm girija, poem, poet,

കവയത്രി വി എം ഗിരിജയുടെ ആര്‍ത്തവചിന്തകള്‍ വായിച്ചതേയുള്ളു. അതില്‍ നിന്നു വളരെ വിഭിന്നമാണ് എന്റെ ആര്‍ത്തവക്കണ്ണാടിയിലെ ഞാന്‍. ആത്മാവിനെ പുറന്തള്ളി ഞാന്‍ ശരീരം മാത്രമായിത്തീരുന്ന നാളുകളാണവ. ഞാന്‍ ഉറക്കിക്കിടത്തിയിരിക്കുന്ന എന്റെയുള്ളിലെ വിപ്‌ളവകാരി കെട്ടെല്ലാം നുറുക്കിത്തകര്‍ത്ത് പുറം ലോകത്തിലേക്ക് കുതിക്കും, ചോരയിറ്റുന്ന താളുകളില്‍ ‘ഉത്തമഗീത’ങ്ങളുടെ പുതിയ പതിപ്പ് ആര്‍ത്തിയോടെ കൊത്തിപ്പണിയും. കുപ്പായങ്ങളടര്‍ന്നു വീഴും, കാമസൂത്രങ്ങളാടുന്ന പെണ്‍ ഖജുരാഹോ ശില്പത്തിന്റെ ചുണ്ടുകളിലെ ക്ഷണവും ആര്‍ത്തിയും തരുതരുക്കുന്ന എന്റെ ചുണ്ടുകള്‍ കണ്ണാടിയില്‍ കണ്ട് എനിക്കുതന്നെ എന്നോട് മോഹം വന്ന് എന്റെ ശരീരത്തില്‍ വിറ പടരും.

ആ അഞ്ചുനാളുകളില്‍ എനിക്കുതോന്നും കാമാത്തിപുരക്കാരിയാണ് ഞാന്‍ എന്ന്. കാനായി യക്ഷിയെപ്പോലെ വിടര്‍ന്നിരുന്ന്, മോഹം തോന്നുന്നവരെയൊക്കെ പിടിച്ചെടുത്ത് ഞെരുക്കിപ്പൊടിക്കാന്‍ അതെന്നോട് നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കും. വിത നിലത്തിനെ ഉഴുതുമറിച്ച് അഴകാര്‍ന്ന നഗ്നതയാക്കി മാറ്റിമറിക്കുന്ന ഇന്ദ്രജാലക്കാരനെ പരതി ഞാന്‍ പിടയും. എന്റെ ഉടുപ്പുകളുടെ മറകള്‍ കശക്കി വലിച്ചെറിഞ്ഞ്, എന്റെ ആഭരണതടസ്സങ്ങള്‍ ഭ്രാന്തമായി ഊരിയെറിഞ്ഞ് ലൈംഗികത, അതിന്റെ ആളുന്ന മുദ്രകള്‍ പതിച്ചുവയ്ക്കും, വരച്ചു ചേര്‍ക്കും.

മകള്‍, സഹോദരി എന്നിങ്ങനെയുള്ള മറ്റെല്ലാ വികാരയിടങ്ങളും മാഞ്ഞുപോകും. അതെല്ലാം ഭാരക്കുപ്പായങ്ങളായി എനിക്കു തോന്നും, എന്റെ ഓരോ ഇഞ്ചിലും പെണ്മയുടെയും ആസക്തിയുടെയും കൊടി ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും തീപ്പന്തമെരിച്ചും ആ അഞ്ചുദിവസങ്ങള്‍ … വന്യമായി ഉമ്മ വയ്ക്കാനായി എന്റെ മുഖം ആര്‍ത്തിയോടെ കൈയിലെടുത്ത് ഉയര്‍ത്തിപ്പിടിക്കുന്ന അഞ്ച് ദിവസങ്ങള്‍. ഒരു കിളിക്കുഞ്ഞെിനെപ്പോലെ ചുണ്ടു പിളര്‍ത്തി, കണ്ണ് പാതി അടച്ച് ഞാന്‍ ചുടുചുംബനങ്ങള്‍ക്കായി കാക്കും. എന്റെ ഓരോ അണുവിലും കാമത്തിന്റെ നൂപുരങ്ങള്‍ കിലുങ്ങും.

കാടുപോല്‍ അരക്കെട്ടില്‍ പടരുന്ന വളരെ വീതിയേറിയ, കൊത്തുപണികള്‍ ഏറെയുള്ള ഒരു വെള്ളി അരഞ്ഞാണം ഞാനണിയാത്തെന്താണ് ഇതുവരെയും എന്ന് എനിക്കത്ഭുതം തോന്നും. അരഞ്ഞാണ വെള്ളിക്കൊത്തുപണികള്‍ മാത്രം അലങ്കാരമായ ഒരുടലിലേക്ക് വെള്ളിമീന്‍ പോലൊന്ന് തുള്ളിച്ചാടി വന്ന് പുളഞ്ഞുകയറുന്നതിന്റെ ദൃശ്യസാദ്ധ്യതയില്‍ എനിക്ക് നില കിട്ടാതാവും. ഞാന്‍ ,ഒറ്റപ്പെണ്ണല്ലാതെയാവും. ഓരോ പെണ്ണിന്റെയും അഴകളവുകള്‍ ആവാഹിച്ചു സ്വന്തമാക്കി ഞാന്‍ ഒരു പുതുക്കപ്പെണ്ണാവും.

ഞാന്‍ എന്റെ പുരുഷനുവേണ്ടി പൂത്തുമറിയും. ഒറ്റപ്പുരുഷനല്ല അവന്‍. ഞാനിതുവരെ മോഹിച്ച സര്‍വ്വപുരുഷന്മാരും ചേര്‍ന്ന് ഒന്നയിത്തീര്‍ന്നതാണവന്‍ … എവിടെ തൊട്ടാല്‍ ഏതു രാഗം പൊഴിയുമെന്നറിയുന്നവന്‍. വാരിപ്പുണര്‍ന്ന് കോരിക്കുടിക്കുന്നവന്‍. ഉമ്മ മുദ്രകള്‍ നീലച്ച് കിടക്കും. പ്രണയത്തിരുമുറിവുകള്‍ വാപിളര്‍ന്ന് വീണ്ടും വീണ്ടും അവനെ ചോദിക്കും. മണ്ണപ്പക്കണ്ണുകള്‍ അവന്റെ ചുണ്ടുകളന്വേഷിച്ച് പിടയും. ആലില അവന് പള്ളികൊള്ളാനായി മാത്രം വിരിഞ്ഞുവിടരും.  മീട്ടൂ, കൊട്ടൂ, ചുണ്ടോടൂ ചേര്‍ത്തു വായിക്കൂ എന്നു പറഞ്ഞ് തിരക്ക് കൂട്ടുന്ന അനേകം വാദ്യോപകരണങ്ങള്‍ ഒന്നിച്ചു പിടഞ്ഞുണരുന്ന ഇടമായിത്തീരും ഞാന്‍.

എന്റെ ശരീരത്തില്‍ നിന്ന് അജ്ഞാതവാസക്കാരായ ഒരായിരം മുളകള്‍ മറ നീക്കി പുറത്തേക്ക് തലനീട്ടി ദാഹജലം ചോദിക്കു. ഒറ്റയാള്‍ക്ക് നനച്ചു തീരാന്‍ പറ്റാത്തത്ര ജീവവൈവിദ്ധ്യം തിരിച്ചറിഞ്ഞ് ഞാന്‍ ഒരുപാടു പുരുഷന്മാരെ ചേര്‍ത്ത് ഒറ്റപ്പുരുഷനാക്കും. ഞാൻ അവനു വേണ്ടി സദാ ദാഹിക്കും. എന്റെ എരിപൊരി ദാഹം ശമിപ്പിക്കാന്‍ അവനെന്തെല്ലാം ചെയ്തുതന്നാലും എനിക്ക് പിന്നെയും ദാഹിക്കും. എല്ലാ പ്രണയ സമുദ്രങ്ങളും കുടിച്ചുവറ്റിച്ചാലും തീരാത്ത ദാഹം. എത്ര പുരുഷന്‍ പൊതിഞ്ഞാലും തീരാത്ത ഉള്‍ച്ചൂടില്‍ എനിക്കു വേകും. എന്നെ പിന്നെയും പിന്നെയും മോഹിപ്പിച്ച് ദാഹിപ്പിക്കുന്ന പ്രണയപുരുഷന്റെ കാലടിയൊച്ചയ്ക്കു കാതോര്‍ത്ത് ഞാന്‍ കിളിവാതിലുകള്‍ തുറന്നിടും ,വീടിന്റെയും ശരീരത്തിന്റെയും…

എന്റെ ശരീരത്തിൽ നാവു കൊണ്ടവൻ ചിത്രം വരയ്ക്കുമ്പോൾ, ഒരു പാടു അതിരുകളും ഭൂവിഭാഗങ്ങളും ഉള്ള ഒരു വന്‍സാമ്രാജ്യമായി ഞാന്‍ പരിണമിക്കും. അവന്‍ കൂപ്പു കുത്തുമ്പോള്‍ എന്റെ കടലിന്റെ ആഴവും പരപ്പും മുറുക്കവും എന്നെപ്പോലും വിസ്മയിക്കും. കാട്ടുപൂച്ചയുടെ മേനി വളയ്ക്കലുകളും ആക്രമണപ്രണയത്താളവും എനിക്കെവിടുന്നു കിട്ടി എന്ന് ന്യായമായും ഒന്ന് വിസ്മയിക്കേണ്ടതല്ലേ എന്നമ്പരക്കാന്‍പോലും എനിക്കപ്പോള്‍ നേരമുണ്ടാവില്ല.

പല്ലും നഖവും ഉപയോഗിച്ചുള്ള നീറ്റല്‍പ്പാടുകളായി എന്റെ മേല്‍ അവന്റെ ലഹരി, ഇടിയും മഴയും മിന്നലും കൂട്ടിനുള്ള കാലവര്‍ഷപ്പേമാരിപോലെ നിര്‍ത്താതെ പെയ്യും. അവന്‍ പെയ്തുകഴിയുമ്പോള്‍, ഇതുവരെ കൂടെക്കൊണ്ടുനടന്നിരുന്ന ആധിവ്യാധികളുടെ കരിമേഘക്കനപ്പൊന്നാകെ എന്നെ വിട്ടൊഴിഞ്ഞിരിക്കും. പരസ്പരം പെയ്തുതീര്‍ന്ന് അവന്റെ നെഞ്ഞില്‍, ‘മണ്ണിലൊരു മഴയില’ പോലെ ഒട്ടിച്ചേരാനിനി ഒരകലത്തരിപോലുമില്ലാത്തവിധംചേര്‍ന്നുകിടക്കുമ്പോള്‍ എനിക്കു തോന്നും രാത്രിയൊന്നും ഇരുട്ടല്ലെന്ന്, ആധികള്‍ക്കൊന്നും കനമില്ലെന്ന്. അവന്റെ പേര് നിര്‍വൃതിയെന്നും എന്റെ പേര് ലഹരി എന്നും ആണെന്ന്. എല്ലാ ചൂടും അകന്ന് എനിക്കു തണുക്കുന്നുവെന്ന്, അവന്‍ എന്റെ പുതപ്പാണെന്ന്. എന്നേയ്ക്കുമുള്ള പുതപ്പാണെന്ന്.

kanayi kunhiraman, yakshi, ​menstruation, vishnuram,

എനിക്കപ്പോള്‍ ഇന്ത്യ എന്റെ രാജ്യമാണ് എന്ന മട്ടിലെ പ്രതിജ്ഞകളോ പാഠങ്ങളോ ഓര്‍മ്മ വരില്ല. പരാതികളോ പരിഭവങ്ങളോ ചോദ്യങ്ങളോ ഉണ്ടാവില്ല. എല്ലാം ഉത്തരങ്ങളാണ്, ഞാന്‍ തേടി നടന്ന ഉത്തരങ്ങളാണ് എന്നെനിക്കുതോന്നും, എല്ലാ നിയമങ്ങളെയും ഞാന്‍ എനിക്കു വേണ്ടി മാറ്റി മറിയ്ക്കും.  എന്റെ മനസ്സ്, തെറ്റുകളുടെ ‘ഠ’ വട്ടത്തില്‍ നിന്നു പുറത്തുകടക്കും. ലോകം മുഴുവന്‍ ഒരു വലിയ ശരിയായി എനിക്കുതോന്നും. എനിക്ക് ഒന്നിനെയും ഭീതിയുണ്ടാവില്ല, എന്റെ ചെയ്തികളെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കും. ‘Where the mind is without fear and the head is held high’ – ടാഗോറിന്റെ വരികള്‍, പെണ്ണൂ പൂക്കുന്ന നേരത്തിനുവേണ്ടി എഴുതിയതാണെന്നു വരെ ഞാന്‍ വളച്ചൊടിച്ചെന്നിരിക്കും.

എനിക്ക് വീഞ്ഞു മണക്കുന്ന ഉത്തമഗീതങ്ങളെഴുതണമെന്നുതോന്നും. അഞ്ചു ദിവസങ്ങള്‍ ചോപ്പുതേരിലേറാന്‍ ഭാവിക്കുന്നത് പലപ്പോഴും കലണ്ടറിലെ ഇരുപത്തിയെട്ടു ദിവസച്ചക്രത്തിനിപ്പുറമുള്ള തീയതി നോക്കിയോ അവിടവിടെ പൊടിക്കുന്ന വേദനക്കഴപ്പുകളിലൂടെയോ അല്ല പൊടുന്നനെയുള്ള എന്റെ മാനസാന്തരങ്ങളിലൂടെയാണ് ഞാനറിയാറ്, അതുവരെയുള്ള ഒതുങ്ങിനടപ്പുകാരിയിലേക്ക് മുരളുന്ന കാട്ടുപൂച്ചയുടെ വന്യതാളം നിറയുമ്പോഴെനിക്കറിയാം പുറത്തുകാത്തുനില്‍ക്കുന്നത് വസന്തമാണെന്ന്. ചോപ്പുവസന്തനേരത്ത് പൂക്കുന്നതത്രയും നീലോല്‍പ്പലവള്ളികള്‍. പെണ്‍വള്ളിപ്പടര്‍പ്പുകളും ആണ്‍പെണ്‍ വള്ളിപ്പടര്‍പ്പുകളും ആണ്‍പെണ്‍കൂട്ടപ്പടര്‍പ്പുകളും തമ്മില്‍ത്തമ്മില്‍പ്പടരുന്നതിന്റെ മൃണ്‍മയചിത്രങ്ങള്‍ മെനഞ്ഞുമെനഞ്ഞ് പ്രണയവിടവിനെ തൃപ്തിപ്പെടുത്താന്‍ തോന്നുമ്പോഴെനിക്കറിയാം സാനിട്ടറിപ്പാഡുകള്‍ റെഡിയാക്കിവെയ്ക്കാറായെന്ന്.

menstruation, vm girija, poem,

സ്‌ട്രോബറി ക്രഷിന്റെ ചുവപ്പിലഭിഷിക്തനായി പുല്ലിംഗക്കാരന്‍ കുരുത്തോടെ ഉയര്‍ന്നുതാണ്, ഞെരിച്ചുപൊടിച്ച് എന്നെ തളര്‍ത്തിക്കിടത്തിയുറക്കിയാലും എപ്പോഴോ ഞാന്‍ വീണ്ടുമുണരും. ഒന്നും മതിവരാത്തവളെപ്പോലെ അല്ലെങ്കില്‍ മതിവരലിന്റെ മണിക്കൂറുകള്‍ കാലങ്ങള്‍ക്കപ്പുറത്തെങ്ങോ ആയിരുന്നുവെന്നമട്ടില്‍, സാനിട്ടറിപ്പാഡ് പതിച്ചുവച്ച ചെറുതിരശ്ശിലക്കുമേലേക്ക് വിരലോട്ടക്കാരെ വിട്ട് ‘മോക്’ ഉഴുതുമറിക്കല്‍ നടത്തിച്ച് വീണ്ടും വീണ്ടും ചെറു തൃപ്തികളുടെ ചെറുതുരുത്തുകളുണ്ടാക്കും . സാനിട്ടറിപ്പാഡിന്റെ കാലം പെടാപ്പാടുകാലം അല്ലെന്നല്ല. അതിന്റെ നാറ്റം (ദുര്‍ഗന്ധം എന്ന വാക്കവിടെ ഒട്ടും പോര) സഹിക്കാന്‍ പറ്റുന്നതിനുമെത്രയോ അപ്പുറത്താണ്. അന്നേരങ്ങളിലെ കൈകാല്‍കഴപ്പും തലനോവും, അതില്‍ നിന്നു ഞാനും മോചിതയല്ല.

ചൂടുവെള്ളത്തില്‍ കുളിച്ച്, മേലനങ്ങാതെ അടങ്ങിക്കിടക്കാന്‍ അനുശാസിച്ച പഴങ്കാലം വെറുതെ വായില്‍ത്തോന്നിയത് വിളിച്ചു പറഞ്ഞതാവില്ല എന്നുമറിയാം. പക്ഷേ എനിക്കെന്റെ ഉള്ളിത്തൊലിപ്പുടവകള്‍, പീലിത്തൊങ്ങലുകള്‍ എല്ലാം എവിടേക്കെന്നില്ലാതെ ഊരിയെറിഞ്ഞ് എന്റെയുള്ളിലെ എന്നെ മുങ്ങിത്തപ്പിക്കണ്ടുപിടിച്ച് എന്റെ മുന്നില്‍ക്കൊണ്ടുനിര്‍ത്താന്‍ തോന്നുന്ന നേരമാണത്. എന്റെ വച്ചുകെട്ടുകളഴിഞ്ഞു പോവുമ്പോള്‍ തോന്നുന്ന കനമില്ലായ്മയില്‍ വേദനയും ക്ഷീണവും ഞാന്‍ മറന്നുപോവുന്നതായി എനിക്കുതോന്നുന്നതാവാം. സാനിട്ടറിപ്പാഡുകളോടും വേദനകളോടും ക്ഷമിക്കാന്‍ തോന്നുന്നത് അതു കൊണ്ടാവാം. അകത്തെ ഇരുട്ടിലല്ല പുറത്തെ വെളിച്ചത്തിലാണവന്‍ എന്നു തോന്നുന്നതു കൊണ്ടാവാം അത്തരം ദിവസങ്ങളില്‍ ചുരുണ്ടുകൂടിക്കിടക്കാതെ ഞാന്‍ പുറത്തേക്കിറങ്ങുന്നത്. വെളിച്ചത്തില്‍ നിന്നവനെ തപ്പിയെടുത്ത് തട്ടിക്കൊണ്ടുവന്ന് വെളിച്ചത്തൂട്ടി ഇരുട്ടത്തുറക്കി വെളിച്ചത്തിലേക്കുണര്‍ത്തണമെനിക്കവനെ.

അടിവയറ് ചുളുങ്ങിച്ചുളുങ്ങി വേദനിക്കുന്നുണ്ടാവും. ഹോട്ട് വാട്ടര്‍ ബാഗ് അടിവയറിനോടമര്‍ത്തിയാല്‍ വേദന തെല്ലുകുറയും. പക്ഷേ ആ ആശ്വാസത്തിനോയുള്ളതിനേക്കാള്‍ എനിക്ക് പ്രിയം, അവനെന്റെ നിലവറയില്‍ ആ നേരത്ത് എന്നെത്തേടിയലയുമ്പോഴുണ്ടാവുന്ന നിര്‍വൃതിയോടാണ്. ഒരു ഇരുപത്തെട്ടുദിനച്ചക്രം കിടത്താനാളില്ലാതെ ആക്കമത്രയും കുറഞ്ഞു ഒടുക്കം നിന്നേ പോകുന്ന ഒരു തൊട്ടിലാട്ടസ്വപ്‌നം. അതിന്റെ ചോപ്പുമുനമ്പിലേക്ക് അവന്‍, എന്റെ പുരുഷന്‍ ഇറങ്ങിവരുമ്പോള്‍, എന്റെ ഗര്‍ഭപാത്രം അവനെ മകനായാവാം സ്വീകരിക്കുന്നത്. (അതാവാം ഇരുപത്തെട്ടുകെട്ടെന്ന വാക്കുപോലും ജനിക്കാന്‍ കാരണം). അങ്ങനെയാണവന്‍ എനിക്കു കുഞ്ഞാകുന്നത്. അതു കൊണ്ടാണവന്‍ അമ്മിഞ്ഞയുരുളിച്ചയില്‍ ചുണ്ട് ചേര്‍ക്കുമ്പോള്‍, കവിളുരസുമ്പോള്‍, ചപ്പിവലിക്കുമ്പോള്‍ ഞാന്‍ വാത്സല്യപ്പാത്രമാവുന്നത്.

പ്രണയവുമായി ബന്ധപ്പെട്ട വാക്കുകള്‍ ഇംഗ്‌ളീഷിലായാലും മലയാളത്തിലായാലും ഒരുതരം കോമാളിവാക്കുകള്‍ ആണെന്നെനിക്കുതോന്നുന്നു. F*** , love making, masturbate – എനിക്കിഷ്ടമല്ലാത്ത വാക്കുകള്‍! Love making പോലും! പ്രണയപ്പാച്ചിലിന് ചേരാത്ത ഒരു രതിനിര്‍മ്മിക്കല്‍! രതിമൂര്‍ച്ഛ, കാമകേളി, ഭോഗം – അറുത്തുമുറിക്കുംപോലെ, മലയാളത്തിലും കുറേ വാക്കുകള്‍. യോനി മാത്രം ആകൃതിയുള്ള ഒരു വാക്ക്.

അഞ്ചുദിവസപ്പെരുമ എന്നെത്തേടി വന്നത് എന്റെ പത്താംക്‌ളാസുകാലത്താണ്. എന്റേത് പെണ്‍സ്‌ക്കൂളായിരുന്നു. വളരെ നേരത്തേ ചോപ്പുവിദ്യ വന്നു പുണര്‍ന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ക്‌ളാസില്‍.

പഴയ തറവാട്ടുമഹിമക്കാരിപ്പെണ്‍കട്ടി അപ്പോഴും ഹാഫ് പാവാട ഉപയോഗിച്ചു എങ്കിലും അതിന്നടിയില്‍ കുടുംബപാരമ്പര്യത്തിന്റെ ഒന്നരയുടുപ്പാണ് ചോപ്പുദിവസങ്ങളില്‍ എന്ന് മറ്റു കൂട്ടുകര്‍ പറഞ്ഞു, ഹാഫ് പാവാടയ്ക്കടിയില്‍ എങ്ങനെ തറ്റുടുപ്പിന്റെ വെള്ളമുണ്ടിനൊളിച്ചും പതുങ്ങിയും ഇത്ര ഭദ്രമായിരിക്കാന്‍ കഴിയുന്നു എന്ന പ്രശ്‌നം എന്നെ വല്ലാതെ കുഴക്കി. നേരിട്ടു ചോദിക്കാന്‍ മാത്രം ചാതുര്യം തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു എന്നതിനു പുറമേ അവരെല്ലാം ഒത്തൊരുമിച്ചുപോയിരുന്ന ട്യൂഷന്‍ ക്‌ളാസുകളും എനിക്കന്യമായിരുന്നു.

ട്യൂഷന്‍ക്‌ളാസുകളില്‍ നിന്നുള്ള മടക്കവേളകളില്‍, പൂട്ടും കൊളുത്തുമില്ലാതിരുന്ന സക്കൂൾ ക്ലാസ്‌ മുറിയില്‍ കയറി ബ്‌ളാക് ബോര്‍ഡില്‍ പടം വരച്ച് ആ പെണ്‍കുട്ടി എടുക്കുമായിരുന്ന രഹസ്യക്‌ളാസുകളുടെ വിപ്‌ളവവൃത്തത്തിനുപുറത്തായിരുന്നു ട്യൂഷനില്ലാ ഞാന്‍ എന്ന വസ്തുത, എന്നെ വെറും കൗതുകക്കാരിയുട റോളില്‍ ഒതുക്കി നിര്‍ത്തി. ട്യൂഷന്‍ വെറുപ്പായിരുന്നിട്ടും ആ രഹസ്യക്‌ളാസുകളുടെ മാദകത്വം എന്നെ ഒരു ‘നക്‌സലൈറ്റ്’ ആക്കി. ഉള്ളില്‍ വിപ്‌ളവം നുരഞ്ഞിട്ടും രഹസ്യലഘുലേഖകള്‍ കിട്ടാത്തതിന്റെ ചൊരുക്കെന്നെ വല്ലാതെ മുഷിപ്പിച്ചു.

Read More: വി. എം ഗിരിജ എഴുതിയ ലേഖനം ഇവിടെവായിക്കാം: “ആ ” ദിവസങ്ങളിൽ വിശ്രമിക്കൂ…

പുസ്തകഅലമാരയില്‍ നിന്നു കഥാപ്പുസ്തകങ്ങള്‍ തപ്പിനടക്കുമ്പോള്‍ കിട്ടിയ ഒരു പഴയ പുസ്തകം, സ്ത്രീമാസത്തിലെ അഞ്ചുമുറദിവസങ്ങളുടെ ശാസ്ത്രീയവിവരണമായിരുന്നു. ചെയ്യാന്‍പാടില്ലാത്ത ഒരു കാര്യം ചെയ്യുന്നതുപോലെ ഒളിച്ചുപിടിച്ചത് വായിച്ചു പഠിച്ചു. ഭ്രൂണത്തെ സ്വീകരിക്കാന്‍ ശരീരം നടത്തിയ തയ്യാറെടുപ്പുകള്‍ അസ്ഥാനത്തായി എന്നു കാണുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മോഹഭംഗത്തെ അത് പുറത്തേക്കു കളഞ്ഞ് പിന്നെയും എല്ലാം കഴുകി വെടിപ്പാക്കി ‘വരുമിനിയും’ എന്നു പാടി നിതാന്തമായ കാത്തിരിപ്പില്‍ മുഴുകുന്നതിന്റെ ഉപമാസൗന്ദര്യം എനിക്കിഷ്ടമായി . പക്ഷേ ഒരൊറ്റ ജീവിതകാലത്തിനിടെ ഒറ്റത്തവണ മാത്രമേ ആ അഞ്ചുദിവസങ്ങള്‍ വരൂ എന്നായിരുന്നു എനിക്ക് കിട്ടിയ ധാരണ.

ഓര്‍ക്കാപ്പുറത്ത് ഒന്നാം ചോപ്പുദിവസമെത്തി, ക്‌ളാസിലെ ഒരു പെണ്‍പാവാടയില്‍ ചോപ്പടയാളങ്ങള്‍ വീഴ്ത്തിയപ്പോള്‍, ആ ബഞ്ച് കഴുകി വൃത്തിയാക്കിയിട്ടും അതിലിരിക്കാന്‍ മടിച്ച അനുഭവസ്ഥരുടെ  ‘ഇതൊക്കെ ഓര്‍ത്ത് വയ്‌ക്കേണ്ടതല്ലേ?’ എന്ന മട്ടിലെ അടക്കിച്ചിരിയുടെ ഓരം പറ്റി ഞാന്‍ നിന്നു. അന്നാണെനിക്ക് ഒരിക്കല്‍ വന്നാല്‍പ്പിന്നെ അതൊരു ബാധപോലെ എന്നേയ്ക്കുമായി കൂട്ടത്തില്‍ കൂടും എന്നു മനസ്സിലായത്.

menstruation, poem, vishnuram, vm girija

എന്റെ വിരുന്നുകാരന്‍ എന്നെത്തേടി എത്തിയ പത്താംക്‌ളാസ് സമയത്തില്‍, അമ്മ വീട്ടിലുണ്ടായിരുന്നില്ല. പഴയതുണി തപ്പിയെടുത്ത് ഞാന്‍, എനിക്കറിയാവുന്നതുപോലെ ചോപ്പിനെ തടുത്തു നിര്‍ത്തി. അമ്മ തിരികെ എത്തിയ ആ വൈകുന്നേരം. ഷോട്ടെടുക്കാന്‍ നേരമായി. പക്ഷേ നേരത്തേ എഴുതിത്തയ്യാറാക്കി വച്ചിരുന്ന ഡയലോഗ് പറയാന്‍ മടി തോന്നി. പിറ്റേന്നും മടി കൊഴിഞ്ഞുപോയില്ല. എന്റെ രഹസ്യവും ഞാനും കൂടി കെട്ടുപിണഞ്ഞ് അങ്ങനെയിങ്ങനെ അലഞ്ഞു നടന്നു, ഉച്ചയുടെ വിജനതയില്‍ കിളിയനക്കങ്ങളും ഇലയനക്കങ്ങളും മാത്രം കൂട്ടിരുന്നു എനിക്കും എന്റെ രഹസ്യത്തിനും. മൂന്നാംപക്കം, അമ്മയോട് പറഞ്ഞൊപ്പിച്ചു. കരക്കടിഞ്ഞ ആ രഹസ്യത്തെ അഭിമുഖീകരിച്ചപ്പോള്‍, അമ്മയുടെ മുഖത്തെ ഭാവം വായിച്ചെടുക്കാന്‍ എനിക്കായില്ല. അമ്മ ഒട്ടും ഒരുങ്ങിയിരുന്നില്ല എന്നു തോന്നി.

പ്രായത്തിനൊത്ത് ആര്‍ത്തുവിളിച്ച് വളരാന്‍ മടികാണിച്ചിരുന്ന മകള്‍-ശരീരത്തിലേക്ക് നേരത്തും കാലത്തും ഋതുക്കള്‍ കടന്നുവരില്ലേ എന്ന ആശങ്കയിലായിരുന്നിരിക്കണം അമ്മ എന്നും അപ്രതീക്ഷിത വാര്‍ത്തയില്‍ അമ്മ അമ്പരന്നുപോയി എന്നും തോന്നി. അമ്മ തുണിയൊരുക്കങ്ങളുമായി തിരിച്ചുവന്നപ്പോള്‍ ഞാന്‍ മുറ്റത്തിന്റെ അങ്ങേക്കോണിലെ വിശാലമായ ഏകാന്തതയില്‍ തപസ്സുചെയ്യുകയായിരുന്നു. അമ്മ ഒരുപാട് തിരഞ്ഞാണ് എന്നെ കണ്ടുപിടിച്ചത്. എനിക്കിത് മൂന്നാംപക്കമാണ്, ഞാനതിനെ എന്റെ രീതിയില്‍ കൈകാര്യം ചെയ്തു എന്നു പറഞ്ഞ് ഞാന്‍ ആ തുണി തിരികെക്കൊടുത്തു.

ഗര്‍ഭപാത്രം എടുത്തുകളയേണ്ടിവന്ന ഒരു പരിചയക്കാരിയോട് ‘നാറ്റദിവസങ്ങളില്‍ നിന്നു രക്ഷപ്പെട്ടല്ലോ’ എന്നു പറഞ്ഞു. അവര്‍ ഒന്നാലോചിച്ച ശേഷം പറഞ്ഞു , ‘അതോടെ പലതിനോടുമുള്ള അടുപ്പം, പ്രതികരണം, അലിവ് ഒക്കെ കുറഞ്ഞു. വീട് നഷ്ടപ്പെട്ട കുട്ടിയെപ്പോലെ വികാരങ്ങള്‍ അനാഥരായി നടക്കുന്നത് അവരുടെ മുഖത്തെനിക്ക് കാണാമായിരുന്നു.

എന്റെ ഉള്ളിലെ ചൂടിന്റെ പരമകാഷ്ഠയില്‍ എനിക്കും എന്നെ ചുറ്റിപ്പിണയുന്നവനും ഇപ്പോഴും എപ്പോഴും പൊള്ളുന്ന അവസ്ഥയാണെന്റെ സ്വപന്ം. എനിക്ക് കാറ്റായാല്‍ മതി. വീശിയടിക്കുന്ന കാറ്റ്. എല്ലാ പരിമിതികളും തൂത്തെറിഞ്ഞ്, പുടവകള്‍ ഊരിയെറിഞ്ഞ് ആഞ്ഞടിക്കുന്ന കാറ്റുനൃത്തം അതാണ് ഞാന്‍ അഞ്ചുദിനപ്പെരുമാളിന്റെ വരവുനേരത്ത്… പെണ്ണ് പൂക്കുന്ന നേരത്ത് എന്തോ ,ഞാന്‍ ഇങ്ങനെയൊക്കെയാണ്.

(സുവർണ്ണ എന്നു ‘പേരാന്തരം’ നടത്തുന്നത് , ഈ ചൂടുകാറ്റിന്റെ ഉറവിടം
തേടി ഇന്‍ബോക്‌സിലേക്ക് വന്നു വീഴാനിടയുള്ള ശല്യക്കാരെ നേരിടാന്‍ സമയവും സൗകര്യവും തീരെ ഇല്ലാത്തിനാലാണ്…. ചര്‍ച്ച ,സംവാദം, യോജിപ്പും വിയോജിപ്പും, അതാവാം ഇവിടെ… )

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Increasing sex drive desirability menstruation