ചെറുപ്പക്കാരികളെ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ചു കത്തിക്കുന്ന സംഭവങ്ങൾ കേരളത്തിൽ സാധാരണയാകുന്നതിൽ സത്യത്തിൽ അത്ഭുതം കൂറാൻ വല്ലതുമുണ്ടോ? പല നിരീക്ഷകരും ഈ പ്രതിഭാസത്തെ ലിംഗനീതിയുടെ കാര്യത്തിൽ കേരളം കൂടുതൽക്കൂടുതൽ ഗംഗാനദീതട സംസ്കാരത്തി(സാംസ്കാരികശൂന്യതയി)ലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നതിൻറെ ഒരു ലക്ഷണമായി കാണുന്നു. ഇപ്പറഞ്ഞ പ്രവണത വാസ്തവമാണെന്നതു ശരി തന്നെ. എന്നാൽ സ്ത്രീ പുരുഷന്മാർ തമ്മിലുള്ള (യഥാർത്ഥത്തിലുള്ളതോ പുരുഷൻറെ സങ്കല്പത്തിൽ മാത്രമുണ്ടായിരുന്നതോ ആയ) അടുപ്പങ്ങൾ സ്ത്രീയുടെ അരുംകൊലയിൽ അവസാനിക്കുന്ന സംഭവങ്ങളെ മനസ്സിലാക്കാൻ ഇതിനപ്പുറം പോകണമെന്നു തോന്നുന്നു.
സ്ത്രീശരീരത്തിന് ഇവിടെ സമുദായങ്ങളുടെ പുനർനിർമ്മാണമെന്ന ആവശ്യത്തിനുള്ളിലാണ് എന്നും വില കല്പിക്കപ്പെട്ടിരുന്നത്. മരുമക്കത്തായ വ്യവസ്ഥയിൽ സ്ത്രീകൾക്ക് കൂടുതൽ വില കല്പിക്കപ്പെട്ടിരുന്നുവെന്നത് സത്യമാണ്. പക്ഷേ അന്നും സ്ത്രീയുടെ വില സമുദായത്തിൻറെയും കുലത്തിൻറെയും വംശവർദ്ധനാതാത്പര്യവുമായിത്തന്നെയാണ് ബന്ധപ്പെട്ടിരുന്നത്. മാത്രമല്ല, അക്കാലങ്ങളിൽ സ്ത്രീകൾ ചെയ്തിരുന്ന വേലകൾ ഇന്ന് ഗാർഹികം എന്നു തിരിച്ചറിയപ്പെടുന്നവ മാത്രമായിരുന്നില്ല. കൃഷിയിലും മറ്റ് ഉത്പാദനപരമായ വേലകളിലും സ്ത്രീകൾ കാര്യമായിത്തന്നെ ഏർപ്പെട്ടിരുന്നു – സ്വത്തും സ്വാധീനവുമുള്ള കുടുംബങ്ങളൊഴിച്ചാൽ ദരിദ്രരായ ശൂദ്രരുടെയിയിലും ഇതായിരുന്നു അവസ്ഥ. അതായത്, മരുമക്കത്തായ കുടുംബങ്ങളിൽ സ്ത്രീയായിരുന്നു സന്തതി. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തിന് വില ഇന്നത്തെക്കാളധികം കല്പിച്ചിരുന്നു. മരുമക്കത്തായം പാലിക്കാത്ത സമുദായങ്ങളിലും സ്ത്രീയുടെ അദ്ധ്വാനശേഷിക്ക് വില കല്പിക്കപ്പെട്ടിരുന്നു. അതിനാൽ പല അവർണസമുദായങ്ങളിലും വിവാഹ സമയത്ത് ചെറുക്കൻറെ കൂട്ടർ പെണ്ണിൻറെ അച്ഛനോ അമ്മാവനോ പെൺ പണം കൊടുക്കുന്ന രീതി നിലവിലുണ്ടായിരുന്നു.
എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. സമുദായാഭിമാനവാഹിനി എന്ന നിലയ്ക്കല്ലാതെ സ്ത്രീശരീരത്തിനു വിലയില്ല. കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിലുണ്ടായ സാമൂഹ്യവിപ്ളവമോ രണ്ടാം പകുതിയിൽ സർക്കാർ നേതൃത്വത്തിലുണ്ടായ സ്ത്രീ ശാക്തീകരണ ശ്രമങ്ങളോ ഇതിൽ കാര്യമായ മാറ്റം വരുത്തിയില്ല എന്ന സത്യത്തിൽ നിന്ന് ഒളിച്ചോടാൻ കേരളത്തിൻറെ പുരോഗതിയെപ്പറ്റി അഭിമാനിക്കുന്നവർക്ക് ഇനി കഴിയില്ല. രണ്ടാമതു പറഞ്ഞ ശ്രമങ്ങൾ സ്ത്രീകളെ കുടുംബങ്ങളിൽ നിന്ന് പൊതുവിടങ്ങളിലേക്ക് ഒരുപരിധിവരെ എത്തിച്ചിട്ടുണ്ടെങ്കിലും സ്ത്രീ ശരീരങ്ങൾ ഇന്നും സമുദായങ്ങളുടെ പിടിയിലാണെന്നു തന്നെയാണ് അയ്യപ്പജ്യോതിയും വനിതാമതിലും തെളിയിച്ചത്. കേരളത്തിലെ സ്ത്രീ സംഘടനകളെ തുറന്ന ചർചയ്ക്കു വിളിക്കാതെയും അവയെ ഗൗരവമായി കാണാതെയും സ്ത്രീകൾക്ക് സമുദായ വംശവർദ്ധനാതാത്പര്യങ്ങൾക്കപ്പുറം പ്രാധാന്യം കല്പിക്കാത്ത (അവരുടെ വാചകമടി എന്തുതന്നെയായാലും) സമുദായ പുരുഷ നേതൃത്വങ്ങളെ മാത്രം കണക്കിലെടുത്തും വനിതാമതിൽ എന്ന പരിപാടി സംഘടിപ്പിച്ച ഇടതുപക്ഷം സ്ത്രീശരീരങ്ങളെ അടക്കിനിർത്തുന്ന കേവലം സമുദായങ്ങളുടെ നിലവാരത്തിലേക്കു സ്വയം താണു. സജാതീയവിവാഹമെന്ന സാമൂഹ്യ ആചാരത്തെ ലംഘിക്കാൻ തയ്യാറാവുന്നവർ – അവർ ഏതെങ്കിലും സംഘടനകളുടെ സജീവാംഗങ്ങളല്ലെങ്കിൽ, അതായത്, അവരെ സംരക്ഷിക്കാൻ തയ്യാറുള്ള കുറേപ്പേരെങ്കിലും ഉള്ളവരല്ലെങ്കിൽ – ശരിക്കും ഭയപ്പെടേണ്ട സ്ഥിതി അതിവേഗത്തിലുണ്ടായിവരുന്നു. കീഴ്ജാതി പുരുഷനെ ജീവിതപങ്കാളിയായി തെരെഞ്ഞെടുത്ത ചെറുപ്പക്കാരികൾക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടുപോകുന്ന ഇന്നത്തെ അവസ്ഥയെ പൊതുവേ സാമൂഹ്യ അപചയം എന്നൊന്നും വിശേഷിപ്പിച്ചുകൂട. സ്ത്രീകളുടെ ജീവിതത്തിനു തനതുമൂല്യം കല്പിക്കാതിരിക്കുന്ന പിതൃമേധാവിത്വം കേരളത്തിലെ പഴയ-പുതിയ അധികാരവ്യവസ്ഥകളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ്.
പക്ഷേ തൊഴിലെടുക്കുന്നവരും വിദ്യാഭ്യാസം ചെയ്യുന്നവരുമായ സ്ത്രീകൾക്ക് സമുദായ-മതപരിധികൾക്ക് പുറത്തേയ്ക്കു പോകാനുള്ള സാദ്ധ്യത ഇന്ന് കൂടുതലുണ്ട്. മേൽസൂചിപ്പിച്ച വർദ്ധിതമായ ഹിംസയുടെ സാഹചര്യം തന്നെ അതാണ്. വീടിനും സമുദായത്തിനും പുറത്ത് സഞ്ചരിക്കാനുള്ള സാദ്ധ്യത യഥാർത്ഥമാകുന്നതോടെ പല സ്ത്രീകളും സ്വന്തം ജീവിതത്തിന് തനതുമൂല്യം സ്വയം കല്പിച്ചു തുടങ്ങുന്നു. അതിനെയാണ് നമ്മുടെ സാമൂഹ്യാധികാരികൾ മിക്കപ്പോഴും തൻറേടം, അനുസരണക്കേട്, വേലിചാട്ടം, ആചാരലംഘനം എന്നൊക്കെ വിശേഷിപ്പിക്കുന്നത്. തനതുമൂല്യമുണ്ട് തൻറെ ജീവിതത്തിന് എന്നു കരുതുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം ആചാരബദ്ധമായ സ്ത്രൈണമൂല്യമല്ല, പൂർണവും തുല്യവുമായ സാമൂഹ്യ പൗരത്വമാണ് പ്രധാനമാകുന്നത്. സാമൂഹ്യ പൗരത്വമെന്നാൽ സ്വന്തം ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശവും കൂടിയാണ്.
ഇപ്പോൾ നടന്ന പല കൊലപാതങ്ങളിലും ചെറുപ്പക്കാരിയായ ഇര പലപ്പോഴും ഈ അവകാശം ഒരളവുവരെയെങ്കിലും സ്വയം കൈയെത്തിപ്പിടിക്കാൻ ശ്രമിച്ചവളാണ്. സമുദായാധികാരത്തിനെതിരെ സഞ്ചരിക്കുകയും എന്നാൽ അതിൽ നിന്ന് ഇറങ്ങിയോടി ഏതെങ്കിലും ഒരു പുരുഷൻറെ – ആദ്യമായി കൈനീട്ടിയ പുരുഷൻറെ –അടുക്കൽ അഭയംതേടാൻ കൂട്ടാക്കാതിരിക്കുകയും, വീണ്ടും തൻറെ യാത്ര തുടരാൻ ധൈര്യപ്പെട്ടവളുമായ സ്ത്രീയാണ് ഇവൾ. സമുദായം അവളെ കൊന്നില്ലെങ്കിൽ ആ പുരുഷൻ അവളെ കൊല്ലും എന്നാണ് ഈ അരുംകൊലകൾ നമ്മോടു പറയുന്നത്. താൻ വിളിച്ചാൽ സമുദായത്തെയും കുടുംബത്തെയും വിട്ട് ഇറങ്ങിച്ചെല്ലാൻ കൂട്ടാക്കാത്ത സ്ത്രീയേയും കൊല്ലാൻ മടിക്കാത്ത പുരുഷന്മാർ നാട്ടിലുണ്ടെന്നും ഇതിനോടകം നാം പഠിച്ചിരിക്കുന്നു.
എന്നാൽ കൊലക്കത്തിയെ വെല്ലുവിളിക്കലാണെങ്കിലും വിവാഹ-പ്രണയ-കുടുംബതാത്പര്യങ്ങൾക്കപ്പുറം തൻറെ ജീവിതത്തിനും ശരീരത്തിനും തനതായ, ആർക്കും നിഷേധിക്കാനാവാത്ത, മൂല്യമുണ്ടെന്ന് സ്ത്രീകൾ വീണ്ടുംവീണ്ടും ഉറക്കെ പറയേണ്ടിയിരിക്കുന്നു. അല്ലാതെ വേറെ വഴിയില്ല. ദൈനംദിനജീവിതത്തെത്തന്നെ നിരന്തരമായ പിതൃമേധാവിത്വവിരുദ്ധ ചെറുത്തുനില്പാക്കി മാറ്റാതെ സ്ത്രീകൾക്ക് സ്വാഭിമാനം സാദ്ധ്യമല്ല. ഇക്കാരണത്താൽ കൊലക്കത്തിക്കിരിയാകുന്ന സ്ത്രീകൾ പിതൃമേധാവിത്വവിരുദ്ധസമരങ്ങളിലെ രക്തസാക്ഷികളാണ്. അവരെ മറക്കരുത്. കേരളത്തിൽ സ്ത്രീവാശിയുടേതായ നീണ്ട ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തില് ഇവർക്കെല്ലാം ഇടമുണ്ടായിരിക്കണം.