scorecardresearch
Latest News

ട്രാൻസ് സ്ത്രീകളോട് ലൈംഗിക ഭൂരിപക്ഷം ചെയ്യുന്നത്

“മുഖ്യധാരയുടെ ജീവിത-അദ്ധ്വാനതാളങ്ങളോട് സമരസപ്പെടാൻ സമയമെടുക്കുകയും ചെയ്യുന്ന ട്രാൻസ് മനുഷ്യരോട് ക്ഷമയും ഐക്യബോധവും സ്നേഹവും കാണിക്കാനുള്ള ധാർമ്മികബാദ്ധ്യത കൂടിയുണ്ട്” ജെ. ദേവിക എഴുതുന്നു

trans women, trans gender, j devika

ട്രാൻസ്‌ സ്ത്രീകൾക്കെതിരെ നടക്കുന്ന നിരന്തരമായ കായിക ആക്രമണത്തിന്രെ വാർത്തകൾ ഇന്ന് വാർത്തയേ അല്ലാതായിരിക്കുന്നു. കേരളാ പൊലീസിന്രെ ക്രിമിനൽ സ്വഭാവവും അതിനോടുകൂടി വാർത്തയല്ലാത്ത സാമാന്യയാഥാർത്ഥ്യം മാത്രമായിരിക്കുന്നു. ഇന്തോനേഷ്യയിൽ യാത്ര ചെയ്തപ്പോൾ അവിടുത്തെ ഭാഷയിൽ പൊലീസിനുള്ള വാക്ക് ‘ഭയങ്കര’ എന്നാണെന്ന് തിരിച്ചറിഞ്ഞു. അതുകേട്ട് കുറേ ചിരിച്ചുമറിഞ്ഞെങ്കിൽ ഇന്ന് മലയാളത്തിൽ ‘പൊലീസ്’ എന്ന വാക്ക് മാറ്റി ‘ഭയങ്കര’ എന്ന പദം സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു പറയേണ്ടിവരുന്നു (സാദാ പൊലീസ് ‘ഭയങ്കര’ ആണെങ്കിൽ മുകളിലേക്കുള്ള പൊലീസിനുപയോഗിക്കേണ്ട പേരുകളെപ്പറ്റി ചർച്ച വേണം).

ഈ വാർത്ത വാർത്തയല്ലാതായിരിക്കാൻ പല കാരണങ്ങളുണ്ടെങ്കിലും ട്രാൻസ്‌ സ്ത്രീകളെല്ലാം ലൈംഗികവേല ചെയ്യുന്നവരാണെന്നും അങ്ങനെ ജീവിക്കുന്നവരെ അടിച്ചുപായിക്കാതെ സന്മാർഗജീവിതം നഗരത്തിൽ സാദ്ധ്യമല്ലെന്നുമുള്ള അവകാശവാദങ്ങളാണ് അവയിൽ മുഖ്യം. ഇതിൽ വസ്തുതാപരമായ ഉള്ളടക്കം എത്രയുണ്ടെന്നത് അന്വേഷിക്കേണ്ടതു തന്നെ. കാരണം, ആക്രമിക്കപ്പെട്ട പലരും അത്തരം അദ്ധ്വാനം ചെയ്തു ജീവിക്കുന്നവരല്ല എന്ന് പലതവണ വ്യക്തമായിട്ടുണ്ട്. ലൈംഗികവേലയെപ്പറ്റി വളരെ സുദീർഘമായ ചർച കേരളത്തിൽ നടന്നിട്ട് പത്തുവർഷത്തിലധികമായി. മണൽവാരൽ മുതലായ പ്രകൃതിദ്രോഹപരമായ വേലകൾ നടത്തുന്നവരുടെ വേലയെ അദ്ധ്വാനമായി കരുതാനും അവരെ യൂണിയനിൽ ചേർക്കാനും ഉത്സാഹിക്കാമെങ്കിൽ ലൈംഗിക വേലയെ പുച്ഛിക്കാനുള്ള ധാർമ്മികാധികാരം ഇവിടെ ആർക്കുമില്ല എന്ന വാദം ഇന്നും പ്രസക്തമാണ്. എന്നാൽ അതിനുപരിയായി ഇന്ന് വൈവാഹിക ബലാത്സംഗം അഥവാ marital rape ജീവിതയാഥാർത്ഥ്യം മാത്രമാണെന്ന് നാം സമ്മതിച്ചു തുടങ്ങിയതോടെ കൂത്തിച്ചി എന്നു വിളിച്ചാക്ഷേപിക്കപ്പട്ടവളും കുടുംബിനി എന്നു മാനിക്കപ്പെട്ടവളും തമ്മിലുള്ള അകലം നാം കരുതുന്നതിലും കുറവാണെന്നു തിരിച്ചറിയാനുള്ള സാദ്ധ്യത ഏറിയാണിരിക്കുന്നത്. തങ്ങൾ എല്ലാവരും ബലാത്ക്കാരത്തെ നിത്യമായി നേരിടുന്നില്ലെന്ന് നളിനി ജമീല അടക്കമുള്ള ലൈംഗികസേവനങ്ങളിലൂടെ ജീവിതം കണ്ടെത്തുന്ന പലരും പറഞ്ഞിട്ടുണ്ട്. ഇന്ന് കുടുംബിനികൾ പലരും തുടർച്ചയായ ബലാത്സംഗത്തെ നേരിടുന്നുവെന്നും വ്യക്തമായിരിക്കുന്നു. ലൈംഗികസേവനങ്ങൾ വിറ്റു ജീവിക്കുന്നതിനെ പുച്ഛിക്കാനുള്ള കാരണങ്ങൾ കൂടുകയല്ല, കുറയുകയാണുണ്ടായതെന്ന് ചുരുക്കം.
തന്നെയുമല്ല, ഏതാനും വർഷങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലുണ്ടായ വികാസം മൂലം ലൈംഗികസേവനങ്ങൾ വിനിമയം ചെയ്യപ്പെടുന്ന രീതികളും പതിവുകളും മാറിയിരിക്കുന്നുവെന്നാണ് പ്രമുഖ എഴുത്തുകാരിയും ലൈംഗികവേല ജീവിതമാർഗമാക്കിയ വനിതകളുടെ ശബ്ദവുമായ നളിനി ജമീല പറയുന്നത്. കൂടാതെ, ഇന്ന് സദാചാരപരിപാലനത്തിനിറങ്ങുന്ന ആൺസംഘങ്ങൾ ഈ വേല ചെയ്യുന്നവർ ഉപയോഗിച്ചിരുന്ന ഇടങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നുവെന്നും, പക്ഷേ കൈഫോണുകളും (മൊബൈൽ) മറ്റും ഉള്ളതിനാൽ തങ്ങളുടെ വേല മറ്റുവിധത്തിൽ പിൻതുടരാൻ കഴിയുന്നുണ്ടെന്നും നളിനി പറയുന്നു. അപ്പോൾ വഴിയിൽ നിന്നു ആവശ്യക്കാരെ കണ്ടെത്തുന്ന രീതി തന്നെ അപൂർവ്വമായ സ്ഥിതിയ്ക്കു ട്രാൻസ്‌ സ്ത്രീകൾ മാത്രം അതുചെയ്യുന്നു എന്നു പറയാനാവില്ല.

ഇനി ട്രാൻസ്‌ സ്ത്രീകൾ ലൈംഗികവേലയിൽ ഏർപ്പെടുകയായിരുന്നുവെന്നു തന്നെ കരുതുക. അവരെ ഈവിധത്തിൽ ഉപദ്രവിക്കാൻ അതു കാരണമാകുന്നതെങ്ങനെ എന്നു മനസ്സിലാകുന്നില്ല. നഗ്നമായ മനുഷ്യാവകാശലംഘനമാണിത്. പൊലീസ് നടപടി അവരെ സമൂഹപാർശ്വങ്ങളിൽ കൂടുതൽ അകപ്പെടുത്തുകയേ ഉള്ളൂ. ട്രാൻസ്‌ജനങ്ങൾ മാന്യമായി ജീവിക്കാനുള്ള ഉപാധികൾ ആവശ്യപ്പെടുന്നത് മുഖ്യധാരയിൽ ജീവിക്കാൻ വേണ്ടിയാണ്. അതവർക്ക് ലഭ്യമാക്കിക്കൂട എന്ന വാശിയാണത്രെ പോലീസിന്. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ കഴിയാതെ വന്നാൽ അവർ ലൈംഗികവേലയെ നിയന്ത്രിക്കുന്ന ക്രിമിനലുകൾക്ക് കീഴ്പ്പെട്ടുപോകുന്നത് തികച്ചും പ്രതീക്ഷിതം മാത്രമാണ്. നഗരത്തിലെങ്ങും ട്രാൻസ് വനിതകൾക്കു താമസിക്കാൻ ഇടം നൽകരുതെന്ന നിർദ്ദേശം പൊലീസിൽ നിന്നുണ്ടായാൽ പാർപ്പിടത്തിനായി ക്രിമിനലുകളെ അവർ ആശ്രയിക്കേണ്ടിവരുമെന്നും തീർച്ച തന്നെ. അവരെ ലൈംഗികവേലയുമായി ബന്ധപ്പെട്ട പലവിധ ചൂഷണങ്ങളിൽ ഏർപ്പട്ടിരിക്കുന്ന ക്രിമിനലുകളുടെ വലയങ്ങളിൽ അകപ്പെടുത്താനുള്ള മനഃപൂർവമുള്ള ശ്രമമല്ലേ ഇതെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

ട്രാൻസ്‌ സ്ത്രീകളുടെ വസ്ത്രധാരണരീതികളും മറ്റും പലരിലും തെറ്റിദ്ധാരണകളാണ് ഉണ്ടാക്കുന്നതെന്നും, അപ്പോൾ കുറ്റം അവരുടേതു തന്നെ എന്നും പറയുന്നവരോട് പറയാനുള്ളത് ഇതാണ് വസ്ത്രം നോക്കിയല്ല മനുഷ്യരെ അളക്കേണ്ടത്. അങ്ങനെ അളക്കാൻ ആർക്കും അനുവാദമില്ലെന്ന് സാമാന്യജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് പൊലീസിൻറെ കടമയാണ്. മാത്രമല്ല, വസ്ത്രധാരണരീതിയിൽ സംശയം തോന്നി പൊലീസും നാട്ടുകാരും ആക്രമിക്കുന്നതിന് സാമൂഹികമായ അംഗീകാരം നൽകുക എന്നതു കാരണമുണ്ടാകുന്ന ജനാധിപത്യശോഷണം ട്രാൻസ് വനിതകളെ മാത്രമല്ല ബാധിക്കുന്നതെന്ന് ലിംഗഭൂരിപക്ഷക്കാർ മനസിലാക്കുന്നത് നന്നായിരിക്കും. വസ്ത്രധാരണത്തിൻറെ പേരിൽ ആൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നത് ഇന്ന് സർവസാധാരണമാണല്ലോ.

സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും മറ്റും ട്രാൻസ് ജനങ്ങൾ കാര്യമായി എടുക്കുന്നില്ലെന്നും അഴിഞ്ഞാടിയുള്ള ജീവിതത്തോട് ആസക്തിയുള്ളവരെ അടിച്ചുതന്നെയാണ് മര്യാദ പഠിപ്പിക്കേണ്ടതെന്നും വേറെ ചില ഹൃദയശൂന്യർ അവകാശപ്പെടുന്നു. സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ പലതും ലഭിക്കുന്നുണ്ടോ എന്നല്ല, ട്രാൻസ് ജനങ്ങളുടെ അടിയന്തരാവശ്യങ്ങളായ സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പാർപ്പിടസൗകര്യം, പേടിക്കാതെ വഴി നടക്കാനുള്ള സ്വാതന്ത്ര്യം, ഇവ കിട്ടുന്നുണ്ടോ എന്ന് നോക്കുകയാണ് വേണ്ടത്. ഇവ ഇല്ലെങ്കിൽ ജോലി ചെയ്യാനോ ട്രെയിനിങ് പരിപാടികളിൽ പങ്കെടുക്കാനോ ആർക്കും സാദ്ധ്യമല്ല. മാത്രമല്ല, ആൺ- പെൺ ലിംഗഭൂരിപക്ഷം ട്രാൻസ് മനുഷ്യരോട് ചരിത്രത്തിലിത്രയും നാൾ കാട്ടിയ അനീതിയുടെ ആഴം നാം ഇനിയും അംഗീകരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വിദ്യാലയജീവിതത്തിലൂടെ കൈവരുന്ന അച്ചടക്കവും സമയബോധവും ഇല്ലെങ്കിൽ ജോലികളിലും പഠനകോഴ്സുകളിലും തുടരാൻ എളുപ്പമേ അല്ല. വിദ്യാലയങ്ങളിൽ നിന്ന് ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളെ ആട്ടിയോടിക്കുകയും അവരെ വ്യവസ്ഥയുടെ ചിട്ടകൾക്കു പുറത്തു ജീവിക്കാൻ നിർബന്ധിക്കുകയും ചെയ്തത് മറ്റാരുമല്ല, ആൺ – പെൺ ദ്വന്ദത്തിനുളളിൽ ലിംഗ ലൈംഗിക ബോധത്തെ താലോലിക്കുന്ന ലൈംഗികതയുടെ കാവൽക്കാരാണ്. ഇപ്പോൾ തിരിച്ച് മുഖ്യധാരാലോകത്തേയ്ക്ക് അവരെ എത്തിക്കണമെങ്കിൽ ക്ഷമയും ആത്മാർത്ഥപരിശ്രമവും കൂടാതെ വയ്യ. അതു കാണിക്കാൻ ഇന്നാട്ടിലെ സർക്കാരോ ഇവിടുത്തെ സാംസ്കാരിക-സാമൂഹിക മുഖ്യധാരയോ തയ്യാറായിട്ടില്ല എന്ന് വ്യക്തമാണ്. ലിംഗ-ലൈംഗിക മുഖ്യധാരയുടെ കൈയാൽ സംഭവിച്ച കെടുതികൾക്ക് ന്യൂനപക്ഷങ്ങളെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.

ചുരുക്കിപ്പറഞ്ഞാൽ, മലയാളിസമൂഹത്തിൽ മാന്യത അവകാശപ്പെടുന്നവർക്ക് ലൈംഗികവേലയെടുത്ത് ജീവിക്കുന്നവരെ കുറ്റപ്പെടുത്താനോ ഇകഴ്ത്താനോ ധാർമ്മികാവകാശമില്ലെന്നു മാത്രമല്ല, അവർക്ക് ലൈംഗികവേലയെടുത്ത് ജീവിക്കുകയും മുഖ്യധാരയുടെ ജീവിത-അദ്ധ്വാനതാളങ്ങളോട് സമരസപ്പെടാൻ സമയമെടുക്കുകയും ചെയ്യുന്ന ട്രാൻസ് മനുഷ്യരോട് ക്ഷമയും ഐക്യബോധവും സ്നേഹവും കാണിക്കാനുള്ള ധാർമ്മികബാദ്ധ്യത കൂടിയുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Increasing attacks on transgenders sexual minorities j devika