കലാകാരാ, നിങ്ങളാരുടെ പക്ഷത്ത്? നക്സൽബാരിയുടെയും ശ്രീകാകുളത്തിന്റെയും കാലത്ത് നിങ്ങൾ അസ്തിത്വവാദവും അരാജകവാദവും അരാഷ്ട്രീയവാദവും പുലമ്പുന്നോ? കലാകാരാ, തെരുവ് വിളിക്കുന്നു, ജനങ്ങൾ വിളിക്കുന്നു, ചരിത്രം വിളിക്കുന്നു… പിന്നീട് ഇന്ത്യയടെ ഏറ്റവും മികച്ച ജനകീയ കവിയായി മാറിയ ഗദ്ദർ അന്ന്  വാറംഗൽ എൻജിനീയറിങ് കോളജിൽ പഠിക്കുകയായിരിന്നു. തെലുങ്കിൽ ദിഗംബര കവിതയുടെ കാലമായിരുന്നു, വേശ്യകളും യാചകരും ബസ് സ്റ്റാൻഡിലും ശ്‌മശാനത്തിലും പുസ്തകപ്രകാശനങ്ങളിലെ ക്ഷണിതാക്കളായെത്തിയ കാലം. വ്യവസ്ഥയ്ക്കെതിരെ പുകഞ്ഞിരുന്ന യുവ അരാജകത്വമാണ് സാംസ്കാരിക രംഗത്തും ക്ഷുഭിതയൗവ്വനമായി ആളിക്കത്തിയത്. തെലുങ്കിൽ മാത്രമല്ല, ഏതാണ്ടെല്ലാ ഭാഷകളിലും പാട്ടായി, കവിതയായി, നാടകമായി, സാംസ്കാരിക സംവാദങ്ങളായി, തെരുവ് വിചാരണകളായി…

അരനൂറ്റാണ്ട് മുന്പത്തെ എഴുപതുകളെന്ന് പിന്നീട് വിളിക്കപ്പെട്ട സാംസ്കാരിക വേലിയേറ്റത്തിന്റെ ഭാഗമായിരുന്നു ഞാനും. അടിയോരുടെ പെരുമൻ എന്നറിയപ്പെട്ടിരുന്ന എ.വർഗീസ് വ്യാജ​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനുശേഷമുളള ദിവസങ്ങളിൽ വയനാട്ടിൽ ഒരു പ്രൈമറി സ്കൂൾ അധ്യാപകനായെത്തപ്പെട്ട എന്നെ ഒരു നക്സലൈറ്റ് പിടികൂടിയ കഥ ഇങ്ങനെ:

ആ ചെറു പട്ടണത്തിലെ ബസ് സ്റ്റാൻഡിലിരുന്ന് അടുത്തിറങ്ങിയ ഒരു കവിതയെ കുറിച്ച് സംസാരിക്കുകയായിരുന്നു ഞാനും സുഹൃത്തുക്കളും. ഞങ്ങളുടെ സംഭാഷണത്തിൽ ഒരപരിചിതനും പങ്കാളിയാവുന്നു. അയാൾകൂടെ എന്റെ വാസസ്ഥലത്തേയ്ക്കു വരുന്നു. അയാളുടെ തോൾ സഞ്ചിയിൽ കല്ലച്ചില്ലച്ചടിച്ച വിപ്ലവസാഹിത്യമാണുണ്ടായിരുന്നത്.  Red Flag Over Red Fort, Make the Decade the Decade of Liberation, To Rebel is Justified…അത്യാവശ്യം വായിച്ചിരുന്ന, നാടകം ചെയ്യാൻ തുടങ്ങിയിരുന്ന, അസ്തിത്വവാദത്തിലും ആധുനിക സാഹിത്യത്തിലും താൽപര്യമുണ്ടായിരുന്ന ഒരിടത്തക്കാരൻ ബുദ്ധിജീവി അങ്ങനെയാണ് നക്സലൈറ്റാവുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ ജയിൽവാസത്തിനു ശേഷവും തടവറക്കവിതകളുടെ ഒരു സമാഹാരവുമായിട്ടാണ് സാംസ്കാരിക മുഖ്യധാരയിൽ പ്രത്യക്ഷപ്പെട്ടു.

Read More: മലയാളി ബുദ്ധിക്ക് വഴങ്ങുന്നതല്ല ഗദ്ദർ

ഗദ്ദർ മുതൽ ഞാൻ വരെയുളള നൂറുകണക്കിന് ക്ഷുബ്‌ധരായ ചെറുപ്പക്കാരുടെ പൊതുകഥയിതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് കോൺഗ്രസ്, കോൺഗ്രസിന്റെ കാലത്ത് സോഷ്യലിസ്റ്റ്, സോഷ്യലിസ്റ്റിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ്, കമ്മ്യൂണിസ്റ്റുകളുടെ കാലത്ത് മാർക്സിസ്റ്റ്, മാർക്സിസ്റ്റുകളുടെ കാലത്ത് നക്സലൈറ്റ്- ഇങ്ങനെ ഇന്ത്യൻ റാഡിക്കലിസത്തിന്റെ തലമുറയാണ് നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങിവച്ചത്. ചാരു മജൂംദാർ, കനു സന്യാൽ, കെ. ജി. സത്യമൂർത്തി, കൊണ്ടപ്പളളി സീതാരാമയ്യ, എ.വാസു, മുണ്ടൂർ രാവുണ്ണി… ഇവരെല്ലാം ആ തലമുറയിൽപ്പെട്ടവരായിരുന്നു. എന്നാൽ തെലുങ്കിലാവട്ടെ, മലയാളത്തിലാവട്ടെ, നക്സലൈറ്റ് പ്രസ്ഥാനത്തെ സാംസ്കാരിക ഇടതുപക്ഷം കൂടെയാക്കിയവരിൽ ഭൂരിപക്ഷവും രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും വന്നവരേയല്ല. ഞങ്ങളും പാർട്ടിക്കാരും രാഷ്ട്രീയപ്രസ്ഥാനത്തിൽ​ വരുന്നതിന് മുമ്പ്, ഒരു പ്രാദേശിക കലാസമിതിയിലോ വായനശാലയിലോ പോലും പ്രവർത്തിച്ച് പരിചയമില്ലാതിരുന്നവരാണ്. ഞങ്ങളാദ്യം ചുവന്ന പുസ്തകങ്ങൾ കാണുകയായിരുന്നു. തെരുവിലെ അധഃസ്ഥിതന്റെ നേരെ ജീവിതത്തിലാദ്യമായി കൈ നീട്ടുകയായിരുന്നു.

എഴുപതുകൾ നക്സൽബാരിയുടെ കാലം മാത്രമായിരുന്നില്ല, “നോട്ട് ഗൺസ്, ബട്ട് ഫ്ലവേഴ്സ്” എന്നത് വിയറ്റ്നാമിൽ യുദ്ധം ചെയ്യാൻ പോകുന്ന പട്ടാളക്കാരന്റെ തോളിൽ തൊട്ട് പറയുന്ന അമേരിക്കൻ ക്യാംപസ് യുവത്വത്തിന്റെയും കാലമായിരുന്നു അത്. പാരിസിലെ വസന്ത വിപ്ളവത്തിന്റെ കാലം. ലാറ്റിനമേരിക്കയിലെ വിമോചനദൈവശാസ്ത്രത്തിന്റെ കാലം, ആഫ്രിക്കയിലെ കരിമ്പുലികളുടെ കാലം, അമേരിക്കയുടെ മൂക്കിന് കീഴെ ചെഗുവേരയും കാസ്ട്രോയും തോക്ക് ചാരിവെച്ചിരുന്ന കാലം, പാരീസിലെ ടാർ വീപ്പകൾക്ക് മുകളിൽ കയറി നിന്ന് സാർത്ര് നിരോധിക്കപ്പെട്ട പുസ്തകങ്ങൾ​ വിറ്റിരുന്ന കാലം. വിയറ്റ്നാം എന്ന കൊച്ചു രാജ്യത്തെ ജനത അമേരിക്കയെ മുട്ടുകുത്തിക്കുന്ന കാലം, ലോകമപ്പാടെ വിമോചിതമാകുമെന്ന് സത്യമായും ഞങ്ങളെല്ലാം വിശ്വസിച്ചിരുന്ന കാലം. റെഡ് ആർമി മാർച്ച് ചെയ്ത് തൊട്ടുമുമ്പത്തെ, നാൽക്കൂട്ടപെരുവഴിയിലിരിക്കുന്നുവല്ലോ, ഹൃദയം ശരീരത്തിന്റെ ഇടതുപക്ഷത്തു തന്നെയുളള ഏത് യുവാവാണ് അന്ന് നക്സലൈറ്റാവാതിരുന്നിട്ടുളളത്?

കൊൽക്കത്താ നഗരത്തിലെ ഓരോ വീട്ടിൽ നിന്നും പതിനാലിനും ഇരുപത്തിയഞ്ചിനും ഇടയിലെ ഓരോ ചെറുപ്പക്കാരനെങ്കിലും ‘മിസ്സിങ്’ ആയ കാലത്തിലേയ്ക്കു ചൂണ്ടിയാണ് മഹേശ്വേതാ ദേവി ചോദിച്ചത് “എന്താണ് നമുക്ക് നമ്മുടെ ചെറുപ്പക്കാരെ മനസ്സിലാക്കാനാവത്തത്? ഏത് സ്വപ്നങ്ങളുടെ പുറകെയാണവർ സ്വന്തം ഹൃദയം കൈയിലെടുത്തുകൊണ്ടോടുന്നതെന്ന് നാം അമ്മമാർക്ക് മനസ്സിലാവാത്തതെന്ത്? കേരളത്തിലെ ക്ഷുബ്‌ധ യൗവ്വനം സൃഷ്ടിച്ച ജനകീയ സാംസ്കാരിക വേദി എന്ന റാഡിക്കൽ സാംസ്കാരിക പ്രതിരോധം പരാജയപ്പെട്ടപ്പോൾ, ജോൺ എബ്രഹാം അക്കാലം അടയാളപ്പെടുത്തിയത് “അമ്മ അറിയാൻ” എന്നൊരു ചലച്ചിത്രത്തിലൂടെയാണ്. “അമ്മേ, ഇവിടെ കുരുതികളാണമ്മേ… സ്വപ്നങ്ങളുടെ, ഭ്രാന്തിന്റെ, ലഹരിയുടെ, ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ കുരുതികളാണമ്മേ… കണ്ണീരിന്റെ, വിയർപ്പിന്റെ, ചോരയുടെ…

ഈ​ നൂറുകണക്കിന് ചെറുപ്പക്കാർ നിശിതമായ രാഷ്ട്രീയ വിശകനലത്തിലൂടെയൊന്നുമല്ല നക്സലൈറ്റ് പ്രസ്ഥാനത്തിലെത്തിയത്. എന്നതിന് പക്ഷേ, ഞങ്ങളെ കുറ്റപ്പെടുത്തണം? കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചവരാണോ വിൻസർ പാലസിന് മുകളിൽ ചെന്ന് ചുവന്ന നക്ഷത്രം ഉയർത്തിയത്! ദാസ് ക്യാപിറ്റൽ കക്ഷത്ത് വച്ചാണോ ചൈനയിൽ ലോങ് മാർച്ച് നടന്നത്. ഞങ്ങളുടെ കാലത്തുമതേ. ഗദ്ദർ തന്നെ സംസാരിക്കട്ടെ. എൺപതുകളുടെ ആദ്യം ചെന്നൈയിൽ വച്ച് ഗദ്ദറിനെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു. ഞാൻ എഡിറ്ററായി, ഡിസ്റ്റന്റ് തണ്ടർ എന്ന പേരിൽ ഇംഗ്ലീഷിൽ ഇറങ്ങാനിരുന്ന വിപ്ലവ മാസികയ്ക്കു വേണ്ടി തന്റെ പ്രസിദ്ധമായ ബുരകഥ വേഷത്തിൽ ഗദ്ദർ മുന്നിലിരിക്കുന്നു. ചുവന്ന തലേക്കെട്ടും, കഴുത്തിലെ ഷാളും തട്ടുടുത്ത മുണ്ടുമായി. ”ഞാനീ പറയുന്നത് നിങ്ങൾ വിട്ടുകളഞ്ഞേയ്ക്കും എങ്കിലും പറയട്ടെ, കലാകാരൻ ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത് പ്രാഥമികമായും രാഷ്ട്രീയ കാരണത്താലാവണമെന്നില്ല. മറിച്ച് ആത്മീയമായി അവരുമായി താദാത്മ്യപ്പെടാൻ കഴിയുന്നതുകൊണ്ടാണ്. എന്റെ കാര്യത്തിലെങ്കിലും അത് ശരിയാണ്. മാവോയിസ്റ്റുകളുമായുളള എന്റെ ബന്ധം രാഷ്ട്രീയമെന്നതിനേക്കാൾ ആത്മീയമാണ്.”

ഗദ്ദറിപ്പോൾ വീണ്ടും വാർത്തകളിലുണ്ട്. നേരത്തെ, ദലിത് പ്രശ്നത്തിന്റെ പേരിലും തെലുങ്കാനയുടെ പേരിലും മാവോയിസ്റ്റുകളുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. ആയിരങ്ങളെ രക്തസാക്ഷി മണ്ഡപങ്ങളിലേയ്ക്ക് നയിച്ചിരുന്ന, പതിനായിരങ്ങളെ വിപ്ലവഗാനങ്ങളുമായി ഉയിർത്തെഴുന്നേൽപ്പിച്ചിരുന്ന ഗദ്ദറിപ്പോൾ ആത്മീയാന്വേഷണത്തിന്റെ പാതയിലാണത്രേ.. താൻ വിപ്ലവം ഉപേക്ഷിച്ചു എന്നു പറയാത്ത, എന്നാൽ കാവിയുടുക്കാത്ത ഈ ആത്മീയ യാത്രയും അന്വേഷണവും മറ്റുളളവർക്ക് മനസ്സിലാകുന്നേയില്ല. വിപ്ലവ പ്രസ്ഥാനം സൃഷ്ടിക്കേണ്ട ആത്മീയതയെ കുറിച്ച് ഗ്രാംഷിയെ ഉദ്ധരിച്ച് വാചാലനാകുന്ന ഗദ്ദറിനെ മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ തന്നെ കുറ്റമാവണമെന്നില്ല. വെറും രാഷ്ട്രീയക്കാരനല്ലാത്തിനാൽ അദ്ദേഹം നമ്മെ തോൽപ്പിക്കുമെന്നൊന്നും പേടിക്കേണ്ടതില്ല. ഉളളിൽ കാടുളള സിംഹത്തിനെ ഏത് കൂട് മെരുക്കാൻ? മാവോയിസ്റ്റുകളെ കുറിച്ച് ഗദ്ദർ എന്നതിനേക്കാൾ ഗദ്ദറുമാരെ കുറിച്ച് വിപ്ലവ പ്രസ്ഥാനമാണ് വേവലാതിപ്പെടേണ്ടത്. ക്രിയേറ്റീവായ ഓരോരുത്തർ, ഓരോരുത്തർ വിപ്ലവ പ്രസ്ഥാനം വിട്ടുപോകുന്നതെന്ത്? ഗദ്ദർ എന്ന കലാകാരനേക്കാൾ സ്വയം പ്രതിക്കൂട്ടിൽ നിർത്തുകയാണ് മാവോയിസ്റ്റുകൾ ഇപ്പോൾ ചെയ്യേണ്ടത്. അമ്പത് വർഷത്തിനപ്പുറം പ്രസ്ഥാനവും പ്രത്യയശാസ്ത്രവുമാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ആഗോളവത്കൃതമായ ലോകത്തെ, വലതുവത്ക്കരിക്കപ്പെടുന്ന ലോകത്തെയും ഇന്ത്യയെയും അഭിമുഖീകരിക്കാൻ പ്രാപ്തമാണോ വിപ്ലവപ്രസ്ഥാനം?

അനുബന്ധം
ഞങ്ങളെ  ജയിലിലടച്ചപ്പോൾ, അവിടെ എത്തിയ ഞങ്ങളെ കാത്തിരുന്ന പഴയകാല നക്സലൈറ്റായ സഖാവ് മാധവേട്ടൻ ചോദിച്ചു, എന്തുകൊണ്ടാണ് വിപ്ലവകാരികളെ നക്സലൈറ്റുകളെന്ന് വിളിക്കുന്നത്? അവർ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ നിന്നും പ്രവർത്തനം ആരംഭിച്ചതുകൊണ്ട്, ഞങ്ങൾ പറഞ്ഞു. “കേരളത്തിലെ ചൊക്ലി ഗ്രാമത്തിൽ നിന്നാണ് വിപ്ലവം ആരംഭിച്ചെങ്കിലോ! ഹഹഹ നാം നമ്മുടെ സ്വന്തം വിപ്ലവകാരികളെ ചോക്ലേറ്റുകൾ എന്നു വിളിക്കുമായിരുന്നു..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ