/indian-express-malayalam/media/media_files/uploads/2017/07/pic-1-balaram.jpg)
ഗാന്ധിയന്‍ കമ്യൂണിസ്റ്റ് എന്നറിയപ്പെട്ട കാഞ്ഞങ്ങാട്ടെ മാധവേട്ടനെ ഞാന്‍ കാണാന്‍ പോയത് എട്ടു കൊല്ലം മുന്‍പാണ്. ഞാന്‍ വീട്ടിന്‍റെ അകത്തെ മുറിയില്‍ കടന്നിരുന്ന ഉടനെ അദ്ദേഹം മെല്ലെ എന്‍റെ അടുത്തേക്ക് വന്നിരുന്നു.പ്രായം തൊണ്ണൂറു കഴിഞ്ഞിരുന്നു. ആരാന്നാണ് പറഞ്ഞത് എന്ന് ചോദിച്ചു. ഞാന്‍ പേര് പറഞ്ഞു.എന്‍ ഇ ബാലറാമിന്‍റെ അനന്തരവനാണ് എന്ന് കൂട്ടി ചേര്‍ത്തു . അദ്ദേഹം ഏറെ പ്രയാസപ്പെട്ടു എഴുന്നേറ്റു എന്നെ തൊഴുതു. ആ പേരിന്‍റെ മുന്നില്‍ തൊഴുതേ പറ്റൂ എന്നും പറഞ്ഞും. സംസാരത്തിനിടയില്‍ ഓര്‍മ്മക്കുറവു കാരണം ഇടയ്ക്കൊക്കെ ഞാന്‍ ആരാണെന്നു ചോദിക്കും. ഓരോ തവണയും എന്‍റെ ഉത്തരം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് തൊഴും. ഇത്രയും ബഹുമാനമുള്ള ആ നേതാവിനെ പറ്റി താങ്കളുടെ ആത്മകഥയില്‍ അധികമൊന്നും എഴുതി കണ്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ മാധവേട്ടന്‍ ആലോചനയില്‍ മുഴുകി. പിന്നീട് അദ്ദേഹം പറഞ്ഞു:
" അത് അദ്ദേഹം നമ്മുടെ നേതാവായിരുന്നില്ല. നേതാക്കളുടെ നേതാവായിരുന്നു" . അന്നൊക്കെ പാര്‍ട്ടി വലിയ പ്രശ്നങ്ങളില്‍ പെട്ടാല്‍ ആദ്യം എല്ലാവരും കൂടി ആലോചിക്കും. എന്നാല്‍ സഖാവ് ബാലരാമന്‍( അതാണ് ബാലറാമിന്‍റെ യഥാര്‍ത്ഥ പേര്) വന്നാല്‍ എല്ലാവര്‍ക്കും സമാധാനമായി. ഏതു പ്രശ്നത്തിനും അദ്ദേഹത്തിനു പരിഹാരം കാണാന്‍ കഴിവുണ്ട്. ഇ എം എസ്സൊക്കെ പാര്‍ട്ടി പിളരുന്നത് വരെ ബാലരാമനില്‍ നിന്നും ഉപദേശം തേടുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ട്."
/indian-express-malayalam/media/media_files/uploads/2017/07/pic-3-2-ems-p-viswambaran-balaram.jpg)
ബാലറാമിനെ പറ്റിയുള്ള ഒരു ലേഖനത്തില്‍ സഖാവ് പി ഗോവിന്ദപിളള ഇങ്ങനെ കുറിച്ചു : "കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റു ഘടകത്തില്‍ എന്‍. ഇ. ബാലറാം( 1919- 1994) ഇല്ലായിരുന്നു. പി. കൃഷ്ണപിളള സെക്രട്ടറിയായി 1937 ല്‍ രൂപികരിക്കപെട്ട പ്രഥമ കമ്മ്യൂണിസ്റ്റ് ഘടകത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഇ എം എസ്സും കെ ദാമോദരനും എന്‍ സി ശേഖറും ആയിരുന്നു. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാപകര്‍ക്കുണ്ടായിരുന്ന സ്ഥാനം തന്നെ ബാലറാമിന് കല്‍പ്പിക്കുന്നതില്‍ തെറ്റില്ല. എന്ന് മാത്രമല്ല പ്രസ്ഥാനത്തിന്റെ പ്രതിഭാശാലികളും ത്യാഗധനരരുംമായ നേതാക്കളില്‍ ബാലറാമിന് തുല്യമോ, പല കാര്യങ്ങളിലും അതുല്യമോ ആയ സ്ഥാനമാണുള്ളത്."
/indian-express-malayalam/media/media_files/uploads/2017/07/pic-2-4aituce-leader-p-baskharan-and-ne-balaram.jpg)
കേരളത്തിന്‍റെ രാഷ്ടീയ- സാമൂഹ്യ - സാഹിത്യ മണ്ഡലങ്ങളില്‍ അരനൂറ്റാണ്ട് കാലം നിറഞ്ഞു നിന്ന സഖാവായിരുന്നു ബാലറാം എന്ന പേരില്‍ അറിയപ്പെട്ട ഞാലിലെ വീട്ടില്‍ ഇടവലത്ത് ബലരാമന്‍ . വേണ്ടത്ര അറിയപ്പെടാതെ, വളരെ ചെറിയ ഒരു ജീവിതം കൊണ്ട് തൃപ്തിപ്പെട്ട ആ മനുഷ്യനെ ഇന്നാരും ഓര്‍ക്കാനിടയില്ല. ജീവച്ച കാലത്ത് ഇന്ത്യയിലെ എല്ലാവരുടെയും സ്നേഹാദരങ്ങള്‍ നേടാന്‍ ഈ സഖാവിനു സാധിച്ചു. കുട്ടികൃഷണ മാരാര്‍ തൊട്ടു ഒ വി വിജയന്‍ വരെ, ഇ എം എസ് തൊട്ടു ശങ്കര്‍ ദയാല്‍ ശര്‍മ്മ വരെ ബാലറാമിന്‍റെ സ്നേഹിതരായിരുന്നു. കെ ആര്‍ നാരായണനും വി പി സിങ്ങും. എ ബി വാജ്പേയിയും കെ കരുണാകരനും അദ്ദേഹത്തോട് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. സുബ്രമണ്യ സ്വാമി പോലും ബാലറാമിനെ ഓര്‍ക്കാന്‍ ഇടയുണ്ട് . "രാജ്യദ്രോഹി" എന്ന വിളിച്ച സ്വാമിയെ അന്ന് കാലിലെ ചെരുപ്പ് കൊണ്ട് ബാലറാം നേരിട്ട കഥ പത്രങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു വേള പൊതു വേദിയില്‍ അദ്ദേഹം ആദ്യമായി ക്ഷുഭിതനായതും ആ സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും.
1993 ല്‍ ഒരിക്കല്‍ സഖാവ് ഇ എം എസ്സ് എന്തോ അസുഖബാധിതനായി പട്ടത്തെ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. പഴയ സഖാവിനെ തേടി ബാലറാം ആശുപത്രിയിലെത്തി. അവരിരുവരും കുറെ നേരം സംസാരിച്ചിരുന്നു. ഇറങ്ങാന്‍ ആയപ്പോള്‍ ഇ എം ഒരു അവശ്യം തന്‍റെ പഴയ സഖാവിന്‍റെ മുന്നില്‍ വച്ചു. "രാജ്യസഭയുടെ ടേം കഴിഞ്ഞാല്‍ ഉടനെ ബാലരാമന്‍ ഭാരതീയ സംസ്കാരത്തെ പറ്റി ഒരു പുസ്തകം എഴുതണം, അത് ബാലരാമനെകഴിയൂ" അതായിരുന്നു ഇ. എമ്മിന്റെ അവശ്യം . "എളുപ്പമല്ല, വളരെ വലുതാവും " - ബാലറാം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. എത്ര വലുതായാലും സാരമില്ല. ചിന്ത പ്രസിദ്ധീകരിക്കും. നോക്കാമെന്നും പറഞ്ഞു പിരിഞ്ഞു. അന്ന് രാത്രി തന്നെ ചിന്തയുടെ എഡിറ്റര്‍ സി ഭാസ്കരനെ ഇ.എം.എസ്സ് ബാലറാമിന്‍റെ വീട്ടിലേക്കു അയച്ചു. പുസ്തകം എഴുതാന്‍ വേണ്ടതൊക്കെ ചെയ്യണം. കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. അത് ബാലറാമിന്‍റെയും സ്വപ്നമായിരുന്നു.അതിനു തുടക്കം കുറിക്കുകയും ചെയ്തു. അതിന്‍റെ പണിപ്പുരയില്‍ കഴിയവയെയാണ് വളരെ പെട്ടെന്ന് ഹൃദ്രോഗ ബാധയില്‍ അദ്ദേഹം മരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2017/07/balaram-and-sudheer.jpg)
മാര്‍ക്സിന്‍റെ മൂലധനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്ന ദൗത്യം വളരെ ക്ലേശകരമായ ഒന്നായിരുന്നു. പരിഭാഷ പ്രയാസമായ ഒന്നാം അദ്ധ്യായം എല്ലാവരുടെയും മുന്നിലെ കീറാമുട്ടിയായി. ഒടുവില്‍ ഈ ദൗത്യം ഏല്‍പ്പിച്ചത് എന്‍ ഇ ബാലറാമിനെ ആയിരുന്നു. ഒന്നാം അദ്ധ്യായത്തിലെ ആദ്യ രണ്ടു ഭാഗങ്ങള്‍ ബാലറാമും മറ്റു ഭാഗങ്ങള്‍ സഖാവ് ഉണ്ണിരാജയും പരിഭാഷപ്പെടുത്തി. ഹൈ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും കഴിയാത്ത ബാലറാം സ്വയം പഠനത്തിലൂടെ വലിയ പണ്ഡിതനായി. സംസ്കൃതം, പാലി, ബംഗാളി തുടങ്ങിയ ഭാഷകളിലും വിദഗ്ദ്ധനായി. വേദം ഉപനിഷദ് തുടങ്ങി എല്ലാ ഭാരതീയ ഗ്രന്ഥങ്ങളിലും ആഴത്തില്‍ ജ്ഞാനം നേടി.
1993 ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ശാസ്ത്രജ്ഞന്‍ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം എഴുതിയപ്പോള്‍ അതിനെ പറ്റി ആദ്യം ലേഖനം എഴുതിയത് ബാലറാം ആയിരുന്നു. ( കലാകൗമുദി - ഡിസംബർ 12-1993- ഒരു ദൈവത്തിന്റെ ആവശ്യമുണ്ടോ? - എൻ ഇ ബാലറാം)
/indian-express-malayalam/media/media_files/uploads/2017/07/ne-balaram-2.jpg)
അറിവിന്‍റെ സമസ്ത മേഖലകളിലും തിരഞ്ഞു നടന്ന സഖാവ് ഒരു വാക്ക് പോലും സ്വന്തം ജീവിതത്തെ പറ്റി പറഞ്ഞില്ല. എഴുതിയില്ല. താന്‍ കൂടി പങ്കാളിയായ കേരളത്തിലെ കമ്മുണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രം രചിച്ചപ്പോഴും തന്‍റെ പേര് എഴുതാതെ "ഈ ലേഖകന്‍" എന്ന് പറഞ്ഞു മാറി നിൽക്കാന്‍ ബാലറാമിന് കഴിഞ്ഞു.
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച ഉണ്ടായപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസം ചില സ്വയം തിരുത്താല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അതിനു ഭാരതീയ മുഖം ഉണ്ടാവണമെന്നും ആഗ്രഹിച്ച നേതാവായിരുന്നു ബാലറാം. സി പി ഐ അവരുടെ ഭരണഘടന മാറ്റി എഴുതാന്‍ ബാലറാം കമ്മറ്റി രൂപികരിച്ചു.അതിനുവേണ്ടി അദ്ദേഹം രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്തു.ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ പാര്‍ട്ടിയിലെ യാഥാസ്ഥിക ഗ്രൂപ്പ് അതിനെ അട്ടി മറിക്കാന്‍ വലിയ ശ്രമം നടത്തി. ഇതില്‍ നിരാശനായ ബാലറാം തന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. അങ്ങനെ ഒരു സുവര്‍ണ്ണാവസരം പാര്‍ട്ടി നഷ്ടപ്പെടുത്തി. അതില്‍ ബാലറാം ഏറെ ദുഃഖിതനായിരുന്നു. അതെക്കുറിച്ച് സംസാരിക്കാന്‍ പോലും പിന്നീട് അദ്ദേഹം തയ്യാറായില്ല.
പിണറായിയിലെ ആ ആദ്യകാല സഖാവ് 1994 ജൂലൈ പതിനാറിന് നമ്മെ വിട്ടു പോയി. പ്രസ്ഥാനം ആ പിണറായിക്കാരനെ മെല്ലെ മെല്ലെ മറന്നു..ബാലറാമിനെ ഓര്‍ക്കുബോള്‍ ഏറെക്കാലം അടുത്ത് ഇടപഴകാന്‍ കഴിഞ്ഞ ഒരാള്‍ എന്ന നിലയില്‍ എനിക്ക് ഇത്രയും കുറിക്കണമെന്ന് തോന്നി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.