‘സെന്‍സര്‍ ബോര്‍ഡുമായുള്ള ഒരു നീണ്ട യുദ്ധം കഴിഞ്ഞാണ് 1970ല്‍ ‘സംസ്കാര’ എന്ന ചിത്രം പുറത്തു വരുന്നത്. കാലപ്പഴക്കം ചെന്ന ബ്രാഹ്മണ ആചാരങ്ങള്‍ക്കും യാഥാസ്ഥിതികത്വത്തിനുമെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയ ചിത്രം, റിലീസ് ആയപ്പോള്‍ തന്നെ ഏറെ ഘോഷിക്കപ്പെട്ടു. അരനൂറ്റാണ്ടിനിപ്പുറത്തും, ആരും കടന്നു ചെല്ലാന്‍ ശ്രമിക്കാത്ത ഇരുട്ടിടങ്ങളിലേക്ക് വെളിച്ച വീശിയ ഇന്ത്യന്‍ സിനിമകളുടെ കണക്കെടുക്കുമ്പോള്‍, അപ്പോഴും മുന്‍പന്തിയില്‍ തന്നെ എത്തും ‘സംസ്കാര’.

പട്ടാഭിരാമ റെഡ്ഡിയാണ് ‘സംസ്കാര’ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചനയില്‍ അദ്ദേഹത്തോടൊപ്പം ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. നാടകരംഗത്ത്‌ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച, തന്റെ എഴുത്തുകളും തര്‍ജമകളും കൊണ്ട് നാടകത്തിന്റെ പഴഞ്ചന്‍ വഴികളെ പുതുക്കിപ്പണിഞ്ഞ ഒരാള്‍. പേര് ഗിരീഷ്‌ കർണാട്.

Read More: Actor-playwright Girish Karnad passes away: ഗിരീഷ്‌ കര്‍ണാട് അന്തരിച്ചു

 

‘സംസ്കാര’യില്‍ അഭിനയിക്കുകയും ചെയ്തു ഗിരീഷ് കർണാട്. ഒരു ബഹുമുഖപ്രതിഭയുടെ, സിനിമയിലെ നീണ്ട ഒരു പ്രവൃത്തിജീവിതത്തിന്റെ തുടക്കം രേഖപ്പെടുത്തപ്പെട്ടത് ഇങ്ങനെയാണ്. തുടര്‍ന്നങ്ങോട്ട്‌ അദ്ദേഹം സിനിമകളും നാടകങ്ങളും എഴുതി, സംവിധാനം ചെയ്തു. അഭിനയിച്ചു, പഠിപ്പിച്ചു, പലര്‍ക്കും മാര്‍ഗ്ഗദര്‍ശിയായി. സമൂഹത്തെക്കുറിച്ചുള്ള അഗാധമായ മനസ്സിലാക്കലില്‍ ഊന്നിയവയാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍.

ഭൂതക്കാലത്തെക്കുറിച്ച് കാര്യമായി മനസ്സിലാക്കിക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന് തിരിച്ചറിഞ്ഞ കലാകാരനായിരുന്നു ഗിരീഷ്‌ കർണാട്. ഐതിഹാസിക-ചരിത്രകഥകളെ അടിസ്ഥാനപ്പെടുത്തിയ ‘ഹയവദന’, ‘തുഗ്ലക്ക്’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങള്‍ അതിന്റെ ഉദാഹരണമാണ്. ഇബ്രാഹിം അൽകാസി രംഗഭാഷ്യം നല്‍കിയ ‘തുഗ്ലക്ക്’ ഡല്‍ഹിയിലെ ‘പുരാനാ കില’യുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ആ നാടകം കണ്ടവരാരും മറക്കില്ല, അത്ര മനോഹരമായിരുന്നു അത്.

കുട്ടിക്കാലത്തു തന്നെ ഒരു അഭിനിവേശമായി കൂടെ ചേര്‍ന്ന നാടകം തന്നെയായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ പാഷന്‍. എഴുത്തുകാരനയും അഭിനേതാവും സംവിധായകനായും അദ്ദേഹം സിനിമയിലും തിളങ്ങി. ‘വംശവൃക്ഷ’ (ബി വി കാരന്തിനൊപ്പം ചേര്‍ന്ന് ഗിരീഷ്‌ കര്‍ണാട് സംവിധാനം ചെയ്ത ചിത്രം), ‘ഗോധുലി’ എന്നീ ചിത്രങ്ങള്‍, അവ ഉന്നയിച്ച വിഷയങ്ങളാലും, അത് പറഞ്ഞ രീതിയാലും ശ്രദ്ധിക്കപ്പെട്ടു.

Read More: കൂട്ടുകാരന്റെ മകളെ പ്രണയിച്ച നായകൻ; ഗിരീഷ് കർണാട് അനശ്വരമാക്കിയ മലയാളചിത്രം

Manthan

Girish Karnad and Kulbhushan Kharbanda in Shyam Benegal’s Manthan. (Photo Courtesy: Shyam Benegal)

എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദി സിനിമയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു ഗിരീഷ്‌ കര്‍ണാട്. ‘സമാന്തര സിനിമയുടെ’ തലതൊട്ടപ്പന്‍മാരില്‍ ഒരാളായ ശ്യാം ബെനഗലിനോടൊപ്പം ചേര്‍ന്ന് അങ്കുര്‍ (1974), നിശാന്ത് (1975) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നസീറുദ്ദീന്‍ ഷായുടെ ആദ്യ ചിത്രം എന്ന നിലയിലും സ്മിതാ പട്ടീലിന്റെ ഗംഭീരമായ പ്രകടനം കൊണ്ടും ഓര്‍മ്മിക്കപ്പെടുന്ന ‘നിശാന്തി’ലെ ഗിരീഷ്‌ കര്‍ണാട് അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധേയമാണ്.

ഗുജറാത്തിലെ ആനന്ദ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അമുല്‍ എന്ന പാല്‍ സഹകരണ സംഘത്തിന്റെ കഥയെ മുന്‍നിര്‍ത്തി ഇന്ത്യയുടെ ക്ഷീര വിപ്ളവത്തെക്കുറിച്ച് സംസാരിച്ച ചിത്രമാണ് ശ്യാം ബെനഗലിന്റെ ‘മന്‍ഥന്‍’. അതില്‍ ഇന്ത്യയുടെ ക്ഷീര വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ്‌ കുര്യന്റെ വേഷത്തിലാണ് ഗിരീഷ്‌ കര്‍ണാട് എത്തിയത്. ഈ ചിത്രം നിര്‍മ്മിക്കപ്പെട്ട രീതിയും ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. ഓരോ ക്ഷീരകര്‍ഷകനും രണ്ടു രൂപ വീതം ഇട്ടാണ് ചിത്രത്തിനാവശ്യമായ പണം സ്വരൂപിച്ചത്. ‘മന്‍ഥന്‍’ ഇന്ന് കാണുമ്പോള്‍ ചില പാളിച്ചകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയുടെ പാല്‍ ഉത്പാദന-വിതരണ ശൃംഖല ഉരുവായതിനെക്കുറിച്ചുള്ള സത്യസന്ധവും മനോഹരവുമായ അവതരണമായി തന്നെ അതിനെ കണക്കാക്കേണ്ടി വരും.

സംസ്കൃത നാടകമായ ‘മൃശ്ചകടിക’യെ ആസ്പദമാക്കി ഗിരീഷ്‌ കര്‍ണാട് ഹിന്ദിയില്‍ സംവിധനം ചെയ്ത ചിത്രമാണ് ‘ഉത്സവ്’. ശശി കപൂര്‍ നിര്‍മ്മിച്ച ആ ചിത്രം പക്ഷേ വിജയം കണ്ടില്ല. ശൈലീപരമായി ഗിരീഷ്‌ കര്‍ണാടുമായി ഒട്ടും ചേരാത്ത ഒന്നായിരുന്നു ആ സിനിമ. ചിത്രത്തിലെ ഒരു സീനില്‍ രേഖയില്‍ ആകൃഷ്ടനായ ശേഖര്‍ സുമന്‍ അവരെ സമീപിക്കുന്നുണ്ട്. തമാശയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ങ്കിലെല്‍ പോലും അങ്ങനെയായിത്തീര്‍ന്ന ഒരു രംഗമാണ് അത്. ബസു ചാറ്റര്‍ജീയുടെ ‘സ്വാമി’ എന്ന ചിത്രത്തില്‍ ശബാന ആസ്മിയുടെ സ്നേഹമയനായ ഭര്‍ത്താവായും ഗിരീഷ്‌ കര്‍ണാട് എത്തി.

 

സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള, ശക്തമായ പ്രമേയങ്ങള്‍ പറഞ്ഞ കലാകാരന്‍ – ഗിരീഷ്‌ കര്‍ണാട് ഓര്‍ക്കപ്പെടുക ഇങ്ങനെയായിരിക്കും. തിരശ്ശീലയ്ക്ക് പുറത്തെ ഗിരീഷ്‌ കര്‍ണാട് ആകട്ടെ, വിവിധ വിഷയങ്ങളില്‍ ഉള്ള തന്റെ അഗാധമായ പാണ്ഡിത്യം പുറത്തു കാണിക്കാത്ത, ബഹുമാന്യമായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ മികവിന്റെ ഒരു വലിയ പട്ടിക തന്നെ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാം – റോഡ്‌സ് സ്കോളര്‍ (63ല്‍ ഓക്സ്ഫോര്‍ഡ് യൂണിയന്‍ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു, അവിടെ മികച്ച പ്രസംഗികനായി പേരെടുത്തു), എൺപതുകളുടെ അവസാനത്തില്‍ ഷിക്കാഗോ സര്‍വ്വകലാശാലയിലെ വിസിറ്റിംഗ് ഫുള്‍ബ്രൈറ്റ് പ്രൊഫസര്‍ തുടങ്ങി അനേകം പദവികള്‍.

ഇതിനെല്ലാമുപരി, മണ്ണില്‍ ചവിട്ടി നിന്ന് കൊണ്ട് തന്നെ സാര്‍വ്വലൗകികതയെ ആഘോഷിച്ച പുരോഗമനവാദി. നമുക്ക് വേണ്ടി സംസാരിക്കാന്‍, ശബ്ദമുയര്‍ത്താന്‍ എന്നും എഴുന്നേറ്റു നിന്ന കലാകാരന്‍. നമ്മള്‍ ഓരോരുത്തര്‍ക്കും സ്വന്തമായവന്‍.

Read in English: Girish Karnad (1938-2019): A gifted polymath

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook