ഇനി ഒരിക്കല്‍ കൂടി നരേന്ദ്രമോദി പ്രധാനമന്ത്രി ആവില്ലെന്ന് ഈ വര്‍ഷം തുടക്കത്തില്‍ നിങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നെങ്കില്‍, അത് നിങ്ങളുടെ വ്യാമോഹമായോ നിങ്ങളുടെ മനോനില തെറ്റിയതായോ ആയിട്ടായിരിക്കും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടാവുക. എന്നാല്‍ രാഷ്ട്രീയത്തില്‍ മാറിമറിച്ചിലുകള്‍ക്ക് ഒരാഴ്ച്ചത്തെ പോലും ദൂരം വേണ്ട എന്നതാണ് വസ്തുത. ഈയടുത്ത് ഞാന്‍ ഉത്തരേന്ത്യയില്‍ നടത്തിയ യാത്രയില്‍ ആളുകളില്‍ കണ്ട നിരാശയെ കുറിച്ച് കഴിഞ്ഞയാഴ്‍ച്ചയാണ് ഡല്‍ഹിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് ഞാന്‍ സംസാരിച്ചത്. അപ്പോള്‍ അവരെന്നെ പരിഹസിക്കുകയാണ് ചെയ്തത്. സോഷ്യല്‍മീഡിയാ ‘ഫീഡ്ബാക്കുകള്‍’ ഇത് അല്ല എന്നായിരുന്നു അവര്‍ പറഞ്ഞത്.

ചെറുകിട വ്യാപാരികളും കര്‍ഷകരും ട്വിറ്ററില്‍ സമയം ചെലവഴിക്കാത്തത് കൊണ്ടാവാം സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കാണാത്തത്. മോദിയില്‍ നിരാശ പ്രകടിപ്പിച്ചത് ഇപ്പറയുന്ന കര്‍ഷകരുടേയും വ്യാപാരികളുടേയും കൂട്ടത്തിലുളളവരാണ്. അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ മോദിയെ വിശ്വസിച്ചു. എന്നാല്‍ ജീവിതം നന്നായില്ല എന്ന് മാത്രമല്ല, നോട്ട് നിരോധനവും ജിഎസ്‌ടിയും തങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയതായാണ് അവര്‍ നോക്കിക്കാണുന്നത്.

അത്കൊണ്ട് തന്നെ ഈ ലേഖനം എഴുതാനിരിക്കുമ്പോള്‍ എന്റെ സുഹൃത്ത് അയച്ചുതന്ന മോദിയുടെ ജനപ്രീതി ഇടിഞ്ഞതായുളള ഒരു പോള്‍ റിപ്പോര്‍ട്ടില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. ലോക്നിതി-സിഎസ്‌ഡിഎസ്-എബിപി നടത്തിയ സര്‍വേയിലാണ് മോദിയുടെ ജനപ്രീതിയില്‍ കാര്യമായ ഇടിവ് സംഭവിച്ചതായി പറയുന്നത്. നമ്മുടെ പൂര്‍വ്വകാല രാഷ്ട്രീയ വാഴ്‍ച്ചക്കാരുടെ ഇളമുറക്കാരുടെ അനന്തരാവകാശത്തിന് ഇപ്പോള്‍ ഇടിവ് തട്ടിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയയും കൂടി കര്‍ണാടകയില്‍ ബിജെപിയെ മാറ്റി നിര്‍ത്താന്‍ പുതിയ സൗഹൃദം സ്ഥാപിച്ചത് ഏറെ ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും വിജയിക്കാനായാല്‍ കോണ്‍ഗ്രസിന്റെ തലവര മാറും.

മോദി അല്ലെങ്കില്‍ പിന്നെ ആരായിരിക്കും അടുത്ത പ്രധാനമന്ത്രി? ഈ ചോദ്യം ചോദിക്കാനുളള അനുയോജ്യമായ സമയമാണോ ഇത്? അതെ, എന്നാണ് എന്റെ അഭിപ്രായം, കാരണം 10 വര്‍ഷം മുമ്പത്തെ സ്ഥിതിയെ അപേക്ഷിച്ച് ഇന്ന് ഇന്ത്യക്കാര്‍ ഏറെ ക്ഷമ കുറഞ്ഞവരും ഏറെ പ്രതീക്ഷിക്കുന്നവരുമാണ്. വികസനവും മാറ്റവും ആഗ്രഹിച്ചാണ് 2014ല്‍ മോദി സര്‍ക്കാരിനെ ജനം തിരഞ്ഞെടുത്തത്. എന്നാല്‍ പുതിയ സര്‍വ്വെ ഫലം അനുസരിച്ച് പകുതിയോളും ഹിന്ദു വോട്ടര്‍മാരും ഒരിക്കല്‍ കൂടി മോദിക്ക് വോട്ട് ചെയ്യില്ലെന്നാണ് വ്യക്തമാക്കുന്നത്. മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ ഒറ്റക്കെട്ടായി മോദിക്ക് വോട്ട് ചെയ്യില്ല എന്നത് സംശയമില്ലാത്ത കാര്യമാണ്.

എന്നാല്‍ അവര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമോ? തനിക്ക് കിട്ടിയ അവസരം സമർത്ഥമായി  പാഴാക്കുന്നതില്‍ മിടുക്ക് കാണിക്കുന്ന രാഹുലിന് വോട്ട് കിട്ടാന്‍ സാധ്യതയില്ല. മക്ഡൊണാള്‍ഡ് സ്ഥാപകന്‍ ദാബ നടത്തിയെന്നും, കൊക്കക്കോള സ്ഥാപകന്‍ നാരങ്ങാവെളളം വിറ്റിരുന്നു എന്നും കഴിഞ്ഞയാഴ്ച്ചയാണ് രാഹുല്‍ പറഞ്ഞത്. മോദിയുടെ തെറ്റ് കൊണ്ടാണ് ഇത്തരത്തിലുളള വികസനം ഇന്ത്യയില്‍ ഉണ്ടാകാത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്.

രാഹുല്‍ അടുത്ത പ്രധാനമന്ത്രി ആകാന്‍ സാധ്യതയില്ലെന്നതിന് നിറം നല്‍കുന്നത് രാഹുലിന്റെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ ചിന്ത മാത്രമല്ല. ഉത്തര്‍പ്രദേശില്‍ പുനര്‍ജീവനത്തിന്റെ യാതൊരു അടയാളവും കോണ്‍ഗ്രസ് ഇതേവരെ കാണിച്ചിട്ടില്ല എന്നതും മറ്റൊരു കാരണമാണ്. ഏറ്റവും പ്രധാനപ്പെട്ട ഈ സംസ്ഥാനത്ത് മോദിയെ പരാജയപ്പെടുത്താനുളള താക്കോലിരിക്കുന്നത് മായാവതിയുടേയും അഖിലേഷ് യാദവിന്റേയും കൈയിലാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇരുവരുടേയും സഖ്യം തകര്‍ന്നില്ലിങ്കില്‍ കഴിഞ്ഞ തവണ വിജയിച്ച 73 സീറ്റുകളില്‍ പാതിയും ബിജെപിക്ക് നഷ്ടമാവാന്‍ സാധ്യതയുണ്ട്. കര്‍ണാടകയില്‍ പൊതുവേദിയില്‍ വെച്ച് സോണിയ ഗാന്ധി മായാവതിയെ കെട്ടിപിടിച്ചതും ഇത് മനസ്സില്‍ വെച്ച് തന്നെയാവാം.

കര്‍ണാടകയില്‍ ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും മോദിയെ പുറത്താക്കാനായാണ് കൈകോര്‍ത്ത് ഒരു വേദിയില്‍ അണിനിരന്നത്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് ഇവരുടെ വാദം. എന്നാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇത്തരത്തിലൊരു സഖ്യം വരുന്നത് ഗുണം ചെയ്യുമോ? ചെയ്തേക്കില്ല എന്നാണ് എന്റെ അഭിപ്രായം. നേരത്തേയും മോദിയെ പരസ്യമായി അനുകൂലിച്ച ഒരാളെന്ന നിലയില്‍ ഈ പോരാട്ടത്തില്‍ ശക്തന്‍ മോദിയാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ജാനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭാവി വോട്ടര്‍മാരുടെ കൈയിലാണ്. എന്നാല്‍ പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി മോദിക്ക് വ്യക്തമായ രീതിയില്‍ ജനപ്രീതി ഇടിയുകയാണെന്നാണ് വസ്തുത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ