scorecardresearch

സംഗീതത്തെപോലും ഭയപ്പെടുന്നവർ

ഡൽഹിയിൽ സ്പിക്ക് മാകെയും എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കാനിരുന്ന ടി എം കൃഷ്ണയുടെ സംഗീതപരിപാടി വലതുപക്ഷ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതിനെ കുറിച്ച് സംഗീതാസ്വാദകനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ എഴുതുന്നു

If Krishna can’t sing

ഞാൻ വളരെയധികം ആരാധിക്കുന്ന ഒരു ഇന്ത്യൻ സ്ഥാപനമാണ് സ്പിക് മാകെ (SPIC MACAY- Society for the Promotion of Indian Classical Music And Culture Amongst Youth.) ഇന്ത്യൻ നൃത്തത്തിന്റെയും സംഗീതത്തിന്റെയും സമ്പന്നത ഇന്ത്യൻ യുവതയിലേയ്ക്കെത്തി ക്കുന്നതിൽ അവർ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. 1970 കളിൽ ഡൽഹിയിലെ കോളജ് വിദ്യാർത്ഥി എന്നനിലയിലാണ് ഞാനാദ്യം സ്പിക് മാകെയുടെ പരിപാടികളിൽ സംബന്ധിച്ചത്. ബെംഗളൂരുവിൽ താമസിക്കുന്ന അറുപതുകാരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലും ഞാനാ പരിപാടികളിൽ പങ്കുകൊള്ളുന്നതു തുടരുന്നു. പദ്മ തൽ‌വാക്കറുടെ സംഗീതവും ലീല സാംസണിന്റെ നൃത്തവും അംജദ് അലിഖാന്റെ സരോദും ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലും ഞാൻ ആ വേദികളിൽ ആസ്വദിച്ചിട്ടുണ്ട്.

ഞാൻ ആരാധിക്കുന്ന മറ്റൊരു ഇന്ത്യൻ സ്ഥാപനമാണ് ടി എം കൃഷ്ണ. കൃഷ്ണ ഒരു പ്രകൃതിശക്തിയാണ്. തീർച്ചയായും അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് സംഗീതത്തിന്റെ പേരിലാണ്. എന്നാൽ, പ്രതിഭാധനനായ സംഗീതജ്ഞൻ എന്നതിനു പുറമെ അദ്ദേഹം സാമൂഹികപ്രതിജ്ഞാബദ്ധ തയുള്ള വ്യക്തിയാണ്. വിഷയം, പശ്ചിമഘട്ടത്തിലെ വനങ്ങളുടെ സം‌രക്ഷണമോ കലാപബാധിതമായ ജാഫ്നയിലെ സാമൂഹിക ഐക്യമോ ആകട്ടെ.

ടി എം കൃഷ്ണയുടെ സംഗീതം ഞാൻ പലതവണ കേട്ടിട്ടുണ്ട്. മരിക്കും വരെ, മറക്കാതെ എന്നോടൊപ്പമുണ്ടാകുന്ന രീതിയിലുള്ള സംഗീതാനുഭവം ലഭിച്ചത് ചിക്മഗളൂർ ജില്ലയിലെ ബേലാവാഡി ഗ്രാമത്തിൽ വച്ചാണ്. ബേലാവാഡിയിൽ ഹോയ്‌സാല കാലഘട്ടത്തിലെ ഒരു ക്ഷേത്രമുണ്ട്, മനുഷ്യാളവുകളുടെ (human scale) വാസ്തുരീതികളിൽ നിർമ്മിക്കപ്പെട്ട അസാധാരണ വൈശിഷ്ഠ്യമുള്ള ഒരു ശില്പമാണവിടെയുള്ളത്. അവിടെ സംഗീതമാലപിക്കുവാൻ കൃഷ്ണയെ ക്ഷണിക്കുക എന്നത് അതിനടുത്തായി ഒരു കൃഷിയിടമുള്ള അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ ആശയമായിരുന്നു.

ഞാനും ഭാര്യയും പരിപാടിയ്ക്കായി അവിടെയെത്തി. സംഗീതം ഉദാത്തമായിരുന്നു; വേദി മനോഹരവും. കൃഷ്ണ ഇരുന്നതിന് പിന്നിലായി ക്ഷേത്രദേവത. ഗാഢമായ ധ്യാനത്തിൽ മിഴിയടച്ചിരുന്ന ഏതാനും നിമിഷങ്ങൾക്കു ശേഷം അദ്ദേഹം ഞങ്ങൾക്കായി ദൈവികമായ സംഗീതമാലപിച്ചു. കൃഷ്ണ, ക്ലാസ്സിക്കൽ സംഗീതപാരമ്പര്യത്തിൽ അഗാധമായ പരിശീലനം നേടിയിട്ടുണ്ട്; ആ സായന്തനത്തിൽ, അദ്ദേഹം കർണ്ണാട്ടിക് സംഗീതത്തിലെ എല്ലാ ഭാവങ്ങളും ഞങ്ങൾക്കായി അവതരിപ്പിച്ചു. നഗരവാസികളായ ഞങ്ങളവ ശ്രവിച്ചു, ആനന്ദാതിരേകമനുഭവിച്ചു. ഒപ്പം, പൊതുസ്ഥലത്തു നടന്ന ആ പരിപാടി ആസ്വദിക്കുവാനെത്തിയിരുന്ന യുവാക്കളും വൃദ്ധരുമായ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഗ്രാമീണരും കൃഷ്ണയുടെ സംഗീതത്തിന്റെ മാസ്മരികതയറിഞ്ഞു.

കച്ചേരിക്ക് ശേഷം കൃഷ്ണയുടെ ആതിഥേയന്റെ ഫാമിലെ അത്താഴവിരുന്നിൽ ഞങ്ങൾ പങ്കെടുത്തു. അവിടെ വച്ച് ആസ്വാദകനായ ഒരാളിൽ നിന്നും ഒരു പരാതി വന്നു. മല്ലീശ്വരം, ശേഷാദ്രിപുരം ഭാഗങ്ങളിൽ കച്ചേരി നടത്തുന്നുണ്ടെങ്കിലും കൃഷ്ണ കാമരാജ് പേട്ടിലെ പ്രശസ്തമായ സഭയുടെ പരിപാടികളെ അവഗണിക്കുന്നുവെന്നതായിരുന്നു അത്. ഗായകൻ അതിന്റെ കാരണം വിശദീകരിച്ചു. ആ സഭ, ഗയാന സമാജ് , ഒരിക്കൽ കൃഷ്ണയുടെ കച്ചേരിയിൽ ഒരു രാഷ്ട്രീയ പ്രവർത്തകനെ കൂടി ക്ഷണിച്ചിരുന്നു. കച്ചേരിയ്ക്കു ശേഷമുള്ള അയാളുടെ പ്രസംഗം 20 മിനിറ്റു നീണ്ടു നിന്നു. കച്ചേരിയ്ക്കു മുൻപ് പ്രസംഗങ്ങൾ നടത്തുന്നതിനോടു കൃഷ്ണയ്ക്കെതിർപ്പില്ല, പക്ഷേ അതിനുശേഷമുള്ള പ്രസംഗം ഒരു തരം അധിക്ഷേപമാണെന്ന് അദ്ദേഹം കരുതുന്നു. കലാകാരനോടുള്ള അധിക്ഷേപമല്ല, ആസ്വാദകരോടുള്ളത്. കാതുകളിലും ആത്മാവിലും സംഗീതം നിറച്ച് വീടുകളിലേയ്ക്ക് മടങ്ങുവാനാണ് സംഗീതപ്രേമികൾ ആഗ്രഹിക്കുന്നത്.

കാമരാജപേട്ടുകാരൻ ആ വിശദീകരണത്താൽ പിൻവാങ്ങിയില്ല. “ഞങ്ങളുടെ സഭയിൽ നിന്നുള്ള ക്ഷണം താങ്കൾക്കു നിരസിക്കുവാനാകില്ല, സർ. അത് 100 വർഷം പഴക്കമുള്ളതാണ്” അയാൾ പറഞ്ഞു. “എന്റെ സംഗീതം 600 വർഷം പഴക്കമുള്ളതാണ്,” കൃഷ്ണ മറുപടി നൽകി.

കൃഷ്ണയുടെ സംഗീതത്തിന്റെ ആരാധകനെന്ന നിലയിലും ഡൽഹിയിൽ പഠനം നടത്തിയ ഒരാളെന്ന നിലയിലും Spic Macay ഡൽഹിയിലെ നെഹ്രു പാർക്കിലെ രണ്ടു ദിവസത്തെ പരിപാടി അവതരിപ്പിക്കുന്നുവെന്നതും അതിൽ കൃഷ്ണയും പങ്കെടുക്കുമെന്നതും എന്നെ സന്തോഷിപ്പിച്ചു. നവംബർ 18/19 വാരാന്ത്യത്തിലാണത് സംഭവിക്കേണ്ടിയിരുന്നത്. ബേലാവാഡിയിലെ വീരനാരായണ ക്ഷേത്രമല്ലെങ്കിലും ഈ വേദിയും ആകർഷകമാണ്. ആ സമയമാകുമ്പോഴേയ്ക്കും കാലവാസ്ഥ ആസ്വാദ്യകരമാകും, അന്തരീക്ഷ മലിനീകരണവും കുറയുന്നുണ്ട്. ഡൽഹിയിലെ സംഗീതാസ്വാദകർക്ക്, പ്രത്യേകിച്ച്, യുവജനതയ്ക്ക് അതൊരു നിറവിരുന്നായിരിക്കും. സന്തോഷത്തോടൊപ്പം വ്യക്തിപരമായി എനിക്കല്‍പ്പം അസൂയയുമുണ്ടായിരുന്നു.

tm krishna, tk ramachandran, art
ടിഎം കൃഷ്ണ ടി കെ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു (ഫയൽ ചിത്രം)

നെഹ്രു പാർക്ക് പരിപാടി, Spic Macay യും എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയും ചേർന്ന് നടത്തുന്നതാണ്. കഴിഞ്ഞയാഴ്ച വരെ എയർപോർട്ട് അതോറിട്ടി ആവേശകരമായി ട്വീറ്റ് ചെയ്യുകയും ജനങ്ങളെ പരിപാടിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നതുമാണ്. എന്നാൽ, കൃഷ്ണ പാടുന്നുണ്ടെന്ന് കേട്ടപ്പോൾ വലതുപക്ഷ പ്രവർത്തകർ അദ്ദേഹത്തെ അധിക്ഷേപിക്കുകയും പരിപാടി റദ്ദാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഈ അധിക്ഷേപകർക്ക് സംഗീതത്തെപ്പറ്റി ഒന്നുമറിയില്ല. സംഗീതത്തിന് പുറത്തുള്ള ലോകത്ത് കൃഷ്ണ ഹിന്ദുത്വയുടെയും മോദി സർക്കാരിന്റെയും വിമർശകനാണെന്നത് മാത്രമാണവർക്കറിയാവുന്നത്. ഇതിനെത്തുടർന്ന് പതിമൂന്നാം തീയതി ചൊവ്വാഴ്ച, എയർപോർട്ട് അതോറിട്ടി, പരിപാടി അനിശ്ചിതകാലത്തേയ്ക്ക് മാറ്റിവച്ചിരിക്കുന്നതായി അറിയിപ്പ് പുറപ്പെടുവിച്ചു. മുകളിൽ നിന്നും താഴെ നിന്നും ഒരു പോലെയുണ്ടായ സമ്മർദ്ദങ്ങൾക്ക് അവർ വഴങ്ങിയതാണ്. ഏതൊക്കെ ഓഫീസുകളിൽ നിന്ന് ഏതൊക്കെ കോളുകളാണുണ്ടായതെന്ന് ആർക്കറിയാം! പക്ഷേ ഈ അപമാനകരമായ കീഴടങ്ങൽ കൊണ്ട്, ടി എം കൃഷ്ണയുടെ ഉദാത്ത സംഗീതം ശ്രവിക്കുവാനുള്ള അവസരം മാത്രമല്ല, രണ്ടു ദിവസത്തെ ആ കലാപരിപാടി മൊത്തമായാണ് ഡൽഹിവാസികൾക്ക് നഷ്ടമായത്. (സിതാറിസ്റ്റ് ഷാഹിദ് പർവേശ്, നർത്തകികളായ സൊണാലി മാൻസിങ്, പ്രിയദർശിനി ഗോവിന്ദ് എന്നിവരായിരുന്നു പരിപാടിയിലെ മറ്റു കലാകാരികൾ എന്നായിരുന്നു അറിയിച്ചിരുന്നത്.)

Read More:പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ- എതിരൻ കതിരവൻ എഴുതുന്നു

അഹമ്മദാബാദ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസ്സർ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് ഈ ലേഖകനെ ഹിന്ദുത്വവാദികൾ വിലക്കിയത് വായനക്കാർക്കറിയാമെന്ന് കരുതുന്നു. താഴെത്തട്ടിലെ ചുറ്റുവട്ടങ്ങളിൽ നിന്ന് അക്രമികളുടെ സമ്മർദ്ദമുണ്ടാകുന്നതിനെപറ്റി നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു; വാസ്തവത്തിൽ സമ്മർദ്ദം മുകളിൽ നിന്നുമുണ്ടായിരുന്നു, അതായത് ഡൽഹിയിലെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽ നിന്ന്. പക്ഷേ ടി എം കൃഷ്ണയ്ക്കു നേരെയുണ്ടായ ഈ വിലക്കിൽ ഞാൻ വളരെ കൂടുതൽ അസ്വസ്ഥനാണെന്ന് ആത്മാർത്ഥമായിത്തന്നെ പറയുന്നു. അതെന്തുകൊണ്ടാണെന്നാൽ, ഡൽഹി ഒരു സാധാരണ സംസ്ഥാനമല്ല, രാജ്യ തലസ്ഥാനമാണ്, അതുപോലെ ഞാൻ പുസ്തകങ്ങളെഴുതുക മാത്രമാണ് ചെയ്യുന്നത്, എന്നാൽ കൃഷ്ണ, തന്റെ സംഗീതത്തിലൂടെ മഹത്തായ ഇന്ത്യൻ സംസ്കാരത്തിന്റെയും സംസ്കൃതിയുടെയും വാഹകനായി വർത്തിക്കുന്ന കലാകാരനാണ്.

Read More:പൗരന്‍ കലാകാരനാകുമ്പോള്‍- ടി എം കൃഷ്ണ

 

ഒരുകാലത്ത് ഇന്ത്യൻ വാസ്തുവിദ്യ ശ്രേഷ്ഠമായിരുന്നു, എന്നാൽ ഇന്ന് അതെത്രകണ്ട് തകർന്നുവെന്നറിയാൻ ചുറ്റുമുള്ള കെട്ടിടങ്ങൾ നോക്കിയാൽ മതി. 2000 വർഷങ്ങൾക്കു മുൻപ് ശാസ്ത്രത്തിലും തത്വചിന്തയിലും ഇന്ത്യ ലോകനേതാവായിരുന്നു, എന്നാൽ ഇന്നത് അക്കാര്യങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾക്കു മാത്രമല്ല, ചെറു ഏഷ്യൻ രാജ്യങ്ങളായ ദക്ഷിണ കൊറിയ പോലുള്ളവയ്ക്കും പിന്നിലാണ്. എന്നിരുന്നാലും ആധികാരികമായി ഇന്ത്യനെന്നു പറയാവുന്ന കർണ്ണാടിക്ക്, ഹിന്ദുസ്ഥാനി സംഗീതങ്ങൾ ഇന്നും മഹത്തരമായി നിലനിൽക്കുന്നു. യുക്തിഭദ്രതയുള്ള, സംസ്കാരമുള്ള ഒരു ലോകത്തിൽ – അങ്ങനയേ പറയാനാകൂ, നാമിന്നു ജീവിക്കുന്ന ലോകമെന്ന് പറയാനാവില്ല- നമ്മുടെ ശാസ്ത്രീയ സംഗീതജ്ഞർ, നമുക്ക് സിനിമാ, ക്രിക്കറ്റ് താരങ്ങളെക്കാളും ബുദ്ധിജീവികളെക്കാളും പതിന്മടങ്ങു മൂല്യമുള്ളവരാണ്.

എനിക്ക് അഹമ്മാദാബാദിൽ സംഭവിച്ചത്, ഒരു അക്കാദമിക് വ്യവഹാരം വിലക്കിയത്, അസഹിഷ്ണുതയാണ്. പക്ഷേ മഹാനായ ഒരു സംഗീതജ്ഞനെ തലസ്ഥാന നഗരിയിൽ പാടുന്നതിൽ നിന്നും വിലക്കിയത് വെറും അസഹിഷ്ണുതയല്ല, അത് നീചത്വമാണ്.

Read More: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ടി എം കൃഷ്ണയുടെ കച്ചേരി ഒഴിവാക്കി

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: If krishna cant sing tm krishna delhi concert cancel spic macay