Latest News

വസ്തുതകൾക്കൊപ്പം ഒരു വർഷം

ക്ലിക്ക് ബെയ്റ്റിന്റെ സാധ്യതകളല്ല, വസ്തുകളുടെ അടിസ്ഥാനമാണ് വായനക്കാർക്ക് വിരൽ​ തൊടാൻ പ്രേരണയാകേണ്ടത് എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ഐഇ മലയാളം ആവുന്നതും ശ്രമിച്ചിട്ടുണ്ട്

ie malayalam

ജനസാന്ദ്രതയുടെ കാര്യത്തിലെന്ന പോലെ തന്നെ മാധ്യമ സാന്ദ്രതയുടെ കാര്യത്തിലും വളരെ മുന്നിലാണ് കേരളം. പത്ര, ദൃശ്യ മാധ്യമങ്ങളുടെ വളർച്ചയുടെ തൊട്ടു പിന്നാലെ തന്നെ നവ മാധ്യമ രംഗത്തേയ്ക്ക് കാലൂന്നിയ സംസ്ഥാനമാണ് കേരളം. വാർത്തകളോടും വിശകലനങ്ങളോടും മലയാളിക്കുളള ഗൗരവമേറിയ സമീപനം തന്നെയാണ് ഈ മാധ്യമ സാന്ദ്രതയുടെ അടിസ്ഥാനവും. മലയാളിയുളളയിടങ്ങളിലെല്ലാം മലയാള പ്രസിദ്ധീകരണങ്ങൾ ആരംഭിക്കപ്പെട്ടതിനും കാരണം മറ്റൊന്നാകാനിടയില്ല. അത്രത്തോളം മാധ്യമ കേന്ദ്രീകൃതമായി ജീവിക്കുന്ന ഒരു സമൂഹത്തിലേയ്ക്ക് കടന്നു വരുമ്പോൾ അതിസൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിമർശനങ്ങൾക്കുമുളള​ സാധ്യതകൾ ഏറെയാണ്.

വാർത്തകളുടെ കുത്തൊഴുക്കിനൊപ്പം പുതുമാധ്യമങ്ങളുടെ ഒരു പ്രവാഹം തന്നെ മലയാളത്തിൽ​ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ലോകം തുറന്നു നൽകിയ, ജനാധിപത്യപരമെന്ന് പറയാവുന്ന ഒരു സാധ്യത മാധ്യമ ലോകത്തിലും സമൂഹത്തിലും പല തലങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. മുൻ കാലങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തിനുണ്ടായിരുന്ന ബാധ്യതകളുടെയും സാധ്യതകളുടെയും അതിരുകൾ ഇന്ന് പുനര്‍നിര്‍വ്വചിക്കപ്പെട്ടു കഴിഞ്ഞു.

സത്യാനന്തര കാലഘട്ടം ​(പോസ്റ്റ് ട്രൂത്ത്) എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഓരോരുത്തർക്കും അവരവരുടെ തോന്നലുകളിൽ നിന്നും എഴുതാവുന്നതും പറയാവുന്നതുമായ എന്തും ദൃശ്യ-ശ്രവ്യ-അക്ഷര രൂപത്തിൽ സമൂഹത്തിലേയ്ക്ക് എത്തിക്കാൻ കഴിയുന്ന സമൂഹ മാധ്യമങ്ങളുടെ വളർച്ചയും മാധ്യമ ലോകത്തെ കുറിച്ചുളള​ കാഴ്ചപ്പാടിൽ​ പോലും വ്യത്യാസം ഉളവാക്കി കഴിഞ്ഞിരിക്കുന്നു.

വലതുപക്ഷത്തിന്റെ തീവ്ര ആക്രോശങ്ങളും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍റെ മുഖാവരണങ്ങളും ജനാധിപത്യത്തിന്റെ  ജീർണാവസ്ഥയുടെ അടയാളങ്ങളായി മാധ്യമ ഇടങ്ങളിൽ പല രൂപങ്ങളിൽ വ്യാപരിക്കുന്നു. അതിന്‍റെ വ്യാപ്തിയും ഏറെയാണ്. ഉളളതിനും ഇല്ലാത്തതിനും മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ ഈ​ ഇടങ്ങളിൽ നിന്നുളള ആക്രമണങ്ങളും പെരുകുന്നുണ്ട്. സോഷ്യൽ ഓഡിറ്റ് എന്നതിന് പുറമെ തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ ആക്രമിക്കുന്ന സാഹചര്യം. അത്, കൽബുർഗിയിലും ഗൗരി ലങ്കേഷിലും മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് വന്ന നടന്‍റെ അഭിമുഖത്തിലായാലും അദ്ദേഹത്തിന് വക്കാലത്തെടുത്തവരിലായാലും നടി പാർവ്വതിയുടെ അഭിപ്രായ പ്രകടനത്തിനോടുളള എതിര്‍പ്പായും, സിനിമാ റിവ്യൂവിനോടുളള​ അസഹിഷ്ണുതയായും വരെ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മതത്തിലെന്നപോലെ ആരാധനാ വിഗ്രഹങ്ങൾക്കായി, രാഷ്ട്രീയത്തിലും സിനിമയിലും അണികളും ഫാൻസും പടവെട്ടുന്നു.

മരിച്ചുപോയ രണ്ട് രാഷ്ട്രീയ നേതാക്കളെ കുറിച്ച് ആത്മകഥയിലില്ലാത്ത വാചകം സ്വന്തം വ്യാഖ്യാനമായെഴുതുകയും അതാണ് ശരിയെന്ന് വാദിക്കുകയും ചെയ്യുന്ന യുവജനപ്രതിനിധിയുടെയും അദ്ദേഹത്തിന് ജയ് വിളിക്കുന്ന ആരാധക വൃന്ദത്തിന്‍റെയും മാനസികാവസ്ഥ ഈ സാമൂഹികാന്തരീക്ഷത്തിന്‍റെ അടയാളപ്പെടുത്തലാണ്.  അതിന്‍റെ തുടർച്ച തന്നെയാണ് മുന്നണി വ്യത്യാസമില്ലാതെ സ്വകാര്യതയിലേയ്ക്കുളള​ ഒളിഞ്ഞു നോട്ടങ്ങൾ. സദാചാരവാദികൾക്കെതിരെ പടപൊരുതുന്നവർ എന്നവകാശപ്പെടുന്നവർ തന്നെ തങ്ങളുടെ ശത്രുവെന്ന് തോന്നുന്നവർക്കെതിരെ സദാചാര ആരോപണവുമായി രംഗത്തു വരിക. ക്യാമറക്കണ്ണുകളുമായി അവരെ പിന്തുടരുക. ഇങ്ങനെ ഒളിഞ്ഞുനോട്ടത്തിന്‍റെയും ഉപജാപത്തിന്‍റെയും അരങ്ങായി മാധ്യമ ലോകത്തെ മാറ്റിയെടുക്കാനുളള​ ശ്രമവും  പുതിയ കാലത്ത്  വ്യാപകമാകുന്നു.

ഈ സാധ്യതകളുടെയും പരിമിതികളുടെയും ഇടയിൽ നിന്നാണ് ഐഇ മലയാളം ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നത്. വാർത്തയിലെ വസ്തുതകൾക്കും വിശകലനത്തിലെ വൈവിധ്യമായ സാധ്യതകൾക്കും ഇടം നൽകാൻ ഞങ്ങൾ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ (എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ) ശ്രമിച്ചിട്ടുണ്ട്. ക്ലിക്ക് ബെയ്റ്റിന്റെ  സാധ്യതകളല്ല, വസ്തുതകളുടെ അടിസ്ഥാനമാണ് വായനക്കാർക്ക് വിരൽ​ തൊടാൻ പ്രേരണയാകേണ്ടത് എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ആവുന്നതും ശ്രമിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് കേരളത്തിനകത്തും പുറത്തുനിന്നുമുളള മലയാളി വായനക്കാരിൽ നിന്നും ഈ ചെറിയ കാലയളവിനുളളിൽ ലഭിച്ചത്.

ഇന്ത്യന്‍ മാധ്യമ ലോകത്ത് ധൈര്യത്തിന്‍റെ മുഖമുദ്രയായ ‘ഇന്ത്യന്‍ എക്സ്പ്രസ്സ്‌’ ഗ്രൂപ്പിന്‍റെ ആദ്യത്തെ പ്രാദേശിക ഡിജിറ്റല്‍ പതിപ്പാണ്‌ ഐഇ മലയാളം. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ പിന്തുടര്‍ന്ന് കൊണ്ട് തന്നെ മുന്നോട്ടു പോകണം എന്ന ഒരു ആദേശം മാത്രമാണ് തുടക്കത്തില്‍ ലഭിച്ചത്. അതില്‍ നിന്നും ഒരു പാടൊന്നും വ്യതിചലിക്കാതെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതാണ് വലിയ ആശ്വാസവും അഭിമാനവും.

പിന്തുണച്ച വായനക്കാർക്കും എഴുത്തുകാർക്കും ഐഇ മലയാളം ടീമിന്‍റെ നന്ദി. നിങ്ങളുടെ വിമർശനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ​ ഒരു വർഷം ഞങ്ങളെ മുന്നോട്ട് നയിച്ചത്. സൂക്ഷ്മമായ വിലയിരുത്തിലിന് വിധേയരായിരിക്കും വരും കാലങ്ങളിലും ഞങ്ങൾ. വസ്തുതകളിലും നിലപാടുകളിലും വിട്ടുവീഴ്ചയില്ലതെ തന്നെ തുടരാന്‍ കഴിയും എന്നാണ് വിശ്വാസം. എവിടെയെങ്കിലും ഒന്നുലഞ്ഞാല്‍, തിരുത്താന്‍-ഓര്‍മ്മിപ്പിക്കാന്‍ നിങ്ങള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ…

 

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Iemalayalam one year on

Next Story
മോദിണോമിക്‌സ് അര്‍ത്ഥമാക്കുന്നത് എന്താണ്?: ചെലവിടുന്നതിനേക്കാള്‍ പ്രവര്‍ത്തനസജ്ജമായ ഗവണ്‍മെന്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express