/indian-express-malayalam/media/media_files/Fqkyu2GGH0xQyYfRdEZj.jpg)
വസ്തുതകൾക്കൊപ്പം ഇനി അതിവേഗം ഐഇ മലയാളം
വാര്‍ത്തകള്‍ ഞൊടിയിടയിൽ വായിക്കാനുള്ള സംവിധാനം ഐ ഇ മലയാളം വായനക്കാർക്കായി അവതരിപ്പിക്കുന്നു. ഇന്ന് മുതൽ അതിവേഗ വായനയ്ക്ക് ഉതകുന്ന വിധത്തിൽ സൈറ്റ് ലോഡ് ചെയ്യുന്ന ഫീച്ചറാണ് ഐ ഇ മലയാളം പുതുതായി നടപ്പാക്കുന്നത്.
വസ്തുതകളിൽ അധിഷ്ഠിതമായ വാർത്തകളും വിശകലനങ്ങളും സാഹിത്യ, വിനോദ, വിജ്ഞാന ഉള്ളടക്കങ്ങളും വായിക്കാൻ ഇനി വിരലൊന്ന് തൊട്ടാൽ മതി, ഉള്ളടക്കം നിങ്ങളുടെ മുന്നിൽ തുറന്നു വരും. ഓരോരുത്തരും സമയത്തിന് പിന്നാലെ ഓടുന്ന കാലത്ത്, വായനക്കാരുടെ സമയം കളയാതെ ഉള്ളടക്കത്തിലേക്ക് കടക്കാനാകുന്ന തരത്തിലാണ് ഐ ഇ മലയാളത്തിന്‍റെ പുതിയ രൂപകൽപ്പന.
ക്ലിക്ക് ബെയ്റ്റിന്‍റെ സാധ്യതകളല്ല, വസ്തുകളാണ് മാധ്യമ പ്രവർത്തനത്തിലെ അടിസ്ഥാനം എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ഐ ഇ മലയാളം ആവുന്നതും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമത്തിന് ലഭിച്ച പിന്തുണയോടെയാണ് 2017 മുതൽ ഞങ്ങൾ ഇന്നും തുടരുന്നത്. ഈ കേരളപ്പിറവി ദിനത്തിൽ ഐ ഇ മലയാളം വായനയുടെ പുതുവഴി തുറക്കുകയാണ്. കണ്ണിമ ചിമ്മുന്ന വേഗത്തിൽ വായനക്കാർക്ക് വാർത്തകളിലേക്ക് പ്രവേശിക്കാനാവും വിധം മാറുകയാണ് സൈറ്റ്. ലോഡിങ് സ്പീഡ്, നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ വേഗത്തിൽ വായനക്കാർക്ക് ലഭ്യമാകുന്നതാണ് ഐ ഇ മലയാളത്തിലൂടെ ലഭിക്കുന്ന സവിശേഷത.
വാർത്തകളുടെ കുത്തൊഴുക്കിനൊപ്പം പുതുമാധ്യമങ്ങളുടെ പ്രവാഹം തന്നെ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ലോകം തുറന്നു നൽകിയ, ജനാധിപത്യപരമെന്ന് പറയാവുന്ന സാധ്യത മാധ്യമ ലോകത്തിലും സമൂഹത്തിലും പല തലങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന ബാധ്യതകളുടെയും സാധ്യതകളുടെയും അതിരുകൾ പുനര്‍നിര്‍വ്വചിക്കപ്പെട്ടു കഴിഞ്ഞു.
അടുത്തിടെ കേരളത്തിൽ നടന്ന ദാരുണമായ കളമശ്ശേരി സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധകൾ മുതൽ രാഷ്ട്രീയ പോരാളികളും മുൻവിധികളോടെയും വ്യാജ വാദങ്ങളോടെയും നടത്തിയ പ്രസ്താവനകളും സോഷ്യൽ മീഡിയാ പോസ്റ്റുകളും ചർച്ചകളിലെ വാദങ്ങളും അപകടരമായ രോഗബാധിതമായ ഒരു നവമാധ്യമ ഉപയോഗയത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇങ്ങനെയുള്ളൊരു മാനസികാവസ്ഥ നമ്മുടെ സാമൂഹികാന്തരീക്ഷത്തിന്‍റെ പ്രതിഫലനമാണ്. തങ്ങളുടെ ശത്രുവെന്ന് തോന്നുന്നവർക്കെതിരെ രംഗത്തു വരിക, ആക്രമിക്കുക. ഒളിഞ്ഞു നോട്ടത്തിന്‍റെയും ഉപജാപത്തിന്‍റെയും അരങ്ങായി മാധ്യമ ലോകത്തെ മാറ്റിയെടുക്കാനുളള ശ്രമവും പുതിയ കാലത്ത് വ്യാപകമാകുന്നു.
പുതിയ കാലത്തെ സാധ്യതകളുടെയും പരിമിതികളുടെയും ഇടയിൽ നിന്നാണ് ഐ ഇ മലയാളം, ആറ് വർഷം കടന്നു പോയത്. വാർത്തയിലെ വസ്തുതകൾക്കും വിശകലനത്തിലെ വൈവിധ്യങ്ങൾക്കും ഇടം നൽകാൻ ഞങ്ങൾ കഴിഞ്ഞ കാലം (എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ) ശ്രമിച്ചിട്ടുണ്ട്. ക്ലിക്ക് ബെയ്റ്റിന്‍റെ സാധ്യതകളല്ല, വസ്തുതകളുടെ അടിസ്ഥാനമാണ് വായനക്കാർക്ക് വിരൽ തൊടാൻ പ്രേരണയാകേണ്ടത് എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ആവുന്നതും ശ്രമിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് കേരളത്തിനകത്തും പുറത്തു നിന്നുമുളള മലയാളി വായനക്കാരിൽ നിന്നും ഈ ചെറിയ കാലയളവിനുളളിൽ ലഭിച്ചത്.
ഇന്ത്യന്‍ മാധ്യമ ലോകത്ത് ധീരയുടെയും വസ്തുതയുടെയും മുഖമുദ്രയായ 'ഇന്ത്യന്‍ എക്സ്പ്രസ്സ്' ഗ്രൂപ്പിന്‍റെ ആദ്യത്തെ പ്രാദേശിക ഡിജിറ്റല്‍ പതിപ്പാണ് ഐ ഇ മലയാളം. ഇന്ത്യന്‍ എക്സ്പ്രസ്സ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ പിന്തുടര്‍ന്ന് കൊണ്ട് തന്നെ മുന്നോട്ടു പോകുക എന്നതാണ് ഞങ്ങൾ തുടക്കം മുതൽ ശ്രദ്ധിച്ചത്. അതില്‍ നിന്നും വ്യതിചലിക്കാതെ ഇത്രയും കാലം മലയാളി വായനക്കാരോടൊപ്പം കേരള സമൂഹത്തിനൊപ്പവും നിലകൊള്ളാൻ കഴിഞ്ഞു എന്നതാണ് വലിയ ആശ്വാസവും അഭിമാനവും.
പുതിയ വേഗത്തിൽ ഐ ഇ മലയാളം വായനക്കാർക്ക് വായിക്കാൻ സാധ്യമാക്കുന്ന സംവിധാനത്തിലേക്ക് മാറുമ്പോൾ നിങ്ങൾ ഞങ്ങളിലർപ്പിച്ച വിശ്വാസം കൈമോശം വരാതെ കേരളത്തിനൊപ്പം, മലയാളികൾക്കൊപ്പം മുന്നോട്ട് കുതിക്കാൻ ഐ ഇ മലയാളവും ഉണ്ടാകും
പിന്തുണച്ച വായനക്കാർക്കും എഴുത്തുകാർക്കും ടീം ഐ ഇ മലയാളത്തിന്‍റെ നന്ദി. നിങ്ങളുടെ വിമർശനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ കാലമൊക്കെ ഞങ്ങളെ മുന്നോട്ട് നയിച്ചത്. വസ്തുതകളിലും നിലപാടുകളിലും വിട്ടുവീഴ്ചയില്ലതെ തന്നെ തുടരാന്‍ കഴിയും എന്നാണ് വിശ്വാസം. എവിടെയെങ്കിലും ഒന്നുലഞ്ഞാല്‍, തിരുത്താന്‍-ഓര്‍മ്മിപ്പിക്കാന്‍ നിങ്ങള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ...
കേരളപ്പിറവി ദിനാശംസകളോടെ
എഡിറ്റർ
ഐ ഇ മലയാളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.