scorecardresearch

നിയമവാഴ്ചയില്‍ ജനവിശ്വാസം കുറയുന്നുവോ?

പൊലീസുകാരാണ് കുറ്റവാളികളെന്ന ചിന്തയില്ലാതെയാണു ജനം തടിച്ചുകൂടുകയും അവരെ വാനോളം പുകഴ്ത്തുകയും ചെയ്തത്

പൊലീസുകാരാണ് കുറ്റവാളികളെന്ന ചിന്തയില്ലാതെയാണു ജനം തടിച്ചുകൂടുകയും അവരെ വാനോളം പുകഴ്ത്തുകയും ചെയ്തത്

author-image
K Venu
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hyderabad encounter, ഹെെദരാബാദ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case, ഹെെദരാബാദ് ബലാത്സംഗ കേസ്,  Hyderabad encounter news, Hyderabad rape case encounter, ഹെെദരാബാദ് ബലാത്സംഗ കേസ് ഏറ്റുമുട്ടല്‍ കൊല, K Venu,  കെ.വേണു, VC Sajjanar, വി.സി. സജ്ജനാർ, Police commissioner VC Sajjanar, പൊലീസ് കമ്മിഷണര്‍ വി.സി. സജ്ജനാർ, IE Malayalam, ഐഇ മലയാളം

ഹൈദരാബാദില്‍  മൃഗഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെ വെടിവച്ചുകൊന്നതു സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട്  പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ല. കുറ്റാരോപിതരെ പുലർച്ചെ  മൂന്നിനും മൂന്നരയ്ക്കുമിടയില്‍ തെളിവെടുപ്പിനു കൊണ്ടുപോയെന്നും ഇവരില്‍ രണ്ടുപേര്‍ തങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത് ആക്രമിച്ചെന്നും, തിരിച്ചാക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടെന്നുമാണു പൊലീസ് പറയുന്നത്.

Advertisment

പകല്‍സമയത്ത് വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുമെന്നതുകൊണ്ടാണ് അസമയത്ത് തെളിവെടുപ്പ് നടത്തിയതെന്ന പൊലീസ് വിശദീകരണം മുഖവിലയ്‌ക്കെടുത്താല്‍ തന്നെ രണ്ടുപേര്‍ക്ക് ആയുധം തട്ടിയെടുത്ത് ആക്രമിക്കാന്‍ കഴിയും വിധം ജാഗ്രതയില്ലാതെയാണു പൊലീസ് ആ സാഹചര്യം കൈകാര്യം ചെയ്തതെന്നു കരുതാന്‍ ബുദ്ധിമുട്ടാണ്. ഇങ്ങനെ അസമയത്ത് ആസൂത്രണം ചെയ്ത് നടത്തുന്ന പൊലീസ് നടപടി ഇത്രമാത്രം ജാഗ്രതയില്ലാതെ സംഭവിച്ചുവെന്നു പറയുന്നതില്‍ അസ്വാഭാവികമായി എന്തോ ഉണ്ടെന്ന് ആരും ചിന്തിച്ചുപോകും.

അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന സാഹചര്യം കൂടിയുണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സജ്ജനാരുടെ നേതൃത്തില്‍ പതിനൊന്നു വര്‍ഷം മുന്‍പ് ഏറെ സമാനതയുള്ള മറ്റൊരു ഏറ്റുമുട്ടല്‍ നടക്കുകയും മൂന്നു പ്രതികള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ടു വിദ്യാ

ര്‍ഥിനികളെ മൂന്നു ചെറുപ്പക്കാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന്  ആസിഡ് ഒഴിച്ച കേസിലായിരുന്നു ആ സംഭവം. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പ്രതികളെ സജ്ജനാര്‍ അറസ്റ്റ് ചെയ്തു. മൂന്നാല് ദിവസം കഴിഞ്ഞ് തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോയപ്പോള്‍ അവര്‍ നാടന്‍ തോക്ക് ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുകയും ആസിഡ് ഒഴിക്കുകയും ചെയ്തുവെന്നും പൊലീസുകാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു പ്രതികളും കൊല്ലപ്പെട്ടുവെന്നായിരുന്നു സജ്ജനാരുടെ വിശദീകരണം.

Advertisment

പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനു കൊണ്ടുപോകുന്ന പ്രതികളുടെ കയ്യില്‍ നാടന്‍ തോക്കും ആസിഡുമൊക്കെ എവിടെനിന്നു വരുന്നുവെന്ന ചോദ്യമൊന്നും സജ്ജനാര്‍ക്കു പ്രസക്തമായിരുന്നില്ല. അയാള്‍ക്കെതിരെ ചെറിയൊരു കേസെടുത്തു സംഭവം ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. മാത്രമല്ല, വീരനായകനായി കൊണ്ടാടപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ സംഭവങ്ങള്‍ പഴയതിന്റെ ആവര്‍ത്തനം മാത്രമാണെന്നു കാണാം. വീരനായകപട്ടം കൂടുതല്‍ ജനപിന്തുണയോടെ ചാര്‍ത്തപ്പെടുകയും ചെയ്യുന്നു.

k venu, opinion, iemalayalam

കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചു പ്രയോഗിക്കുന്ന ഒരു സിദ്ധാന്തമുണ്ട്. ഓരോ കുറ്റവാളിയും കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന രീതികള്‍ക്ക് അങ്ങേയറ്റത്തെ സമാനതകളുണ്ടാവും. ഒരു കുറ്റകൃത്യം കണ്ടാല്‍ അതു ചെയ്തിരിക്കാന്‍ സാധ്യതയുള്ളത് ഏതു കുറ്റവാളിയായിരിക്കുമെന്നു രേഖകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ നിഗമനത്തിലെത്താന്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം കഴിയും. അധികപക്ഷവും അത്തരം നിഗമനങ്ങള്‍ ശരിയാവുന്നതാണു കണ്ടിട്ടുള്ളത്. ഇവിടെ സജ്ജനാരെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണു കുറ്റവാളിയെന്ന സംശയമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയിലെ സാദൃശ്യം ശ്രദ്ധേയമാണ്. മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങളിലും ആ സാദൃശ്യം പ്രകടമാണ്. ഒരേ പ്രവര്‍ത്തന ശൈലിയാണ് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.

ഇവിടെ നമ്മുടെ വിഷയം ഇതല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍

പങ്കാളികളാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മറ്റും ഉണ്ടാകാനിടയുള്ള നിയമവിരുദ്ധ നടപടികളെക്കകുറിച്ചൊന്നും ചിന്തിക്കാതെ ജനങ്ങള്‍ വൈകാരിക പിന്തുണയുമായി രംഗത്തുവരുന്നതു നമ്മുടെ നിയമവാഴ്ചയെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് ഇവിടെ പരിശോധിക്കേണ്ടത്. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ചട്ടക്കൂട് അനുസരിച്ച് കുറ്റാരോപിതര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്നു കോടതി വിധിക്കുന്നതു വരെ നിരപരാധികളാണ്. പൊലീസുകാര്‍ വെടിവച്ചുകൊന്നത് കുറ്റാരോപിതരെയാണ്. അതായത് ഇവിടെ കുറ്റവാളികള്‍ പൊലീസുകാരാണ്. കുറ്റങ്ങള്‍ തടയേണ്ട പൊലീസ് തന്നെ കുറ്റവാളികളാവുമ്പോള്‍ നടപടികള്‍ ശ്രദ്ധാപൂര്‍വവും കര്‍ക്കശമായും നടപ്പാക്കപ്പെടേണ്ടതുണ്ട്. പക്ഷെ പൊലീസ് തന്നെയാണ് ഇതില്‍ പ്രധാന പങ്കുവഹിക്കേണ്ടത്. അതുകൊണ്ടു തന്നെ അത് എളുപ്പമായിരിക്കുകയുമില്ല. കോടതികളുടെയും മറ്റും ഇടപെടലും മേല്‍നോട്ടവും ആവശ്യമുള്ള സംഗതിയാണിത്. പൊലീസുകാരാണ് ഇവിടെ കുറ്റവാളികളെന്ന യാതൊരു ചിന്തയുമില്ലാതെയാണു ജനം തടിച്ചുകൂടുകയും അവരെ വാനോളം പുകഴ്ത്തുകയും ചെയ്തത്. കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയും നേരത്തെ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിർഭയയുടെ അമ്മയും കുറ്റവാളികളെ കൊന്ന പൊലീസുകാരെ ശ്ലാഘിച്ചിരിക്കുകയാണ്. ബിഎസ്പി നേതാവ് മായാവതി ഹൈദരാബാദ് പൊലീസിനെ യുപി പൊലീസ് മാതൃകയാക്കണമെന്നു വരെയാണ് പറഞ്ഞിരിക്കുന്നത്.

Hyderabad encounter, ഹെെദരാബാദ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case encounter, rape, ഹെെദരാബാദ് ബലാത്സംഗ കേസ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case, ഹെെദരാബാദ് ബലാത്സംഗ കേസ്, VC Sajjanar, വി.സി. സജ്ജനാർ, Police commissioner VC Sajjanar, പൊലീസ് കമ്മിഷണര്‍ വി.സി. സജ്ജനാർ, IE Malayalam, ഐഇ മലയാളം

കോടതികള്‍ വഴി നീതി ലഭിക്കാന്‍ വലിയ കാലതാമാസമെടുക്കുന്നതു കൊണ്ടാണ് ജനങ്ങള്‍ ഇത്തരം പൊലീസ് നടപടികള്‍ക്കു പിന്തുണ നല്‍കുന്നതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശദീകരിക്കാന്‍ ശ്രമിച്ചതു വസ്തുതകള്‍ക്കു നിരക്കുന്നതാണ്. പക്ഷെ, ജനങ്ങളുടെ അത്തരം ചിന്താഗതികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അത്തരം വിശ്വാസം വ്യാപകമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്താല്‍ നിയമവാഴ്ചയാണ് തകര്‍ക്കപ്പെടുക. ഇവിടെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ ഒരു  പ്രശ്‌നമാവുന്നത്.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷം പിന്നിട്ടിട്ടും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ നീതിന്യായ വ്യവസ്ഥയാണു നമുക്കുള്ളത്. സംസ്ഥാനതലത്തില്‍ മാതൃഭാഷയാണു കോടതി ഭാഷയാവേണ്ടതെന്നു തീരുമാനങ്ങളും നിയമനിര്‍മാണങ്ങളുമുണ്ടായെങ്കിലും കൊളോണിയല്‍ പാരമ്പര്യത്തെ അനുസ്മരിപ്പിക്കും വിധം ഇംഗ്ലീഷിന്റെ സാന്നിധ്യം പലരീതിയില്‍ തുടരുന്നതു കാണാം. അതിന്റെ തുടര്‍ച്ചയെന്നോണം കോടതികളും അഭിഭാഷകസമൂഹവും നിയമവ്യവസ്ഥയെ ജനങ്ങളില്‍നിന്ന് അകറ്റി അഥവാ അകറ്റിനിര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. അത് അവരുടെ ഇടുങ്ങിയ താല്‍പ്പര്യസംരക്ഷണത്തിനു വേണ്ടി കൂടിയാകാം. ഫലത്തില്‍ നിയമവ്യവസ്ഥ ഇങ്ങനെ ജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഇടയാകുന്നതു ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം കുറയാന്‍ കാരണമാകുന്നുണ്ട്. ഹൈദരാബാദ് സംഭവങ്ങള്‍ പോലുള്ളവ ഉണ്ടാകുമ്പോഴാണ് ഈ ജനവികാരം ഇങ്ങനെ പ്രകടമാകുന്നതെന്നു മാത്രം.

പൊലീസ് കൊലയുടെ നിയമവിരുദ്ധ സ്വഭാവം പരിശോധിക്കുമ്പോള്‍ അതിനാധാരമായി തീര്‍ന്ന ബലാത്സംഗമെന്ന ഭീകര കുറ്റകൃത്യത്തെ അവഗണിക്കുകയാണോയെന്നു തോന്നാം. പഴയകാലത്ത് ഫ്യൂഡല്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക അതിക്രമണങ്ങളല്ലാതെ ഗ്രാമീണസമൂഹത്തില്‍ ബലാത്സംഗങ്ങള്‍ സംഭവിക്കാറില്ല. ഇന്ത്യന്‍ സമൂഹം ജനാധിപത്യവല്‍ക്കരണത്തിന്റെ പരിണാമദശയില്‍ ഫ്യൂഡല്‍ ധാര്‍മികത തകരുകയും പകരം ജനാധിപത്യ ധാര്‍മികത വേരുറക്കാതിരിക്കുകയും ചെയ്യുന്ന ഒരു അന്തരാളഘട്ടത്തില്‍ കൂടിയാണു കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അത് അങ്ങിങ്ങായി സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണു ബലാത്സംഗങ്ങള്‍ക്ക് അന്തരീക്ഷമൊരുക്കുന്നത്. സമീപകാലത്ത് ഈ പ്രവണത വര്‍ധിച്ചുവരുന്നതും കാണാം.

നമ്മുടെ നാട്ടില്‍ ജനാധിപത്യത്തിന്റെ രാഷ്ട്രീയഘടന വേരുറച്ചുവരുന്നുണ്ടെങ്കിലും സാമൂഹ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കു ജനാധിപത്യ സംസ്‌കാരം വേണ്ടത്ര ഇറങ്ങിച്ചെന്നിട്ടില്ലെന്നു കാണാം. ജനാധിപത്യം ആ രീതിയില്‍ വേരൂന്നിയാലും ബലാത്സംഗങ്ങള്‍ പൂര്‍ണമായി ഇല്ലാതാവുമെന്നു പറയാനാവുകയില്ല. പക്ഷെ അതിന്റെ ബാഹുല്യം കുറയുമെന്ന് ഉറപ്പിക്കാം.

Gang Rape Encounter Killing Hyderabad Police Firing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: