Latest News

ഇതു കാടത്തം, നിയമവാഴ്ചയ്ക്കു തിരിച്ചടി

ആര് മാലയിട്ടാലും പൂകൊടുത്താലും പടക്കം പൊട്ടിച്ചാലും പൊലീസിനെ ഒരിക്കലും നമുക്ക് ന്യായീകരിക്കാന്‍ കഴിയില്ല. കാരണം അത്രത്തോളം നിയമവിരുദ്ധകാര്യങ്ങളാണ് അരങ്ങേറിയിരിക്കുന്നത്

Hyderabad encounter, ഹെെദരാബാദ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case, ഹെെദരാബാദ് ബലാത്സംഗ കേസ്,  hyderabad encounter news, Justice Kemal Pasha, ജസ്റ്റിസ് കെമാൽ പാഷ,  Hyderabad rape case encounter, ഹെെദരാബാദ് ബലാത്സംഗ കേസ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case, ഹെെദരാബാദ് ബലാത്സംഗ കേസ്, VC Sajjanar, വി.സി. സജ്ജനാർ, Police commissioner VC Sajjanar, പൊലീസ് കമ്മിഷണര്‍ വി.സി. സജ്ജനാർ, IE Malayalam, ഐഇ മലയാളം

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ നാലുപേരെ വെടിവച്ചുകൊന്ന സംഭവത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുകയും ന്യായീകരിക്കുകയും ചെയ്യുമായിരിക്കുമെങ്കിലും നിയമത്തിന്റെ കണ്ണില്‍ ഗുരുതരമായ കുറ്റമാണിത്. ജനാധിപത്യപരമായി മുന്നേറുന്ന, സംസ്‌കാരമുള്ള ഒരു രാജ്യത്തിന് ഒരിക്കലും ചേര്‍ന്ന നടപടിയല്ല ഇത്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അപര്യാപ്തത എന്ന നിലയ്ക്കാണ് ഈ സംഭവത്തെ ഞാന്‍ കാണുന്നത്. ജനങ്ങള്‍ക്കു നീതിന്യായ വ്യവസ്ഥയിലും നിയമവാഴ്ചയും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവ് ഈ സംഭവത്തില്‍ കാണാം.

സംഭവത്തിന്റെ തുടക്കം മുതല്‍ ഗുരുതരമായ കൃത്യവിലോപം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. കാണാതായ ഉടന്‍ തന്നെ യുവതിയുടെ വീട്ടുകാര്‍ പൊലീസുമായി ബന്ധപ്പെട്ടുവെന്നാണു മനസിലാക്കുന്നത്. ‘എവിടെയെങ്കിലും ഒളിച്ചോടിപ്പോയതായിരിക്കും, വന്നോളും’ എന്ന നിഷ്‌ക്രിയ സമീപനമാണു പൊലീസ് സ്വീകരിച്ചത്. ആ സമയത്തു പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാമായിരുന്നു. അതു പൊലീസ് ചെയ്തില്ല. മണിക്കൂറുകള്‍ക്കം യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതോടെ പൊലീസിനെതിരേ വലിയതോതില്‍ ജനരോഷമുണ്ടായി. ഇതില്‍നിന്ന് തലയൂരാനൊരു മാര്‍ഗം പൊലീസ് നോക്കിയിരിക്കുകയായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് ഒന്നും ചെയ്തില്ല. അതിലാണു ജനരോഷമുണ്ടായത്. ആ ജനരോഷത്തെ നേരിടാന്‍ പൊലീസ് കണ്ടുപിടിച്ച കുറുക്കുവഴിയാണ് ഹൈദരാബാദില്‍ കണ്ടത്. ഇതു കൊലപാതകങ്ങള്‍ തന്നെയാണ്. എല്ലാവരും സംശയിക്കുമെന്ന് പൊലീസിന് അറിയാത്തതല്ലല്ലോ? എന്നിട്ടും അവര്‍ വെടിവച്ചുകൊന്നില്ലേ? പക്ഷേ അതിനു തെളിവൊന്നും കിട്ടുമെന്നു കരുതുന്നില്ല. കാരണം ഇത് ഇരുട്ടിന്റെ മറവില്‍ വിജനമായ സ്ഥലത്തു നടന്ന സംഭവമാണ്. ഇത്രയും ഗൗരവമായ ആരോപണമുള്ള പ്രതികളെ കൊണ്ടുപോകുമ്പോള്‍ വേണ്ട സുരക്ഷയില്ലാതെ കൊണ്ടുപോകുമോ? നാലു പ്രതികളെ കൊണ്ടുപോകാന്‍ 10 പൊലീസുകാരെ ഉണ്ടായിരുന്നുള്ളൂവെന്നതു വിശ്വസിക്കാന്‍ പറ്റുമോ? .

സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തുന്നവര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നു തന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍, എന്നാല്‍ ഒരാളുടെ ജീവനെടുക്കണമെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പ് അനുസരിച്ച് നിയമപരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പാടുള്ളൂ. ശരിയായ വിചാരണ വേണം, പ്രതിക്കു പറയാനുള്ളത് കേള്‍ക്കണം എന്നീ പ്രക്രിയ പൂര്‍ത്തിയാക്കിയശേഷം മാത്രമേ ശിക്ഷ വിധിക്കാന്‍ പാടുള്ളൂ.
ഹൈദരാബാദില്‍ കൊല്ലപ്പെട്ടവര്‍ തന്നെയാണു പ്രതികളെന്നു നിയമപ്രകാരം കണ്ടെത്തിയിട്ടില്ല. നിയമപ്രകാരമുള്ള വിശദമായ നടപടികളിലൂടെ കുറ്റക്കാരെന്നു കണ്ടെത്തിയാണു ശിക്ഷ നടപ്പാക്കേണ്ടത്. അല്ലാതെ ശിക്ഷ നടപ്പാക്കുന്നതു കാടത്തമാണ്. ആരെയും വെടിവച്ചുകൊല്ലാനൊന്നും നീതിന്യായ വ്യവസ്ഥയില്‍ പറഞ്ഞിട്ടില്ല. വധശിക്ഷയ്ക്കു വിധിച്ചാല്‍ പോലും തൂക്കിക്കൊലയാണു നമ്മുടെ നാട്ടിലുള്ളത്.

കണ്ണിനു കണ്ണ്, പല്ലിന് എന്ന രീതി ജനങ്ങളുടെ മനസില്‍ പ്രതികാരവാഞ്ഛ വരുത്താനിടയാക്കും. അതു നമ്മുടെ നിയമവാഴ്ചയെ തകര്‍ക്കുമെന്നതില്‍ സംശയമില്ല. പൊലീസ് തന്നെത്താന്‍ നീതിര്‍വഹണം നടത്തുകയാണ്. കോടതിയുടെ വിചാരണ ആവശ്യമില്ല, നിയമവാഴ്ചയൊന്നും വേണ്ട, അല്ലാതെ തന്നെ കുറ്റാരോപിതരെ വെടിവച്ചുകൊല്ലാം എന്നതു കാടത്തമാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളിലേക്കു നാട് അധിഃപതിച്ചു പോകുമെന്ന് ഞാന്‍ ഭയപ്പെടുകയാണ്. ഇത്തരം സംഭവങ്ങള്‍ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതുമറികടക്കാന്‍ നീതിന്യായ വ്യവസ്ഥയില്‍ കാലോചിതമായ ഒരുപാട് പരിഷ്‌കാരങ്ങളും ഭേദഗതികളും ആവശ്യമാണ്. നാം പിന്തുടരുന്ന ബ്രിട്ടീഷ് നിയമസംഹിത പൊളിച്ചെഴുതണം. ഒരു കേസുണ്ടായാല്‍ 10-20 ദിവസത്തിനകം വിധി വരുന്ന തരത്തിലുള്ള നിയമനിര്‍മാണം രാജ്യത്തുണ്ടാകണം.

ഹൈദരാബാദില്‍ യുവതി കൊല്ലപ്പെട്ടതു പോലൊരു ക്രൂരമായ സംഭവം നടന്ന് 10-20 വര്‍ഷം കഴിഞ്ഞ് ശിക്ഷ വിധിക്കുന്നതോ അല്ലെങ്കില്‍ തൂക്കിക്കൊല്ലാന്‍ തന്നെ വിധിക്കുന്നതോ ജനം ഇഷ്ടപ്പെടുന്നില്ല. പെട്ടെന്നു നീതി ലഭ്യമാക്കുന്നതാണു ജനം ആഗ്രഹിക്കുന്നത്. നീതി വൈകുന്ന സാഹചര്യത്തില്‍, പ്രതികള്‍ രക്ഷപ്പെട്ടു പോകുന്നതിലും നല്ലത് പൊലീസുകാര്‍ ചെയ്തതാണെന്നു ജനം ചിന്തിച്ചാല്‍ ജനങ്ങളെ കുറ്റം പറയാന്‍ പറ്റില്ല.
അനുഭവത്തില്‍നിന്നാണു ജനങ്ങളുടെ ഈ മാറ്റത്തിനു കാരണം. കുട്ടികളെയൊക്കെ പീഡിപ്പിച്ചുകൊല്ലുന്ന നരാധന്മാര്‍ നമ്മുടെയൊക്കെ ചെലവില്‍ ജയിലില്‍ കിടന്ന് തിന്നുകൊഴുക്കുകയാണ്. അതൊക്കെ കാണുമ്പോള്‍ ജനം പ്രതികരിക്കും. നീതിന്യായ വ്യവസ്ഥയുടെ അപര്യാപ്തതയെന്നതു വലിയ വ്യാപ്തിയുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്ന സ്ഥിതിവിശേഷം നിയമവാഴ്ച അസ്തമിക്കാന്‍ ഇടവരുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

ജനങ്ങളുടെ ഇച്ഛ നടപ്പാക്കിയെന്ന നിലയില്‍ ഹൈദരാബാദ് സംഭവത്തില്‍ പൊലീസിന് ഒരുപാട് പ്രശംസയും അംഗീകാരവും കിട്ടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പൊലീസിനു ലഡുവും പൂക്കളും കൊടുക്കുന്നതും റോഡില്‍ പടക്കം പൊട്ടിക്കുന്നതാണു നാം കാണുന്നത്. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളൊക്കെ ആനന്ദനൃത്തം ചവിട്ടുകയാണ്. അതിന്റെ കാരണം സംഭവത്തില്‍ ജനങ്ങളുടെ പ്രതികാരവാഞ്ഛ കൂടി എന്നുള്ളതാണ്. ഇനിയൊരാള്‍ ഇതുപോലെ ചെയ്യരുത്, ചെയ്യുന്നവരെ ഇതുപോലെ കശാപ്പ് ചെയ്യണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുകയാണ്. അതിനെ നമുക്ക് കുറ്റംപറയാന്‍ കഴിയില്ല. എന്നാല്‍ സാംസ്‌കാരിക പൈതൃകമുള്ള ഒരു രാജ്യത്തിന്, ജനതയ്ക്ക് ചേര്‍ന്ന നടപടിയല്ലിത്. ആര് മാലയിട്ടാലും പൂകൊടുത്താലും പടക്കം പൊട്ടിച്ചാലും പൊലീസിനെ ഒരിക്കലും നമുക്ക് ന്യായീകരിക്കാന്‍ കഴിയില്ല. കാരണം അത്രത്തോളം നിയമവിരുദ്ധകാര്യങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ഈയൊരു കാഴ്ചപ്പാട് എപ്പോഴും നമുക്ക് വേണം.

രാജ്യത്ത് എവിടെയാണു നിയമവാഴ്ചയുള്ളത്? പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍. ഇരയ്ക്ക് എത്രയും എളുപ്പത്തില്‍ നീതികിട്ടാനുള്ള നിയനിര്‍മാണം രാജ്യത്തുണ്ടാവണം. അല്ലാത്ത പക്ഷം ജനം ഇതുപോലുള്ള പൊലീസ് നടപടികള്‍ക്കു കയ്യടിക്കും. നിയമം നടപ്പാക്കുന്നതിലെ കാലവിളംബത്തില്‍ ജനങ്ങള്‍ എത്രമാത്രം മടുത്തുന്നുവെന്നത് ഉന്നാവോയില്‍ പീഡനത്തിരയായ രണ്ടു പെണ്‍കുട്ടികളുടെ കാര്യം തന്നെ ആലോചിച്ചാല്‍ മതി. ആദ്യ കേസിലെ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് എംഎല്‍എ. പരാതി കൊടുത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നു. സംഭവത്തില്‍, കൂടെയുണ്ടായിരുന്ന അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചു. പെണ്‍കുട്ടി ഇപ്പോഴും മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കിടക്കുകയാണ്. രണ്ടാമത്തെ സംഭവത്തില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പരാതി കൊടുത്തതിനു പിറ്റേന്ന് വീണ്ടും ബലാത്സംഗം ചെയ്തു. കോടതിയില്‍ മൊഴികൊടുക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയാണ്.

ബലാത്സംഗസംഭവങ്ങളില്‍ ഇര ഏതുതരത്തില്‍ മരിച്ചാലും അതു കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നുള്ള കുറ്റകൃത്യമായി മാറ്റണം. ഇതൊക്കെ പാര്‍ലമെന്റ് വിചാരിച്ചാല്‍ മാത്രമേ നടക്കൂ. ഹൈദരാബാദ് സംഭവത്തെത്തുടര്‍ന്ന് നിയമത്തിന്റെ അപര്യാപ്ത സംബന്ധിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസങ്ങളില്‍ ഒരുപാട് പ്രതിഷേധങ്ങളും ശബ്ദകോലാഹലങ്ങളും നടന്നു. ഇതൊക്കെ അവര്‍ ആരോടാണു പറയുന്നത്? നിയമനിര്‍മാണം അവര്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളല്ലേ? സമയം ചെലവഴിച്ച് അവര്‍ നല്ലരീതിയില്‍ നിയമനിര്‍മാണം നടത്തണം. അവര്‍ ചെയ്യാതിരുന്നിട്ട് മറ്റാരെയെങ്കിലും പഴിച്ചിട്ട് കാര്യമില്ല. അങ്ങനെ അവര്‍ ചെയ്തില്ലെങ്കില്‍ ഹൈദരാബാദിലേതു പോലുള്ള സംഭവങ്ങളിലേക്കു നാട് കൂടുതല്‍ അധഃപതിക്കും.

വ്യക്തിപരമായി ഇഷ്ടപ്പെടുന്നുവെന്നാണു ഹൈദരാബാദ് സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ല. എന്നാല്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥക്കെതിരേ വ്യക്തിപരമായ താല്‍പ്പര്യമുണ്ടെന്ന് ഒരാളും പറയാന്‍ പാടില്ല. ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ അപലപിക്കുന്നതുപോലെ തന്നെ, ഹൈദരാബാദ് പോലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും അപലപിച്ചേ മതിയാകൂ. കാരണം ഇത്തരം സംഭവങ്ങള്‍ നിയവാഴ്ചയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ്.

(കേരള ഹൈക്കോടതി റിട്ട. ജഡ്ജിയാണു ലേഖകന്‍)

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Hyderabad encounter is a barbaric act justice b kemal pasha

Next Story
രാഷ്ട്രീയ സദാചാരം ഒരു പഴങ്കഥUddhav Thackeray, ഉദ്ധവ് താക്കറെ, Uddhav Thackeray government, ഉദ്ധവ് താക്കറെ സര്‍ക്കാര്‍, Uddhav Thackeray chief minister, ഉദ്ധവ് താക്കറെ മുഖ്യമന്ത്രി, Uddhav Thackeray wins trust vote, ഉദ്ധവ് താക്കറെ വിശ്വാസവോട്ട് നേടി, Maharashtra government, മഹാരാഷ്ട്ര സര്‍ക്കാര്‍, Maharashtra political drama, മഹാരാഷ്ട്ര രാഷ്ട്രീയ നാടകം, Maharashtra, മഹാരാഷ്ട്ര, Shiv Sena, ശിവസേന, NCP, എൻസിപി, Congress, കോൺഗ്രസ്, Devendra Fadnavis,ദേവേന്ദ്ര ഫഡ്നാവിസ്, Ajit Pawar, അജിത് പവാർ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express