Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

രക്ഷകവേഷത്തിലെത്തുന്ന വേട്ടക്കാർ

സ്ത്രീകളായ ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് തോന്നിക്കുന്നവർ പോലും യഥാർത്ഥത്തിൽ അതീജീവനത്തിന് ശ്രമിക്കുന്ന സ്ത്രീയുടെ പ്രതിരോധത്തെ തകർക്കാനുളള തന്ത്രങ്ങളാണ് നടപ്പാക്കുന്നത്.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിനികൾക്കു നേരെ നടന്ന അതിക്രമത്തെപ്പറ്റി കേട്ട സുഹൃത്തുക്കളുടെ ആദ്യപ്രതികരണം മിക്കപ്പോഴും തണുത്തതായിരുന്നു. ‘എന്താണതിൽ അതിശയിക്കാനുള്ളത്, പണ്ടു മുതലേ ഇതൊക്കെ അവിടെ പതിവുള്ളതല്ലേ? എന്നാണ് അവരിൽ മിക്കവരും പറഞ്ഞത്. ആ കലാലയം അടക്കിവാഴുന്ന എസ്എഫ്ഐയുടെ ബൗദ്ധികവും സാംസ്കാരികവുമായ നിലവാരം മുൻകാലങ്ങളിൽ അല്പം കൂടി മെച്ചമായിരുന്നു എന്നു കരുതുന്നുവെങ്കിലും, ഈ അഭിപ്രായത്തോട് ഞാൻ അധികവും യോജിക്കുന്നു. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുക എന്നാൽ ജനാധിപത്യം ദുർബലമായ ഒരു രാജ്യത്ത് പട്ടാളത്താവളത്തിനു സമീപം താമസിക്കുന്നതു പോലെയാണ്. ഭരണകൂടത്തിന്റെ മർദ്ദകശക്തിയായ പട്ടാളത്തിന് അതിരിക്കുന്ന പ്രദേശത്ത് സർവ്വാധിപത്യം അനുവദിക്കുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തലസ്ഥാനനഗരത്തിലെ അധികാരകേന്ദ്രങ്ങൾക്കും എകെജി സെന്ററിനും സമീപമിരിക്കുന്ന മിന്നലാക്രമണസേനയത്രേ ഈ കലാലയത്തിലെ കാലാൾപട (ഒരുപക്ഷേ കലാലയങ്ങൾ പൊതുവേ ഇടതോ വലതോ ആയ രാഷ്ട്രീയകക്ഷികളുടെ കാലാൾപ്പടയുടെ കേന്ദ്രങ്ങളാണെന്നു പറയാം). കഴിഞ്ഞ ദശകങ്ങളിൽ പാർട്ടികളുടെ ജനകീയാടിത്തറ ദുർബലമാകുന്ന കാഴ്ചയാണ് നാം കണ്ടത്. പൊതുവേ രാഷ്ട്രീയകക്ഷികളുടെ പൊതുസ്വാധീനം ആശയ-വിശ്വാസങ്ങളിൽ ഊന്നിയ അധീശ്വത്വത്തിൽ നിന്നു മാറി കൂടുതൽക്കൂടുതൽ കൈയ്യൂക്കിനെ ആശ്രയിക്കുന്നുവെന്നും വ്യക്തമാണ്. അങ്ങനെ നോക്കിയാൽ യൂണിവേഴ്സിറ്റി കോളജിൽ സർവത്ര പ്രോത്സാഹിപ്പിക്കപ്പെടുന്ന കാലാൾപ്പടയുടെ ഹിംസാവാസന കാലത്തിൽ വർദ്ധിക്കുന്നതും, അതിന് പാർട്ടി അധികാരികളുടെ അനുഗ്രഹം കൂടുതൽ കൂടുതൽ ലഭിക്കുന്നതും പ്രതീക്ഷിതം മാത്രം.

അപ്രതീക്ഷിതമായത് ആ വിദ്യാർത്ഥിനികളുടെ പ്രതികരണമാണ്. കഠിനമായ മർദ്ദനവും ഭീഷണിയും നേരിട്ടുകൊണ്ടാണ് അവർ നാടുവാഴുന്നോരെ എതിർക്കാൻ തയാറായത്. അവർ കൊടുത്ത പരാതി യൂണിവേഴ്സിറ്റി കോളജിലെ മല്ലൻമാർക്ക് ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയായതുകൊണ്ട് ഏതുവിധേനെയും അവരെക്കൊണ്ടു തന്നെ അതു പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് വ്യക്തമാണ്. വിദ്യാർത്ഥിനികളുടെ ഈ ചങ്കുറപ്പ് ഒറ്റപ്പെട്ട സംഭവമല്ല, പക്ഷേ, ഇന്ന്. തിരുവനന്തപുരം ഗവ: എൻജിനിയറിങ് കോളജിൽ (സി ഇ ടി), ലോ അക്കാദമിയിൽ, ഇപ്പോൾ യൂണിവേഴ്‌സിറ്റി കോളജിൽ, അങ്ങനെ പലയിടത്തും ചെറുപ്പക്കാരികൾ ലിംഗാനീതിയെ ചെറുക്കാൻ തയാറായിരിക്കുന്നു. ഒരു വശത്ത് കേരളത്തിൽ ആധുനികരാഷ്ട്രീയ ഇടം മണ്ണൊലിച്ചു തകർന്നുകൊണ്ടിരിക്കവേ, പഴയകാല ഫ്യൂഡൽ മൂല്യങ്ങളും പീഡനമുറകളും പൊടിതട്ടിയെടുത്തുകൊണ്ടുള്ള പുതിയ അരാഷ്ട്രീയകൈയ്യൂക്കിൻറെ ഇടം തെളിയവേ, ഫ്യൂഡൽമൂല്യങ്ങൾക്കെതിരെ പഴയകാല കീഴാളർ നടത്തിയ ചെറുത്തുനില്പുകളുടെ പുതിയരൂപങ്ങളും നാം കണ്ടു തുടങ്ങുന്നുവെന്ന് ചുരുക്കം. ഒരു സമൂഹമെന്ന നിലയിൽ നാം ഇന്ന് ഒന്നുകിൽ ഭയങ്കരമായ തകർച്ചയുടെ വക്കിലാണ്; അല്ലെങ്കിൽ നാം ഒരു പരിപൂർണ്ണ ലിംഗവിപ്ളവത്തിന്റെ പടിവാതിൽക്കൽ എത്തിച്ചേർന്നിരിക്കുന്നു. ചെറുത്തുനിൽക്കുന്നവർക്കൊപ്പം നിൽക്കാത്തപക്ഷം കേരളം ഭയങ്കരമായ സാമൂഹ്യതകർച്ചയിലേക്കു കൂപ്പുകുത്തുമെന്ന് സംശയമില്ല.

ചിത്രം: വിഷ്ണു റാം

പുരോഗമനകുപ്പായത്തെ ആട്ടിൻതോലെന്നവണ്ണം അണിയുന്നതാണ് ബുദ്ധി എന്ന് കരുതുന്ന ഒരു വിഭാഗം ഇപ്പോഴും മുഖ്യധാരാ ഇടതുപക്ഷത്തുണ്ട്. യൂണിവേഴ്സിറ്റി കോളജിൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനികളുടെ ഫെയ്സ്ബുക്ക് പേജുകളിലും പുറത്തും അവർക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞുതുടങ്ങി, ക്രമേണ കുറ്റം ഭാഗികമായെങ്കിലും അവരുടേതാണെന്നും അതിനാൽ അവർ ഒത്തുതീർപ്പിനു വഴങ്ങണമെന്നും ഇക്കൂട്ടർ വാദിക്കുന്നു.

ഈ തന്ത്രം കണ്ടപ്പോൾ ഓർമ വന്നത് ഈജിപ്റ്റിലെ മുല്ലപ്പൂ വിപ്ളവക്കാലത്തും തുടർന്നും ആ നാട്ടിലെ പൊതുപ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത സ്ത്രീകൾ നേരിട്ട സവിശേഷമായ ആക്രമണത്തെയാണ്. ഒരു സ്ത്രീയെ കൂട്ടരിൽ നിന്ന് ഒറ്റപ്പെടുത്തി, പത്തുപതിനഞ്ചു പുരുഷന്മാർ ആക്രമിക്കുന്നു. അവരിൽ കുറേപ്പേർ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ അഭിനയിക്കുന്നതുകൊണ്ട് ഇരയ്ക്ക് അക്രമിയെയും രക്ഷകനെയും വ്യക്തമായി തിരിച്ചറിയാൻ പറ്റാതെ പോകുന്നു. ഇത് ഇരയുടെ പ്രതിരോധത്തെ കുഴപ്പത്തിലാക്കുന്നു, രക്ഷപ്പെടാനുള്ള ഇരയുടെ ശ്രമത്തെത്തന്നെ മെല്ലെയാക്കുന്നു.

Read More: സിപിഎം എന്നാൽ ജാതി-ലിംഗവരേണ്യത മൈനസ് പശു

ഇതുപോലെയാണ് സിപിഎം അനുകൂലികളും ഈ സംഭവത്തിൽ പെരുമാറുന്നത്. ഹിംസയിൽ പങ്കാളിയായിക്കൊണ്ട്, എന്നാൽ ആ പങ്ക് മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട്. സിപിഎമ്മിൽ സ്ത്രീപക്ഷമായി പലപ്പോഴും രംഗത്തുവരുന്ന പ്രമുഖരാകട്ടെ, തദ്ദേശീയപുരുഷാധിപത്യപ്രശ്നങ്ങളോട് ഇവിടെ നിന്നുകൊണ്ട് പ്രതികരിക്കുന്നതിനു പകരം അമേരിക്കൻ മേലാളഫെമിനിസത്തിന്റെ മേൽസ്വാധീനത്തിലുള്ള ആഗോള ഭരണോന്മുഖ ഫെമിനിസത്തിന്റെ സൂചനകളെ അധികവും പിൻതുടരുന്നവരാണ്. തദ്ദേശീയ ഇടത്തിലെ പ്രശ്നങ്ങളെ തിരിച്ചറിയാൻ പോലും ഇക്കൂട്ടർ അറിഞ്ഞോ അറിയാതെയോ പ്രയോഗിക്കുന്നത് ആഗോള മേലാളഫെമിനിസ്റ്റ കണ്ണടയെയാണ്. ഇതിലൂടെ പ്രസക്തങ്ങളായി പ്രത്യക്ഷപ്പെടുന്നവയെല്ലാം നിസ്സാരപ്രശ്നങ്ങളാണെന്നല്ല. അവ അത്ര തന്നെ പ്രധാനങ്ങളായ മറ്റു പലതിനെയും കാണാതാക്കിക്കളയുന്നു, അതാണ് പ്രശ്നം.

ചിത്രം: വിഷ്ണു റാം

കഴിഞ്ഞ ദിവസങ്ങളിൽ മലയാളസിനിമാരംഗത്ത് അഭിനേത്രിയായി ജോലിചെയ്യുന്ന യുവതിയുടെ ചെറുത്തുനില്പ് ഏറെ ശ്രദ്ധയും പ്രശംസയും ആകർഷിച്ചിരിക്കുന്നുവെന്നത് ആശ്വാസകരമാണ്. എങ്കിലും അത് മറ്റു സ്ത്രീകളുടെ ചെറുത്തുനില്പുകളെ അദൃശ്യമാക്കരുത്. സ്ത്രീകൾക്കെതിരെ നടക്കുന്ന പലതരം ഹീനമായ കൈയ്യേറ്റങ്ങളിൽ ഏറ്റവും ഹീനം ലൈംഗികാതിക്രമമാണെന്ന ധാരണ, പുരോഗമന-യാഥാസ്ഥിതികകക്ഷികൾ – വ്യത്യസ്തന്യായങ്ങൾ പ്രകാരമാണെങ്കിലും ഒരു പോലെ ഉയർത്തിപ്പിടിക്കുന്നുണ്ട്. അതിനു വിധേയയായ സ്ത്രീയെ അതിജീവിച്ചവളായി കാണുന്നതിനു പകരം നിഷ്‌ക്രിയയായ ഇരയാക്കാനുള്ള സാദ്ധ്യത വലുതാണെന്ന കാരണത്താലാണ് വിചിത്രമായ ഈ യോജിപ്പുണ്ടാകുന്നത്. ലൈംഗികാക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ വികസിപ്പിക്കുന്നതിനു പകരം പുരുഷാധികാരികളുടെ സ്ത്രീസംരക്ഷണവ്യായാമങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നത് ഇതുകൊണ്ടാണ്. ആഗോള ഭരണോന്മുഖ ഫെമിനിസത്തിന് പ്രിയപ്പെട്ട വിഷയവുമാണ് . അമേരിക്കൻ റാഡിക്കൽ ഫെമിനിസവും ലൈംഗികയാഥാസ്ഥിതികത്വവും സന്ധിക്കുന്നിടത്തു നിന്ന് പ്രവഹിക്കുന്ന വ്യവഹാരമാണ് ഇത്.

അതുകൊണ്ട്, സൂക്ഷ്മമായ, ഉത്തരവാദിത്വത്തോടുകൂടിയുള്ള, പ്രതികരണമാണ് ജനാധിപത്യവാദികളിൽ നിന്നു നാം ഇന്ന് പ്രതീക്ഷിക്കുന്നത്. തനിക്കെതിരെ നടന്ന നീചമായ അതിക്രമത്തെ ചുളാതെ നേരിട്ട അഭിനേത്രിയെ എല്ലാവിധത്തിലും പിന്തുണയ്ക്കേണ്ടതുണ്ട്. എന്നാൽ സ്ത്രീകൾ നേരിടുന്ന ലൈംഗികമായ കടന്നുകയറ്റങ്ങളാണ് അവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമെന്ന വ്യാഖ്യാനം ഈ പിന്തുണയോടൊപ്പം ചേർക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും, സംശയകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് കേരളത്തിൽ സ്ത്രീകൾ വിദ്യാർത്ഥിനികളെന്ന നിലയിൽ, വിദ്യാർത്ഥിസംഘടനാപ്രവർത്തകരെന്ന നിലയിൽ, പൗരികൾ, തൊഴിലാളികൾ, എന്ന നിലകളിൽ, അനുഭവിക്കുന്ന ഹിംസയും കടന്നുകയറ്റവും അദൃശ്യമായിക്കൂട. ഇത് ഇന്നത്തെ രാഷ്ട്രീയനിമിഷത്തിൽ നിർണായകമാണ്. മുല്ലപ്പൂവിപ്ളവകാരിണികളെ നേരിട്ട പുരുഷാധികാരികളുടെ തന്ത്രങ്ങളുടെ വകഭേദം ഇവിടെ പ്രയോഗിക്കാൻ ശ്രമിക്കുന്ന നമ്മുടെ പുരോഗമനപുരുഷാധികാരികൾ അടുത്തുതന്നെ ഇറക്കാൻ സാദ്ധ്യതയുള്ള തുറുപ്പുചീട്ടാകാനിടയുള്ളതുകൊണ്ട് ഇത് കരുതിയിരിക്കണമെന്ന് എടുത്തുപറയട്ടെ.

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ അദ്ധ്യാപികയും ഗവേഷകയുമാണ് ദേവിക.
ഇംഗ്ളിഷിലും മലയാളത്തിലും കേരളസമൂഹം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങൾ രചിക്കുന്നു.kafila.online  എന്ന സംഘബ്ളോഗിൽ കേരളീയ സമൂഹത്തെ പറ്റി ഉറക്കെ ചിന്തിക്കാറുണ്ട്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Hunters as protectors actor molestation attack on girl students university college sfi cpm j devika column

Next Story
രാത്രിയുടെ അവകാശികള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com