ഇന്ത്യ ഒരു ദശാസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. ഒരു രാജ്യമെന്ന നിലയിൽ ആധുനീക രാഷ്ട്രമായി വളരുന്നതിന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതിന്റെ മുന്നിലെ ഏറ്റവും വലിയ തടസ്സം ഹിന്ദുത്വമെന്ന പ്രഹേളികയാണ്. എന്താണ് ഹിന്ദുത്വം ? ഹിന്ദുമതത്തെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ രാഷ്ട്രീയത്തിന്റെ പേരാണ് ഹിന്ദുത്വം എന്നത്. ഹിന്ദുരാഷ്ട്ര നിർമ്മാണമാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. സ്റ്റെയിറ്റിനെ മതം നിയന്ത്രിച്ചു തുടങ്ങുന്നതോടെ മതവും രാഷ്ട്രവും നശിച്ചു തുടങ്ങും. ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങൾ ലോകത്ത് ഏറെയുണ്ട്. ദൂരെയൊന്നും പോവേണ്ടതില്ല. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിലേക്ക് ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. അല്ലെങ്കിൽ ഇറാനിലേക്ക് ഒന്ന് ശ്രദ്ധിക്കുക. എന്നാൽ ക്രൈസ്തവ മതം രാഷ്ട്രത്തെ അതിന്റെ വഴിക്കു വിട്ടു. അതോടെ പല പശ്ചാത്യ രാജ്യങ്ങൾക്കും ആധുനിക സമൂഹമായി മാറാൻ സാധിച്ചു. മതം എന്ന നിലയിൽ കൃസ്ത്യാനിറ്റിയും അഭിവൃദ്ധിപ്പെട്ടു. അവർ സ്വയം തന്നെ ശാസ്ത്ര യുക്തിയോട് ചേർന്നു നിൽക്കാൻ പരിശീലിച്ചു. ആത്യന്തികമായി ശാസ്ത്ര വിരുദ്ധമായിട്ടു പോലും പ്രത്യക്ഷത്തിൽ മാറ്റങ്ങൾക്ക് തയ്യാറായി. സ്റ്റെയിറ്റ് അവരിൽ നിന്ന് കൃത്യമായ അകലം പാലിച്ചു. അധികാരവുമായി സമരസപ്പെട്ടു പോവുക എന്ന നിലപാടിലേക്ക് കൃസ്തുമതം സ്വയം ഒതുങ്ങി.
1947 ൽ സ്വാതന്ത്ര്യം കിട്ടിയതു മുതൽ ഇന്ത്യയും മതങ്ങളെ രാഷ്ട്രത്തിന്റെ ലക്ഷ്മണരേഖക്ക് പുറത്തു നിർത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷമതമായ ഹിന്ദു മതത്തോടൊപ്പം മറ്റ് പ്രധാന മതങ്ങളായ ഇസ്ലാമും ക്രൈസ്തവ മതവും ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ട് മത സൗഹാർദ്ദത്താൽ പരസ്പരം നിലകൊള്ളുന്ന മതേതര ജനാധിപത്യത്തെയാണ് നമ്മൾ സ്വീകരിച്ചത്. ഏഴുപതിറ്റാണ്ടിനിപ്പുറം അത് പാടെ ഉപേക്ഷിച്ച് അപകടകരമായ മറ്റൊരു പാതയിലേക്ക് നമ്മുടെ രാജ്യം കടക്കുകയാണോ എന്നു വേണം ഇപ്പോൾ സംശയിക്കാൻ. 93 കോടിയോളം അംഗങ്ങളോടെ ഹിന്ദുമതം ലോകത്ത് മതങ്ങളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. ലോക ജനസംഖ്യയുടെ പതിനാലു ശതമാനത്തോളം വരും ആകെയുള്ള ഹിന്ദുക്കൾ . ഇവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ തന്നെയാണുള്ളത്. എല്ലാ കാലത്തും അങ്ങനെ തന്നെയായിരുന്നു.
ഭാരതീയ പാരമ്പര്യങ്ങളിൽ നിന്ന് വികാസം കൊണ്ട ഒരു ജീവിത സംസ്കാരമാണ് ഹിന്ദു എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. കാലവും ചരിത്രവും ഹിന്ദു മതത്തിന്റെ മുന്നിൽ എപ്പോഴും പ്രഹേളികയായാണ് നിലകൊള്ളുന്നത്. ഹിന്ദു എന്ന പേര് പോലും ഭാരതീയമല്ല. അതൊരു പാർസി പദമാണ്. സിന്ധുനദിക്കു കിഴക്കു താമസിക്കുന്നവരെ പൊതുവായി പാർസികൾ വിളിച്ച ഒരു പദം. അതിൽ മതഭേദമുണ്ടായിരുന്നില്ല. ആ പ്രദേശത്തെ എല്ലാ മതവിശ്വാസികളെയും ഉൾപ്പെടുത്തി ഭൂമിശാസ്ത്രപരമായ ഒരു വിശേഷണം. അതായത് അസംഖ്യം വിശ്വാസങ്ങൾ നിലനിന്നിരുന്ന ഒരു വലിയ പ്രദേശത്തെ ജനതയെ കൂട്ടായി വിളിക്കാൻ വിദേശിയർ കണ്ടെത്തിയ ഒരു പൊതു നാമത്തെയാണ് സൗകര്യപൂർവ്വം പിന്നീട് ഒരു മതമായി നമ്മൾ ഉൾക്കൊണ്ടത്. ചരിത്രത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ അതങ്ങനെ സംഭവിച്ചതാവാനെ വഴിയുള്ളൂ. അതുകൊണ്ടാണ് മറ്റ് മതങ്ങളെപ്പോലെ ഒരു സ്ഥാപകനോ, ഒരു വിശുദ്ധ പുസ്തകമോ , കൃത്യമായി പറയാവുന്ന ഒരു തുടക്കമോ അതിനവകാശപ്പെടാൻ കഴിയാതെ പോയത്. നടത്തിപ്പുകാർക്ക് സ്വീകാര്യമായ ഭാരതീയമായ വിശ്വാസങ്ങളും ഗ്രന്ഥങ്ങളുമെല്ലാം സ്വീകരിച്ചു കൊണ്ട് അതങ്ങ് വളർന്നുവെന്നു കരുതുകയേ നിർവ്വാഹമുള്ളൂ. അതുകൊണ്ടാണ് നമ്മുടെ വേദേതിഹാസങ്ങൾ ഉൾപ്പടെയുള്ള പൗരാണിക ഗ്രന്ഥങ്ങളിലൊന്നും പരിശോധിച്ചാൽ “ഹിന്ദു” എന്ന പദം കാണാത്തത്. ചരിത്രാന്വേഷണം ഈ കുറിപ്പിന്റെ ഉദ്ദേശമല്ലാത്തതിനാൽ അതിനെപ്പറ്റി കൂടുതൽ വിശദീകരിക്കുന്നില്ല. ഏതായാലും ഹിന്ദു എന്നത് പൊതുവിൽ ഇന്ത്യക്കാരെ എന്ന നിലയിൽ അഭിസംബോധന ചെയ്ത പദമാണെങ്കിലും ഹിന്ദുമതം എന്നത് ഇന്ത്യയിലെ എല്ലാവരേയും ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ഒന്നല്ല. അവിടെ ഒരു മതസ്വത്വം വേരോടിയില്ല. കാരണം വിചിത്രമായ വിവിധ ജാതി സ്വത്വങ്ങൾ ഇവിടെ എത്രയോ മുമ്പേ തന്നെ രൂഢമൂലമായി നിലകൊണ്ടിരുന്നു. അതിനു മേലെ മറ്റൊരു മത സ്വത്വം അടിച്ചേൽപ്പിക്കുക പ്രയാസമായിരുന്നു. അതിനാൽ സമൂഹത്തിലെ മേൽതട്ടിൽ സ്ഥാനം പിടിച്ചിരുന്ന ജാതിക്കാർ മാത്രം ഹിന്ദുസ്വത്വത്തിന്റെ ഭാഗമായി. അവരുടെ അധികാരം സമൂഹത്തിൽ നിർണ്ണായകസ്വാധീനമായതോടെ മറ്റുള്ളവരെപ്പറ്റി മറക്കുകയും ചെയ്തു. അങ്ങനെ മഹാ ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ സാധാരണ ജാതിക്കാർ ഇതിനു പുറത്തായി. ഇത് കാണിക്കുന്നത് ഹിന്ദുമതം ഒരിക്കലും ഇന്ത്യയെ പൂർണ്ണമായി ഉൾക്കൊള്ളുകയോ പ്രതിനിധാനം ചെയ്യുകയോ ചെയ്തിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് ഇന്ത്യ ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രമായി അറിയപ്പെടാതിരുന്നത്.
ഈ പശ്ചാത്തലത്തിൽ നിന്ന് വേണം ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ. ഈ യാഥാർത്ഥ്യത്തെ അറിയുമ്പോൾ വ്യക്തമാവുന്നത് ഇന്ത്യക്ക് ചരിത്രപരമായിപ്പോലും ഒരു രാഷ്ട്രമതം അവകാശപ്പെടുക സാധ്യമല്ല എന്നതാണ്. ആധുനിക കാലത്താകട്ടെ മതങ്ങളുടെ സ്വാധീനം പോലും രാഷ്ട്രത്തിന്റെ നിർമ്മാണത്തിലോ, നിലനിൽപ്പിലോ , നടത്തിപ്പിലോ ഉണ്ടായിക്കൂട എന്ന ധാരണയാണ് ലോകത്തെമ്പാടും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുമ്പ് മുതലേ രാഷ്ടീയ സ്വയം സേവക് സംഘം എന്ന ഒരു ഹിന്ദു സംഘടന ഹിന്ദു രാഷ്ട്രം എന്ന സങ്കല്പവുമായി അഹോരാത്രം പണിയെടുത്തു. ദേശീയ വികാരത്തെ അതിനായി പാകപ്പെടുത്തുവാൻ അവർ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യബോധം നിലനിന്നതിനാൽ ഇന്ത്യൻ സമൂഹത്തെ മാറ്റിയെടുക്കുക അത്ര എളുപ്പമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ഇന്ത്യൻ ജനാധിപത്യം രാഷ്ട്രീയമായി ദുർബലമായതോടെ തക്കം പാർത്തിരുന്ന അവർ മുഖ്യധാരയിലേക്ക് കടന്ന് അവർ നമ്മുടെ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയായിരുന്നു. അതിന്റെ പരിണിതഫലമാണ് നമ്മളിന്ന് നേരിടുന്ന വെല്ലുവിളി. ഇന്നിപ്പോൾ ഹിന്ദു എന്നത് ഹിന്ദുത്വവാദി എന്ന തലത്തിൽ വായിച്ചെടുക്കാൻ പരിശ്രമം നടക്കുകയാണ്. ഇന്ന് ഹൈന്ദവനെ അതി ഹൈന്ദവനാക്കി മാറ്റുകയാണ്. വർഗീയ രാഷട്രീയത്തെ വലിയൊരു വിഭാഗം ഹിന്ദുവിശ്വാസികൾ സ്വാഗതം ചെയ്യുകയാണ്. അത്തരത്തിലുള്ള ഒരന്തരീക്ഷം രണ്ടു മൂന്നു പതിറ്റാണ്ടു കൊണ്ട് അവർ സൃഷ്ടിച്ചെടുത്തു. പ്രായോഗിക രാഷ്ട്രീയം അതിനെ തടയുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല.
ഇന്ത്യയിലെ ജനാധിപത്യശക്തികളും മതേതര പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്. ഹിന്ദുത്വത്തിന്റെ മുദ്രാവാക്യം നമ്മുടെ തെരുവുകളിൽ നിറയുന്നത് അവർ ശ്രദ്ധിച്ചില്ല. പലപ്പോഴും രാഷ്ട്രീയ ലാഭത്തിനായി അത്തരക്കാരുമായി സന്ധിയാവാൻ പോലും തയ്യാറായി. മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളെ കൂടെ നിർത്താനും അവരുടെ സാമാന്യ ബോധത്തിൽ വിഷം കലരാതെ സംരക്ഷിക്കാനും ഇവിടെ ആളുണ്ടായില്ല. ആ രാഷ്ട്രീയ പാപ്പരത്വമാണ് ഇന്നത്തെ ദുരവസ്ഥയുടെ ഒരു പ്രധാന കാരണം. മറ്റൊന്ന് വിവേകാനന്ദനു ശേഷം ഹിന്ദു ചിന്തയെ നവീകരിക്കാനോ വിവേകാനന്ദചിന്തയെ നിലനിർത്താനോ ഇവിടെ ഗുരുക്കന്മാരുണ്ടായില്ല. സങ്കുചിത മനസ്ക്കരായ യാഥാസ്ഥിതികരുടെ കൈകളിലൂടെയാണ് അത് നിലനിന്നുപോയത്. ഒടുക്കം വന്നു നിന്നത് മത തീവ്രവാദികളുടെ കൈകളിലും ആത്മീയ വ്യാപാരികളായ ആൾ ദൈവങ്ങളുടെ ചുറ്റുവട്ടത്തും.
വന്ന് വന്ന് ഭാരതീയ സംസ്കാരത്തിനു പകരമായി ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കാമെന്ന് അവർ കരുതിത്തുടങ്ങി. ഭാരതീയത എന്ന യാഥാർത്ഥ്യത്തെ ഹിന്ദുത്വവാദികൾ അംഗീകരിക്കുന്നതേയില്ല. അതിന്റെ ബഹുസ്വര സ്വഭാവംതള്ളിക്കളയേണ്ടത് അവർ മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ബാധ്യതയാണ്. ഹിന്ദു ദേശീയതയാണ് അവരുടെ പ്രത്യയശാസ്ത്രം. അത് ഭാരതീയമല്ല. അന്യമത വിരോധമാണ് അവരുടെ വൈകാരിക ഉപകരണം. അതും ഭാരതീയമല്ല. ഭാരതീയമായ ഉൾക്കാഴ്ചയിൽ നിന്ന് ഊർജ്ജം കൈവരിച്ച ഹിന്ദു എവിടെ? അതാണ് ഇന്നത്തെ ചോദ്യം. അവർക്കു മാത്രമെ പുതിയ ഹിന്ദുത്വത്തെ പരാജയപ്പെടുത്താനാവൂ. അവർക്കു മാത്രമെ ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാനാവൂ. സങ്കുചിത ചിന്താഗതിക്കാരായ പാരമ്പര്യവാദികളിൽ നിന്ന് ഹിന്ദു വിശ്വാസികളെ മോചിപ്പിക്കണം. ഹിന്ദുത്വം എന്നത് മതപരവും രാഷ്ട്രീയവുമായ ഒരു കൂട്ടിച്ചേർക്കലാണ്. അത് നമ്മുടെ ഭാരതീയമായ ധർമ്മബോധത്തിനും ഭരണഘടനയുടെ മൂല്യബോധത്തിനും എതിരാണ്. അടിസ്ഥാനപരമായി അതൊരു വർഗീയ സങ്കല്പമാണ്. എന്നാൽ ഹിന്ദു എന്നത് വർഗീയതയുമായി ചേർന്ന് നില്ക്കുന്ന ഒരവസ്ഥയല്ല. ഭാരതത്തിലെ ഹിന്ദു, ബഹുസ്വരതയെ ആശ്ലേഷിച്ച സംസ്കാരത്തിന്റെ ഭാഗമാണ്. അത് വിവേകാനന്ദന്റെയും ഗാന്ധിജിയുടെയും ധർമ്മബോധത്തിന്റെ സത്തയാണ്. ഭാരതത്തിൽ മതം അറിയപ്പെട്ടത് ധർമ്മം എന്ന പേരിലാണ്. വേദത്തിലും ഉപനിഷത്തുക്കളിലും ഇതിഹാസങ്ങളിലും ഹിന്ദുവില്ല. ഉള്ളത് ധർമ്മം മാത്രമാണ്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ആദിശങ്കരനുപോലും ഹിന്ദുവിനെ അറിയാൻ കഴിഞ്ഞിട്ടില്ല. കാരണം എട്ടാം നൂറ്റാണ്ടൊക്കെക്കഴിഞ്ഞ് പിന്നീടെപ്പോഴോ നാമകരണം നടത്തപ്പെട്ട ഒരു കൂട്ടായ്മയുടെ പേരാണ് ഹിന്ദു എന്നത് . അതും ഭൂമിശാസ്ത്രപരമായ അടിസ്ഥാനത്തിൽ .
ആ ഹിന്ദുവാണ് ഇന്നിപ്പോൾ ഹിന്ദുത്വവാദിയായി ഭാരതീയതയെ തകർക്കുവാൻ രംഗത്തെത്തിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യരാജ്യം എന്ന നിലയിൽ നമ്മൾ നേരിടുന്ന കടുത്ത വെല്ലുവിളിയാണിത്. ഇന്ത്യയിലെ ശരാശരി ഹിന്ദു ഇതൊന്നും ആലോചിക്കാതെ ഹിന്ദുത്വവാദികൾക്ക് കീഴടങ്ങിക്കൊടുക്കുകയാണ്. അവർ മതവിഭ്രാന്തിയിലകപ്പെട്ടു പോയിരിക്കുന്നു. നമുക്കായി സമർപ്പിച്ച നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെപ്പറ്റി അവർ ഓർക്കുന്നതേയില്ല. നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാവുന്ന ഒന്നല്ല അത്. മതാന്ധകാരം മതരാഷ്ട്രത്തെ നിർമ്മിച്ചെടുക്കുവാൻ കോപ്പു കൂട്ടുമ്പോൾ യഥാർത്ഥ ഹിന്ദു പങ്കാളിയോ കാഴ്ചക്കാരനോ ആയിക്കൂട. ഭരണഘടനയിൽ പറയുന്ന അടിസ്ഥാന കാര്യങ്ങളോടൊന്നും കൂറില്ലാത്തവരാണ് ഇന്ത്യയിലെ പുതിയ ഹിന്ദുത്വത്തെ നയിക്കുന്നത്. രാഷ്ട്രീയ ഹിന്ദുയിസം അപകടകാരിയാണ്. അവർ ഇന്ത്യയിലെ പൗരന്മാരെ കാണുന്നതേയില്ല. ഒരു മൂല്യബോധവും അവർ മുന്നോട്ടു വെക്കുന്നില്ല. ബാബറിമസ്ജിദും ശബരിമലയും അവർക്ക് രാഷ്ട്രീയ ഉപകരണങ്ങൾ മാത്രം. ഈ മഹാവിപത്തിനെ ഭാരതീയരായ ഹിന്ദുക്കൾ തിരിച്ചറിഞ്ഞ് നേരിടുമ്പോൾ മാത്രമെ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ. അതാണ് രാഷ്ട്രീയ ഭേദമന്യേ ഓരോ ഇന്ത്യക്കാരനും ഇപ്പോൾ ഏറ്റെടുക്കേണ്ട സുപ്രധാനദൗത്യം.