scorecardresearch
Latest News

നിശബ്ദത കേള്‍ക്കുമ്പോള്‍

ഇന്ത്യന്‍ സിനിമാ മേഖലയിലെ ‘കാസ്റ്റിങ് കൗച്ചി’ നോ ലൈംഗിക ചൂഷണങ്ങള്‍ക്കോ ഇവിടുത്തെ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല

വേദന, ദേഷ്യം, തെല്ല് സന്തോഷം. ഹോളിവുഡില്‍ ഹാര്‍വി വെയിന്‍സ്റ്റീന്‍ നടത്തിയ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതുമുതല്‍ എല്ലാ ദിവസങ്ങളിലും എന്നെ ഉണര്‍ത്തുന്ന വികാരങ്ങള്‍ ഇതൊക്കെയാണ്.  ലോകത്തിന്‍റെ മറ്റൊരു കോണില്‍ ആണെങ്കിലും എപ്പോഴെങ്കിലും കൂടെ അഭിനയിക്കണം എന്നു ഞാന്‍ ആഗ്രഹിച്ച നടിമാരാണ് അവരില്‍ പലരും.  എന്നാല്‍ ഇന്ന് ആ സ്ത്രീകളുമായി ഞാന്‍ മറ്റൊരു ബന്ധം കല്‍പ്പിക്കുന്നുണ്ട്.  ഞങ്ങളുടെ കൂട്ടം അനുഭവിക്കുന്നതായ അനീതിയും കഷ്‌ടപ്പാടുമാണ് ആ ബന്ധത്തിന്‍റെ തലം.

ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാന്‍ അഭിനയരംഗത്തെത്തുന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഏറെ പുരസ്കാരങ്ങള്‍ ലഭിച്ച ശേഷം വിശ്വസിക്കാവുന്ന ഒരു മാനേജരേയും, അമ്പതോളം സിനിമകളും കിട്ടി.   സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പോകുന്ന എന്‍റെ ജീവിതവും എന്നെ തിരഞ്ഞെടുക്കുന്ന അതേ നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ തിരഞ്ഞെടുക്കുന്നതുമായ സിനിമകളും പുറത്തുനിന്നുള്ള ഒരാള്‍ക്ക് ചിലപ്പോള്‍ മുത്തശ്ശിക്കഥ പോലെ അനുഭവപ്പെട്ടേക്കാം.

ഈ യാത്രയിലൊന്നും ‘കാസ്റ്റിങ് കൗച്ച്’ എന്ന ഭീതിജനകമായ പ്രതിഭാസത്തെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.   എന്നിട്ടും ഞാനെന്തിനാണ് തുറന്നു സംസാരിക്കുന്നത് എന്നും ഇത്തരം വൈകാരിക വിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നത് എന്നും ചിലരെങ്കിലും ചിന്തിച്ചേക്കാം. അത് രണ്ടു വശങ്ങളുള്ള കഥയാണ്.

ആദ്യത്തേത്, ഇന്ത്യന്‍ സിനിമാ മേഖലയിലെ ‘കാസ്റ്റിങ് കൗച്ചി’ നോ ലൈംഗിക ചൂഷണങ്ങള്‍ക്കോ ഇവിടുത്തെ മാധ്യമങ്ങള്‍ ഇന്നേവരെ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.  ഈ പ്രവണതകള്‍ ഇവിടത്തെ ഇൻഡസ്ട്രിയിൽ സര്‍വ്വസാധാരണമാണ് എന്ന് പറഞ്ഞുകൊണ്ട് പുറത്തു വന്ന സ്ത്രീകളുണ്ട്.  അതിനെ എതിര്‍ക്കുകയാണെങ്കിൽ ഒഴിവാക്കപ്പെടും എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.  സ്ത്രീകള്‍ മാത്രമല്ല. ഇന്ന്  സിനിമാ വ്യവസായം വാഴുന്ന യുവ നടന്മാര്‍ പലരും ഈ പ്രവണതകള്‍ക്ക്  ഇരയായതായി തുറന്നുപറഞ്ഞവരാണ്.  ഒരവസരം കാത്തിരിക്കുന്നവരെ സംബന്ധിച്ച് ഇത് സത്യമാണ്. ‘ചിലര്‍ സിനിമയിൽ വരുന്നത് കിടക്കാന്‍ മാത്രമാണ്’ എന്നുള്ള പ്രസ്താവനകള്‍ വന്നിട്ടുണ്ട്.  ‘ലൈംഗിക ഉത്തേജനക്കുറവിനെ’ കുറിച്ച് രസകരമായ കഥ പറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.  ഒരു അഭിനേതാവാകണമെങ്കില്‍ ഇത്തരം ചൂഷണങ്ങളോട് തുറന്ന സമീപനം ഉണ്ടാവേണ്ടതുണ്ട് എന്നു പറയുന്നതാണ് ഇത്തരം അഭിപ്രായങ്ങള്‍.


ആരോപണവുമായി എത്തിയ നടിമാര്‍ – ഗിവ്നെത് പല്ത്രോ, രോസന്ന അര്കെട്റ്റ്, മിര സോര്‍വിണോ, റോസ് മഗോവാന്‍, ആന്‍ജലീന ജോളി, ഏഷ്യ അര്‍ജേന്റോ, ആഷ്ലി ജൂഡ്. ഫോട്ടോ. എ പി/ഫയല്‍

എന്തായിരുന്നാലും ഇത്തരം തുറന്നു പറച്ചിലുകളെ എന്തു കൊണ്ടാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ അന്നേ ദിവസത്തെ ‘ചൂടുള്ള’ വാര്‍ത്തകള്‍ മാത്രമാക്കുന്നത് എന്നതാണ് എന്‍റെ സംശയം.  ന്യൂയോര്‍ക്ക്‌ ടൈംസോ ദി ന്യൂ യോര്‍ക്കറോ പോലെ കാര്യക്ഷമായൊരു മാധ്യമപ്രവര്‍ത്തനം നമുക്ക് സാധ്യമല്ലെന്നുണ്ടോ ? ഒരു ഇൻഡസ്ട്രിയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ ധാര്‍മ്മികതകള്‍ ചോദ്യം ചെയ്യുന്നതും പ്രമുഖരുടെ നാശം വിതയ്ക്കുന്നതുമായൊരു മാധ്യമപ്രവര്‍ത്തനം ?

എന്തുകൊണ്ടാണ് കൂടുതല്‍ പുരുഷന്മാരുള്ള ഇന്ത്യയിലെ സിനിമാ മേഖല ഇതിനെക്കുറിച്ച് നിശബ്ദമാകുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.  ഈ ആരോപണങ്ങള്‍ അവരെ ബാധിക്കുന്നേയില്ല എന്നാണോ? അവര്‍ക്ക് അതിനെതിരെ നില്‍ക്കുവാനും നിശബ്ദത ഭേദിക്കാനും സത്യം വിളിച്ചു പറയാനും തോന്നുന്നില്ലേ ? അവര്‍ക്ക് അറിവില്ലാഞ്ഞിട്ടാണോ അതോ അതവരെ സാരമായി ബാധിക്കാത്തതാണോ ?

ഈ നിശബ്ദത സ്വാഭാവികമായും അവരെയും ഇത്തരം പ്രവണതകളുടെ സഹകക്ഷികള്‍ ആകുന്നുവെന്നത് അവര്‍ തിരിച്ചറിയുന്നില്ലേ ? സിനിമയിലുള്ള അസോസിയേഷനുകളും തൊഴിലാളി സംഘടനകളും എന്തുകൊണ്ടാണ് നിശബ്ദരാകുന്നത് ? കലയേയും അതിനു പിന്നിലുള്ള പ്രയത്നത്തേയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്ന തൊഴിലിടമാണ് ഇതെന്ന് പറഞ്ഞുകൊണ്ട് സത്യം കണ്ടെത്തുവാനും ആരോപണങ്ങള്‍ തുറന്നുകാട്ടുവാനും കാര്യങ്ങള്‍ ലോകത്തോട് പറയുവാനും അവര്‍ തത്പരരല്ലേ ? നാശവും അതിജീവനവും അടങ്ങുന്നൊരിടമാണ് ലോകം എന്നിരിക്കെ തങ്ങളില്‍ ദുര്‍ബലരായവര്‍ക്ക് ( പുരുഷന്മാരും സ്ത്രീകളും കുട്ടികളെയും ഒരുപോലെ) ഉത്തരവാദിത്വത്തോടെ സഹായം നല്‍കുകയെന്നതും. സജീവവും സചേതനവുമായതുമായ ഒരിടം സൃഷ്ടിക്കുകയെന്നതും അവരുടെയും കൂടി  ബാധ്യതയല്ലേ ?

ഇത്തരം ആരോപണങ്ങള്‍ ഉയരുകയും നമ്മുടെ മൗലികാവകാശങ്ങളായ സമത്വത്തിനുള്ള അവകാശവും, ചൂഷണത്തിനെതിരായ അവകാശവും കാത്തുസൂക്ഷിക്കാന്‍ നമ്മുടെ ഭരണകൂടങ്ങളും നിയമവ്യവസ്ഥകളും എന്താണ് ചെയ്യുന്നത് ? ഇൻഡസ്ട്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഛിന്നഭിന്നമായി കിടക്കുന്ന സിനിമ പോലുള്ള സർഗാത്മക  ഇടങ്ങളില്‍ എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തില്‍ തൊഴിലെടുക്കുന്നവരുടെ അന്തസ്സു കാത്തുസൂക്ഷിക്കുവാനായി സാംസ്കാരിക സ്ഥാപനങ്ങൾക്ക് ഇടപെട്ടുകൂടെ ?

രണ്ടാമത്തേത്, ദി ന്യൂ യോര്‍ക്കറിനു മുമ്പാകെ വെയിന്‍സ്റ്റീനിന്‍റെ ചൂഷണം ആരോപിച്ചവര്‍ പറഞ്ഞ വാക്കുകള്‍ നോക്കാം .  “ഇരയാകപ്പെട്ടു എന്നിരിക്കെ എനിക്ക് കൂടുതല്‍ ഉത്തരവാദിത്തം അനുഭവപ്പെടുകയായിരുന്നു.  എനിക്ക് കരുത്തുണ്ടായിരുന്നുവെങ്കില്‍, ഞാന്‍ കരുത്തുറ്റ സ്ത്രീയായിരുന്നു എങ്കില്‍ അയാളെ ചവിട്ടിയ ശേഷം ഓടി രക്ഷപ്പെടുമായിരുന്നു.  പക്ഷെ ഞാനത് ചെയ്തില്ല.  അയാളെ കാണുമ്പോഴൊക്കെ ഞാന്‍ ചെറുതായതായും ബലഹീനയായതായും എനിക്ക് വീണ്ടും അനുഭവപ്പെടുമായിരുന്നു.  ഒരു ജോലി ഉണ്ടായേ പറ്റൂ എന്ന സാഹചര്യത്തിലാണ് ഞാന്‍ ചൂഷണംചെയ്യപ്പെട്ടത്.  അത് എന്നില്‍ കുറ്റബോധവും നാണക്കേടും വളര്‍ത്തി.”

ഹാര്‍വി വെയെന്‍സ്റ്റെന്‍

സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്ന ശാരീരികമായ ബുദ്ധിമുട്ടുകളല്ല, ദൗര്‍ബല്യവും നിരര്‍ത്ഥകതയുമാണ്‌ എന്നെ കൂടുതല്‍ ബാധിച്ചത്.   പ്രകടിപ്പിക്കുക എന്നതിനു ഏറെ സമ്മര്‍ദമുള്ളതും, അതിജീവനത്തിനു പ്രാധാന്യമുള്ളതുമായ വ്യവസായമാണിത്.  പുരുഷന്മാരായ സഹപ്രവര്‍ത്തകരും ഇതേ സമ്മര്‍ദത്തിലൂടെ പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.  പക്ഷെ എനിക്കും എന്‍റെ സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ക്കും ഒരു അധികചുമടു കൂടിയുണ്ട് – ലിംഗവിവേചനത്തിനെതിരായ യുദ്ധമാണത്.  ഫിലിം സെറ്റിലായാലും പുറത്തായാലും ദിവസേന ഇതേ ഹെഗലിയന്‍ ഡൈനാമിക്സ് പ്രവര്‍ത്തിക്കുന്നുണ്ട്.  സ്ത്രീകള്‍ ഒന്നിലും കുറഞ്ഞവരല്ല.  അവരെ അങ്ങനെ പരിഗണിക്കുന്നതാണ്.  അപകര്‍ഷതാബോധം നിര്‍മിക്കുന്നതാണ്.   ഇതേ അപകര്‍ഷതാബോധമാണ്  ദൗര്‍ബല്യമായും കീഴടങ്ങലായും പരിണമിക്കുന്നത്.

താന്‍ നേരിട്ട  ലൈംഗിക അതിക്രമം പറഞ്ഞുകൊണ്ട് മലയാളം സിനിമയിലെ സഹപ്രവര്‍ത്തക  മുന്നോട്ട്  വരുന്നത് എട്ട് മാസം മുമ്പാണ്.  അന്നുമുതല്‍ സിനിമാ വ്യവസായത്തിലെ ലിംഗവിവേചന ചര്‍ച്ചകളിലെ  മുഖ്യവിഷയമായി അത് മാറി.  എതിര്‍പ്പുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന കോലാഹലങ്ങള്‍ പലപ്പോഴും കര്‍ണകഠോരമാണ്. നിരര്‍ത്ഥകതയുടേയും നിശബ്ദതയുടേയും സംസ്കാരത്തെക്കാള്‍ ഏറെ ഭേദപ്പെട്ടതാണ് അത്.  നിരന്തരം സ്ത്രീകളെ തരംതാഴ്ത്തുന്നതായൊരു പ്രശ്നം മലയാളം സിനിമാ വ്യവസായത്തെ ബാധിക്കുന്ന ഒന്നായി മാത്രം ചുരുക്കപ്പെട്ടു അവിടെ.

വെയിന്‍സ്റ്റീനിന്‍റെ കഥ ഹോളിവുഡിന്‍റെ വേരിളക്കുക മാത്രമല്ല ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് അവരുടെ ഉപജീവനം നിലനില്‍ക്കുന്നതായ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുകയും മുന്നോട്ടുള്ള പോക്കിനായി അവര്‍ അംഗീകരിക്കപ്പെടുകയും വേണം എന്ന അടിയന്തിരമായ ആവശ്യത്തെ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.  ലോകത്തുടനീളവും ഇന്ത്യയിലുള്ളതുമായ സിനിമാ വ്യവസായങ്ങള്‍ ഇതൊരു മാറ്റമായി ഉള്‍ക്കൊണ്ടുകൊണ്ട് സത്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.  അതു സിനിമയിലും മറ്റു വ്യവസായത്തിലും സ്ത്രീകള്‍ ഇടപെടുന്ന രീതികളില്‍ മാറ്റം കൊണ്ടുവരും എന്നും ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.  ഇതിനായി നമ്മള്‍ അടിയന്തിരബോധത്തോടെ പ്രവര്‍ത്തിക്കുക മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള വാര്‍പ്പ് മാതൃകകളെയും സ്ത്രീവിരുദ്ധതയേയും വിവേചനങ്ങളേയും തച്ചുടയ്ക്കുകയും ചെയ്യേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Harvey weinstein sexual harassment filom industry hearing the silence padmapriya