scorecardresearch
Latest News

അനുഭവ കഥനങ്ങളിലെ റിയലിസം: ഹനാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു വീക്ഷണം

“തനിക്ക് ഇഷ്‌ടമുള്ളവിധം തന്നെ ഭാവന ചെയ്യാൻ കഴിയുന്ന ഒരു അതിജീവന മാതൃകയായത് കൊണ്ടാണ് ഹനാൻ നമ്മുക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒരു ഒരാളായി തീരുന്നതും അവരുടെ വാക്കുകൾ നമ്മുക്ക് അസ്വാഭാവികമായ അതിശയോക്തികൾ ആയി തീരുന്നതും” മാധ്യമ പ്രവർത്തകനായ ലേഖകൻ

hanan social media

ജുഡീഷ്യറി പോലെ. പാർലിമെന്ററി സംവിധാനങ്ങൾ പോലെ , ഉദ്യോഗസ്ഥ വൃന്ദം പോലെ,രാഷ്ട്രീയ പാർട്ടികൾ പോലെ,മതങ്ങൾ പോലെ, സാമൂഹിക സാംസ്‌കാരിക പ്രസ്‌ഥാനങ്ങൾ പോലെ, അഭിപ്രായ രൂപീകരണത്തിനും മറ്റും പൊതു മണ്ഡലത്തിൽ ഇടപെടുന്ന സ്ഥാപനങ്ങൾ ആണ് മാധ്യമങ്ങൾ. അതുകൊണ്ട് തന്നെ അവരുടെ നിലപാടുകൾ, അതിലെ വൈരുദ്ധ്യങ്ങൾ എല്ലാം കണിശമായി ഓഡിറ്റ് ചെയ്യപ്പെടണം എന്നതിൽ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഒരു സംശയവുമില്ല. ഹനാൻ ഹമീദ് എന്ന വിദ്യാർഥിയെ കുറിച്ചുള്ള വാർത്തയെ പറ്റിയുള്ള വിമർശനങ്ങളോടുള്ള എതിർപ്പ് അത് കൊണ്ടല്ല. മാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാമോ? എങ്കിൽ എവിടം വരെ എന്നൊക്കെയായിരുന്നു ചർച്ചയെങ്കിൽ അതിന് സാധുതയുണ്ടായിരുന്നു. എന്നാൽ, ഇവിടെ നടന്ന ചർച്ചകൾ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് മാധ്യമങ്ങളെ മാത്രമല്ലായിരുന്നുവെന്നു ചർച്ച കണ്ട ഏവർക്കും ബോധ്യമാവും.`തേപ്പുകാരി’,`വഞ്ചകി’ തുടങ്ങിയ പദ പ്രയോഗങ്ങൾ മാധ്യമങ്ങളെ ലക്ഷ്യം വെച്ചല്ല എന്നത് തീർച്ചയാണല്ലോ.

മാധ്യമങ്ങളെ പോലുള്ള സോഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഇടപെടുന്നവരെ പോലെ അല്ല ഒറ്റ,ഒറ്റ വ്യക്തികൾ. അവരുടെ ഇടങ്ങളും ചോയിസുകളും എങ്ങനെയെന്ന് നിർവചിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ട്. മറ്റുള്ളവർക്ക് അതിൽ അവരുടെ അനുവാദമില്ലാത്ത കടന്നു കയറാൻ അവകാശമില്ല. ഒരാളുടെ വ്യക്തിപരമായ ദുരിതങ്ങളെ കുറിച്ച് മറ്റൊരാളോട് പറയുന്നതും പറയാതിരിക്കുന്നതും അവരുടെ സ്വാതന്ത്ര്യമാണ്. ഹനാന്റെ അനുഭവ കഥനത്തിനെതിരെയുള്ള ഒരു ആരോപണം ‘പറഞ്ഞതിൽ അതിശയോക്തി’യുണ്ട് എന്നാണല്ലോ. സ്വന്തം അനുഭവം എങ്ങനെ പറയണമെന്നത് ഒരാളുടെ തീരുമാനമാണ്. അത് മറ്റൊരാൾക്ക് അതിശയോക്തിയായോ ന്യുനോക്തിയായോ ഒക്കെ തോന്നുന്നത് പലപ്പോഴും അവരുടെ അനുഭവമണ്ഡലത്തിന് പുറത്തു നിൽക്കുന്നത് കൊണ്ടാണ്. പലപ്പോഴും നമ്മുക്ക് അതിശയോക്തിയായി തോന്നുന്നത്, അവർ സ്വന്തം അതിജീവന സമരത്തിന് സ്വയം എടുക്കുന്ന ചില മുൻകരുതലുകൾ കൂടിയാവാം. അവരുടെ സ്‌പേസിൽ ആത്മവിശ്വാസത്തോടെ നിലനിർത്തുന്നത് ഫോക്‌ലോർ പോലെ സ്വയം വിശ്വസിപ്പിക്കുന്ന ഇത്തരം ചില ‘അതിശയോക്തികൾ’ ആവാം. അത് മറ്റൊരാൾക്ക് മനസിലാവാതെ പോവുന്നത് അവരുടെ അനുഭവ മണ്ഡലത്തിന് പുറത്ത് ഒരു പ്രിവിലേജ്ഡ് ആയ ഇടത്തിൽ നിന്നും നോക്കുന്നത് കൊണ്ട് കൂടിയാവാം.

`കള്ളം പറയുന്നത്’ ( കള്ളം എന്നത് വാച്യാർത്ഥത്തിൽ അല്ല) ഒരു ക്രിമിനൽ കുറ്റമാണെങ്കിൽ ഭാവനകളെ ആശ്രയിച്ച് നിൽക്കുന്ന എല്ലാ സർഗാത്മകതയും റദ്ദ് ചെയ്യപ്പെടുമല്ലോ. ഒരാളുടെ അനുഭവകഥനങ്ങൾ എപ്പോഴും നമ്മൾ കരുതുംപോലെ പൂർണമായി റിയലിസത്തിൽ ഊന്നി മാത്രമായിരിക്കണം എന്ന് കരുതുന്നത് പോലെ ബോറായ പരിപാടിയില്ല. തീർച്ചയായും ഒരാളുടെ അനുഭവ കഥനത്തിൽ അയാൾ സ്വയം നിർവചിക്കുമ്പോൾ എടുക്കാവുന്ന ഇത്തരം തിരഞ്ഞെടുപ്പ് പൊതു മണ്ഡലത്തിൽ ഇടപെട്ടുന്ന മാധ്യമത്തിന് എടുക്കാമോ എന്ന ചോദ്യം ഉണ്ട്. അവിടെയാണ് ഒരാൾ പറയുന്നതിൽ എന്തൊക്കെ പ്രസിദ്ധികരിക്കണം എന്തൊക്കെ ഒഴിവാക്കണം എന്ന് തീരുമാനിക്കേണ്ട ബാധ്യത മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നത്. അത്തരം ഒരു `തീരുമാനത്തിന്റെ ബാധ്യത’ പറയുന്ന വ്യക്തിക്കല്ല. പ്രസിദ്ധികരിക്കുന്ന മാധ്യമത്തിനാണ്.

അത്തരം ഒരു ഓഡിറ്റിങ്ങല്ല അനുഭവ കഥനം നടത്തിയ ഹനാൻ എന്ന വിദ്യാർഥിനിയുടെ വാക്കുകളുടെ ലെജിറ്റിമസിയുടെ ഓഡിറ്റിങ്ങാണ് ആണ് പലരും നടത്താൻ ശ്രമിച്ചത്. അത് കൊണ്ടാണ് ഹനാൻ വിഷയത്തിലെ സോഷ്യൽ മീഡിയ ഓഡിറ്റിങ് വിമർശന വിധേയമാക്കേണ്ടി വരുന്നത്. പ്രത്യേകിച്ചും അത്തരം ഓഡിറ്റിങ്ങിന് ഇറങ്ങി തിരിച്ചവരിൽ പലരും അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള വിധം ധാരാളം ഫ്രണ്ട്സും ഫോളോവേഴ്‌സുമുള്ള ഒപ്പീനിയൻ മേക്കേഴ്‌സ് ആയത് കൊണ്ട് കൂടെയാണ്.

ഹനാൻ എന്ന വിദ്യാർഥിനിയുടെ അതിജീവന സമരത്തിനെ അപഹസിക്കുന്നവർ പറയുന്ന ഒരു മുട്ടൻ തിയറിയുണ്ട്. “ഇതിലും അധികം ദുരിതം പേറുന്നവർ ധാരാളമുണ്ട്. പഠിക്കാനും വീട്ടിലെ ചിലവുകൾ നടത്താനും പഠനകാലത്ത് തന്നെ തൊഴിൽ ചെയ്തു ജീവിക്കുന്ന ധാരാളം പേരുണ്ട്. അവരെയൊക്കെ കാണാത്തവരാണ് ഇപ്പോൾ ഹനാനെ ആഘോഷിക്കുന്നത് എന്ന്.”
ശരിയാണ് ആരും ശ്രദ്ധിക്കാതെ പോവുന്ന ധാരാളം ദുരിതങ്ങളും അന്യായങ്ങളും മറ്റും നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. അവരെ പൊതു സമൂഹം കാണുന്നില്ല എന്നത് പക്ഷേ ഏതെങ്കിലും അതിജീവന സമരത്തിന്റെ സാധുതയില്ലാതെയാക്കുന്നില്ല. പോരെങ്കിൽ ഹനാന്റെ അനുഭവം അസാമാന്യമായ ഒരു ചെറുത്തു നിൽപ്പിന്റെ അനുഭവം കൂടിയാണ്.

സാധാരണ വാർപ്പ് മാതൃകകളെ അതിജീവിച്ച് മുന്നേറാൻ ശ്രമിക്കുന്ന അവർ ആരുടെയും പാട്രണൈസിങ്ങിനു സ്വയം നിന്ന് കൊടുക്കില്ലെന്ന നിശ്ചയദാർഢ്യം കൂടി മുന്നോട്ട് വെയ്ക്കപ്പെടുന്നുണ്ട്. വാർപ്പ് മാതൃകകൾക്കുള്ളിൽ അവർ ഒതുങ്ങുന്നില്ല എന്നത് കൊണ്ട് കൂടിയാണ് ആ മാതൃകയുടെ വക്താക്കൾക്ക് ഹനാനെ ഉൾകൊള്ളാൻ കഴിയാത്തത്. ഇത്തരം വാർപ്പ് മാതൃകകളിൽ നിന്നും വഴുതി മാറുന്നത് കൊണ്ട് കൂടിയാണ് ഹനാൻ ഇത്ര അധികം ഓഡിറ്റ് ചെയ്യപ്പെട്ടത് എന്ന് കൂടി കരുതുന്നു. അല്ലാതെ അവരുടെ വാക്കുകളിൽ നമ്മൾ ആരോപിക്കുന്നതും എന്നാൽ അവർക്ക് യാഥാർഥ്യമായി തോന്നിയേക്കാവുന്നതുമായ അതിശയോക്തിയെ മുൻനിർത്തി മാത്രമാണ് എന്ന് കരുതുന്നില്ല. നമ്മുടെ റിയലിസ്റ്റിക് ഭാവനയ്ക്ക് ഉതകുന്ന വിധം കരഞ്ഞു കണ്ണ് കലങ്ങിയ ഒരു ഇരയല്ല, തനിക്ക് ഇഷ്‌ടമുള്ള വിധം തന്നെ ഭാവന ചെയ്യാൻ കഴിയുന്ന ഒരു അതിജീവന മാതൃകയായത് കൊണ്ടാണ് ഹനാൻ നമ്മുക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒരു ഒരാളായി തീരുന്നതും അവരുടെ വാക്കുകൾ നമ്മുക്ക് അസ്വാഭാവികമായ അതിശയോക്തികൾ ആയി തീരുന്നതും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Hanan hamid college student social media trolls