ബഹുമാനപ്പെട്ട വൈക്കം എംഎല്‍എ ശ്രീമതി സി കെ ആശ അറിയുന്നതിന്
കേരളത്തിലിന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രദേശത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധിയെന്ന നിലയ്ക്കാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ തുറന്ന കത്ത് എഴുതുന്നത്. ഞങ്ങള്‍ വെറും നിസ്സാരന്മാരായ വോട്ടമാരാണെങ്കിലും നിങ്ങളെ തീറ്റിപ്പോറ്റുന്നവര്‍ കൂടിയാണ്. നിങ്ങള്‍ തിരെഞ്ഞെടുപ്പു ജയിച്ചപ്പോള്‍ ഒരുപാടു പ്രതീക്ഷയുമുണ്ടായിരുന്നു. കാരണം, ഇന്ത്യന്‍ പാർലമെന്റുപോലെ ധനാഢ്യരുടെ രാഷ്ട്രീയ ക്‌ളബ്ബായി നമ്മുടെ നിയമസഭ ഇനിയും മാറിയിട്ടില്ലല്ലോ എന്നു ധരിച്ചതുകൊണ്ട്. സാധാരണക്കാരിയായ ഒരു വനിത, ജനങ്ങളുടെ ശബ്ദം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യയായ സ്ത്രീ, എന്നൊക്കെയാണ് ധരിച്ചുപോയത്.
കാര്യത്തിലേക്കു വരട്ടെ. താങ്കളുടെ മണ്ഡലത്തില്‍ നടന്നുവരുന്ന കോലാഹലത്തെപ്പറ്റി ഒരക്ഷരം താങ്കള്‍ ഉരിയാടിയതായി ഇതുവരെ കേട്ടില്ല (അതു ശരിയല്ലെങ്കില്‍ ദയവായി ക്ഷമിക്കുക). ഹാദിയ എന്നൊരു സ്ത്രീയെ താങ്കളുടെ മണ്ഡലപരിധിയിലുള്ള ഒരു വീട്ടില്‍ കോടതി ഉത്തരവു പ്രകാരം താമസിപ്പിച്ചിരിക്കുകയാണ്. അവര്‍ കുറച്ചു കാലം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുകാരുമായി അകന്നാണ് കഴിഞ്ഞത്. എന്നാല്‍ അവരുടെ പിതാവ് അവര്‍ക്കു ഭരണഘടനാപരമായിയുള്ള മത സ്വീകാര സ്വാതന്ത്ര്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് അവളെ വീട്ടിലെത്തിക്കാനായി ഇന്നത്തെ ഹിന്ദുത്വവാദ അതിപ്രസരത്തെ മുതലെടുത്തു കോടതിയില്‍ ചില നീക്കങ്ങള്‍ നടത്തി. ഇരുപത്തിനാലുകാരിയുടെ പൗരാവകാശങ്ങളെക്കാള്‍ വലുതാണ് രക്ഷിതാക്കളുടെ ഇസ്‌ലാം ഭീതിയെന്നു കോടതിയും സമ്മതിച്ചെന്നു തോന്നുന്നു. എന്തായാലും ഈ സ്ത്രീ സ്വമേധയാ തെരെഞ്ഞടുത്ത പങ്കാളിയുമായുള്ള വിവാഹത്തെപ്പോലും റദ്ദാക്കി കോടതി അവരെ മാതാപിതാക്കളുടെ വീട്ടില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ടു. പോകാന്‍ പൂര്‍ണ്ണമായി വിസമ്മതിച്ച അവരെ പോലീസ് ബലപ്രയോഗത്തിലൂടെ ആ വീട്ടിലെത്തിച്ചു. ഇസ്‌ലാം ഭീതിയുടെ പകപ്പില്‍ ആ വീട്ടില്‍ പോകാതിരിക്കാന്‍ അവള്‍ക്ക് മറ്റെന്തെങ്കിലും കാരണം ഉണ്ടാകാനിടയുണ്ടോ എന്നുപോലും ആരും തിരക്കിയില്ല. നമ്മുടെ നാട്ടില്‍ കുടുംബത്തിനുള്ളില്‍ പെണ്‍കുട്ടികളും യുവതികളും നേരിടുന്ന സാഹചര്യം പലപ്പോഴും ഹിംസയുടേതാണെന്ന് അറിവുണ്ടായിട്ടും, കായികമായ ബലപ്രയേഗത്തിലൂടെയും അവരുടെ നിലവിളിയെ അവഗണിച്ചുകൊണ്ടുമാണ് ഹാദിയയെ പൊലീസ് പിതാവിന്റെ വീട്ടില്‍ എത്തിച്ചതെന്ന് വ്യക്തമായിട്ടും (ടിവി ചാനലുകള്‍ അത് പ്രക്ഷേപണം ചെയ്തിരുന്നു) കോടതികള്‍ ഒന്നും കരുണ കാണിച്ചില്ല.
ഇപ്പോള്‍ അവിടെ നിന്നും ഭയങ്കര വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആ സ്ത്രീ അവിടെ പീഡിപ്പിക്കപ്പെടുന്നുവെന്ന് സംശയിക്കാനിടയാക്കുന്ന തരത്തിലുള്ളവ. ഈ കേസില്‍ എന്‍ഐഏ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്, സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം. പക്ഷേ അതുകൊണ്ട് ആ സ്ത്രീയെ ഒറ്റയ്ക്കു പാര്‍പ്പിക്കണമെന്നോ ഏകാന്തതടവുപോലുള്ള സാഹചര്യത്തില്‍ നിര്‍ത്തണമെന്നോ അച്ഛനിഷ്ടമുള്ളവരുമായി മാത്രമേ ഇടപഴകാന്‍ അനുവദിക്കാവൂ എന്നോ ഒരു കോടതിയും പറഞ്ഞിട്ടില്ല. പക്ഷേ അവിടെയിപ്പോള്‍ പൊലീസും സംഘപരിവാര്‍ അനുകൂലികളും ചേര്‍ന്ന് ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അവരെ സംഘപരിവാര്‍ അനുകൂലികള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും മറ്റുള്ള ആരെയും അനുവദിക്കുന്നില്ല.
ഹാദിയയെ കാണാന്‍ അവിടെച്ചെന്ന ആറു യുവതികളുടെ അനുഭവവും ഇപ്പറഞ്ഞ പേടികള്‍ക്ക് ആക്കംകൂട്ടുന്നവയാണ്. ഞെട്ടിക്കുന്ന മനുഷ്യാവകാശലംഘനത്തിലാണ് അവരുടെ ശ്രമം കലാശിച്ചത്. അവരില്‍ മുസ്ലിം-ക്രിസ്തീയ മതസ്ഥര്‍ ഇപ്പോഴും പൊലീസിന്റെ ശല്യം സഹിക്കുന്നു. വെറിപൂണ്ട ഹിന്ദുത്വതീവ്രവാദികളെപ്പോലെയാണ് പൊലീസും പെരുമാറിയതെന്ന് അവര്‍ പറയുന്നു. ഹാദിയ സഹായത്തിനായി നിലവിളിക്കുന്നത് തങ്ങള്‍ നേരിട്ടു കേട്ടുവെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. അവര്‍ ശാരീരകമായി ആക്രമിക്കപ്പെടുന്നുവെന്ന് കരുതാന്‍ പോലും ന്യായമുണ്ടെന്നാണ് അവര്‍ പറയുന്നത്. സംഘികള്‍ക്കു യഥേഷ്ടം കയറിയിറങ്ങാന്‍ സാഹചര്യമുണ്ടായിരിക്കുന്നത് അവരുടെ പിതാവിന്റെ താത്പര്യപ്രകാരമാണ്. ഇരുപത്തിനാലുകാരിയെ വെറും കൊച്ചുകുട്ടിയായി തരംതാഴ്ത്തുന്ന ബ്രാഹ്മണ-ഹിന്ദുത്വവാദമൂല്യളോടാണ് യുക്തിവാദിയെന്ന് പറയപ്പെടുന്ന അദ്ദേഹത്തിന്രെ കൂറെന്ന് സുവ്യക്തമാണ്.
ഈ കേസിനെപ്പറ്റി കാര്യമായ ചര്‍ച്ച തുടങ്ങിയിട്ട് കുറച്ചുനാളായെങ്കിലും ഇത്രയും വിശദമായി എഴുതിയത്, മാഡം തീര്‍ത്തും മൗനത്തിലായിരിക്കുന്നതൂകൊണ്ടാണ്. കേരളത്തിലിന്ന് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വഹിക്കേണ്ട ധര്‍മ്മത്തെക്കുറിച്ചൊന്നും താങ്കളെ പഠിപ്പിക്കാന്‍ ഞാന്‍ ഒരുങ്ങുന്നില്ല. പക്ഷേ വൈക്കം നിയോജകമണ്ഡലത്തില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട പ്രതിനിധി ഉണ്ടോ എന്നുപോലും സംശയിക്കേണ്ട സാഹചര്യമല്ലേ ഹാദിയാകേസിന്റെ സവിശേഷപശ്ചാത്തലം സൂചിപ്പിക്കുന്നത്? മാഡം വികസനത്തിന്റെയും ജനക്ഷേമത്തിന്റെയുമൊക്കെ തിരക്കിലായിരിക്കാം. പക്ഷേ, ഈ നാട്ടില്‍ ഇന്ന് ജനക്ഷേമഭരണകൂടമല്ല, ഹിന്ദുത്വവാദപ്രേരിതമായ സുരക്ഷാഭ്രാന്തു പിടിച്ച ഭരണകൂടമല്ലേ ഉള്ളത് എന്ന ഭീതിദമായ ചോദ്യമാണ് ഞാനടക്കമുള്ള സാമാന്യപൗരജനങ്ങളെ അലട്ടുന്നത്. വികസനം ജനപ്രതിനിധികള്‍ക്കും, സുരക്ഷയുടെ പേരിലുള്ള വേട്ടകള്‍ നിയമ-പൊലീസസ്ഥാപനങ്ങള്‍ക്കുമെന്ന ഈ തൊഴില്‍വിഭജനം ഞങ്ങള്‍ക്കു സ്വീകാര്യമല്ല, മാഡം. സമ്മതിദായകരുടെ പേരില്‍ ഭരിക്കുന്ന നിങ്ങളെല്ലാം കൂടി ഇങ്ങനൊരു മാറ്റം ഞങ്ങളറിയാതെ വരുത്തിയതെങ്ങനെ? ക്ഷമിക്കണം, ആ മാറ്റത്തെ എതിര്‍ത്തുതോല്പിക്കുകയല്ലാതെ ഈ നാട്ടിലെ പൗരജനങ്ങള്‍ക്കു വേറെ വഴിയില്ല.
ആശ മാഡം വാര്‍ത്തയിലെത്തിയ ഒരു സംഭവം ഞാനോര്‍ക്കുന്നു. ഒരു ഓട്ടോറിക്ഷാക്കാരനുമായുള്ള തര്‍ക്കമായിരുന്നു, രാത്രി സമയത്ത്. അന്നു താങ്കള്‍ അയാളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ലേശം പോലും മടിച്ചില്ല. രാത്രി പുറത്തിറങ്ങി സഞ്ചരിക്കാന്‍ മറ്റാരെയും പോലെ തനിക്കും സ്വാതന്ത്ര്യമുണ്ടെന്ന് താങ്കള്‍ സ്ഥാപിച്ചടെുത്തു. സ്വാഭിമാനത്തില്‍ ഉറച്ചുനിന്നു. പക്ഷേ ഒന്നോര്‍ത്തുനോക്കൂ മാഡം, ഹാദിയയുടെ സ്ഥിതി. ആ സ്ത്രീയ്ക്കു സഞ്ചാരസ്വാതന്ത്ര്യം പോയിട്ട് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലാതാണിരിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യബോധത്തെ അഭിനന്ദിച്ചുകൊണ്ടുതന്നെ പറയട്ടെ, ഈ സ്ത്രീയോട് ഐക്യപ്പെടാന്‍ നിങ്ങള്‍ക്കു കഴിയാതിരിക്കുന്നത് വളരെ നിരാശാജനകമാണ്. എത്ര നിര്‍ഭാഗ്യകരമാണ് ഞങ്ങള്‍ സ്ത്രീ സമ്മതിദായകരുടെ സ്ഥിതി !
കേരളത്തില്‍ ഒരു വനിതാകമ്മിഷന്‍ നിലവിലുണ്ട്. ഹാദിയയുടെ വീടു നില്‍ക്കുന്ന നിമയസഭാമണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ഒരു വനിതയാണ്. എന്നിട്ടെന്തു ഫലം?
ക്ഷമിക്കണം, ഞാന്‍ കേരളത്തില്‍ രാഷ്ട്രീയരംഗത്തേയക്കു കടക്കുന്ന സ്ത്രീകളെപ്പറ്റി ഗവേഷണം നടത്തുകയും ഇവിടുത്തെ രാഷ്ട്രീയ മണ്ഡലവുമായി സ്ത്രീകള്‍ ബന്ധപ്പെട്ടതിന്റെ ചരിത്രപശ്ചാത്തലത്തെപ്പറ്റി ആരായുകയും ചെയ്ത വ്യക്തിയായതുകൊണ്ടു ചോദിച്ചുപോവുകയാണ് – സ്ത്രീകളായ ജനപ്രതിനിധികള്‍ സ്ത്രീകളെ തുണയ്ക്കാന്‍ പലപ്പോഴും മടിക്കുന്നത് എന്തുകൊണ്ടാണ്? പൊതുവെ അധികാരസ്ഥാനത്തിന് സമീപമെത്തുന്ന സ്ത്രീകളെല്ലാം ഇങ്ങനെയാവുന്നത് എന്തുകൊണ്ടാണ് ? കുടുംബശ്രീ സിഡിഎസ്സില്‍ സജീവമായി പ്രവര്‍ത്തിച്ച് സ്ത്രീകളുടെ താത്പര്യങ്ങള്‍ പരിപാലിച്ചുവന്ന പല നേതാക്കളും നിസ്സാരപഞ്ചായത്തുമെമ്പര്‍ ആയിത്തീരുമ്പോള്‍ ആണ്‍വഹ അല്ലെങ്കില്‍ പാർട്ടി വഹ ഓര്‍ഡറുകളനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായിത്തീരുന്നത് എന്തുകൊണ്ടാണ്? കടുത്ത അപകടത്തില്‍പെട്ട് എന്തുവേണമെങ്കിലും സംഭവിക്കാമെന്ന നിലയില്‍ കിടക്കുന്ന ഒരു സ്ത്രീയെക്കണ്ടാല്‍ മനുഷ്യത്വം ഉണരാത്തവരാകുന്നത് എന്തുകൊണ്ട് ? വികസനരംഗത്തെ നല്ലകുട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്ത്രീകള്‍ പരിഗണന അര്‍ഹിക്കുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സുരക്ഷാഭരണകൂടത്തിന്റെ ഏറ്റവും സാധാരണ ഇരകള്‍ ന്യൂനപക്ഷസ്ത്രീകളും ദലിത് സ്ത്രീകളും ആണെന്നു കാണാന്‍ ഒരുപാടു മാര്‍ക്‌സിസമൊന്നും പഠിക്കണ്ട. ലോകമെമ്പാടും ഇന്ത്യയിലും നടക്കുന്ന വരേണ്യ അതിക്രമങ്ങള്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. ഓംഗ് സാൻ സൂ ചിയെപ്പോലെയല്ല താങ്കളും താങ്കളുടെ പാര്‍ട്ടിയുമെങ്കില്‍ ദയവായി കണ്ണുതുറക്കൂ. ആ വീട്ടിലേയ്ക്ക് മനുഷ്യത്വത്തെ ഓര്‍ത്ത് ഒന്നു പോകൂ. തന്റെ മണ്ഡലത്തിലെ ഒരു പൗരിയെ നേരിട്ടുകണ്ട് ക്ഷേമം ആരായാന്‍ ആരുടെയും സമ്മതം — അവരുടെയല്ലാതെ — താങ്കള്‍ക്ക് ആവശ്യമില്ല. ഇത് എൻ ഐ എ അന്വേഷണത്തിന് വിരുദ്ധമാകില്ല, തീര്‍ച്ച. ആ സ്ത്രീയുടെ അവകാശങ്ങള്‍ മുഴുവന്‍ കോടതി റദ്ദു ചെയ്തിട്ടില്ല.
ഇടതുപക്ഷമെന്നു സൂചിപ്പിക്കുന്ന പേരുവഹിക്കുന്ന കക്ഷിയുടെ പ്രവര്‍ത്തകയാണല്ലോ താങ്കള്‍. എന്തു പുരോഗമനം പറഞ്ഞാലും സ്ത്രീകള്‍ ഇന്നു നിലവിലുള്ള എല്ലാ കക്ഷികളിലും ഇടവും ശബ്ദവും കുറവാണെന്നറിയാം. സ്ത്രീകള്‍ക്ക് നീതി ആവശ്യപ്പെട്ടതിന്റെ ഇരകളായിത്തീര്‍ന്ന രാഷ്ട്രീയക്കാരികളെയും അറിയാം — താങ്കളുടെ കക്ഷിയിലുമുണ്ടല്ലോ അങ്ങനെയൊരു ഇര — മീനാക്ഷി തമ്പാന്‍. സ്വന്തമായ ശബ്ദമില്ലാത്തവര്‍ വഴിയില്‍ വഴക്കിടാന്‍ വരുന്ന ഓട്ടോക്കാരനെ തുരത്തും അതു വാര്‍ത്തയുമാക്കും (അതു മോശമാണെന്നല്ല, അതു പോരെന്നാണ്) പക്ഷേ പാര്‍ട്ടി കാരണവന്മാരുടെ എന്തെങ്കിലും കിട്ടാതെ അനങ്ങില്ല. അതല്ല താങ്കളുടെയും, ഇടതിന്റെ മറ്റൊരു ചടുലയായ പ്രവര്‍ത്തകയായ എം എസ് ജോസഫൈനിന്റെയും മൗനങ്ങള്‍ എന്ന് വിശ്വസിച്ചുകൊള്ളട്ടെ.

ഞാന്‍ വീണ്ടും അപേക്ഷിക്കുന്നു –മനുഷ്യത്വത്തെ ഓര്‍ത്ത് ഒന്ന് അവിടംവരെ പോവുക. ഇന്നു പത്രത്തില്‍ ബിജെപിയെന്ന വര്‍ഗീയഫാസിസത്തിനെതിരെ വിശാലസഖ്യം വേണമെന്ന് താങ്കളുടെ കക്ഷി അഭിപ്രായപ്പെട്ടു കണ്ടു. നൂറു ശതമാനം യോജിപ്പാണ്, മാഡം. പക്ഷേ ആ വര്‍ഗീയവെറി നമ്മുടെ സാമൂഹ്യസ്‌നേഹത്തെ ഇല്ലാതാക്കുമ്പോള്‍, അത് സിവില്‍ സമൂഹത്തെയാകെ കലുഷിതമാക്കുമ്പോള്‍, സ്ത്രീകളുടെ തുല്യാവകാശങ്ങളെ പുച്ഛിച്ചുതള്ളുമ്പോള്‍ മൗനംപാലിച്ചിരുന്നാല്‍ ഒരു സഖ്യവും പ്രയോജനം ചെയ്യില്ല, മാഡം. പക്ഷേ അതല്ല പ്രധാനം. പാര്‍ട്ടികള്‍ക്കുള്ളിലെ കൊമ്പന്മാരുടെ മുന്നില്‍ ശബ്ദമില്ലാതിരിക്കുന്നവര്‍ ഭരണകൂടഭീകരത മുന്നില്‍ കാണുന്ന ജനങ്ങളുടെ ശബ്ദമാകുന്നതെങ്ങനെയെന്ന് ചിലരൊക്കെ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ നിയമസഭയിലും വനിതാകമ്മിഷനിലും മറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബൊമ്മകള്‍ പോരെ എന്ന് എനിക്കൊരു സംശയം . തമാശയല്ല, മാഡം. ഒരുമാതിരി ജോലികളെല്ലാം നമ്മെക്കാള്‍ ഭംഗിയായി ചെയ്തുതരുന്ന യന്ത്രമനുഷ്യരുടെ യുഗമാണ് തൊട്ടുമുന്നില്‍. ഉദാഹരണത്തിന്, ഒരു രാഷ്ട്രീയകക്ഷി ഇത്ര സീറ്റ് വിജയിച്ചെന്നിരിക്കട്ടെ. പരമോന്നത കേന്ദ്രക്കമ്മറ്റിയൊഴിച്ച് അത്രയും എണ്ണം വിജയികള്‍ക്കും പകരം കൃത്രിമബുദ്ധിക്കാരായ യന്ത്രമനുഷ്യരെ ഇരുത്തിയാല്‍ നല്ലതല്ലേ? പരമോന്നത … പറയുന്നതനുസരിച്ച് അവ കൃത്യമായി പ്രവര്‍ത്തിച്ചുകൊള്ളും. നിങ്ങളാരും വിയര്‍പ്പൊഴുക്കേണ്ടതില്ലല്ലോ. പൗരജനങ്ങളുടെ കീശയ്ക്ക് അല്പമെങ്കിലും ആശ്വാസമുണ്ടാകുമെന്നും തീര്‍ച്ചതന്നെ.
പക്ഷേ സ്ത്രീകളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി ജനപക്ഷത്തു നില്‍ക്കുന്നതു കാണാനുള്ള കൊതി കൊണ്ട് ഈ എളുപ്പപ്പണിയെ പിന്തുണയ്ക്കാനാകുന്നില്ല. ശബ്ദം ആരും തരുന്നതല്ല, ഉള്ളിലെ മനുഷ്യത്വം ഉണര്‍ന്നാല്‍ മാത്രം ഉണ്ടാകുന്നതാണ്, മാഡം. അതുണര്‍ത്താനുള്ള ഒരു അവസരമാണ് താങ്കളുടെ മുന്നില്‍. ഭരണകൂട ഒളിഞ്ഞുനോട്ടത്തിന്റെ ആധാര്‍വഴികളിലൂടെ ഇന്നു നാം വലിച്ചിഴയ്ക്കപ്പെടുന്നതുപോലെ അധികതാമസം കൂടാതെ നാം യന്ത്രപ്പാവകളുടെ ലോകത്തേയ്ക്കും വലിച്ചിഴയ്ക്കപ്പെടും. അന്ന് മനുഷ്യത്വം, അലിവ്. അനുകമ്പ, ഇതൊക്കെ അസത്യവും കേലവം ഭ്രമാത്മകചിന്തകളുമാണെന്നും സ്ഥാപിക്കപ്പെടും. ശ്രീനാരായണഗുരുവിനെ ഒരു കൂള്‍ സന്ന്യാസിയായി മാറ്റിവരയ്ക്കുന്ന ഉദ്യമം പൂര്‍ണ്ണമായിക്കഴിഞ്ഞിരിക്കും. നിലത്തുകൂടി വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ മനുഷ്യത്വത്തിനു തെളിവായി വിളിച്ചുപറയാന്‍ കുറച്ചെങ്കിലും നാമങ്ങള്‍ നാവില്‍ തോന്നേണ്ടേ മാഡം. അതുകൊണ്ട് ഹാദിയ കൊല്ലപ്പെടുംവരെ കാത്തിരിക്കാതിരിക്കുക. പാര്‍ട്ടീ സൂചന കിട്ടുംവരെ കണ്ണടച്ചിരിക്കാന്‍ വിസമ്മതിക്കുക. അവിടെ വരെ ഒന്നു പോയി അവരെ കാണുക.
വിശ്വസ്തതയോടെ
ജെ ദേവിക