/indian-express-malayalam/media/media_files/2025/02/10/nSrEwa7oykoqd5goq3IH.jpg)
Representational Photo
ഇന്ത്യയുടെ വളർച്ച മുരടിക്കുമ്പോൾ, ഒരു ഏകീകൃത ദേശീയ വികസന തന്ത്രത്തിന്റെ അഭാവം കൂടുതൽ രൂക്ഷമാവുകയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, കല അല്ലെങ്കിൽ മറ്റ് നൂതനാശയങ്ങൾ എന്നിവയിലെ നമ്മുടെ നേട്ടങ്ങളെക്കാൾ നമ്മുടെ വലുപ്പത്തെ അടിസ്ഥാനമാക്കിയുള്ളതായി തോന്നുന്നു ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾ, അത് കൂടുതൽ കൂടുതൽ അസ്ഥിരമായ നിലയിലാവുകയാണ്. എച്ച് - 1ബി (H-1B) വിസകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ കാണുന്നതുപോലെ ഈ തന്ത്രപരമായ ശൂന്യത മറ്റൊരിടത്തും പ്രകടമല്ല.
അമേരിക്കയിലെ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്കുള്ള എച്ച് - 1 ബി (H-1B) വിസകളുടെ പദവി നിലനിർത്താനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങൾ ദേശീയ താൽപ്പര്യമുള്ള വിഷയമായി മാറിയിരിക്കുന്നു.
എച്ച് -1 ബി വിസയിലുള്ള ഇന്ത്യക്കാരുടെ വ്യക്തിപരമായ ഉത്കണ്ഠകൾ മനസ്സിലാക്കാവുന്നതേയുള്ളൂ - വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ബാധ്യത സാധുവുമാണ് - എന്നാൽ, ഇന്ത്യ അതിന്റെ ഏറ്റവും മികച്ചതും മിടുക്കരുമായവരുടെ കുടിയേറ്റത്തെ സജീവമായി പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്? ഈ സമീപനം ചുരുക്കം ചിലരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ളതായി ഒരു ഏകീകൃത ദേശീയ വികസന തന്ത്രത്തെ മാറ്റിത്തീർക്കുന്നു. ആഗോളതലത്തിൽ ചുരുക്കം ചിലരുടെ വ്യക്തിഗത വിജയത്തിലുള്ള അഭിമാനം, ലോകത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായുള്ള വ്യവസ്ഥാപരമായ പരിഷ്കാരങ്ങളുടെ ആവശ്യകതയെ പലപ്പോഴും മറികടക്കുന്നു.
യുഎസിൽ, എച്ച് -1 ബി വിസയുമായി ബന്ധപ്പെട്ട ചർച്ച വിശാലമായ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പലപ്പോഴും സാമ്പത്തികവും വംശീയവുമായ ഉത്കണ്ഠകളുടെ നിറമുള്ളതും ചിലപ്പോൾ മതഭ്രാന്തായി പ്രകടമാകുന്നതുമാണ്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതും അന്തർലീനമായ മതഭ്രാന്തിനെ ചെറുക്കുന്നതും യുഎസിലെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്, അതിനാൽതന്നെ, പ്രാഥമികമായി യുഎസ് പൗരന്മാരുടെയും നയരൂപീകരണം നടത്തുന്നവരുടെയും ഉത്തരവാദിത്തമാണിത്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ദേശീയ വികസന വീക്ഷണകോണിൽ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എച്ച്- 1 ബി നടപടിക്രമങ്ങൾ സംരക്ഷിക്കുന്നതിലല്ല, മറിച്ച് ആഗോളതലത്തിൽ മത്സരക്ഷമതയുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു രാജ്യം ഈ പ്രതിഭകൾക്ക് സ്വന്തം രാജ്യത്ത് അവസരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉയർത്തുന്നതിനാണ്, അതായത് എച്ച്- 1ബി വിസ ഉടമകളിൽ 75 ശതമാനവും ഇന്ത്യക്കാരാണ്. പകരം, ഇന്ത്യ അതിന്റെ പ്രതിഭകളുടെ പലായനം ആഘോഷിക്കുന്നു. ഫോർച്യൂൺ 500 കമ്പനികളിലെ ഇന്ത്യൻ വംശജരായ സിഇഒമാരുടെ വിജയവും റെക്കോർഡ് ഭേദിക്കുന്ന പണമൊഴുക്കും ദേശീയ അഭിമാനത്തിന്റെ ഉറവിടമായി പ്രചരിപ്പിക്കപ്പെടുന്നു. വിജയത്തിന്റെ ഈ വിവരണം ആഴത്തിലുള്ള ഘടനാപരമായ പരാജയങ്ങളെ മറയ്ക്കുന്നു, ഇത് അവസരങ്ങൾ വിശാലമാക്കിക്കൊണ്ട്, സ്വന്തംരാജ്യത്ത് മധ്യവർഗത്തിന്റെ വ്യാപകമായ വിജയം ഉറപ്പാക്കുന്നതിനായുള്ള ആവശ്യമായ നിക്ഷേപങ്ങളിൽ നിന്നും അതുമായി ബന്ധപ്പെട്ടനിർണായകമായ ആത്മപരിശോധനയിൽ നിന്നും സർക്കാരിനെ ഒഴിഞ്ഞുമാറാൻ അനുവദിക്കുന്നു.
എച്ച്-1 ബി സംവിധാനം മസ്തിഷ്ക ചോർച്ചയുടെ (ബ്രെയിൻ ഡ്രെയിൻ) വ്യക്തമായ ഒരു ഉദാഹരണമാണ്, അതിന്റെ ചെലവ് ആനുപാതികമല്ലാത്ത വിധം ഇന്ത്യ വഹിക്കുന്നു. സ്വദേശത്തേക്ക് പണമയയ്ക്കൽ, ആഗോള നെറ്റ്‌വർക്കുകൾ കെട്ടിപ്പടുക്കൽ, ഇന്ത്യയുടെ സോഫ്റ്റ് പവർ വർദ്ധിപ്പിക്കൽ എന്നിങ്ങനെ ഉപരിതലത്തിൽ ഇത് ഗുണകരമായി തോന്നാമെങ്കിലും, സൂക്ഷ്മപരിശോധനയിൽ അസ്വസ്ഥതയുണ്ടാക്കുന്ന അസന്തുലിതാവസ്ഥ വ്യക്തമാകുന്നു. ഐഐടികൾ പോലുള്ള പൊതു ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ പ്രതിഭകളെ തിരഞ്ഞെടുക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തുന്നു, ഈ പരിശീലനത്തിൽ നിന്ന് നേരിട്ട് നേട്ടങ്ങൾ കൊയ്യുന്നില്ല, അതേസമയം അമേരിക്കയ്ക്ക് മികച്ച ഇന്ത്യൻ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കാതെ തിരഞ്ഞെടുക്കാൻ കഴിയും. മാത്രമല്ല, വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർ സാമ്പത്തിക അഭിവൃദ്ധിക്കായി രാഷ്ട്രീയ അവകാശങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിയും വരുന്നു.
എച്ച്-1ബി യുടെ ആഖ്യാനം അടിസ്ഥാനപരമായി വർഗപരമായ ഒരു പ്രത്യേകാവകാശത്തിന്റെ കഥയായി മാറിയിരിക്കുന്നു. വ്യക്തിഗത വിജയഗാഥകൾ ആഘോഷിക്കുന്നത് വ്യവസ്ഥാപിത തടസ്സങ്ങളെ മറയ്ക്കുകയും കഴിവുകൾ സ്വാഭാവികമായി വിജയത്തിലേക്കുള്ള വഴി കണ്ടെത്തുമെന്ന മിഥ്യാധാരണയെ ശാശ്വതമാക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, ഘടനാപരമായ നേട്ടങ്ങൾ - ഉന്നത സ്ഥാപനങ്ങൾ, നെറ്റ്‌വർക്കുകൾ, വിഭവങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം - ആരാണ് മുന്നിലെന്ന് നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
വിദേശത്ത് എച്ച്-1ബി വിസകൾ വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടമുള്ള അവസരങ്ങൾ ആഭ്യന്തര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മസ്തിഷ്ക ചോർച്ച എന്നത് അതിശയോക്തിപരമായി പറയപ്പെടുന്നതാണെന്നും അതിന്റെ വക്താക്കൾ വാദിക്കുന്നു. വിദേശ അവസരങ്ങളും വിദ്യാഭ്യാസ അഭിലാഷങ്ങളും തമ്മിലുള്ള ബന്ധം സാധുവാണെങ്കിലും, ഈ വാദം അപൂർണ്ണമാണ്. അഭിലാഷങ്ങളെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ബാഹ്യ അവസരങ്ങളെ ആശ്രയിക്കുന്നത്, ശക്തമായ ഒരു വിദ്യാഭ്യാസ, തൊഴിൽ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്തത്തെ കൈയ്യൊഴിയുന്നു. വിദേശ അവസരങ്ങൾ വ്യാപകമായ അഭിലാഷത്തിന് കാരണമായേക്കാം, എന്നാൽ നമ്മുടെ യുവാക്കൾക്കിടയിലെ തീവ്രമായ മത്സരം, പരീക്ഷാ പേപ്പർ ചോർച്ച, അഴിമതി, ആത്മഹത്യകൾ എന്നിവയിൽ നിന്ന് വ്യക്തമാകുന്നതുപോലെ, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വളരെ പരിമിതമാണ്. തൽഫലമായി, ബഹുഭൂരിപക്ഷം - പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക സമൂഹങ്ങളിലെ - പിന്നാക്കം നിൽക്കുമ്പോൾ, ഒരു ചെറിയ ശതമാനം മാത്രമേ ഇതിൽ നിന്നുള്ള പ്രയോജനം നേടുന്നുള്ളൂ.
ഈ പ്രതിഭാ ചോർച്ചയുടെ യഥാർത്ഥ വില ഉടനടിയുള്ള മസ്തിഷ്ക ചോർച്ചയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. ആഭ്യന്തര പരിഷ്കരണത്തിന്റെ അടിയന്തിരാവസ്ഥയെ ദുർബലപ്പെടുത്തുന്ന ബാഹ്യ ശ്രദ്ധയെ ഇത് നിലനിർത്തുന്നു, ഇത് രാജ്യത്ത് തുല്യമായ അവസരങ്ങൾക്കും വളർച്ചയ്ക്കും നവീകരണത്തിനും അനുകൂലമായ അന്തരീക്ഷവും സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം അവഗണിക്കാൻ അനുവദിക്കുന്നു. ഇനി ഇന്ത്യക്കാർക്ക് ആഗോളതലത്തിൽ വിജയിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം - അവർക്ക് തീർച്ചയായും കഴിയും - എന്നതല്ല, മറിച്ച് ഈ വിജയം ആഭ്യന്തരമായും തുല്യമായും ജനങ്ങൾക്ക് വേണ്ടി പകർത്താൻ ഇന്ത്യ പാടുപെടുന്നത് എന്തുകൊണ്ടാണ് എന്നതാണ്.
പ്രതിഭാസമ്പന്നമായ ഇന്ത്യ, ആഗോളതലത്തിൽ മത്സരക്ഷമതയുള്ള കമ്പനികളെയോ നൊബേൽ സമ്മാന ജേതാക്കളെയോ താരതമ്യേന കുറച്ച് മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ എന്ന് പരിഗണിക്കുക. പ്രശ്നം വ്യക്തിഗത കഴിവല്ല, മറിച്ച് ശക്തമായ സ്ഥാപന ചട്ടക്കൂടുകളുടെ അഭാവമാണ്: സ്ഥിരതയുള്ള ഭരണം, സുതാര്യമായ നിയന്ത്രണങ്ങൾ, മൂലധന പ്രാപ്യത, തുല്യതയുള്ള നിയമവാഴ്ച. അറിവിനെ വിലമതിക്കുകയും ഗവേഷണത്തിൽ നിക്ഷേപിക്കുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് നവീകരണത്തെ വളർത്തുകയും ചെയ്യുന്ന അന്തരീക്ഷവും തുല്യ പ്രാധാന്യമുള്ളതാണ്. എന്നാൽ, ഈ പോരായ്മകൾ ആഭ്യന്തര തലത്തിൽ പുതുമയുള്ള ആശയങ്ങളോ മാതൃകകളോ ഉൽപ്പന്നങ്ങളോ സൃഷ്ടിക്കുന്നതിനെയും സംരംഭകത്വത്തെയും ഞെരുക്കുന്നു, മാത്രമല്ല, ഇത് ഇന്ത്യയെ പുതിയ കണ്ടുപിടുത്തങ്ങൾ സൃഷ്ടിക്കുന്നതിനുപകരം പ്രധാനമായും രാഷ്ട്ര പിന്തുണയുള്ള ദേശീയ ചാമ്പ്യന്മാരോ വെഞ്ച്വർ ഫണ്ടഡ് കോപ്പികാറ്റ് സേവനങ്ങളോ ഉപയോഗിക്കുന്നവരായി നിലനിർത്തുന്നു. പ്രത്യേകിച്ചും ആഗോള എ ഐ മത്സരത്തിൽ ഇന്ത്യയുടെ അഭാവത്തെക്കുറിച്ചുള്ള സമീപകാല ചർച്ചകളിൽ ഈ വിടവ് വ്യക്തമായി കാണാം. ഇത് തദ്ദേശീയ പുതിയവ ഉൽപ്പാദിപ്പിക്കേണ്ടതിനായുള്ള ആവശ്യകത എടുത്തുകാണിക്കുന്നു.
ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി, അതിന്റെ അഭിലാഷാത്മക ഊർജ്ജത്തെ വ്യവസ്ഥാപരമായ പരിഷ്കരണത്തിനായുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ്. പ്രവാസികളുടെ പണമയ്ക്കൽ, നിക്ഷേപങ്ങൾ, അന്തസ്സ് എന്നിവയ്ക്കായി അമിതമായി വികസന സൂചികയിലാക്കുന്നത് ആഭ്യന്തര സ്ഥാപനങ്ങളുടെ വികസനത്തെ ദുർബലപ്പെടുത്തും. അതിബുദ്ധിമാന്മാരുടെ പലായനം ആഘോഷിക്കുന്നതിനുപകരം, രാജ്യം വിടുന്നതിനേക്കാൾ കൂടുതൽ ആകർഷകമാക്കുന്ന സാഹചര്യങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഇതിന് മുൻഗണനകളിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യ ലഭ്യത കൂടുതൽ വികസിപ്പിക്കുകയും സമഗ്രമാക്കുകയും ചെയ്യുക, ഭരണം കാര്യക്ഷമമാക്കുക, പുതിയ ഉൽപ്പന്നങ്ങൾക്കായി അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കുക എന്നിവ നിർണായകമാണ്. രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഓരോ ഇന്ത്യക്കാരനും അവരുടെ കഴിവുകൾ നേടിയെടുക്കാൻ പ്രാപ്തമാക്കുന്ന അവസരങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനം ലഭ്യമാക്കാതെ യഥാർത്ഥ "ആത്മനിർഭരത" (സ്വാശ്രയത്വം) കൈവരിക്കാനാവില്ല.
വിദേശത്ത് എത്ര ഇന്ത്യൻ പൗരന്മാർ വിജയിക്കുന്നു എന്നതോ ഇന്ത്യയിൽ എത്ര ശതകോടീശ്വരന്മാരുണ്ട് എന്നതോ അല്ല ദേശീയ പുരോഗതി അളക്കുന്നത്, മറിച്ച് എത്ര പേർക്ക് സ്വന്തം നാട്ടിൽ അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയും എന്നതിലാണ്. ഇന്ത്യ അതിന്റെ വ്യവസ്ഥാപരമായ വെല്ലുവിളികളെ നേരിടുന്നതുവരെ, ഈ വിരോധാഭാസത്തിൽ കുടുങ്ങിക്കിടക്കും - ആഗോള വിജയഗാഥകൾ അഭിമാനത്തോടെ എണ്ണിക്കൊണ്ടിരിക്കുമ്പോൾ ആഭ്യന്തരമായി അവരെ വളർത്തുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
- ഫ്യൂച്ചർ ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രുചി ഗുപ്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us