എണ്ണിത്തിട്ടപ്പെടുത്തിയ അവധിദിനങ്ങള്‍ കഴിഞ്ഞ് ആകാശയാത്രയ്ക്കുള്ള കാത്തിരിപ്പുകേന്ദ്രം. അല്ലെങ്കില്‍ വിമാനത്തിന്‍റെ ഉള്‍വശം. പലപ്പോഴും ചില രസികരുടെ ഒരു പ്രയോഗം കേള്‍ക്കാത്തവര്‍ ചുരുക്കമാണ്.

‘ആരാണീ ഗള്‍ഫ് കണ്ടുപിടിച്ചത്. അവനെയെന്‍റെ കയ്യില്‍ കിട്ടീരുന്നെങ്കില്‍.. എന്ന്’
പ്രിയമുള്ളവരെ പിരിഞ്ഞ് രണ്ടും മൂന്നും വര്‍ഷം കടലിനക്കരെ കഴിയാന്‍ സ്വയം വിധിക്കപ്പെട്ടവന്‍റെ ആത്മവിലാപമാണത്. കേള്‍ക്കുന്നവര്‍ക്ക് ചിരിച്ചു തള്ളാം ഈ കാര്യം. പക്ഷെ അവന്‍റെ ഉള്ളിലെ സങ്കടപ്പുഴ കരകവിയുമ്പോള്‍ അറിയാതെ പറഞ്ഞു പോവുന്നതാണീ വാചകം.

മറ്റൊന്ന്, ഗള്‍ഫിലൊട്ടാകെയുള്ള മലയാളികള്‍. അവര്‍ തന്നോട് തന്നെയോ കൂടെയുള്ളവരോടോ ഒരിക്കലെങ്കിലും ചോദിച്ചിരിക്കും ഈ ചോദ്യം.
പ്രവാസം തുടങ്ങിവെച്ചതാരാണ്?

നമ്മളെല്ലാം നിരന്തരം ചോദിക്കുന്ന ഇക്കാര്യത്തിന് ശരിയായ ഉത്തരം ആരും പ്രതീക്ഷിക്കുന്നുമില്ല എന്നത് മറ്റൊരു തമാശ. മലയാളി ജീവിതത്തിന്‍റെ വിജയ ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്താതെ പോയ ഒരു മനുഷ്യന്‍. അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നിട്ടുണ്ടല്ലൊ. ഇന്നും തീര്‍ത്തും അജ്ഞാതനായ ആ മനുഷ്യന്‍ അന്ന്, ജീവിത സന്ധാരണത്തിനായി പുതിയൊരു മാര്‍ഗം തെരഞ്ഞെടുത്തപ്പോള്‍ ഓര്‍ത്തിരിക്കുമോ കേരളീയ പൊതുജീവിതത്തിന് വലിയൊരു മാറ്റത്തിന്‍റെ രൂപരേഖയാണ് മണല്‍വഴിയില്‍ താന്‍ വരയ്ക്കാന്‍ തുടങ്ങുന്നതെന്ന്.

rafeeq panniyankara, nri, pravasam, vishunram,

ബര്‍മയും സിലോണും വേറെ ചിലയിടങ്ങളുമെല്ലാം മലയാളിക്ക് സ്വന്തം ജീവിതത്തിന്‍റെ ഗതിമാറ്റിയെഴുതാന്‍ പ്രാപ്തമാക്കുന്ന മണ്ണായിമാറിയതും അവിടുത്തെ അനിവാര്യമായ തിരിച്ചുനടത്തവും എങ്ങനെയാണ് മലയാളി അന്ന് ഉള്‍ക്കൊണ്ടത്?
പിന്നീട് പത്തേമാരികളിലും ഉരുവിലും ഗള്‍ഫ് തീരങ്ങളിലേക്ക് ജീവിതം തേടി നീന്തിക്കയറിയ പ്രവാസിയുടെ പിറകെയെത്തിയവര്‍ എവിടെയും അടയാളപ്പെടുത്തി വെച്ചിട്ടില്ല അവരനുഭവിച്ച ദുരിതങ്ങളുടെയും വേദനയുടെയും തീരാക്കഥകള്‍. അതുകൊണ്ടു തന്നെയാവണം പലരുമന്വേഷിക്കുന്ന പ്രവാസം തുടങ്ങിവെച്ച ഒരാളെ തിരിച്ചറിയപ്പെടാതെ പോവുന്നതും.

പേരും ദേശവുമറിയാത്ത ആ മനുഷ്യന്‍റെ പിന്‍ഗാമികള്‍ക്ക് അറുതിയാവുന്നില്ല ഇന്നുമീ മണ്ണില്‍. പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് തിരിച്ചുപോക്കിന്‍റെ കണക്കുകൂട്ടലുകള്‍ക്കിടയിലും അവന്‍ കാണുന്നുണ്ട് പുതിയ സ്വപ്നക്കൂടുകളുമായി പലരും വിമാനമിറങ്ങുന്നത്. പഴയ കേരളം പോലെ ലോകത്തിനിയും ബാക്കി നില്‍പ്പുണ്ടാവാം വിശപ്പിന് അറുതി വരാത്ത പട്ടിണിപ്പാടങ്ങള്‍.

ഗള്‍ഫ് തന്ന രീതികള്‍

പട്ടിണിയും പരിവട്ടവുമായി ജീവിച്ച കയ്പ്പുനാളുകളാണ് കടല്‍ കടക്കാന്‍ മലയാളിയെ നിര്‍ബന്ധിച്ചത്. എന്നാല്‍ അക്കാര്യം ഓര്‍മയില്‍ പോലും ഇല്ലാത്ത രീതിയില്‍ നാട്ടില്‍ ആര്‍ഭാടത്തിന്‍റെയും ധാരാളിത്തത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവാസി മാറിയതെങ്ങനെയാണ്? വിചിത്രമായി തോന്നാവുന്ന ചില അനുഭവങ്ങളിലൂടെ പ്രവാസം ജീവിച്ചു തീര്‍ക്കുമ്പോള്‍ ചുറ്റുപാടിന്‍റെ സംസ്കാരവും ജീവിതരീതിയും എന്തിനേറെ ഇവിടുത്തെ ഭക്ഷണശീലം പോലും അവനിലേക്കും അവന്‍റെ മണ്ണിലേക്കും പറിച്ചു നടപ്പെട്ടത് എങ്ങനെയാണ്?

വിവാഹവും മറ്റു ചടങ്ങുകളും ഭക്ഷണമാമാങ്കമായി പൊടിപൂരമാക്കുന്ന അവസ്ഥയുണ്ട് നാട്ടില്‍. അവിടെ കാണുന്ന മിക്കവാറും രീതികള്‍ ഗള്‍ഫില്‍ നിന്നും കടം കൊണ്ടതാണെന്ന് ഊന്നിപ്പറയേണ്ട കാര്യമില്ല. അതില്‍ ഭക്ഷണശീലമാണ് എടുത്തു പറയേണ്ടത്. കുഴിമന്തിയും കബ്സയും അറേബ്യന്‍ ഖഹ് വയും മറ്റനേകം വിഭവങ്ങളും കല്ല്യാണത്തീന്‍മേശയിലെ മെനുവില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഇനങ്ങളായി മാറി എന്നത് അനിഷേധ്യ വസ്തുതയാണ്. ആഢംബര വാഹനങ്ങളും കൊട്ടാരസാദൃശ്യ ഭവനങ്ങളുമൊക്കെ ഗള്‍ഫ്ജീവിത പരിസരത്ത് നിന്നും അറിഞ്ഞും അറിയാതെയും മലയാളി നെഞ്ചിലൊട്ടിച്ചു നാട്ടിലെത്തിച്ച ചിത്രങ്ങളുടെ വകഭേദങ്ങള്‍ തന്നെ.

ഇനി, മടക്കയാത്ര

ഭൂമിയുടെ അറ്റം വരെ നമുക്ക് യാത്ര ചെയ്യാം. പക്ഷെ, വീണ്ടും സ്വന്തം വീട്ടുമുറ്റത്തു തന്നെ തിരിച്ചെത്തുമെന്ന ഒരോര്‍മ നമ്മിലുണ്ടാവണം.

മടക്കയാത്ര എന്നുണ്ടാവുമെന്ന് പ്രവചിക്കാനും തീരുമാനമെടുക്കാനും നമുക്കാവില്ല. കാരണം പ്രവാസം നമ്മുടെ മുമ്പില്‍ നീണ്ട വഴിത്താര ഒരുക്കി വെച്ചിട്ടുണ്ടെന്നും മടങ്ങിപ്പോവുന്നവരില്‍ അവസാനത്തെ ആളായിരിക്കും താനെന്നും ഓരോരുത്തരും കണക്കുകള്‍ മെനയുന്നു. അതുകൊണ്ടു തന്നെയാവാം അര നൂറ്റാണ്ടിന്‍റെ പ്രവാസമനുഭവിച്ചിട്ടും ഭൂരിപക്ഷ മലയാളിയും സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നത്. ഇനിയിക്കാര്യം ചര്‍ച്ചക്കെടുത്തിട്ട് ഫലമുണ്ടാവുമെന്ന് തോന്നുന്നില്ല.

pravasam, malayalee, rafeeq panniyankara, vishnu ram,

സ്വന്തം മണ്ണിന്‍റെ ദുരിതവും പട്ടിണിയും മായ്ച്ചുതീര്‍ക്കാന്‍ പ്രവാസം തെരഞ്ഞെടുത്ത ജനത ഒടുവില്‍ തിരിച്ചു പോക്കിന്‍റെ അറ്റംകാണാകരയില്‍ വന്നു നില്‍ക്കുമ്പോള്‍ മടക്കയാത്ര അവനില്‍ അലോസരം സൃഷ്ടിക്കുന്നതെന്തു കൊണ്ടാണ്. പുതിയ അവസ്ഥയില്‍ അവര്‍ പരസ്പ്പരം നോക്കി നെടുവീര്‍പ്പിടുന്നത് എന്തു കൊണ്ടാണ്.

പുതിയ അവസ്ഥയെന്നത് നിതാഖാതും സ്വദേശിവല്‍ക്കരണവും ലെവിയും പിരിച്ചുവിടല്‍ ഭീഷണിയും മാത്രമല്ല. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വിദേശി അനുപാതത്തിലെ അന്തരം പോലും വ്യവസ്ഥിതികള്‍ മാറ്റിയെഴുതാനും ജീവിതരീതികള്‍ മാറ്റിയെടുക്കണമെന്നും അവരെ ആത്മാര്‍ഥമായി ചിന്തിപ്പിക്കുന്നു.

പുതിയ കാലത്തെ യുവത വിദ്യാഭ്യാസപരമായും തൊഴില്‍പരമായുമൊക്കെ മുന്‍കാലത്തെ അപേക്ഷിച്ച് ഒരുപാട് മുന്നേറിയിട്ടുമുണ്ട്. അവരുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ടതും തൊഴില്‍ലഭ്യത ഉറപ്പു വരത്തേണ്ടതും രാജ്യത്തിന്‍റെ മുന്നേറ്റത്തിനും ശോഭനമായ ഭാവിക്കും അത്യന്താപേക്ഷികമാണ്. ഈ പരിതസ്ഥിതിയാണ് മലയാളിയടക്കമുള്ള അനേകം മനുഷ്യരുടെ ഗള്‍ഫ് ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

എങ്ങനെയൊക്കെ ജീവിക്കേണ്ടിയിരുന്നില്ല എന്ന പുനരാലോചനയുടെ അവസാന പേജും വായിച്ചു തീര്‍ത്ത് ഇനിയെന്ത് എന്ന സമസ്യയുടെ പൂരണപ്രക്രിയയുടെ പണിപ്പുരയിലാണിന്ന് പലരും എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

പക്ഷേ, പട്ടിണിനാടിനെ ഇന്നത്തെ കേരളമാക്കിത്തീര്‍ത്തതില്‍ വലിയൊരു പങ്കു വഹിച്ച പ്രവാസിമലയാളിയെ പുതിയ അവസ്ഥയില്‍ നാടെങ്ങനെ എതിരേല്‍ക്കുന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്നേഹം കോരിയൊഴിച്ച സ്വന്തക്കാരും സുഹൃത്തുക്കളും മടക്കയാത്രയില്ലാത്ത പ്രവാസിയെ കറവ വറ്റിയ പശുവിനോട് കാണിക്കുന്ന അലിവെങ്കിലും കാണിക്കുമെന്ന് കരുതാനാവുമോ?

യാത്രകള്‍ അവസാനിക്കുന്നില്ല

ഗള്‍ഫ് പ്രതീക്ഷകള്‍ മങ്ങി നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് നമ്മുടെ ഭരണകൂടം വിളമ്പിത്തരുമെന്ന് പറയുന്ന ആനുകൂല്യങ്ങളും പദ്ധതികളും പ്രായോഗികമാകുമെന്ന് യാതൊരുറപ്പും ആര്‍ക്കുമില്ല. സ്വന്തം നാട്ടില്‍ പിടിച്ചു നില്‍ക്കാനുള്ള ചിലരുടെ പ്രയത്നങ്ങള്‍ എത്രത്തോളം വിജയമാകുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കാരണം എങ്ങനെയെങ്കിലും നാട്ടില്‍ വേരുപിടിപ്പിക്കണമെന്ന ചിന്തയില്‍ മുന്‍കാലങ്ങളില്‍ മടങ്ങിപ്പോയവര്‍ ചെറിയൊരു ഇടവേളക്കുള്ളില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചെത്തിയ അനുഭവങ്ങള്‍ പ്രവാസിയുടെ മുമ്പില്‍ ഒരുപാടുണ്ട്. അവരത്രയും ഇവിടുന്ന് യാത്ര പറഞ്ഞത് നാട് തണലേകുമെന്ന വിശ്വാസത്തിലായിരുന്നു. പക്ഷെ, വീണ്ടുമവര്‍ പ്രവാസത്തിന്‍റെ ഭാണ്ഡം മുറുക്കുന്നതിന്‍റെ കാരണങ്ങളെന്തൊക്കെയാണ്?

വളരെ നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും പ്രവാസിയുടെ മനസ്സും ചിന്തയും പ്രിയമുള്ളവര്‍ക്ക് പോലും വായിച്ചെടുക്കുക പ്രയാസം. വര്‍ഷങ്ങള്‍ക്കു മുമ്പ്, യാത്ര പുറപ്പെടുമ്പോള്‍ നിലനിന്നിരുന്ന നാടും സാംസ്കാരിക രീതിയുമെല്ലാം കാലങ്ങളോളം അവന്‍റെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു. പിന്നീടവന്‍ തിരിച്ചെത്തുമ്പോള്‍ പുതിയ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നു.

rafeeq panniyankara, nri, malayalee, pravasam, vishnu ram,

കാലസ്തംഭനം ബാധിച്ചവനാണവൻ. മാറിയ ജീവിതരീതി ഉള്‍ക്കൊള്ളാന്‍ അവനൊരു പക്ഷെ പെട്ടെന്നായെന്നു വരില്ല. കുടുംബബന്ധങ്ങളില്‍ സ്നേഹം വറ്റിയതായും ചങ്ങാത്തയിടങ്ങളിലെ സൗഹൃദത്തിന് സജീവത ഇല്ലാതായതായും അനുഭവപ്പെടുമവന്.
വര്‍ഷങ്ങളോളം തൊഴിലെടുത്ത ദേശത്തെ പരസ്പ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളും സ്നേഹക്കൂട്ടായ്മകളും അവന്‍റെയുള്ളില്‍ നിറച്ച ആര്‍ദ്രത നാട്ടില്‍ പലരിലും കാണുന്നില്ലല്ലോ എന്ന സങ്കടം അവനെ മാനസിക പരിമുറുക്കമായി വല്ലാതെ അലട്ടും. കുറേക്കാലം അനുഭവിച്ച രീതികളില്‍ നിന്നും പെട്ടെന്ന് പിറന്ന നാടെങ്കിലും അവിടെ ഇഴുകിച്ചേരാന്‍ കഴിയാതെ അജ്ഞാതമായ തുരുത്തിലകപ്പെട്ട പോലെ ഒറ്റപ്പെട്ടു പോയി എന്ന തോന്നലുണ്ടാക്കും. ആശ്രയമറ്റ പ്രതീതിയനുഭവപ്പെടും. പിന്നെ അവന്‍റെ മുമ്പിലെ ഏകമാര്‍ഗ്ഗം ജനനദേശം വിട്ട് മറ്റെവിടേക്കെങ്കിലുമുള്ള തൊഴിലന്വേഷണയാത്ര തന്നെ ശരണം.
മലയാളിയുടെ യാത്രകള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പ്രവാസം വിധിക്കപ്പെട്ടവനാണവന്‍. ഓരോ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ പുതിയ വഴികളവന്‍ തേടിപ്പിടിക്കും. മുന്‍ചരിത്രങ്ങള്‍ കാണിച്ചു തന്നത് അങ്ങനെയാണല്ലോ. എന്നാല്‍ അവന്‍ വീണ്ടും യാത്ര പുറപ്പെടുന്നത് മുമ്പത്തെപ്പോലെ പട്ടിണി തീര്‍ക്കാനല്ല. മറിച്ച് സ്വന്തം നാട്ടില്‍, പ്രിയപ്പെട്ടവരൊക്കെ കണ്‍മുമ്പിലുണ്ടായിട്ടും ഒറ്റപ്പെടുന്നതിലെ ഖിന്നത ഒളിച്ചു വെയ്ക്കാനാണ്. മണല്‍നാട്ടിലെ വീര്‍പ്പുമുട്ടുന്ന അവസ്ഥയും നഗരത്തിരക്കിനിടയിലെ ആള്‍ക്കൂട്ടത്തിലെ ഒറ്റപ്പെടലും മടക്കയാത്ര യെക്കുറിച്ച് ചിന്തിക്കുന്നവനെ ആകുലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.

കവിയും കഥാകൃത്തുമായ ലേഖകൻ 22 വർഷമായി സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്യുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ