ഗുജറാത്തിലും, ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. പാർട്ടിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും പ്രവചിച്ച രീതിയിൽ അല്ലെങ്കിലും 23 വർഷമായി അധികാരത്തിൽ ഉള്ള ഗുജറാത്തിൽ ബിജെപിയുടെ വിജയം നേട്ടം തന്നെയാണ്. എന്തുകൊണ്ട് ഭരണ കക്ഷിയായ ബിജെപി ഗുജറാത്തിൽ വിജയിച്ചു എന്ന് പരിശോധിക്കാം.

നരേന്ദ്ര മോദി: നിശ്ചയമായും ഈ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം തന്നെയാണ്; മോദി ബ്രാൻഡിന്‍റെയും. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെയും, കഴിഞ്ഞ വർഷം  ഉത്തർ പ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും പോലെ ഈ ഗുജറാത്ത്‌ തിരഞ്ഞെടുപ്പിലും മോദി തന്നെയായിരുന്നു ശക്തമായ പ്രതീകം.

മറ്റൊന്നും അല്ല, അല്ലെങ്കിൽ മറ്റൊന്നിനും കഴിയില്ലായിരുന്നു ഈ വിജയം കൊണ്ടുവരാൻ. മോദിയുടെ അപ്രമാദിത്വം തന്നെയാണ് വിജയത്തിനാധാരമായി നിന്നത്. ഗുജറാത്തിലെ ജനങ്ങൾ ഇപ്പോഴും മോദിയുടെ നേതൃത്വം ആഗ്രഹിക്കുന്നു. ബിജെപി എന്ന പാർട്ടിയുടെ സാമ്പത്തിക പരിഷ്കരണങ്ങളിലും, പ്രവർത്തന ശൈലിയിലും നിരാശരാണെങ്കിൽ കൂടി. ഇത് നോട്ട് പിൻവലിക്കലിനും, ജിഎസ്ടിക്കും ശേഷം നടന്ന തിരഞ്ഞെടുപ്പ് ആണ്. മോദി 15 ദിവസത്തിനുള്ളിൽ 34 റാലികൾ അഭിസംബോധന ചെയ്തു. ഗുജറാത്തിനെ സംരക്ഷിക്കാൻ ഏറ്റവും വൈകാരികമായും ശക്തമായും ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട്.

Read in English

സംഘാടനം: നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നൽകിയ ശക്തമായ സംഘാടനം തന്നെയാണ് വലിയൊരു അളവ് വരെ  ബിജെപിയെ സഹായിച്ചത്. സംഘടനാ മികവിലൂടെയാണ്  മോദിയുടെ ജനസമ്മതി വോട്ടാക്കി മാറ്റാൻ കഴിഞ്ഞതും. ശക്തമായ പോരാട്ടം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് അമിത്ഷാ തിരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കങ്ങൾ വിദഗ്‌ധമായി നടത്തിയത്. വോട്ടര്‍മാർക്കിടയിൽ അമിത് ഷായ്ക്ക് ഇപ്പോഴും വലിയ പ്രിയമൊന്നുമില്ലെങ്കിലും കഠിനാധ്വാനവും പ്രതിജ്ഞാബദ്ധതയും അദ്ദേഹത്തെ സമ്മതനാക്കുന്നു. നവംബർ 21 മുതൽ സ്വന്തം നാട്ടിൽ 6665 കിലോമീറ്റർ സഞ്ചരിച്ചു, 34 തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പ്രസംഗിച്ചു. അതേസമയം, കഴിഞ്ഞ രണ്ട് ദശാബ്ദ കാലമായി അധികാരത്തിൽ ഇല്ലാതിരുന്ന കോൺഗ്രസിന് ഈ  സംഘാടന വൈദഗ്ധ്യത്തിന്‍റെ അടുത്തെത്താൻ പോലും കഴിഞ്ഞിരുന്നുമില്ല.

പ്രത്യയശാസ്ത്രം: ഗുജറാത്തിലെ വോട്ടർമാരുമായി ബിജെപിക്കു ആത്മബന്ധമുണ്ട്. പാർട്ടിയുമായും അതിന്‍റെ നയങ്ങളുമായും ഗുജറാത്തിലെ ജനങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നാൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആശയ സംഹിതയോടില്ല. കാർഷിക മേഖലയിലെ വോട്ടർമാരും, യുവ ജനങ്ങളും (പ്രത്യേകിച്ച് പട്ടീദാർമാരും പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവരും)  ഒരു പക്ഷെ പാർട്ടിയുടെ പ്രവത്തനശൈലിയെ തള്ളി പറയുന്നുണ്ടെങ്കിൽ കൂടി, വോട്ട് ചെയ്യാതിരുന്നേയ്ക്കാം, എന്നാൽ അതിനർത്ഥം അവർ   ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽ  അവിശ്വസിക്കുന്നു എന്നല്ല.

മികച്ച ഭരണം: ഗുജറാത്തിലെ ഗ്രാമ പ്രദേശങ്ങൾ അസ്വസ്ഥമാണ്. കൃഷിക്കാർ പ്രതിഷേധ ശബ്ദം ഉയർത്തുന്നു. വിവിധ ജാതി സംഘടനകളും അസ്വസ്ഥരാണ്. പക്ഷെ നരേന്ദ്ര മോദിയുടെ ഭരണത്തിൽ അവർ സന്തുഷ്ടരാണ്. മോദി ജനങ്ങൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. സമൂഹത്തിലെ ഉന്നത വിഭാഗമാകട്ടെ ബിജെപി സർക്കാരിനെ മറിച്ചിടുന്നത് അവർക്കു ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്നു.

തീവ്രമായ പ്രചരണം:  വോട്ടർമാരിൽ ഗുജറാത്തി അഭിമാനബോധം ഉണർത്തുന്നതിൽ   നരേന്ദ്ര മോദിയും ബിജെപി നേതാക്കളും  അതീവ ശ്രദ്ധാലുക്കളായിരുന്നു.  മോദി തന്‍റെ  പ്രസംഗങ്ങളിലെല്ലാം  ജിഎസ്ടിയെ കുറിച്ചോ, നോട്ട് പിൻവലിക്കലിനെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല.  വികസനം പറയുമ്പോൾ മണ്ണിന്‍റെ മക്കൾ എന്ന ശക്തമായ വികാരം ഉണർത്താൻ മോദി ശ്രമിച്ചു. ഗുജറാത്തിലെ  നിലവിലെ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചല്ല മോദി ആവർത്തിച്ചു പറഞ്ഞത്. മറിച്ച്   മുൻ ബിജെപി സർക്കാരുകളുടെ നേട്ടവും, പ്രകടനങ്ങളും ഊന്നി പറഞ്ഞു. രാഹുൽ ഗാന്ധിയെ ഗുജറാത്ത് വിരുദ്ധനായി അവതരിപ്പിച്ചുകൊണ്ട്  ജനങ്ങൾക്കിടയിൽ സംശയവും ആശങ്കയും സൃഷ്ടിക്കാൻ മോദിക്കായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ