scorecardresearch
Latest News

എസ്മയും മാലാഖമാരും: മുഖ്യമന്ത്രിക്കും കൂട്ടർക്കും ഒരു കത്ത്

ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത് നഴ്സുമാർ പറഞ്ഞപോലെ ആശുപത്രികളിലെ ജനറൽ വാർഡുകൾ സർക്കാർ പിടിച്ചെടുക്കുക എന്നതാണ്.​ഈ സമരം ജയിക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണ്.

എസ്മയും മാലാഖമാരും: മുഖ്യമന്ത്രിക്കും കൂട്ടർക്കും ഒരു കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, രാഷ്ട്രീയ നേതാക്കളെ,

അങ്ങനെ മലയാളിയുടെ അംബാസഡർമാരായ മാലാഖമാരും എസ്മ ഭീഷിണിയിലായല്ലോ . ഇതൊരു വല്ലാത്ത വിരോധാഭാസം തന്നെയല്ലേ? തൊഴിൽ സമരം അതും വേതന വർദ്ധനവിന് വേണ്ടിയുള്ള സമരം നിങ്ങൾക്കാർക്കും പുത്തരിയല്ല എന്നറിയാം. എന്നാലും ഈ ഭൂമിയിലെ മാലാഖാമാർക്കായി, അവരുടെ ന്യായമായ ആവശ്യത്തിന്  മുകളിൽ മുതലാളിയുടെ കണ്ണുനീരിൽ കോടതി കനിഞ്ഞപ്പോൾ വന്ന എസ്മ ഉത്തരവ് നടപ്പിലാക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാവുന്നതിനു മുമ്പ് ഒരു അഞ്ചു നിമിഷം.

കോടതിയിൽ വാദങ്ങളും പ്രതിവാദങ്ങളുമേ ഉള്ളു. കണ്ണുനീരിനും ആവലാതികൾക്കും ഒരു സ്ഥാനവും ഇല്ല. നല്ല വക്കീലിന്റെ വാദം അത് ജയിക്കും. 10ഉം 20ഉം വർഷം പണിയെടുത്തിട്ടും 20,000 രൂപ പോലും മാസാവരുമാനമില്ലാത്ത സ്വകാര്യ മേഖലയിലെ നഴ്സുമാർ എങ്ങനെ കോടിപതികളായ മുതലാളിമാർക്കെതിരെ  വാദത്തിനു പോവും. പൾസർ സുനിക്കും ഗോവിന്ദച്ചാമിക്കും വക്കാലത്തെടുക്കാനെ ആളൂർ വക്കീൽ കേട്ടറിഞ്ഞു പറന്നു വരൂ. സെൻകുമാറിനേ ദുഷ്യന്ത് ദാവേയെ ഫ്രീ ആയിക്കിട്ടൂ. സാധരണക്കാരന്റെ മാത്രമല്ല, വക്കീലിന്റെയും ജഡ്ജിയുടേയും ചോരയും, ചലവും, അപ്പിയും കോരി വേദനയിലും രോഗിയായിരിക്കുമ്പോളും ആശ്വാസ വാക്കുകളും കൃത്യമായ ശ്രദ്ധയും അറിവും ഒക്കെയുമായി ആശുപതി കിടക്കയിൽ കിടക്കുന്നവരെ ശുശ്രുഷിക്കുന്ന നഴ്സിന്റെ കേസെടുക്കാൻ ഈ വക്കീൽമാരെ കാണില്ല. കാരണം നഴ്‌സുമാർ സമരം ചെയ്യുന്നതും കോടതിയെ സമീപിക്കുന്നതും അർഹതയുള്ള വേതനം കിട്ടാൻ വേണ്ടി മാത്രമാണ്. അനർഹമായി ഒന്നും നേടാനല്ല.
thrissur, nurses

നഴ്സുമാർ നടത്തുന്ന സമരത്തിനെതിരെ  കോടതി എസ്മ പ്രഖ്യാപിച്ചപ്പോൾ ഒരു സംശയം സുപ്രീം കോടതിയുടെ സ്പെഷ്യൽ കമ്മിറ്റിയുടെ കണ്ടെത്തലും കോടതി വിധിയും ആരും മാനിക്കണ്ടന്നാണോ? നഴ്സുമാർ അതിലും അധികമൊന്നും ചോദിച്ചതായി എങ്ങും കണ്ടില്ല. അത് നടപ്പിലാക്കില്ല എന്ന് തീരുമാനിച്ചുറച്ച സ്വകാര്യ ആശുപത്രികളുടെ നടപടി  സുപ്രീം കോടതിയുടെ തീരുമാനം അംഗീകരിക്കില്ല എന്ന് പറയുന്നതിന് തുല്യമല്ലേ?. ആ നടപടിയെ കോടതി പ്രമാണികരിക്കണമായിരുന്നോ? അതോ സുപ്രീം കോടതി അനുശാസിച്ചതു നടപ്പിലാക്കാൻ പറയണമായിരുന്നോ? ഏതായിരുന്നു വേണ്ടിയിരുന്നത്.

ആവലാതി രണ്ടുണ്ട് – ഒന്ന് മിനിമം വേതനത്തിനായി 10ഉം-12ഉം മണിക്കൂർ പണിയെടുക്കുന്ന നഴ്സുമാരുടെ പ്രശ്നങ്ങൾ എന്താണെന്നു മുതലാളിയോട് ഒന്നു ചോദിയ്ക്കാൻ പോലുമുള്ള അധികാരം കോടതിക്കില്ലേ? രണ്ട്, ഒരു സ്വകാര്യ ആശുപത്രിയും ധർമ്മാശുപത്രി അല്ല. രോഗികളെ പിഴിഞ്ഞ് തന്നെയാണ് നിലനിൽക്കുന്നത്. മാത്രമല്ല ഒരു നഴ്സ് മിനിമം 10 രോഗികളെ ശുശ്രുഷിക്കുന്നുണ്ട്. ഒരു രോഗിയുടെ കൈയിൽനിന്നും 300 രൂപമുതൽ 2000 രൂപ വരെ ഒരു ദിവസത്തെ നഴ്സിങ് ഫീ ആയി മേടിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു 25% എങ്കിലും നഴ്സുമാർക്കു കൊടുക്കാൻ ബാധ്യസ്ഥരല്ലേ.

പിന്നെ സുപ്രീം കോടതി പോലും മറന്ന ഒന്നുണ്ട് മിനിമം വേജസ് എന്ന കണക്ക് – നഴ്സിംഗ് പോലെ മിനിമം 3 വർഷത്തെ പഠനവും രണ്ടും മൂന്നു വർഷത്തെ പ്രായോഗിക പരിശീലനവും കിട്ടിയ ഒരു തൊഴിലാളിയുടെ അതും മനുഷ്യ ജീവിതത്തിന്റെ കാവൽക്കാരായി ഡോക്ടർക്ക് ഒപ്പം അതിലും ശ്രദ്ധയോടും ആത്മാർഥതയോടും പണിയെടുക്കേണ്ട ഒരു തൊഴിലാളിക്ക് മിനിമം വേതനം 27,800 രൂപ മാത്രം എന്ന് നിശ്ചയിക്കുമ്പോൾ ആ പ്രൊഫഷനു സമൂഹം എന്ത് മാന്യതയാണ്‌ നല്കിയിട്ടുള്ളതെന്നു വ്യക്തമാവുന്നു.

ഇപ്പോൾ കേരളത്തിലെ ആശുപത്രികൾ മന്ത്രിയുടെ മുൻപിൽ അംഗീകരിച്ച 17,200 രൂപ അടിസ്ഥാന ശമ്പളം അത്ര വലുതായി കോടതിക്കോ സർക്കാരിനോ ജനങ്ങൾക്കോ തോന്നുന്നുണ്ടെങ്കിൽ ഈ സമൂഹത്തിനാകെ എന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ നഴ്സിങ് ഒരു മൂല്യഹീനമായ അഴുക്കു പണിയാണെന്നു വിളിച്ചു പറയുന്നതിന് തുല്യമാണ്. അവൾ ഒരു നഴ്സ്, അല്ലെങ്കിൽ അവൻ ഒരു നഴ്സിന്റെ ഭർത്താവ് എന്ന് പറയുന്നത് തന്നെ എന്തോ പിശകായിട്ടുള്ളത് പോലാണ്. അവൻ ഒരു നേഴ്സ് എന്ന് പറഞ്ഞാൽ ‘വേറെ പണിയൊന്നും കിട്ടിയില്ലേ’ എന്ന് ചോദിക്കും ആളുകൾ. ഇങ്ങനെ ആർക്കും വേണ്ടാത്ത പണിയും പണിക്കാരും ആയിട്ടുള്ള നഴ്സുമാർക്കെതിരെ എസ്മ പ്രഖ്യാപിക്കേണ്ട കാര്യം ഉണ്ടോ?

കേരളത്തിലെ പത്താം ശമ്പള കമ്മീഷന്റെ റിപ്പോർട്ടിൽ സർക്കാരിന്റെ മിനിമം ശമ്പളം 21,000 രൂപ ആക്കണം എന്നുള്ളതിന് ഒരു കാരണം പറഞ്ഞത്, 2012 ൽ ഒരു കൽപ്പണിക്കാരന്റെ കൂലി 700 രൂപ ആണ്. അപ്പോൾ അയാളുടെ മാസ വരുമാനം 21000 രൂപ. അതിനൊപ്പമോ അതിലും കൂടുതലോ വേണം സർക്കാരിലെ മിനിമം ശമ്പളം എന്ന് കമ്മീഷൻ പറയാതെ പറഞ്ഞിട്ടുണ്ട്.

സർക്കാരിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പന്ത്രണ്ടാം ക്ലാസ്സു മാത്രം മതി യോഗ്യത, പ്രത്യേകിച്ച് യാതൊരു സ്കില്ലും ആവശ്യമില്ല. പക്ഷെ ഒരു നഴ്സ് പന്ത്രണ്ടാം ക്ലാസും കഴിഞ്ഞു 3 – 4 വർഷത്തെ പഠനവും ഒന്ന് രണ്ടു വർഷത്തെ പരിശീലനവും കഴിഞ്ഞു വന്നാലും ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ വേതനത്തിന് തുല്യമായ വേതനത്തിന് അർഹരല്ല എന്ന് പറയാൻ സർക്കാരിന് എങ്ങനേ കഴിയും?  17,200 രൂപയിൽ ഒതുക്കി നിറുത്തുന്നത് ശരിയല്ല എന്ന് മാത്രമല്ല സർക്കാർ സ്വന്തം നിയമങ്ങളെ ചട്ടങ്ങളെ അവഗണിക്കുന്നതിനു തുല്യമാണ്.

നഴ്സുമാരെ എസ്മ ഉപയോഗിച്ച് വരുതിയിലാക്കാൻ സ്വകാര്യ ആശുപത്രി മുതലാളിമാരെ സഹായിക്കാനോ, അതോ മര്യാദക്ക് അവർക്കു മിനിമം വേതനവും മാന്യമായ തൊഴിൽ സാഹചര്യവും കൊടുക്കാൻ മുതലാളിമാരെ നിർബന്ധിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ ആണ്.

ഈ സ്വകാര്യ ആശുപത്രികളെ വരുതിയിൽ നിറുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. അതിനു പറ്റിയ സാഹചര്യം ഇതു തന്നെയാണ്. ഏതെങ്കിലും ഒരു മുതലാളിയും ആശുപത്രി തുടങ്ങിയത് സാമൂഹിക സേവനം നടത്തനാണെന്നു പറഞ്ഞാൽ അത് വലിയ തമാശയാവും. കാരണം ഈ അടുത്ത കാലത്തു ഒരു യുവ സിനിമ നിർമാതാവും അഭിനയേത്രിയും ആയ പ്രമുഖ തന്റെ ബിസിനസ്സ് പാർട്‌ണറും ആയി പിരിഞ്ഞു കിട്ടിയ പണം എന്ത് ചെയ്യുമെന്ന് ഏതോ പത്രക്കാരൻ ചോദിച്ചപ്പോൾ പറഞ്ഞത് സിനിമയിൽ ഇടുന്നില്ല, കോർപ്പറേറ്റ് ഹോസ്പിറ്റൽ തുടങ്ങാൻ പോവുകയാണെന്നാണ്. നല്ല ബുദ്ധിയുള്ള കച്ചവടക്കാരിയാണ് അവർ. സിനിമയുടെ റിസ്ക് ഒരിക്കലും ആശുപത്രി കച്ചവടത്തിനില്ലല്ലോ. അതു കൊണ്ട് തന്നെ ഈ സമരം ജയിക്കേണ്ടത് സർക്കാരിന്റെ ആവശ്യം ആണ്.

പലപ്പോഴും സ്വകാര്യ മേഖലക്ക് വേണ്ടി നടത്തുന്ന വിട്ടുവീഴ്ചകൾ എത്തിച്ചേരുന്നത് പൊതുമേഖലയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്താണ്. ആരോഗ്യം വിദ്യാഭ്യാസം ഇതൊന്നും സ്വകാര്യ മേഖലക്ക് അത് നിലനിൽക്കുന്ന പ്രദേശത്തെ നിയമങ്ങളെ കാറ്റിൽ പറപ്പിച്ചു തോന്ന്യവാസം കാണിക്കാനുളളതല്ല.

പിന്നെ ഇപ്പോഴും മനസിലാവാത്ത കാര്യം ഈ മാലാഖമാർ ഇങ്ങനെ പൊതു നിരത്തിൽ ഇറങ്ങി മിനിമം വേതനത്തിനായി സമരം ചെയ്യുമ്പോൾ എവിടെ ഇവിടത്തെ ട്രേഡ് യൂണിയനുകൾ. എന്തെ അവരാരും ഒപ്പം ചേരാത്തത്? പനിയെ പേടിച്ചു മുറിയടച്ചിരിപ്പാണോ അവരും.

സ്വകാര്യ ആശുപത്രികളിൽ നിക്ഷേപം ഇല്ലാത്ത ഉന്നത സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും, സിനിമാക്കാരും, വിദേശ ഇന്ത്യക്കാരും ഒരുപാടാണെന്നും അവർക്ക്, തിരുവന്തപുരത്തെയും, ഡൽഹിയിലെയും എന്തിനു വിദേശ നേതാക്കളെ പോലും വരുതിയിൽ നിറുത്താൻ കഴിവുള്ളവരാണെന്നു എല്ലാവർക്കും അറിയാം. ഭരണപക്ഷത്തിന്റെ – പ്രതിപക്ഷത്തിന്റെ നിലനിൽപ്പിൽ ഇവർക്കൊക്കെ നല്ല സംഭവനയുണ്ടെന്നും എല്ലാവർക്കും അറിയാം. എന്നാലും, സർക്കാർ ജനപക്ഷത്തു തന്നെ നിന്ന് കാര്യങ്ങളെ കാണണം. നഴ്സുമാരുടെ വേതനം പോലെ തന്നെയാണ് ചികത്സാചെലവിന്റെ പേരിലുള്ള പിടിച്ചു പറിയും. നഴ്സുമാരെ പാഠം പഠിപ്പിക്കതിനു മുമ്പ് ആശുപതികളെ വരുതിയിൽ കൊണ്ടുവരൂ.

നഴ്സുമാർ പനി പിടിച്ച ജനങ്ങളെ വച്ച് വിലപേശുന്നു എന്ന് പറയുമ്പോൾ, ഒന്നറിയുക അവരെ പൊതു നിരത്തിൽ ഇറക്കിയത് മുതലാളിമാരാണ്. അപ്പോൾ പനി പിടിച്ച ജനത്തെ വച്ച് വിലപേശുന്നത് മുതലാളിമാരാണ്. അവർക്കു അത്ര സേവന സന്നദ്ധതത ഉണ്ടെകിൽ എന്തെ ഹൃദയ ശ്യൂന്യമായ പിടിച്ചു പറിക്കു പോകുന്നു.

അതുകൊണ്ട്, ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത് നഴ്സുമാർ പറഞ്ഞപോലെ ആശുപത്രികളിലെ ജനറൽ വാർഡുകൾ സർക്കാർ പിടിച്ചെടുക്കുക എന്നതാണ്. ആരോഗ്യവും വിദ്യാഭ്യാസവും കൊള്ള ലാഭങ്ങൾക്കുള്ള കച്ചവടങ്ങളല്ല, അത് ധാർമികതയും മൂല്യങ്ങളും ഉള്ള സേവനങ്ങളാണ്.

സർക്കാരിന് മാത്രമേ, ഈ സമരം മൂല്യച്യുതിയുടെ അടുത്ത അധ്യായം ആവണോ, അതോ മൂല്യഉദ്ധാരണത്തിന്റെ പുതിയ അധ്യായം ആവണോ എന്ന് തീരുമാനിക്കാൻ സാധിക്കൂ. പ്രതീക്ഷകൾ തല്ലിക്കെടുത്തരുത്.

എന്ന്
സമരത്തിലുള്ള മാലാഖാമാർക്കായി

 

ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലിസ്റ്റുമാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Government should think before invoking esma against nurses resmi bhaskaran