unni paravannur

ഉണ്ണി പറവന്നൂർ

കേരള ബ്ലാസ്റ്റേഴ്സിന്റെയും ബെംഗളൂരു എഫ് സിയുടെയും താരമായ സി കെ വിനീതിനെ സ്പോർട്സ് കോട്ടയിൽ
നിയമനം നടത്തിയ ഏജീസ് പിരിച്ചു വിട്ട വാർത്ത ഇതോടെ എല്ലാരും കണ്ടുകാണുമെല്ലോ. മലയാളികൾക്ക് അഭിപ്രായം ഇല്ലാത്ത ഒരു വിഷയവും ഇല്ല. അത് ആഗോള താപനമായാലും, ഫുട്ബോൾ ആയാലും പൊതുവെ നല്ല രീതിയിൽ വാർത്തകൾ എല്ലാം വായിച്ചറിയുന്ന ഒരു ശരാശരി മലയാളിക്ക് ഒരു അഭിപ്രായം ഉണ്ടാവും. അതൊരു തെറ്റല്ല. പക്ഷെ സാമൂഹിക മാധ്യമങ്ങൾ നമ്മുടെജീവിതത്തിൽ ഒരു വലിയ പങ്കു വഹിക്കുന്ന ഈ കാലത്ത്, പണ്ട് നാല് സുഹൃത്തുക്കളോട് പറഞ്ഞിരുന്ന ഈ അഭിപ്രായങ്ങൾ ഇന്ന് ഫെയ്‌സ്ബുക്, ട്വിറ്റെർ തുടങ്ങിയ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാൻ ഒരു അവസരം കിട്ടുന്നു. ഇങ്ങനത്തെ ചില അഭിപ്രായങ്ങൾ സാമാന്യ യുക്തിക്ക് നിരക്കാത്തതും, തീർത്തും നിസ്സാര ഭാഷണം ആണെങ്കിലും പലപ്പോഴുംഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഹിറ്റാവുന്നതു സ്ഥിരംംകാഴ്ചയാണ്.

വിനീതിന്റെ ജോലി വിവാദം ഉയർന്നു വന്നപ്പോൾ, പല ഫെയ്‌സ്ബുക് ഗ്രൂപ്പുകളിലും കണ്ട അഭിപ്രായങ്ങൾ ഇത്തരത്തിലുള്ളതായിരുന്നു. ‘പ്രൊഫഷണൽ ആയി കളിക്കുന്ന ഒരു താരം സ്വാർത്ഥ താൽപര്യങ്ങൾക്കായി ജോലിപോകാതെ ജോലി സംരക്ഷിക്കാൻ ശ്രമിക്കുന്നു’. ‘വേറെ അർഹിക്കുന്നവരുടെ അവസരം നിഷേധിക്കുന്ന ഒരു ഏർപ്പാടാണ്’ എന്നൊക്കെ ആണ് സാമാന്യ ഭാഷ്യം. ഇതിലൊക്കെ എത്ര കാമ്പുണ്ടെന്നു പരിശോധിക്കാം.

പ്രഫഷണൽ കളിക്കാർക്ക് ഗവർമെന്റ് ജോലി വേണോ?

ഐ എസ് എൽ വന്നതോടെ ഇന്ത്യൻ ഫുട്ബോൾ കരകയറി എന്നാണ് ഒരു മാതിരി എല്ലാരും നിനനച്ചിരിക്കുന്നത്. എന്നാൽ യാഥാർഥ്യമെന്താണ്? ഈ പറയുന്ന ഒരു പ്രൊഫെഷണൽ കളിക്കാരനും അടുത്ത സീസണിൽ ഏതു ലീഗ് ആണ് കളിയ്ക്കാൻ പോകുന്നത് അറിയില്ല.ഐ എസ് എൽ പുതിയ ടീമുകളെ ചേർക്കുന്നു എന്നും, അത് ഫിഫ അംഗീകാരമുള്ള ലീഗ് ആകാൻ പോകുന്നു എന്നൊക്കെ പറയുന്നെണ്ടെങ്കിലും, ഇത് വരെ തീരുമാനം ഒന്നുമായിട്ടില്ല. അതാണ് പ്രൊഫെഷണൽ ഫുട്ബോളിന്റെ ഇന്നത്തെ സിഥിതി.

ഇനി കേരളത്തിലെ സ്ഥിതി നോക്കാം. ഒരു പ്രഫഷണൽ ക്ലബ് പോലും ഇല്ലാത്ത നമ്മുടെ നാട്ടിൽ കോളേജ് ഫുട്ബോൾ രംഗം വളരെ മോശമല്ലാത്ത ഒന്നാണ്. ഇപ്പോൾ പല ടൂർണമെന്റുകളും യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പുകളും നല്ല നിലക്ക് നടക്കുന്നുണ്ട്. എന്നാൽ കോളേജ് കഴിഞ്ഞാൽ നമ്മുടെ ഒരു മാതിരി എല്ലാ താരങ്ങളും കേരളത്തിൽ ഉള്ള പല സർക്കാർ വകുപ്പുകളിലേയ്ക്കു ചേക്കേറുകയാണ്. ഇത് സംഭവിക്കുന്നത്, ഇന്നും നമ്മുടെ രാജ്യത്തെ പ്രൊഫഷണൽ രംഗം അസ്ഥിരതാവസ്ഥ നിറഞ്ഞന്താണ് എന്നുള്ളത് കൊണ്ടാണ്. ഇങ്ങനെ സർക്കാർ വകുപ്പുകളുടെ ടീമുകളിൽ കയറുന്ന കളിക്കാരുടെ ഭാവി അതോടെ തകർന്നു എന്ന് തന്നെ പറയാം. നമ്മുടെ മുന്നിൽ എങ്ങനെ ഉള്ള എത്രയോ കളിക്കാരുണ്ട്

ഇങ്ങനെ അസ്ഥിരമായ ഒരു പരിതസ്ഥിതിയിൽ ആണ് കളിക്കാർ ഇന്നും. അത് കൊണ്ട് തന്നെ ആണ് പല നല്ല കളിക്കാരും ഒരു സർക്കാർ ജോലി തരപ്പെട്ടാൽ പിന്നെ ആ ജോലിയിൽ തന്നെ തുടരുന്നത്. എന്നാൽ ഡിപ്പാർട്ടമെന്റ് ടീമുകൾക്ക് ഇന്ത്യയിൽ മുൻനിര ലീഗുകളിൽ ഒന്നും കളിക്കാൻ അവസരം ഇല്ല താനും. ഇത് കാരണം നമ്മുടെ പല നല്ല കളിക്കാരും ഈ ടീമുകളിൽ ഒതുങ്ങി കൂടുകയാണ്. ഈ സ്ഥിതിവിശേഷം അവരുടെ കഴിവിനോട് നീതി പുലർത്തുന്നതാണോ?

വിനീതിനെ പോലെ ഉള്ള ചില കളിക്കാർ അവരുടെ ജോലിയിൽ നിന്ന് വേതനം പറ്റാതെ ലീവെടുത്തു കളിയ്ക്കാൻ പോകുന്നു. അത് വളരെ വിരളം ചിലരാണ്, അതിനു പിന്നിലുള്ള ചേതോവികാരം പലതാണ്. ഏറ്റവും ഉയർന്ന നിലകളിൽ കളിക്കുക, രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ആഗ്രഹങ്ങൾ ആണ് ഈ വിരളം കളിക്കാരെ ഇതിനു പ്രേരിപ്പിക്കുന്നത്. വിനീത് ആണെങ്കിൽ ഈ കാര്യങ്ങൾ എല്ലാം നേടി എടുക്കുകയും ചെയ്തു. ജൂണിൽ കിർഗിസ്താനോട് കളിയ്ക്കാൻ ഇരിക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ അംഗവുമാണ് വിനീത്. ഈ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ കളിക്കാരിൽമികച്ച കളി കാഴ്ചവെക്കുകയും, ഏറ്റവുംകൂടുതൽ ഗോൾ നേടുകയുംചെയ്ത ഇന്ത്യൻ താരമാണ് വിനീത്.

എന്നാൽ കഴിവുള്ള കളിക്കാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ ഡിപ്പാർട്മെന്റുകൾ എന്താണ് ഇന്ന് ചെയ്യന്നത്? കളിക്കാരെ സ്പോർട്സ് ക്വാട്ടയിൽ നിയമനം നടത്തി നിലവാരമില്ലാത്ത കളിപ്പിക്കുകയും, ലീവ് എടുത്തു പുറത്തു കളിയ്ക്കാൻ പോകുന്നവരുടെജീവിതം ദുഷ്കരമാക്കുന്ന പ്രവണത ആണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വളരെ പ്രാധാന്യം അർഹിക്കുന്ന പല കളികൾക്ക് മുന്നേ ആണ് സർക്കാർ സ്ഥാപനങ്ങൾ ഈ കളിക്കാരെ, സർവീസ്ചട്ടങ്ങൾ ലംഘിക്കുന്നു എന്നെല്ലാം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് എന്നും മനസിലാക്കണം. ഇത് ഈ കളിക്കാരുടെവളർച്ചയും പ്രശസ്തിയും ഉൾകൊള്ളാൻ പറ്റാതെ ഉദ്യോഗസ്ഥവൃന്ദം അവരുടെ മേൽക്കൈ കാണിക്കാൻ വേണ്ടി ഈ കളിക്കാരെ ലക്ഷ്യം വെയ്ക്കുന്നതാണ് എന്ന് തന്നെ വേണം കരുതാൻ.

കേരളത്തിൽ മാത്രമല്ല കളിക്കാർക്ക് സർക്കാർ ജോലി ഉള്ളത്. കൊൽക്കത്തയിലും മറ്റുസംസ്ഥാനങ്ങളിലും ജോലിയുള്ള എത്രയോ പ്രൊഫഷണൽ കളിക്കാറുണ്ട്. അവർക്ക് അവരുടെ നാട്ടിൽ തന്നെ ക്ലബുകൾ ഉള്ളതിനാൽ, കളിയും പ്രാക്ടീസും ഇല്ലാതെ ദിനങ്ങൾ ഓഫീസിൽ പോകാനും, കഴിയും എന്നാൽ ഒരു പ്രൊഫഷണൽ ക്ളബ് പോലും ഇല്ലാതെ നമ്മുടെ നാട്ടിലെകളിക്കാർക്ക് അത് സാധ്യമല്ല. ഇനി ഫുട്ബോൾ പോട്ടെ, പല ക്രിക്കറ്റ് താരങ്ങളും സർക്കാർ ജോലി ഉള്ളവർ ആണ്. ഹർഭജൻ സിംഗ് പഞ്ചാബ് പോലീസിൽ ഉദ്യോഗസ്ഥൻ ആണ്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദ് കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. കളിച്ചു നേടിയ കാശിനു വെങ്കടേഷ് പ്രസാദിന് ആദായ നികുതി ഇളവ് നൽകണം എന്ന് ഇൻകം ടാക്സ് അപ്പെല്ലറ്റ് കമ്മിറ്റി നിർദേശിച്ച നാടാണിത്.


സ്പോർട്‌സ് ക്വോട്ടയിൽ നേടുന്ന ജോലി വേറെ ഒരാൾക്കു അവസരം നിഷേധിക്കലാണോ?

ഇത് എങ്ങനെ ആണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.എല്ലാ മാനദണ്ഡങ്ങളും പാലിച്ചു ആണ് സ്പോർട്സ് ക്വാട്ടയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അവിടെന്നു വേതനമില്ലാതെ ലീവ് എടുത്തു രാജ്യത്തിനു വേണ്ടിയും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനും പോകുന്നു. വിനീത് ജോലി ചെയ്ത ഡിപ്പാർട്ടമെന്റ് സ്പോർട്സ് ക്വോട്ടയിൽ ഇപ്പോഴും കളിക്കാരെ നിയമിക്കുന്നുണ്ട് എന്നാണ് അറിവ്. അപ്പൊ പിന്നെ എങ്ങനെ വിനീത് ജോലിയിൽ തുടരുന്നത് വേറെ ഒരാൾക്ക് ഉള്ള അവസരം നിഷേധിക്കുന്നു.

ഇത് എങ്ങനെ ഒരു ഗുണപാഠ കഥ ആകുന്നു?

സാമൂഹിക മാധ്യമങ്ങളിൽ മൊത്തം ഇങ്ങനെ നിരുത്തരവാദിത്തപരമായ അഭിപ്രായങ്ങൾ ആണ് പലപ്പോഴും കാണാൻ പറ്റുന്നത്. ഒരു പ്രശ്നം വരുമ്പോൾ എപ്പോഴും നമ്മൾ നമ്മുടെ ഭാഗം ശരി ആക്കാൻ നോക്കും. അത് മനുഷ്യ സഹജമായ ഒരു കാര്യമാണ്. ജോലിയിൽ തുടരണം എന്ന് വിനീതിന് തോന്നിയെങ്കിൽ അത് ഒരു തെറ്റാണെന്ന് തോന്നുന്നില്ല. ഈ നന്മയുടെ വ്യാജ വേഷംകെട്ടുന്നവർ എല്ലാം അത് തന്നെ ചെയ്യൂ. നമ്മൾ എല്ലാരും അത് തന്നെ ചെയ്യൂ. സർക്കാർ ജോലിയിൽ നിന്നും നീണ്ട അവധി (വർഷങ്ങളോളം) എടുത്തു ഗൾഫിൽ പോയി പണം ഉണ്ടാക്കുന്ന എത്രയോ പേരെ നമ്മൾ കണ്ടിട്ടുണ്ട്. അവർക്കില്ലാത്ത പഴി ആണ് പ്രൊഫഷണൽ ഫുട്ബോൾകളിച്ചു അത് വഴി രാജ്യത്തിന് വേണ്ടിയും ബൂട്ടണിഞ്ഞ ഒരു കളിക്കാരന് കേൾക്കേണ്ടി വരുന്നത്.

വിനീതിന്റെ ഈ ദുരവസ്ഥയിൽ നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് ക്രിക്കറ്റ് അല്ലാതെ വേറെ ഒരു കായികരംഗം തിരഞ്ഞെടുത്ത ഒരു കായിക താരം സാധാരണയായി അഭിമുഖീകരിക്കുന്ന പ്രശ്ങ്ങൾ ആണ്.

ഈ പ്രശനം ഇന്ന് പൊതുജന മധ്യത്തിൽ ചർച്ചക്കെത്തിയത് നല്ലതു തന്നെ.ഇവിടുത്തെ ഭരണാധികാരികളും, ജനങ്ങളും മുന്നിട്ടിറങ്ങി വളർന്നു വരുന്ന കായികതാരങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു നിയമ നിർമാണം നടത്തുകയാണ് വേണ്ടത്. ഇന്നും പലതരം അസ്ഥിരതയിലും അരക്ഷിതാവസ്ഥയിലും നിലനിൽക്കുന്ന നമ്മുടെ കായിക രംഗത്തുള്ള ചെറുപ്പക്കാർക്കും, ചെറുപ്പകാരികൾക്കും ഒരു സർക്കാർ ജോലി എന്നത് അവരുടെ കായിക കരിയർ കഴിയുമ്പോൾ ഒരു ആശ്രയമാവും. എല്ലാ കളിക്കാർക്കും, കരിയർ തീർന്നാലും കായികരംഗത്ത് കോച്ചായോ, ഭരണാധികാരി ആയോ തുടരാനുള്ള ഒരു സ്ഥിതി വിശേഷം ഇന്നും നമ്മുടെ കായിക രംഗത്തില്ല.

പഴയ താരങ്ങൾ താങ്ങും തണലും ഇല്ലാതെ, ആരുംതിരിഞ്ഞു നോക്കാൻ ഇല്ലാതെ പൊലിഞ്ഞു പോയ എത്രയോ കഥകൾ നമ്മൾ കേട്ടതാണ്. ഇന്നും നമ്മുടെ കായിക രംഗത്തേക്ക് കടന്ന് വരുന്ന പ്രതിഭകൾ പലരും നിർധനരായ പശ്ചാത്തലത്തിൽ നിന്നുള്ളവർ ആണ്.അങ്ങനെ ഉള്ളവരെ സർക്കാർ വകുപ്പുകൾ പരിപോഷിപ്പിക്കുക ആണ് വേണ്ടത് അല്ലാതെ തളച്ചിടുക അല്ല. കഴിവുള്ള താരങ്ങൾക്കു ജോലി നൽകുക. ലീവ് കൊടുത്തു (വേണമെങ്കിൽ വേതനമില്ലാതെ) അവരെ പ്രൊഫഷണൽ ആയി കളിയ്ക്കാൻ വിടുക. അവരെ രാജ്യത്തിന്റെയും നമ്മുടെ സംസ്ഥാനത്തിന്റെയും യശസ്സിന് ഒരു മുതൽക്കൂട്ടാവാൻ സഹായിക്കുക.

ഫുട്ബാള്‍ ന്യൂസ് ഇന്ത്യയുടെ പത്രാധിപരാണ് ലേഖകന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ