scorecardresearch
Latest News

ഗൗരിയും അനിതയും ഇന്ത്യൻ രാഷ്ട്രീയത്തോട് പറയുന്ന യാഥാർത്ഥ്യം

ഗൗരിയുടെയും അനിതയുടെയും മരണങ്ങൾ ഹിന്ദുത്വവാദഭീകരർ നടത്തിയവ അല്ലായിരിക്കാം, പക്ഷേ അവയ്ക്കു കളമൊരുക്കിയതിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് സംഘപരിവാരശക്തികൾക്ക് ഒഴിവാകാനാവില്ലെന്ന് സാമൂഹിക നിരീക്ഷകയും ഗവേഷകയുമായ ലേഖിക

j devika

കുട്ടിക്കാലത്തോ കൗമാരകാലത്തോ ഉണ്ടാക്കിയ സൗഹൃദങ്ങളാണ് എനിക്കിന്നും ജീവിതത്തിൽ തണലേകുന്നത്. ബൗദ്ധികവലയങ്ങളിലും തൊഴിൽസ്ഥലത്തും പിറന്ന സൗഹൃദങ്ങൾ പലതും ഹൃദ്യങ്ങളാണെങ്കിലും പലപ്പോഴും ദുർബലങ്ങളാണെന്ന് ജീവിതം കൊണ്ടു ഞാൻ മനസ്സിലാക്കി. അവയിൽ പലതും ഉപരിപ്ളവങ്ങളാണ്. അവയിൽ ചിലത് — ഏറ്റവും സ്നേഹമസൃണമെന്നു ധരിച്ച ചില ബന്ധങ്ങൾ പോലും — വെറും നാട്യമാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടിയിട്ടുണ്ട്. നാം എങ്ങനെ പെരുമാറിയാലും അക്കാദമികരംഗവും പൊതുവെ ബുദ്ധിജീവിലോകവും മത്സരത്തിൻെറ യുക്തിയാൽ നയിക്കപ്പെടുന്ന ഇടങ്ങളാണ്. ഈ രംഗങ്ങൾ നൽകുന്ന കുപ്പായങ്ങൾക്കപ്പുറം നന്മതിന്മകൾക്കിടയിൽ ജീവിക്കുന്ന ദുർബലയായ മനുഷ്യസ്ത്രീയായി എന്നെ തിരിച്ചറിഞ്ഞു സ്നേഹിക്കുന്നവർ ഈ രംഗത്ത് അധികമുണ്ടാകാത്തത് വെറുതേയല്ല.

എന്നാൽ, ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ സന്ധിക്കുന്നവർ തമ്മിലുണ്ടാകുന്ന സൗഹൃദങ്ങൾ അങ്ങനെയല്ല. അവിടെ അക്കാദമിക-ബുദ്ധിജീവികുപ്പായങ്ങൾ ആഗ്രഹിക്കുകയോ അവയുടെ പളപളപ്പനുസരിച്ച് ആളെ അളക്കുക്കയോ ചെയ്യാത്ത ചിലരെയെങ്കിലും നാം കണ്ടുമുട്ടും. അത്തരം പൊതുജീവിത സൗഹൃദങ്ങൾ പിന്നെപ്പിന്നെ നമ്മുടെ ആത്മാവിന്റെ തന്നെ ഭാഗമാവും. പരസ്പരം അപൂർവ്വമായി മാത്രമേ കാണുന്നുള്ളുവെങ്കിലും, വല്ലപ്പോഴും മാത്രമേ സന്ദേശങ്ങൾ കൈമാറുന്നുവെങ്കിലും ആ ബന്ധങ്ങൾ തഴച്ചു തന്നെ നിൽക്കും. സന്തോഷം പങ്കിട്ട കാലങ്ങൾ വലുതായി ഓർക്കാനില്ലെങ്കിൽ പോലും കുട്ടിക്കാല-കൗമാര സൗഹൃദങ്ങളെപ്പോലെ തന്നെയായിത്തീരും ഇവ ഒടുവിൽ.

ഗൗരീ ലങ്കേഷിൻെറ കൊല ഉണ്ടാക്കിയ വ്യക്തിപരമായ നഷ്ടത്തെച്ചൊല്ലി നിങ്ങൾ എന്തിനാണ് ഇങ്ങനെ അലമുറയിടുന്നത്, ചില ഫെയ്‌സ് ബുക്ക് സംഘപരിവാരാനുകൂലികൾ ചോദിക്കുന്നു. അവർക്ക് ഈ അഴലിൻെറ ആഴം അറിയാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതുകൊണ്ട് ഈ ചോദ്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഇന്നത്തെ ബിജെപി രാഷ്ട്രീയത്തെ രൂപീകരിക്കുന്ന നേതാക്കൾക്ക് തന്ത്രം മാത്രമേ ഉള്ളൂ. എല്ലാ സൗഹൃദങ്ങളും അവർക്ക് തന്ത്രപരം മാത്രമാണ്, അധികാരത്തിലേക്കു വലിഞ്ഞുകയറാനുള്ള ഉപകരണങ്ങൾ മാത്രമാണ് അവർക്കു സുഹൃത്തുക്കൾ. ഔപചാരികരാഷ്ട്രീയത്തെ മൊത്തത്തിൽ ബാധിക്കുന്ന രോഗമാണിതെങ്കിലും ഇന്ന് അതിൻെറ മുഖ്യപ്രയോക്താക്കൾ ഇവിടുത്തെ ഹിന്ദുവലതുപക്ഷമാണെന്ന് സംശയമില്ല.

j devika

കേരളമടക്കമുള്ള ഇന്ത്യൻ സമൂഹങ്ങളിൽ സാധാരണഗതിയിൽ പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന പിതൃമേധാവിത്വനിയന്ത്രണങ്ങൾ താരതമ്യേന കുറച്ചു മാത്രം അനുഭവിച്ചു വളർന്ന സ്ത്രീയായിരുന്നു ഗൗരി ലങ്കേഷ്. അത്തരം നിയന്ത്രണങ്ങൾ വീട്ടിലും പുറത്തും അനുഭവപ്പെട്ട വേളകളിൽ അവയെ യുക്തിവിചാരത്തിനു കീഴ്പ്പെടുത്തണമെന്ന തത്വം പതിവുശീലമാക്കി മാറ്റിയ സാമൂഹ്യ-ബൗദ്ധികവൃത്തങ്ങളായിരുന്നു അവരുടേത്. ആ അർത്ഥത്തിൽ ഗൗരിയുടേത് ഇന്ത്യൻ സാഹചര്യങ്ങളിൽ അത്യപൂർവ്വമായ ജീവിതമായിരുന്നു, ഞങ്ങളുടെ തലമുറയിൽ വിശേഷിച്ചും. സ്വതന്ത്രമായി ചിന്തിക്കാനും പെരുമാറാനും ജീവിക്കാനും, പിതൃമേധാവിത്വം അടിച്ചേൽപ്പിക്കുന്ന ആശ്രിതത്വങ്ങളോ അടിമത്തങ്ങളോ ഉളവാക്കുന്ന വെറുപ്പുകളിൽ നിന്നും വൈരാഗ്യങ്ങളിൽ നിന്നും രക്ഷപ്പെടാനും അവരെ പ്രാപ്തമാക്കിയ ജീവിതം. വിവാഹമെന്ന സ്ഥാപനം സേനഹസൗഹൃദങ്ങളുടെ തുടക്കമോ ഒടുക്കമോ അല്ലെന്നും, സ്നേഹമെന്നത് ഇത്തരം സ്ഥാപനങ്ങളെ മറികടന്നുകൊണ്ട് പരസ്പരം ശാക്തീകരിക്കലാണെന്നും ഗൗരിയും അവരുടെ മുൻഭർത്താവും അദ്ദേഹത്തിൻറെയും അവരുടെയും കുടുംബങ്ങളും തെളിയിച്ചു. അത്തരമൊരു ജീവിതം സംഘപരിവാരസംസ്കാരത്തിന് വിരുദ്ധമല്ലാതാകുന്നതെങ്ങനെ? വെറുപ്പും ഹിംസയും കീഴ്പ്പെടുത്തലും നിരന്തരം പ്രയോഗിച്ചും അതു വിതയ്ക്കുന്ന നാശത്തെ ന്യായീകരിച്ചും മുന്നേറുന്നവർ അവരുടെ കൊലയിൽ പരസ്യമായിത്തന്നെ ആഹ്ളാദം പ്രകടിപ്പിച്ചത്, അവർ പത്രത്തിൽ തങ്ങളെ വിമർശിച്ചതുകൊണ്ടു മാത്രമല്ല. അവർ ഏതൊക്കത്തരം അസ്വാതന്ത്ര്യങ്ങളെ, മർദ്ദകസ്ഥാപനങ്ങളെ, ഹിംസകളെ, ആണോ സാമൂഹ്യജീവിതത്തിൻറെ ആണിക്കല്ലുകളായി ഉയർത്തിപ്പിടിക്കുന്നത്, അവയൊന്നും കൂടാതെ മനോഹരമായി ഈ ലോകത്തു ജീവിക്കാനാകുമെന്ന് തൻെറ ജീവിതത്തിലൂടെ ഗൗരി കാണിച്ചുകൊണ്ടേയിരുന്നു. ഗൗരിയെ വധിച്ച ശക്തികൾ ആരെന്ന് നമുക്കറിയില്ലായിരിക്കാം. എന്നാൽ ആ ജീവിതത്തെ ഇല്ലാതാക്കുന്നതുകൊണ്ട് ഗുണമനുഭവിച്ച കക്ഷിയേതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. സനാതനസംസ്കാരമെന്ന ആട്ടിൻതോലണിഞ്ഞു നടക്കുന്ന ഗംഗാനദീതടസംസ്കാരവിഹീനരുടെ കൂട്ടമായ സംഘടനകൾ.

ഗൗരിയുടെ ജീവിതം അപൂർവ്വമാകാൻ മറ്റു കാരണങ്ങളുമുണ്ട്. സംസ്കാരത്തെപ്പറ്റിയുള്ള ഇടുങ്ങിയ ധാരണകളെ തള്ളിക്കളയാനും ഭാഷകൾ തമ്മിലുള്ള അതീർത്തികളെ അനായാസം ഭേദിക്കാനും തീരുമാനിച്ചുറച്ച കുടുംബ-സാമൂഹ്യപശ്ചാത്തലത്തിന്രെ ഫലം കൂടിയായിരുന്നു ഗൗരിയുടെ അസാമാന്യമായ സ്വതന്ത്ര്യബോധവും മാനവികതയും. കന്നടസംസ്കാരത്തെക്കുറിച്ച സദാ ചിന്തിക്കുകയും അതിന് കനത്ത സംഭാവനകൾ നൽകുകയും ചെയ്ത അവരുടെ പിതാവ് മറ്റൊല്ലാ സംസ്കാരങ്ങളുടെ ജാലകങ്ങളും മക്കൾക്കായി തുറന്നിട്ടിരുന്നു. ഒരു തരം ഇടുക്കങ്ങളെയും അനുകൂലിക്കാത്ത ആ പശ്ചാത്തലം തികച്ചും നാഗരികവും സാമൂഹ്യ-സാമ്പത്തികമദ്ധ്യവർഗങ്ങൾക്കു ലഭിക്കുന്ന സമൂഹ്യമെച്ചങ്ങളിൽ അടിയുറച്ചതുമായിരുന്നു. ഇക്കാര്യത്തെ പറ്റി അങ്ങേയറ്റം ബോധവതിയായിരുന്നതുകൊണ്ട് അവർ ജാതി-വർഗ അതിർത്തികളെ അതിലംഘിക്കുകയും നിരന്തരം എതിർക്കുകയും ചെയ്തിരുന്നു. മാനവികതയിലേക്കു നാം പൂർണ്ണമായും ഉയരണമെങ്കിൽ വിശാലമായ സാംസ്കാരികപരിചയവും വ്യത്യസ്തങ്ങളായ സാമൂഹ്യ ഇടപെടലുകളും ഉണ്ടായിരിക്കണമെന്ന് മറ്റാരെക്കാളും തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ നിർബന്ധിതമാക്കിയപ്പോൾ സ്വന്തം ജീവനൊടുക്കിയ അനിത എന്ന ചെറുപ്പക്കാരിയുടെ മരണത്തെ ഗൗരിയുടെ മരണത്തോട് ചേർത്തുവായിക്കേണ്ടി വരുന്നത്.

മദ്ധ്യവർഗത്തിലേക്കുയരാതെ ഇന്ന് ഇന്ത്യയിൽ ജാതി-വർഗമർദ്ദനം അനുഭവിക്കുന്ന സമുദായങ്ങളിലെ ചെറുപ്പക്കാർക്കു രക്ഷപ്പെടാൻ വഴികളൊന്നുമില്ല. തുറന്നു കിട്ടി എന്നു കരുതിയ ആ വഴി അടഞ്ഞപ്പോഴാണ്, വൈദ്യശാസ്ത്രം പഠിക്കാനുള്ള തൻെറ ആഗ്രഹം സഫലമാകാനിടയില്ലെന്ന നിരാശയിലാണ്, ആ കുട്ടി മരണത്തെ സ്വയം വരിച്ചത്. ഇതും കൊല തന്നെ എന്നു പറയാതെ വയ്യ. ഇടുങ്ങിയ സാംസ്കാരിക-സാമുദായിക സാഹചര്യങ്ങളിൽ നിന്ന് കൂടുതൽ ഉത്കൃഷ്ടവും വിശാലവുമായ മാനവികതയിലേയ്ക്കു സ്വയം ഉയരുകയും നമ്മെ ഉയർത്താൻ ശ്രമിക്കുകയും ചെയ്തതായിരുന്നു ഗൗരിയുടെ കുറ്റമെങ്കിൽ, ഇടുങ്ങിയ സാമ്പത്തിക-സാമൂഹ്യസാഹചര്യങ്ങളെ കുടഞ്ഞെറിഞ്ഞ് സമൂഹത്തിൻെറ അടിത്തട്ടുകളിൽ നിന്ന് മുകളിലേയ്ക്കുയരാൻ തനിക്കും തന്നെപ്പോലുള്ളവർക്കും അവസരം തേടിയതാണ് അനിത ചെയ്ത കുറ്റം.

j devika

എഞ്ചിനിയറിങ് പഠനത്തിന് അവസരം കിട്ടിയിട്ടും അനിത വൈദ്യശാസ്ത്രം തന്നെ വേണമെന്ന് വാശി പിടിച്ചതെന്തിന് എന്ന് ചിലർ ചോദിക്കുന്നു. എഞ്ചിനീയറിംഗ്  തൊഴിൽ  വിപണിയിൽ ഇംഗ്ളിഷ് പ്രാവീണ്യമില്ലാത്തവരും നഗര സംസ്കാരപരിചയമില്ലാത്തവരുമായ മിക്ക ഉദ്യോഗാർത്ഥികളുടെയും സ്ഥിതി മോശമാണെന്ന് ഊഹിക്കാനുള്ള ബുദ്ധിയെങ്കിലും അനിതയ്ക്ക് ഇവർ കല്പിച്ചുകൊടുക്കുമായിരുന്നെങ്കിൽ നന്നായിരുന്നു. ഡോക്ടറായാൽ ഇടപെടുന്നത് സാമാന്യരുമായാണെന്നും അതിന് വരേണ്യശേഷികൾ അധികം വേണ്ടിവരില്ലെന്നും, ആ ജീവിതത്തിലൂടെ താൻ ജനിച്ചുവളർന്ന സാഹചര്യത്തിൻെറ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടാമെന്നും ആ യുവതി മോഹിച്ചിരുന്നിരിക്കാം. എന്നാൽ ആ പ്രതീക്ഷ തച്ചുടച്ച കോടതിവിധിയും, ഇന്ത്യൻ വരേണ്യ ജാതി-വർഗ മേലാളരുടെ അട്ടഹാസങ്ങളും അവളെ കൊന്നുകളഞ്ഞു. അവളെപ്പോലെ ഭാരതീയഭാഷാലോകങ്ങളിൽ കഴിയുന്നവരെ അതിനപ്പുറമുള്ള ഇടങ്ങളുമായി പരിചയപ്പെടുത്താൻ ജീവിതമുഴിഞ്ഞുവച്ച ഗൗരി എന്ന മറ്റൊരുവളെയും വരേണ്യതയുടെ കൂലിക്കൊലയാളികൾ വകവരുത്തി.

ഗൗരിയുടെയും അനിതയുടെയും മരണങ്ങൾ ഹിന്ദുത്വവാദഭീകരർ നടത്തിയവ അല്ലായിരിക്കാം, പക്ഷേ അവയ്ക്കു കളമൊരുക്കിയതിൻെറ ഉത്തരവാദിത്വത്തിൽ നിന്ന് സംഘപരിവാരശക്തികൾക്ക് ഒഴിവാകാനാവില്ല.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Gauri lankesh murder s anitha suicide neet j devika