ഡൽഹി പ്രസ് ക്ലബ്ബിലെ പ്രതിഷേധ കൂടിച്ചേരിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ദ് വീക്കിലെ മുതിർന്ന പത്രപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി വിതുമ്പൽ മറച്ചുവെയ്ക്കാത്ത, ശബ്ദവിക്ഷോഭത്തോടെ പറഞ്ഞിതിങ്ങനൊയിരുന്നു ” നാല് ദിവസം മുമ്പാണ് അവളെ കണ്ടത്. സൂക്ഷിക്കണം എന്ന് ഒരു നൂറുവട്ടം ആ കൂടിക്കാഴ്ചയിൽ ഞാൻ പറഞ്ഞിരിക്കണം, നീ എതിർത്തുകൊണ്ടിരിക്കുന്നത് സാധാരണക്കാരെയല്ല. ഏതോ വിചാരധാരയെ കിറുക്കായി മാറ്റിയവരെയാണ്. എന്നുമെന്ന പോലെ, അവളതെല്ലാം കൈവീശി തളളിക്കളഞ്ഞു. I almost hate her for going like this “. കർണ്ണാടകയിൽ നിന്നുതന്നെയുളള സച്ചിദാനന്ദ മൂർത്തിക്ക് ഗൗരി ലങ്കേഷിന്രെ ഡൽഹിയിലെ സൗഹൃദവലയത്തിൽ നിതാന്തമായ സ്ഥാനമുണ്ടായിരുന്നു. ഗൗരിയുമായുളള സമീപകാല കൂടിക്കാഴ്ചകളിലെല്ലാം മൂർത്തിയും കഴിഞ്ഞ നവംബറിൽ ഹൃദയാഘാതം മൂലം അന്തരിച്ച ഗിരീഷ് നിഗമും കന്നഡ ഭാഷയിലെ മുതിർന്ന പത്രപ്രവർത്തകനായ ഉമാപതിദാസപ്പയും ഉണ്ടായിരുന്നു. ഗിരീഷിന്രെ നിര്യാണത്തിന് ഏതാനും ദിവസം മുമ്പ് ഗൗരി ഡൽഹിയിൽ എത്തിയപ്പോഴാണ് അവസാനമായി ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത്.

പക്ഷേ, ഗൗരിയെ ആദ്യം കാണുന്നത് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് 1987ൽ ബെംഗളുരൂവിൽ വച്ചാണ്. മുപ്പത് വർഷത്തെ പരിചയത്തിൽ പത്രപ്രവർത്തന സംബന്ധിയായ, വിചാരസംബന്ധിയായ കൊടുക്കൽ വാങ്ങലുകളിലൊക്കെ കഴിഞ്ഞ ദിവസം സച്ചിദാനന്ദമൂർത്തി ബെംഗളൂരുവിൽ കണ്ടതുപോലെ സ്വന്തം തീരുമാനങ്ങൾക്കും വിശ്വാസങ്ങൾക്കും അണുവിട മാറ്റം വരുത്താത്ത ‘നിശ്ചയദാർഢ്യക്കാരിയെ’ ആണ് ഞാൻ കണ്ടിട്ടുളളത്. 87 ലെ എന്രെ ബെംഗളുരൂ യാത്രയിൽ രാമകൃഷ്ണ ഹെഗ്‌ഡെ നിറഞ്ഞുനിന്ന കർണ്ണാടകരാഷ്ട്രീയമായിരുന്നു മുഖ്യപ്രതിപാദ്യം. ഗൗരിയുടെ അച്ഛൻ ലങ്കേഷ്, പ്രസിദ്ധീകരിച്ചിരുന്ന ലങ്കേഷ് പത്രികയെ അന്നും കർണ്ണാടകത്തിലെ വലിയ സ്വാധീനമായിരുന്നു. ഹെഗ്‌ഡെയുടെയും ജെ എച്ച് പട്ടേലിന്രെയും രാഷ്ട്രീയ വഴികൾക്കു ഒപ്പം നിന്ന്   സോഷ്യലിസ്റ്റും ലോഹ്യവാദിയും ആയിരുന്നുവെങ്കിലും ലങ്കേഷ് പത്രികയുടെ മുഖമുദ്ര സ്ഥായിയായ പ്രതിപക്ഷ ഭാവമായിരുന്നു. ഹെഗ്‌ഡെയും പട്ടേലുമൊക്കെ ഇതേ പ്രത്യയശാസ്ത്രപാതയുടെ ഭാഗമാണെങ്കിലും ലങ്കേഷ് പത്രികയും അതിന്രെ പത്രാധിപരും ഈ സ്ഥായീ പ്രതിപക്ഷഭാവത്തിന്രെ അകമ്പടിയോടെ ഇവരുമായി കൊമ്പുകോർക്കുന്നതിന് മടികാണിച്ചിരുന്നില്ല.

ലങ്കേഷ് പത്രികയിലേയ്ക്ക് ഒരു യുവരാഷ്ട്രീയ പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് നടത്തിയ ‘ തീർത്ഥയാത്ര”യ്ക്കിടയിലാണ് ഗൗരിയേയും സഹോദരി കവിതയേയും കണ്ടുമുട്ടുന്നത്. അക്കാലത്ത് ഏതാണ്ട് നാലര ലക്ഷം കോപ്പികൾ വരെ വിറ്റുപോയിരുന്ന ലങ്കേഷ് പത്രികയിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വിഷയങ്ങൾ  വിഭാവനം ചെയ്യുന്നതിലും അതിനെ പ്രസിദ്ധീകരണ യോഗ്യമാക്കുന്നതിലും ഒക്കെ പങ്കുവഹിച്ചിരുന്നു ഈ സഹോദരിമാർ. ലങ്കേഷിന് പത്രപ്രവർത്തനത്തോടൊപ്പം ചലച്ചിത്രത്തിന്രെ ക്രിയാത്മക പാതയുമുണ്ടായിരുന്നു. കവിത കൂടുതലായി അച്ഛന്രെ ചലച്ചിത്ര സപര്യയെ പിന്തുടർന്നപ്പോൾ, ഗൗരി ലങ്കേഷ് പത്രികയിലൂടെ പ്രതിനിധാനം ചെയ്യപ്പെട്ട ധീരമായ പത്രപ്രവർത്തനത്തിന്രെ വഴിയാണ് തിരഞ്ഞെടുത്തത്.

1987 ലെ കൂടിക്കാഴ്ചയ്ക്കു ശേഷം പലഘട്ടങ്ങളിലായി ഡൽഹിയിലും ബെംഗളൂരുവിലുമായി ഗൗരിയുമായി കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരിന്നു. ടൈംസ് ഓഫ് ഇന്ത്യ, സൺഡേ, ആന്ധ്രയിലെ പ്രബല മാധ്യമ ഗ്രൂപ്പായ ഈനാടു വിന്രെ ടെലിവിഷൻ എന്നിങ്ങനെ ഉളള വ്യത്യസ്തമായ മേഖലകളിൽ ബെംഗളുരൂവിലും ഡൽഹിയിലുമായി പ്രവർത്തിക്കുകയായിരുന്നു ഗൗരി 80കൾ മുതൽ 90കളുടെ അവസാനം വരെ. 90കൾക്കു ശേഷം രണ്ടായിരത്തിൽ ലങ്കേഷ് മരിച്ചപ്പോൾ ലങ്കേഷ് പത്രികയുടെ ചരിത്രമാനങ്ങളുളള സാമൂഹിക പ്രതിബദ്ധതയും ജനപക്ഷസ്വഭാവവും തുടരാൻ മാത്രമുളള സാമൂഹികവും ധൈഷണികവുമായ പക്വത തനിക്കുണ്ടോ എന്ന് ഗൗരി സംശയിച്ചിരുന്നു. തന്രെ സ്വതസിദ്ധമായ ‘നിശ്ചയദാർഢ്യ ശാഠ്യങ്ങൾ’ സ്ഥാപനത്തിന്രെ സംഘടനാപരമായ കെട്ടുറപ്പിന് വിഘാതമാവുമോ എന്നതായിരുന്നു ആ കാലത്തെ അവരുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന്. അതേ കാലയളവിൽ കേരളത്തിൽ ഒരു ടെലിവിഷൻ മാധ്യമ സംഘാടനം എന്ന  സാഹസത്തിന് ഞാനും മുതിരുകയായിരുന്നു. ഇന്ത്യാവിഷൻ എന്ന് നാമകരണം ചെയ്യപ്പെട്ട  ആ സ്ഥാപനത്തിന്രെ സംഘടനാപരമായ പ്രക്ഷ്ബുധതകൾ ഗൗരിയുമായി അക്കാലത്ത് ഏറെ പങ്കുവച്ചിരുന്നു. ലങ്കേഷ് പത്രിക പഴയ  ചരിത്രമാനങ്ങളോടെ അഭിമാനപ്രതാപങ്ങളോടെ നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഉളള പ്രയാസങ്ങളും പൊട്ടിത്തെറികളും ഒക്കെ ഗൗരിയും പങ്കുവെയ്ക്കുമായിരുന്നു.

ഏതാണ്ട് രണ്ടായിരത്തി മൂന്നോടെ ഗൗരി തന്രെ മാധ്യമ സംരഭത്തിൽ നിലയുറപ്പിക്കുകയും അതിനെ തന്രേതായ സവിശേഷ മുദ്രണങ്ങളോടെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു തുടങ്ങി.  2005ൽ ഡൽഹിയിലെ പ്രസ് ക്ലബ്ബിൽ ഗിരീഷ് നിഗവുമായി കൂടിച്ചേർന്നപ്പോൾ ഗൗരി പറഞ്ഞു “എന്രെ പത്രപ്രവർത്തന പരിപ്രേക്ഷ്യം വളരെ ലളിതമാണ്. നമ്മുടെ ദേശീയ വിമോചന പോരാട്ടത്തിന്രെ മൂല്യങ്ങളുമായി അത് ഒത്തുപോകണം. അവിടെ വിഭാഗീയതയ്ക്കോ വർഗീയതയ്ക്കോ ജാതീയമായ അടിച്ചമർത്തലിനോ സാമൂഹിക അസമത്വത്തിനോ വേണ്ടിയുളള മാധ്യമ ഉപകരണങ്ങൾ ഒന്നുമുണ്ടാവില്ല. എനിക്ക് വലിയ സംഘടനാ വൈഭവമൊന്നുമില്ല,പക്ഷേ, ഞാനെല്ലാത്തിനെയും ഈ മൂല്യങ്ങളുടെ ല സാ ഘുവിലേയ്ക്ക് ചുരുക്കുന്നു. അതെനിക്ക് തെളിമയും കൃത്യതയും പകരുന്നു.”. തന്റെ നിശ്ചയദാർഢ്യ ശാഠ്യങ്ങളുടെ പിന്നിലെ എഞ്ചുവടി രഹസ്യം തുറന്നുവച്ചുകൊണ്ട് അന്ന് ഗൗരി ചിരിച്ചു. ആ ചിരിയുടെ മുഴക്കം അന്ന് പ്രസ് ക്ലബ്ബിന്രെ പുറത്തെ അങ്കണത്തിൽ മുഴങ്ങി.

കഴിഞ്ഞ ഒക്ടോബറിലോ മറ്റോ ഗിരീഷ് നിഗവുമായും ഉമാപതിയുമായും ഒത്തുചേർന്ന് ഗൗരിയെ ഡൽഹിയിൽ വീണ്ടും സ്വീകരിച്ചപ്പോഴും ആ ചിരിയുടെ മണിമുഴക്കം പലസമയത്തും പ്രസ് ക്ലബ്ബ് അങ്കണത്തിൽ പ്രതിധ്വനിച്ചു. 2005ൽ നിന്നും വ്യത്യസ്തമായി വലിയ സമരങ്ങളിലൂടെ ഗൗരി കടന്നുപോവുകയായിരുന്നു. ഹിന്ദുത്വയുടെ സോഷ്യൽ മീഡിയാ പോരാളികൾ ഗൗരിയെ നിരന്തരമായി കടന്നാക്രമിച്ചു. വായിൽ തോന്നിയ പേരുകൾ വിളിച്ചു. ഭീഷണികൾ മുഴക്കി. “കെട്ടകാലമാണിത്, വ്യക്തിപരമായി പോലും ഞാനിന്ന് മുമ്പില്ലാത്ത അപായങ്ങളുടെ മുന്നിലാണ്. പക്ഷേ, എന്രെ  മൂല്യങ്ങളുടെ എഞ്ചുവടി തെറ്റല്ല എന്ന് എനിക്കിയാം” സച്ചിദാനന്ദമൂർത്തിക്കും ഗൗരിയുടെ മൂല്യങ്ങളുടെ എഞ്ചുവടി ശരിയാണെന്ന് അറിയാമായിരുന്നു. പക്ഷേ, പ്രായത്തിന്രെയും അനുഭവത്തിന്രെയും ഒരുപടി തൂക്കം സ്വായത്തമാക്കിയതിനാൽ മൂർത്തി പേർത്തും പേർത്തും പറഞ്ഞിരുന്നത് ജാഗ്രത, ജാഗ്രത എന്നാണ്. ഇന്ന് ഗൗരിയെ ഇല്ലാതാക്കിയ ഈ ദിവസത്തിന്  മുന്നിൽ നിൽക്കുമ്പോൾ അവളിലൂടെ പ്രതിനിധാനം ചെയ്യപ്പെട്ട മൂല്യങ്ങളുടെ പ്രസക്തിയും സച്ചിദാനന്ദമൂർത്തിയുടെ ജാഗരൂഗത സന്ദേശവും നമ്മുക്ക് മുന്നിൽ നിറഞ്ഞു നിൽക്കുന്നു; സ്വാതന്ത്ര്യത്തിന്രെ സമസ്ത രൂപങ്ങളെയും, ആശയപ്രകാശനത്തിന്രെ സ്വാതന്ത്ര്യം മുതൽ സ്വന്തം വിശ്വാസങ്ങളിലധിഷ്ഠിതമായി ജീവിക്കാനുളള സ്വാതന്ത്ര്യം വരെയും അതിനിടിയിലുളള പല മാനങ്ങളിലുളള സ്വാതന്ത്ര്യങ്ങളെയും സ്വാംശീകരിക്കുന്ന അതിന്രെ നിലനിൽപ്പിനെയും തുടർച്ചയെയും പൂർത്തീകരണത്തെയും ഉറപ്പാക്കാൻ പര്യാപ്തമായ ഒരു ദ്വന്ദമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ