‘മഹാത്മജി പ്രചരിപ്പിച്ച സ്നേഹത്തിന്റെയും അഹിംസയുടെയും സന്ദേശം മുന്നോട്ടു കൊണ്ടു പോകുക. നാമെല്ലാം ചെയ്ത പാപങ്ങൾക്ക് സ്വന്തം ജീവൻ വിലയായി കൊടുക്കേണ്ടി വന്നു ലോകത്തിലെ ഏറ്റവും മഹാനായ ഈ വ്യക്തിക്ക് എന്നത് നമുക്കു നാണക്കേടാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ നാം അനുധാവനം ചെയ്തില്ല; മരിച്ചശേഷമെങ്കിലും ആ കാലടികൾ നമുക്കു് പിന്തുടരാം…”
1948 ജനുവരി 30 ന് ഗാന്ധി കൊല്ലപ്പെട്ടതറിഞ്ഞപ്പോൾ ഇന്ത്യയുടെ അഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ റേഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്കാരോട് പറഞ്ഞ വാചകങ്ങളാണിത്. ഗാന്ധി വധത്തിനു ശേഷം പ്രതികാര ചിന്ത അരുതെന്നും അദ്ദേഹം ജനതയോട് അപേക്ഷിച്ചു.
ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഒരു കാര്യം വ്യക്തമാണ്. നമ്മൾ പിന്നെയും പിന്നെയും നാണക്കേടുകളെ അനുധാവനം ചെയ്തു കൊണ്ടിരുന്നു. ഗാന്ധിജിയെ മറന്നു കൊണ്ട് നമ്മൾ ഗാന്ധി പ്രതിമകളിൽ തൃപ്തിയടഞ്ഞു. ഗാന്ധിയെ നഷ്ടപ്പെട്ട ഒരിന്ത്യയാണ് ഈ ജന്മവാർഷികത്തിന്റെ ആഘോഷത്തിൽ പങ്കാളിയാവുന്നത്. പട്ടേൽ ആവശ്യപ്പെട്ടതു പോലെ മരണാനന്തരവും ആ കാലടികൾ പിന്തുടരാൻ നമ്മൾ തയ്യാറായില്ല. മറ്റു പലരേയും പോലെ ഒരു ചരിത്ര പുരുഷൻ എന്ന നിലയിലേക്ക് അദ്ദേഹത്തെ നമ്മൾ ചുരുക്കി വായിച്ചു. സവർക്കറിന്റെയും ഗോഡ്സെയുടെയും പ്രതിമകളോടൊപ്പം ഗാന്ധി പ്രതിമയ്ക്കും നിലകൊള്ളേണ്ടിവന്നു. ആ വൈരുദ്ധ്യം ആഘോഷിക്കപ്പെടുന്ന വേളയിലാണ് ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനം കടന്നു പോകുന്നത്.
ഗാന്ധിജി നാഥുറാം വിനായക് ഗോഡ്സെയുടെ തോക്കിന്റെ ഇരയായി എന്ന യാഥാർത്ഥ്യം അറിഞ്ഞപ്പോൾ ഇന്ത്യ നിശ്ശബ്ദയായിപ്പോയിരുന്നു. ഇന്ത്യയുടെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വായു വേഗത്തിൽ വ്യാപിച്ച ദുഃഖസാന്ദ്രമായ ഒരു നിശ്ശബ്ദതയുണ്ട്. അത് രാജ്യത്തെ ഒന്നാകെ ആവരണം ചെയ്ത ഒരു നിശ്ശബ്ദതയായിരുന്നു. (പ്രൊഫസർ പീറ്റർ റൊണാൾഡ് ഡിസൂസ എഴുതിയ “സ്പീക്കിങ്ങ് ഓഫ് ഗാന്ധിജീസ് ഡെത്ത്” (2010) എന്ന ഗ്രന്ഥത്തിൽ ഇതേപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്). ആ വേദനയിൽ നിന്ന് നമ്മൾ ഒന്നും പഠിച്ചില്ല എന്നതാണ് ഏറെ ദു:ഖകരം. നമ്മളിന്നും നിശ്ശബ്ദരാണ്. അത് വേദനകൊണ്ടല്ല, ഭയം കൊണ്ടാണെന്നു മാത്രം.
ഗാന്ധിജി എന്താണ് ഒരു ജനത എന്ന നിലയിൽ ഇന്ത്യക്കാരോട് പറഞ്ഞത്?
ഭയപ്പെടാതിരിക്കുക എന്നായിരുന്നു അത്. ഭയം കൊണ്ടുള്ള നിശ്ശബ്ദതയ്ക്കെതിരെയാണ് ഗാന്ധിജി പോരാടിയത്. ഇന്ത്യക്കാരന്റെ ഭയത്തെയാണ് ഗാന്ധിജി അദ്ദേഹത്തിന്റെ കാലത്ത് ഇല്ലായ്മ ചെയ്തത്. ബ്രിട്ടീഷ് ഭരണത്തിനോടുള്ള ഇന്ത്യക്കാരന്റെ ഭയത്തെ ഇല്ലായ്മ ചെയ്യാൻ സാധിച്ചതുകൊണ്ടാണ് ഗാന്ധിജി മഹാത്മാവായത്. ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തിലേക്കു് ഓരോ ഇന്ത്യക്കാരനെയും കൂട്ടിയിണക്കാൻ ഗാന്ധിജിക്ക് സാധിച്ചത് ഈ ഭയ ചികിത്സ വിജയിച്ചതുകൊണ്ടാണ്. അസാധാരണമായ ഒരു നീക്കമായിരുന്നു അത്. അതെങ്ങനെ ഗാന്ധിജിക്ക് സാധിച്ചു എന്നതാണ് നമ്മൾ പഠിക്കേണ്ടത്. അങ്ങനെയാണ് ഗാന്ധിജിയെ പിന്തുടരേണ്ടത്. അല്ലാതെ, ഗാന്ധിജിയുടെ ജീവിതരീതികളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു് പറിച്ചു നട്ടു കൊണ്ടല്ല. ആ ജീവിതരീതികൾ അദ്ദേഹം ബോധപൂർവ്വം സ്വീകരിച്ചതാണ്. അവയെല്ലാം അദ്ദേഹത്തിന്റെ മുന്നിലെ ഇന്ത്യ ആവശ്യപ്പെട്ട വഴികളായിരുന്നു. അവയ്ക്ക് പുറകിലെല്ലാം ഓരോ ലക്ഷ്യമുണ്ടായിരുന്നു. ഓരോന്നും ഓരോ സന്ദേശമായിരുന്നു. ഇന്ത്യയെന്ന സ്വരൂപത്തിലേക്ക് ഇന്ത്യയിലെ കോടിക്കണക്കിന് നിരക്ഷരരായ പാവപ്പെട്ട, വിവിധ മത-ജാതി-സംസ്കാരങ്ങളാൽ കെട്ടപ്പെട്ട മനുഷ്യരെ ഒരുമിപ്പിക്കുവാൻ ഗാന്ധി കണ്ടെത്തിയ വഴികളായിരുന്ന അവ. സ്വന്തം ജീവിതത്തെ സന്ദേശമാക്കി അവരിലേക്ക് കടന്നു ചെന്ന് അവരുടെ വിശ്വാസം നേടുക. ഇതിൽപ്പരം എന്താണ് ഒരു നേതാവ് ചെയ്യേണ്ടത്? ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് എന്ന സ്ഥാനം ഗാന്ധിജിയ്ക്കുള്ളതാണ്.
ഒരു നേതാവെന്ന നിലയിൽ ഗാന്ധിജി എങ്ങനെയാണ് തുടക്കം കുറിച്ചത് എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. താൻ നേതൃത്വം കൊടുക്കാൻ പോകുന്ന ജനങ്ങളെ അടുത്തറിയുക എന്ന ഭഗീരഥ പ്രയത്നത്തിനാണ് അദ്ദേഹം മുൻതൂക്കം കൊടുത്തത്. ഇന്ത്യയെ അറിയാനായി അദ്ദേഹം നടത്തിയ യാത്രകൾ ചരിത്ര സംഭവമായിരുന്നു. ഇന്ത്യയുടെ തലങ്ങും വിലങ്ങും അദ്ദേഹം സഞ്ചരിച്ചു. അതും സാധാരണക്കാരന്റെ വഴികളിലൂടെ. അതദ്ദേഹം മരണം വരെ തുടരുകയും ചെയ്തു. അതോടെ രണ്ടു പ്രധാന കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. ഒന്ന് ഗാന്ധിജി ഇന്ത്യയെ അറിഞ്ഞു. അതുപോലെ ഇന്ത്യ ഗാന്ധിയെന്ന നേതാവിനെ അറിഞ്ഞു. ഈ അറിവിലൂടെ സംഭവിച്ച പാരസ്പര്യമാണ് ഗാന്ധിയെന്ന പ്രസ്ഥാനത്തെ വളർത്തിയത്. അറിവ് നിരന്തരം പുതുക്കേണ്ടതാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതിനാൽ മരണം വരെ ആ യാത്രകൾ തുടർന്നുകൊണ്ടിരുന്നു. അദ്ദേഹം ഓരോ ഇന്ത്യക്കാരന്റെയും നേതാവായി. അവരെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളായി. അവരോട് അശയ സംവേദനം നടത്താൻ അദ്ദേഹത്തിന് പരസഹായം വേണ്ടി വന്നില്ല. ഭാഷ പോലും തടസ്സമായില്ല. ഇതാണ് ഗാന്ധിയിൽ നിന്ന് നമ്മൾ പഠിക്കേണ്ട പാഠം . ഇന്നിപ്പോൾ ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ നമ്മുടെ നേതാക്കൾ കണ്ടെത്തുന്ന വഴികൾ ഇതോടൊപ്പം ചേർത്തു വായിക്കുന്നത് നന്നായിരിക്കും. അവർ രാജ്യത്തിന്റെ പേരിൽ ഒരു ഭാഷ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. ഒരു മതത്തെ രാജ്യത്തിന്റെ മതമാക്കാൻ ശ്രമിക്കുന്നു.
ഗാന്ധിജി ആരെയും ഭയപ്പെട്ടില്ല. ഗാന്ധിജിയേയും ആരും ഭയപ്പെട്ടില്ല. ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യയ്ക്കും ഗാന്ധിജിയ്ക്കും കരുത്തായി നിന്നത് ഈ ഭയമില്ലായ്മയാണ്. അതിലൂടെയാണ് ഇന്ത്യ സ്വതന്ത്രയായത്. ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ഗാന്ധിജി ആദ്യം ഇന്ത്യക്കാർക്ക് നേടിക്കൊടുത്തത്. അതിലൂടെയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തിയത്.
ഇന്ത്യ സ്വതന്ത്രയായതോടെ ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ഭയചകിതരായി. അവർ ഗാന്ധിജിയെ ഭയന്നു തുടങ്ങി. അവരുടെ ലക്ഷ്യം വർഗീയതയായിരുന്നു. അതിനു മുന്നിലെ വലിയ തടസ്സം ഗാന്ധിയെന്ന മനുഷ്യനായിരുന്നു. ഓർക്കുക അപ്പോഴും ഗാന്ധി ഭയന്നില്ല. വർഗീയ ലഹളകളെപ്പോലും അദ്ദേഹം ഭയരഹിതമായി നേരിട്ടു. എന്നാൽ ഹിന്ദുത്വ വാദികൾ ഉറപ്പിച്ചിരുന്നു. അവർക്ക് ഗാന്ധിയെന്ന ഭയത്തെ ഇല്ലാതാക്കണമായിരുന്നു. ഒടുക്കം 1948 ജനുവരി മുപ്പതിന് ഗോഡ്സെയുടെ തോക്ക് അത് നിർവഹിച്ചു. അതിലെ ഉണ്ടകൾ ഹിന്ദുത്വത്തിന്റേതായിരുന്നു.
പിന്നെയും പതിറ്റാണ്ടുകൾ വേണ്ടിവന്നു ആ തോക്കിന് ലക്ഷ്യം കാണാൻ. ഇന്ത്യക്കാരനെ ഭയപ്പെടുത്തി വരുതിയിലാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ. ഇന്ന് നമ്മൾ നിശ്ശബ്ദരായിക്കൊണ്ടിരിക്കുന്നു. ഗാന്ധിപ്രതിമകളുടെ ഇന്ത്യയിൽ ഭയം പടരുന്നുണ്ട്.
ഗാന്ധിയിൽ നിന്ന് അകന്ന ഇന്ത്യയിൽ ഭയപ്പെടുത്തുന്ന നിശ്ശബ്ദത പടരുന്നുണ്ട്
ഇന്ത്യക്കാരനാവാൻ പല ചേരുവകകളും ആവശ്യമായ ഇന്ത്യയാണിത്. കാരണം ഇത് ഗാന്ധിയുടെ ഇന്ത്യയല്ല. ഗാന്ധിയുടെ പരിശ്രമം കൊണ്ട് സ്വരൂപം കൊണ്ട ആ ഇന്ത്യയെ അപനിർമ്മിക്കുന്നതിൽ ആരൊക്കയോ വിജയം കണ്ടിരിക്കുന്നു. അത് കൂട്ടിച്ചേരലിന്റെ ഇന്ത്യയായിരുന്നു. വൈവിദ്ധ്യങ്ങളുടെ സമരസപ്പെടലായിരുന്നു . ഇന്നത് നേർവിപരീത ദിശയിലേക്ക് സഞ്ചരിക്കുകയാണ്.
ഈ പ്രതിസന്ധിയിലും ഗാന്ധിജിയാണ് വഴി. പ്രതിമകളിൽ നിന്ന് ഗാന്ധിജിയെ മോചിപ്പിക്കണം.
ചരിത്രത്തിൽ നിന്ന് ഗാന്ധിജിയെ ഉൾക്കൊള്ളണം. ഭയമില്ലാത്ത ഇന്ത്യക്കാരനെ സൃഷ്ടിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്ക് കഴിയും. വർഗീയതയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഗാന്ധിയൻ ദർശനത്തിന് കഴിയും. അസത്യനിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്ക് കഴിയും.
ഗാന്ധിജി ഒരു കഥയായിരുന്നില്ല. കുറെ കഥകളുടെ കൂട്ടവുമല്ല. വലിയൊരു കാലഘട്ടത്തിനുമേൽ സ്വാധീനവലയം തീർത്ത യാഥാർത്ഥ്യമായിരുന്നു. ഗാന്ധിയെ വെറും കഥകളാക്കി മാറ്റാൻ പലരും കിണഞ്ഞു പരിശ്രമിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതും ഗാന്ധി മുൻകുട്ടി കണ്ടിരുന്നു എന്നു വേണം മനസ്സിലാക്കാൻ. അതിനാലാവാണം തന്റെ ജീവിതം മുഴുവൻ അദ്ദേഹം രേഖപ്പെടുത്തി കടന്നു പോയത്. സ്വന്തം ജീവിതത്തെ ഇത്രയേറെ തുറന്നു വെച്ച മറ്റൊരാൾ ലോക ചരിത്രത്തിലില്ല. നമ്മൾ സൗകര്യപൂർവ്വം കഥകൾ മെനഞ്ഞെടുക്കുമ്പോൾ പ്രതിരോധിക്കാൻ നൂറു വോള്യങ്ങളുള്ള ഗാന്ധിയുടെ സമ്പൂർണ്ണ ജീവിതം രംഗത്തെത്തും. ദീർഘവീക്ഷണത്തിന്റെ കൊടുമുടിയായിരുന്നു ആ ചെറിയ മനുഷ്യൻ.
ഗാന്ധി ഇപ്പോഴും സ്വയം തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നൂറ്റമ്പതാം വയസ്സിലും പുതിയ വസ്തുതകൾക്കും യാഥാർത്ഥ്യങ്ങൾക്കും അനുസരിച്ച് സ്വയം നവീകരിക്കപ്പെടാനുള്ള കരുത്ത് ഗാന്ധിയൻ ശരികൾക്കുണ്ട്. ഗാന്ധിയൻ തെറ്റുകളെ അദ്ദേഹത്തെ ഭയപ്പെട്ട, കൊലപ്പെടുത്തിയ വർഗീയ വാദികൾക്ക് വിട്ടുകൊടുക്കാം. ആ ശരികളെ നമ്മൾ ഭാരതീയർക്ക് ഏറ്റെടുക്കാം.
ഭാരതത്തിന്റെ വൈവിദ്ധ്യത്തെ അതിന്റെ ആഴത്തിൽ മനസ്സിലാക്കി ഗാന്ധി സൃഷ്ടിച്ചതാണ് നമ്മുടെ ഇന്ത്യ. ആ ഇന്ത്യയുടെ നിർവചനത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ ഇഴകിച്ചേർന്നിട്ടുണ്ട്. കാരണം അവ ഭാരതീയ മൂല്യങ്ങളായിരുന്നു. അവയ്ക്ക് പകരമാവുന്നില്ല ഒരു പ്രതിമയും.
നമുക്ക് പട്ടേലിലേക്കു കൂടി മടങ്ങിപ്പോകാം .പട്ടേൽ പരാജയപ്പെട്ടു. ആദ്യം ഗാന്ധിജിയെ സംരക്ഷിക്കുന്നതിൽ. പിന്നീട് അദ്ദേഹം ആവശ്യപ്പെട്ടതുപോലെ, ഇന്ത്യക്കാരെക്കൊണ്ട് ഗാന്ധിയുടെ കാലടികൾ പിന്തുടരുന്നതിൽ. നമുക്ക് പ്രതിമകളിൽ നിന്നാണ് മോചനം നേടേണ്ടത്.