ഭൂമിയുടെ രണ്ട് അര്‍ധഗോളങ്ങളിലും അക്ഷാംശം 30 ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന മധ്യ അക്ഷാംശമേഖലയില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് കിഴക്കോട്ട് സ്ഥിരമായി വീശുന്ന കാറ്റുകളാണ് പശ്ചിമവാതങ്ങള്‍ (Westerlies). ഉപോഷ്ണ മേഖലയിലെ അതിമര്‍ദ മേഖലയ്ക്കും ധ്രുവപ്രദേശങ്ങളിലെ നീചമര്‍ദ മേഖലകള്‍ക്കും ഇടയിലാണ് ഇവ വീശുന്നത്. 30 ഡിഗ്രി അക്ഷാംശത്തിലെ അതിമര്‍ദ്ദമേഖലകളില്‍നിന്ന് ഉത്ഭവിച്ച് ധ്രുവമേഖലകളുടെ ദിശയിലേക്ക് വീശുന്നവയാണീ കാറ്റുകള്‍.
ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കുപുറമേവീശുന്ന ചുഴലിവാതങ്ങളുടെ ദിശനിയന്ത്രിക്കുന്നതില്‍ പശ്ചിമവാതങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ രൂപം കൊള്ളുന്ന ചുഴലിവാതങ്ങളില്‍ ചിലവ 30 ഡിഗ്രി അക്ഷാംശത്തില്‍ സ്ഥിതിചെയ്യുന്ന ഉച്ചമര്‍ദപാത്തി മറികടന്ന് മധ്യ അക്ഷാംശ മേഖലയില്‍ പ്രവേശിക്കുമ്പോള്‍, പശ്ചിമവാതങ്ങളുടെ നിയന്ത്രണത്തിന് വിധേയമായി അവക്ക് ദിശാവ്യതിയാനം ഉണ്ടാകാറുണ്ട്. ഉത്തരാര്‍ധഗോളത്തില്‍ പ്രധാനമായും തെക്കുപടിഞ്ഞാറ് (Southwest Westerlies) ദിശയില്‍നിന്നും ദക്ഷിണാര്‍ധഗോളത്തില്‍ വടക്കുപടിഞ്ഞാറ് (Northwest Westerlies) ദിശയില്‍നിന്നുമാണ് പശ്ചിമവാതങ്ങള്‍ വീശുന്നത്.
താഴ്ന്നമേഖലകളില്‍ ശൈത്യം അനുഭവപ്പെടുന്ന സമയത്തോ, അതുമല്ലെങ്കില്‍ ധ്രുവപ്രദേശങ്ങളില്‍ താരതമ്യേന മര്‍ദം വളരെ കുറവ് അനുഭവപ്പെടുന്ന സമയങ്ങളിലോ അതാത് അര്‍ധഗോളങ്ങളില്‍ പശ്ചിമവാതങ്ങള്‍ക്കു ശക്തിയേറും. മറിച്ച്, വേനല്‍ക്കാലങ്ങളിലും ധ്രുവപ്രദേശങ്ങളില്‍ ഉയര്‍ന്ന മര്‍ദം അനുഭവപ്പെടുന്ന കാലങ്ങളിലും ഇവ ദുര്‍ബലമാകും.
ദക്ഷിണാര്‍ധഗോളത്തില്‍ പശ്ചിമവാതങ്ങള്‍ താരതമ്യേന ശക്തിയേറിയവയാണ്. ഉത്തരാര്‍ധഗോളത്തെ അപേക്ഷിച്ച് സമുദ്രത്തില്‍ ഭൂഖണ്ഡസാന്നിധ്യം വളരെക്കുറഞ്ഞ അവസ്ഥയാണ് കാരണം. ഭൂഖണ്ഡ സാന്നിധ്യം പശ്ചിമവാതങ്ങളുടെ ശക്തിക്ഷയിക്കാന്‍ കാരണമാകുന്നു. അക്ഷാംശം 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയ്ക്കു വീശുന്ന പശ്ചിമ വാതങ്ങളാണ് ഏറ്റവും ശക്തിയേറിയവ. ഭൂമധ്യരേഖാ പ്രദേശത്തുനിന്നു ചൂടുപിടിച്ച സമുദ്രജലം, കാറ്റ് എന്നിവയുടെ ഗതി നിയന്ത്രിച്ച് ദക്ഷിണാര്‍ധഗോളത്തിലെ ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറന്‍തീരത്തേക്കു നയിക്കുന്നതില്‍ വരെ പശ്ചിമവാതങ്ങള്‍ക്ക് അതിപ്രധാന പങ്കുണ്ട്.
ഓരോ വര്‍ഷവും വ്യത്യസ്ത കാലങ്ങളില്‍ പശ്ചിമവാതങ്ങളുടെ ശക്തിയില്‍ വ്യതിയാനം ഉണ്ടാകാറുണ്ട്. ധ്രുവപ്രദേശങ്ങളില്‍ വീശുന്ന ചുഴലിവാതങ്ങളാണ് ഇതിനു കാരണമാവുന്നത്. ഇത്തരം ചുഴലിവാതങ്ങള്‍ ശൈത്യകാലത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. അതിനെത്തുടര്‍ന്ന് പശ്ചിമവാതങ്ങളും അതിശക്തമാവുന്നു. വേനല്‍ക്കാലത്ത് ചുഴലിവാതങ്ങളുടെ ശക്തി ക്ഷയിക്കുന്നതോടൊപ്പം പശ്ചിമവാതങ്ങളും ദുര്‍ബലമാവുന്നു. ഗോബി മരുഭൂമിയില്‍നിന്നു കാറ്റുകളില്‍ അകപ്പെട്ട്, ഏറെ ദൂരം കിഴക്കോട്ട് സഞ്ചരിച്ച് വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന മാലിന്യ-സമ്മിശ്രിത മണല്‍ത്തരികളുടെ സാന്നിധ്യം പശ്ചിമവാതങ്ങളുടെ ഗതി, മാര്‍ഗം, ശക്തി എന്നിവയെ വെളിപ്പെടുത്തുന്നു.
സമുദ്രത്തില്‍ ഭൂഖണ്ഡങ്ങള്‍, ദ്വീപുകള്‍ തുടങ്ങിയ കരപ്രദേശങ്ങള്‍ വളരെ കുറവ് മാത്രമുള്ള ദക്ഷിണാര്‍ധഗോളത്തില്‍ പശ്ചിമവാതങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു. അതിവിസ്തൃതവും ഭൂഖണ്ഡസാന്നിധ്യം കുറഞ്ഞതുമായ സമുദ്രമേഖലയുള്ളതിനാല്‍ ദക്ഷിണാര്‍ധഗോളം കാറ്റുകളാല്‍ സമൃദ്ധവും ബാഷ്പീകരണത്തോത് കൂടുതലായതിനാല്‍ മേഘസമ്പന്നവുമാണ്. പശ്ചിമവാതങ്ങള്‍, ഏറ്റവും ശക്തമായ ദക്ഷിണാര്‍ദ്ധഗോളത്തില്‍, അവ വീശുന്ന അക്ഷാംശങ്ങള്‍ക്കനുസരിച്ച് അവയെ ‘മുരളുന്ന നാല്‍പ്പതുകള്‍”(Roaring Forties), ‘ക്ഷുബ്ധമായ അന്‍പതുകള്‍’ (Furious Fifties), ‘അലറുന്ന അറുപതുകള്‍”(Screaming Sixties) എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. അറ്റലാന്റിക് മഹാസമുദ്രം, ശാന്തസമുദ്രം എന്നിവിടങ്ങളിലെ 30 ഡിഗ്രി അക്ഷാംശത്തില്‍ ഒരു അതിമര്‍ദമേഖല നീണ്ടുകിടക്കുന്നുണ്ട്. ഈ മേഖലയില്‍ ഭൂമിയുടെ ഇരു അര്‍ധഗോളങ്ങളിലും സമുദ്രജലപ്രവാഹങ്ങള്‍ക്കും ഗതിമാറ്റം സംഭവിക്കുന്നു. ദക്ഷിണാര്‍ധഗോളത്തെ അപേക്ഷിച്ച്, ഭൂഖണ്ഡങ്ങള്‍ കൂടുതലുള്ള ഉത്തരാര്‍ധഗോളത്തില്‍ പ്രവാഹങ്ങള്‍ ദുര്‍ബലമാണ്.
പശ്ചിമവാതങ്ങള്‍ ധ്രുപ്രദേശങ്ങളിലേക്ക് കടന്നുകയറുന്നുവോ?
പടിഞ്ഞാറന്‍ കാറ്റുകള്‍ (Westerlies) ആഗോളകാലാവസ്ഥാ വ്യൂഹത്തിന്റെ അടിസ്ഥാന നിയന്താക്കളിലൊന്നാണ്. സമുദ്രജലപര്യയന വ്യവസ്ഥ, അന്തരീക്ഷ-സമുദ്രജല താപ നിയന്ത്രണം, കാര്‍ബണ്‍ഡയോക്സൈഡ് വാതകത്തിന്റെ അന്തരീക്ഷ-സമുദ്ര വിനിമയം എന്നീ പ്രവര്‍ത്തനങ്ങളില്‍ ഈ കാറ്റുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. വര്‍ഷപാതക്രമം, സമുദ്രപര്യയന വ്യവസ്ഥകള്‍, ഉഷ്ണമേഖലാ ചുഴലിവാതങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നതുമൂലം പ്രാദേശിക കാലാവസ്ഥയിന്മേല്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവയാണ് പശ്ചിമവാതങ്ങള്‍. ആയതിനാല്‍ നിലവിലെ താപനസാഹചര്യങ്ങളില്‍ ഇവ എപ്രകാരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന് വിലയിരുത്തുന്നത് അതിപ്രധാനമാണ്. ഭൂമിയുടെ മധ്യഅക്ഷാംശങ്ങളില്‍ പടിഞ്ഞാറുനിന്ന് കിഴക്ക് ദിശയിലേക്കാണ് സാധാരണ ഗതിയില്‍ പശ്ചിമവാതങ്ങള്‍ വീശാറുള്ളത്. എന്നാല്‍, കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ കാറ്റുകളുടെ സഞ്ചാരപഥം മധ്യ അക്ഷാംശങ്ങളും മറികടന്ന് ധ്രുവമേഖലയിലേക്ക് കടക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. താപവര്‍ധനവില്‍ അധിഷ്ഠിതമായ കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നാണ് കണ്ടെത്തല്‍.
അന്തരീക്ഷത്തിലേക്കു കൂടിയതോതില്‍ കാര്‍ബണ്‍ഡയോക്സൈഡ് എത്തിച്ചേരുകയും തല്‍ഫലമായി താപനമേറുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ പശ്ചിമവാതങ്ങളുടെ ധ്രുവോന്മുഖസഞ്ചാരം തുടരുമോയെന്നാണ് ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നത്. പൗരാണിക കാലഘട്ടങ്ങളില്‍ സമാനസാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അക്കാലത്ത് പശ്ചിമവാതങ്ങളുടെ പ്രകൃതം സംബന്ധിച്ചുള്ള അറിവ് പരിമിതമായതിനാല്‍ ഈ പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുന്നത് അതീവദുഷ്‌കരമാണ്.
ഫോസില്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് പൗരാണികകാലത്തെ കാലാവസ്ഥയും പശ്ചിമവാതങ്ങളുടെ സഞ്ചാരപഥങ്ങളും അപഗ്രഥിക്കപ്പെട്ടിട്ടുണ്ട്. പുരാതനകാലങ്ങളിലെ കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളില്‍ അന്തരീക്ഷപര്യയന വ്യവസ്ഥ, പശ്ചിമവാതങ്ങളുടെ സഞ്ചാരപഥങ്ങള്‍, പ്രകൃതങ്ങള്‍ എന്നിവ എപ്രകാരമായിരുന്നുവെന്നുള്ള ചോദ്യങ്ങള്‍ക്ക് പാലിയോക്ലൈമറ്റോളജി (Paleo-Climatology) എന്ന ശാസ്ത്രശാഖ അഥവാ ഫോസില്‍- പഠനാധിഷ്ഠിത കാലാവസ്ഥാ ശാസ്ത്രം സൂചനകള്‍ നല്‍കുന്നു. ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ പൗരാണികമായ കാലങ്ങളില്‍ മാത്രമല്ല, വിദൂരഭാവിയില്‍ പോലും താപനം, കാലാവസ്ഥാവ്യതിയാനം എന്നീ സാഹചര്യങ്ങളില്‍ കാറ്റുകളുടെ സഞ്ചാരപഥം, പ്രകൃതം എന്നിവയില്‍ ഉണ്ടാകാനിടയുള്ള വ്യതിയാനങ്ങളെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നുവെന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം.
അപഗ്രഥനം എങ്ങനെ?
അഗാധ സമുദ്രതലങ്ങളില്‍നിന്ന് ശേഖരിച്ച പഴക്കം ചെന്ന അവസാദങ്ങളില്‍ അടങ്ങിയിട്ടുള്ള പൊടിമണലിന്റെ യഥാര്‍ത്ഥ ഉറവിടം, പ്രകൃതം, തോത് എന്നിവ കാറ്റുകളുടെ സഞ്ചാര പഥം അറിയാനുള്ള ഒരു ഉപാധി എന്ന നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരെയുള്ള കാലഘട്ടത്തിലെ കാറ്റുകളുടെ ഗതിവിഗതികള്‍ വിശകലനം ചെയ്യുവാന്‍ ഇത്തരം പ്രാകൃതമണല്‍തരികളുടെ അപഗ്രഥനം വഴി കഴിഞ്ഞിട്ടുണ്ട്. മരുഭൂമികളില്‍നിന്ന് വിദൂര സ്ഥലങ്ങളിലേക്കു കാറ്റുകള്‍ വഹിച്ചുകൊണ്ട് പോകുന്ന ലക്ഷക്കണക്കിന ധൂളീ / മണല്‍ത്തരികളില്‍ പലതും ചിലത് സമുദ്രങ്ങളില്‍ (ഉത്തര-ശാന്തസമുദ്രം) പതിക്കാനിടയാകുന്നു. അഗാധസമുദ്രതലങ്ങളിലെത്തിച്ചേരുന്ന ഇവ അവസാദങ്ങളോടൊപ്പം കൂടിക്കലരുന്നു.
പൗരാണികകാലം മുതല്‍ വീശിയിരുന്ന പടിഞ്ഞാറന്‍കാറ്റുകളുടെ ഗതിയും പ്രകൃതിയും വിശകലനം ചെയ്യാന്‍ ഉത്തര-ശാന്തസമുദ്രത്തിലെ അഗാധതലങ്ങളില്‍ നിന്നെടുത്ത അവസാദങ്ങള്‍ ശാസ്ത്രകാരന്മാര്‍ പരിശോധനാ വിധേയമാക്കി. മരുസമ്പന്നമായ പൂര്‍വേഷ്യയില്‍നിന്ന് വീശുന്ന കാറ്റുകള്‍ കടന്നുപോകുന്ന പ്രദേശം കൂടിയാണ് ഉത്തര-ശാന്തസമുദ്രമേഖല. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ പൂര്‍വേഷ്യന്‍ പ്രദേശങ്ങള്‍ മണലാരണ്യങ്ങളായിരുന്നു.
പരസ്പരം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന ഉത്തര-പസഫിക് സമുദ്രത്തിലെ രണ്ട് വ്യത്യസ്ത ഇടങ്ങളില്‍നിന്ന് ശേഖരിച്ച അഗാധസമുദ്രതലാവശിഷ്ടങ്ങള്‍ പരിശോധിക്കപ്പെട്ടപ്പോള്‍ അവയില്‍ പൂര്‍വേഷ്യന്‍ മണലാരണ്യങ്ങളില്‍നിന്നുള്ള പൊടിമണലിന്റെ സാന്നിധ്യം തിരിച്ചറിയപ്പെട്ടു. വിദൂരപ്രദേശങ്ങളില്‍നിന്ന എത്തിച്ചേര്‍ന്ന മണല്‍ത്തരികള്‍, മാലിന്യാവശിഷ്ടങ്ങള്‍ എന്നിവ അവയുടെ ഉത്ഭവസ്ഥലങ്ങള്‍, അവയെ വഹിച്ചുകൊണ്ട് വന്നിരിക്കാനിടയുള്ള കാറ്റുകളുടെ സഞ്ചാരപഥം, സഞ്ചാരദൂരം, സഞ്ചാരകാലഘട്ടം, ശക്തി എന്നിവ സംബന്ധിച്ച വിവരങ്ങളുടെ ഒരു ഏകോപിത ചിത്രം നല്‍കുന്നു.
ഇതുകൂടാതെ, അറ്റ്‌ലാന്റ്റിക് സമുദ്രത്തിലെ മാരിയോണ്‍ ദ്വീപിലെ ഒരു തീരദേശ തടാകത്തില്‍നിന്നുംശേഖരിച്ച റേഡിയോകാര്‍ബണ്‍-അങ്കിത അവശിഷ്ടങ്ങളുടെ അപഗ്രഥനത്തിലൂടെ കഴിഞ്ഞ 700 വര്‍ഷങ്ങളിലെ കാറ്റുകളുടെ വിന്യാസവും പ്രകൃതവും പര്യയനവും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുകയുണ്ടായി. ദക്ഷിണാഫ്രിക്കയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മാരിയോണ്‍ ദ്വീപ് കാറ്റുകളുടെ സഞ്ചാരപാതയില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ്. അതിസൂക്ഷ്മ കടല്‍ പായലുകളില്‍ അടങ്ങിയിട്ടുള്ള ലവണാംശങ്ങള്‍, അഗാധസമുദ്രതലങ്ങളില്‍നിന്ന് ശേഖരിക്കപ്പെട്ട അവസാദങ്ങളില്‍ അടങ്ങിയിട്ടുള്ളതും കാറ്റ് വഴി വിദൂരസ്ഥലങ്ങളില്‍നിന്ന് എത്തിച്ചേരാനിടയുള്ളതുമായ പൊടിപടലങ്ങള്‍ എന്നിവയെ താരതമ്യ പഠനം ചെയ്തുകൊണ്ടാണ് പൗരാണികകാലങ്ങളിലെ കാറ്റുകളുടെ ശക്തി, സഞ്ചാരപഥം എന്നിവ ശാസ്ത്രജ്ഞര്‍ തിട്ടപ്പെടുത്തിയത്.
താപനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി കാറ്റുകളുടെ വിന്യാസത്തിലും മാറ്റം വരുന്നുവെന്നതാണ് പൊതുവെ കാണപ്പെടുന്ന വസ്തുത. അഞ്ചു മുതല്‍ മൂന്നു വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് നിലനിന്നിരുന്ന പ്ലിയോസീന്‍ (Pleocene) കാലഘട്ടത്തില്‍ ഇന്ന് അനുഭവപ്പെടുന്നതിനേക്കാള്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി സെന്റിഗ്രേഡ് കൂടിയ തോതില്‍ താപനം അനുഭവപ്പെട്ടിരുന്നു. കാര്‍ബണ്‍ഡയോക്സൈഡിന്റെ അന്തരീക്ഷ സാന്ദ്രതയാകട്ടെ ഏറെക്കുറെ ഇന്നത്തേതിന് സമാനവുമായിരുന്നു. പ്ലിയോസീന്‍ കാലഘട്ടത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് സാന്ദ്രത 350ppm-450ppനും ഇടയിലായിരുന്നുവെന്നാണ് അനുമാനം. അന്തരീക്ഷതാപമാകട്ടെ, ഇന്നത്തേതിനേക്കാള്‍ രണ്ടു മുതല്‍ നാലു വരെ ഡിഗ്രി സെന്റിഗ്രേഡ് കൂടുതലും. പ്രസ്തുത കാലഘട്ടത്തിലും പശ്ചിമവാതങ്ങളുടെ ധ്രുവമേഖലയിലേക്കുള്ള അധിനിവേശം കൂടുതലായിരുന്നു. തുടര്‍ന്ന് വന്ന തണുപ്പേറിയ ഹിമയുഗ കാലഘട്ടത്തില്‍ പശ്ചിമവാതങ്ങളുടെ ധ്രുവമേഖലയിലേക്കുള്ള അധിനിവേശ വിസ്തൃതി കുറയുകയും ചെയ്തു. ഇന്നത്തെ താപനകാലഘട്ടത്തിന് സദൃശ്യമായ ഒന്നായിരുന്നു പ്ലിയോസീന്‍ (Pleocene) കാലഘട്ടം. മനുഷ്യപ്രേരിത പ്രവൃത്തികള്‍ വഴി അന്തരീക്ഷത്തിന് ചൂടേറുന്ന പക്ഷം പ്ലീയോസീന്‍ (Pleocene) കാലഘട്ടത്തില്‍ പശ്ചിമവാതങ്ങള്‍ക്കു സംഭവിച്ച പ്രാകൃത മാറ്റത്തിന്റെ പുനരാവര്‍ത്തനം ഈ കാലഘട്ടത്തില്‍ നാം തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടി വരും.
അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കായി ഭൂഖണ്ഡത്തിനുചുറ്റുമുള്ള മേഖലയിലാണ് ഏറ്റവും ശക്തമായ പശ്ചിമവാതങ്ങള്‍ കാണപ്പെടുന്നത്. പശ്ചിമവാതങ്ങള്‍ ശക്തമായി വീശുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തെ ചുറ്റി ഒഴുകുന്ന പ്രവാഹവ്യൂഹങ്ങളെ ( അന്റാര്‍ട്ടിക്ക പ്രദക്ഷിണപ്രവാഹങ്ങള്‍ – Antarctic Circumpolar Current) ഉടനീളം സ്വാധീനിക്കുന്നു. പശ്ചിമവാതങ്ങളുടെ സമ്മര്‍ദം മൂലം അന്റാര്‍ട്ടിക്ക പ്രദക്ഷിണ പ്രവാഹങ്ങളുടെ വടക്കുഭാഗത്തുള്ള സമുദ്രമേഖലയിലെ ഇടത്തട്ടിലുള്ള സമുദ്രജലം അന്റാര്‍ട്ടിക്ക മേഖലയിലെ സമുദ്രോപരിതലത്തിലേക്ക് എത്തിച്ചേരുന്നു.
കഴിഞ്ഞ അന്‍പതോളം വര്‍ഷമായി പശ്ചിമവാതങ്ങള്‍ ദക്ഷിണ ധ്രുവോന്മുഖമായി അവയുടെ കടന്നുകയറ്റം ആരംഭിച്ചതിനാല്‍ അന്റാര്‍ട്ടിക്ക പ്രദക്ഷിണ പ്രവാഹങ്ങളുമായി കൂടുതല്‍ ചേര്‍ന്ന് പോകുകയും അതുവഴി സമുദ്രത്തിന്റെ ഇടത്തട്ടിലുള്ള ജലം മുന്‍പെന്നത്തേക്കാള്‍ അധികം സമുദ്രോപരിതലത്തില്‍ എത്തിചേരാനിടയാകുകയും ചെയ്യുന്നു. അവസാന ഹിമയുഗത്തിന്റെ പാരമ്യഘട്ടത്തില്‍, മേല്‍ സൂചിപ്പിച്ചതില്‍നിന്നു തികച്ചും വിരുദ്ധമായ സ്ഥിതിഗതികളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് ദക്ഷിണാര്‍ധഗോളത്തിലെ പശ്ചിമ വാതങ്ങള്‍ ഇന്നത്തേതിക്കാള്‍ വളരെയേറെ വടക്കുനീങ്ങിയാണ് വീശിയിരുന്നത്. അതുകൊണ്ട് തന്നെ അന്റാര്‍ട്ടിക്ക പ്രദക്ഷിണ പ്രവാഹങ്ങളുമായി ഇഴുകിച്ചേരുവാന്‍ സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, ഇടത്തട്ടില്‍ നിന്നുള്ള കാര്‍ബണ്‍ഡയോക്ള്‍സൈഡ് സമ്പന്നമായ സമുദ്രജലം അവിടെ നിന്ന് സമുദ്രോപരിതലത്തില്‍ എത്തിച്ചേര്‍ന്നിരുന്നുമില്ല.
പടിഞ്ഞാറന്‍ കാറ്റുകള്‍ വീശുന്ന സാഹചര്യത്തില്‍ സമുദ്രത്തിന്റെ ഇടത്തട്ടില്‍ നിന്ന് ഇളകി മറിഞ്ഞ സമുദ്രോപരിതലത്തിലെത്തുന്ന ജലം കാര്‍ബണ്‍ ഡയോക്സൈഡ്, സിലിക്ക, ഇതര പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന് ചുറ്റുമുള്ള സമുദ്രോപരിതല ജലത്തിലെ ജൈവോല്‍പാദനത്തിന് ഇന്ധനമായി വര്‍ത്തിക്കുന്നതും ഇവയാണ്. ജീവികളില്‍ നിന്നുള്ള സിലിക്ക കലര്‍ന്ന അവശിഷ്ടങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടിലെത്തിച്ചേര്‍ന്ന് അവസാദങ്ങളില്‍ ശേഖരിക്കപ്പെടുന്നു. ഏറ്റവും അവസാനത്തെ ഹിമയുഗത്തിന് ശേഷം സിലിക്ക കലര്‍ന്ന ഇത്തരം നിക്ഷേപങ്ങളുടെ തോത് വര്‍ധിച്ചുവരുന്നതായിട്ടാണ് കാണപ്പെടുന്നത്. ഹിമയുഗശേഷം താപനം അധികരിച്ചുവന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ കാറ്റുകളുടെ ധ്രുവോന്മുഖ അധിനിവേശം കൂടിയതു മൂലം പോഷക സമൃദ്ധമായ സമുദ്രജലത്തിന്റെ മേല്‍ത്തള്ളല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും, അതിനനുസൃതമായി സമുദ്രോപരിതലത്തിലെ ജൈവോത്പദന പ്രക്രിയയും, അതിനെ തുടര്‍ന്ന് സിലിക്ക സംയുക്തങ്ങളുടെ പുറം തള്ളലും ഏറിയതാണ് ഇതിനു കാരണം.
ഭൂമിയുടെ ചരിതരേഖകള്‍ പരിശോധിച്ച്, കാറ്റുകളുടെ ഗതിയും കാലാകാലങ്ങളില്‍ അവക്കുണ്ടാവുന്ന വ്യതിയാനങ്ങളും സൂക്ഷ്മമായി പിന്തുടരുന്നതിന് കൃത്യമായ ഉപാധികള്‍ ഇല്ല എന്നത് ഒരു പ്രതിസന്ധിയാണ്. ഇത്തരം പഠനങ്ങളിലെല്ലാം തന്നെ തണുപ്പേറിയ കാലാവസ്ഥ അനുഭവപ്പെടുന്ന കാലഘട്ടങ്ങളില്‍ (ഉദാ: ഹിമയുഗം) കാറ്റുകള്‍ ദുര്‍ബലമാവുകയും ഭൂമധ്യരേഖാപ്രദേശങ്ങളില്‍ മാത്രമായി അവയുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുകയും ധ്രുവമേഖലാ അധിനിവേശം കുറയുകയും ചെയ്തപ്പോള്‍, താപന കാലഘട്ടങ്ങളില്‍ (1450 കള്‍ക്ക് മുന്‍പും 1920 ന് ശേഷവും) ഇവ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു.
വിവരശേഖരണങ്ങളുടെ അപഗ്രഥനങ്ങളില്‍നിന്നും നിലവിലെ സാഹചര്യത്തില്‍ പശ്ചിമവാതങ്ങളുടെ പ്രകൃതം എപ്രകാരമായിരിക്കുമെന്നും ഭാവിയിലെ അനുമാനിതകാലാവസ്ഥാ സാഹചര്യങ്ങളില്‍ അത് എപ്രകാരമാകുമെന്നുമുള്ള നിഗമങ്ങഗളില്‍ എത്തിച്ചേരാനാകും. 1920 കള്‍ക്ക് ശേഷം ദക്ഷിണ ധ്രുവദിശയിലേക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചിമവാതങ്ങളുടെ അധിനിവേശം വര്‍ധിതതാപന സാഹചര്യങ്ങളില്‍ വ്യാപകമാവാന്‍ തുടരുവാന്‍ തന്നെയാണ് സാധ്യത.
കാത്തിരിക്കുന്നത് വ്യാപക മാറ്റങ്ങള്‍
ലോകത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുന്ന വരള്‍ച്ചാവേളകള്‍, കാട്ടുതീ, സമുദ്രഹിമ ശോഷണം, സമുദ്രപര്യയനം, ഹിമാനികളുടെ സ്ഥിരത എന്നിവയുമായും പശ്ചിമ വാതങ്ങള്‍ക്ക് അഭേദ്യ ബന്ധമുണ്ട്. അന്തരീക്ഷ താപവര്‍ധനവ് മൂലം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഈര്‍പ്പത്തെ വഹിച്ചുകൊണ്ടുവരുന്ന പടിഞ്ഞാറന്‍ കാറ്റുകള്‍ ദക്ഷിണധ്രുവദിശയിലേക്ക് പലായനം ചെയ്യുന്നത് മൂലം പൊതുവെ മഴ കുറഞ്ഞ് വരള്‍ച്ച, കാട്ടുതീ എന്നിവയ്ക്കുള്ള സാധ്യതകളേറുന്നു. മനുഷ്യപ്രേരിത ഘടകങ്ങള്‍ മൂലമുള്ള താപനം ഇത്തരം സാഹചര്യങ്ങളെ കൂടുതല്‍ കടുപ്പിക്കുകയും ചെയ്യുന്നു.
ദക്ഷിണാര്‍ധഗോളത്തിലെ ശക്തിയേറിയ പടിഞ്ഞാറന്‍കാറ്റുകള്‍, സമുദ്രപര്യയന വ്യവസ്ഥകളെ സ്വാധീനിക്കുകവഴി ചൂടേറിയസമുദ്രജലത്തെ അന്റാര്‍ട്ടിക്ക മേഖലയിലേക്ക് തള്ളിവിടുകയും, അതുവഴി ആ മേഖലയിലെ മഞ്ഞുരുക്കത്തിനും ഹിമപാളികളുടെ ശോഷണത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. ധ്രുവമേഖലയിലേക്ക് കടന്നുകയറാനുള്ള പടിഞ്ഞാറന്‍ കാറ്റുകളുടെ നിലവിലെ പ്രവണത, ഇപ്പോള്‍ തന്നെ അസ്ഥിര സ്വാഭാവം പ്രകടിപ്പിക്കുന്ന അന്റാര്‍ട്ടിക്കമേഖലയിലെ ഐസ് പാളികളുടെ ശിഥിലീകരണത്തിന് വേഗത കൂട്ടുമെന്നാണ് കരുതുന്നത്. സഞ്ചാര മേഖലകളുടെ അതിവിസ്തൃതി, അക്ഷാംശാന്തര സഞ്ചാര സംഭവം, അന്തരീക്ഷ-സമുദ്ര പര്യയന വ്യവസ്ഥകളിലിന്‍ മേല്‍ ഉള്ള സാധീനം എന്നിവ മൂലം , പശ്ചിമ വത്തനാളുടെ പ്രകൃതത്തിലുണ്ടായേക്കാവുന്ന ഏതൊരു മാറ്റവും ആഗോള കാലാവസ്ഥയില്‍ പ്രതിഫലിക്കും എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ പശ്ചിമ വാതങ്ങളുടെ പ്രകൃതത്തിലുണ്ടായ മാറ്റങ്ങള്‍ പ്രധാനമായും കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉയര്‍ന്ന തോത് മൂലം ഉളവായ താപനം മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. ഉത്തരാര്‍ധ ഗോളത്തെ അപേക്ഷിച്ച് ദക്ഷിണാര്‍ധഗോളത്തിലാണ് പ്രകടമായ മാറ്റങ്ങള്‍ നിരീക്ഷിക്കപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ഇരുഅര്‍ധഗോളങ്ങളും തമ്മില്‍ നിലനിന്നിരുന്ന താപന വൈവിധ്യത്തിന്റെ ഫലമായി പശ്ചിമവാതങ്ങള്‍ ദക്ഷിണദിശയിലേക്ക് കൂടുതല്‍ അധിനിവേശിച്ചു. എന്നാല്‍, കഴിഞ്ഞ ഹിമയുഗാവസാനത്തില്‍, ഉണ്ടായിരുന്നതുപോലെ ഉത്തര-ദക്ഷിണ അര്‍ധഗോളങ്ങള്‍ തമ്മിലുള്ള താപന വൈവിധ്യം നിലവില്‍ അത്ര പ്രകടമല്ല. എങ്കില്‍, പോലും താപന തോതിലുണ്ടാകുന്ന ചെറു വ്യതിയാനങ്ങള്‍ പോലും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി ഭവിച്ചേക്കാം.
- കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി ശാസ്ത്ര കോളജിലെ സയന്റിഫിക് ഓഫീസറാണ് ലേഖകന്‍