scorecardresearch
Latest News

അടഞ്ഞ വാതിലുകൾക്ക് മുന്നിൽ​ അറിവിന്റെ 27 വർഷങ്ങൾ

ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങിയതിന്റെ പേരിൽ രാജീവ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 27 വർഷങ്ങളായി തടവിൽ കഴിയുകയും ചെയ്യുന്ന പേരറിവാളൻ എന്ന അറിവിന്റെ ജീവിതം മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ പൂങ്കുഴലി എഴുതുന്നു

Rajiv Gandhi assassination: For buying a nine-volt battery, Perarivalan today completes 27 years in jail

പേരറിവാളൻ ഇന്ന് , 2018 ജൂൺ 11 ന് 27വർഷത്തെ ജയിൽ ജീവിതം പൂർത്തിയാക്കുകയാണ്. ജയിലിന് പുറത്ത് ജീവിച്ചതിനേക്കാൾ എട്ട് വർഷം കൂടുതൽ തടവറയ്ക്കുളളിലാണ് അറിവിന്റെ ജീവിതം. 1991 ജൂൺ 11 നാണ് പത്തൊമ്പതുകാരനായ അറിവിനെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. പേരറിവാളനെ അച്ഛനും അമ്മയുമാണ് പൊലീസിന് കൈമാറിയത്. ചോദ്യം ചെയ്ത ശേഷം ‘അടുത്ത ദിവസം’ വിട്ടയ്ക്കുമെന്ന ഉദ്യോഗസ്ഥർ രക്ഷിതാക്കൾക്ക് ഉറപ്പും നൽകി. 27 വർഷമായി അവർ ആ ‘അടുത്ത ദിവസ’ത്തെ പ്രഭാതത്തിനായി കാത്തിരിക്കുന്നു.

പേരറിവാളൻ എന്ന അറിവ് തമിഴ്നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയാണ്. പക്ഷേ, 1991 ൽ സിബി ഐ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചുകൊണ്ടുപോകുന്ന കാലത്ത് അതായിരുന്നില്ല. സി ബി ഐ അടുത്ത ദിവസം വിട്ടയ്ക്കുമെന്ന വാക്ക് പാലിച്ചില്ലെന്ന് മാത്രമല്ല, അറിവിന്റെ അമ്മ അർപ്പുത അമ്മാളിന് മകനെ കാണാൻ പോലും അനുവാദം നൽകിയലില്ല. അടുത്ത 59 ദിവസങ്ങൾ ആ മകനെ കുറിച്ച് വിവരങ്ങളൊന്നും പുറംലോകം അറിഞ്ഞില്ല. രക്ഷിതാക്കളെ സംബന്ധിച്ച് മകന് വേണ്ടി ഹേബിയസ് കോർപ്പസ് ഹർജി നൽകാനുളള​ ധൈര്യം ആ സമയത്തുണ്ടായില്ല. അങ്ങനെ സംഭവിച്ചാൽ മകൻ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറംലോകം അറിയുമോ എന്നായിരുന്നു അവരുടെ അപ്പോഴത്തെ ഭയം. ഇതെല്ലാം നിരപരാധിയായ മകൻ ഉടനെ സ്വതന്ത്രനാകും എന്ന അവരുടെ പ്രതീക്ഷയിലായിരുന്നു. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലായിരുന്നു അവരുടെ പ്രതീക്ഷ. നിരപരാധികൾ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസദാർഢ്യമാണ് കഴിഞ്ഞ 27 വർഷത്തെ ദീർഘമായ അവരുടെ നിയമപോരാട്ടത്തിന്റെ അടിത്തറ. സാധ്യമായ എല്ലാവാതിലുകൾക്ക് മുന്നിൽ അറിവിന്റെ നിരപരാധിത്വം തെളിക്കിയാൻ അവർ മുട്ടിവിളിച്ചു. അവരിന്നും വാതിലുകൾക്ക് മുന്നിൽ​ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു.

arputham ammal mother of perarivalan,
പേരറിവാളന്റെ അമ്മ അർപ്പുതം അമ്മാൾ

പ്രതീക്ഷയുടെ നാളമൊരിക്കലും കെട്ടുപോയില്ല, ഓരോതവണയും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ഊതിക്കെടുത്തപ്പെടുമോ എന്നു തോന്നുമ്പോഴൊക്കെ, മുറിവുകളിൽ നിന്നും സകല ശക്തിയും സംഭരിച്ച് അവർ വീണ്ടും ആ നാളം കെടാതെ കാത്തുസൂക്ഷിക്കുന്നു. അവരുയർത്തിപ്പിക്കുന്ന സത്യത്തിലാണ് അവരുടെ ശക്തി കുടികൊളളുന്നത്. രാജീവ് ഗാന്ധിവധവുമായി അറിവിന് യാതൊരു ബന്ധവുമില്ലെന്നതാണ് ആ സത്യം.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച് ബോംബിൽ ഉപയോഗിച്ച് ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങി നൽകിയത് അറിവാണെന്നതാണ്,  അറിവിനെതിരായ അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിലെ ആരോപണം. ഏത് ചെറിയകടയിലും ലഭിക്കുന്ന ഒന്നാണ് ഒമ്പത് വോൾട്ടിന്റെ ബാറ്ററി. അറിവ് തന്റെ കടയിൽ​നിന്നും ബാറ്ററി വാങ്ങി എന്ന് ഒരു കടക്കാരൻ നൽകിയ മൊഴിയാണ് തെളിവിന് ആധാരം. തന്റെ കടയിൽ​ നിന്നും സാധനങ്ങൾ വാങ്ങുന്നവരെയും വാങ്ങിയ സാധനങ്ങളെയും ഒരു ചെറിയ കടക്കാരൻ മാസങ്ങൾക്കു ശേഷവും നല്ലപോലെ ഓർമ്മിച്ചിരിക്കുന്നുവെന്ന് പറയുന്നത് അത്ഭുതകരമായ കാര്യമാണ്. അതിലും അത്ഭുതകരമായ കാര്യം ഇത് വാങ്ങിയതിന്റെ ബില്ല് മാസങ്ങൾക്ക് ശേഷം അറിവിനെ അറസ്റ്റ് ചെയ്യുമ്പോൾ അറിവിന്റെ പോക്കറ്റിൽ നിന്നും ലഭിച്ചുവെന്നതാണ്. മറ്റ് തെളിവുകൾ അറിവിന്റെ കുറ്റസമ്മത മൊഴിയാണ്.

ഭീകരവാദ നിരോധന നിയമം (ടാഡാ) പ്രകാരമാണ് ഈ​ കേസ് റജിസ്റ്റസർ ചെയ്തത്. ഇത് പ്രകാരം പൊലീസ് രേഖപ്പെടുത്ത കുറ്റസമ്മത മൊഴി തെളിവായി അംഗീകരിക്കപ്പെടും. കസ്റ്റഡിയിലുളളവരെ കൊണ്ട് തങ്ങളുടെ ഇഷ്ടപ്രകാരം മൊഴി പറയിക്കാൻ പൊലീസ് നടത്തുന്ന ചെയ്തികൾ എല്ലാവർക്കും അറിയാവുന്ന അങ്ങാടി രഹസ്യം മാത്രമാണ്. ശാരീരികമായ മൂന്നാംമുറകൾക്കും മാനസികമായ അധിക്ഷേപങ്ങൾക്കും ഇരയായ പേരറിവാളന് വെളളക്കടലാസുകളിൽ ഒപ്പിട്ട് നൽകേണ്ടി വന്നു. രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യസൂത്രധാരനായ ശിവരശന് ബാറ്ററി വാങ്ങി നൽകിയത് താനാണെന്ന് അറിവിന്റെ കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുളളതായി രേഖകൾ പറയുന്നു. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറിവിന് വധശിക്ഷ വിധിക്കുന്നത്.

Perarivalan’s mother at their home Policemen sat in the verandah through the parole keeping a watch on visitors
ദീർഘകാലത്തിന് ശേഷം പരോളിലിറങ്ങിയ അറിവിന്റെ വസതിയിൽ സന്ദർശകരെ നിരീക്ഷിക്കുന്ന പൊലീസ്​കാവൽ (ഫയൽ ഫൊട്ടോ: അരുൺ ജനാർദനൻ)

നീണ്ട 26 വർഷങ്ങൾക്ക് ശേഷം 2017 ഒക്ടോബർ 27 ന് അന്നത്തെ സി ബി ഐ എസ് പി ആയിരുന്ന പിന്നീട് എ ഡി ജി പിയായി വിരമിച്ച ത്യാഗരാജൻ സുപ്രീം കോടതിയിൽ ഒരു സത്യവാങ്മൂലം ഫയൽ ചെയ്തു. അതിൽ പേരറിവാളന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് താനാണെന്നും അതിൽ ഒരു ഭാഗം ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി. എന്തായിരുന്നു ആ ഒഴിവാക്കപ്പെട്ട ഭാഗം? ‘വാങ്ങി നൽകിയ ബാറ്ററി എന്തിന് ഉപയോഗിക്കാനാണ് എന്നതിനെകുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നു’ എന്നതാണ് ആ ഭാഗം. ഈ ഭാഗം രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അതിന് എന്ത് പ്രാധാന്യം ലഭിക്കുമായിരുന്നു? അത് രേഖപ്പെടുത്തിയിരുന്നുവെങ്കിൽ ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങി നൽകിയത് ഒരു ‘സാധാരണകാര്യം’ മാത്രമാകുമായിരുന്നുവെന്ന് ത്യാഗരാജൻ തന്നെ വ്യക്തമാക്കുന്നു. അങ്ങനെ വന്നാൽ രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുളള ഗൂഢാലോചനയിലെ രഹസ്യപങ്കാളിയായി പേരറിവാളനെ ഉൾപ്പെടുത്താൻ പറ്റില്ലായിരുന്നു.

ag perarivalan sevent convict in rajeev gandhi assassination case

‘രാജീവ് വധക്കേസിൽ പേരളിവാളന്റെ പങ്കിനെ കുറിച്ച് സി ബി ഐ യ്ക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ​ ഗൂഢാലോചനയെക്കുറിച്ച് പേരറിവാളന്റെ അറിവില്ലായ്മ അന്വേഷണ പുരോഗതിയിൽ ഉറപ്പായിരുന്നു,’ ത്യാഗരാജൻ പറയുന്നു. 1991 മെയ് ഏഴിലെ ഒരു വയർലെസ് സന്ദേശം ഇതിന് ത്യാഗരാജൻ റഫർ ചെയ്യുന്നുണ്ട്. രാജീവ് വധക്കേസിലെ മുഖ്യ സൂത്രധാരനായ ശിവരശൻ എൽ ടി ടി ഇയുടെ പ്രധാന നേതാക്കളിലൊരാളായ ‘പൊട്ടു അമ്മനോ’ട് നടത്തിയ സംഭാഷണമാണ്. ഇതിൽ ‘നമ്മുടെ ലക്ഷ്യം നമ്മൾ മൂന്ന് പേർക്കുമല്ലാതെ മറ്റാർക്കും അറിയില്ല’ എന്നാണ് അത്. – ശിവരശൻ, ശുഭ, ചാവേറായ ധനു എന്നിവരാണ് ആ മൂന്ന് പേർ. ഈ വയർലെസ് സന്ദേശം വ്യക്തമാക്കുന്നത് പേരറിവാളനെ അവർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിരുന്നില്ല എന്നതാണ്.

ഇത് വ്യക്തമാക്കുന്നത് പേരറിവാളന് വധശിക്ഷ​ വിധിച്ചതും 27 വർഷമായി ജയിലിൽ കഴിയുന്നതും സിബി ഐ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് എന്നതാണ്. 26 വർഷങ്ങൾക്ക് ശേഷം ആ കുറ്റസമ്മതമൊഴിയുടെ ആധികാരികത ഇല്ലാതായി. വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കിൽ, ഇന്ന് സി ബി ഐ മുൻ ഓഫീസർ വെളിപ്പെടുത്തിയ സത്യത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ജീവിതം തിരിച്ചു നൽകാനാകുമായിരുന്നില്ല.

‘ഈ സത്യം അറിവിന്റെ ഭാവി ജീവിതമെങ്കിലും അദ്ദേഹത്തിന് ലഭിക്കുന്നതിന് സഹായകമാകുമോ?’ ഈ​ ചോദ്യത്തിനാണ് ഭരണകൂടങ്ങൾ ഉത്തരം നൽകേണ്ടത്.

പേരറിവാളന് ഇപ്പോൾ 46 വയസ്സായി. ജീവിതത്തിലെ 27 വർഷങ്ങൾ തടവറയ്ക്കുളളിൽ കഴിഞ്ഞു. അതിൽ 23 വർഷവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ എന്ന നിലയിൽ ഏകാന്തതടവായിരുന്നു.പല തവണ വധശിക്ഷ നടക്കാനുളള തീയതി തീരുമാനിച്ചു. ശാരീരികമായി മൂന്നാംമുറ പീഢനങ്ങളിലൂടെയും മാനസികാമായ അധിക്ഷേങ്ങളിലൂടെയും കടന്നുപോയ കാലമായിരുന്നു പൊലീസ് കസ്റ്റഡി. പക്ഷേ ഇതിനെയെല്ലാം അതിജീവിച്ച് അറിവിന്റെ മുഖത്ത് പു,ഞ്ചിരി മായാതെ നിൽക്കുന്നു.

27 വർഷം എന്നത് ഒരു മനുഷ്യായുസ്സിലെ ദീർഘകാലമാണ്. പേരറിവാളൻ തടവിലായി ഒരുവർഷത്തിന് ശേഷമാണ് സഹോദരി വിവാഹിതയാകുന്നത്. സഹോദരിയുടെ മക്കൾ ഇപ്പോൾ സോഫ്റ്റ് വെയർ പ്രൊഫഷണലുകളായി ജോലി ചെയ്യുന്നു ഇത് അറിവിന് നഷ്ടമായ കാലഘട്ടത്തിന്റെ പ്രമാണ പത്രമാണ്. ദീർഘകാല തടവ് ഒരു മനുഷ്യനെ ബോധതലങ്ങളിൽ നിന്ന് പുറന്തളളിയേക്കാം. എന്നാൽ അറിവ്, ദൃഢതയോടെ പാകതയോടെ പ്രസാദാത്മകമായി ശുഭാപ്തിവിശ്വാസത്തോടെ അതിജീവിക്കുന്നു.

ജോലാർപേട്ടിലെ ഒരു സ്കൂൾ ടീച്ചറുടെ സാധാരണ കുടുംബത്തിലെ ഏക മകന്റെ അറസ്റ്റ് ആ കുടുംബത്തിനും മകനും വലിയൊരു ആഘാതമായിരുന്നു. എന്നാൽ മകൻ ഒരിക്കലും തളർന്നില്ല, മാത്രമല്ല, കുടുംബത്തെ തളരാനും അനുവദിച്ചില്ല. പുഞ്ചിരിയോടെ ശക്തിയോടെ ഇപ്പോഴും ആ മകൻ നീതിക്കായുളള​ തന്റെ പോരാട്ടം തുടരുന്നു.

അഭിഭാഷകർക്കൊപ്പം തന്റെ കേസിനായുളള രേഖകൾ അറിവ് തയ്യാറാക്കുന്നു. ശാസ്ത്രം, രാഷ്ട്രീയം സ്പോർട്സ്, ആരോഗ്യരംഗം എന്നിങ്ങനെ ലോകത്തെ സമസ്ത മേഖലകളിലെയും പുതുചലനങ്ങളെ കുറിച്ച് തന്നെ കാണാനെത്തുന്നവരോട് സംസാരിക്കുന്ന അറിവ്, സന്ദർശകരിൽ ആദരവ് കലർന്ന അത്ഭുതമാകുന്നു.

തടവറയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ 91.33% മാർക്കോടെ ഉന്നത വിജയം നേടി അറിവ്. ഈ മികച്ച വിജയം തടവുകാരുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ്. തമിഴ് നാട് ഓപ്പൺ യൂണിവേഴ്സിറ്റി നടത്തിയ ഡിപ്ലമോ പരീക്ഷയിൽ ഗോൾഡ് മെഡൽ നേടി. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രിയിലെ പഠനം തുടരുകയാണിപ്പോൾ അറിവ്.

വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സഹതടവുകാരെ പഠിപ്പിക്കുന്നുണ്ട്. സഹതടവുകാർക്കൊപ്പം ഒരു മ്യൂസിക് ബാൻഡ് നടത്തുന്നു. സൗഹഹൃദമാർന്ന പുഞ്ചിരിയോടെയും മധുരമായ പെരുമാറ്റത്തോടെയും തനിക്ക് ചുറ്റുമുളളവരുടെയൊക്കെ മനംകവരുന്നു അറിവ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ​ ഡ്യൂട്ടിയിലുളള സാധാരണ കോൺസ്റ്റബിൾമാർവരെ , ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ മുതൽ പെറ്റിക്കേസിൽ​ ഉൾപ്പെട്ട് വരുന്നവരെ വരെ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പൊന്നപ്പൻ എന്ന വ്യക്തി അറിവിനാൽ പ്രചോദനം ഉൾക്കൊണ്ടയാളാണ്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി കാഞ്ചീപുരത്ത് ട്രസ്റ്റ് ആരംഭിച്ചു. ‘പേരറിവാളൻ എഡ്യൂക്കേഷണൽ ട്രസ്റ്റ്’ എന്നാണ് അദ്ദേഹം ആ ട്രസ്റ്റിന് നൽകിയ പേര്. തമിഴ് നാട്ടിലെ ഒട്ടേറെ കുട്ടികൾ പേരറിവാളൻ എന്ന പേര് ഇടുന്നു.

arputham ammal perarivalan's mother
അർപ്പുതം അമ്മാൾ

ദീർഘകാലമായ തടവ് അറിവിന് ഉയർന്ന രക്തസമ്മർദ്ദമാണ് നൽകിയത്. .

ഇന്ന് വലിയൊരു ജനകീയമുന്നേറ്റം അറിവിന്റെ മോചനത്തിനായി പ്രവർത്തിക്കുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഒരു പ്രതി എന്ന നിലയിൽ എല്ലാവരും അറിയുന്ന ഒരു പേരായി മാറിയത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല. ഇതിനെല്ലാം പിന്നിൽ ഒരു സ്ത്രീയുണ്ട്, തമിഴ്‌നാട്ടിലെ ആയിരിക്കണിക്കിനാളുകൾ ‘അറിവമ്മ’ എന്ന് വാത്സല്യത്തോടെ വിളിക്കുന്ന അർപ്പുത അമ്മാൾ എന്ന പേരറിവാളന്റെ അമ്മ.

ഇപ്പോൾ 71 വയസ്സുളള അർപ്പുതം എന്ന അറിവിന്റെ അമ്മ കഴിഞ്ഞ 27 വർഷവും മകന്റെ മോചനത്തെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചിട്ടില്ല. ഇത്രയും കാലത്തെ ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകൾ ആ അമ്മയുടെ ശരീരത്തിൽ കാണാം. ഇപ്പോൾ അവരുടെ കാഴ്ചയെയും ബാധിച്ചിട്ടുണ്ട്. മകൻ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ വീട്ടുകാര്യം മാത്രം നോക്കി നടത്തിയിരുന്ന ഒരു സ്ത്രീയായിരുന്നു അർപ്പുതം. എന്നാൽ മകന്റെ അറസ്റ്റിന് ശേഷം ആ അമ്മ അവസരത്തിനൊത്ത് ഉയർന്നു. തന്റെ മകന് മാനസികവും ഭൗതീകവുമായ പിന്തുണ നൽകി ഉറച്ചുനിന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ പോലും കഴിഞ്ഞ 27 വർഷങ്ങളിൽ ഒരാഴ്ചപോലും മകനെ കാണാൻ എത്താതിരുന്നില്ല. ചുഴലിക്കാറ്റ് ആഞ്ഞ് വീശിയ ദിനത്തിൽ​പോലും മകനെ കാണാനായി അമ്മ എത്തി. മാധ്യമങ്ങൾക്ക് നൽകാനാകാത്ത വിവരങ്ങൾ​ അറിവിന് പകർന്നു നൽകുന്ന വാതിലാണ് അമ്മ, അതേ സമയം തന്നെ, അറിവിനെ ലോകത്തിന് മുന്നിൽ​ മനസ്സിലാക്കി കൊടുക്കാനുളള​ വാതിലുമായി.

പേരറിവാളന്റെ മുഖം ഓർമ്മയില്ലാത്തവർക്ക് പോലും അർപ്പുതത്തെ ഓർമ്മവരും. ജയിലുകൾ, കോടതികൾ അഭിഭാഷകരുടെ ഓഫീസുകൾ എന്നിവയ്ക്ക് പിന്നാലെ അവർ ഓടുന്നു. തമിഴ് മാത്രമാണ് അർപ്പുതത്തിന് അറിയാവുന്ന ഭാഷ. പക്ഷേ, രാജ്യത്തിന്റെ മുക്കിലും മൂലയിലും അവരെത്തി, മനുഷ്യാവകാശ പ്രവർത്തകരുടെ മുന്നിൽ​ തന്റെ മകന്റെ നിരപരാധിത്വം വെളിപ്പെടുത്തി, അവരുടെ പിന്തുണ അഭ്യർത്ഥിച്ചു. ഇന്ന് തമിഴ് ‌നാട്ടിൽ നിശ്ചയദാർഢ്യമെന്നതിന്റെ അടയളാവാക്കാണ് ​ഈ അമ്മ.

നിരപരാധിയായതിനാൽ തന്നെ തന്റെ മകൻ ജയിൽ മോചിതനാകുമെന്ന് അമ്മ ഉറച്ച് വിശ്വസിക്കുന്നു, ഈ​ വിശ്വാസം ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കും സമൂഹത്തിനുമുളള പരീക്ഷണമാണ്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കുറിച്ചുളള ഒരു ടെസ്റ്റാണ്. നീതി ഇപ്പോൾ തന്നെ വളരെയധികം വൈകിപ്പോയിരിക്കുന്നു. ആ അമ്മയ്ക്ക് മകനോടൊപ്പം ശേഷകാലമെങ്കിലും ജീവിക്കാനാകുമെന്നത് ഉറപ്പിക്കാനുളള ഉത്തരവാദിത്വം നിറവേറ്റാൻ നമ്മുക്ക് സാധ്യമാകുമോ?

ചെന്നൈയിൽ നിന്നുളള എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ലേഖിക. വധശിക്ഷയ്ക്കെതിരായ പ്രചാരകയാണ്. പേരറിവാളന്റെ അമ്മ അർപ്പുതത്തിന്റെ ജീവചരിത്രം തമിഴിൽ രചിച്ചത് പൂങ്കുഴലിയാണ്.

Read In English: Rajiv Gandhi assassination: For buying a nine-volt battery, Perarivalan today completes 27 years in jail

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: For buying a nine volt battery ag perarivalan today completes 27 years in jail rajiv gandhi assassination