എന്റെ ഒരു മുൻ സഹപ്രവര്‍ത്തക ഇപ്പോൾ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവര്‍ക്ക് SARS-CoV-2 എന്ന COVID-19 ബാധിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷം അവര്എന്നോട് ചോദിച്ചു, ‘ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികളുടെ നില താഴ്ന്നു കഴിഞ്ഞാൽ, ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് അഭികാമ്യമാണോ?’
ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയ ബാധിക്കുമ്പോൾ, ശരീരം അതിനെ പ്രതിരോധിക്കാനായി ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നു. വൈറസിനെ നേരിടാനും നശിപ്പിക്കാനും നിർണായകമാണ് അത്. ആന്റിബോഡികൾ പലപ്പോഴും നിർദ്ദിഷ്ടമാണ് (specific). അതായത്, ഒരു വൈറസിനെതിരെ പോരാടുന്നതിനായി നിർമ്മിക്കുന്ന ആന്റിബോഡി മറ്റൊരു വൈറസിനെതിരെ പോരാടുന്നതിന് ഫലപ്രദമല്ലാത്തതോ ഫലം കുറഞ്ഞതോ ആകാം.
ഞാനും എന്റെ കുടുംബവും കോവിഡ് പോസിറ്റീവ് ആയവരാണ്. ഞങ്ങള്‍ എല്ലാവരും 65 വയസ്സിനു മുകളിലുള്ളവരാണ്. എന്റെ അച്ഛന് 98 വയസ്സ്. ഞങ്ങളിൽ ആർക്കും COVID-19ന്റെ പ്രധാന ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. എല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു. ഗുരുതരമായ ലക്ഷണങ്ങളില്ലാതെ കോവിഡ് കടന്നു പോയതില്‍ ഞങ്ങള്‍ മുന്‍പ് ചെയ്ത എന്തെങ്കിലും കാര്യങ്ങള്‍ സഹായിച്ചിട്ടുണ്ടോ എന്ന് ആലോചിച്ചു പോയി. ഫ്ലൂ (പകര്‍ച്ചപ്പനി) വാക്സിനിനെക്കുറിച്ച് എന്റെ മുന്‍സഹപ്രവര്‍ത്തക എന്നോട് ചോദിച്ചപ്പോൾ, SARS-CoV-2 വീണ്ടും ബാധിക്കുന്നതില്‍ നിന്നുള്ള സംരക്ഷണം ഈ വാക്സിന് നല്‍കുമോ എന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഫ്ലൂ വൈറസിൽ നിന്ന് നിങ്ങളെ ഇത് തീർച്ചയായും സംരക്ഷിക്കും എന്ന് ഞാന്‍ മറുപടി നല്കി. എന്റെ കുടുംബം മുഴുവൻ 10 വർഷത്തിലേറെയായി ഫ്ലൂ വാക്സിൻ എടുക്കുന്നുണ്ട് എന്നും ഞാൻ അവരോടു പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവുന്നതില്‍ നിന്നും ഞങ്ങളെ സഹായിച്ചത് ഈ വാക്സിന് എടുത്തതാവാം എന്നും എനിക്ക് തോന്നി.
ഇൻഫ്ലുവൻസ വൈറസുകൾ – എ, ബി, സി, ഡി – ഇതില്‍ എ, ബി എന്നിവ മാത്രമേ കടുത്ത രോഗത്തിന് കാരണമാകൂ – SARS-CoV-2 എല്ലാം ആർഎൻഎ വൈറസുകളാണ്. അതായത്, ഇരട്ട ഡിഎൻഎയ്ക്ക് പകരമായി, ഈ വൈറസുകൾ ഒറ്റപ്പെട്ട ആർഎൻഎ ജനിതക വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടതാണ്. അപ്പോള്‍ കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ ഇൻഫ്ലുവൻസ വാക്സിന് സാധിക്കുമോ ? രണ്ടും ആർഎൻഎ വൈറസുകളായതിനാൽ, ഈ വാക്സിന് ശരീരത്തില്‍ സമാനമായ രോഗപ്രതിരോധ പ്രതികരണങ്ങൾ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടോ?
കൊറോണ വൈറസ് പകർച്ചവ്യാധി ആയി പ്രഖ്യാപിച്ച ഉടൻ തന്നെ ഇൻഫ്ലുവൻസ വാക്സിൻ എടുത്തവരില്‍ കൊറോണ വൈറസ് ബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് പല ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും അവകാശപ്പെട്ടിരുന്നു. കേന്ദ്രീകൃതമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും കാനഡയിലെ പതിനായിരത്തിലധികം നിവാസികളിൽ നിന്നുള്ള ഡാറ്റയുടെയും മാതൃകകളുടെയും വിശകലനത്തിലൂടെയും ഈ അവകാശവാദം വേഗത്തിൽ നിരസിക്കപ്പെട്ടു.
കോവിഡ്-19 രോഗികളിലും ഇൻഫ്ലുവൻസ അണുബാധയുള്ളവരിലുമുള്ള രോഗപ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള നിരവധി സമാനതകൾ ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടുത്തിടെ, ഓസ്ട്രേലിയയിലെ പീറ്റർ ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ആൻഡ് ഇമ്മ്യൂണിറ്റിയുടെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഒരു കോവിഡ്-19 രോഗിയുടെ രക്തത്തിലെ രോഗപ്രതിരോധ പ്രതികരണങ്ങളെക്കുറിച്ച് പഠിച്ചു. കൊറോണ വൈറസ് രോഗിയിൽ സജീവമായിരുന്ന വിവിധ ഘട്ടങ്ങളിൽ ഒരേ രോഗിയിൽ തന്നെ അവർ ഈ പഠനം നടത്തി. SARS-CoV-2 അണുബാധയില്ലാത്തവരെ അപേക്ഷിച്ച് ഈ രോഗിയുടെ രോഗപ്രതിരോധ പ്രതികരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത സെല്ലുകളില്‍ കാര്യമായ മാറ്റങ്ങൾ ഉണ്ടെന്ന് അവർ കണ്ടെത്തി. ഉദാഹരണത്തിന്, ആന്റിബോഡികള്‍ സ്രവിപ്പിക്കുന്ന സെല്ലുകളുടെയും ഫോളികുലാർ ഹെൽപ്പർ ടി-സെല്ലുകളുടെയും എണ്ണത്തിൽ വലിയ വർധനയുണ്ടായി കണ്ടെത്തി. കൊറോണ വൈറസ് SARS-CoV-2 നെ ബന്ധിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിൻ M(IgM), IgG ആന്റിബോഡികൾ എന്നിവയും ഇവരുടെ രക്തത്തില്‍ കണ്ടെത്തി. ഇൻഫ്ലുവൻസ വൈറസ് ബാധിച്ച രോഗികളിൽ – ഇൻഫ്ലുവൻസയ്ക്കെതിരെ വാക്സിൻ സ്വീകരിച്ച വ്യക്തികളിൽ- നേരത്തെ കണ്ടെത്തിയതിന് സമാനമായിരുന്നു ഈ രോഗപ്രതിരോധ കണ്ടെത്തലുകൾ.
ബ്രസീലിൽ 92,000 COVID-19 രോഗികളില്‍ അടുത്തിടെ നടത്തിയ ഒരു വലിയ പഠനത്തിൽ ഇൻഫ്ലുവൻസ വാക്സിൻ കഠിനമായ കോവിഡ്-19 വരാതിരിക്കുന്നതില്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തി. നേരത്തെ ഇറ്റലിയിൽ നടത്തിയ പഠനത്തിലും സമാനമായ ഒരു നിഗമനത്തിലെത്തിയിരുന്നു. SARS-CoV-2ബാധിക്കുന്നതിനു മുമ്പ് ഒരാൾ ‘ഫ്ലൂ ഷോട്ട്’ എടുക്കുകയാണെങ്കിൽ, കോവിഡ്-19 ൽ നിന്നുള്ള മരണ സാധ്യത 20 ശതമാനം കുറയുന്നുതായും കോവിഡ്-19 ബാധിച്ചതിന് ശേഷം ഒരാൾ ഷോട്ട് എടുക്കുമ്പോൾ, മരണ സാധ്യത 27 ശതമാനം കുറയുന്നതായും ബ്രസീലിയൻ പഠനം കണ്ടെത്തി.
പ്രവർത്തനരഹിതമായ വൈറസുകളുടെ ഒരു കോക്ടെയ്ൽ (പല ചേരുവകള്‍ ചേര്‍ന്ന മിശ്രിതം) ആണ് ഇൻഫ്ലുവൻസ വാക്സിൻ. അതായത്, ജീവനില്ലാത്ത വൈറസുകളുടെ ഒരു കൂട്ടം. ഇൻഫ്ലുവൻസ വൈറസിന്റെ ആർഎൻഎ അതിവേഗം പരിവർത്തനം ചെയ്യപ്പെടുന്നതിലാല് (mutate) ഈ കോക്ടെയിലും മാറിക്കൊണ്ടിരിക്കും. 2019-2020 ൽ, ആഗോളതലത്തിൽ നൽകപ്പെട്ട ഇൻഫ്ലുവൻസ വാക്സിനിൽ പ്രവർത്തനരഹിതമായ നാല് ഫ്ലൂ വൈറസുകളാണ് അടങ്ങിയിരിക്കുന്നത് – ഇൻഫ്ലുവൻസ എ, ബി എന്നിവയുടെ രണ്ട് സ്ട്രെയിന്‍ വീതം.
Read in IE: Research suggests that a flu shot can offer a shield against severe COVID-19
കഠിനമായ കോവിഡിൽ നിന്ന് ഫ്ലൂ വാക്സിൻ എങ്ങനെ സംരക്ഷിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമല്ല. ഒന്നോ അതിലധികമോ പ്രവർത്തനരഹിതമായ വൈറസുകൾ അടങ്ങിയ വാക്സിൻ വൈറസിനെതിരെയുള്ള പ്രത്യേക പ്രതിരോധശേഷി (specific immunity) ഉണ്ടാക്കുന്നതിൽ പരാജയപ്പെടുന്നു. എന്നാല്‍, ഇത് പൊതുവിലുള്ള പ്രതിരോധശേഷി ( non-specific immunity) ഉണ്ടാക്കുന്നുക്കുന്നുമുണ്ട്. വലിയ ഒരു കൂട്ടം രോഗകാരികൾക്കെതിരെ സൃഷ്ടിക്കുന്ന പ്രതിരോധശേഷിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍, ഇൻഫ്ലുവൻസ വൈറസിനെതിരെ മാത്രമല്ല മറ്റ് വൈറസുകൾക്കെതിരെയുമുള്ള സംരക്ഷണം ഫ്ലൂ വൈറസിന് നല്കാന് കഴിയും എന്ന് അനുമാനിക്കാം. അങ്ങനെ പൊതുവിലുള്ള ഒരു സംരക്ഷണം ചില സന്ദർഭങ്ങളിൽ അഭികാമ്യമാണെങ്കിലും, അത് രൂപകൽപ്പന ചെയ്യപ്പെട്ട വൈറസിനെതിരെ പരിരക്ഷ നൽകുന്നതിൽ ചിലപ്പോള്‍ വിട്ടുവീഴ്ചയുമുണ്ടായേക്കാം. ഇൻഫ്ലുവൻസ വാക്സിനിലെ നിർദ്ദിഷ്ടമല്ലാത്ത രോഗപ്രതിരോധ പ്രതികരണം (non-specific immunity) കാരണം, ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നവരുടെ ശരീരങ്ങള്‍ക്ക് SARS-CoV-2നെ പെട്ടെന്ന് തിരിച്ചറിയാനും കൊറോണ വൈറസ് അണുബാധയെ കാര്യക്ഷമമായി നേരിടാനും കഴിയുമെന്ന് കരുതപ്പെടുന്നു. അതിനാൽ, ഫ്ലൂ വാക്സിൻ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കപ്പെടുമ്പോള്‍, ആ വൈറസിനെ വേഗത്തില്‍ നീക്കം ചെയ്യാന്‍ ശരീരത്തിന് കഴിയുന്നു. അത് കൊണ്ട് തന്നെ കോവിഡ്-19മായി ബന്ധപ്പെട്ട ക്ലിനിക്കൽ ലക്ഷണങ്ങൾ കുറവായിരിക്കുകയും ചെയ്യും.
കോവിഡ്-19 നുള്ള ചികിത്സയോ SARS-CoV-2 നെതിരെയുള്ള വാക്സിനോ ഇതു വരെ വന്നിട്ടില്ല. മാസ്ക് ധരിക്കുക, കൈ കഴുകുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികളെ ആശ്രയിക്കേണ്ടതുണ്ട്. എല്ലാ വർഷവും, പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും നിർബന്ധിത ഫ്ലൂ ഷോട്ടുകൾ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്; ഈ സീസണിൽ, ഇൻഫ്ലുവൻസയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ മാത്രമല്ല, കോവിഡ്-19ന്റെ കഠിനമായ അവസ്ഥ തടയാനും ഒരു ഫ്ലൂ ഷോട്ട് സഹായകമാവും.
ബംഗാള്‍ കല്യാണിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സില്‍ പ്രൊഫസറാണ് ലേഖകന്‍
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook