scorecardresearch

ആധാർ ഇല്ലാതെ, വഴിയാധാരമാകുന്നവർ

"ആധാർ നമ്പർ നഷ്‌ടപ്പെടുന്ന ആളുകൾക്ക് അത് വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ല, മാത്രമല്ല അവർക്ക് ലഭിക്കേണ്ടുന്ന എല്ലാ സാമൂഹിക ആനുകൂല്യങ്ങളും ഈ ഒറ്റക്കാരണത്താൽ നഷ്ടപ്പെടുകയും ചെയ്യും "

"ആധാർ നമ്പർ നഷ്‌ടപ്പെടുന്ന ആളുകൾക്ക് അത് വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ല, മാത്രമല്ല അവർക്ക് ലഭിക്കേണ്ടുന്ന എല്ലാ സാമൂഹിക ആനുകൂല്യങ്ങളും ഈ ഒറ്റക്കാരണത്താൽ നഷ്ടപ്പെടുകയും ചെയ്യും "

author-image
Vyom Anil
New Update
Aadhar, flaw in Aadhaar architecture, UIDAI, Aadhaar card enrolment, retrieve lost Aadhaar number, Vyom Anil, Jean Dreze, ie malayalm

റീനാ ദേവി എന്ന ദരിദ്രയായ മുസഹാർ (ഒരു ദലിത് വിഭാഗം) വനിത അടുത്തിടെ നേരിട്ട  അഗ്നിപരീക്ഷ ആധാറിന്റെ രൂപകൽപ്പനയിലെ (ഘടനയിലെ)  ഗുരുതരമായ ന്യൂനത തുറന്നുകാട്ടുന്നു: ചില ആളുകൾക്ക് ആധാർ നമ്പർ നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ കഴിയില്ല.

Advertisment

നിരവധി ആളുകളുടെ ആധാർ നമ്പറിന്റെ ഒരേയൊരു രേഖ അവരുടെ ആധാർ കാർഡാണ് എന്നതാണ് പ്രശ്നം. അവർക്ക് കാർഡ് നഷ്ടപ്പെട്ടാലോ? ഇവിടെ, മറ്റ് പല മേഖലകളിലെന്നപോലെ, ചിലർക്ക് മുന്തിയ (ഫസ്റ്റ്-റേറ്റ്) സൗകര്യങ്ങളും പാവപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്നതുമായ ഇരട്ടപ്പാത സംവിധാനം (two-track system) ഇന്ത്യ സൃഷ്ടിച്ചു.

ബിഹാറിലെ മുസഫർപൂർ ജില്ലയിലെ കിനാരു ഗ്രാമത്തിലാണ് ഭർത്താവിന്‍റെ മാതാപിതാക്കൾക്കും രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം റീന ജീവിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഞങ്ങൾ റീനയെ കണ്ടുമുട്ടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവർക്ക്  ഭർത്താവിനെ നഷ്ടപ്പെട്ടു. അദ്ദേഹം മരിക്കുന്നതിന് മുമ്പുതന്നെ ആ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. അവരുടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്ന പ്രധാന വ്യക്തി ഇല്ലാതായതോടെ അരിഷ്ടിച്ച് ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബം.

റേഷൻ കാർഡ്, തൊഴിൽ കാർഡ്, ബാങ്ക് അക്കൗണ്ട്, വിധവ പെൻഷൻ മറ്റ്  ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള നിയമപരമായ അർഹത റീനയ്ക്കുണ്ട്. എന്നാൽ ആധാർ കാർഡ് നഷ്ടമായതിനാൽ അതൊന്നും റീനയ്ക്ക് ലഭിക്കുന്നില്ല. ഈ അവകാശങ്ങൾക്കെല്ലാം, നടപടിക്രമങ്ങളിൽ നിഷ്ക്കർഷിച്ചിക്കുന്നില്ലെങ്കിൽ കൂടി, ആധാർ ആവശ്യമായി വരുന്നുണ്ട്. ഞങ്ങൾ‌  അവരെ കണ്ടുമുട്ടുമ്പോൾ‌ ആധാർ‌ നമ്പർ‌ വീണ്ടെടുക്കാൻ (ഒരു പുതിയ ആധാർ‌ കാർ‌ഡ് നേടാനോ) ശ്രമിച്ച്  കഴിയാത്ത നിരാശയിലായിരന്നു റീന.

Advertisment

ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞ തരത്തിലുള്ള സഹായമില്ലാതെ റീനയ്ക്ക് ഒരിക്കലും അവരുടെ ആധാർ നമ്പർ വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ല. യൂണിവേഴ്സിറ്റി ബിരുദങ്ങളും ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും ചെയ്യുന്ന ഞങ്ങൾക്കു പോലും  റീനയുടെ പ്രശ്നം പരിഹരിക്കാൻ മാസങ്ങളെടുത്തു. അവസാനം, ഞങ്ങൾ വിജയിച്ചു, പ്രത്യേക സഹായങ്ങളും വേണ്ടി വന്നു. (റീനയുടെ വിരലടയാളത്തിൽ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.)

പ്രാദേശികമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്താണ് ഞങ്ങൾ തുടങ്ങിയത്. ഞങ്ങളിലൊരാൾ (വ്യോം അനിൽ) റീനയോടൊപ്പം ഉത്തര ബിഹാർ ഗ്രാമീൺ ബാങ്കിലെ പ്രാദേശിക ആധാർ എൻറോൾമെന്റ് കേന്ദ്രത്തിലേക്ക് പോയി. അവിടെനിന്ന് തുർക്കിയിലെ (Turki) ബ്ലോക്ക് ആസ്ഥാനത്തേക്കും പിന്നീട് മുസഫർപൂരിലെ ജില്ലാ രജിസ്ട്രാർ കം കൗൺസിലിങ്  സെന്ററിലേക്കും അവിടെ നിന്ന് മുസഫർപൂരിലെ പോസ്റ്റോഫീസിലെ ആധാർ എൻറോൾമെന്റ് സെന്ററിലേക്കും പോയി.

എല്ലായിടത്തും  ആളുകളുടെ നീണ്ട നിരകളുണ്ടായിരുന്നതിനാൽ  അങ്ങോട്ടുമിങ്ങോട്ടുമായി ദിവസങ്ങളോളം നടക്കേണ്ടി വന്നു. അതിന്റെ അവസാനം, ദുരിതപൂർണമെങ്കിലും അനുഭവങ്ങളും അറിവും ലഭിച്ചു. മിക്കപ്പോഴും, ഞങ്ങൾക്ക് തെറ്റായതോ പരസ്പരവിരുദ്ധമായതോ ആയ  വിവരങ്ങളാണ്  ലഭിച്ചത്.

ഒരു ഉദാഹരണം പറഞ്ഞാൽ, റീനയുടെ ആധാർ നമ്പർ വീണ്ടെടുക്കുന്നത് അസാധ്യമാണെന്ന് ആയിരുന്നു ആദ്യം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ സ്വീകരിച്ച നിലപാട്.  പിന്നീട്  റീനയുടെ ബയോമെട്രിക്സ് ഉപയോഗിച്ച് ജില്ലാതലത്തിൽ വീണ്ടെടുക്കുന്നത് എളുപ്പമാണെന്നും പറഞ്ഞു.

ഈ അനുഭവം ബിഹാറിൽ, പ്രാദേശിക തലത്തിൽ ആധാർ എൻറോൾമെന്റും അപ്‌ഡേഷനും കൈകാര്യം ചെയ്യുന്ന സ്വകാര്യ ഏജൻസികളെക്കുറിച്ചുള്ള ഗൗരവമുള്ള കാഴ്ച ഞങ്ങൾക്ക് നൽകി. മിക്കതും പ്രവർത്തിപ്പിക്കുന്നത്  ഉത്തരവാദിത്തമില്ലാത്ത (ഇതേക്കുറിച്ച്  അറിവില്ലാത്ത) ഡേറ്റ ഓപ്പറേറ്റർമാരാണ്.

സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കൽ, പ്രധാനപ്പെട്ട രേഖകൾ നിരുത്തരവാദപരമായി കൈകാര്യം ചെയ്യൽ, അവ അനുചിതമായി ചെയ്യുക, ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ദരിദ്രരായവരോട് മുഖം തിരിക്കുക എന്നിവ അവരുടെ തെറ്റായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെ ആധാർ എൻറോൾമെന്റ് സെന്ററുകളും ബുദ്ധിമുട്ടിക്കലുകളുടെ കൂടാരങ്ങളാണ്.

ഈ ഏജൻസികളിലേക്കും ഓഫീസുകളിലേക്കും ഒന്നിലധികം തവണ കയറിയിറങ്ങുന്നത് റീനയ്ക്ക് താങ്ങാനാവുന്നതിലും കൂടുതൽ ബാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രിന്റ ഔട്ടുകൾക്കുള്ള പണം, ഫോട്ടോകോപ്പിക്കുള്ള നിരക്ക്, അപേക്ഷാ ഫീസ് എന്നിവയ്ക്കു പുറമെ  യാത്രാ ചെലവുകളും സമയം പാഴാക്കലും വേറെയും.

യുഐ‌ഡി‌ഐയുടെ ടെലിഫോണിക്  ഹെൽപ്പ് ലൈൻ കൊണ്ട് കാര്യമായ  സഹായമൊന്നുമുണ്ടായില്ല. പേര്, വിലാസം, പിൻകോഡ്, ജനനത്തീയതി എന്നിവ നൽകിയാൽ റീനയുടെ ആധാർ നമ്പർ വീണ്ടെടുക്കാമെന്ന് അവർ ഞങ്ങളോട് പറഞ്ഞു. എന്നാൽ, റീനയ്ക്ക് ജനനത്തീയതി സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. നഷ്ടപ്പെട്ട ആധാർ നമ്പർ എങ്ങനെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ച് യുഐ‌ഡി‌ഐ‌ഐ വെബ്‌സൈറ്റ് വ്യക്തമായ നിർദേശങ്ങൾ നൽകി, പക്ഷേ ആധാർ ഡേറ്റാബേസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ അല്ലെങ്കിൽ ഇമെയിൽ വിലാസം ഉള്ളവർക്കു മാത്രമേ അത് സാധ്യമാകൂ എന്നതാണ് യാഥാർത്ഥ്യം.

ഇതെല്ലാം ഏതാനും ആഴ്ചകൾ തുടർന്നു. 2020 ഡിസംബർ മൂന്നിന് യുഐ‌ഡി‌ഐയുടെ സഹായ കേന്ദ്രത്തിലെ (ഹെൽപ്പ് സെന്റർ) ചിലർ ആധാറിനായി ഒരു പുതിയ അപേക്ഷ നൽകാൻ റീനയെ ഉപദേശിച്ചു. ഇത് സഹായകമാകുമോ എന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ അങ്ങനെ ശ്രമിക്കുന്നത് കൊണ്ട് ഒരു ദോഷവും ഉണ്ടാകാനില്ലെന്ന്  അവർ കരുതി. അതേ ദിവസം തന്നെ റീന വീണ്ടും അപേക്ഷിച്ചു. എന്നാൽ,  ഡിസംബർ 29 ന് അപേക്ഷ നിരിച്ചുകൊണ്ടുള്ള  സന്ദേശമാണ് ലഭിച്ചത്. വ്യക്തമാക്കാത്ത “രേഖാപരമായ പിശക്”  എന്നാണ് നിരസിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്.

ഇതേസമയം, ഒരു വ്യക്തിയുടെ ആധാർ നഷ്ടമായാൽ എങ്ങനെ ആധാർ നമ്പർ വീണ്ടെടുക്കാമെന്ന്,  യു ഐ ഡി എ ഐയിൽ വിവരാവകാശ നിയമപ്രകാരം ഞങ്ങൾ അപേക്ഷ നൽകി.  റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിന്റെയോ ഇമെയിൽ വിലാസത്തിന്റെയോ സഹായത്തോടെ ഇത് എങ്ങനെ ചെയ്യാമെന്നായിരുന്നു മറുപടി. ആർക്കെങ്കിലും മെയിൽ ഐഡിയോ ഫോൺ നമ്പരോ ഉണ്ടാകാതിരിക്കാനുള്ള സാധ്യത പോലും പരിഗണിക്കാതെയായിരുന്നു ആ മറുപടി. അതിനാൽ ഞങ്ങൾ, റജിസ്റ്റർ ചെയ്ത ഫോൺ നമ്പറോ ഇമെയിൽ വിലാസമോ ഇല്ലാതെ എങ്ങനെ ആധാർ വീണ്ടെടുക്കാമെന്ന് ആരാഞ്ഞ് യുഐ‌ഡി‌ഐ‌ഐക്ക് വീണ്ടും (ഫോളോ-അപ്പ്) വിവരാവകാശ നിയമപ്രകാരം ഒരു ചോദ്യം നൽകി.  

2021 ഫെബ്രുവരി 12 ന് ലഭിച്ച മറുപടി അതിവിശിഷ്ടമായിരുന്നു: “മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും അവന്റെ / അവളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, താമസക്കാരന് അപ്‌ഡേറ്റിനായി ഏതെങ്കിലും സ്ഥിരം എൻ‌റോൾ‌മെന്റ് സെന്ററുകൾ സന്ദർശിക്കാം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി)".  ഇത് ചുമതലപ്പെട്ടത് ചെയ്യാതിരിക്കലായിരുന്നോ അതോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇല്ലാതെ ആധാർ " അപ്ഡേഷൻ" അസാധ്യമാണ് എന്ന് മറുപടി നൽകിയ ആൾക്ക് അറിയാത്തതാണോ? ഞങ്ങൾക്ക് അതൊരിക്കലും അറിയാനായില്ല.

ഫെബ്രുവരി 25 ന് ഒരു അഭിഭാഷകനോടൊപ്പം  റീനയുടെ മുഴുവൻ രേഖകലളുമായി വ്യോം പട്നയിലെ യുഐ‌ഡി‌ഐ‌ഐ ഓഫീസിനെ സമീപിച്ചു.  റീനയുടെ ആധാർ നമ്പർ വീണ്ടെടുക്കുന്നതിൽ യുഐ‌ഡി‌ഐക്ക് സാധിച്ചില്ല. ആധാറിനായി മറ്റൊരു അപേക്ഷ നൽകാൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ നിർദ്ദേശിച്ചു. അത് നിരസിക്കപ്പെടാമെങ്കിലും  വിലയേറിയ ചില വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് റീന വീണ്ടും ആധാറിന് അപേക്ഷ നൽകി. മാർച്ച് 19ന് റീനയ്ക്ക് അപേക്ഷ നിരസിച്ച് സന്ദേശം ലഭിച്ചു. "ഡേറ്റ ഡ്യൂപ്ലിക്കേഷൻ പ്രക്രിയായി കണ്ടതായും ഇത്  തനിപകർപ്പ് (ഡ്യൂപ്ലിക്കേറ്റ്) ആണെന്നും" ആയിരുന്നു ആ സന്ദേശത്തിൽ പറഞ്ഞിരുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, റീനയക്ക് നിലവിൽ ആധാർ നമ്പർ ഉണ്ടെന്നാണ് അതിൽ പറഞ്ഞത്. അത് റീനയ്ക്ക് വളരെ നന്നായി അറിയാവുന്ന കാര്യവും!

ഒടുവിൽ, ഏപ്രിൽ ഏഴിന് റാഞ്ചിയിലെ  യുഐ‌ഡി‌ഐ‌ഐയിലെ കരുണാമയനായ  ഒരു ഉദ്യോഗസ്ഥന് റീനയുടെ ഏറ്റവും പുതിയ എൻ‌റോൾ‌മെന്റ് സ്ലിപ്പിന്റെ വിശദാംശങ്ങൾ‌ ഉപയോഗിച്ച് അവരുടെ ആധാർ‌ നമ്പർ‌ വീണ്ടെടുക്കാൻ‌ കഴിഞ്ഞു. ഒരുപക്ഷേ, ഡി-ഡ്യൂപ്ലിക്കേഷൻ പ്രക്രിയ റീനയുടെ ആധാർ നമ്പർ തിരിച്ചറിഞ്ഞിരിക്കാം. ആധാർ നമ്പർ വീണ്ടെടുക്കാൻ കഴിയാത്ത നിരവധി പേരെ താൻ സഹായിച്ച തായി അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അതായത്  റീനയുടേത്  ഒറ്റപ്പെട്ട സംഭവമല്ലെന്നാണ്  ഇത് സൂചിപ്പിക്കുന്നത്

റീനയുടെ അനുഭവം ഏറ്റവും കുറഞ്ഞത് നാല് ചോദ്യങ്ങളെങ്കിലും യു ഐ ഡി എ ഐയ്ക്ക് മുന്നിൽ ഉയർത്തുന്നുണ്ട്. ഒന്നാമത്തേത്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഇമെയിൽ വിലാസ മോ ഇല്ലാത്ത ഒരാളുടെ  നഷ്ടപ്പെട്ട ആധാർ നമ്പർ വീണ്ടെടുക്കുന്നതിന് വിശ്വസനീയവും കൃത്യമായി നിർവചിക്കപ്പെട്ടതുമായ മാർഗമുണ്ടോ?

രണ്ടാമത്തേത്, അങ്ങനെയൊരു മാർഗമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഈ വീണ്ടെടുക്കൽ രീതി വ്യക്തമായ രീതിയിൽ അറിയിക്കാത്തത്, അല്ലെങ്കിൽ ആശയവിനിയമം നടത്താത്തത്?

മൂന്നാമത്തേത്, നിലവിലെ രീതി അപര്യാപ്തമാണെന്ന് വ്യക്തമായതിനാൽ, റീനയെപ്പോലുള്ളവരുടെ ജീവിതം സുഗമമാക്കുന്നതിന് യുഐ‌ഡി‌എ‌ ഐ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

അവസാനമായി, റീനയ്ക്കും മറ്റുള്ളവർക്കും ലഭിക്കേണ്ടുന്ന സാമൂഹിക ആനുകൂല്യങ്ങൾ അവരുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെടുത്തിയ  അനീതിക്ക് ആരാണ് ഉത്തരവാദികൾ? ആധാർ ഇല്ലാത്തവർക്ക്  റേഷൻ കാർഡ് നേടിക്കൊടുക്കുന്നതിനായി കഴിവിന്റെ പരാവധി ഞങ്ങൾ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെട്ടുവെന്നത് ആനുഷംഗികമായി പറയട്ടെ.  

  • ജെ എൻ യു വിലെ ഗവേഷകനാണ് വ്യോം അനിൽ. റാഞ്ചി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം വിസിറ്റിങ് പ്രൊഫസറാണ് ലോക പ്രശസ്ത ഇക്കണോമിസ്റ്റ് ആയ ഴാങ് ദ്രെസ്സെ
Aadhaar Card Central Government Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: