നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, ദേശീയ വിദ്യാഭ്യാസ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് (എ എസ് ഇ ആര്‍) 2022ല്‍ പ്രസിദ്ധീകരിച്ചു, കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്നതിന്റെ നിലയും അടിസ്ഥാന വായനയുടെയും ഗണിതജ്ഞാനത്തിന്റെയും നിലവാരവും മനസിലാക്കുന്നതിനായി രാജ്യത്തെ 616 ഗ്രാമീണ ജില്ലകളിലാണു സര്‍വേ നടത്തിയത്. കോവിഡ് മഹാമാരി കാരണം 2020 മാര്‍ച്ചില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌കൂള്‍ അടച്ചുപൂട്ടലുകളില്‍ ഒന്നായിരുന്നു ഇന്ത്യയിലേത്, പ്രൈമറി സ്‌കൂളുകള്‍ ഏകദേശം രണ്ടു വര്‍ഷം അടച്ചു. ദീര്‍ഘകാലത്തെ സ്‌കൂള്‍ അടച്ചുപൂട്ടല്‍ മൂലമുള്ള പഠനനഷ്ടം, കുടുംബ ബജറ്റിലെ ഞെരുക്കം എന്നിവ കാരണം ഉയര്‍ന്ന കൊഴിഞ്ഞുപോക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍ എന്നിങ്ങനെ കോവിഡ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്ന ആഘാതം ഇരട്ടിയായിരിക്കുമെന്ന് ആശങ്ക നിലനിന്നിരുന്നു.
കോവിഡ് കാലയളവില്‍, ഫീല്‍ഡില്‍ പോകാനുള്ള അവസരങ്ങള്‍ തേടിയ എ എസ് ഇ ആര്‍, 2021 ഫെബ്രുവരിയില്‍ കര്‍ണാടക, ഒക്ടോബറില്‍ ഛത്തീസ്ഗഡ്, ഡിസംബറില്‍ പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സര്‍വേ നടത്തി. ഈ മൂന്നു സംസ്ഥാനതല സര്‍വേകള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ കുട്ടികളുടെ പഠനനഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചു. 2018 നും 2022 നും ഇടയിലുള്ള ഏക എ എസ് ഇ ആര്‍ പഠന കണക്ക് ഈ സംസ്ഥാന തല എസ്റ്റിമേറ്റുകള്‍ മാത്രമാണ്.
രാജ്യത്തെ മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍, നിരവധി വര്‍ഷത്തോളം സ്തംഭനാവസ്ഥയിലായിരുന്ന പഠന നിലവാരം 2014 നും 2018 നും ഇടയില്‍ സാവധാനത്തില്‍ ഉയരുകയായിരുന്നു. ഉദാഹരണത്തിന്, രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാന്‍ കഴിയുന്ന മൂന്നാം കുട്ടികളുടെ അഖിലേന്ത്യാ അനുപാതം 2014-ല്‍ 23.6 ശതമാനമായിരുന്നെങ്കില്‍ 2018-ല്‍ 27.2 ആയി ഉയര്‍ന്നു. എന്നാല്‍ എ എസ് ഇ ആര്‍ റിപ്പോര്‍ട്ട് 2022ല്‍ ഈ അനുപാതം 20.5 ശതമാനമായി കുറഞ്ഞു. ഈ ഏഴ് ശതമാനത്തോളം വരുന്ന ഇടിവ് വളരെ വലുതാണ്. മഹാമാരി മൂലമുള്ള പഠന നഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കയെ സ്ഥിരീകരിക്കുന്നതാണ് ഈ കണക്കുകള്‍. ഗണിതത്തിലും 2014 നും 2018 നും ഇടയില്‍ പഠന നിലവാരം സാവധാനത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, 2022 ലെ കണക്ക് പ്രകാരം വായനയുടെ കാര്യത്തേക്കാള്‍ കുറവാണെങ്കിലും ഗണിതത്തിലും ഇടിവാണ് രേഖപ്പെടുത്തി. എന്നിരുന്നാലും, ഈ സര്‍വേയ്ക്കിടയിലെ നാലു വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ കാലയളവും സ്‌കൂള്‍ വീണ്ടും തുറന്നശേഷമുള്ള ആദ്യ ആറ് മുതല്‍ എട്ട് മാസവും ഉള്‍പ്പെടുന്നതാണ്.
നേരത്തെ സൂചിപ്പിച്ചതുപോലെ, 2021-ല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുമ്പോഴോ വീണ്ടും തുറന്നയുടനെയോ ആണ് കര്‍ണാടക, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ പഠന നിലവാരം വിലയിരുത്താന്‍ എ എസ് ഇ ആറിനു കഴിഞ്ഞത്. ഇവ ദേശീയതലത്തിലെ കണക്കുകളല്ലെങ്കിലും, 2022-ലെ കണക്കുകളേക്കാള്‍ മഹാമാരിയുടെ ആഘാതം മൂലമുണ്ടായ പഠന നഷ്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ഇടക്കാല ചിത്രം ലഭിക്കും.
ഈ മൂന്നു സംസ്ഥാനങ്ങളിലും 2021-ല്‍ വായനയിലും ഗണിതത്തിലും വലിയ തോതിലുള്ള പഠനശേഷിക്കുറവുണ്ടായി. പശ്ചിമ ബംഗാളിലെ അഞ്ചാം ക്ലാസില്‍ ഒഴികെ ഏഴു ശതമാനത്തിലധികം പോയിന്റുകള്‍. അധികമില്ലെങ്കിലും വായന ശേഷിയിലുണ്ടായ കുറവ് അല്‍പ്പം കൂടുതലാണ്. വായനയിലും ഗണിതത്തിലും ഈ മൂന്ന് സംസ്ഥാനങ്ങളിലെ 2021 ലെ പഠന നിലവാരം 2014 ലെ നിലവാരത്തേക്കാള്‍ കുറഞ്ഞു.
2021-22-ല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതശേഷം മൂന്ന് സംസ്ഥാനങ്ങളിലും വായനയിലും ഗണിതത്തിലും (അഞ്ചാം ക്ലാസുകാരുടെ വായനാ ശേഷിയില്‍ കര്‍ണാടകയും പശ്ചിമ ബംഗാളും ഒഴികെ) ഒരു വര്‍ഷത്തിനുശേഷം തിരിച്ചുവരവ് ഉണ്ടായിട്ടുണ്ടെന്നാണ് എ എസ് ഇ ആര്‍ 2022 കണക്കുള്‍ കാണിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 2022 ലെ പഠന നിലവാരം ഇപ്പോഴും താഴെയോ അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ 2018 ലെ നിലവാരത്തിന് അടുത്തോ ആണെങ്കിലും, 2018 നെ 2022 മായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ രണ്ടു പോയിന്റുകള്‍ക്കിടയില്‍ നിരീക്ഷിക്കപ്പെട്ട പഠന നിലവാരത്തില്‍ സംഭവിച്ച ഇടിവും കഴിഞ്ഞവര്‍ഷത്തെ മെച്ചപ്പെടലും കാണാനാകും.
202021 ലെ മറ്റൊരു വലിയ സംഭവവികാസം 2020-ല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) അവതരിപ്പിച്ചതാണ്. ആദ്യ വര്‍ഷങ്ങളിലും അടിസ്ഥാനപരമായ കഴിവുകളുടെ പ്രാധാന്യത്തിലും ആദ്യമായി വലിയ ശ്രദ്ധയുണ്ടായി.
സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ സംസ്ഥാനങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും നിപുണ്‍ ഭാരത് മിഷന്റെ (സംഖ്യാശാസ്ത്രത്തിലും വായനയിലും പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം) അടിസ്ഥാന സാക്ഷരത, സംഖ്യാശാസ്ത്രം (എഫ് എല്‍ എന്‍) എന്ന മേഖലയില്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. ഈ മുന്നേറ്റം എ എസ് ഇ ആര്‍ 2022 ഡേറ്റയില്‍ പ്രതിഫലിക്കുന്നു. സര്‍വേയുടെ ഭാഗമായി, എ എസ് ഇ ആര്‍ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ സര്‍വേയ്ക്കു തിരഞ്ഞെടുത്ത ഗ്രാമങ്ങളിലെ ഓരോ സര്‍ക്കാര്‍ സ്‌കൂളും സന്ദര്‍ശിച്ച് എന്റോള്‍മെന്റ്, ഹാജര്‍, സ്‌കൂള്‍ സൗകര്യങ്ങള്‍ എന്നിവ രേഖപ്പെടുത്തി. ഈ വര്‍ഷം എഫ് എല്‍ എന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്കു സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും നിര്‍ദേശമോ പരിശീലനമോ ലഭിച്ചിട്ടുണ്ടോയെന്നു ഞങ്ങള്‍ ചോദിച്ചു.
അഖിലേന്ത്യാ തലത്തില്‍, 81 ശതമാനം സ്‌കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 83 ശതമാനം സ്‌കൂളിലെ ഒരു അധ്യാപകനെങ്കിലും എഫ് എല്‍ എന്‍ല്‍ പരിശീലനം ലഭിച്ചു.
കോവിഡ് സമയത്ത് മറ്റു സംസ്ഥാനങ്ങള്‍ക്കും വലിയ പഠന നഷ്ടം സംഭവിച്ചതായി മൂന്നു സംസ്ഥാനങ്ങളുടെ 2021-ലെ കണക്കുകളുടെ അനുഭവത്തില്‍നിന്ന് അനുമാനിക്കാം. എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നപ്പോള്‍, സംസ്ഥാനങ്ങള്‍, അടിസ്ഥാനപരമായ കഴിവുകള്‍ കെട്ടിപ്പടുക്കാനോ അവയെ മെച്ചപ്പെടുത്താനോയുള്ള ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതു ഭാഗികവും ചില സന്ദര്‍ഭങ്ങളില്‍ പൂര്‍ണവുമായ വീണ്ടെടുക്കലിന് കാരണമായി. സ്‌കൂളുകള്‍ എത്രകാലം അടച്ചുപൂട്ടിയിരുന്നുവെന്നതിനെയും പഠന വീണ്ടെടുക്കല്‍ നടപടികള്‍ ആരംഭിച്ച സമയത്തെയും അടിസ്ഥാനമാക്കി വീണ്ടെടുക്കലിന്റെ വ്യാപ്തി സംസ്ഥാനങ്ങളില്‍ വ്യത്യാസപ്പെടുന്നു.
ഉദാഹരണത്തിന്, 2021 ജൂലൈയില്‍ പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. കുട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കൂടുതല്‍ സമയം ലഭിച്ചു. ഹിമാചല്‍ പ്രദേശ് അല്ലെങ്കില്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ വളരെ കഴിഞ്ഞാണു വീണ്ടും തുറന്നത്..
2021മായി താരതമ്യപ്പെടുതതുമ്പോള്‍ ഛത്തീസ്ഗഢിലെ കുട്ടികളുടെ വായനയിലും ഗണിതത്തിലുമുള്ള ശേഷി ശ്രദ്ധേയമായ നിലയില്‍ മെച്ചപ്പെട്ടതായി 2022 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 നെ 2018 മായി താരതമ്യം ചെയ്താല്‍ പഠന ശേഷിയിലെ കുറവ് അപ്രത്യക്ഷമായിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 2021 ലെ കണക്കില്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് ആഘാതം മൂലമുള്ള പഠനപ്രതിസന്ധി എന്താണെന്ന് പറയുക ബുദ്ധിമുട്ടാണ്.
ഇപ്പോള്‍ എന്‍ ഇ പി രാജ്യമെമ്പാടും വ്യക്തമായ എഫ് എല്‍ എന്‍ ലക്ഷ്യങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു വ്യത്യസ്ത വഴികള്‍ കണ്ടെത്താനാകും. പഠന പ്രതിബന്ധങ്ങള്‍ ഉണ്ടായെങ്കിലും സ്‌കൂളുകള്‍ തുറന്നതോടെ മെച്ചപ്പെടലും ഉണ്ടായിട്ടുണ്ട്. എല്ലാ ഇടക്കാല വിലയിരുത്തലുകളെയും കണക്കിലെടുത്ത്, എ എസ് ഇ ആര്‍ 2022 ഒരു നഷ്ടത്തിന്റെ കഥയല്ല, വീണ്ടെടുക്കലിന്റെ കഥയാണ് പറയുന്നത്.
- ദേശീയ വിദ്യാഭ്യാസ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് (എ എസ് ഇ ആര്‍) സെന്റര്‍ ഡയറക്ടറാണു ലേഖിക