#MeToo എന്ന ലക്ഷ്യവും മാര്‍ഗ്ഗവും

ചുരുക്കിപ്പറഞ്ഞാൽ, സമത്വം ഒരു സമ്പൂർണ്ണ മാറ്റമാവശ്യപ്പെടുന്നു, ഒരു പുതിയ നിയമശാസ്ത്രം, നമ്മുടെ ജീവിതങ്ങളും നിയമങ്ങളും തമ്മിലുള്ള ഒരു പുതിയ ബന്ധം

metoo

കോർപ്പറേറ്റ് ഓഫീസുകളിൽ നിന്നും സൈന്യവിഭാഗങ്ങളിൽ നിന്നും, എന്തിന്, ജുഡീഷ്യറിയിൽ നിന്നു പോലും ലൈംഗികപീഢനത്തിന്റെ വൃത്തികെട്ട കഥകൾ പുറത്തേയ്ക്കു വന്നതോടെ, പ്രധാനമായതെന്തോ ഒന്ന് വെളിപ്പെടുവാൻ തയാറാകുന്നുവെന്നുറപ്പായിരിന്നു. ‘പേരില്ലാത്ത പ്രശ്ന’മെന്ന് സൂസൻ ഫലൂദി വിശേഷിപ്പിച്ച ഈ പ്രശ്നത്തിൽ, തൊഴിലുടമകളും ആൺ സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും ഭർത്താവിന്റെ മേലുദ്യോഗസ്ഥരും നീതിന്യായവകുപ്പിലെ പ്രമുഖരും ഉള്‍പ്പടെയുള്ളവര്‍ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയവർ വെളിപ്പെടുത്തലുകളുമായി മുൻപോട്ടു വരുന്നു. ഉള്‍വലിയല്‍ അവസാനിപ്പിച്ച് ബഹുതലങ്ങളിൽ അവർ അനുഭവങ്ങൾ പങ്കു വച്ചു തുടങ്ങിയിരിക്കുന്നു എന്നതാണു ഏതാനും ദശകങ്ങൾക്കുള്ളിൽ ഉണ്ടായ മാറ്റം. തങ്ങളുടെ ക്ഷോഭം സമൂഹത്തെ അറിയിക്കുവാൻ പുതിയ പദശേഖരം തന്നെ കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഫലമാണു അമേരിക്കയിൽ ആരംഭിച്ച് ലോകമെങ്ങും വ്യാപകമാകുന്ന ‘#MeToo‘ പ്രസ്ഥാനം.

ഈ ഹാഷ്‌ടാഗ് രൂപീകൃതമായതിൽ‌പ്പിന്നെ വെളിപ്പെട്ട അനുഭവസാക്ഷ്യങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു, ലൈംഗികമെന്ന വാക്ക്, സ്ത്രീയുടെ കാര്യത്തിൽ വരുമ്പോൾ, ഇരപിടിയന്മാരായ ആൺശക്തികളുടെ വ്യക്തിഗതസുഖാനുഭവത്തിന്റെ വിശേഷണമല്ല. അതേസമയമത്, വീട്, ഓഫീസ്, നിരത്തുകൾ, ട്രെയിൻ, വിമാനം, ഹോട്ടൽ മുറികൾ എന്നിങ്ങനെ എല്ലായിടങ്ങളിലും പുരുഷാവശ്യങ്ങൾക്കു മുൻപിൽ അവര്‍ വഴങ്ങിക്കൊടുക്കണമെന്ന സാമൂഹ്യവും ഔദ്യോഗികവും നിയമപരവുമായ മേൽക്കോയ്മചട്ടത്തെ കൂടുതൽ വിപുലമായി മുൻപോട്ടു നയിക്കുന്ന ചാലകശക്തിയെക്കൂടി നിഗൂഡമായി നിർവ്വചിക്കുന്നുണ്ട്. സമ്മതമല്ലെങ്കിൽ പോലും, ഒരിക്കലൊരു ‘ബാബാജി’ പറഞ്ഞതു പോലെ ( 2012 ഡിസംബർ 16ലെ കൂട്ടബലാത്സംഗക്കേസിൽ പറഞ്ഞത്) ബലാത്സംഗം ചെയ്യാൻ വരുന്ന പുരുഷനെ സ്ത്രീ സഹോദരനെന്നു വിളിച്ച് കരുണയ്ക്കായി യാചിക്കുകയാണു വേണ്ടത്!

സ്വവർഗ്ഗ ബന്ധങ്ങളെയും ഉഭയസമ്മതിയോടെയുള്ള പരപുരുഷ/പരസ്ത്രീ ബന്ധങ്ങളെയും ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെയും പറ്റിയുള്ള അടുത്ത കാലത്തെ സുപ്രീം കോടതി വിധികൾക്കെതിരായുള്ള ധനകാര്യമന്ത്രിയുടെ പൊട്ടിത്തെറി ഒരു കാര്യം വ്യക്തമാക്കുന്നു, പുരുഷ നിർമ്മിതമായ പഴയകാല നിയമങ്ങളെയോ മതവിലക്കുകളെയോ വെല്ലുവിളിക്കുന്നതെന്തിനേയും ഭരണ സംവിധാനത്തിനെതിരായുള്ള വെല്ലുവിളിയായാണ് അധികാരി വർഗ്ഗം കാണുന്നത്.

ഒരു പ്രമാണം, അതാരുടെ താല്പര്യങ്ങളെ നിർവ്വചിക്കുകയും ആരുടെ സമത്വത്തെ ഉറപ്പാക്കുകയും ചെയ്യുന്നുവോ, അവരുടെ തന്നെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരിക എന്നത് ആദ്യമായി സംഭവിച്ചത് ഫെമിനിസത്തിലാകാം. 1995ൽ 17 മുതിർന്ന അമേരിക്കൻ വനിതാ മാധ്യമ പ്രവർത്തകർ വിത്തുപാകിയതാണ് ഇന്നു സ്ത്രീ മാധ്യമ പ്രവർത്തകരുടെ ക്ലബ്ബായി തഴച്ചു വളരുന്ന പ്രസ്ഥാനം. ഡെല്‍ഹിയിലെ വനിതാ മാധ്യമ പ്രവർത്തകർക്കായി ഒരു കൂട്ടായ്മയുണ്ടാക്കുകയായിരുന്നു ഇന്ത്യൻ വിമൺ പ്രെസ്സ് കോർപ്സ് രൂപീകരണത്തിന്റെ ലക്ഷ്യം. ഇവരിൽ ഭൂരിപക്ഷം പേരും പാർട്ട് റ്റൈമായോ ഫ്രീ ലാൻസേഴ്സ് ആയോ ജോലി ചെയ്യുന്നവരാണ്. മൂന്നു ദശകങ്ങൾ കഴിഞ്ഞ് ഇപ്പോൾ വെളിപ്പെടുന്ന സാക്ഷ്യങ്ങൾ വായിക്കുമ്പോൾ, 70കളിൽ മാധ്യമപ്രവർത്തനത്തിലേയ്ക്കു കടന്നുവന്ന ആദ്യ വലിയ ബാച്ച് സ്ത്രീകളും ഓഫീസുകളിൽ സമാന അനുഭവങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. അന്നവയൊക്കെ അപ്രധാനമെന്ന് കരുതി ഒളിച്ചു വയ്ക്കുകയോ അല്ലെങ്കിൽ അടക്കിപ്പിടിച്ച ശബ്ദത്തിൽ തങ്ങൾക്കിടയിൽ തന്നെ പങ്കിടുകയോ ആയിരുന്നു ചെയ്തിരുന്നത്. ലൈംഗിക പീഡന പരാതികൾക്ക് കമ്മിറ്റിയുണ്ടാക്കുക എന്നത് അധികാരികളുടെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.metoo

അതിനാലാണ് ഇപ്പോൾ ഇന്ത്യൻ നിയമങ്ങളിലെയും ജീവിതത്തിലെയും സ്ത്രീജീവിതാനുകൂല മാറ്റങ്ങളാൽ കൂടുതൽ ശക്തിയും പിന്തുണയും നേടിയ അവരുടെ പിന്‍ തലമുറകൾ, ഇന്ത്യൻ തൊഴിലിടങ്ങളുടെ ഇരുണ്ടവശമിപ്പോൾ തുറന്നു കാണിക്കുവാനെത്തുന്നത്. ഒരു പുരുഷ സഹപ്രവർത്തകന്റെയോ അഭിമുഖത്തിനിരിക്കുന്ന പ്രശസ്തന്റെയോ പ്രത്യേക നോട്ടങ്ങളും ആലിംഗനങ്ങളും പെട്ടെന്നുള്ള ‘ആകസ്മിക’ സ്പർശങ്ങളും എത്ര തവണയാണൊരു വനിതാ മാധ്യമ പ്രവർത്തകയെ തീർത്തും തരംതാഴ്ത്തപ്പെട്ട രീതിയിൽ അപമാനത്തിലേയ്ക്കും നിരാശയിലേയ്ക്കും നയിച്ചിട്ടുള്ളതെന്നവരിപ്പോൾ സംസാരിക്കുന്നു. പുരുഷന്, അവനാഗ്രഹിക്കുമ്പോൾ ഒരു നോട്ടത്തിലോ ബോധപൂർവ്വമുള്ള ഉരസലിലോ കൂടി തന്റെ ലൈംഗിക മേൽക്കോയ്മയും ആധിപത്യവും സ്ത്രീയെ അറിയിക്കാൻ എന്തു സവിശേഷ അധികാരമാണുള്ളത്? ചെറുനഗരങ്ങളിലെ പ്രാദേശിക ഭാഷാ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശബ്ദങ്ങളും അനുഭവങ്ങളും ഇനിയും ഉയർന്നു വരേണ്ടിയിരിക്കുന്നു. പക്ഷേ അടുത്ത കാലത്ത് ഒരു സീനിയർ എഡിറ്റർ ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ മറ്റു ചില ഇരുണ്ട വശങ്ങള്‍ തുറന്നു കാട്ടുന്നവയായിരുന്നു. പ്രാദേശിക ഭാഷാ പത്രങ്ങളിൽ ജോലി ചെയ്യുന്ന അംബീഷ്യസ് ആയ യുവ വനിതാ ജേർണലിസ്റ്റുകള്‍ കമ്പനി മാനേജര്‍മാരും ഉടമകളും എഡിറ്റര്‍മാരും ഉള്‍പ്പടെയുള്ളവര്‍ മുന്നോട്ട് വയ്ക്കുന്ന അത്ര പ്രൊഫെഷനല്‍ അല്ലാത്ത ‘പ്രതീക്ഷകള്‍’ സാധിച്ചു കൊടുത്ത്, സ്ഥാപനങ്ങളില്‍ തങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന സാഹചര്യങ്ങളും ചര്‍ച്ചയില്‍ വന്നു.

ലിംഗമെന്നാൽ ലൈംഗികത മാത്രമല്ലെന്നതിപ്പോൾ വ്യക്തമാണ്, ലിംഗപരമാക്കപ്പെട്ട ലൈംഗികതയാണു ആണിനെയും പെണ്ണിനെയും തമ്മിൽ അനുപാതരഹിതമായി വേർതിരിക്കുന്നത്. അതിനാൽ, ഒരു സ്ത്രീയെ, തന്റെ അതേ പദവിയിൽ ജോലി ചെയ്യുന്ന പുരുഷനിൽ നിന്ന് വ്യത്യസ്തമായി, ശാരീരിക അരക്ഷിതത്വത്തിനും ലൈംഗിക അപമാനത്തിനും, വിശ്വാസ്യതയും ആദരവും തൊഴിൽ മാർഗ്ഗങ്ങളും കുറയ്ക്കുന്നതിനും വിധേയമാക്കുന്നത് എല്ലായിടത്തും ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ്. കോടതികൾ അവിടവിടെ ഇടപെടുന്നുണ്ട്, പക്ഷേ ആധികാരികമാക്കപ്പെട്ട കേസുകളിൽ മാത്രം. അവിടെയും, നിയമം സ്വയം സാധൂകരിക്കുന്നത് സാമൂഹ്യ നിയമങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണ്. പക്ഷേ സമൂഹം തന്നെയാണ് നിയമങ്ങൾക്കുമേൽ വിവേചനബുദ്ധി കല്‍പ്പിച്ചു കൊടുക്കുന്നത്. മതം യുക്തിസഹമായ നിയമങ്ങൾക്കതീതമാണെന്നു വാദിച്ചു കൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത  ജഡ്ജിയുടെ (വനിത) അഭിപ്രായത്തെ ഇതിന്റെ അടിസ്ഥാനത്തിലാണു നോക്കിക്കാണേണ്ടത്. അതിനാലാണ് അരുൺ ജെയ്റ്റ്‌ലിയെപ്പോലുള്ള അഭിഭാഷകർ അവരെ ഉടനടി പിൻ‌താങ്ങുകയും നിയമമെന്നാൽ സമൂഹത്തിന്റെ ഭരണകൂട രൂപമാണെന്നും അത് ലിംഗമേൽക്കോയ്മകളിലൂടെയും വിവാഹങ്ങളിലൂടെയും കാലാകാലങ്ങളായി നിലനിൽക്കുന്ന സാമൂഹ്യധാരണകളെ, യുക്തിപരമായ വീക്ഷണത്തിൽ നിന്നുയർന്നു നിന്നു കൊണ്ട് പിന്തുണയ്ക്കണമെന്നു വാദിക്കുകയും ചെയ്തത്.

പുരുഷാധിപത്യത്തിലെ ഇത്തരം ജീവിത മുഹൂർത്തങ്ങൾ എതിർപ്പിനുള്ള വസ്തുതകൾ കാണിച്ചു തരുകയും മാറ്റങ്ങൾക്കുള്ള പാതകൾ തുറക്കുകയും ചെയ്യുന്നു. മഹാഭാരതത്തിലെ അർജുനനെപ്പോലെ, ക്ഷമ യാചിക്കുകയോ ഒളിച്ചോടുകയോ ചെയ്യാതെ, (ന ദൈന്യം ന ച പലായനം) സ്ത്രീകൾ തങ്ങളുടെ ലക്ഷ്യത്തിനായുള്ള മാർഗ്ഗത്തിൽ ബോധവതികളായി ഉറച്ചു നിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എങ്കിലുമവർ ക്ഷണിത സന്ദേഹത്തിന്റെ പിടിയിലാകുന്നുണ്ട്. തങ്ങളുടെ ആവശ്യം ന്യായമാണെങ്കിൽ കൂടി, സ്വന്തക്കാരുടെ നേരെ ആയുധമുയർത്തണോ?

സിംഹാസനങ്ങളുടെ മത്സരങ്ങളുടെ ഏറ്റവും പഴയ രേഖകളിലെ ഒരു വസ്തുത ഇവിടെ കൗതുകകരമായി കൂട്ടി വായിക്കാം. ഭഗവദ് ഗീതയിൽ കൃഷ്ണൻ, അർജുനന്റെ പിതൃത്വത്തെയല്ല (ഭീരുവായ പാണ്ഡു) ഉണർത്തിയെടുക്കുന്നത്, മറിച്ച് ഉരുക്കുമനസ്സുള്ള മാതൃത്വത്തെയാണ് (കുന്തി). അർജുനനെ പാണ്ഡവാ എന്നല്ല കൗന്തേയാ എന്നാണ് കൃഷ്ണൻ അഭിസംബോധന ചെയ്യുന്നത്: “ഹതി വ പ്രപ്യാസി സ്വർഗ്ഗം, ജിത്വാ വ ഭ്യോക്ഷ്യസേ മഹിം/ താതോ ഉത്തിഷ്ഠ കൗന്തേയ, യുദ്ധായ ക്രീത് നിശ്ചയാത്!” ഈ യുദ്ധത്തിൽ, മരിച്ചാൽ, നീ സ്വർഗീയ പോരാളിയായി മാറും. നീ ജയിച്ചാലോ നീ യഥാർത്ഥത്തിലുള്ള ഐഹിക സുഖമാസ്വദിക്കും. അതിനാൽ കുന്തീ പുത്രാ, ഒരു നല്ല പോരിനായി നീ യുദ്ധത്തിനു തയ്യാറാകുക.

ചുരുക്കിപ്പറഞ്ഞാൽ, സമത്വം ഒരു സമ്പൂർണ്ണ മാറ്റമാവശ്യപ്പെടുന്നു, ഒരു പുതിയ നിയമശാസ്ത്രം, നമ്മുടെ ജീവിതങ്ങളും നിയമങ്ങളും തമ്മിലുള്ള ഒരു പുതിയ ബന്ധം. അത്തരമൊരു മാറ്റം നിലനിൽക്കുന്നതല്ലെന്ന് പറയപ്പെടും, പക്ഷേ അത് അപക്വമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നിഷേധികളിലൊരാളായ ഗാന്ധി പറഞ്ഞു, “നിയമത്തെ സ്വമേധയാ അനുസരിക്കുക എന്നതാണു നമ്മുടെ പ്രഥമകർത്തവ്യമെന്നു ഞാൻ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ ആ കർത്തവ്യം നിർവ്വഹിക്കുന്നതിനിടയിൽ, നിയമം അസത്യത്തെ സംരക്ഷിക്കുന്നുവെന്നു കണ്ടാൽ, അതിനെ അനുസരിക്കാതിരിക്കുക എന്നതായി കർത്തവ്യം മാറുന്നുവെന്നും ഞാൻ കണ്ടെത്തിയിട്ടുണ്ട്.”

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Fight the good fight sexual harassment me too movement

Next Story
സ്ത്രീകൾക്കായി പൊതു അടിസ്ഥാന വരുമാന വിതരണ പരിപാടി സർക്കാർ അജണ്ടയിൽArun Jaitely, Budget
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express