scorecardresearch
Latest News

“നല്ല സ്ത്രീ”കളെ നിർമ്മിച്ചെടുക്കുന്ന വ്യവഹാരങ്ങൾ

‘നല്ല സ്ത്രീകൾ’ കേരളത്തിലെ രാഷ്ട്രീയകക്ഷികളിലും പഴയതും പുതിയതുമായ സാമുദായിക-വിപ്ളവസംഘടനകളിലും അവരുടെ ബൗദ്ധികവൃത്തങ്ങളിലും തഴച്ചുപൊന്തുന്നതിൽ വിരോധാഭാസമേതുമില്ല

“നല്ല സ്ത്രീ”കളെ നിർമ്മിച്ചെടുക്കുന്ന വ്യവഹാരങ്ങൾ

കേരളത്തിലിന്ന് ഫെമിനിസ്റ്റ് എന്ന വാക്കിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നുവന്നിരിക്കുന്നു, പ്രത്യേകിച്ചും ആക്ടിവിസ്റ്റുകൾക്കിടയിൽ. 1980കളിൽ പ്രചാരത്തിൽ വന്നതു മുതൽ ഇന്നു വരെയും ഈ വാക്ക് അധികാരസംബന്ധമായ ആശങ്കകൾ ഇറക്കിവയ്ക്കാനുള്ള സ്ഥലമാണ്. ആൺവിരോധം, ഹുങ്ക്, താന്തോന്നിത്തം, കുടുംബംകലക്കൽ മുതലായവയാണ് ഫെമിനിസം എന്ന ധാരണ ഇന്നും ശക്തമാണ്. എങ്കിലും, ദേശീയവും തദ്ദേശീയവുമായ സർക്കാരുകൾ സ്ത്രീശാക്തീകരണശ്രമങ്ങൾ ആരംഭിച്ചതോടെയാണ് ഫെമിനിസ്റ്റ്ദൂഷണത്തിന് അല്പമെങ്കിലും ശാന്തിയുണ്ടായത് – അല്ലാതെ ഇവിടുത്തെ പുരുഷാധികാരപ്രമാണികളുടെ മനസ്സുമാറിയതുകൊണ്ടല്ല. ആണല്ല, ആൺകോയ്മയാണ് ഫെമിനിസത്തിൻറെ ഉന്നം; അഹങ്കാരത്തെയല്ല, അത്മാഭിമാനത്തെയാണ് അത് ഉയർത്തിപ്പിടിക്കുന്നത്; താന്തോന്നിത്തമെന്നത് അർത്ഥമോ യുക്തിയോ കൂടാത്ത പദമാണ്; കുടുംബത്തെ കലക്കാനല്ല, പിതൃമേധാവിത്വകുടുംബത്തെ ജനാധിപത്യവത്ക്കരിക്കുന്നതിലൂടെ അതിനെ നവീകരിക്കലാണ് ഫെമിനിസ്റ്റ് ലക്ഷ്യം – ഇങ്ങനെയുള്ള മറുപടികളും പ്രതികരണങ്ങളും അന്നു മുതൽ ഇന്നു വരെയും ഫെമിനിസ്റ്റുകൾ നൽകിക്കൊണ്ടേയിരിക്കുന്നുവെങ്കിലും ആക്ടിവിസ്റ്റ് പുരുഷന്മാർ പോലും വളരെയധികമൊന്നും ഈ രാഷ്ട്രീയധാരയെക്കുറിച്ച് മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ലെന്നത് ഖേദകരമാണ്.

ഇത്രയും എഴുതാൻ കാരണം, കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു ഇസ്ലാമിസ്റ്റ് പുരുഷൻ എഴുതിക്കണ്ട ചില കാര്യങ്ങളാണ്. ഏതോ ദിക്കിൽ ഒരു നവവധു ഭർത്താവ് സുന്ദരനല്ല എന്നാരോപിച്ചു അയാളെ കൊന്നുകളഞ്ഞത്രെ. ഇതിൽ നിന്ന് ഈ സുഹൃത്ത് പഠിച്ച പാഠം, ഫെമിനിസ്റ്റുകളുടെ ഹുങ്കിനെപ്പറ്റിയാണ് – അവർ ഈ ചെയ്തിയെ ആൺകോയ്മയുടെ പേരിൽ ന്യായീകരിച്ചുകളയുംപോലും. 2000ത്തിനു ശേഷം വീട്ടിലും തൊഴിലിടത്തും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ ഇത്തരക്കാരികളെ സൃഷ്ടിക്കുമെന്ന സൂചനയാണ് ആ അട്ടഹാസത്തിൽ സർവ്വോപരി. ഈ സംഭവവും ഫെമിനിസവുമായി എന്തു ബന്ധമെന്നും, ഒരു വാദമെന്ന നിലയ്ക്ക് ഇത് തികച്ചും അസംബന്ധമല്ലേ എന്നു ചോദിച്ചപ്പോൾ, താൻ ഒരു ഫെമിനിസ്റ്റാണെന്നും, എന്നാൽ സ്ത്രീകൾ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് കണ്ടിരിക്കാൻ വയ്യെന്നുമായിരുന്നു പ്രതികരണം.

ഇന്നത്തെക്കാലത്ത് ഈ ‘ദുരുപയോഗ’വ്യവഹാരം ഏറ്റവുമധികം എടുത്തുകളിക്കുന്നത് സവർണ-ഹിന്ദുത്വതീവ്രവാദികളാണ്. നിലവിൽ ലഭ്യമായ തെളിവിനെയാകെ അവഗണിച്ചുകൊണ്ട് ദലിത്-ഒബിസിവിഭാഗക്കാർ സംവരണത്തെ ‘ദുരുപയോഗം’ ചെയ്യുന്നുവെന്നും, മുസ്ലീങ്ങൾ മതേതരത്വത്തെ ‘ദുരുപയോഗം’ ചെയ്യുന്നുവെന്നും പറഞ്ഞുപരത്തുന്നത് ആ കൂട്ടമാണ്. ഇപ്പറഞ്ഞ ദുർവാദങ്ങളെ തുറന്നെതിർക്കുന്ന ആക്ടിവിസ്റ്റ്-ബുദ്ധിജീവി പുരുഷന്മാർക്ക്, പക്ഷേ, തെളിവിൻറെ തുള്ളി പോലുമില്ലാതെ സ്ത്രീകൾ ഈ നിയമങ്ങൾ ദുർവിനിയോഗം ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കാൻ ശങ്കയേതുമില്ല. (മറിച്ച്, അതായത്, ഭരണകൂടാധികാരികൾ സ്ത്രീകൾക്ക് ഈ വഴിക്ക് നീതി ലഭിക്കാതിരിക്കാൻ പലവിധത്തിലുള്ള സ്ഥാപനപരമായ തീരുമാനങ്ങളും മാറ്റങ്ങളും വരുത്തിക്കൊണ്ടിരിക്കുന്നുവെന്നതിന് ധാരാളം തെളിവുണ്ടുതാനും). അതുപോലെ, ഈ കൂട്ടർ രാപ്പകൽ എതിർത്തുവരുന്ന ഹിന്ദുവലതുപക്ഷത്തിൻറെ യുക്തിരഹിതവാദരൂപങ്ങൾ (മുസ്ലിം സമുദായത്തിലുള്ള ചെറുതിൽച്ചെറുതായ ന്യൂനപക്ഷത്തിൻറെ തെറ്റായ തീരുമാനങ്ങളുടെ പേരിൽ മൊത്തം സമുദായത്തെയും താറടിക്കുന്ന പതിവിനെപ്പോലെ) കൈയിലെടുത്തുകൊണ്ട് ഫെമിനിസ്റ്റുകളെ ആക്രമിക്കാൻ ഇവർക്ക് മടി ഇല്ലേയില്ല.

ഫെമിനിസ്റ്റുകൾ ‘വിദേശപ്രത്യയശാസ്ത്ര’ത്തിൻറെ വക്താക്കളാണെന്നും മറ്റും ആരോപിച്ചുകൊണ്ടുള്ള (സാമൂഹിക വലതുപക്ഷ)ആക്രമണം രാഷ്ട്രീയ ഇടതും വലതും പലവട്ടം നടത്തിയിട്ടുണ്ട്. അത്, പക്ഷേ, എളുപ്പം നേരിടാവുന്നതാണ്. കേരളത്തിലിന്ന് പ്രബലമായിരിക്കുന്ന മൂന്നു മതങ്ങളും –ഹിന്ദുമതവകഭേദമായ ബ്രാഹ്മണമതം, ഇസ്ലാം, ക്രിസ്തുമതം – വിദേശ ഇറക്കുമതികളായിരുന്നുവെന്നത് സംശയാതീതമാണ്. അവയ്ക്ക് കാലക്രമേണ തദ്ദേശീയഛായ വന്നതു പോലെ ഇവിടെ ഫെമിനിസത്തിനും തദ്ദേശീയവകഭേദമുണ്ടായിക്കൊള്ളും. ഇവ മൂന്നും സമീപക്കാലത്ത് തദ്ദേശീയതയെ ഉപേക്ഷിക്കാനും ദേശീയമോ ആഗോളമോ ആയ മാതൃകകളെ പുൽകാനും സന്നദ്ധാരായ സ്ഥിതിക്ക്, മറ്റു പ്രത്യയശാസ്ത്രങ്ങൾക്ക് ആ സ്വാതന്ത്ര്യം നിഷേധിക്കാൻ ഉത്സാഹിക്കുന്നതിലെ പരിഹാസ്യത വ്യക്തമാണ്. മാത്രമല്ല, ഫെമിനിസം ഈ നാട്ടിലേതാണെങ്കിലും അല്ലെങ്കിലും, പുരുഷാധികാരവിരുദ്ധ മനോഭാവം ഇവിടുത്തെ സ്ത്രീകൾക്കുള്ളിൽ പണ്ടുപണ്ടേ ഉണ്ടായിരുന്നു എന്നതിന് ധാരാളം തെളിവ്, ബുദ്ധൻറെ കാലം മുതൽക്കെങ്കിലും, വ്യക്തമായും ഉണ്ട്. ഹിന്ദുമതത്തിൽ മാനിക്കപ്പെട്ട ഭക്തകളെല്ലാം പുരുഷാധികാരവ്യവസ്ഥയെയും ബ്രാഹ്മണമതത്തെയും ഒപ്പം വെല്ലുവിളിച്ചവരായത് വെറുതേയല്ല. മഹാദേവി അക്കയെയോ മീരയെയോ എടുത്താഘോഷിക്കതെ, ആധുനിക അടക്കമൊതുക്കം പ്രദർശിപ്പിച്ചവരായ സിസ്റ്റർ നിവേദിതയെയും മറ്റും ഏറ്റെടുക്കാൻ ഇന്നത്തെ നാഗരിക ഹിന്ദുത്വതീവ്രവാദികൾ സന്നദ്ധരായിരിക്കുന്നതും വെറുതേയല്ല. പക്ഷേ ഇതൊക്കെ അറിയണമെങ്കിൽ ഇന്ത്യയിലെ ഫെമിനിസ്റ്റ് പണ്ഡിതരെ ഗൗരവമായി എടുക്കണം, അവരുടെ കൃതികൾ വായിക്കണം. സ്വന്തം സമുദായം അപകടത്തിലാകുന്ന വേളയിൽ മാത്രം ഫെമിനിസ്റ്റുകളെ കൂടെക്കൂട്ടി കാര്യം കാണുന്ന ആ മിടുക്കുകൊണ്ട് രാഷ്ട്രീയവബോധം വളരില്ല.

j devika, feminism, cds,

പക്ഷേ ഈ ആക്ടിവിസ്റ്റ് പുരുഷാധികാരി, ഭരണകൂടാശ്രിതത്വത്തെ ഇന്നു നിലവിലുള്ള വ്യത്യസ്തഫെമിനിസ്റ്റ്ധാരകളുടെ ധാർമ്മിക ഉൾക്കാമ്പായി തിരിച്ചറിയുന്നതാണ് എനിക്ക് ഏറ്റവും അസഹ്യമായിത്തോന്നുന്നത്. ഭരണകൂടം നീതി നിർവ്വഹിക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണകൂടസൗജന്യങ്ങളുപയോഗിച്ചു പുരുഷന്മാരെ കുടുക്കാൻ ശ്രമിക്കൽ മാത്രമാണെന്ന് സൂചിപ്പിക്കാൻ ശ്രമിക്കുന്നത് എത്ര താണ മനഃസ്ഥിതിയുടെ ലക്ഷണമാണ്! നല്ല സ്ത്രീകൾ (ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടവർ) സംരക്ഷിക്കപ്പെടണമെന്നു കരുതുന്ന താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് ഈ പുരുഷ ആക്ടിവിസ്റ്റ് വിചാരിക്കുന്നു.

j devika, cds, feminism

ആൺകോയ്മാകുടുംബത്തിനു വഴങ്ങിനിൽക്കുന്ന, സ്വന്തം ഗർഭപാത്രങ്ങളെ ഭർതൃകുടുംബത്തിൻറെ മാത്രം ജനിതകപിന്തുടർച്ചയ്ക്കായി ഉഴിഞ്ഞിടുന്ന, ആൺകോയ്മാതാത്പര്യങ്ങളെ സമുദായസംരക്ഷണഭാഷയിൽ പിൻതാങ്ങി സമുദായത്തിനുള്ളിൽ ചില്ലറസ്ഥാനമാനങ്ങൾ പിടിച്ചു പറ്റുന്ന – ‘നല്ല സ്ത്രീകൾ’ എല്ലാവരും സംരക്ഷിക്കപ്പെടേണ്ടത് അവരുടേതിലധികം, ആൺകോയ്മാവായു നിറച്ച അരക്ഷിത-പുരുഷ-അഹന്തകളുടെ ആവശ്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പൊതുവേ സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ഭരണകൂടത്തിൻറെ മർദ്ദനസന്നദ്ധതയും മേലാളഹുങ്കും കൂടുതൽക്കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും മുകളിൽ മൂന്നാമതു പറഞ്ഞ ഇനം ‘നല്ല സ്ത്രീകൾ’ കേരളത്തിലെ രാഷ്ട്രീയകക്ഷികളിലും പഴയതും പുതിയതുമായ സാമുദായിക-വിപ്ളവസംഘടനകളിലും അവരുടെ ബൗദ്ധികവൃത്തങ്ങളിലും തഴച്ചുപൊന്തുന്നതിൽ വിരോധാഭാസമേതുമില്ല.

സ്ത്രീശാക്തീകരണപരിപ്രേക്ഷ്യത്തിൻറെ പരാജയദിനങ്ങളിൽ പിറന്ന വികൃതസന്തതികളായി ഇവരെ മൊത്തത്തിൽ ഭാവിചരിത്രരചയിതാക്കൾ വിലയിരുത്തുമെന്ന് സംശയമില്ല. ഫെമിനിസ്റ്റ് ഭാഷ ഇവരിൽ ചിലരെല്ലാം ഉപയോഗിച്ചേക്കാം, പക്ഷേ ലിംഗാധികാരത്തിൻറെ സമസ്തപ്രകടനങ്ങളെയും തുറന്നെതിർക്കാൻ തയ്യാറല്ലാത്തവർ ഫെമിനിസ്റ്റല്ല.

സമുദായത്തിനുള്ളിൽ ഇടം കണ്ടെത്താനുള്ള ഏകമാർഗം അതിനുള്ളിലെ ആണധികാരികളുടെ ചട്ടുകമാവുക മാത്രമല്ല. അത്തരം മിനിമൽ ശാക്തീകരണത്തെപ്പോലും അംഗീകരിക്കുന്ന ഫെമിനിസങ്ങളുണ്ട് (എന്റേത് അത്തരം ഫെമിനിസമല്ല). എന്നാൽ അരക്ഷിതബോധം മൂത്ത് ‘ഫെമിന്സ്റ്റ്തള്ള’, ‘ചാന്തുപൊട്ട്ഫെമിനിസ്റ്റ്’ എന്നൊക്കെ അട്ടഹസിക്കുന്ന ഒരുത്തനും, അവൻ എന്തിനം ഇരയാണെന്നവകാശപ്പെട്ടാലും ശരി, ഫെമിനിസ്റ്റ്പക്ഷത്തല്ല

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Feminism gender equality patriarchy j devika