ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന എണ്‍പത്തി നാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം അനീതിയുടെ ഇരുണ്ട കഥ അവശേഷിപ്പിക്കുന്നു. ഇത് ഇന്ത്യയിലെ ഉന്നത നീതിന്യായ വ്യവസ്ഥയ്ക്കു മങ്ങലേല്‍പ്പിക്കുന്നതാണ്. ഝാര്‍ഖണ്ഡില്‍ ഗോത്രാവകാശങ്ങള്‍ക്കായി നിലകൊണ്ട ഈ ജെസ്യൂട്ട് പുരോഹിതനെ, ഭീമ കൊറെഗാവ് കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. രോഗിയായ അദ്ദേഹം, മരണം വരെയുള്ള ഏതാണ്ട് ഒന്‍പത് മാസത്തെ ജയില്‍വാസത്തിനിടെ ഭരണകൂടത്തിന്റെ കനത്ത മുഷ്ടിയെയും അനുതാപമില്ലാത്തമില്ലാത്ത ജുഡീഷ്യറിയെും കുത്തഴിഞ്ഞ ജയില്‍ സംവിധാനത്തെയും വീണ്ടും വീണ്ടും അഭിമുഖീകരിക്കേണ്ടി വന്നു.
ഉദാഹരണത്തിന്, പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം ഗ്ലാസില്‍നിന്ന് വെള്ളം കുടിക്കുന്നത് അസാധ്യമായതിനാല്‍ അദ്ദേഹത്തിന് സിപ്പറും സ്ട്രോയും അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോളുണ്ടായ പ്രതികരണത്തെക്കുറിച്ച് ചിന്തിക്കുക. കേസ് മൂന്നാഴ്ചത്തേക്കു കോടതി മാറ്റിവച്ചു. ആദ്യം പ്രത്യേക എന്‍ഐഎ കോടതിയിലും പിന്നീട് ബോംബെ ഹൈക്കോടതിയിലുമായി സ്വാമി നാലു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളെ എന്‍ഐഎ എതിര്‍ത്തതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുക. തിങ്ങിനിറഞ്ഞ ജയിലില്‍ തനിക്കു കൊറോണ വൈറസ് ബാധിക്കാനു്ള സാധ്യത കൂടുതലാണെന്നു ചൂണ്ടിക്കാട്ടി സ്വാമി ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിച്ചപ്പോള്‍, ”കോവിഡ് -19 കാരണമുള്ള സാഹചര്യത്തിന്റെ മറവില്‍ പ്രതികള്‍ അനാവശ്യ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നു,” എന്നാണ് എന്‍ഐഎ മറുവാദം ഉന്നയിച്ചത്. എന്നാല്‍, സ്വാമിയെ ചോദ്യം ചെയ്യാന്‍ ഈ മാസങ്ങളിലൊന്നും ഒരു ദിവസത്തെ കസ്റ്റഡി പോലും എന്‍ഐഎ തേടിയില്ല.
ബോംബെ ഹൈക്കോടതിയുടെ മുമ്പാകെ മേയ് 21 ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി അവസാനമായി ഹാജരായതിനെക്കുറിച്ചും ചിന്തിക്കുക. തലോജ ജയിലിലെ സാഹചര്യം തന്റെ ദുര്‍ബലമായ ശരീരത്തെ എങ്ങനെ കൂടുതല്‍ ക്ഷീണിപ്പിച്ചുവെന്ന് അദ്ദേഹം വിവരിച്ചു. ”ഞാന്‍ മിക്കവാറും ഇവിടെത്തന്നെ മരിക്കും, ഇതുപോലെയാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ വളരെ വേഗം തന്നെ”, മെഡിക്കല്‍ ജാമ്യത്തില്‍ റാഞ്ചിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാമിയുടെ ജാമ്യാപേക്ഷകളിലെ രണ്ടാമത്തേതില്‍ ബോംബെ ഹൈക്കോടതി ഇനിയും വാദം കേട്ടിട്ടില്ല.
സ്വാമിയുടെ കേസ് തീര്‍ച്ചയായും ഒറ്റപ്പെട്ടതല്ല. ഭീമ കൊറെഗാവ് കേസില്‍ കുറ്റാരോപിതരായി മറ്റു നിരവധി പേര് ജയിലില്‍ കഴിയുകയാണ്, അവരുടെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രൊഫ. ഹാനി ബാബു മുതല്‍ തെലുങ്ക് കവി വരവര റാവു വരെ, കോവിഡ് മഹാമാരിക്കിടെ ജയിലുകളില്‍ പ്രാഥമിക വൈദ്യസഹായം ലഭിക്കാന്‍ പലരും പാടുപെട്ടു. ജുഡീഷ്യറിയുടെ വേഗത്തിലുള്ള ഇടപെടലിന്റെ അഭാവം, പൗരന്മാരുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാനുള്ള വിമുഖത, ബുദ്ധിജീവികള്‍, വിദ്യാര്‍ത്ഥികള്‍, വിമതര്‍ എന്നിവര്‍ക്കെതിരെ നിര്‍ദയമായ നിയമങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാത്ത സ്ഥിതി അഭിമുഖീകരിക്കുന്നത് എന്നിവ സംബന്ധിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. ഇക്കാര്യത്തില്‍ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് തന്‍ഹ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ഒരു അപവാദമായിരിക്കാം. ജാമ്യം നിഷേധിക്കുന്നതിനു കര്‍ക്കശമായ യുഎപിഎ ചുമത്തുന്നതിനിനെതിരെ ഹൈക്കോടതി ശബ്ദമുയര്‍ത്തി. വിരോധാഭാസമെന്നു പറയട്ടെ, സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്യുകയും നിയമത്തെക്കുറിച്ച് പരിശോധിച്ചതിനു വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
Also Read: ഭീമ കൊറേഗാവ് കേസ്: ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?
തടവിലാക്കപ്പെട്ടതിനു കാരണമായ ഗുരുതരമായ കുറ്റങ്ങളില്‍ സ്വാമിക്കു പങ്കുണ്ടോയെന്ന് കോടതികള്‍ തീരുമാനിക്കേണ്ടതായിരുന്നു. അദ്ദേഹത്തിനെതിരായ കേസ് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തം എന്ഐഎക്കായിരുന്നു. എന്നിരുന്നാലും, ദുര്‍ബലമായ, രോഗബാധിതനായ വിചാരണത്തടവിലുള്ള വ്യക്തിയുടെ ജീവന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിലൂടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും വിയോജിപ്പിനും വിയോജിപ്പുകാര്ക്കുമുള്ള ഇടം ചുരുക്കുക മാത്രമല്ല, ചരിത്രത്തിന്റെ നിന്ദ്യമായ വിധിന്യായത്തെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. കോവിഡ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ കോടതികള്‍ പ്രകാശത്തിന്റെ തിളക്കമുള്ള ബിന്ദുക്കളാണെങ്കില്‍ ഇതില്‍ ഇരുണ്ട കളങ്കമുണ്ട്.