ഫാറൂക്ക് കോളേജ് അധ്യാപകന്റെ മതപ്രസംഗത്തെ ന്യായീകരിച്ചുകൊണ്ട് നിരവധി വാദങ്ങൾ ഉയർന്നു കേൾക്കുന്നു. അദ്ദേഹം പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും ശകാരിച്ചുവെന്നും ഇത് കോളേജിനു പുറത്തുണ്ടായ ഒരു മതപ്രസംഗമാണെന്നും പലരും എന്നോടു പറയുന്നു. സ്ത്രീകളുടെ മാറിടത്തെ തണ്ണിമത്തനോട് ഉപമിച്ചതല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇവയിൽ ഒന്നുപോലും ബലമുള്ളതായി തോന്നുന്നില്ല. പെണ്ണായാലും ആണായാലും പരസ്യമായി അപമാനിച്ചാണോ മതചര്യയെപ്പറ്റി ബോദ്ധ്യമുണ്ടാക്കുന്നത്? ഇസ്‌ലാമിൽ ഒതുക്കം മനുഷ്യഗുണമാണ്, അല്ലാതെ സ്ത്രീഗുണം മാത്രമല്ല, എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ആണുങ്ങൾ സ്വന്തം കണ്ണുകളെ നിയന്ത്രിച്ചുകൊള്ളണമെന്ന് ഈ മതം ഉപദേശിക്കുന്നത് വെറുതേയല്ല. എങ്ങനെ കെട്ടിപ്പൊതിഞ്ഞാലും സ്ത്രീകളെ മതവിശ്വാസത്തിലും മനുഷ്യത്വത്തിലും തുല്യരായി കാണാൻ പഠിച്ചില്ലെങ്കിൽ ആണധികാരമുള്ളവരായ പുരുഷന്മാരിൽ സ്ത്രീശരീരത്തെപ്പറ്റിയുള്ള ലൈംഗികകാമനകൾ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന തിരിച്ചറിവിൽ നിന്നുവരുന്ന ഉപദേശമാണത്. അപ്പോൾ സ്ത്രീയ്ക്കും ചട്ടങ്ങളുണ്ടെങ്കിലും പുരുഷനോടുള്ള ഈ ഉപദേശത്തിനാണ് കൂടുതൽ പ്രാധാന്യമുണ്ടാകേണ്ടത്.
മാത്രമല്ല, പ്രാസംഗികൻറെ യുക്തിപ്രകാരം മാറുമറയ്ക്കാത്ത സ്ത്രീകൾ സ്വന്തം ശരീരത്തിൻറെ മെച്ചം പുറത്തുകാട്ടി ആവശ്യക്കാരെ ആകർഷിക്കുന്നവരാണല്ലോ. തണ്ണിമത്തനെപ്പറ്റി പറഞ്ഞത് ആനുഷംഗികം തന്നെ. മുസ്‌ലിം സ്ത്രീയ്ക്ക് മാത്രമല്ല മാറിടമുള്ളത്. അവർ അതു പ്രദർശിപ്പിച്ചാൽ ഉണ്ടാകുന്ന അതേ ഫലമല്ല മുസ്‌ലിം പുരുഷന്മാരിൽ ഉണ്ടാകുന്നത് യാതൊരു തെളിവും ഇല്ല. അപ്പോൾ മാറുമറയ്ക്കാത്ത എല്ലാ സ്ത്രീകളെയും നേരിട്ടല്ലെങ്കിലും ഇത് സ്പർശിച്ചു പോകുന്നു എന്നു വേണം പറയാം. മതചര്യയുടെ ഭാഗമായി മുസ്‌ലിം സ്ത്രീകളുടെ വസ്ത്രത്തെ അതിമനോഹരമായി വിശദീകരിക്കുന്ന കൃതികളുണ്ട്. ഇത് അതുപോലൊന്നുമല്ല എന്നു തോന്നുന്നു. മറച്ചുവച്ചാൽ വിൽക്കാത്ത വിഭവം, തുറന്നുപോയാൽ വിൽക്കാൻ വച്ചിരിക്കുന്നത് ഇതാണ് സൂചന.
മാറല്പം കണ്ടാൽ ഇതാണ് പ്രശ്നമെങ്കിൽ കാര്യം കുഴഞ്ഞതുതന്നെ. മാറിടം മറയ്ക്കാതെ ജീവിക്കുന്ന മറ്റു സ്ത്രീകൾ ധാരാളമുള്ളതുകൊണ്ട് മുസ്‌ലിംസ്ത്രീകൾ മാത്രം മാറുമറച്ചതുകൊണ്ട് കാര്യമില്ല. അപ്പോൾ പുരുഷന്മാർ സ്ത്രീകളെ തുല്യവിലയുള്ള മനുഷ്യജീവികളായി കാണാൻ പഠിച്ചാൽ, അതായത് അവരെ കണ്ണുകൊണ്ട് ഉഴിയുന്നതിനു പകരം ബുദ്ധികൊണ്ടോ തുല്യവില അവർക്കു നൽകുന്ന സദാചാരബോധത്തിലൂടെയോ കാണാൻ പഠിച്ചാൽ — അവരുടെ മുല- ഏതു സ്ത്രീയുടേയും മുല – ഒരു പ്രശ്നമേ അല്ലാതാകും. മുലയും തലയും കാലും അവർക്കു നൽകുന്ന പരിഗണനയിൽ അപ്രസക്തമാകും.
പക്ഷേ ഇവിടുത്തെ ഇസ്ലാംവിരുദ്ധരുടെ തട്ടുപന്തായിത്തീർന്ന ഈ നിർഭാഗ്യവാൻ സ്വീകരിച്ചിരിക്കുന്ന ബോധനമാർഗത്തിൻറെ വേര് ഇസ്‌ലാം എന്ന മതത്തിലല്ല, മലയാളി സമൂഹം അദ്ധ്യാപകർക്ക് പൊതുവേ,- ജാതി-മത-മതേതര-ഭേദമന്യേ- കൽപ്പിച്ചുകൊടുത്തിരിക്കുന്ന ഹിംസാപരമായ അധികാരത്തിലാണ് തിരയേണ്ടത്. ചെറുപ്പക്കാരെ എന്തും പറയാം, എങ്ങനെ വേണമെങ്കിലും മര്യാദ പഠിപ്പിക്കാമെന്ന പൊതുസമ്മതമാണല്ലോ ഇവിടെ മാനസികവാർദ്ധക്യം അനുഭവിക്കുന്ന എല്ലാ വരേണ്യരും പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായിയുടെ പാർട്ടി ഉൾപ്പെടെയുളളവരുടെ “ഗ്രാമസംസ്കാരം” അവിടെയടുത്തുള്ള ഫാഷൻപഠനകേന്ദ്രത്തിലെ സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്നു, മതപ്രഭാഷകവേഷം കെട്ടി എല്ലാ മതത്തിലേയും വരേണ്യർ അവയ്ക്കുള്ളിലെ ചെറുപ്പക്കാരെ നിലയ്ക്കുനിർത്തുന്നു. അവരെ മതത്തിൽ ഉറച്ചുനിർത്താൻ വേണ്ടി സ്ഥാപിക്കപ്പെട്ട പീഡനകേന്ദ്രങ്ങൾ ഇന്നു വാർത്തയല്ല. തൃപ്പൂണിത്തുറയിൽ പ്രവർത്തിച്ച ആ കേന്ദ്രത്തിന് പ്രതീക്ഷിച്ചത്ര എതിർപ്പൊന്നും മതേതരരിൽ നിന്നു പോലും കണ്ടില്ല. അടുത്തിടെ ചെങ്ങന്നൂരിൽ വീട്ടുകാരെ ധിക്കരിക്കുന്ന ചെറുപ്പക്കാരെ തടങ്കലിലിടുന്ന ലഹരിവിരുദ്ധകേന്ദ്രമുണ്ടെന്നും അറിയാനിടയായി.- പെൺകൂട്ട് എന്ന ലിംഗാധികാരവിരുദ്ധ കൂട്ടായ്മയും സഹയാത്രികയും ചേർന്ന് അവിടെ തടവിലാക്കപ്പെട്ട ഒരു യുവതിയെ പുറത്തുകൊണ്ടുവന്നപ്പോൾ -അപ്പോൾ മതേതരകാരണങ്ങൾ പറഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന പീഡനകേന്ദ്രങ്ങളുമുണ്ടെന്ന് വ്യക്തം. ഈ രഹസ്യകേന്ദ്രങ്ങൾ നമ്മിൽ ഞെട്ടലുളവാക്കത്തതെന്തുകൊണ്ട്? അവിടങ്ങളിലെ മർദനമുറകൾ താരതമ്യേന കുറഞ്ഞ ഡോസിൽ നമ്മുടെ ചെറുപ്പക്കാരെ നിത്യവും കുടിപ്പിക്കുന്നത് തികച്ചും നോർമലായിരിക്കുന്നതുകൊണ്ടുതന്നെ.
ഇസ്‌ലാമിൽ സ്ത്രീപുരുഷന്മാർ ഏതുവിധത്തിൽ പരസ്പരപരിഗണനയോടെ ഒതുക്കം പാലിക്കണം, അത് ആത്മീയചര്യയോട് എങ്ങനെ ബന്ധപ്പെടുന്നു എന്നൊക്കെ ചർച്ചചെയ്യുന്ന രചനകൾ പലതും ആരാധനയോടെ ഞാൻ വായിച്ചിട്ടുണ്ട്. അവയോട് തട്ടിച്ചു നോക്കിയാൽ മുലകളല്പം കാണുന്ന വസ്ത്രമിടുന്നവർ തങ്ങളുടെ വില്പനച്ചരക്കുകളുടെ മെച്ചം പ്രദർശിപ്പിക്കുന്നവരെപ്പോലെയാണെന്ന സൂചന അറപ്പുളവാക്കുന്നതുതന്നെ. അത് ഉപദേശമല്ല, രോഗലക്ഷണമാണ്. മനോവിശ്ളേഷണപരമായ വ്യാഖ്യാനം ആവശ്യപ്പെടുന്ന ഒരു പ്രസ്താവമാണെന്നും തീർച്ച തന്നെ.
കേരളത്തിൽ ഔപചാരികവും അനൗപചാരികവുമായ നിരവധി സാഹചര്യങ്ങളിൽ മതപരമായി വസ്ത്രംധരിക്കുന്ന മുസ്‌ലിം വനിതകളെ പരിചയപ്പെടാൻ ഇടവന്നിട്ടുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും സ്വന്തമിഷ്ടപ്രകാരം ഈ വേഷം സ്വീകരിച്ചവരാണ്. ഈ വേഷം സുരക്ഷിതത്വബോധം തരുന്നു എന്ന് അവരിൽ പലരും പറയാറുണ്ട്. പക്ഷേ ഇട്ടില്ലെങ്കിൽ ആരെങ്കിലും വേശ്യ എന്നു വിളിച്ചുകളയും എന്ന ഭയമാണ് അതിനു പ്രേരിപ്പിച്ചതെന്ന് ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. അതിൻറെയർത്ഥം അത്തരത്തിലുള്ള സമ്മർദ്ദം കൂടാതെ തന്നെ വിമർശനങ്ങളെ പരിഗണിക്കാൻ അവർ തയ്യാറാകുമെന്നാണ്. തങ്ങളുടെ ആനന്ദങ്ങളെയും ഒതുക്കമെന്ന പരസ്പരബാദ്ധ്യതയെയും സമരസപ്പെടുത്തിക്കൊണ്ടുപോകാൻ മുസ്‌ലിം സ്ത്രീകൾക്ക് ഇത്തരത്തിലുള്ള നാണംകെടുത്തൽ ആവശ്യമുള്ളതായി തോന്നുന്നില്ല.
ഈ പ്രസ്താവത്തെ പൊതുവേ കേരളീയപിതൃമേധാവിത്വം ഊട്ടിവളർത്തുന്നുണ്ടെന്ന് സമീപകാലസംഭവങ്ങൾ – മുലയൂട്ടൽ വിവാദം തെളിയിച്ചതാണല്ലോ.ഒരു സ്ത്രീയായി അൻപതു വർഷം ജീവിച്ചതിൽ മുലയെ കൊണ്ടുനടന്നതെങ്ങനെ എന്ന് ചിന്തിക്കുമ്പോഴാണ് ശരിക്കും ഈവിധത്തിൽ സ്ത്രീശരീരത്തിൻറെ നേരിയ കാഴ്ചയെപ്പോലും മഹാപാപമായി എണ്ണുന്നവരോടുള്ള പ്രതിഷേധം അടക്കാൻ കഴിയാതെ വരുന്നത്. മുലയെ എങ്ങിനെ പൊതിഞ്ഞാലും എങ്ങനെയൊക്കെ കൂനി നടന്നാലും യാതൊരു ഗുണവുമില്ലെന്ന് പെൺകുട്ടികൾ അന്നും ഇന്നും വളരെ വേഗം തന്നെ മനസിലാക്കുന്നു.
പരീക്ഷയെഴുതുന്ന സമയത്ത് പുറകിൽ വന്നു നിന്ന് തുറിച്ച നോക്കുന്ന അദ്ധ്യാപകർ, വഴിയിൽ അടുത്തുവന്ന് പോക്കറ്റലിലെ ഓറഞ്ച് എനിക്കു തരുമോ എന്നു ചോദിക്കുന്ന ചേട്ടന്മാർ, തുറിച്ചു നോക്കി മാമ്പഴത്തിന്റെ മൂപ്പിനെയും മുഴുപ്പിനേയും പറ്റി വാതോരാതെ സംസാരിക്കുന്ന ചുള്ളന്മാർ മുതലായ പലതരം കുചഭ്രമം ബാധിച്ച മനോരോഗികളാണ് ഈ ലോകത്തുള്ളതെന്ന് നാം അറിയുന്നു. അവർ തമ്മിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നു എന്നതല്ല, മറിച്ച് ആ സ്ത്രീയ്ക്ക് പൊതുരംഗത്ത് മനുഷ്യനില അവകാശപ്പെട്ടുകൊണ്ട് നിൽക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകരുതെന്ന വൃത്തികെട്ട മനോഭാവമാണ് പ്രശ്നം. മറയ്ക്കുംതോറും ഈ പ്രശ്നം ഏറില്ലേ എന്നു സംശയം തോന്നിയിട്ടുമുണ്ട്. മുഖം മറയ്ക്കുന്ന ഇസ്‌ലാമികവസ്ത്രം ധരിക്കുന്ന സ്ത്രീകളായ ജീവനക്കാരികൾക്കൊപ്പം ഗൾഫിൽ ജോലിചെയ്ത ഒരു മലയാളിപുരുഷൻ പറഞ്ഞ ഒരു കാര്യം ഓർത്തുപോകുന്നു. അയാൾ അവിടുള്ള സ്ത്രീകളെ അവരുടെ ശരീരഭാഗങ്ങളുടെ മുഴുപ്പനുസരിച്ചാണത്രെ തിരിച്ചറിഞ്ഞിരുന്നത്. ഇതു വിശ്വസിക്കാൻ പ്രയാസമാണ്, കാരണം നെയിം ടാഗില്ലാത്ത ഓഫീസുകൾ ഇന്ന് കുറവാണ്. എങ്കിലും കണ്ണിനു മേലുള്ള നിയന്ത്രണത്തെ കുറച്ചുകാണുന്ന സാംസ്കാരികപശ്ചാത്തലത്തിൽ നെയിം ടാഗുകളെ അവഗണിക്കുന്ന പുരുഷന്മാർ ഉണ്ടാകാനാണിട. ശരിക്കും ഓക്കാനം വരുത്തുന്ന സാദ്ധ്യതയാണത്. അതുകൊണ്ട് ശാശ്വതപരിഹാരം പുരുഷന്മാരുടെ മനംമാറ്റം തന്നെയാണ്.
ഈ മനംമാറ്റത്തെപ്പറ്റി മത-മതേതരവൃത്തങ്ങളിൽ എത്രത്തോളം ചർച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞാൽക്കൊള്ളാം. ഒരുപക്ഷേ സ്ത്രീകൾ അതു തുടങ്ങേണ്ടിവരും. ‘നോക്കാനൊന്നുമില്ല, മൂന്നെണ്ണമില്ല, രണ്ടേ എനിക്കുമുള്ളൂ’ എന്നു പ്രതികരിച്ചാൽ ചിലരിലെങ്കിലും രോഗമാണിതെന്ന ബോധം ഉണ്ടായേക്കും