scorecardresearch
Latest News

കർഷകരും മറ്റുളളവരും

തൊഴിലുറപ്പ് പദ്ധതി പോലും അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ നിലവിൽ നേരിടുന്ന കാർഷിക പ്രതിസന്ധിയുടെ കാര്യത്തിൽ ഭൂരഹിത കർഷകത്തൊഴിലാളികളെ പ്രതിസന്ധി നേരിടുന്ന കർഷകർ പിന്തുണയക്കുമോ?

farmers protest

കാർഷികോൽപ്പന്നങ്ങളുടെ വിലയുടെയും കടം എഴുതിത്തള്ളുന്നതിന്റെയും പേരിൽ നടന്ന കർഷകസമരങ്ങളുടെ അനന്തരസാഹചര്യത്തിൽ ഓർമ്മിക്കേണ്ട മറ്റൊരു പ്രധാന വസ്തുതയുണ്ട്. കൃഷി ചെയ്യുവാൻ നിലമില്ലാത്ത, വിൽക്കുവാൻ ഒന്നുമില്ലാത്ത, ഒരിക്കലും ബാങ്കിൽ പോയിട്ടില്ലാത്ത കൃഷിപ്പണിക്കാരും കൂടി ചേരുന്നതാണ് ഗ്രാമീണ ഇന്ത്യ എന്നതാണ് ആവ്തു. അവരുടെ അവസ്ഥ വളരെ പരിതാപകരമായി മാറിയിരിക്കുന്നു, അത് കർഷകരെയും അവരുടെ തൊഴിലുടമകളെയും ബാധിക്കുന്ന കാർഷിക മേഖലയിലെ പ്രതിസന്ധികൊണ്ടു മാത്രമല്ല, 2005 ൽ യു പി എ സർക്കാർ തുടങ്ങിവച്ച മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് (എംജിഎൻആർഇജിഎ) എന്ന തൊഴിലുറപ്പു പദ്ധതിയുടെ തകർച്ച മൂ‍ലം കൂടിയാണ്.

അടുത്തിടെ നടന്ന “ഡൽഹി ചലോ” പ്രക്ഷോഭം 1970-80 കളിലെ കർഷക രാഷ്ട്രീയത്തെ ഓർമ്മപ്പെടുത്തുന്നു. സൂസൻ, ലോയ്‌ഡ് റുഡോൾഫ് എന്നിവർ “ കാള മുതലാളി”മാർ (ബുള്ളക്ക് ക്യാപിറ്റലിസ്റ്റ്സ്) എന്നു വിശേഷിപ്പിച്ചവർ, കർഷകരുടെ പ്രതിനിധികളായി സമരം നയിച്ച കാലമായിരുന്നു അത്. 15 ഏക്കറിൽ കൂ‍ടുതൽ ഭൂമിയുണ്ടായിരുന്ന “ട്രാക്ടർ മുതലാളിമാരിൽ       (ട്രാക്ടർ ക്യാപിറ്റലിസ്റ്റ്സ്) ” നിന്നു വിരുദ്ധമായി, “കാള മുതലാളി”മാർക്ക് 2.5 മുതൽ 15 ഏക്കർ വരെയായിരുന്നു ഭൂമിയുള്ളത്. എങ്കിലും അതവർക്ക് എന്തെങ്കിലും ഉൽപ്പാദിപ്പിച്ച്, വിറ്റ്, വളർച്ച നേടുവാനുള്ളതുണ്ടായിരുന്നു. സംഘടനാബോധവും മുന്നേറ്റങ്ങൾക്കുള്ള ശേഷിയുമായിരുന്നു, ഭാഗികമായി, അവരുടെ ഭാഗ്യത്തിന് പിന്നിൽ എന്നു പറയാം. 1978 ൽ ആയിരക്കണക്കിന് വരുന്ന അവർ ഡൽഹിയിലെത്തി തങ്ങളുടെ നേതാവ് ചരൺസിങ്ങിന്റെ ജന്മദിനം ആഘോഷിച്ചതിൽ നിന്ന് ഈ സംഘടനാപാടവം വ്യക്തമാകുന്നു. ഈ ശക്തി അവർക്ക്, തങ്ങളുടെ ഉല്‍പ്പനങ്ങൾക്ക് സർക്കാരിൽ നിന്നും നിശ്ചിത ലാഭ വില ഉറപ്പിക്കുന്നതിനും വളം, വൈദ്യുതി, എന്നിങ്ങനെയുള്ള സൗകര്യങ്ങൾക്ക് അർഹമായ സബ്സിഡി നേടിയെടുക്കുന്നതിനും സഹായകമായി.

ഗ്രാമീണ ഇന്ത്യയുടെ രാഷ്ട്രീയത്തിൽ വർഗ്ഗരാഷ്ട്രീയത്തെ ഉൾപ്പെടുത്തുവാനും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുമായി ചേർന്നു പോകുവാനും അവർക്ക് കഴിവുണ്ടായിരുന്നു എന്നതിൽ നിന്നാണ് ഈ ശക്തി കൈ വന്നത്. ഗ്രാമീണ ഇന്ത്യയുടെ ഉള്ളിലുള്ള ജാതി, വർഗ്ഗ വിഭജനങ്ങളെ മാറ്റിനിർത്തിക്കൊണ്ട്, നാഗരിക -ഗ്രാമീണ വ്യത്യാസങ്ങളെ, അതായത് “ഇന്ത്യ”യും “ഭാരത”വും തമ്മിലുള്ള വൈരുദ്ധ്യത്തെ ചരൺ സിങ് ഊന്നിപ്പറഞ്ഞു. താൻ ‘കിസ്സാൻ”മാരെ പ്രതിനിധീകരിക്കുന്നു എന്നാണ് ചരൺ സിങ് അവകാശപ്പെട്ടത്. മറ്റുള്ളവരുടെ പാടത്തു പണിയെടുത്തിരുന്ന, കൃഷി ഭൂമിയില്ലാത്ത കൃഷിപ്പണിക്കാരെ അദ്ദേഹം ശ്രദ്ധിച്ചതേയില്ല. ആ അർത്ഥത്തിൽ, 1960-70 കാലങ്ങളിൽ ഉടലെടുത്ത “നവ അഗ്രേറിയനിസം”, ഡി എൻ ധനഗരെ സമർത്ഥമായി വാദിക്കുന്നതുപോലെ, ജനപ്രിയവാദത്തിന്റെ ഒരു ഭാഗമായിരുന്നു. ജനപ്രിയവാദത്തിന്റെ ഈ ബ്രാൻഡ് ഭാരതീയ കിസാൻ യൂണിയന്റെ ആഭിമുഖ്യത്തിൽ തുടരുകയും 1989 ൽ കർഷകർ ഡൽഹിയിൽ ദിവസങ്ങളോളോം താവളമടിച്ചപ്പോൾ, അതിന്റെ വളർച്ചയുടെ ഔന്നത്യത്തിലെത്തുകയും ചെയ്തു.

എന്നിരുന്നാലും, കർഷകർക്ക് കൂടുതൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ദുഷ്കരമായി തീർന്നിരുന്നു. 1990കൾ മുതൽ, സബ്സിഡികൾ കുറയുകയും കർഷകർ നാഗരിക ഇന്ത്യയെ അപേക്ഷിച്ച് പിന്നോക്കം പോകുകയും ചെയ്തു. ഇത് ഭാഗികമായി സാമ്പത്തിക ഉദാരവത്കരണം മൂലമാണെന്ന് പറയാം. ഈ പരാജയമാണ് അടുത്ത കാലത്തുണ്ടാകുന്ന പ്രക്ഷോഭങ്ങളുടെ കാരണം. പക്ഷേ ഇതിൽ പരാജയപ്പെട്ടവർ ‘കാള മുതലാളി’മാർ മാത്രമല്ല. 300 ദശലക്ഷം വരുന്ന ഭൂരഹിത കൃഷിപ്പണി ക്കാരും അതിലുൾപ്പെടുന്നു. ഭൂരഹിതരുടെ പ്രശ്നത്തിന് പരിഹാരമായി ഭൂമിയുടെ പുനർ വിതരണം എന്ന ആശയം ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിയും മുൻപോട്ടു വച്ചില്ല. പിന്നീട്, പുരോഗമനത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന നിലയിൽ വ്യവസായവൽക്കരണം അവതരിപ്പിക്കപ്പെട്ടു. 300 ദശലക്ഷം ഭൂരഹിത കൃഷിക്കാർക്ക് തൊഴിലവരസരങ്ങൾ പ്രദാനം ചെയ്യുന്ന വ്യാവസായിക ഇടനാഴികൾ                     (ഇൻഡസ്ട്രിയൽ കോറിഡോർ) ഉണ്ടാകുവാൻ ഈ പരിഷ്കാരം കാരണമാകുമെന്നാണ് ബിജെ പിയുടെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ( ലാൻഡ് അക്വിസിഷൻ ആക്ട്) ഭേദഗതികളെ പിന്തുണച്ചുകൊണ്ട് അരുൺ ജെയ്റ്റ്‌ലി 2015 ൽ പ്രസ്താവിച്ചത്. ഈ കഠിന യത്നത്തിൽ ഗ്രാമീണ ഇന്ത്യയ്ക്ക് വേണ്ടിയുള്ള വ്യക്തമായ വിവക്ഷയുണ്ടായിരുന്നു. ഒന്നാമതായി, ഭുരഹിത കൃഷിക്കാർക്ക് നാടു വിടേണ്ടിവന്നാൽ, അവരെയവിടെ ജീവിക്കുവാൻ സഹായിക്കേണ്ട ആവശ്യമില്ല എന്നത്. അതിൽ നിന്നാണ് തൊഴിലുറപ്പു പദ്ധതിയുടെ തകർച്ചയുണ്ടാകുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കൂട്ടദാരിദ്ര്യത്തിനോട് പൊരുതുവാനുള്ള ഏറ്റവും ശുഭകരമായ പദ്ധതികളിലൊന്നായിരുന്നു തൊഴിലുറപ്പ് പദ്ധതി. തൊഴിലില്ലായ്മ കൊണ്ട് കഷ്ടപ്പെടുന്ന ഏതൊരു ഗ്രാമീണ കുടുംബത്തിനും 100 ദിവസത്തെ മിനിമം കൂലിയുള്ള ജോലി ഉറപ്പാക്കുന്നതാണീ പദ്ധതി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ( ജി ഡി പി) 0.6 ശതമാനം വരുന്ന വൻ തുക മൻമോഹൻ സിങ് സർക്കാർ തൊഴിലുറപ്പ് പദ്ധതിയ്ക്കായി മാറ്റിവച്ചിരുന്നു. ഇത് ലക്ഷക്കണക്കിനു പാവപ്പെട്ടവർക്ക് നേരിട്ടുള്ള ഗുണഫലങ്ങൾ നൽകിയതിന് പുറമെ, പരോക്ഷമായി അനവധി പേർക്ക് കൂടി സഹായകമായി, അതായത് 2005 ൽ ഗ്രാമത്തിലെ മിനിമം കൂലി 65 ആയിരുന്നത് 162 ആയി ഉയർന്നത്, പദ്ധതിയിൽ നേരിട്ട് പങ്കെടുക്കാത്തവർക്കും പ്രയോജനമായി. 1999-2004 കാലത്ത് 2.7 ആയിരുന്ന ഗ്രാമീണ ശരാശരി വരുമാന വർദ്ധനാ നിരക്ക്, 2006-2011 കാലത്ത് 9.7 ശതമാനമായി വർദ്ധിച്ചു.

തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് നല്ലതല്ലെന്ന് കരുതുന്നതിന് ഇതും ബി ജെ പി യ്ക്ക് ഒരു കാരണമാണ്. അതായത്, കാർഷികരംഗത്തെ തൊഴിൽ കൂലി കൂടിയതുമൂലം പാർട്ടിയുടെ നല്ല പങ്ക് വോട്ടർമാരായ നാഗരിക മധ്യവർഗ്ഗക്കാർക്കും നവ മധ്യവർഗ്ഗത്തിനും വേണ്ടിയുള്ള ഭക്ഷണോൽപ്പാദന പ്രക്രിയ കൂടുതൽ ചെലവുള്ള ഒന്നായി മാറി. തൊഴിലുറപ്പ് എന്നതൊരു മോശം പദ്ധതിയാണെന്നു കരുതുന്നതിന് ബി ജെ പിയുടെ മറ്റൊരു കാരണം, ചെയ്യുവാൻ ജോലികളില്ലാത്തപ്പോഴും അത് ഗ്രാമീണർക്ക് പണം നൽകി സഹായിച്ചു എന്നതാണ്, പ്രത്യേകിച്ച് വരൾച്ചാ കാലങ്ങളിൽ. ഭാവി, ഫാക്ടറികളിലാണ് എന്ന വ്യവസായാനുകൂല അനുമാനവും മറ്റൊരു കാരണമാണ്. 2015 ലെ ആദ്യ ബജറ്റ് സമ്മേളനത്തിൽ, പ്രധാന മന്ത്രി മോദി പ്രഖ്യാപിച്ചു: “ ഞാൻ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി നിലനിർത്തും. എനിക്ക് നിങ്ങളുടെ അനുഭവപരിചയം ഉണ്ടാകില്ല, പക്ഷേ നിങ്ങളെല്ലാം എനിക്കതിനുള്ള രാഷ്ട്രീയ വൈദഗ്ധ്യം പകർന്നു തരും. സ്വാതന്ത്ര്യപ്രാപ്തി മുതലുള്ള നിങ്ങളുടെ പരാജയത്തിന്റെ സ്മാരകമായി അതിനെ സജീവമായി നിലനിർത്തുവാൻ ബുദ്ധി എന്നോടാവശ്യ പ്പെടുന്നു. 60 വർഷത്തിനു ശേഷവും നിങ്ങൾ ആളുകളെക്കൊണ്ട് കുഴി തോണ്ടിക്കുന്നു.”

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ആദ്യ ലോക്സഭാ പ്രസംഗത്തിൽ “ദരിദ്രരിൽ ദരിദ്രരെ സേവിക്കുവാനാണ്” താനാഗ്രഹിക്കുന്നതെന്ന് 2014 ൽ പ്രഖ്യാപിച്ച മോദി 2015 ൽ തനിക്ക് തൊഴിലുറപ്പു പദ്ധതി ഇഷ്ടമില്ലെന്ന് പറയുകയായിരുന്നു. പക്ഷേ അതൊരു ജനപ്രിയ പദ്ധതിയാണെന്നും നിർത്തലാക്കിയാൽ ഗ്രാമങ്ങളിലത് മോശമായേ പരിഗണിക്കപ്പെടൂ എന്നു അദ്ദേഹമറിഞ്ഞിരുന്നു. അതിനാൽ പദ്ധതി കടലാസിൽ അങ്ങനെ തന്നെ തുടർന്നു. 2015 ൽ അരുൺ ജെയ്റ്റ്‌ലിയും ഇങ്ങനെ പ്രഖ്യാപിച്ചു: ‘തൊഴിലുറപ്പു പദ്ധതിയെ പിന്തുണയ്ക്കുവാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദരിദ്രനായ ഒരാളും തൊഴിലില്ലാതെ അവശേഷിക്കുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.”

പക്ഷേ, പദ്ധതിയ്ക്കനുവദിച്ചിരുന്ന തുക വിതരണം ചെയ്യപ്പെട്ടില്ല. 2016 ൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടിവന്നു. എങ്കിലും പിന്നോക്കം പോകുന്ന നില തുടർന്നു. 2013-14 ൽ 4,70,000 പേർ 100 ദിവസം ജോലി ചെയ്തിരുന്നു വെങ്കിൽ അത് 2015-16 ൽ 1,70,000 ആയി കുറഞ്ഞു. 2014-15 ൽ തന്നെ ശരാശരി തൊഴിൽ ദിവസങ്ങൾ 46 ആയിരുന്നത് 39 ആയി കുറയുകയും ചെയ്തിരുന്നു. 100 ദിവസങ്ങൾ എന്ന മാജിക് സംഖ്യ അപ്രത്യക്ഷമായി എന്നു മാത്രമല്ല, 15 ദിവസത്തിനുള്ളിൽ പ്രതിഫലം എന്ന പദ്ധതി വ്യവസ്ഥയും പാലിക്കപ്പെട്ടില്ല.  2016-17 ൽ 28 ശതമാനത്തിനേ സമയത്തിനുള്ളിൽ പണം ലഭിച്ചുള്ളു. നോട്ട് നിരോധനത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ച കാലമായിരുന്നു അത്, കൂടാതെ വരൾച്ച കൂടുതൽ ദുരിതങ്ങളും സമ്മാനിച്ചിരുന്നു. കടുത്ത വരൾച്ച അനുഭവപ്പെട്ട 2015-16 ൽ കൃഷിപ്പണിക്കാരിൽ ഏഴ് ശതമാനത്തിന് മാത്രമാണ് തൊഴിലുറപ്പു പദ്ധതിയിലെ വരൾച്ചാ സംബന്ധമായ സവിശേഷ വ്യവസ്ഥകൊണ്ടുള്ള പ്രയോജനം ലഭിച്ചത്. അത്തരം സന്ദർഭങ്ങളിൽ 100 ദിനങ്ങളെന്നത് 150 ദിനങ്ങളാക്കി വർദ്ധിപ്പിക്കണമെന്നതാണ് നിയമം. ഈ പദ്ധതിയുടെ നടത്തിപ്പിനായി ചെലവഴിച്ച തുക 2016-17 ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.26 ശതമാനമായി കുറഞ്ഞു.

ആദിവാസികളോടും കർഷകരോടുമൊപ്പം ഭൂരഹിത കൃഷിപ്പണിക്കാരും വർത്തമാനകാല കാർഷിക പ്രതിസന്ധിയുടെ ഇരകളാകാം. അവരുടെ താൽപ്പര്യങ്ങളെയും കൂടി കർഷകർ പരിഗണിക്കുമോ? അതോ, അവരിൽ അനവധി പേരും ദലിതരായതിനാൽ, ജാതിയുടെയും വർഗ്ഗത്തിന്റെയും പേരിൽ, അവരെ മറ്റൊരു ലോകത്തിന്റെ ഭാഗമായി കണക്കാക്കുമോ? കാർഷിക സമൂഹത്തിനുള്ളിലെ പ്രാദേശിക സംഘർഷങ്ങളുടെ തീവ്രതയുടെ പ്രതിഫലനമാകും ഇതിന്റെ പ്രതികരണം, ഒപ്പം ഗ്രാമീണ ദുരിതത്തിന്റെ തീവ്രതയുടെയും.

Read More: പുരോഗമനവാദികളെ ഇതിലെന്താണ് ധർമ്മസങ്കടം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Farmers protests mgnrega agriculture loans farm labourers dalits