പ്രതിഷേധ ”ടൂള്‍കിറ്റ്” പങ്കുവെച്ചുവെന്നാരോപിച്ച് കാലാവസ്ഥാ പ്രവര്‍ത്തകയായ ദിശ രവിയെ അറസ്റ്റ് ചെയ്തതും ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പോസ്റ്ററുകളും കോലവും കത്തിച്ചതും വിയോജിപ്പും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രത്യക്ഷമായ സന്ദേശങ്ങള്‍ക്കപ്പുറത്ത് ചില വിപത് സന്ദേശങ്ങള്‍ നല്‍കുന്നു. ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പാരിസ്ഥിതിക ആക്ടിവിസത്തോട് നിങ്ങൾ യോജിക്കണമെന്നില്ല. എന്നാൽ കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള തന്‍ബെര്‍ഗിന്റെ ട്വീറ്റിനോടുള്ള പ്രതികരണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗഭേദത്തെക്കുറിച്ചുള്ള പ്രശ്നകരമായ ചില വശങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. നിങ്ങൾ കർഷകസമരത്തെ പിന്തുണയ്ക്കണമെന്നില്ല. അതേസമയം, നമ്മുടെ പൊതു സംസ്‌കാരം, വിഷലിപ്തമായ പുരുഷത്വത്തിന്റെ പ്രത്യേക തലത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്. ഒരു കൂട്ടം പുരുഷന്മാര്‍ ഒരു യുവതിയുടെ ചിത്രവും കോലവും കത്തിക്കുന്ന കാഴ്ച നമുക്ക് ഓക്കാനമുണ്ടാക്കുന്നില്ലെങ്കില്‍ ഒരുപക്ഷേ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്ന ആശയവുമായി നാം പൂര്‍ണമായി പൊരുത്തപ്പെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കാല ശ്രമങ്ങള്‍ വൃഥാവിലാവുകയും ചെയ്യുന്നു.
വളരെ വിദൂരമല്ലാത്ത ഭൂതകാലത്തില്‍, പതിനെട്ടുകാരിയായ രൂപ് കന്‍വാറിന്റെ സതി 1987ലെ രാജസ്ഥാന്‍ സതി (നിരോധനം) നിയമം പാസാക്കുന്നതിലേക്കു നയിച്ചു. വലിയ ചര്‍ച്ചയുടെ അന്തിമഫലമായിരുന്നു ഈ നിയമം. പാരമ്പര്യത്തിന്റെ പേരില്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സാധാരണ നിലയിലാക്കുന്ന ലിംഗവിവേചനത്തിന്റെ രൂപങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചയുടെയും പ്രക്ഷോഭത്തിന്റെയും ഫലം.
വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനു ശേഷം, രൂപ് കന്‍വാറിന്റെ ഭര്‍ത്താവ് മാല്‍ സിങ് മരിച്ചു. ഭര്‍ത്താവിന്റെ ചിതയിലൊടുങ്ങുകയെന്ന ഭയാനകമായ വിധി രൂപ് കന്‍വാര്‍ നേരിട്ടു. സ്ത്രീയെ തീകൊളുത്തുകയെന്ന സതിയുടെ അടിസ്ഥാന വശത്തെ ”മഹത്വവല്‍ക്കരിക്കുന്ന” പ്രവര്‍ത്തനങ്ങളെ ശിക്ഷാര്‍ഹമാക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ പ്രധാന വശങ്ങളിലൊന്ന്.
ദുഷ്പ്രവൃത്തിയുടെ യഥാര്‍ത്ഥ ഭയാനക സ്വഭാവത്തിനപ്പുറം ജനപ്രിയ സംസ്‌കാരത്തിലും മതപരമായ ആചരണങ്ങളിലുള്ള അതിന്റെ തുടർച്ച ആ നിയമം അംഗീകരിച്ചു. ഉദാഹരണത്തിന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നതായി വര്‍ത്തിച്ചു. യഥാര്‍ത്ഥ അക്രമത്തിനുപുറമെ, സ്ത്രീകളെക്കുറിച്ചും സമൂഹത്തില്‍ അവരുടെ ”സ്ഥാനത്തെക്കുറിച്ചും” അസ്വീകാര്യമായ ആശയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ പ്രതീകാത്മക അക്രമം പ്രധാന ഘടകമാണെന്ന് നിയമം തിരിച്ചറിഞ്ഞു.
Also Read: സ്വയംഭരണം നഷ്ടമാകുന്ന സര്‍വകലാശാലകള്‍
സതിയനുഷ്ഠിക്കാന്‍ തയാറല്ലാത്ത സ്ത്രീകളെ ഭര്‍ത്താവിന്റെ ചിതയില്‍, ഒരു പൊതു മരണത്തിലേക്ക് അയച്ചില്ലെങ്കില്‍ പോലും അവരുടെ വ്യക്തി ജീവിതം ഒട്ടും മെച്ചമായിരുന്നില്ല. സുഖത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളായി കരുതപ്പെടുന്ന അടുപ്പിലെ തീ; ഗാര്‍ഹിക ഭീകരത, നരഹത്യ, മനുഷ്യ അത്യാഗ്രഹം എന്നിവയുടെ കൂട്ടാളിയാകുന്നു. സ്ത്രീധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത കുടുംബങ്ങളിലെ സ്ത്രീയെ കൊല്ലുന്ന ഏറ്റവും സാധാരണ രീതിയായി വധുവിനെ ചുടുന്നത് മാറുന്നു. പണത്തിന്റെ കറവപ്പശുക്കളായി ആദ്യം സങ്കല്‍പ്പിക്കപ്പെടുന്ന പല സ്ത്രീകളും അവരുടെ കുടുംബങ്ങള്‍ക്കു പണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ ചാരമായി മാറുന്നത് ജീവിത യാഥാര്‍ത്ഥ്യമായി തുടരുന്നു. ഈ പ്രവണത പുതിയ ഉപഭോക്തൃ സംസ്‌കാരങ്ങളും ഭൗതിക പുരോഗതിയുടെ ഉയരുന്ന അഭിലാഷങ്ങളുമാല്‍ കൂടുതല്‍ ആഴത്തിൽ വേരോടാൻ കാരണമാകുന്നു.
സ്ത്രീകളെ പണത്തിനായി മാത്രമല്ല, ബലാത്സംഗത്തിനുശേഷവും കത്തിക്കുന്നു. 2019 ഡിസംബറില്‍, തന്നെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ പരാതിപ്പെടാന്‍ ഉന്നാവോയിലെ പൊലീസ് സ്റ്റേഷനിലേക്കു പോവുകയായിരുന്ന യുവതിയെ ആരോപണവിധേയര്‍ തീകൊളുത്തി. അതേ മാസം തന്നെ ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കത്തിച്ചു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ ബലാത്സംഗം ചെറുത്ത കൗമാരക്കാരിയെ തീകൊളുത്തിയതിനെത്തുടര്‍ന്ന് മരിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നതിനപ്പുറം വ്യാപിക്കുന്നു. തൂക്കിക്കൊല്ലുക, മുക്കിക്കൊല്ലുക, ബാല്‍ക്കണിയില്‍നിന്ന് തള്ളിയിടുക അങ്ങനെ നിരവധി മാര്‍ഗങ്ങളുണ്ട്. ഇവയിലൂടെ മരണം വളരെ പരസ്യമാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം നിയമപരമായ കുറ്റമായി അംഗീകരിക്കുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ ആഴത്തില്‍ വേരൂന്നിയ സ്വഭാവത്തെ തിരിച്ചറിയുന്നതും അത് ശിക്ഷിക്കുകയും പ്രതിരോധം നല്‍കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ്. ഗ്രെറ്റ തന്‍ബെര്‍ഗിന്റെ പോസ്റ്ററും കോലവും കത്തിക്കുന്നത് നമ്മില്‍ ആപദ്ഭയം സൃഷ്ടിക്കും. കാരണം ഈ അസ്വസ്ഥപ്പെടുത്തുന്ന പ്രവണതകള്‍ നമ്മുടെ കൂട്ടായ ബോധത്തിന്റെ ഉപരിതലത്തെ തകര്‍ക്കുന്നു. കോലം കത്തിക്കുന്നത് ഇന്ത്യയിലെ നീണ്ട പാരമ്പര്യമാണെങ്കിലും, സ്ത്രീരൂപത്തെ പൊതു പ്രതിഷേധമായി കത്തിക്കുന്നത് പുരുഷനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ അര്‍ത്ഥമാണ് നല്‍കുന്നത്. പ്രതീകാത്മക അക്രമത്തിന്റെയും ആണത്ത ഉത്കണ്ഠകളുടെയും സ്വന്തം ചരിത്രവുമായി ഇത് യോജിക്കുന്നു.
Also Read: കര്‍ഷക പ്രക്ഷോഭത്തിനെതിരായ നടപടികള്‍ ഭരണഘടനാ ലംഘനം
പുരുഷ പ്രതിഷേധക്കാര്‍ മറ്റു പുരുഷന്മാരുടെ കോലങ്ങള്‍ കത്തിക്കുമ്പോള്‍, ജീവിതത്തില്‍ പുരുഷന്മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ഈ പ്രവൃത്തിക്ക് യാതൊരു ബന്ധവുമില്ല. കത്തുന്ന സ്ത്രീയുടെ പ്രതീകത്തിനു മറുവശത്ത് നീണ്ട ചരിത്രമുണ്ട്. കൂടാതെ അത് വളരെ വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പുരുഷ പ്രക്ഷോഭകര്‍ സ്ത്രീകളുടെ കോലവും പോസ്റ്ററും കത്തിക്കുന്ന കാഴ്ച, ലിംഗഭേദമന്യേ അക്രമത്തിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ചും അവ ശ്രദ്ധേയമല്ലെന്നു കണക്കാക്കുന്നതിനെക്കുറിച്ചും ആര്‍ക്കും അഗാധമായ അസ്വസ്ഥത ഉണ്ടാക്കും. ഇത് പ്രതിഷേധത്തിന്റെ മറ്റൊരു മാര്‍ഗം മാത്രമല്ലെതാണ് വസ്തുത. ഉദാഹരണത്തിന്, ആഫ്രിക്കന്‍-അമേരിക്കക്കാരോട് വിയോജിക്കുന്ന, വംശീയ അസമത്വത്തിനുവേണ്ടി നിലകൊള്ളുന്ന അമേരിക്കയിലെ വെള്ളക്കാരായ പ്രതിഷേധക്കാര്‍ കറുത്ത മനുഷ്യരുടെ കോലങ്ങള്‍ വഹിക്കുന്നത് അചിന്തനീയമാണ്. ഇതാണ് ഇന്ത്യയിലെ കത്തുന്ന സ്ത്രീയുടെ പ്രതീകാത്മകത. ഇത് ലിംഗ ബന്ധത്തിന്റെ ഭയാനകമായ ഒരു വശത്തെ പ്രതിനിധീകരിക്കുന്നു, അത് ഒരിക്കലും അനുവദിക്കരുത്.
കര്‍ഷക പ്രക്ഷോഭമെന്ന പെട്ടെന്നുള്ള പ്രകോപനത്തിനുപുറമെ, തന്‍ബെര്‍ഗിന്റെ ചിത്രങ്ങള്‍ കത്തിക്കുന്നതിൽ വേറെയും ഘടകങ്ങളുണ്ട്. ഇതു നമ്മെ ബാധിക്കുന്ന മറ്റു തരത്തിലുള്ള ആകുലതകളെക്കുറിച്ചും അത്തരം പ്രതിഷേധത്തിന്റെ അര്‍ത്ഥമെന്താണെന്നും ചിന്തിക്കാന്‍ ഇടയാക്കും. പൊതുരംഗത്തുള്ളസ്ത്രീകളെ പ്രതീകാത്മകമായി കത്തിക്കുന്നത് സ്വതന്ത്രരും പൊതുചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായ സ്ത്രീകളോടുള്ള വര്‍ധിച്ചുവരുന്ന പുരുഷ ഉത്കണ്ഠയെ പ്രതിനിധീകരിക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പുരുഷന്മാരുടേതിനു തുല്യമായ അവസരങ്ങള്‍ സ്ത്രീകള്‍ക്കുമുണ്ടായിരിക്കണമെന്നതിനു സ്വീകാര്യത വര്‍ധിക്കുകയാണെങ്കിലും, വിദ്യാസമ്പന്നരും തൊഴില്‍ ചെയ്യുന്നവരുമായ സ്ത്രീകള്‍ വീടിനും ”ഗാര്‍ഹിക ചുമതലകള്‍ക്കും” മുന്‍ഗണന നല്‍കണമെന്ന നിരന്തരമായ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും, വിദ്യാഭ്യാസവും ജോലിയും സ്ത്രീകളുടെ സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗമായി കാണപ്പെടുന്നില്ല. മറിച്ച്, ഇത് ഗാര്‍ഹിക വരുമാനവും ഭൗതിക അഭിവൃദ്ധിയും വര്‍ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു.
നമ്മുടെ പൊതുമണ്ഡലങ്ങള്‍ വളരെയധികം പുരുഷവല്‍ക്കരിക്കപ്പെട്ടവയാണ്. അവര്‍ ”യഥാര്‍ത്ഥത്തില്‍” ഉള്‍പ്പെടുന്ന സാംസ്‌കാരിക മാനദണ്ഡങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത സ്ത്രീകളെ നിന്ദിക്കുകയും പതിവായി ശിക്ഷിക്കുകയും ചെയ്യുന്നു. ശിക്ഷ യഥാര്‍ത്ഥവും പ്രതീകാത്മകവുമാണ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് പുരുഷന്മാര്‍ സഹതപിക്കുന്നത് കേള്‍ക്കുന്നത് അസാധാരണമല്ല. അതേസമയം തന്നെ, ഒരു സ്ത്രീ രാത്രിയില്‍ പുരുഷനെ പോലെ ഒറ്റയ്ക്ക് പുറത്തുപോകുന്നത് ശരിയാണോയെന്ന് ചോദിക്കുകയും ചെയ്യുന്നു. തന്‍ബെര്‍ഗിന്റെ ചിത്രങ്ങള്‍ കത്തിച്ചതും ദിശ രവിയുടെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന്റെ അഭാവവുമാണ് ”വളരെ സ്വതന്ത്രയായി” കാണപ്പെടുന്ന സ്ത്രീയെ കാത്തിരിക്കുന്ന വിധിയുടെ പ്രതീകാത്മക മുന്നറിയിപ്പുകള്‍.
Also Read: ദരിദ്രരെ പിന്നോട്ടുവലിക്കുന്ന ഡിജിറ്റല്‍ പഠനം
കോലം കത്തിക്കലെന്ന പ്രതിഷേധരൂപത്തെ ഇന്ത്യയില്‍ വളരെക്കാലമായി പ്രചാരത്തിലുള്ളതായി തള്ളിക്കളയാൻ വളരെ എളുപ്പമാണ്. നമ്മുടെ സാമൂഹിക ബന്ധങ്ങളുടെ സ്വഭാവവും ലിംഗഭേദത്തിന്റെ ഭാഷയില്‍ അവ പ്രകടിപ്പിക്കുന്ന രീതികളും തള്ളിക്കളയുന്നതാകുമിത്. കാരണം പ്രതീകാത്മകവും യാഥാര്‍ത്ഥ്യവും ആഴത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു.
- സാമൂഹ്യശാസ്ത്രജ്ഞനാണ് ലേഖകന്‍