കോളിന്‍ ഗോണ്‍സാല്‍വസ്

പ്രധാനമന്ത്രി ദയവുകാട്ടുവാനായി ഇനിയും എത്ര കര്‍ഷകരാണ് മരിക്കേണ്ടത് ? സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കുവാന്‍ ഇനിയുമെത്ര എലികളെയാണ് ആ തമിഴ് കര്‍ഷകര്‍ തിന്നേണ്ടത് ? ഇനിയും കര്‍ഷകരെ കബളിപ്പിക്കാനാകില്ല എന്ന് തിരിച്ചറിയുന്ന കാലംവരെ എത്ര കടം എഴുതിതള്ളല്‍ പദ്ധതികളാണ് നിങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ? രണ്ടു പാതിറ്റാണ്ടിനുള്ളില്‍ 3 ലക്ഷം കര്‍ഷകര്‍ ആത്മാഹുതി നടത്തിയിട്ടും സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.

കര്‍ഷകരുടെ ആത്മഹത്യയെകുറിച്ച് പഠിക്കുവാനായി ഒരു നിര അന്വേഷണ കമ്മീഷനെ തന്നെ കേന്ദ്രസര്‍ക്കാരുകള്‍ നിയമിച്ചിട്ടുണ്ട്. അവരൊക്കെ തന്ന വിശദമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുമുണ്ട്. കാര്‍ഷിക തൊഴിലിനെ വിദഗ്ദ തൊഴിലിനുള്ള വേതനത്തില്‍പ്പെടുത്തുക, ഭൂമിയുടെ യഥാര്‍ത്ഥ വില, വ്യവസ്ഥാപിതമായ സ്ഥാപനങ്ങളില്‍ നിന്നല്ലാതെ പറ്റുന്ന കടം എന്നിവയടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് കൃഷിയാവശ്യത്തിനായുള്ള നിക്ഷേപത്തിന്‍റെ പലിശ കണക്കാക്കുക, വിലകയറ്റമടക്കം പരിഗണിച്ചുകൊണ്ട് വിളവെടുപ്പിനു ശേഷമുള്ള ചെലവ് ഉള്‍പ്പെടുത്തുക എന്നിവയൊക്കെയാണ് താങ്ങുവില കണക്കാക്കുന്നതിനായി മാര്‍ച്ച് 2015നു പുറത്തുവിട്ട രമേഷ് ചന്ദ് കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ഈ കമ്മിറ്റി റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ കൊണ്ടുവരികയാണ് എങ്കില്‍ താങ്ങുവിലയില്‍ അമ്പത് ശതമാനത്തിന്‍റെയെങ്കിലും വര്‍ദ്ധനവ് വരും.

താങ്ങുവില ഉത്പാദനചെലവിനെക്കാള്‍ കുറവായ എല്ലാ സാഹചര്യങ്ങളേയും സര്‍ക്കാര്‍ തിരുത്തേണ്ടതായുണ്ട്. പതിറ്റാണ്ടുകള്‍ മുന്‍പ് എംഎസ് സ്വാമിനാഥന്‍ അദ്ധ്യക്ഷനായ ദേശീയ കര്‍ഷക കമ്മീഷന്‍ മുന്നോട്ടുവച്ച ശുപാര്‍ശകളും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. താങ്ങുവില ശാസ്ത്രീയമായി പരിഷ്കരിച്ചില്ല എന്നുമാത്രമല്ല ഇന്ത്യയിലുടനീളം കര്‍ഷകര്‍ താങ്ങുവിലയില്‍ കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കുടുംബങ്ങളുടെ വിളകള്‍ക്ക് ഇന്‍ഷ്യൂറന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഏറെ ആഘോഷിക്കപ്പെട്ട പ്രധാനമന്ത്രിയുടെ ഫസല്‍ ബിമാ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതിക്ക് യോഗ്യരായിട്ടുള്ള 20 ശതമാനം കര്‍ഷകരെ മാത്രമാണ് ഇന്‍ഷ്യൂറന്‍സിനു കീഴില്‍ കൊണ്ടുവന്നത് എന്നും ഇപ്പോഴും ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇത്തരമൊരു പദ്ധതിയുള്ളതായി തന്നെ അറിവില്ല എന്നുമാണ് ശാസ്ത്ര- പ്രകൃതി കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ചെലവിട്ട 13,240 കോടി രൂപയാണ് എങ്കില്‍ പല സ്വകാര്യ ഇന്‍ഷ്യൂറന്‍സ് കമ്പനികളുടെയും അക്കൗണ്ടുകളിലേക്കാണ് പോയത്. ഈ കമ്പനികള്‍ പല കാരണങ്ങളും നിരത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് പണം നല്‍കാതെ ഒഴിയുന്നതും പതിവാണ്.

ആന്ധ്രാപ്രദേശിലേയും മറ്റ് പല സംസ്ഥാനങ്ങളിലേയും കര്‍ഷക ആത്മഹത്യയില്‍ അമ്പത് ശതമാനത്തോളം വരുന്ന പാട്ടകൃഷിക്കാരെ ഈ പദ്ധതി പരിഗണിക്കുന്നേയില്ല. ആന്ധ്രാപ്രദേശിലെപോലെ കടത്തിന് യോഗ്യതയുണ്ട് എന്ന് തെളിയിക്കുന്ന കാര്‍ഡ്, അല്ലെങ്കില്‍ ഭൂമിഹീന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, അതുമല്ലെങ്കില്‍ കൃഷിക്കാരനാണ്‌ എന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ നാശനഷ്ടവും ഇന്‍ഷ്യൂറന്‍സുമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുകന്നുള്ളൂ. ഇന്‍ഷ്യൂറന്‍സ് പദ്ധതികള്‍ സ്ത്രീകളായ കര്‍ഷകരെ പരിഗണിക്കുന്നേയില്ല എന്നതാണ് മറ്റൊരു വിഷയം. സ്ത്രീകളെ കര്‍ഷകരെന്ന കോളത്തില്‍ ഉള്‍പ്പെടുത്തണം എന്നും രജിസ്ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ ഇളവ് നല്‍കണം എന്നുമുള്ള ദേശീയ കര്‍ഷക കമ്മീഷന്‍ ശുപാര്‍ശ വന്നിട്ട് പതിറ്റാണ്ടുകള്‍ ആയെങ്കിലും ഇന്നേവരെ കേന്ദ്രസര്‍ക്കാര്‍ അതിലൊരു തീരുമാനം എടുത്തിട്ടില്ല. 2011ല്‍ എംഎസ് സ്വാമിനാഥന്‍ സ്ത്രീ കര്‍ഷകര്‍ക്ക് അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ തന്നെ രൂപീകരിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരിലെ ഒരാള്‍പോലും അതിനെ ഇന്നേവരെ ഗൗനിച്ചിട്ടില്ല.

വായ്പ്പാബാധ്യതകളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന ഗ്രാമീണ മേഖലയിലെ കടങ്ങള്‍ കുറക്കുന്നതിനായുള്ള അടിയന്തിര നടപടികള്‍ പല വിദഗ്ദ കമ്മറ്റികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനായി ആര്‍ബിഐ ചില മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് റേറ്റിന്‍റെ 18 ശതമാനം കൃഷിക്കായി മാറ്റിവെക്കണം എന്നും എട്ട് ശതമാനം ചെറുകിടക്കാര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമായി മാറ്റിവെക്കണം എന്നും ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു. ഇതു ചെയ്യേണ്ടയിടത് വന്‍കിട കുത്തകകളെ പ്രീണിപ്പിക്കുന്ന രീതിയില്‍ ‘കൃഷി’എന്നും’അനുബന്ധ പ്രവർത്തനങ്ങൾ’ എന്നുമുള്ള ആര്‍ബിഐയുടെ നിര്‍വചനത്തെ മാറ്റിയെഴുതുകയാണ് സര്‍ക്കാര്‍ ചെയ്തത്. പാവപ്പെട്ട കൃഷിക്കാരെ തഴഞ്ഞുകൊണ്ട് വന്‍കിട കാര്‍ഷിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ‘പുനര്‍നിര്‍ണയങ്ങള്‍’.

ആകെ കൃഷിചെയ്യുന്ന ഭൂമിയുടെ പത്ത് ശതമാനത്തിലെങ്കിലും 2025 ഓടു കൂടി രാസവളങ്ങള്‍ക്ക് പകരമായി ജൈവ വളം ഉപയോഗിക്കണം എന്നാണ് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ടാസ്ക് ഫോഴ്സ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിനു സമാനമായ നിര്‍ദ്ദേശമാണ് മുരളി മനോഹര്‍ ജോഷിയുടെ അദ്ധ്യക്ഷതയിലുള്ള പാര്‍ലമെന്ററി കമ്മറ്റിയും മുന്നോട്ടുവച്ചത്. എന്ത് നിര്‍ദ്ദേശം വന്നാലും ജൈവ കര്‍ഷകര്‍ക്ക് ഉള്ളതിനേക്കാള്‍ പിന്തുണ നല്‍കുന്ന എംപിമാരുടെ ലോബിയാണ് മോന്‍സാന്റോ പോലുള്ള ഭക്ഷ്യ വ്യവസായികളുടെ കൂടെയുള്ളത്.

പതിനായിരക്കണക്കിന് വരുന്ന കര്‍ഷക ജീവിതങ്ങള്‍ക്ക് നാശം വിതച്ചത് വ്യാവസായിക നയങ്ങള്‍ മാത്രമാണ്. ഉയര്‍ന്ന ഉത്പാദന നിരക്കുള്ള കാലഘട്ടത്തില്‍ കാര്‍ഷിക സമ്പത്ഘടനയെ തകര്‍ക്കുന്ന വിധത്തിലാണ് ഇറക്കുമതി നയങ്ങളില്‍ മാറ്റംവരുത്തുകയും കുറഞ്ഞ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ലോകമെമ്പാടും സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുകയും അവരെ സംരക്ഷിച്ചു പോവുകയും ചെയ്യുന്നു. ഇവിടെ നമ്മള്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ