തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ കര്‍ണാടകത്തില്‍ വീണ്ടുമൊരു തവണ കൂടി ടിപ്പു സുല്‍ത്താനെ ചൊല്ലിയുള്ള വിവാദങ്ങള്‍ മടങ്ങിയെത്തിയിരിക്കുകയാണ്. നവംബര്‍ 10നു നടക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തിയില്‍ പങ്കെടുക്കില്ലെന്നു ബിജെപി നേതാക്കള്‍ പറയുമ്പോള്‍. ” ചരിത്രത്തില്‍ ടിപ്പു സുല്‍ത്താനുള്ള പങ്ക് പുനഃപരിശോധിക്കണമെന്നാണ് പാര്‍ട്ടി ജനറൽ സെക്രട്ടറി കൈലാശ് വിജയവര്‍ഗീയ പറഞ്ഞത്.

ടിപ്പു സുല്‍ത്താന്‍റെ ജന്മദിനത്തെ രാഷ്ട്രീയവത്കരിക്കുന്നത് അപലപിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. “ബ്രിട്ടീഷുകാര്‍ക്കെതിരെ നാല് യുദ്ധങ്ങള്‍ പൊരുതിയിട്ടുള്ളയാളാണ് ടിപ്പു എന്നും ഓര്‍മിപ്പിക്കുന്നു.

2015 മുതല്‍ ഏറെയാഘോഷങ്ങളോടെയാണ് മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിന്‍റെ ജന്മദിനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടാടുന്നത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളുമായി ബിജെപിയും മുന്നോട്ടുവന്നിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഇതേ വിവാദത്തെ തുടര്‍ന്ന് കൊഡഗില്‍ നടന്ന കലാപത്തില്‍ ഒരു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ടിപ്പുവിനെക്കുറിച്ച് പറഞ്ഞുവരുന്ന കഥകള്‍ എന്തൊക്കെ ?

മൈസൂരിലെ വോഡയാര്‍ രാജാക്കളുടെ ഭടനായി ആരംഭിക്കുകയും ശ്രേണികള്‍ ഉയര്‍ന്നുയര്‍ന്നു 1761ഓടുകൂടി മൈസൂരിന്‍റെ അധികാരം ഏറ്റെടുത്ത ഹൈദരാലിയുടെ മകനാണ് ടിപ്പു സുല്‍ത്താന്‍. 1750ല്‍ ജനിച്ച ടിപ്പു പതിനേഴാം വയസ്സിലാണ് ആദ്യ ആംഗ്ലോ- മൈസൂര്‍ യുദ്ധത്തില്‍ ( 1767-69) പങ്കെടുക്കുന്നത്. മറാത്താ സാമ്രാജ്യത്തിനെതിരെയും യുദ്ധം ചെയ്ത ടിപ്പു വീണ്ടുമൊരു തവണകൂടി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി. 1780-84 കാലയളവില്‍ നടന്ന ഈ രണ്ടാം ആംഗ്ലോ- മൈസൂര്‍ യുദ്ധത്തിന്‍റെ ഇടയില്‍വച്ചാണ് ഹൈദരാലി കൊല്ലപ്പെടുന്നത്. 1782ല്‍ ടിപ്പു രാജ്യത്തിന്‍റെ അധികാരം ഏറ്റെടുത്തു.

ഒരു വിശാല ദേശീയ കാഴ്ചപ്പാടില്‍ ടിപ്പുവിനെ ദീര്‍ഘവീക്ഷണത്തിന്‍റെയും ധീരതയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. തന്ത്രശാലിയായ യോദ്ധാവായി വാഴ്ത്തപ്പെടുന്ന ടിപ്പുവിന്‍റെ പതിനേഴു വര്‍ഷം മാത്രം നീണ്ട രാജഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയിലുയര്‍ന്ന ഏറ്റവും ശക്തമായ കലാപക്കൊടിയായിരുന്നു. 1767-99 വരെയുള്ള കാലഘട്ടത്തില്‍ നാല് തവണയാണ് ടിപ്പു ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയത്. ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസിനേയും വെല്ലസ്ലിയേയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളംകുടിപ്പിക്കുന്നതായിരുന്നു നാലാം തവണ ടിപ്പു നയിച്ച പട. കമ്പനിയുടെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തെ ഏറെക്കുറെ കീഴ്പ്പെടുത്താനും ടിപ്പുവിനു സാധിച്ചു. ടിപ്പു പോയതോടുകൂടി ബ്രിട്ടീഷുകാര്‍ വോഡയാര്‍, മൈസൂര്‍ രാജ്യങ്ങളില്‍ പിടിമുറുക്കുകയും കാലാന്തരത്തില്‍ ഈ പ്രദേശങ്ങളുടെ ഭരണം മുഴുവനായി ഏറ്റെടുക്കുകയും ചെയ്തു.

യൂറോപ്പ്യന്‍ രീതിയില്‍ തന്നെയാണ് ടിപ്പു തന്റെ സൈനികരെ ഒരുക്കിയത്. ലോകത്തിലെ ആദ്യ യുദ്ധറോക്കറ്റ് എന്നറിയപ്പെടുന്നതായ ആയുധമടക്കം സാങ്കേതികമായി ഏറെ മികവുറ്റതായിരുന്നു ടിപ്പുവിന്‍റെ യുദ്ധതന്ത്രങ്ങള്‍. ഭരണരംഗത്ത് അദ്ദേഹം വിശദമായ സര്‍വേകളിലൂടെ ഭൂമിയെ തിട്ടപ്പെടുത്തുകയും നികുതി കര്‍ഷകനില്‍ നിന്നും ശേഖരിക്കുന്നതുമാക്കുകയും ചെയ്തു. ഇടനിലക്കാരെ വച്ച് കരംപിരിച്ചുകൊണ്ട് രാജ്യത്തിന്‍റെ വിഭവശേഷി കൂട്ടുന്നതിനായുള്ള പദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്‍കി. കൃഷിയെ ആധുനികവത്കരിക്കുന്നതിലും ടിപ്പുവിന്‍റെ ശ്രദ്ധ പതിഞ്ഞു. തരിശുഭൂമികളില്‍ കൃഷിയിറക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കി. ജലസേചനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, പഴയ ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തല്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ നിര്‍മിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ടിപ്പു പ്രയത്നിച്ചു. വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി നാവികസേന രൂപീകരിക്കുക, ഫാക്ടറികള്‍ ആരംഭിക്കുന്നതിനായി വാണിജ്യ കോര്‍പറേഷന്‍ ആരംഭിക്കുക എന്നതും അദ്ദേഹം ചെയ്ത കാര്യങ്ങളാണ്. ചന്ദനം, സില്‍ക്ക്, അരി, ഗന്ധകം എന്നിങ്ങനെ മൈസൂരില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ വിപണിക്കായി മൈസൂരിലും വിദേശത്തുമായി  മുപ്പതോളം വിപണനകേന്ദ്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്.

ടിപ്പുവിനെ കുറിച്ചുള്ള ഈ വിവരണങ്ങള്‍ വസ്തുതാപരമോ ?
ചരിത്രപരമായ ആഖ്യാനങ്ങളില്‍ എപ്പോഴും കാഴ്ചപ്പാടുകളുടെ വ്യത്യാസങ്ങള്‍ കടന്നുവരാറുണ്ട്. രാജ്യത്തെ വിന്യസിപ്പിക്കുക എന്ന താത്പര്യം ടിപ്പുവില്‍ എന്നും ശക്തമായി നിലനിന്നിരുന്നു. ഹൈദരാലി മൈസൂരിനു പുറമേ മലബാറും കോഴിക്കോടും കൊഡഗും തൃശൂരും കൊച്ചിയും പിടിച്ചടക്കിയിരുന്നു.  ടിപ്പു കൊഡഗിലേക്കും കൊച്ചിയിലേക്കും പടനയിച്ചു. കൊഡഗിലും മംഗലാപുരത്തും മലബാറിലും ഗ്രാമങ്ങളും നഗരങ്ങളും ചുട്ടരിച്ച, അമ്പലങ്ങളും പള്ളികളും തകര്‍ത്ത, ഹിന്ദുമതത്തില്‍ നിന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ രക്തദാഹിയായ ആക്രമണകാരി എന്നിങ്ങനെയൊക്കെ ടിപ്പുവിനെ കാണുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെയില്ല.  അവിശ്വാസികളായവരെ  ഇസ്ലാമിലേക്ക് മാറ്റുകയും അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നു ഊറ്റംകൊള്ളുന്ന ടിപ്പുവും ചരിത്രത്തിലുണ്ട്.

ബ്രിട്ടീഷുകാരുടെ കോട്ട തകര്‍ത്ത പോരാളിയായ “മൈസൂര്‍ കടുവയെ” കര്‍ണാടകത്തിന്‍റെ വീരപുത്രനായി വിശേഷിപ്പിക്കുന്നവരും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ മതഭ്രാന്തനും തിന്മയുടെ രൂപവുമായ ഭരണാധികാരിയായി കണക്കാക്കുന്നവരും തമ്മിലുള്ള സംവാദമാണ് എന്നും നിലനില്‍ക്കുന്നത്.

ഈ രണ്ടു വാദങ്ങള്‍ക്കിടയില്‍ രമ്യമായൊരു ഉത്തരമുണ്ടോ ?
കൊളോണിയല്‍ ചരിത്രകാരന്മാരെ സംബന്ധിച്ച് ടിപ്പു എന്ന വില്ലനെ സൃഷ്ടിക്കാന്‍ കാരണങ്ങള്‍ പലതുമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച ടിപ്പു സുല്‍ത്താന്‍, അതിനായി ഫ്രഞ്ചുകാരുമായി സഖ്യം ചേരുകയും ഡക്കാന്‍ പീഠഭൂമിയിലേയും കര്‍ണാടക തീരത്തെയും  വാണിജ്യ താത്പര്യങ്ങള്‍ക്ക് തടസം  നില്‍ക്കുകയും ചെയ്തു എന്നതാണ് അതിലാദ്യം. മൈസൂരിനും മംഗലാപുരത്തിനും ഇടയിലൊരിടം എന്ന നിലയിലാണ് അദ്ദേഹം കൊഡഗ് പിടിച്ചെടുക്കുന്നത്. മംഗലാപുരം തുറമുഖത്തെ തന്‍റെ അധീനതയില്‍ കൊണ്ടുവരികയെന്നത് ടിപ്പുവിന്‍റെ വലിയൊരു ലക്ഷ്യമായിരുന്നു. അതിനായി മതവിശ്വാസപ്രമാണങ്ങള്‍ കണക്കിലെടുക്കാതെ ആരോടും പടപൊരുതാന്‍ അദ്ദേഹം തയാറായിരുന്നു. നിരന്തരമായ അദ്ദേഹത്തിന്‍റെ ഈ യുദ്ധങ്ങളെ സൂക്ഷ്മമായി ഇസ്ലാമികതയുമായി മാത്രം കൂട്ടിവായിക്കുക എന്നത് ആശയദാരിദ്ര്യമാണ്.

ഇനി സിദ്ധരാമയ്യയെ പോലെ ടിപ്പു ദേശസ്നേഹിയും മതേതരത്വനുമാണ് എന്നു വാദിക്കുന്നതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ‘ദേശീയതയോ’ ‘മതേതരത്വമോ’ പോലെയുള്ള മൂല്യങ്ങള്‍ നിലനിന്നിരുന്നില്ല. ആ കാലഘട്ടവുമായി ചേര്‍ത്ത് വായിച്ചെടുക്കാന്‍ സാധിക്കാത്തതായ ആധുനിക കാഴ്ചപ്പാടുകളാണ് ഇവ രണ്ടും. അതേസമയം തന്നെ, ടിപ്പു ബ്രിട്ടീഷുകാരുമായി നടത്തിയ യുദ്ധങ്ങള്‍ “അദ്ദേഹത്തിന്‍റെ രാജ്യത്തെ മാത്രം സംരക്ഷിക്കുവാനാണ്” എന്ന വാദങ്ങളും അതുപോലെ തെറ്റിദ്ധാരണാജനകമാണ്. ആധുനികതയ്ക്ക് മുന്‍പുള്ള ഇന്ത്യയിലെയും മറ്റെവിടത്തേയും ഭരണാധികാരികള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത് എന്നത് തന്നെയാണ് അതിനു കാരണം.

ടിപ്പു ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും ഉപദ്രവിച്ചതായി തെളിവുകളുണ്ട്. അതേസമയം , അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളെയും പൂജാരികളെയും സഹായിച്ചു എന്നതിനും  തെളിവുകളുണ്ട്. അദ്ദേഹം അവര്‍ക്ക് ഉപഹാരങ്ങളും ആനുകൂല്യങ്ങളും നൽകിയിരുന്നു. നന്ജന്‍ഗുണ്ട്, കാഞ്ചി, കലാലെ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് അദ്ദേഹം സംഭാവന നല്‍കി. ശങ്കരാചാര്യര്‍ സ്ഥാപിച്ച ശൃംഗേരി മഠത്തിനും അദ്ദേഹം സഹായങ്ങള്‍ നല്‍കി പോന്നിരുന്നു.

1950കളില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ തങ്ങളുടെ പ്രാദേശിക ചരിത്രത്തെ വ്യത്യസ്തമായി വീക്ഷിക്കുന്ന പല പ്രദേശങ്ങള്‍ക്കും ഒരേ ഭാഷാസ്വത്വത്തിനു കീഴില്‍ വരേണ്ടതായി വന്നു. അത്തരത്തില്‍, ഇന്ന് കര്‍ണാടകത്തിന്‍റെ ഭാഗമായ കൊഡഗ് എക്കാലത്തും ടിപ്പുവിനെ നോക്കിക്കണ്ടത് ഒരു അക്രമകാരിയായാണ്. കൊഡഗില്‍ നിന്നും അധികം ദൂരെയല്ലാത്ത മൈസൂരില്‍ അദ്ദേഹം ആധുനികതയുടെ അടയാളമായും നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ ഒരുപക്ഷേ സംസ്ഥാന സര്‍ക്കാര്‍ ടിപ്പുവിനെകുറിച്ച് മുന്നോട്ടുവയ്ക്കുന്ന പരിഷ്കര്‍ത്താവ്‌ എന്ന ആഖ്യാനത്തെ കൊഡഗിനു ഒരുകാലത്തും അംഗീകരിക്കാന്‍ സാധിക്കില്ല.

ടിപ്പുവെന്ന വ്യക്തിത്വത്തെ ധാര്‍മികതയുടെയും മതത്തിന്‍റെയും ദൃഷ്ടികോണില്‍ നിന്നുകൊണ്ട് മാത്രം അളന്നുമുറിക്കേണ്ടതായില്ല. ഒരു ബഹുമുഖ വ്യക്തിത്വത്തെ ഒന്നുകില്‍ ഒരു നായകനാക്കുക അല്ലെങ്കിലൊരു വില്ലനാക്കുക എന്നതരത്തിലുള്ള വാദങ്ങളിലും കഴമ്പില്ല.

ഈ സംവാദം എങ്ങനെയാണ്‌ നിലവിലെ കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുക ?
ബ്രിട്ടീഷുകാരുമായി പടപൊരുതിയെന്ന കാരണം നിരത്തിയാണ് കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും ടിപ്പുവിനെ ഒരു ‘ദേശീയവാദി’ ആയി ഉയര്‍ത്തുന്നത്. റോഡുകള്‍, ആധുനികമായ സൈന്യവും ഭരണനിര്‍വഹണ സംവിധാനങ്ങളും അദ്ദേഹം നിര്‍മിച്ച ജലസേചന സംവിധാനം എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ പാരമ്പര്യത്തെ വര്‍ഗീയ കണ്ണുകളിലൂടെ കാണാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുന്നുണ്ട്‌. ടിപ്പുവിനെ ഒരു “രാഷ്ട്രതന്ത്രജ്ഞൻ” എന്ന് വിശേഷിപ്പിക്കുന്നത് കോൺഗ്രസിന്റെ മതേതരമായ ദേശീയതയുടെ പാരമ്പര്യമാണ്.

ബിജെപിയേയും സംഘപരിവാറിനേയും സംബന്ധിച്ച് രാഷ്ട്രീയത്തെ മതസ്വത്വവുമായി ബന്ധിപ്പിക്കാവുന്ന ഏടാണ് ടിപ്പുവിനെ ചുറ്റി  ഉയരുന്ന വിവാദങ്ങള്‍. അതൊരു വര്‍ഗീയ ധ്രുവീകരണത്തിനും വഴിവയ്ക്കും. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഒബിസി സമൂഹവും ന്യൂനപക്ഷവും അണിനിരക്കുന്ന സിദ്ധരാമയ്യ നേതൃത്വം കൊടുക്കുന്ന   സഖ്യത്തിനെതിരെ വിശാലമായൊരു ‘ഹിന്ദു പ്ലാറ്റ്ഫോം’ നിര്‍മിക്കുക എന്നത് തന്നെയാവും ബിജെപി ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook