/indian-express-malayalam/media/media_files/uploads/2018/11/ayodhya-1.jpg)
History Headline: The familiar drumroll of Ayodhya
“നീതി നടപ്പാക്കുന്നത് വൈകിയാല്‍, ചിലപ്പോൾ അത് അനീതിയ്ക്ക് തുല്യമാകും. രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമായി കോടതിയത് നേരത്തെ തീരുമാനിച്ചാൽ നന്നായിരുന്നു. പക്ഷേ, ഈ ഘട്ടത്തിൽ അങ്ങനെ നടക്കുമെന്ന് എനിക്കു തോന്നുന്നില്ല". ഇത് പറഞ്ഞത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ഒക്ടോബര്‍ 30ന്, രാം ജന്മഭുമി- ബാബ്രി മസ്ജിദ് അവകാശത്തർക്കക്കേസിന്റെ വാദം കേൾക്കുന്നത് ജനുവരിയിലെ ഒരു തീയതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു എന്ന് സുപ്രീം കോടതി പറഞ്ഞ ദിവസമാണ് അദ്ദേഹം ഇത് പറഞ്ഞത്.
'നീതി വൈകുന്നതിലുള്ള' പരാമര്‍ശങ്ങള്‍ ഇതിനു മുന്‍പും കേട്ടിരുന്നു. അന്നത് പറഞ്ഞത് യോഗി ആദിത്യനാഥിന്റെ ഗുരുവും ഗോരഖ് നാഥ് മഠത്തിന്റെ അധിപനും സംഘപരിവാറിന്റെ ക്ഷേത്രസംരക്ഷണ പ്രസ്ഥാനത്തിന്റെ മാർഗ്ഗദർശിയുമായ മഹന്ത് അവൈദ്യനാഥാണ്. എട്ടു വർഷം മുൻപ്, സുപ്രീം കോടതി, ഇതേ അവകാശത്തർക്കത്തിന്റെ വിധി വൈകിക്കുവാൻ അലഹബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടപ്പോൾ (ഒരാഴ്ച കഴിഞ്ഞപ്പോൾ ആ വിധിയുണ്ടായി, ഇപ്പോഴത് മേൽക്കോടതിയിൽ അപ്പീലിൽ) വിശ്വഹിന്ദു പരിഷത്തിന്റെ അശോക് സിംഗാൾ അത് നീതി വൈകിക്കുന്നതിനുള്ള മറ്റൊരു തന്ത്രമാണെന്നു കരുതി ക്ഷോഭം കൊണ്ടു.
/indian-express-malayalam/media/post_attachments/5dhFzwY969065kxNXaCK.jpg)
2019ലേയ്ക്കുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി അയോധ്യാ വിധി ഉടനെയുണ്ടാകണമെന്ന സംഘപരിവാറിന്റെ മുറവിളികൾക്ക് ആദിത്യനാഥ് ആക്കം കൂട്ടുമ്പോള്‍, ബാബ്‌റി മസ്ജിദിന്റെ അവസാന നാളുകളിൽ അയോധ്യയിൽ ക്യാമ്പു ചെയ്തിരുന്ന എന്നെപ്പോലെയുള്ള റിപ്പോർട്ടർമാർ, അന്നത്തെയും ഇന്നത്തെയും വാക്പ്രയോഗങ്ങൾ തമ്മിലുള്ള ദുരൂഹമായ സമാനതകളിൽ അമ്പരക്കുകയാണ്.
അന്നു അലഹബാദ് കോടതിയുടെ മുൻപാകെയായിരുന്ന കേസ് ഇന്ന് സുപ്രീം കോടതിയിലാണ്. പക്ഷേ അതു നൽകുന്ന ആ ആത്യന്തികമായ സന്ദേശം ഒന്നു തന്നെയാണ്. “ദൈവദൂതന്മാർ കാൽകുത്താൻ ഭയക്കുന്ന, അസംഖ്യം കുഴിബോബുകളുള്ള ഒരു ചെറിയ തുണ്ടു ഭൂമി, അതു വൃത്തിയാക്കിയെടുക്കുവാനാണു ഞങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്,“ എന്നു ഹൈക്കോടതി പരാമർശിച്ച ഈ കേസിൽ, പെട്ടെന്നുള്ള ഒരു തീരുമാനത്തിനായി സമ്മർദ്ദം നൽകുന്ന ശ്രമങ്ങളുടെ തനിയാവർത്തനം തന്നെയാണീ വാചകങ്ങൾ.
ബാബ്‌റി മസ്ജിദ് തകർക്കുന്നതിനു 5 മാസങ്ങൾക്കു മുൻപ്, 1992 ജൂലൈയിൽ, വിശ്വഹിന്ദു പരിഷത്തിന്റെ തലവന്മാരും മറ്റു മത നേതാക്കളും, 2.77 ഏക്കർ തർക്ക ഭൂമിയിലെ മൂന്നു താഴികക്കുടങ്ങൾക്കഭിമുഖമായ ഒരിടത്ത് നടന്ന കർസേവയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നു. മുസ്ലിം യാഥാസ്ഥിതികർക്ക് വഴങ്ങിക്കൊടുത്തുകൊണ്ട് ഷാ ബാനു കേസിന്റെ വിധി അട്ടിമറിച്ചതിനു ശേഷം ഹിന്ദുക്കളുടെ അനുഭാവം പിടിച്ചുപറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി സർക്കാർ, 1989നവംബറിൽ ഭാവി ക്ഷേത്രത്തിനുള്ള ശിലാന്യാസം അനുവദിച്ചു കൊടുത്ത ഇടത്തായിരുന്നു ഈ കർസേവ നടന്നത്.
സമയത്തിനും കോടതിവിധികൾക്കും എതിരെ മത്സരിച്ചു കൊണ്ട്, കർസേവകർ, ക്ഷേത്രത്തിന്റെ പ്രധാന കവാടം, സിങ്‌ദ്വാർ, നിർമ്മിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കോൺക്രീറ്റ് തറ പണിതുയർത്തി. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു, പ്രശ്നപരിഹാരത്തിനു മുന്നു-നാലു മാസം ആവശ്യപ്പെട്ടതിനു ശേഷമാണ് അതിന്റെ നിർമ്മാണ ജോലികൾ നിർത്തിവയ്ക്കപ്പെട്ടത്.
/indian-express-malayalam/media/post_attachments/ieBovryQTcMjOfKNqGvG.jpg)
പക്ഷേ 1992 ലെ മൺസൂണിനും വളരെ മുൻപു തന്നെ കാർമേഘങ്ങൾ ഉരുണ്ടു കൂടിയിരുന്നു. 1991 ജൂണിൽ, ഉത്തർ പ്രദേശിൽ, മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവിനു പകരം ആ സ്ഥാനത്തു ബി ജെ പി നേതാവ് കല്യാൺ സിംഗ് ആഗതനായി. 1989ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകൾ നേടിയ ബി ജെ പിയ്ക്ക് അത് 120 ആയി ഉയർത്തുവാനും അയോധ്യ സഹായകകരമായി. അധികാരമേറ്റെടുത്ത ഉടനെ തന്നെ, കല്യാൺ സിംഗ് തന്റെ മന്ത്രിമാരോടൊത്ത് അയോധ്യയിലെത്തുകയും രാമക്ഷേത്രം നിർമ്മിക്കുക എന്നതിനു സർക്കാർ പ്രഥമപരിഗണന നൽകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
അതിവേഗം തന്നെ, കല്യാൺ സിംഗ് സർക്കാർ ഭൂമി ഏറ്റെടുക്കൽ നിയമത്തെ (ലാൻഡ് അക്വിസിഷൻ ആക്ട്) അടിസ്ഥാനമാക്കി, 1991 ഒക്ടോബറിൽ, രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് സമുച്ചയത്തിന്റെ സമീപം ചില നിർണ്ണായക സ്ഥലങ്ങൾ, തീർത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിനും തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കുന്നതിനുമായെന്ന് കാണിച്ച് ഏറ്റെടുക്കുന്നതിനുള്ള രണ്ടു ഉത്തരവുകൾ പുറപ്പെടുവിച്ചു.
/indian-express-malayalam/media/post_attachments/yJfnZV65cI8cWk36Xeg7.jpg)
മുസ്ലിങ്ങൾ ഇതിൽ ക്ഷുഭിതരും വിഷണ്ണരുമായിത്തീര്‍ന്നു. ഈ ഭൂമി ഏറ്റെടുക്കൽ നടപടികൾ അലഹബാദ് ഹൈകോടതിയിലും സുപ്രീം കോടതിയിലും എതിർക്കപ്പെട്ടു. 1991 നവംബറിൽ, കല്യാൺ സിംഗ് നാഷണൽ ഇന്റഗ്രേഷൻ കൗൺസിലിനു (എൻ ഐ സി) നൽകിയ ഉറപ്പുകൾ കണക്കിലെടുത്ത്, എൻ ഐ സിയോടു പറഞ്ഞ വസ്തുതകളിൽ ഉറച്ചു നിൽക്കുവാൻ ഉത്തർപ്രദേശിനു നിർദ്ദേശം നൽകി.
എൻ ഐ സി അതിന്റെ തീരുമാനങ്ങളിൽ ഉൾപ്പെടുത്തിയ ആ ഉറപ്പുകൾ എന്തൊക്കെയായിരുന്നു?
അടിസ്ഥാനപരമായി നാലു കാര്യങ്ങളാണതിൽ ഉണ്ടായിരുന്നത്: ഇരു കൂട്ടര്‍ക്കും ഹിതകരമായ ഒരു തീരുമാനത്തിലെത്തിച്ചേരുവാൻ എല്ലാ ശ്രമങ്ങളും നടത്തും; അന്തിമവിധിയുണ്ടാകുന്നതു വരെ, രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് കെട്ടിടത്തിന്റെ സംരക്ഷണത്തിനുള്ള പൂർണ്ണ ഉത്തരവാദിത്തം ഉത്തരപ്രദേശിനായിരിക്കും; ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുടെ മേലുള്ള കോടതി വിധികൾ പൂർണ്ണമായും നടപ്പാക്കും; അലഹബാദ് ഹൈക്കോടതിയുടെ മുൻപാകെ അവശേഷിക്കുന്ന കേസുകളിൽ പ്രഖ്യാപിക്കപ്പെടുന്ന വിധികൾ ലംഘിക്കുകയില്ല: ഇവയായിരുന്നു ആ ഉറപ്പുകൾ.
/indian-express-malayalam/media/post_attachments/wbMLYXUXxPfbV85uQQKI.jpg)
അതിനു പിന്നാലെയുണ്ടായ സംഭവങ്ങൾ ക്ഷേത്രാരാധകരെ ഹര്‍ഷോന്മാദത്തിലാക്കുന്നവയായിരുന്നു. തർക്ക മന്ദിരത്തിൽ നിന്ന് അധികം അകലെയല്ലാത്ത പല കെട്ടിടങ്ങളും തകർക്കപ്പെട്ടു. ഇവയെല്ലാം തീർത്ഥാടകർക്ക് പരികർമ്മ സൗകര്യങ്ങളൊരുക്കുന്നതിനായി സംസ്ഥാന സർക്കാർ ചെയ്യുന്ന 'ലെവെലിംഗ് ഓപ്പറേഷന്‍സ്' ആണെന്നായിരുന്നു ഔദ്യോഗിക നിലപാട്. ഇതിനെതിരായി 1992 ഫെബ്രുവരിയിലും മാർച്ചിലും കോർട്ടലക്ഷ്യ പരാതികൾ ഫയൽ ചെയ്യപ്പെട്ടു.
എന്നാൽ, ഇവയെല്ലാം വിശ്വഹിന്ദു പരിഷത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ വീണ്ടും ബലപ്പെടുത്തുകയാണ് ചെയ്തത്. അയോധ്യാ പ്രശ്നം ഒരു ചതുരംഗക്കളിയായി മാറിയിരിക്കുന്നുവെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോ നടപടിയും കോടതിയിൽ സമർപ്പിക്കുന്ന പരാതികൾ മൂലം തടയപ്പെടുന്നുവെന്നും നേതൃത്വം ഉറച്ചു വിശ്വസിച്ചു. നീതിലഭ്യതയിൽ വരുന്ന കാലവിളംബം എങ്ങനെയാണു ജനകോടികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നത് എന്ന് റിപ്പോർട്ടർമാരോട് ആവർത്തിച്ചു പറയുന്നതിൽ അശോക് സിംഗാളിനു മടുപ്പുണ്ടായതേയില്ല.
/indian-express-malayalam/media/post_attachments/96jZ92MydDEPbTUIU6nx.jpg)
ആ ജൂലൈയിൽ തന്നെ സംഘപരിവാർ ക്ഷേത്രനിർമ്മാണത്തിനായുള്ള പ്രചാരണം ശക്തിപ്പെടുത്തി. ശിലാന്യാസം നടത്തിയയിടത്തേയ്ക്കുള്ള തിരിച്ചു വരവിനായി, വ്രതങ്ങൾക്കും പരിഹാരങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ചതുർമാസ പൂജകൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനായുള്ള തറക്കല്ലായി കോൺക്രീറ്റ് തറ നിർമ്മിച്ചത് ആ സമയത്തായിരുന്നു.
തർക്കഭൂമിയിലെ 'എല്ലാ നിർമ്മാണ പ്രവർത്തന'ങ്ങൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ട്, അലഹബാദ് ഹൈക്കോടതി, ജൂലൈ 15ന്, ഉത്തരവു പുറപ്പെടുവിച്ചു. 'അഥവാ, ഏതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ അത്യാവശ്യമാണെങ്കിൽ അതിനു കോടതിയുടെ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്നും' വിധിയിൽ പറഞ്ഞിരുന്നു. മുഹമ്മദ് അസ്ലാം ഭൂരെയും അച്ഛാൻ റിസ്‌വിയും സമർപ്പിച്ച കോർട്ടലക്ഷ്യക്കേസിന്റെ വിധിയിൽ സുപ്രീം കോടതി, അലഹബാദ് ഹൈക്കോടതിയുടെ മേല്‍പ്പറഞ്ഞ വിധിപ്രസ്ഥാവം രേഖപ്പെടുത്തിയിട്ടുണ്ട്.
ചതുർമാസത്തിന്റെ അവസാനത്തിൽ, പ്രധാനമന്ത്രി നരസിംഹറാവുവിൽ നിന്നും തീരുമാനങ്ങളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിൽ, വിശ്വഹിന്ദു പരിഷത്ത് ദില്ലിയിൽ അഞ്ചാമത് ധർമ്മ സൻസദിന് ആഹ്വാനം ചെയ്തു. ഒക്റ്റോബർ 30-31 തീയതികളിലായിരുന്നു ഇത്. “1992 ഡിസംബർ 6 മുതൽ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള നിരന്തര കർസേവ ആരംഭിക്കുന്നതിനു തീരുമാനമെടുത്തതായി" ഏകദേശം 5000 പേര്‍ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സിംഗാൽ ദില്ലിയിൽ പറഞ്ഞു.
ശേഷം ചരിത്രമല്ല. അത് വർത്തമാനമാണ്, ഭാവിയാണ്. എന്തെന്നാൽ, ഇത്തവണ, ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ഭൂരിപക്ഷ ബി ജെ പി സർക്കാരുകളുമായി, ശക്തികൾ കൂടുതൽ പ്രബലങ്ങളാണ്. എല്ലായ്പ്പോഴും നിയമത്തിനെക്കാൾ രാഷ്ട്രീയം അടിസ്ഥാനമാകുന്ന യുദ്ധത്തിൽ, സുപ്രീം കോടതിയ്ക്കു മാത്രമാണു അധികാരദുർഗ്ഗം കൈവശമുള്ളത്.
(1992ൽ ബാബ്‌റി മസ്ജിദ് തകർക്കുന്നതിലേയ്ക്ക് നയിക്കപ്പെട്ട രാമജന്മഭൂമി പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത ലേഖകനാണു രാകേഷ് സിൻഹ)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.