നമ്മളോരോരുത്തരും നമ്മളുമായി അധികം ബന്ധമില്ലാത്ത സുഹൃത്തിന്‍റെയോ ബന്ധുവിന്‍റെയോ വാട്ട്സാപ്പ് ഫോർവേഡിലേയ്ക്ക് ശ്രദ്ധിച്ചിരിക്കാം. അരോചകമായ തമാശകൾ, അവാസ്തവമായ അവകാശ വാദങ്ങൾ, തെറ്റായ രാഷ്ട്രീയ പ്രസ്താവനകൾ എന്നിവ കൊണ്ട് വിവാദം സൃഷ്ടിക്കാനുളള ​ലക്ഷണമൊത്ത ദല്ലാൾ സ്വഭാവമുളളവയാണ് ഈ ഫോർവേഡുകൾ.

നമ്മൾ ്ആ മെസേജുകളിലൂടെ കണ്ണോടിച്ച് നോക്കുമായിരിക്കാം ഒരുപക്ഷേ,  അവ ഫോർവേഡ് ചെയ്യിലായിരിക്കാം. പക്ഷേ, അതിലെ  കൃത്യതയില്ലായ്മ തിരുത്താൻ ശ്രമിക്കാറില്ല.

ഇത്തരത്തിലുളള​ നൂറു കണക്കിന് മെസേജുകളും ‘വിവരങ്ങളും’ സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തിനുളളിൽ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം അതിവേഗത്തിൽ വളർന്നതിനാലാണ് ഇത്. വില കുറഞ്ഞ സ്മാർട് ഫോണുകളും കഴിവിനനുസരിച്ചുളള​ ഡാറ്റാ പ്ലാനുകളും എപ്പോഴും ഇന്റർനെറ്റ് ബന്ധം നിലനിർത്താൻ എല്ലാവരെയും സഹായിക്കുന്നു. നിലവിൽ നമ്മുടെ രാജ്യത്ത് 450 മില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവും കൂടുതൽ ഫെയ്‌സ് ബുക്ക് ഉപയോക്താക്കളും ഇന്ത്യയിൽ നിന്നാണ്.

ശബാന ആസ്മി

ഇന്റർനെറ്റ് കണക്ടിവിറ്റി എന്നത് ഇരുതല മൂർച്ചയുളള വാളാണ്. ഒരു വശത്ത് വളരെയധികം വിവരങ്ങൾ നമ്മുടെ വിരൽത്തുമ്പിലുണ്ട് എന്നത്, മറുവശം ഇത്രയധികം വിവരങ്ങൾ വന്നു നിറയുന്ന സാഹചര്യത്തിൽ അതിൽ നിന്നും ഏതാണ് കൃത്യതയുളളത് ഏതാണ് അല്ലാത്തത് എന്ന് തിരിച്ചറിയുകയെന്നത് പ്രയാസകരമായ കാര്യമാണ് എന്നത്. ‘വ്യാജവാർത്തകൾ’ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ച് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ചാകുമ്പോൾ.

ഒരു ഉദാഹരണമെടുത്താൽ കഴിഞ്ഞ വർഷം റൂബല്ല- മീസെൽസ് (എം ആർ) വാക്സിനേഷൻ പ്രവർത്തനം നടന്നപ്പോൾ കേരളത്തിൽ സംഭവിച്ചതെന്തെന്ന് നോക്കാം. എം ആർ വാക്സിൻ സംബന്ധിച്ച കെട്ടുകഥകൾ വാട്ട്സാപ്പിൽ പ്രചരിപ്പിക്കപ്പെടാൻ തുടങ്ങി.

നിരവധി കുട്ടികളെ സ്കൂളിൽ വിടാതെ പ്രതിരോധ കുത്തിവെയ്പിൽ നിന്നും ഒഴിവാക്കി നിർത്താൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതിലേയ്ക്കാണ് ഇത് വഴി തുറന്നത്. ചില ജില്ലകളിൽ പ്രതിരോധ കുത്തിവെയ്പിന്‍റെ പ്രവർത്തനങ്ങളുമായി എത്തിയ ആരോഗ്യ പ്രവർത്തകക്ക് നേരെ ആക്രമണങ്ങളും നടന്നു. നുണപ്രചാരണത്തിന്‍റെ  ഭാഗമായിട്ടായിരുന്നു ഇതൊക്കെ സംഭവിച്ചത്.

സോഷ്യൽ മീഡിയയുടെ കാലത്ത് തീർച്ചായായും ഇതൊരു വെല്ലുവിളി തന്നെയാണ്. എല്ലാ കാലത്തും വാക്സിനെ കുറിച്ചുളള​ കുപ്രചാരണങ്ങൾ നടക്കാറുണ്ട്. 1980കളിൽ ഞാൻ പൾസ് പോളിയോ പ്രചാരണത്തിൽ പങ്കാളിയായിരുന്ന കാലത്തുപോലും ദുഷ്‌പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ​ അക്കാലത്ത്, ആ കിംവദന്തികളൊക്കെ പ്രാദേശിക തലത്തിൽ മാത്രമായി ഒതുക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇന്റർനെറ്റിന്‍റെ  വ്യാപനം കാരണം തെറ്റായ പ്രചാരണങ്ങൾക്ക് വളരെ വേഗത്തിൽ കൂടുതൽ പ്രചാരം കിട്ടുന്നു. ഈ കിംവദന്തികളെന്തായിരിക്കുമെന്ന് മുൻകൂട്ടി കാണാനോ നിരീക്ഷിക്കാനോ പ്രതിരോധിക്കാനോ സാധിക്കുകയെന്നത് ദുഷ്കരമാണ്.

 

നമുക്ക് ഈ​ പ്രതിഭാസത്തെ എങ്ങനെ മറികടക്കാനാകും? വസ്തുതകൾ വ്യക്തമായി മനസ്സിലാക്കണം. ആധുനിക ആരോഗ്യ രംഗത്തെ വളരെ ഫലപ്രദമായ ഇടപെടലാണ് പ്രതിരോധ കുത്തിവെയ്പ് എന്നതാണ് വസ്തുത. ഒരു കാലത്ത് ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയ വസൂരി നിർമാർജ്ജനം ചെയ്തത് വാക്സിനേഷനിലൂടെയാണ്. 2014 ഓടെ ഇന്ത്യയയിൽ നിന്നും പോളിയോ നിർമ്മാർജനം ചെയ്തത് പൊതുജനാരോഗ്യ രംഗത്തെ വലിയൊരു വിജയമാണ്.

ലോകത്തെ 20-30 ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നത് വാക്സിനേഷനിലൂടെയാണ്. കുപ്രചരണങ്ങൾക്ക് ചെവികൊടുത്ത് നമ്മുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകാതിരുന്നാൽ നമ്മൾ നിർമാർജനം ചെയ്ത രോഗങ്ങൾ വീണ്ടും വരും.

വാക്സിനുകൾ പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് മുമ്പ് വളരെ വർഷങ്ങൾ അത് ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നതും വസ്തുതയാണ്. വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയ ശേഷം മാത്രമാണ് അത് ഒരു രാജ്യത്തിന്‍റെ  പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഒരു രാജ്യമെന്ന നിലയിൽ വലിയ തലത്തിൽ പ്രതിരോധ കുത്തിവെയ്പിന്‍റെ  ഗുണഭോക്താക്കളാണ് നമ്മൾ.

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ( യു ഐ​പി), മിഷൻ ഇന്ദ്രധനുഷ് എന്നീ പദ്ധതികളിലൂടെ ഇന്ത്യാ ഗവൺമെന്റ് അടുത്തിടെ പ്രതിരോധ കുത്തിവെയ്പ് പദ്ധതികൾ ശക്തിപ്പെടുത്തി. 2014 മുതൽ നാല് പുതിയ വാക്സിനുകളാണ് ന്യൂമോണിയ, വയറിളക്കം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങൾക്കെതിരെ കുട്ടികൾക്ക് നൽകാനായി യു ഐ​ പിയുടെ ഭാഗമായി നൽകുന്നത്. മിഷൻ ഇന്ദ്രധനുഷ് പ്രകാരം നഗര, ഗ്രാമ ചേരി പ്രദേശങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ട് 2.6 കോടി കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകി കഴിഞ്ഞു. വിശാലമായ ഇന്ത്യാ രാജ്യത്തെ 90 ശതമാനം കുട്ടികൾക്കും ​ഈ വർഷം അവസാനത്തോടെ ജീവൻരക്ഷാ വാക്സിനുകൾ നൽകുകയെന്നതാണ് ഈ​ പദ്ധതിയുടെ ലക്ഷ്യം.

ഈ വസ്തുതകൾ വ്യക്തമായും ഫലപ്രദമായും ജനങ്ങളിലേയ്ക്കെത്തിക്കണം. വിശ്വാസമാണ് പൊതുജനാരോഗ്യത്തിന്‍റെ  കാര്യത്തിൽ വിജയത്തിന്‍റെ  മുഖ്യഘടകം. പ്രാദേശിക ഭരണ സംവിധാനങ്ങൾ, സാമുദായിക നേതാക്കൾ, രക്ഷാകർത്താക്കൾ, കുടുംബങ്ങൾ, പ്രാദേശിക നേതാക്കൾ എന്നിവർ അവരുൾപ്പെടുന്ന സമൂഹങ്ങൾക്കിടിയിൽ തെളിവ് അധിഷ്ടതമായ വസ്തുനിഷ്ഠമായ, തെളിവ് അധിഷ്ടതമായ മെസേജുകൾ നൽകണം. അതുപോലെ തന്നെ ജനങ്ങളുടെ ആശങ്കകൾ അഭിമുഖീകരിക്കുകയും അതിന് ചെവികൊടുക്കുകയും വേണം.

മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ നിർണായകമായ പങ്കുണ്ട്. വസ്തുതകളില്ലാതെയും തെളിവുകളില്ലാതെയും സെൻസേഷനലിസത്തിന് കീഴടങ്ങാനുളള പ്രലോഭനത്തിന് കീഴ്പ്പെട്ടാൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടുകയും അവയ്ക്ക് വിശ്വാസ്യത ലഭിക്കുകയും ചെയ്യും. പ്രതിരോധ കുത്തിവെയ്പുകൾ സംബന്ധിച്ച് കൃത്യതയുളള, വസ്തുതാപരമായി പ്രൊഫഷണൽ​ രീതിയിൽ റിപ്പോർട്ട് ചെയ്യുകയെന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്.

പ്രതിരോധ കുത്തിവെയ്പുകൾ പോലുളള പൊതുജനാരോഗ്യ രംഗത്തെ പ്രധാനപ്പെട്ട കാര്യങ്ങളിൽ പൗരർ എന്ന നിലയിൽ നമ്മൾ സ്വയം പഠിക്കുകയും മറ്റുളളവരെ പഠിക്കാൻ പ്രേരിപ്പിക്കുകയം ചെയ്യുന്ന ഒരു നിലപാട് സ്വീകരിക്കണം. അതിലൂടെ തെറ്റിദ്ധാരണജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കഴിയും. വാട്ട്സാപ്പ് വഴിയും ഇന്റർനെറ്റ് വഴിയും കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് വരുന്ന വിവരങ്ങൾ പരിശോധിക്കുകയെന്നത് രക്ഷിതാക്കൾ എന്ന നിലയിലും പൗരർ എന്ന നിലയിലും നമ്മുടെയോരുരുത്തരുടെയും ഉത്തരവാദിത്വമാണ്.

ഒരു വാട്ട്സാപ്പ് മെസേജ് ലഭിക്കുമ്പോൾ ഒരു നിമിഷം ഒന്ന് ചിന്തിക്കൂ. ഈ വിവരം പരിശോധിച്ച് ഉറപ്പുവരുത്തിയതാണോ? ഇത് വിശ്വാസയോഗ്യമായ ഉറവിടത്തിൽ നിന്നുളളതാണോ?, എന്ന് നമ്മളോട് തന്നെ ഒന്ന് ചോദിക്കണം. ഒച്ചപ്പാടും ഉദ്വേഗവും ഭയവും സൃഷ്ടിക്കാനുതകുന്ന വിധത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ മെസേജിൽ എന്തെങ്കിലും വസ്തുതകളുണ്ടോ?

നമ്മൾക്ക് ലഭിക്കുന്ന തെറ്റായ വിവരമടങ്ങിയ സന്ദേശത്തെ ചോദ്യം ചെയ്യുകയും അങ്ങനെ ചോദ്യം ചെയ്യാൻ മറ്റുളളവരെ പ്രേരിപ്പിക്കകയും ചെയ്താൽ തെറ്റായ പ്രചാരണം നടത്തുന്നത് തടയാൻ സാധ്യമാകും. പൊതുജനാരോഗ്യത്തിന്‍റെ പദ്ധതികളുടെ വിജയകരമായ ലക്ഷ്യം നേടുന്നതിന് വ്യാജ വാർത്തകൾക്കെതിരെ നിലപാട് എടുക്കകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ കുട്ടികളുടെ ജീവൻ ഏറെ വിലപ്പെട്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook