ത്രിപുര: വഴിമാറ്റവും വസ്തുതകളും

ത്രിപുര തിരഞെടുപ്പ് ഫലം തിരുത്തിയെഴുതിയത് 25 വർഷത്തെ ചരിത്രമാണ്. അതിന് പിന്നിൽ പുതിയ സാധ്യതകൾക്കായുളള ജനങ്ങളുടെ അന്വേഷണമാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു

ത്രിപുര തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിൽ തൽക്കാലത്തേയ്ക്കെങ്കിലും സൃഷ്ടിക്കുന്ന ചില തരംഗങ്ങളുണ്ട്. അത് വിജയത്തിന്‍റെ പേരിൽ ബി ജെ പി സൃഷ്ടിക്കുന്നത് മാത്രമല്ല, അതിനപ്പുറം ഈ വിജയത്തിന്‍റെ പിന്നിലെ കാരണങ്ങളുമായിരിക്കും. അത് സൃഷ്ടിക്കുന്ന ചലനങ്ങളും കൂടെ ചേർന്നതായിരിക്കും വരും നാളുകളിൽ​ ഇന്ത്യൻ രാഷ്ട്രീയം രൂപപ്പെടുക.

ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രത്യക്ഷവൽക്കരിക്കുന്നതും എന്നാൽ പൊതുവിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ പ്രധാനപ്പെട്ട രണ്ട് വസ്തുതകളുണ്ട്. അവയിലൊന്ന് കോൺഗ്രസ് , സിപി എം എന്നീ പാർട്ടികൾ തമ്മിലുണ്ടായിരുന്ന ചില അലിഖിത ധാരണകളുടെ മറ നീക്കലാണ്. കോൺഗ്രസ്സും സി പി എമ്മും തമ്മിൽ ​നവലിബറൽ നയങ്ങൾക്കെതിരെ ഉൾപ്പടെയുളള വിഷയങ്ങളിൽ ഇന്നും നിലയ്ക്കാത്ത വാക്പോരുണ്ടെങ്കിലും  ബംഗാളിലും ത്രിപുരയിലും വർഷങ്ങളായി ഇരുവരും തമ്മിൽ തന്ത്രപരമായ ധാരണ ഉണ്ടായിരുന്നു എന്നതാണ്. 34 വർഷം നീണ്ടുനിന്ന ബംഗാളിലെ ഭരണവും ത്രിപുരയിലെ 25 വർഷത്തെ ഭരണവും നിലനിന്നത് കോൺഗ്രസ്സിന്‍റെ സൗമനസ്യത്തിലായിരുന്നു.

mamathabanerji

കോൺഗ്രസ്സിന്‍റെ പ്രാദേശിക നേതൃത്വങ്ങളുടെയല്ല, മറിച്ച് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനമായിരന്നു അത്. ബംഗാളിലും ത്രിപുരയിലും സിപി എം മറിച്ചിടാതിരിക്കാന്‍ കോണ്‍ഗ്രസ് ആവുന്നതെല്ലാം ചെയ്തു. ബംഗാളിലാണെങ്കിലും ത്രിപുരയിലാണെങ്കിലും നാൽപത് ശതമാനത്തിനടുത്ത് വോട്ട് ഉണ്ടായിരുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ അവർ ദീർഘകാലം ആ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനുള്ള ശ്രമം നടത്തിയിരുന്നില്ല. ഈ വോട്ടർമാരാകാട്ടെ സി പി എമ്മിനോടോ ഇടതുപക്ഷത്തോടോ ആഭിമുഖ്യമുളളവരും ആയിരുന്നില്ല. അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധത ശക്തമാണ്. അതിനാൽ തന്നെ കോൺഗ്രസിന് ലക്ഷ്യം കാണാൻ കഴിയില്ലെന്ന തോന്നൽ അവർക്ക് ഉളളിൽ ഉറച്ചിരുന്നു.

എന്നാൽ മറ്റൊരു സാധ്യതയും അവർക്ക് മുന്നിൽ തുറന്നുകിട്ടിയിരുന്നില്ല. അങ്ങനെ ഒന്ന് തുറന്നു കിട്ടിയ സാഹചര്യത്തിലാണ് ബംഗാളിൽ മമതയുടെ തൃണമൂൽ അധികാരത്തിലേയ്ക്ക് വരുന്നത്. നാളെ മമത സി പി എമ്മുമായി ബന്ധമുണ്ടാക്കിയാൽ അവർ അടുത്ത സാധ്യത പരിഗണിക്കും. അത് ചിലപ്പോള്‍ ബിജെപി ആകാം. അതാണ് അവരുടെ രാഷ്ട്രീയ നിലപാട്. ബംഗാളിൽ അന്ന് രൂപപ്പെട്ട മറ്റ് സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം മമത കരുത്താർജ്ജിച്ചതും സി പി എം വിരുദ്ധർക്ക് കോൺഗ്രസ് അല്ലാത്ത മറ്റൊരു മുഖം ലഭിക്കുനതിന് സഹായകമായി. അത് മമതയെ അധികാരത്തിലെത്തിച്ചു. ഇതിന്‍റെ മറ്റൊരു രൂപമാണ് ഇപ്പോൾ ത്രിപുരയിൽ സംഭവിച്ചതും.

ബംഗാളിലായിരുന്നാലും ത്രിപുരയിലായിരുന്നാലും വോട്ടർമാർ ഭരണത്തിൽ അസംതൃപ്തരായിരുന്നു എന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. അവർക്ക് പോകാൻ വേറെ പാർട്ടിയില്ല. മാർഗമില്ല.​ ആ സാഹചര്യത്തിൽ അതിന് ഒരു വ്യതിയാനം എന്ന നിലയ്ക്കാണ്  ബംഗാളിൽ മമതയുടെ വരവ്. കോൺഗ്രസ് സി പി എം രഹസ്യ ധാരണ എന്ന്  വ്യക്തമായി ആരോപിച്ചാണ് മമത തൃണമൂൽ രൂപീകരിക്കുന്നതും. നേരത്തെ കോൺഗ്രസിന് ബംഗാളിൽ  ഉണ്ടായിരുന്നതിനേക്കാൾ ശക്തമായി മമതയ്ക്ക് തിരിച്ചുവരാൻ കഴിയുന്നതും ഈ സി പി എം വിരോധത്തെ വോട്ടാക്കി മാറ്റാനുളള  അവസരം പ്രയോജനപ്പെടുത്തിയതിനെ തുടർന്നാണ്.  സി പി എമ്മിനെ ചെറുക്കാനുളള വാശി മമതയ്ക്ക് കൂടുതലുണ്ടെന്ന് ഉറപ്പാണെന്ന്  മനസ്സിലായതാണ് ജനം അങ്ങോട്ട് തിരിയുന്നതിന് കാരണമായത്. അവർ അനുകൂലമായാൽ ജനം ബി ജെപിക്ക് ഒപ്പം അല്ലെങ്കിൽ പകരം വരുന്ന ഒരു കക്ഷിക്ക് ഒപ്പം പോകും.

ത്രിപുരയിലും കോൺഗ്രസിന് നാൽപത് ശതമാനത്തിനടുത്ത് വോട്ട് വിഹിതം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 25 വർഷമായി അധികാരത്തിലേയ്ക്ക് വരാനുളള ശ്രമമൊന്നും കോൺഗ്രസ്സിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. ഇതേ സമയം, ഈ സാധ്യത തന്ത്രപരമായി തിരച്ചറിഞ്ഞ് മുതലാക്കാൻ ബി ജെ പി ക്ക് സാധിച്ചുവെന്നതാണ് ത്രിപുരയിലെ വിജയം വ്യക്തമാക്കുന്നത്.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ പോലും കോൺഗ്രസ് ബംഗാളോ ത്രിപുരയോ പിടിച്ചെടുക്കാൻ ശ്രമിച്ചില്ല. ബി ജെ പിയിൽ ചേർന്ന കോൺഗ്രസ് പി സി  സി പ്രസിഡന്റുമാരുൾപ്പടെയുളളവർ അവരുടെ അനുഭവം പറയുന്നത് ഇക്കാര്യം അടിവരയിടുന്നതാണ്. മണിക് സർക്കാർ ഗവൺമെന്റിനെ  കോൺഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വം പിന്തുണച്ചിരുന്നുവെന്ന്  അവർ പറയുമ്പോള്‍ അവിടെ ഉണ്ടായിരുന്ന വിയോജിപ്പിന്‍റെ ശക്തിയും ഇരുപാർട്ടികളും തമ്മിലുണ്ടായിരുന്ന രേഖപ്പെടുത്തപ്പെടാത്ത അന്തർധാരയും വ്യക്തമാകുമല്ലോ.

ത്രിപുരയിൽ​ തിണ്ണമിടുക്കിന്‍റെ പ്രകടനമോ പ്രചാരണമോ നടത്തിയല്ല ബി ജെ പി അധികാരത്തിലേയ്ക്ക് എത്തിയത്. ഡൽഹിയിൽ അവർ തുറന്ന ‘യുദ്ധമുറി’യിൽ രൂപം കൊടുത്ത തന്ത്രങ്ങൾ വിജയം കണ്ടുവെന്നതാണ് യാഥാർത്ഥ്യം. പൊതുവേദികളിലെത്താൻ തുടക്കത്തിൽ ആൾക്ഷാമം ഉണ്ടെന്നുളള​ തിരച്ചറിവ് അവരെ പുതിയ തന്ത്രങ്ങളിലേയ്ക്ക് നയിച്ചു.  പൊതുവേദികളിലെ പ്രചാരണത്തിന് പകരം ട്രെയിനും ബസ്സുമെല്ലാം അവർ പ്രചാരണ തന്ത്രത്തിന്‍റെ വഴിയൊരുക്കുന്നതിന് വിനിയോഗിച്ചു. യാത്രക്കാരുമായി ചങ്ങാത്തം സൃഷ്ടിക്കുകയും പിന്നീട് അവരിലേയ്ക്ക് വാട്ട്സാപ്പ് ഉൾപ്പടെയുളള ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണത്തിലേർപ്പെട്ടു. സർക്കാർ വിരുദ്ധ മനസ്സുളളവരെ അവർ ഓൺലൈൻ ബന്ധങ്ങളിലൂടെ ഏകോപിപ്പിച്ചു.  അത് അവർക്ക് പുതിയൊരു അടിത്തറ ഉണ്ടാക്കി. കോൺഗ്രസിന് സിപിഎമ്മിനോടുളള ആനൂകൂല്യം ബി ജെപിയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നതിൽ സർക്കാർ വിരുദ്ധ മനസ്സുളളവർക്ക് മടിയുണ്ടായില്ല. ആദ്യം അവർ യാത്രകളിലൂടെ സൃഷ്ടിച്ചത് ഒന്നരലക്ഷം അംഗങ്ങളെയാണ് എന്നാണ് അവകാശപ്പെടുന്നത്. പിന്നീട് അത് നാല് ലക്ഷമാക്കിയെന്നും അവർ പറയുന്നു.  ഈ തിരഞ്ഞെടുപ്പ് ഫലം അത് ശരിവെയ്ക്കുന്നതുമാണ്.

എന്നാൽ​ ത്രിപുരയിൽ ബി ജെപിയിലേയ്ക്ക വന്നവരെ സംബന്ധിച്ചടത്തോളം അതിന് ബി ജെ പി രാഷ്ട്രീയത്തോട് അടുപ്പമോ അയിത്തമോ അല്ല ഉളളത്. ഇങ്ങനെ ത്രിപുരയിൽ  രൂപപ്പെട്ട ബിജെപിയിലുളളവർ, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടവർ അല്ല വെറും ആൾക്കൂട്ടം മാത്രം ആണ് എന്ന വസ്തുത കൂടി ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഇടതുപക്ഷ സർക്കാരിനെതിരെ കോൺഗ്രസ് അതിന്റെ സാധ്യതകൾ പരിശോധിക്കാതിരുന്നതാണ് ഈ ആൾക്കൂട്ട ഒഴുക്കിന് വഴിയൊരുക്കിയത്.

എന്നാൽ കേരളത്തെ സംബന്ധിച്ച രാഷ്ട്രീയ  അവസ്ഥ അതുപോലെയല്ല. .ഇവിടുത്തെ സാമൂഹിക ഘടകങ്ങൾ വേറെയാണ്. ബംഗാളിലും ത്രിപുരയിലും എടുക്കുന്ന സമീപനം എടുക്കാൻ ഇവിടെ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന്  സാധിക്കില്ല. മാറി മാറി വരുന്ന ഭരണവും മറ്റ് രാഷ്ട്രീയ സഖ്യങ്ങളുമൊക്കെ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുളളതിൽ നിന്നും വ്യത്യസ്തമാണ്.

കോൺഗ്രസിന്റെ അധികാരകുത്തക തകർന്നപ്പോൾ ഒപ്പം പല മതേതര വിഭാഗങ്ങൾക്കും നഷ്ടമായതിന്റെ തുടർച്ചയാണ്  സി പി എമ്മിനും സംഭവിച്ചത് അതാണ്. ഈ​ രാഷ്ട്രീയ കാലാവസ്ഥയിലെ പാളിച്ചകൾ തിരുത്താൻ  ഇടതുപക്ഷത്തിന് സാധിച്ചില്ല എന്നതാണ് ഈ​ തോൽവിയിലെ രണ്ടാമത്തെ ഘടകം. അത് സി പി എമ്മിന്റെ സംഘടനാപരമായ പരാജയം കൂടിയായി വേണം വിലയിരുത്താൻ.

Congress, CPM, Co-operation, CPM CC, Sitaram Yechuri, Prakash Karatt, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സിപിഎം കേന്ദ്ര കമ്മിറ്റി

സിപി എമ്മിന്റെ രൂപീകരണത്തിന് ശേഷം ഇത്രയും ദുർബലമായ കേന്ദ്ര നേതൃത്വം ഉണ്ടായിട്ടില്ല. പേരിന് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ഉണ്ടെന്നല്ലാതെ  അവ ചട്ടപ്പടിക്കപ്പുറം പ്രവർത്തനക്ഷമമല്ല എന്നതാണ്. മുൻകാലങ്ങളിൽ  സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചുളള മോണിറ്ററിങ് എന്നൊന്ന് ആ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നു. അതാണ്  അവരെ ഓരോ സ്ഥലത്തും അതിജീവനത്തിന് സഹായിച്ചിരുന്നത്. ബംഗാളിൽ ജനങ്ങൾ അകന്നു പോകുന്നു എന്ന് തോന്നിയപ്പോൾ,  ജ്യോതി ബസു സ്ഥാനമൊഴിയാൻ ആഗ്രഹിച്ചപ്പോൾ,​അദ്ദേഹം മാറുന്നതാണ് നല്ലതെന്ന് തീരുമാനമെടുക്കാൻ കേന്ദ്രനേതൃത്വത്തിന് കാത്തിരിക്കേണ്ടി വന്നില്ല. അന്ന് പകരം  ബുദ്ധദേബിനെ കൊണ്ടുവന്നത് കേന്ദ്ര നേതൃത്വത്തിന്റെ കരുത്ത് കൊണ്ട് സാധിച്ച ഒന്നാണ്.

ഇതുപോലെ സമീപഭൂതകാലത്തെ മറ്റൊരുനുഭവമാണ് കേരളത്തിൽ 2006 ലെ തിരഞ്ഞെടുപ്പിൽ വി എസ്സിനെ മത്സരിപ്പിക്കണ്ട  എന്ന സംസ്ഥാന ഘടകത്തിന്റെ തീരുമാനം മാറ്റിക്കാൻ തക്കവിധം സി പി എം  പൊളിറ്റ് ബ്യൂറോ ശക്തമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഇടപെടാനും സാധിച്ചു. ഇല്ലെങ്കിൽ അന്ന് കേരളത്തിൽ എൽ ഡി എഫ് അധികാരത്തിലെത്തില്ലായിരുന്നു. എന്നാൽ അതേ സമയത്ത് തന്നെയാണ് കേന്ദ്ര നേതൃത്വം ദുർബലമാകാൻ തുടങ്ങിയതും. ത്രിപുരയിൽ ദശരഥ് ദേബ് കാലം മുതൽ കേന്ദ്ര നേതൃത്വം ഇടപെടുമായിരുന്നു. അങ്ങനെ സംസ്ഥാനങ്ങളുടെ വിഷയത്തിൽ കേന്ദ്രനേതൃത്വം ഇടപെടുന്ന സമീപനം ഇന്ന് ആ സംവിധാനം ഡൽഹിയിൽ ഇല്ല. പ്രാദേശിക നേതൃത്വങ്ങൾ പറയുന്നതിനനുസരിച്ച് തീരുമാനം എടുത്തുകൊടുക്കുന്ന ഒന്നായി കേന്ദ്ര നേതൃത്വം മാറി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ 28 സീറ്റുകളിൽ രണ്ടായിരത്തിൽ താഴെ വോട്ടുകൾക്കാണ് സി പി എം ജയിച്ചത് . അത് പരിശോധിക്കേണ്ടത് കേന്ദ്ര നേതൃത്വം ആയിരുന്നു. എന്നാൽ അവർ ശത്രുവിനെ ലാഘവബുദ്ധിയോടെ കണ്ടു.  അവിടെ എല്ലാം സുരക്ഷിതമാണെന്ന് മനക്കോട്ടയിൽ ചുവപ്പ് കോട്ട കെട്ടി. കണ്ണൂരിൽ നടക്കുന്ന പോലെയുളള അക്രമ സംഭവങ്ങൾ, കൊലപാതകങ്ങൾ എന്നിവ ത്രിപുരയിലും നടന്നു. ബി ജെപി യുടെ പ്രചാരകിനെ കൊലപ്പെടുത്തിയപ്പോൾ ബി ജെ പി ആദ്യമായി അവിടെ 60 മണ്ഡലങ്ങളില്‍ വൻ പൊതുയോഗം നടത്തി. അവർക്ക് പൊതുജനമധ്യത്തിലേയ്ക്കുളള വഴി സി പി എം തുറന്നു കൊടുത്തു. പാർട്ടിയും സർക്കാരും  താളം തെറ്റുകയാണെന്ന് കണ്ടറിയാൻ  കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല. ഈ​സമയത്ത് സുർജിത്ത്  ജനറൽ​സെക്രട്ടറിയായിരുന്ന കാലത്ത് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും  സംസ്ഥാന വിഷയങ്ങളിൽ ഇടപെടുമായിരന്നു എന്നത് കൂടെ ഓർക്കണം. ഇന്ന് സി പി എം എന്ന പാർട്ടി ഫെഡറലിസത്തിന് വഴങ്ങുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നത് അതിന്റെ പിന്നോട്ടടികൾക്ക് കാരണമായി മാറിയിട്ടുണ്ട് എന്നതും വസ്തുതയാണ്.

ത്രിപുരയിലെ തിരഞ്ഞെടുപ്പിൽ ബംഗാൾ നേതാക്കൾ പോലും സജീവമായി ഇടപെട്ടില്ലെന്നതാണ് വസ്തുത. അവർ ഇടപെട്ടിരുന്നുവെങ്കിൽ കാര്യങ്ങൾ​ കുറേക്കൂടി അനുകൂലമാക്കാമായിരുന്നു. ത്രിപുരയ്ക്ക് പുറത്ത് കേരളത്തിലാണ് സിപി എമ്മിന് ഭരണമുളളത് ഇവിടുത്തെ മുഖ്യമന്ത്രിയെ ത്രിപുരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുപോകാൻ പോലും കേന്ദ്രനേതൃത്വം ശ്രമിച്ചില്ല.

manik sarkar and modi

മണിക് സർക്കാർ കിട്ടുന്ന പൈസ പാർട്ടിക്ക് കൊടുക്കുന്നു,​അദ്ദേഹം പട്ടിണി കിടക്കുന്നു. പൊരി മാത്രം കഴിക്കുന്നു  എന്നൊക്കെ    സി പി എം ക്യാംപെയിൻ നടത്തുമ്പോൾ, ഞാൻ നിങ്ങൾക്ക് ഇന്റർനെറ്റിന്റെ സ്പീഡ് വർധിപ്പിച്ചു തരാം തുടങ്ങി പുതിയ ലോകവുമായി കണക്ട് ചെയ്യുന്ന കാര്യങ്ങളാണ് മോദി പുതിയതലമുറയിലെ വോട്ടർമാരോട് പറഞ്ഞത്. പുതിയ തലമുറയെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ പോയതാണ് സിപി എമ്മിന് തിരിച്ചടി കിട്ടിയ മറ്റൊരുകാര്യം. പുതിയ തലമുറയ്ക്ക്  പുറം ലോകത്തെ കുറിച്ച് ഇന്ന് അറിവുകൾ പലവഴിക്ക് ലഭിക്കുന്നുണ്ട്. അത് മനസ്സിലാക്കാനോ ആ​ വോട്ടർമാരുടെ മനസ്സറിയാനോ സി പി എമ്മിന് സാധിച്ചില്ല. ഇതിന് പുറമെ അധ്യാപക നിയമനങ്ങൾ കോടതി റദ്ദാക്കിയത്, ശമ്പള പരിഷ്ക്കരണം നടപ്പാക്കത്തത് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ വേറെയും ഉണ്ടായിരുന്നു. അതിനൊന്നും പട്ടിണിയും സൈക്കിൾ യാത്രയുമൊന്നും ബദൽ പ്രചരണമല്ലെന്ന് സിപി എം തിരിച്ചറിഞ്ഞില്ല. ശത്രു അകത്ത കടന്നത് അറിയാൻ പോലും പറ്റാത്തത്ര ദരിദ്രമായിരിക്കുന്നു സിപിഎമ്മിന്റെ സംഘടനാ സംവിധാനം എന്നു കൂടി ഇതോർമ്മപ്പിക്കുന്നു.    ചുരുക്കി പറഞ്ഞാൽ കേന്ദ്ര നേതൃത്വത്തിന്റ​ ശക്തിയും കാഴ്ചപ്പാടും  ഇല്ലായ്മയുടെ ആദ്യ ഇര ബംഗാളായിരുന്നു, രണ്ടാമത്തെ ഇര ത്രിപുര.

കോൺഗ്രസ് വേണ്ട എന്നുപറയുന്നവർ തന്നെ കോൺഗ്രസുകാർ വോട്ട് ചെയ്യാത്തതുകൊണ്ടാണ് തോറ്റതെന്ന് പറയുന്ന പ്രചാരണം യുക്തിയില്ലാത്തതാണ്.  കോൺഗ്രസുകാർ വോട്ട് ചെയ്യാമെന്നാണ് ഉറപ്പ് കൊടുത്തിട്ടില്ലല്ലോ. തിരഞ്ഞെടുപ്പ് ഫലത്തെ യാഥാർത്ഥ്യബോധത്തോടെ കാണാതെ ഇത്തരം യുക്തിരഹിത പ്രചാരണങ്ങൾ താൽക്കാലിക ആശ്വാസം പോലും നൽകുമെന്ന് തോന്നുന്നില്ല. ത്രിപുരയിലെ ബി ജെപിയുടെ വിജയം കേരളത്തിൽ ചെങ്ങന്നൂരടക്കം ഇത് പ്രതിഫലിക്കാം. കാരണം ത്രിപുരയിയിലെ വിജയം സി പി എമ്മിനെ വീഴ്ത്താൻ പറ്റുമെന്ന വിശ്വാസം ബി ജെപി ക്ക് നൽകിയിട്ടുണ്ട് എന്നതാണ്.

കേരളത്തിൽ  ഇത്തരത്തിൽ​ ഒരു മാറ്റം ഉണ്ടാകുമോ എന്ന്  പറയാൻ കഴിയില്ല. കാരണം കേരളത്തിൽ ത്രിപുരയുടെയും ബംഗാളിന്റെയും അനുഭവമല്ല. അവസ്ഥയുമല്ല പക്ഷേ, ജനങ്ങളുടെ അസംതൃപ്തി വളരെ വേഗത്തിലാണ് വർധിക്കുന്നത്. കേരളത്തിലെ ഈ​ മന്ത്രിസഭയെകുറിച്ച് സ്വയംവിലയിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമോ? അതിന്റെ പാളിച്ചകളെ രാഷ്ട്രീയമായി നേട്ടമാക്കാൻ യു ഡി എഫിന് സാധിക്കുമോ എന്നീ വിഷയങ്ങളും ഉണ്ട്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Facts behind tripura election results cpm bjp congress g sakthidharan

Next Story
ചുംബന സമരവും മുലയൂട്ടലും: ശരീരാവകാശത്തിന്‍റെ രാഷ്ട്രീയ പാഠങ്ങൾk.venu, womens day
The moderation of comments is automated and not cleared manually by malayalam.indianexpress.com