2021 ഓഗസ്റ്റ് ഒന്‍പതിനാണു സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഞാൻ ജോലിയില്‍ പ്രവേശിച്ചത്. പിഎച്ച്ഡി പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി ഏകദേശം ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ഇംഗ്ലീഷില്‍ ബിരുദമെടുത്തത് കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നുമായിരുന്നു. മധ്യകാല, ആദ്യകാല ആധുനിക സാഹിത്യവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന്റെ ഫെലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 2015 ൽ ഞാന്‍ ഇന്ത്യ വിട്ടു. 2020 ല്‍ കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നു പിഎച്ച്ഡി പൂര്‍ത്തിയാക്കിയതും ഇന്ത്യയിലേക്ക് മടങ്ങിയതും.
തിരിച്ചുവന്ന ശേഷമുള്ള മാസങ്ങളിലെ അതിജീവനം കഠിനമായിരുന്നു. ആളുകള്‍ രോഗബാധിതരാകുന്നു, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നു… അങ്ങനെ ഓരോന്നും. മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ വിസിറ്റിങ് ലക്ചററായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാന്‍ എനിക്കായി. എന്റെ കഴിവുകള്‍ പരമാവധി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ജോലിയായിരുന്നില്ല അത്. പക്ഷെ തൊഴില്‍ പരിചയം നേടുന്നതിനായി അത്തരമൊരു ജോലി എനിക്ക് അനിവാര്യമായിരുന്നു.
2021 മേയിൽ ഹൈദരാബാദിലെ ഒരു സര്‍വകലാശാലയില്‍നിന്ന് എനിക്ക് ജോലി വാഗ്ദാനം ലഭിച്ചു. അത് മുഴുവന്‍ സമയ ജോലിയായിരുന്നതിനാൽ സ്ഥലം മാറ്റം അനിവാര്യമായിരുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിതീവ്രമായി വ്യാപിക്കുന്ന സമയമായിരുന്നു. അതോടൊപ്പം എന്റെ പിതാവ് ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നതിനാല്‍ ജോലി സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല.
ഈ സമയത്തായിരുന്നു സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ടെന്ന പരസ്യം കാണുന്നത്. ജൂണ്‍ അവസാനത്തോടെയാണ് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചത്. കുറച്ചു നാളുകള്‍ക്കു ശേഷം അഭിമുഖം നടന്നു. മൂന്ന് ദിവസത്തിനു ശേഷം ജോലി ലഭിച്ചതായി എനിക്ക് ഔദ്യോഗിക അറിയിപ്പും ലഭിച്ചു.
ജോലി സ്വീകരിക്കാന്‍ എനിക്ക് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. പ്രത്യേകിച്ചും കൊല്‍ക്കത്തയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നതിനാൽ. മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം കൂടുതല്‍ എളുപ്പകരമാക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ഈ അവസരം. ഹൈദരബാദിലെ സ്വകാര്യ സര്‍വകലാശാലയിലേക്കാള്‍ അധിക ശമ്പളവുമുണ്ടായി.
ഓഗസ്റ്റിൽ ജോലിയില്‍ പ്രവേശിച്ച ഞാൻ മുഴുവൻ സമയ അധ്യാപനത്തിന്റെ ബുദ്ധിമുട്ടുകളുമായി അതിവേഗം തന്നെ പൊരുത്തപ്പെട്ടു. പഠിപ്പിക്കാൻ ലഭിച്ചത് ഇഷ്ടമുള്ളതും എന്റെ ഗവേഷണ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നതിനാല്‍ സന്തോഷിച്ചു. വിദ്യാർത്ഥികളില്‍ നിന്നും ആത്മാര്‍ത്ഥമായ സമീപനമായിരുന്നു ഉണ്ടായത്.
പക്ഷെ ആ യാത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ക്രൂരമായുള്ള ആ പിരിച്ചുവിടല്‍ ഒരു പേടിസ്വപ്നം പോലെ ഇന്നും നിലനില്‍ക്കുന്നു.
ഒക്‌ടോബർ ഏഴിന് വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന ഫോൺ മുഖേനയാണ് എന്നെ സർവകലാശാലയിലേക്കു വിളിപ്പിച്ചത്. കൂടിക്കാഴ്ച എന്തിനെക്കുറിച്ചാണെന്നത് സംബന്ധിച്ച് ഒരു വിവരവും എനിക്ക് നല്‍കിയിരുന്നില്ല. പക്ഷെ അവിടെ നടന്നത് ഒരു വിചാരണയായിരുന്നു. എന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പിതാവ് സർവകലാശാലയിലേക്ക് അയച്ച പരാതിയാണ് ഇതിന്റെ അടിസ്ഥാനമെന്നാണ് അവര്‍ അവകാശപ്പെട്ടത്. എന്റെ ചിത്രങ്ങള്‍ക്ക് ലൈംഗികതയെ പ്രകോപിപ്പിക്കുന്ന സ്വഭാവമുണ്ടെന്നു പരാതിയില്‍ ആരോപിക്കപ്പെടുന്നു. എന്റെ ശരീരത്തിനു മേലുള്ള എന്റെ അവകാശത്തെ അപകീര്‍ത്തിപ്പെടുത്തുകയും എന്റെ വ്യക്തിത്വത്തെ കേവലം ലൈംഗിക പാത്രമാക്കി ചുരുക്കുകയും ചെയ്തു.
കുറച്ച് ആളുകള്‍ക്കു വേണ്ടി മാത്രമായി പങ്കിട്ട ചിത്രങ്ങളുടെ പേരില്‍ സാദചാര വിചാരണയ്ക്ക് വിധേയമാവുക മാത്രമല്ല, ജോലിയില്‍നിന്ന് രാജിവയ്ക്കാനും ഞാന്‍ നിര്‍ബന്ധിതയായി. മാനസികമായി എന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്നത് വേദനാജനകമായ ഒന്നാണ്.
ലജ്ജ, ഭയം, വെറുപ്പ്… അങ്ങനെ എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എനിക്ക് അനുഭവപ്പെട്ടു. ഈ സംഭവത്തിനു ശേഷം, ദിവസങ്ങളോളം ശരിയായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. രാത്രികള്‍ ഭയാനകമായിരുന്നു. സമ്മർദ്ദം വളരെ അസഹനീയമായിരുന്നു. അത് എന്റെ പ്രതിരോധശേഷിയെ തന്നെ ഇല്ലാതാക്കി. എനിക്ക് രണ്ടാമതും കോവിഡ് ബാധിച്ചു. എന്റെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. പ്രത്യേകിച്ച്, പിതാവിന്റെ. 2022 ല്‍ കോവിഡ് ബാധിച്ച അദ്ദേഹം 21 ദിവസം ആശുപത്രിയില്‍ തുടര്‍ന്നു. അദ്ദേഹത്തിനു ഹൃദയാഘാതം വരെ സംഭവിച്ചു.
ഞാൻ ഈ കാര്യങ്ങൾ എഴുതുന്നത് സഹതാപം നേടുന്നതിനല്ല. അധികാര സ്ഥാനത്തുള്ളവര്‍ കൈക്കൊള്ളുന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ മായ്ക്കാനാകാത്ത മുറിവുകള്‍ അവശേഷിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനാണ്.
എന്നെ പുറത്താക്കുന്നത് വരെ കാത്തിരിക്കാത്തത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ച എല്ലാവരോടുമായി, എന്റെ സ്ഥാനത്തെങ്കില്‍ നിങ്ങള്‍ക്ക് തുടരാന്‍ സാധിക്കുമോ? ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ സദാചാര കോടതിയാകുന്ന, പരസ്യമായി പോലും ഭീഷണി മുഴക്കുന്ന, പിന്തുണയ്ക്കായി സഹപ്രവര്‍ത്തകര്‍ പോലും വരാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുമോ? വിദേശത്ത് നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി കഷ്ടതകള്‍ക്കൊടുവില്‍ നേടിയ ജോലി ഉപേക്ഷിക്കുന്നത് എനിക്ക് എളുപ്പമാണെന്ന് തോന്നുന്നുണ്ടോ? ജോലി നഷ്ടമായതിന്റെ അനന്തരഫലമായി എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടായി. പിതാവിന്റ ആശുപത്രിച്ചിലവടക്കം നിരവധി കാര്യങ്ങള്‍ സാമ്പത്തികമായ തകര്‍ച്ചയിലേക്ക് നയിച്ചു.
കഴിഞ്ഞ പത്ത് മാസമായി ജീവിതം പേടിസ്വപ്നം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍ ഒരു കാര്യം മാത്രം മാറ്റമില്ലാതെ തുടരുന്നു, നീതി തേടാനുള്ള അണയാത്ത ആഗ്രഹം. ഈ കഷ്ടപ്പാടിന്റെ ഒരു ഘട്ടത്തിലും ഞാൻ എന്നെയും എന്റെ സത്യത്തെയും ചോദ്യം ചെയ്തിട്ടില്ല. ഒരു ഇന്ത്യൻ പൗരയെന്ന നിലയിലും പ്രായപൂർത്തിയായ ഒരാളെന്ന നിലയിലും എന്നിൽ നിന്ന് പറിച്ചെടുക്കാന്‍ കഴിയാത്ത ചില അവകാശങ്ങളുണ്ട്. എനിക്ക് ആവശ്യമുള്ളത് ധരിക്കാനുള്ള അവകാശവും അത് ദൃശ്യപരമായി രേഖപ്പെടുത്താനും ലോകവുമായി പങ്കിടാനുമുള്ള അവകാശം, അത് എന്റെ ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
എന്നിരുന്നാലും എന്റെ വിദൂരമായ സ്വപ്നങ്ങളില്‍ പോലും ഈ കഥയ്ക്ക് ഇത്രത്തോളം മാധ്യമ ശ്രദ്ധ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ പിന്തുണ ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്റെ പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരുന്നു. എന്റെ അവകാശം, എന്റെ അന്തസ് എന്നിവ വീണ്ടെടുക്കാനാണ് ഞാൻ ഈ പോരാട്ടം നടത്തുന്നത്. ഞാൻ ഏത് വസ്ത്രമാണ് ധരിക്കുന്നത് എന്നതിനേക്കാൾ എന്റെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് വേണ്ടി സംസാരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.
നീന്തല്‍വസ്ത്രം ധരിച്ചുവെന്നത് സംഭവത്തിന്റെ ആഖ്യാനത്തെ തന്നെ മാറ്റി. ഞാന്‍ നീന്തല്‍വസ്ത്രമാണോ സാരിയാണോ ധരിച്ചത് എന്നത് പ്രശ്നമല്ല. വസ്ത്രങ്ങള്‍ക്ക് സാദാചാര മുദ്ര കുത്തേണ്ടതില്ല. എന്റെ ശാരീരികവും സ്ത്രീപക്ഷവുമായ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാനും എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കില്ലെന്ന് ഉറപ്പാക്കാനുമായി ഞാൻ പോരാടുകയാണ്. ഒരു മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കാലം ജാഗ്രത ആവശ്യമാണെന്നതിനുള്ള ഉദാഹരണമാക്കി എന്റെ കഥയേയും മാറ്റിയേക്കും.
ദേശീയ തലസ്ഥാന മേഖലയിലെ ഒരു സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക. അവരുടെ അഭ്യര്‍ത്ഥന പ്രകാരമാണു പേര് പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കുന്നത്.