കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി അന്തര്‍സംസ്ഥാന കുടിയേറ്റക്കാരില്‍ രാജ്യത്തിന്റെ ശ്രദ്ധയെത്തിച്ചിരിക്കുകയാണ്. വൈവിധ്യവും സങ്കീര്‍ണവുമായ ഈ വിഭാഗത്തിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി സംസ്ഥാന അതിര്‍ത്തികള്‍ കടന്നത്. ഈ പ്രതിസന്ധി പ്രതിഫലിപ്പിക്കുന്നത് അവരുടെ അസ്ഥിരമായ സാമൂഹിക-സാമ്പത്തിക അവസ്ഥയെയാണ്.
ചരിത്രപരമായി, ഈ വിടവ് നികത്താന്‍ സര്‍ക്കാരുകള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആ രൂപരേഖയുടെ ഒരു പ്രധാന ഭാഗം ക്ഷേമാനുകൂല്യങ്ങള്‍ ഏതു സ്ഥലത്തും ലഭ്യമാകണമെന്ന ആശയമാണ്. അതായത്, രാജ്യത്ത് എവിടെയായിരുന്നാലും ഒരു പൗരന് ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയണം. ഭക്ഷ്യ റേഷന്റെ കാര്യത്തില്‍, യുപിഎ സര്‍ക്കാരിനു കീഴില്‍ 2011 ല്‍ നന്ദന് നിലേകനിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഈ ആശയം ആദ്യമായി അവതരിപ്പിച്ചു. നിലവിലെ എന്‍ഡിഎ സര്‍ക്കാര്‍ ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ (ഒഎന്-ഒആര്‍സി) പദ്ധതി ജൂണോടെ നടപ്പാക്കാന്‍ തയ്യാറെടുത്തു. ഇതിന്റെ ഭാഗമായി 12 സംസ്ഥാനങ്ങളില്‍ പൈലറ്റ് പദ്ധതി ആരംഭിച്ചു. പദ്ധതി തുടക്കത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ മികച്ച മുന്നേറ്റം കാണിച്ചപ്പോള്‍, അന്തര്‍ സംസ്ഥാന കാര്യത്തില്‍ പിന്നിലായി. പദ്ധതി നടപ്പാക്കാന്‍ 2021 മാര്‍ച്ച് എന്ന അന്തിമ സമയപരിധി പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി ഇപ്പോള്‍.
പദ്ധതി സുഗമമായി നടപ്പാക്കാനാവുമെന്ന് ഉറപ്പിക്കാന്‍ ഇതു വരെയുള്ള വെല്ലുവിളികള്‍ അവലോകനം ചെയ്യുന്നത് സഹായിക്കും എന്തൊക്കെ പ്രശ്നങ്ങളാണു പദ്ധതിക്കു വെല്ലുവിളിയാകുകയെന്നു നമുക്ക് പരിശോധിക്കാം.
ആദ്യം, സാമ്പത്തികപരമായ പ്രത്യാഘാതങ്ങള്‍: സാമ്പത്തിക ഭാരം സംസ്ഥാനങ്ങള്‍ക്കിടയില്‍ എങ്ങനെ പങ്കിടുന്നുവെന്നത് പദ്ധതിയെ ബാധിക്കും.
രണ്ടാമതായി, ഫെഡറലിസത്തിന്റെയും അന്തര്‍സംസ്ഥാന ഏകോപനത്തിന്റെയും വലിയ പ്രശ്നങ്ങള്‍: ‘ഒരു വലുപ്പം എല്ലാവര്ക്കും പാകമാണ്’ എന്ന ഭരണരീതി പല സംസ്ഥാനങ്ങള്‍ക്കും സാധ്യമല്ല. ഉയര്‍ന്ന സബ്സിഡികള്‍, ഉയര്‍ന്ന അവകാശ പരിധി, അധിക ഇനങ്ങളുടെ വിതരണം എന്നിവയിലൂടെ പൊതുവിതരണ സംവിധാനത്തെ അവര്‍ സാമ്പ്രദായികമാക്കിയതാണ് കാരണം.
മൂന്നാമതായി സാങ്കേതിക വശം: 75 കോടി ഗുണഭോക്താക്കളെയും 5.33 ലക്ഷം റേഷന്‍ ഷോപ്പുകളെയും 5.4 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളും ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കുന്ന സങ്കീര്‍ണമായ സാങ്കേതിക പിന്തുണ ഒഎന്-ഒആര്‍സിക്ക് ആവശ്യമാണ്.
ഈ തടസങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതായി തോന്നാം. എന്നാല്‍,’ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന രീതിയില്‍ പ്രചരിപ്പിച്ച ജിഎസ്ടി അവതരിപ്പിച്ച സമയത്ത് രാജ്യം സമാനമായ സങ്കീര്‍ണ സാഹചര്യത്തെ നേരിട്ടിട്ടുണ്ട്.
ഒഎന്-ഒആര്‍സി പോലെ, സാമ്പത്തികപരമായ ആശങ്കകള്‍ ജിഎസ്ടിയെ തുടക്കം മുതല്‍ ബാധിച്ചിരുന്നു. യുപി, ബിഹാര്‍ തുടങ്ങിയ ഉപഭോക്തൃസംസ്ഥാനങ്ങളിലേക്ക് നികുതി വരുമാനം നഷ്ടപ്പെടുമെന്ന ആശങ്ക തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ കയറ്റുമതി സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നു. ഒടുവില്‍, നഷ്ടപ്പെടുന്ന നികുതി വരുമാനത്തിന് ആദ്യ അഞ്ച് വര്‍ഷത്തേക്കു കേന്ദ്രത്തിന് ഉറപ്പായ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു.
സമാനമായ ഉറപ്പ് കുടിയേറ്റത്തൊഴിലാളികള്‍ ധാരാളമുള്ള (‘നെറ്റ് ഇന്‍ബൗണ്ട് മൈഗ്രേഷന്‍’) സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം എന്നിവയ്ക്ക് ഒഎന്-ഒആര്‍സി കാര്യത്തില്‍ നല്കാന് കേന്ദ്രത്തിനു കഴിയും. കുടിയേറ്റക്കാരുടെ കാര്യത്തിലുള്ള അധികച്ചെലവ് അഞ്ച് വര്‍ഷത്തേക്ക് ഈ പരിധിയില്‍ വരും.
അന്തര്‍സംസ്ഥാന ഏകോപനം സംബന്ധിച്ച വിശാലമായ പ്രശ്നങ്ങള്‍ ജിഎസ്ടിയും സമാനമായി നേരിട്ടു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലിനു കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തത് സഹകരണ ഫെഡറലിസത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. സമാനമായ ദേശീയ കൗണ്‍സില്‍ ഒഎന്-ഒആര്‍സിയുടെ കാര്യത്തില്‍ സര്‍ക്കാരിനു സ്വീകരിക്കാം. ഫലപ്രദമാകാന്‍, ഈ കൗണ്‍സില്‍ പതിവായി യോഗം ചേരുകയും നിര്‍ദിഷ്ട തീരുമാനമെടുക്കാനുള്ള അധികാരമുണ്ടായിരിക്കുകയും വേണം. സമവായ നിര്‍മാണത്തെ അടിസ്ഥാനമാക്കി പ്രശ്നപരിഹാര രീതിയില്‍ പ്രവര്‍ത്തിക്കുകയും വേണം.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിഎസ്ടി ശൃംഖല (ജിഎസ്ടിഎന്‍) എന്ന നൂതന സാങ്കേതികതയാണ് ജിഎസ്ടിയുടെ ശക്തി. സമാനമായ സംവിധാനം ഒഎന്-ഒആര്സിക്കും ആവശ്യമാണ്. റേഷന്റെ നീക്കം വിലയിരുത്തല്‍, ഗുണഭോക്താക്കളുടെ റജിസ്ട്രേഷന്, റേഷന്‍ കാര്‍ഡുകള്‍ നല്കല്, പരാതികള്‍ കൈകാര്യം ചെയ്യല്‍, വിശകലനം എന്നിവയ്ക്കകായി പിഡിഎസ് നെറ്റ്വര്‍ക്ക് (പിഡിഎസ്എന്) സ്ഥാപിക്കാന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ശിപാര്‍ശ ചെയ്തിരുന്നു. ഭക്ഷ്യ റേഷനെന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ നിര്‍ണായക ജീവിതമാര്‍ഗമായതിനാല്‍, അത്തരമൊരു പ്ലാറ്റ്ഫോം ഉള്‍ക്കൊള്ളല്‍, സ്വകാര്യത, സുരക്ഷ, സുതാര്യത, ഉത്തരവാദിത്തം തുടങ്ങിയ തത്വങ്ങള്‍ സംയോജിക്കുന്നതാവണം. ഐഎം-പിഡിഎസ് പോര്‍ട്ടല്‍ മികച്ച ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് ആണ്.
അതേ സമയം, ജിഎസ്ടി നടപ്പാക്കലിന്റെ പോരായ്മകളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും നാം പഠിക്കണം. ഉദാഹരണത്തിന്, ജിഎസ്ടി റീഫണ്ടുകളുടെ കാലതാമസം പണമൊഴുക്ക് പ്രശ്നങ്ങളിലേക്കു നയിച്ചു. ഭക്ഷണ റേഷന്‍ സ്വീകരിക്കുന്നതിനു സമാനമായ കാലതാമസമുണ്ടായാല്‍ ദുരന്തമായിരിക്കും ഫലം. അതിനാല്‍, 15 സംസ്ഥാനങ്ങള്‍ സ്വീകരിച്ച പൊതുസേവന നിയമം, ദ്രുതഗതിയിലുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ പോലുള്ള സമയബന്ധിതമായ പ്രക്രിയകള്‍ എന്‍-ഒആര്‍സിയുടെ കാര്യത്തില്‍ സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും അവ പാലിക്കുകയും വേണം.
ജിഎസ്ടിയുടെ കാര്യത്തില്‍ സമ്മര്‍ദത്തിനു വഴങ്ങുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച്, പ്രത്യേകിച്ച് ഒറ്റ രാത്രി കൊണ്ട് ഡിജിറ്റൈസ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച്, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഒഎന്-ഒആര്സിയിയിലും സമാനമായ വെല്ലുവിളികള്‍ ഉണ്ടാകാം. പിഡിഎസ് വിതരണക്കാരെ സംവിധാനത്തിനുള്ളില്‍ കൊണ്ടു വരേണ്ടതുണ്ട്, മാത്രമല്ല മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമെന്ന് കരുതരുത്. ആദ്യം സംവിധാനം വഴക്കമുള്ളതായി സൂക്ഷിക്കുക, സ്വയം ആധികാരികമാക്കാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ നല്‍കുക, ഹെല്പ്പ്ലൈന് വ്യാപകമായി പ്രസിദ്ധീകരിക്കുക എന്നിവയിലൂടെ അനിവാര്യമായ പ്രശ്നങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ട്.
നന്നായി ചെയ്താല്‍, എല്‍പിജി സബ്സിഡി, സാമൂഹ്യ പെന്‍ഷനുകള്‍ എന്നിവ പോലുള്ള മറ്റു ക്ഷേമപദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന, ദേശീയവും പോര്‍ട്ടബിള്‍ ആനുകൂല്യങ്ങളുടേതുമായ ഒരു വ്യവസ്ഥയ്ക്ക് അടിത്തറയിടാന്‍ ഒഎന്-ഒആര്‍സിക്കു കഴിയും. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കുടിയേറ്റക്കാര്‍ക്കു വിശ്വസനീയമായ ഒരു സാമൂഹിക പരിരക്ഷണ പിന്തുണ നല്‍കാനുള്ള അവസരമാണിത്.
ലേഖകര്‍ ഒമിദ്യാര്‍ നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നു