scorecardresearch
Latest News

എഴുത്തുകാരനും വായനക്കാരനും കൊമ്പുകോർക്കുന്നയിടങ്ങൾ

എഴുത്തുകാരും വായനക്കാരും തമ്മിൽ പരസ്പര ബന്ധമുണ്ടാവുന്നു എന്നതാണ് പ്രധാനം. എഴുത്തുകാർ എന്ന വിവക്ഷക്ക് വലിയൊരു അർത്ഥതലമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ആശയ സംവേദനം നടത്താൻ പ്രാപ്തിയുള്ള ആരും ഇതിലുൾപ്പെടും. അവരെല്ലാം സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് എന്ന തോന്നലാണ് ഇവിടെ നിന്നും ഉയരുന്നത്

എഴുത്തുകാരനും വായനക്കാരനും കൊമ്പുകോർക്കുന്നയിടങ്ങൾ

ജനുവരി, ഫെബ്രുവരി മാസങ്ങൾ സാഹിത്യോത്സവങ്ങളുടേതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ പലേടത്തും സാഹിത്യോത്സവങ്ങൾ വലിയ പ്രചാരത്തോടെ അരങ്ങേറുന്നുണ്ട്. സാഹിത്യോത്സവങ്ങൾ ഏതു നിലയിലാണ് പ്രാധാന്യമർഹിക്കുന്നത്? ഇവയിൽ കാണപ്പെടുന്ന യുവജന മുന്നേറ്റം എന്താണ് സൂചിപ്പിക്കുന്നത് ? സാഹിത്യത്തിനുമപ്പുറം അത് ഏറ്റെടുക്കുന്ന ദൗത്യം എന്തൊക്കെയാണ് ? ചില സാഹിത്യോത്സവചിത്രങ്ങളിലൂടെ ഇവയ്ക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കാം.

ജയ്പൂരിൽ നിന്നു തുടങ്ങാം.

ജയ്പൂരിലെ ഡിഗ്ഗി പാലസ് വേദിയിൽ സംവാദം ബ്രെക്സിറ്റിനെപ്പറ്റിയായിരുന്നു. ബ്രെക്സിറ്റിനു ശേഷം യൂറോപ്പുമായുള്ള ബ്രിട്ടന്റെ ബന്ധം നേരിടുന്ന പുതിയ പ്രശ്നങ്ങളെ തലനാരിഴകീറി പരിശോധിക്കുകയാണ്. റേച്ചൽ ജോൺസൺ, നികേഷ് ശുക്ള , സർ റോയ് സ്ട്രോങ്ങ് , ജെയിംസ് ക്രാബ്ട്രീ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയുടെ അവസാനം സദസ്യരുടെ ചോദ്യങ്ങൾക്കുള്ള സമയമാണ്. പലരും ചോദ്യങ്ങളുമായി എഴുന്നേറ്റു. ഇരിക്കാൻ സീറ്റ് കിട്ടാതെ വേദിയുടെ ഏറ്റവും പുറകിൽ നിന്നവരുടെ കൂട്ടത്തിൽ നിന്നും ഒരു ചോദ്യമുയർന്നു. പേര് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ചോദ്യത്തിലേക്ക് കടന്നത്. ‘ഞാൻ വെങ്കി രാമകൃഷണൻ…’ചർച്ചയിൽ ഉയർന്നു വരാത്ത ഒരു പുതിയ പ്രശ്നത്തെപ്പറ്റിയാണ് അദ്ദേഹം ചോദ്യമുയർത്തിയത്. ചോദ്യവും ഉത്തരവുമൊന്നും ഈ കുറിപ്പിന്റെ അന്വേഷണ വിഷയമല്ലാത്തതിനാൽ ഞാനവയെ ഉപേക്ഷിക്കുന്നു. നമുക്ക് ചോദ്യ കർത്താവിലേക്ക് വരാം. പേരു പറഞ്ഞെങ്കിലും അദ്ദേഹത്തിനെ എത്ര പേർ തിരിച്ചറിഞ്ഞു എന്നെനിക്കറിഞ്ഞുകൂട. തിരിച്ചറിയപ്പെടുക എന്നത് അദ്ദേഹം ആഗ്രഹിച്ച കാര്യവുമല്ല.

‘വെങ്കി രാമകൃഷ്ണൻ’ എന്നറിയപ്പെടുന്ന വെങ്കിട്ടരാമൻ രാമകൃഷ്ണൻ ആളത്ര ചില്ലറക്കാരനല്ല . ലോകത്തിലെ ഏതൊരു വേദിയുടെ മുന്നിലും നിശ്ചയമായും ഇരിപ്പിടത്തിന് അർഹതയുള്ള ഒരാൾ. തമിഴ്നാട്ടിലെ ചിദംബരത്തു ജനിച്ച് ഇന്നിപ്പോൾ ഇരട്ട പൗരത്വത്തോടെ ബ്രിട്ടണിലും അമേരിക്കയിലും ജീവിക്കുന്നു. 2009 -ൽ രസതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ സ്ട്രക്ച്ചറൽ ബയോളജിസ്റ്റാണ് . ഇപ്പോൾ ലണ്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ പ്രസിഡണ്ടു സ്ഥാനവും വഹിക്കുന്നു. അത്തരം സ്ഥാനമാനങ്ങൾക്കൊന്നും അമിത പ്രാധാന്യം നൽകാത്ത ജനകീയ ഇടങ്ങളാണ് ലോക പ്രശസ്തമായ ജയ്പൂർ സാഹിത്യോത്സവത്തിലുള്ളത്. അവിടെ നിങ്ങളോട് ചേർന്നു നിൽക്കുന്നത് നിങ്ങളോടൊപ്പം ആർത്തുവിളിക്കുന്നത് നിങ്ങളോട് വഴി ചോദിക്കുന്നത് ഒക്കെ വിവിധ മേഖലകളിൽ ലോകാദരം നേടിയ പ്രതിഭകളാവും. അതൊരു സംസ്ക്കാരമാണ്. അറിവിന്റെ സംസ്കാരം. അന്വേഷണത്തിന്റെ സംസ്കാരം. ശാസ്ത്രത്തിന് നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞനോട് നിങ്ങൾക്ക് വഴിയിൽ നിർത്തി സംശയങ്ങൾ ചോദിക്കാം. ഓട്ടോഗ്രാഫ് വാങ്ങാം. സെൽഫിയെടുക്കാം. ലോകപ്രശസ്ത ഫെമിനിസ്റ്റും ചിന്തകയുമായ ജെർമെയിൻ ഗ്രീർ നിങ്ങളോട് ചേർന്നു നിന്ന് മറ്റുള്ളവരുടെ പ്രഭാഷണം കേൾക്കുന്നുണ്ടാവും. അവർ നിങ്ങളുടെ അപ്രസക്തമായ ചോദ്യങ്ങൾക്കും കാതോർക്കും.

n e sudheer ,literature festivals
ജയ്പൂര്‍ ലിറ്റ് ഫെസ്റ്റില്‍ വെങ്കി രാമകൃഷ്ണനൊപ്പം കലിംഗ ലിറ്റററി ഫെസ്റ്റിവല്‍ സ്ഥാപകന്‍ രശ്മി പരീദ

ഭാഷയുമായി ബന്ധപ്പെട്ട ഒരു സംവാദം കഴിഞ്ഞ് വേദിയിൽ നിന്ന് പുറത്തിറങ്ങിയ എൻ.എസ്.മാധവനെ കാത്തു നിന്നത് ഒരു കൊളംബിയക്കാരനായിരുന്നു. അയാൾക്ക് അറിയേണ്ടത് പാലി ഭാഷയെക്കുറിച്ചായിരുന്നു. അതാരുടെ ഭാഷയായിരുന്നു ?ആ ഭാഷ ഇന്നാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അതിനെന്തു സംഭവിച്ചു ? എൻ.എസ്. മാധവൻ കാര്യങ്ങൾ വിശദീകരിച്ചിട്ടും അയാൾ വിട്ടില്ല. മറ്റ് സംശയങ്ങൾ ഇ-മെയിൽ വഴി ആവാമെന്നും പറഞ്ഞ് എൻ.എസ്സിന്റെ ഇ-മെയിൽ ഐഡി കൂടി വാങ്ങിയാണ് അയാൾ പിരിഞ്ഞത്.

വേദിയിലൊരിടത്ത് മനോഹരമായ തമിഴ് സംസാരം കേട്ടു . തമിഴ് എഴുത്തുകാരി സൽമ തന്റെ വാദം മുന്നോട്ടു വെക്കുകയാണ്. ശുദ്ധമായ തമിഴിൽ.  പരിഭാഷയ്ക്ക് ആളുണ്ട്. ഹിന്ദിയിലും ധാരാളം പേർ സംസാരിക്കുന്നുണ്ടായിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ ജയ്പൂരിൽ പ്രശ്നമായില്ല. ചർച്ചകൾ സാഹിത്യ വിഷയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയില്ല. ശബരിമലയും മുകേഷ് അംബാനിയും നരേന്ദ്ര മോദിയും ബ്രെക്സിറ്റുമൊക്കെ പല വേദികളിലും നിറഞ്ഞു നിന്ന വിഷയങ്ങളാണ്. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാം ചർച്ചയ്ക്കുള്ള വിഷയങ്ങളായി.

ജയ്പൂരിൽ ഇത്തവണ തണുപ്പ് കഠിനമായിരുന്നു. എന്നാൽ പ്രസിദ്ധമായ ഡിഗ്ഗി പാലസിൽ നിറഞ്ഞാടിയ ആശയങ്ങളുടെ ചൂട് അതിനെ അപ്രസകതമാക്കി എന്നു തന്നെ പറയാം. 1860-ൽ താക്കൂർ സാഹേബ് പ്രതാപ് സിങ്ങ് ജയ്പൂർ നഗരത്തിൽ കെട്ടിപ്പടുത്ത കൊട്ടാരമാണ് പതിനെട്ട് ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന ഡിഗ്ഗി പാലസ്. ഇന്നത് ലോകമെമ്പാടും അറിയപ്പെടുന്നത് ജയ്പൂർ സാഹിത്യോത്സവത്തിന്റെ പ്രശസ്തിയിലാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ ആശയോത്സവത്തിനായി ഇവിടെ എത്തുന്നത് .

n e sudheer ,literature festivals
ജയ്പൂര്‍ ലിറ്റ് ഫെസ്റ്റില്‍ ശാരദ പോള്‍, സൊനാല്‍ മാന്‍സിംഗ്, മനീഷ കൊയ്രാള, മാധവി മേനോന്‍, ജെർമെയിൻ ഗ്രീർ

തണുപ്പിനെ അവഗണിച്ചു കൊണ്ട് ആയിരക്കണക്കിന് ആസ്വാദകർ ഇത്തവണയും പാലസ് ഗ്രൗണ്ടിലെ വിവിധ വേദികളിൽ നിറഞ്ഞിരുന്നു. അതിഥികളായ എഴുത്തുകാരുടെ രചനകൾ മാത്രം വില്പനയ്ക്കു വെച്ച വിശാലമായ പുസ്തക സ്റ്റാളിൽ എല്ലാ സമയത്തും വൻ തിരക്കുണ്ടായിരുന്നു. പലപ്പോഴും ആ സ്റ്റാളിന്റെ പ്രവേശന കവാടം അടച്ചിടേണ്ടി വന്നു. അകത്തെ ജനബാഹുല്യം നിയന്ത്രിക്കാൻ വെറെ വഴിയില്ലായിരുന്നു. എഴുത്തുകാരുടെ കയ്യൊപ്പ് വാങ്ങാൻ കാത്തു നിൽക്കുന്നവരുടെ നീണ്ട ക്യൂ എഴുത്തുകാരെപ്പോലും അത്ഭുതപ്പെടുത്തി. യാൻ മാർട്ടലിനും ബെൻ ഓക്രിയ്ക്കും ജെഫ്റി ആർച്ചറിനും ശശി തരൂരിനും രാജ് ദീപ് സർദേശായിയ്ക്കും ദേവദത്ത് പട്ട്നായിക്കിനുമൊക്കെ സ്വന്തം പുസ്തകങ്ങളിൽ കയ്യൊപ്പു ചാർത്തി കൈ വേദനിച്ചു കാണും. അത്ര മാത്രം ആരാധകരായിരുന്നു കയ്യൊപ്പാടു കൂടിയ പുസ്ത്കങ്ങൾ കരസ്ഥമാക്കാൻ ക്യൂ നിന്നത്.

കഥേതര എഴുത്തിനെ (Non-Fiction) ജയ്പൂർ ഫെസ്റ്റിവൽ ആഘോഷമാക്കി.

klf, sudheer n e
സംഗീത ശ്രീനിവാസൻ, എന്‍.ഇ.സുധീർ, കെ.എസ്.വെങ്കിടാചലം, കബനി സി

 

ജയ്പുരിലെ ഡിഗ്ഗി പാലസിൽ നിന്ന്  കോഴിക്കോട്ടെ ബീച്ചിലെത്തുമ്പോഴും കഥ മാറുന്നില്ല. അസാധാരണമായ തിരക്കോടെയാണ് ബീച്ചിലെ കേരള സാഹിത്യോത്സവം ഓരോ വർഷവും കടന്നു പോവുന്നത്. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കടപുറത്തെ ഈ സാഹിത്യോത്സവം. പകുതിയലധികവും ചെറുപ്പക്കാരാണ്. ഓരോ വേദിയിലും ചോദ്യശരങ്ങളുമായാണ് അവർ എത്തുന്നത്. ആരോടും എന്തും ചോദിക്കാൻ പുതിയ തലമുറ ധൈര്യം കാണിക്കുന്നു. ഉത്തരം കിട്ടാതെ അവർ അടങ്ങുകയുമില്ല. ചോദ്യം കൊണ്ട് ശശി തരൂരിനെ ഉത്തരം മുട്ടിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ വരെയുണ്ട് കൂട്ടത്തിൽ. ഇതൊക്കെ കാണുമ്പോൾ പുതിയ തലമുറയിൽ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന തോന്നലുണ്ടാവുന്നു.

‘കാഴ്ചയെ സെൻസർ ചെയ്യുമ്പോൾ ‘ എന്ന വിഷയത്തിൽ സംവാദം നടന്ന വേദിയിൽ ചോദ്യം ചോദിക്കാൻ സദസ്സിൽ നിന്ന് എഴുന്നേറ്റ് മൈക്ക് അന്വേഷിച്ചത് പ്രശസ്ത എഴുത്തുകാരനായ ആനന്ദായിരുന്നു. അവർ പറഞ്ഞവസാനിപ്പിച്ച നിലപാടിന് തിരുത്തുമായാണ് ആനന്ദ് സംസാരിച്ചത്. ‘എന്റെ യേശു എന്റെ ക്രിസ്തു’  എന്ന വിഷയത്തിൽ സംസാരിച്ച ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയോട് ‘അരമനയ്ക്കൊക്കെ തീയിട്ടു കൂടെ’ എന്ന് ചോദിച്ചത് സദസ്സിലുണ്ടായിരുന്ന നോവലിസ്റ്റ് സാറാ ജോസഫാണ്. ഇത് കേട്ട മെത്രാപ്പൊലീത്തയുടെ മറുപടി സദസ്യരെ ഞെട്ടിക്കുന്നതായിരുന്നു. ‘ടീച്ചറെ, അവയ്ക്ക് തീയിട്ടാൽ പോരാ, ബോംബിട്ടു നശിപ്പിക്കണം.’ അദ്ദേഹം വാക്കുകളിൽ പിശുക്ക് കാണിച്ചില്ല.

റിച്ചാർഡ് സ്റ്റാൾമാനും രാമചന്ദ്രഗുഹയും അരുന്ധതി റോയിയും സ്വാമി അഗ്നിവേശും എൽ. സുബ്രഹ്മണ്യവും പ്രകാശ് രാജും കോഴിക്കോടിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. സാഹിത്യം, ഭാഷ, കാർട്ടൂൺ, സിനിമ, സംസ്കാരം, ശാസ്ത്രം, നിയമം, മാധ്യമ പ്രവർത്തനം, ചരിത്രം, ഭൂമി ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, രാഷ്ട്രീയം സാങ്കേതിക വിദ്യ എന്നിങ്ങനെ വിജ്ഞാനത്തിന്റെ സമസ്ത മേഖലകളിലും അഞ്ച് വേദികളിലായി അവിടെ ചർച്ചകൾ നടന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും വർത്തമാനകാല യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. തിങ്ങിനിറഞ്ഞ പുസ്തകസ്റ്റാൾ കോഴിക്കോട്ടും കാണാനുണ്ടായിരുന്നു. ആരും ആരാലും ചോദ്യം ചെയ്യപ്പെടുന്ന ഇടമായി കോഴിക്കോട് കടപ്പുറം.  ജനകീയ സ്വഭാവം കൊണ്ടും രാഷ്ട്രീയ മനസ്സുകൊണ്ടും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മികവ് പുലർത്തി.

n e sudheer
കേരള ലിറ്ററെച്ചര്‍ ഫെസ്റിവല്‍

എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിക്കാട്ടാനും വായനക്കാരന്റെ അധികാരം അംഗീകരിപ്പിക്കാനും ഈ സംവാദ ഭൂമികകൾ സാധ്യതയൊരുക്കി. ‘മലയാള നോവൽ ലോക ഭൂപടത്തിൽ’ എന്ന വിഷയത്തിൽ സംസാരിക്കവെ പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ ഉടൻ പുറത്തിറങ്ങുന്ന തന്റെ നോവൽ ലോകം കാത്തിരിയ്ക്കുന്ന രീതിയിലുള്ള ഒരു സർഗ്ഗാവിഷ്കാരമായിരിക്കുമെന്ന് ആത്മാദരത്തോടെ പ്രഖ്യാപിച്ചു. പഴയ കാലത്തെക്കാൾ പെട്ടന്ന് പുതിയ എഴുത്തുകാരുടെ കൃതികൾക്ക് ഇംഗ്ലീഷ് പരിഭാഷകൾ ഉണ്ടാവുന്നു എന്നത് സാഹിത്യ കൃതിയുടെ മികവുകൊണ്ട് മാത്രമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും മാറിയ വിപണിയുടെ ഒരു സാധ്യതയാണ് ഇതെന്നും സദസ്യരിൽ ഒരാൾ ഓർമ്മിപ്പിച്ചപ്പോഴാണ് സുഭാഷ് ചന്ദ്രൻ ‘സമുദ്രശില’യെന്ന തന്റെ പുതിയ നോവലിനെപ്പറ്റി സംസാരിച്ചത്.

കോഴിക്കോട്ടെ ബീച്ചിൽ നിന്ന് നമുക്ക് പോവേണ്ടത് തിരുവനന്തപുരത്തുള്ള കനകക്കുന്ന് കൊട്ടാരത്തിലേക്കാണ്. മാതൃഭൂമിയുടെ സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പാണ് അവിടെ അരങ്ങേറിയത്. സാഹിത്യവും വിജ്ഞാനവും നർമ്മവും രാഷ്ടീയവും നിറഞ്ഞ ഒന്നായിരുന്നു അത്. നർമ്മം കൂടിയാൽ സാഹിത്യത്തിന്റെ മാറ്റ് കുറഞ്ഞു പോവാറുണ്ട്. അത് സാഹിത്യോത്സവങ്ങൾക്കും ബാധകമാണ്. ജർമ്മേൻ ഗ്രിയർ തിരുവനന്തപുരത്തും എത്തിയിരുന്നു. റേപ്പ് ഒരു സ്ത്രീയെയും ഇല്ലാതാക്കുന്നില്ല എന്ന വാദവുമായി സ്ത്രീയുടെ ലോകത്തെ 1970 കളിൽ പുനർനിർമ്മിച്ച ധീരയായ അവർ ഇപ്പോഴും ആശയപരമായ പൊട്ടിത്തെറികൾക്ക് നേതൃത്വം കൊടുക്കുന്നു. വാർദ്ധക്യത്തിന്റെ പരിമിതികളെ കണക്കിലെടുക്കാതെ പലേടത്തും കാഴ്ചക്കാരിയായിപ്പോലും അവരെ കാണാൻ കഴിഞ്ഞു.

വിദേശ എഴുത്തുകാരുടെ സാന്നിധ്യം കൊണ്ട് മാതൃഭുമി സാഹിത്യോത്സവം വേറിട്ടുനിന്നു. യുക്രെയ്ൻ നോവലിസ്റ്റ് ആന്ദ്രെ കുർക്കോവ്, ഇറാഖിലെ നോവലിസ്റ്റ് ഷഹദ് അൽ റാവി, ഇംഗ്ലീഷ് എഴുത്തുകാരൻ ലിയാം ബ്രൗൺ എന്നിവരൊക്കെ കനകക്കുന്നിൽ നിറഞ്ഞുനിന്നു.

മൂന്നാം ദിവസം വൈകിട്ട് അഞ്ചിനാണ് സുനിൽ പി. ഇളയിടം ‘ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ് എന്തു ചെയ്യും?’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയത്. ഒരു മണിക്കൂർ പ്രഭാഷണം കഴിഞ്ഞ്  തിരിച്ചു പോവാനായിരുന്നു സുനിൽ നിശ്ചയിച്ചിരുന്നത്. സുനിലിന്റെ പ്രഭാഷണം കേൾക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. പ്രഭാഷണത്തിനു ശേഷം വേദിയിൽ നിന്ന് അദ്ദേഹത്തെ പെട്ടന്ന് പുറത്തെത്തിക്കാൻ സാധിക്കാത്ത ഒരവസ്ഥയായിരുന്നു. അങ്ങനെ സുനിൽ പി. ഇളയിടത്തിന് അന്നത്തെ വണ്ടിക്ക് പോവാനായില്ല! ആളുകളുടെ ആവേശം കണ്ട് സംഘാടകർ അടുത്ത ദിവസവും സുനിലിന്റെ പ്രഭാഷണം പ്ലാൻ ചെയ്തു. അങ്ങനെ നാലാം ദിവസവും സുനിൽ നിശാഗന്ധിയിൽ ” നവോത്ഥാനത്തിന്റെ നാനാർത്ഥങ്ങൾ’’ എന്ന വിഷയത്തിൽ സംസാരിച്ചു. വൻ ജനാവലിയാണ് അന്നും സുനിലിനെ കേൾക്കാനെത്തിയത്. അതിൽ തൊണ്ണുറുകാരനായ പ്രമുഖ പത്രപ്രവർത്തകൻ ടി.ജെ.എസ് ജോർജ് മുതൽ സ്കൂൾ കുട്ടികൾ വരെയുണ്ടായിരുന്നു. നവോത്ഥാനത്തെപ്പറ്റി കേൾക്കാൻ സ്ത്രീകളുടെ വലിയൊരു നിരയും.

സുനില്‍ പി ഇളയിടം | ചിത്രം: മധുരാജ്‌, മാതൃഭൂമി

ശാസ്ത്ര ഭാവന എന്തു കൊണ്ട് മലയാളത്തിൽ വേണ്ടത്ര പുഷ്പ്പിക്കുന്നില്ല?  ഈ ചോദ്യത്തെയാണ്  ‘ശാസത്ര നോവൽ മലയാളിക്ക് ബാലികേറാമല’ എന്ന സംവാദത്തിൽ സി.രാധാകൃഷ്ണനും ജീവൻ ജോബ് തോമസും ജി.ആർ.ഇന്ദുഗോപനും അന്വേഷിച്ചത്. രാധാകൃഷ്ണൻ വിചിത്ര വാദങ്ങൾ കൊണ്ട് വിഷയത്തെ മറ്റൊരു തലത്തിൽ പിടിച്ചുകെട്ടി. മറികടക്കാൻ ജീവൻ ജോബ് ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. പ്രശസ്തരായ ഏതെങ്കിലും സയൻസ് ഫിക്ഷൻ എഴുത്തുകാരുടെ പേരു പോലും ചർച്ചയിൽ കടന്നു വന്നില്ല.

ഞാനെന്തിന് വായിക്കുന്നു എന്ന ചോദ്യത്തെ നേരിട്ടത് പലരായിരുന്നു. എല്ലാ ദിവസവും ആ വിഷയത്തിൽ ചർച്ചകളുണ്ടായി. ജർമ്മേൻ ഗ്രീയർ, ജെന്നി ബ്രൌൺ, ആന്ദ്രെ കുർക്കോവ്, ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ , കെ.പി.രാമനുണ്ണി, ഷൌക്കത്ത്, എം.മുകുന്ദൻ, ചന്ദ്രമതി, പി.വി.ഷാജികുമാർ, സിവിക് ചന്ദ്രൻ എന്നിവരൊക്കെ അവരുടെ വായനയെ അടയാളപ്പെടുത്തി.

വിചിത്രമായ ചില രാഷ്ട്രീയ ചർച്ചകൾക്കും കനകക്കുന്ന് വേദിയായി. ‘കണ്ണൂർ മാസ്റ്റേഴ്സ്’ എന്ന സംവാദത്തിൽ പി.ജയരാജനും, ഇ.പി.ജയരാജനും, എ.പി.ജയരാജനും പങ്കെടുത്തു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റി പറയാൻ വന്നത് ആ വിഷയത്തിൽ പുസ്തകമെഴുതിയ എൻ.പി. ഉല്ലേഖാണ്. കവിതയുടെ ഊർജ്ജം സച്ചിദാനന്ദനും, കെ.ജി.ശങ്കരപ്പിള്ളയും, ബാലചന്ദ്രൻ ചുള്ളിക്കാടും പ്രസരിപ്പിച്ചു. സക്കറിയയും എൻ.എസ്.മാധവനും, സാറാ ജോസഫും, ടി. ഡി. രാമകൃഷ്ണനും, ഇ സന്തോഷ് കുമാറും എഴുത്തിന്റെ വഴികൾ അടയാളപ്പെടുത്തി. എല്ലാ സാഹിത്യോത്സവങ്ങളിലെയും നിറഞ്ഞ സാന്നിധ്യം ശശി തരൂരിന്റേതായിരുന്നു. എഴുത്തുകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും അദ്ദേഹം ആരാധകരെ ആവേശം കൊള്ളിച്ചു. സാഹിത്യത്തിനും വായനയ്ക്കുമാണ് മാതൃഭൂമി ഫെസ്റ്റിവൽ പ്രാധാന്യം കൊടുത്തത്.

ഓരോ ഫെസ്റ്റിവലിലും മൂന്നും നാലും ദിവസങ്ങളിലായി നൂറുകണക്കിനു സെഷനുകളാണ് നടന്നത്. കേട്ടതും അറിഞ്ഞതുമായ ചിലവയെപ്പറ്റി പറഞ്ഞുവെന്നു മാത്രം. വിഷയങ്ങൾ തീരുമാനിക്കുന്നതിലും അതിനു യോജിച്ച അതിഥികളെ കണ്ടെത്തുന്നതിലുമാണ് ഇവയുടെ വിജയം. ഗൗരവം ചോർന്നു പോവാതെ ഒന്നോടൊന്ന് ചേർന്നു നിൽക്കുന്ന ചർച്ചകൾ അവയുടെ മാറ്റ് കൂട്ടുന്നു. അവിടെ ഉയരുന്ന ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഉറപ്പായ ഒരു രാഷ്ട്രീയമുണ്ടായിരിക്കണം. ആ രാഷ്ട്രീയമാണ് ഏതൊരു സാഹിത്യോത്സവത്തിന്റെയും ആത്മാവ്. അതില്ലാത്തവ അല്പായുസ്സുകളായി ചരിത്രത്തിലേക്ക് മടങ്ങും.

ഇനി ചോദ്യത്തിലേക്ക് മടങ്ങാം. സാഹിത്യോത്സവങ്ങൾ കൊണ്ട് ആർക്കാണ് പ്രയോജനം? എഴുത്തുകാരും വായനക്കാരും തമ്മിൽ പരസ്പര ബന്ധമുണ്ടാവുന്നു എന്നതാണ് പ്രധാനം. എഴുത്തുകാർ എന്ന വിവക്ഷക്ക് വലിയൊരു അർത്ഥതലമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ആശയ സംവേദനം നടത്താൻ പ്രാപ്തിയുള്ള ആരും ഇതിലുൾപ്പെടും. അവരെല്ലാം സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് എന്ന തോന്നലാണ് ഇവിടെ നിന്നും ഉയരുന്നത്. വായനക്കാർ അഥവാ അസ്വാദകർ ഇവരെയെല്ലാം സൂക്ഷമ നിരിക്ഷണത്തിന് വിധേയമാക്കുന്നു എന്ന തിരിച്ചറിവും ഇവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു. അതോടൊപ്പം വലിയൊരു പാരസ്പര്യത്തിനും ഇത് വേദിയാവുന്നു. എല്ലാവർക്കും നിരന്തരം സ്വയം നവീകരിക്കപെടേണ്ടതുണ്ട് എന്ന് ബോദ്ധ്യപ്പെടുന്നു. ഇതൊന്നും ചെറിയ കാര്യങ്ങളല്ല.

പുതിയൊരു വൈജ്ഞാനിക സംസ്കാരം ഉരുത്തിരിഞ്ഞു വരാൻ ഇത് ഇടയാക്കിയേക്കും. പുതിയ തലമുറ വലിയ തയ്യാറെടുപ്പുകളുമായി ഇതെല്ലാം നോക്കിക്കാണുന്നുണ്ട് .

അവർ വിധേയരല്ല. അവർ ആരുമായും കൊമ്പുകോർക്കാൻ പ്രാപ്തിയുള്ളവരാണ്. അതിനു മടിയില്ലാത്തവരാണ്. സാഹിത്യോത്സവങ്ങളിലൂടെ എഴുത്തുകാർക്ക് ഇത് ബോദ്ധ്യപ്പെട്ടാൽ എഴുത്ത് ലോകത്ത് പുതിയൊരു ദിശാബോധത്തിന് തുടക്കം കുറിക്കപ്പെടും.

വായനയുടേതായ പുതിയൊരു സംസ്ക്കാരവും ഇതോടൊപ്പം കടന്നു വരുന്നുണ്ട്. എന്തും വായിക്കുക എന്നതിനു പകരം അറിഞ്ഞു വായിക്കുക എന്നൊരു നിലപാട് മാറ്റം പുതിയ തലമുറയിൽ സംഭവിച്ചു കഴിഞ്ഞു.  അത്തരം വായനക്കാരെ ധാരാളമായി ഞാൻ ജയ്പൂരിൽ കണ്ടു. കുറവാണെങ്കിലും അത്തരക്കാർ കോഴിക്കോടും തിരുവനന്തപുരത്തും ഉണ്ടാവുന്നുണ്ട്. അവരെ തൃപ്ത്തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളി എഴുത്തുകാരും, ആശയ സംവേദനക്കാരും നേരിന്നുണ്ട്. സംഘാടനത്തിലും ലക്ഷ്യങ്ങളിലും പരാതികൾക്ക് ഇടമുണ്ടെങ്കിലും സാഹിത്യോത്സവങ്ങൾ നല്ലൊരു സാംസ്കാരിക തലം വീണ്ടെടുക്കുന്നുണ്ട്. പുതിയൊരൂർജ്ജം പ്രസരിപ്പിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Expanding footprint of litfests