scorecardresearch
Latest News

അടിയന്തരാവസ്ഥയുടെ വർത്തമാന ചരിത്രം

അടിയന്തരാവസ്ഥയുടെ നാൽപ്പത്തിരണ്ട് വർഷമാകുമ്പോൾ ആ കാലഘട്ടത്തിന്റെ ചരിത്രം വർത്തമാനത്തിലേയ്ക്കു മാറ്റിയെഴുതപ്പെടുന്നതെങ്ങനെയെന്ന അന്വേഷണം ഇന്ദിരാ -സജ്ഞയ ദ്വന്ദത്തിൽ നിന്നും മോദി –ഷാ ദ്വന്ദത്തിലേയ്ക്കുളള വഴി

kakkayam camp, emergency, rajan case
കക്കയം ക്യാംപ്

കെ പി സേതുനാഥിന്റെ “കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം” എന്ന ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന കൃതിയിൽ നിന്നുളള​ അധ്യായം

അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന ഇന്നത്തെ സ്ഥിതിവിശേഷത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലഘട്ടവുമായി എങ്ങനെയാണ് ബന്ധപ്പെടുത്തുക? അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന പ്രയോഗം തന്നെയാണ് പ്രഖ്യാപിത അടിയന്തരാവസ്ഥ രാഷ്ട്രീയമണ്ഠലത്തില്‍ സൃഷ്ടിച്ച ആഴത്തിലുളള സ്വാധീനത്തിന്റെ ഏറ്റവും നല്ല തെളിവ്. ഇന്ത്യയുടെ പോസ്റ്റ്-കൊളോണിയല്‍ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക സംഭവമെന്ന നിലയില്‍ അടിയന്തരാവസ്ഥയെ ആരും കണക്കിലെടുക്കുന്നില്ലെന്ന പ്രമുഖ ചരിത്രകാരനായ ബിപിന്‍ ചന്ദ്രയുടെ നിഗമനത്തെ അക്ഷരാര്‍ത്ഥത്തില്‍ നിരാകരിക്കുന്നതാണ് ദെനംദിന രാഷ്ട്രീയ വ്യവഹാരത്തിലെ ആ പദത്തിന്റെ നിരന്തരമായ ആവര്‍ത്തനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1,000 രൂപയുടെ കറന്‍സി നോട്ടുകൾ റദ്ദാക്കിയ നടപടിയെ സാമ്പത്തിക അടിയന്തരാവസ്ഥയെന്നു വിശേഷിപ്പിക്കുന്നതും ബിപിൻ ചന്ദ്രയുടെ വീക്ഷണത്തിന്റെ മുനയൊടിക്കുന്നു. അധികാരം നിലനിര്‍ത്തുവാനുള്ള ശ്രീമതി ഗാന്ധിയുടെ വ്യക്തിപരമായ താല്‍പര്യങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുതിന് ഒരു നിമിത്തമായിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചത് പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടം അഭിമുഖീകരിച്ച’പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധി’ ആയിരുന്നു. ഇന്ത്യയടക്കമുള്ള പോസ്റ്റ്-കൊളോണിയല്‍ രാജ്യങ്ങളിൽ സമ്പദ്ഘടനയുടെ മുഖ്യശില്‍പ്പിയായ ഭരണകൂടത്തിന്റെ സാന്നിദ്ധ്യം ഒരു പരിധിവരെ ചരിത്രപരമായ അനിവാര്യതയായിരുന്നു.

ആഗോളമുതലാളിത്തവും,പോസ്റ്റ്-കൊളോണിയല്‍ രാജ്യങ്ങളും തമ്മിലുള്ള കെട്ടുപാടുകളിൽ നിലനിന്ന, ഉരുത്തിരിയുന്ന വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുവാനും, കൈകാര്യം ചെയ്യുന്നതിനുമുള്ള വേദിയെന്ന നിലയിലാണ് ഭരണകൂടത്തിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമാവുന്നത്. സുദീര്‍ഘമായ കൊളോണിയൽ വിരുദ്ധ സമരം സൃഷ്ടിച്ച ആശയപരമായ പശ്ചാത്തലം, ആഭ്യന്തര-വിദേശമൂലധനങ്ങള്‍ തമ്മിലുള്ള ചങ്ങാത്തവും, ശത്രുതാപരവുമായ വൈരുദ്ധ്യങ്ങള്‍, പുതിയ ദേശരാഷ്ട്ര സ്വത്വത്തിനനുസൃതമായ സാംസ്‌കാരിക നിര്‍മിതികൾ, ആഭ്യന്തര സമ്പത്തിന്റെ പുനക്രമീകരണം, പുനര്‍വിതരണം തുടങ്ങിയ സങ്കീര്‍ണ്ണമായ നിരവധി സാമൂഹികാവിഷ്‌ക്കാരങ്ങളുടെ സംഗമവേദിയായ പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടം ഇന്ത്യയുടെ മാത്രം സവിശേഷതയായിരുന്നില്ല. മൂലധനസമ്പാദനത്തിനുള്ള ഭരണവര്‍ഗത്തിന്റെ ഉപകരണം മാത്രമായിരുന്നില്ല ഈ പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടം. സ്വന്തംനിലയില്‍ ആപേക്ഷികമായ ഒരു സ്വതന്ത്രാസ്ഥിത്വം സാധ്യമായ അധികാരസംവിധാനങ്ങളായിരുന്നു അവ. ഉദ്യോഗസ്ഥ മൂലധനമെന്ന പരികല്‍പന ഇത്തരം ഭരണകൂടസംവിധാനങ്ങളുടെ സവിശേഷതയെ വിലയിരുത്തുവാന്‍ സഹായകമാണ്. ഭരണകൂടത്തിന്റെ കാര്‍മികത്വത്തിൽ അരങ്ങേറിയ സാമ്പത്തികനിക്ഷേപങ്ങൾ, ഉദ്യോഗസ്ഥ മൂലധനത്തിന്റെ വളര്‍ച്ചക്കുള്ള മണ്ണായിരുന്നു. രക്ഷാകര്‍തൃത്വഭാവം അതിന്റെ ജനിതകഘടനയില്‍ തന്നെ ആലേഖനം ചെയ്തിരുന്നു. അച്ചടക്ക-ശിക്ഷണ ദൗത്യം സ്വാഭാവികമായും അതിന്റെ രൂപഭാവങ്ങളെ നിര്‍ണ്ണയിക്കുതിൽ എല്ലാക്കാലവും അതിന്റേതായ പങ്കു വഹിക്കുന്നു.
emergency, election democracy, violence,
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാൽ നെഹ്രുവിന്റെ കാലഘട്ടത്തിൽ മേല്‍പ്പറഞ്ഞ പ്രതിഭാസങ്ങളുടെ സൃഷ്ടിയായ വൈരുദ്ധ്യങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അവ പടർന്നുപന്തലിക്കുന്നത് 1970-കളിലാണ്.’പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയെു’ കെ.ബാലഗോപാല്‍ വിലയിരുത്തു ഈയൊരു സ്ഥിതിവിശേഷത്തിന്റെ ലക്ഷണമൊത്ത ആവിഷ്‌ക്കാരങ്ങളിലൊന്നായിരുന്നു. അടിയന്തരാവസ്ഥ. നവ-ലിബറല്‍ കാലഘട്ടത്തിൽ ഉദയം ചെയ്ത പുതിയ മദ്ധ്യവര്‍ഗത്തിന്റെ പ്രാഗ്-ചരിത്രമായിരുന്നു അടിയന്തരാവസ്ഥയെു അരവിന്ദ് രാജഗോപാലിന്റെ വിലയിരുത്തലും പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടം ഉരുത്തിരിഞ്ഞതിന്റെ രാഷ്ട്രീയം മനസ്സിലാക്കുവാന്‍ ഏറെ സഹായകമാണ്. നെഹ്രൂവീയന്‍ സമന്വയത്തിന്റെ കാലഘട്ടത്തിലെ ഉദ്യോഗസ്ഥമൂലധന മുതലാളിത്തത്തിന്റെ ഘടനയിൽ അധ്വാനശക്തി ദേശരാഷ്ട്രസ്വത്വത്തിന്റെ നിര്‍മിതിയിലെ അവിഭാജ്യഘടകമായിരുന്നു. മൂലധനവും അദ്ധ്വാനിക്കുന്നവരും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരിടമായി ഭരണകൂടസംവിധാനം പ്രവര്‍ത്തിക്കുന്നതും ഈ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു.അടിയന്തരാവസ്ഥയോടെ ഈയൊരു ചേരുവയില്‍ കാര്യമായ വ്യതിയാനം സംഭവിക്കുകയായിരുന്നു. അടിയന്തരാവസ്ഥയിലെ പൊതുവായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി തൊഴിലാളി സമരങ്ങളും പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെ’ു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുതിനു മുമ്പുത തൊഴിലാളി സമരങ്ങള്‍ക്കുനേരെ ശക്തമായ പൊലീസ് നടപടികള്‍ വ്യാപകമായിരുന്നു. 1970-കളുടെ ആദ്യപകുതയില്‍ ദൃശ്യമായ തൊഴില്‍സമരങ്ങളുടെ വേലിയേറ്റം 74-ലെ റെയില്‍വേ തൊഴിലാളികളുടെ പണിമുടക്കിനെ സൈന്യത്തിന്റെ സഹായത്തോടെ പരാജയപ്പെടുത്തിയതോടെ ഒരു പരിസമാപ്തിയിലെത്തി. അത് കഴിഞ്ഞ് ഒരു കൊല്ലത്തിനകം സംഭവിച്ച അടിയന്തരാവസ്ഥ പ്രഖ്യാപനം അതുവരെ പരിചിതമായിരുന്ന ഉദ്യോഗസ്ഥ-മൂലധന-മുതലാളിത്തത്തിന്റെ സാമൂഹികബന്ധങ്ങളില്‍ വരു മാറ്റത്തിന്റെ സൂചനയായിരുന്നു. സമ്പദ്ഘടനയുടെ നിര്‍ണ്ണായകമേഖലകളിൽ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അപ്രമാദിത്വം,വ്യവസായ-വാണിജ്യ സംരഭങ്ങള്‍ക്കുള്ള നിര്‍ബന്ധമായ ലൈസന്‍സ്, ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുതിനുള്ള നിയന്ത്രണം തുടങ്ങിയ ഭരണകൂടനയങ്ങള്‍ സോഷ്യലിസമാണെന്നു തെറ്റിദ്ധരിച്ച സാമ്പ്രദായിക ഇടതുപക്ഷത്തിന് പോസ്റ്റ്-കൊളോണിയൽ ഭരണകൂടത്തിന്റെ ഉള്ളടക്കതിലും, ഭാവത്തിലും സംഭവിക്കുന്ന ഈ രൂപാന്തരങ്ങളുടെ രാഷ്ട്രീയപ്രസക്തി മനസ്സിലായില്ല. അനുവാദ-നിയന്ത്രണ സംവിധാനം അഥവ കൺട്രോൾ ആൻഡ് പെര്‍മിറ്റ് രാജിന്റെ മറവില്‍ മൂലധനസമാഹരണം നടത്തി സ്വന്തം നിലയിൽ ഒരു വര്‍ഗാടിത്തറ സൃഷ്ടിച്ചെടുത്ത പുത്തന്‍കൂറ്റുകാരായ ഒരു മധ്യവര്‍ഗം പൊതുമണ്ഡലത്തിൽ ശക്തമായ സാന്നിദ്ധ്യമായതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകളിൽ നിര്‍ണ്ണായകമായതും അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലഘട്ടത്തിലെ പ്രധാന മാറ്റമാണ്. ഭരണകൂടവുമായുള്ള വൈരുദ്ധ്യങ്ങള്‍ തൊഴിലാളി സമരങ്ങളുടെ ഭൂമികയില്‍നിന്നും തെന്നിമാറി കൂടുതൽ,കൂടുതലായി വംശം, സമുദായം, ദേശം തുടങ്ങിയ വൈവിദ്ധ്യങ്ങളായ ചിഹ്നങ്ങളില്‍ ആവിഷ്‌ക്കാരം തേടിയതും അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. പുത്തന്‍കൂറ്റുകാരായ മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവം ഇത്തരത്തിലുള്ള ആവിഷ്‌ക്കാരങ്ങള്‍ക്ക് വേണ്ടുന്ന വസ്തുനിഷ്ഠസാഹചര്യമൊരുക്കുകയും ചെയ്തു.
indira gandhi, snajaya gandhi, emergency,
മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ദൈനംദിന വ്യവഹാരങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഊര്‍ജദായനിയായി പ്രവര്‍ത്തിക്കുന്ന തീവ്രദേശീയതയുടെ ആവിര്‍ഭാവവും, അതിന്റെ ഗുണഭോക്താക്കളായ സംഘപരിവാറിന്റെ ഉയര്‍ച്ചയും വിലയിരുത്തപ്പെടേണ്ടത്. സംഘപരിവാര്‍ പ്രതിനിധാനം ചെയ്ത ഹിന്ദുവര്‍ഗീയ വലതുപക്ഷ രാഷ്ട്രീയത്തിന് ദേശീയതലത്തില്‍ മാന്യതയുടെ പരിവേഷം കൈവരുന്നത് അടിയന്തരാവസ്ഥക്കു ശേഷമാണ്. ഒരു ലിബറല്‍-ജനാധിപത്യ കക്ഷിയെന്ന നിലയിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിശ്വാസ്യതയിൽ 1969-ലെ പിളര്‍പ്പോടെ വന്ന ശോഷണം അടിയന്തരാവസ്ഥയോടെ പൂര്‍ണ്ണമായി. ശ്രീമതി ഗാന്ധിയോടും കുടുബത്തോടുമുള്ള വിധേയത്വം മാത്രം കണക്കിലെടുക്കുന്ന സംഘടനസംവിധാനമായി കോൺഗ്രസ്സ് മാറിയതോടെ കൊളോണിയൽ വിരുദ്ധസമരത്തിന്റെ ഒസ്യത്തായി കോൺഗ്രസ്സിന് സ്വായത്തമായിരുന്ന ജനാധിപത്യ പരിവേഷമാണ് പൂര്‍ണ്ണമായും ഇല്ലാതായത്. കോൺഗ്രസ്സിന്റെ പ്രതിച്ഛായയിൽ സംഭവിച്ച ഒരു വീഴ്ച മാത്രമായിരുന്നില്ല അത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വളരെ മൂര്‍ത്തമായ രൂപത്തിൽ ഈ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ്സിന്റെ ഉറച്ച വോട്ട് ബാങ്കുകളായിരുന്ന മുസ്ലീം ന്യൂനപക്ഷത്തിന്റെയും, ദളിതരുടെയും പിന്തുണ കല്‍പ്പാന്തകാലത്തോളം ഉറപ്പിക്കാനാവില്ലെന്ന് 77-ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായി. 1980-ല്‍ അധികാരത്തിൽ തിരിച്ചെത്തിയ ശ്രീമതി ഗാന്ധി അതുകൊണ്ടുതന്നെ കോൺഗ്രസ്സിന്റെ പരമ്പരാഗത വോട്ട്ബാങ്കുകളെ പ്രീണിപ്പിക്കുന്നതിനുപകരം പുത്തന്‍കൂറ്റുകാരായ മധ്യവര്‍ഗത്തിനെ ലക്ഷ്യം വയ്ക്കു നയങ്ങളാണ് മുന്നോട്ടു വച്ചത്. 1970-കളുടെ തുടക്കത്തില്‍ പ്രകടിപ്പിച്ച സോഷ്യലിസ്റ്റു വാചോടപങ്ങള്‍ക്കു പകരം സ്വകാര്യ മൂലധനത്തിന്റെ വക്താവായാണ് ശ്രീമതി ഗാന്ധി രണ്ടാം വരവില്‍ സ്വയം ഉയര്‍ത്തിക്കാട്ടിയത്. സ്വരാജ് പോളിനെപ്പോലുള്ള വിദേശ ഇന്ത്യക്കാരായ മുതലാളിമാരെ ചുവപ്പു പരവതാനി നല്‍കി സ്വീകരിക്കു ശ്രീമതി ഗാന്ധിയുടെ സമീപനം ഇന്ത്യയിലെ ചില പരമ്പരാഗത മുതലാളിത്ത കുടുബംങ്ങളെ അങ്കലാപ്പിലാക്കുന്ന തരത്തിൽ പോലുമായിരുന്നു. എസ്‌കോര്‍ട്‌സ്, ഡിസിഎം തുടങ്ങിയ പരമ്പരാഗത ബിസിനസ്സ് ഗ്രൂപ്പുകളുടെ ചില കമ്പനികൾ, സ്വരാജ് പോൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ 80-കളുടെ തുടക്കത്തിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിഷയമായിരുന്നു. ഇന്ത്യന്‍ മുതലാളിത്തം നാടുവാഴി മുതലാളിത്തമാണെന്ന (ഫ്യൂഡല്‍ ക്യാപിറ്റലിസം) പോളിന്റെ പരിഹാസം ഇന്ത്യന്‍ ഭരണകൂടസംനിധാനത്തിന്റെ വര്‍ഗാടിത്തറയുടെ ചേരുവയിൽ സംഭവിക്കുന്ന മാറ്റത്തിന്റെ സൂചനകൂടിയായിരുന്നു. ഈ മാറ്റത്തിന്റെ ഏറ്റവും ലക്ഷണയുക്തമായ മാതൃകയായിരുന്നു ധീരുഭായി അംബാനി. സ്വന്തം കാര്യം നേടുതിനുവേണ്ടി ഏതു വഴിവിട്ട പ്രവര്‍ത്തികളും ചെയ്യുന്നതിന് തയ്യാറായ പുതിയ മധ്യവര്‍ഗത്തിന്റെ ഉത്തമപ്രതിനിധി. ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ മൂലധനസമ്പാദനത്തിന്റെയും, നിക്ഷേപത്തിന്റെയും മികച്ച ഉദാഹരണമാണ് അംബാനി പ്രതിഭാസം. ഭരണവര്‍ഗത്തിന്റെ ചേരുവകളില്‍ സംഭവിക്കു ഈ രൂപാന്തരങ്ങളുടെ അര്‍ത്ഥവ്യാപ്തി മനസ്സിലാകാതെയുള്ള വിവരണങ്ങളായിരുന്നു 1980-കളില്‍ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അഴിമതി കഥകൾ. അംബാനി മാത്രമായിരുന്നില്ല ഈയൊരു ബാന്ധവത്തിന്റെ ഗുണഭോക്താവ്. 1980-90 കാലഘട്ടത്തിൽ ടെലികോം, കെട്ടിടനിര്‍മാണം, ഗതാഗതം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിവിധമേഖലകളില്‍ ഉയര്‍ന്നു വന്ന പുത്തന്‍കൂറ്റുകാരായ സംരഭകരെല്ലാം പ്രത്യക്ഷമായും, പരോക്ഷമായും ഭരണകൂടത്തിന്റെ പുതിയ സമീപനത്തിന്റെ ഗുണഭോക്താക്കളായിരുന്നു. ചങ്ങാത്തമുതലാളിത്തം (ക്രോണി ക്യാപിറ്റലിസം) എന്നും ഈയൊരു സ്ഥിതിവിശേഷം അറിയപ്പെടുന്നു. സാമ്പത്തിക മേഖലയിലുണ്ടായ ഈ ചുവടുമാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ രാഷ്ട്രീയരംഗത്തും സ്വാഭാവികമായും മാറ്റങ്ങള്‍ക്കിടവരുത്തി. അനുവാദ-നിയന്ത്രണ സംവിധാനത്തിന്റെ ഗുണഭോക്തക്കളായി വിരാജിച്ചിരുന്ന പരമ്പരാഗത ബിസിനസ്സ് കുടുംബങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും നിക്ഷേപങ്ങളുടെ പുതിയ മേഖലകളിലേക്ക് അംബാനിയെ പോലെ പുത്തന്‍കൂറ്റുകാരായ മുതലാളിമാരുടെ കടന്നുവരവ് രാഷ്ട്രീയരംഗത്തും പുതിയ സമവാക്യങ്ങള്‍ക്ക് ഇടവരുത്തി. ബ്യൂറോക്രാറ്റിക് മൂലധനത്തിന്റെ നിയന്ത്രണത്തിലും, വിന്യാസത്തിലും ഈ മാറ്റങ്ങള്‍ പ്രകടമായി. പുത്തന്‍കൂറ്റുകാരായ മുതലാളിമാരുടെ കടന്നുവരവ് കോൺഗ്രസ്സുമായി നാഭീനാള ബന്ധത്തിലായിരുന്ന പരമ്പരാഗത മുതലാളിമാരിൽ ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങളുമായി കൊമ്പുകോര്‍ക്കുന്നതിന്റെ വീറും, വാശിയും 1980-കളിലെ രാഷ്ട്രീയത്തെ വ്യതിരിക്തമാക്കുന്നു. ടെക്‌സ്‌റ്റൈൽ രംഗത്തെ പ്രമുഖരായ ബോംബെ ഡൈയിംങും അംബനിയും തമ്മിലുളള മത്സരം പുതിയ രാഷ്ട്രീയ-മുതലാളി ശാക്തികചേരികളുടെ രൂപീകരണത്തിന്റെ നല്ല ഉദാഹരണമാണ്. ഈയൊരര്‍ത്ഥത്തിൽ നവ-ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രാഗ്-ചരിത്രമാണ് അടിയന്തരാവസ്ഥയെ രാജഗോപാലിന്റെ വിലയിരുത്തല്‍ ഗൗരവമായ പരിഗണന ആവശ്യപ്പെടുന്നു. അടിയന്തരാവസ്ഥയിലെ ഈ പ്രാഗ്ചരിത്രം പക്വതനേടി ഭരണകൂടാധികാരത്തിന്റെ മുഖ്യചാലകശക്തിയായി മാറിയെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ വര്‍ത്തമാനം നമ്മോടു പറയുന്നു. അനുവാദ-നിയന്ത്രണ സംവിധാനത്തില്‍ നിന്നും നിവ-ലിബറല്‍ സമ്പദ്ഘടനയിലേക്കുളള ചുവടുമാറ്റവും ഈ പ്രാഗ്-ചരിത്രത്തിന്റെ നാള്‍വഴികൾ വ്യക്തമാക്കുന്നു.

narendra modi, amith sha, bjp,
.
സംഘപരിവാറിന്റെ കാര്‍മികത്വത്തിലുള്ള ബി.ജെ.പി-യുടെ വളര്‍ച്ചയുടെ രാസത്വരകമായി അടിയന്തരാവസ്ഥയെ വിലയിരുത്തുന്ന നിരവധി പഠനങ്ങൾ ഇന്ന് ലഭ്യമാണ്. സംഘപരിവാറിന് അതുവരെ ലഭിക്കാതിരുന്ന മാന്യത അടിയന്തരാവസ്ഥയോടെ ലഭിച്ചുവെന്നത് മാത്രമല്ല ഇതിന്റെ അടിസ്ഥാനം. പോസ്റ്റ്-കൊളോണിയല്‍ സമന്വയത്തിന്റെ രാഷ്ട്രീയം നേരിട്ട പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയെ മറികടക്കുതിനായിരുന്നു അടിയന്തരാവസ്ഥയിലൂടെ ശ്രീമതി ഗാന്ധിയുടെ ശ്രമം. എന്നാൽ ഈ പ്രതിസന്ധിയുടെ ഘടനാപരമായ സാമൂഹിക-സാമ്പത്തിക വിഷയങ്ങള്‍ കൂടുതൽ വ്യക്തമായി പ്രകടമായതോടെ അവ പുതിയ രൂപത്തിലും, ഭാവത്തിലുമുള്ള രാഷ്ട്രീയമായ ആവിഷ്‌ക്കാരങ്ങൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യരൂപങ്ങളിലൊന്നായി ഹിന്ദുത്വരാഷ്ട്രീയം മറനീക്കി പുറത്തുവന്ന 1980-കളായിരുന്നു ഈ പരിവര്‍ത്തനത്തിന്റെ ദശകം. വെര്‍ണോന്‍ ഹ്യൂവിറ്റിന്റെ പൊളിറ്റിക്കൽ മൊബിലൈസേഷന്‍ ആന്റ് ഡെമോക്രസി ഇൻ ഇന്ത്യ, ക്രിസ്റ്റഫര്‍ ജെലോടിന്റെ ദ ഹിന്ദു നാഷണലിസ്റ്റ് മൂവ്‌മെന്റ് തുടങ്ങിയ കൃതികൾ ഈയൊരു പ്രക്രിയയെ വിലയിരുത്തുവാൻ സഹായിക്കുന്ന പഠനങ്ങളാണ്. 1970-കളില്‍ സജ്ഞയ് ഗാന്ധിയിൽ തങ്ങളുടെ നേതാവിനെ കണ്ടെത്തിയ ആള്‍ക്കൂട്ടവും, 80-കളുടെ അവസാനത്തോടെ അഭിമാനത്തോടെ പറയൂ ഹിന്ദുവെന്നു (ഗര്‍വ് സേ കഹോ ഹിന്ദു ഹെ) ആക്രോശിക്കുന്ന ആള്‍ക്കൂട്ടവും തമ്മിലുള്ള സമാനത ഗൗരവമായ പഠനം അര്‍ഹിക്കുന്നു.
.
അടിയന്തരാവസ്ഥകളുടെ നൈരന്തര്യത്തെക്കുറിച്ചുള്ള (പെര്‍മനന്റ് എമര്‍ജസീസ്) വാള്‍ട്ടർ ബെഞ്ചമിന്റെ മുന്നറിയപ്പും,അനിതരസാധാരണമായ സ്ഥിതിവിശേഷമെന്ന് (സ്റ്റേറ്റ് ഓഫ് എക്‌സെപക്ഷന്‍) പരികല്‍പ്പനയുടെ വെളിച്ചത്തിൽ ജനാധിപത്യത്തിന്റെ ഔപചാരികമായ അവകാശവാദങ്ങളെ വിശകലനവിധേയമാക്കു ജ്യോര്‍ജി അഗംബന്റെ നിഗമനങ്ങളും ശ്രീമതി ഗാന്ധിയില്‍ നിന്നും നരേന്ദ്ര മോദിയിലേക്കുള്ള ദൂരം വളരെ കുറവാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു. 1970-കളോടെ കോൺഗ്രസ്സിൽ സംഭവിച്ച സജ്ഞയവല്‍ക്കരണത്തിന് സമാനമാണ് ബിജെ.പി-യില്‍ സംഭവിച്ച നരേന്ദ്ര മോദിവല്‍ക്കരണം. കോൺഗ്രസ്സിന്റെ സാധാരണഗതിയിലുള്ള സംഘടന സംവിധാനത്തിന് അപ്പുറമുള്ള ഒരു അധികാരകേന്ദ്രമായി ഇന്ദിര-സജ്ഞയ കൂട്ടുകെട്ട് ആവിര്‍ഭവിച്ചതിനെയാണ് സജ്ഞയവല്‍ക്കരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അധികാരം തികച്ചും വ്യക്തികേന്ദ്രിതമാവുന്ന ഈ സ്ഥിതിവിശേഷം അതുവരെ പരിചിതമായിരുന്ന പരിമിതമായ നിലയിലെങ്കിലുമുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനരീതികളെ തകിടം മറിക്കുന്നതായിരുന്നു. തികച്ചും വ്യക്തികേന്ദ്രിതമായ അധികാരസംവിധാനത്തോടുള്ള വിധേയത്വം മാത്രമായി രാഷ്ട്രീയം പരിവര്‍ത്തനപ്പെടുന്ന ഈ സ്ഥിതിവിശേഷം അതിന്റെ പാരമ്യത്തിലെത്തിയത് അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ്. പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടം അഭിമുഖീകരിച്ച സൂക്ഷ്മവും, സ്ഥൂലവുമായ ഘടനാപരമയ പ്രതിസന്ധിയുടെ സൃഷ്ടിയായിരുന്നു. ഈ സ്ഥിതിവിശേഷം. പോസ്റ്റ്-കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ ദിശയെ അതുവരെ നിശ്ചയിച്ചിരു നെഹ്രൂവീയന്‍ സമന്വയത്തിന്റെ ഉപയോഗമൂല്യം കാലഹരണപ്പെട്ടതിന്റെ ദിശാസൂചിക കൂടിയായിരുന്നു ഈ മാറ്റം. ഉദ്യോഗസ്ഥമൂലധനത്തിന്റെ ആഴവും, വ്യാപ്തിയും നിര്‍ണ്ണയിച്ച പൊതുമേഖലയുടെ വികാസത്തെ സോഷ്യലിസമായി തെറ്റിദ്ധരിച്ച ഔപചാരിക ഇടതുപക്ഷം ഇന്ദിര-സജ്ഞയ പ്രതിഭാസത്തിന്റെ ആവിര്‍ഭാവത്തിനു വഴിതെളിച്ച സാമൂഹികശക്തികളെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. ശ്രീമതി ഗാന്ധിയുടെ മകനെ ലേബലില്‍ മാത്രം അധികാരത്തിന്റെ കേന്ദ്രമായി അവരോധിക്കപ്പെട്ട സജ്ഞയ് ഗാന്ധിയുമായി മോദിയെ താരതമ്യം ചെയ്യുതിന്റെ സാംഗത്യം വിശദീകരണം ആവശ്യപ്പെടുന്നു. ആര്‍.എസ്സ്.എസ്സിന്റെ സാധാരണ പ്രചാരകനില്‍ നിന്നും സംഘത്തിന്റെ സംഘടനാസംവിധാനത്തിന്റെ പല ശ്രേണികളിലെയും പ്രവര്‍ത്തനപരിചയത്തിനു ശേഷം ബിജെപിയുടെ നേതൃനിരയിലെത്തിയ മോദിയും, സജ്ഞയനും തമ്മില്‍ വ്യക്തിഗതമായ നിലയിൽ ഒന്നിനൊന്നു താരതമ്യമില്ല. എന്നാൽ ഈ രണ്ടു പ്രതിഭാസങ്ങളും മുഖ്യധാര രാഷ്ട്രീയത്തിന്റെ നിര്‍ണ്ണായകശക്തികളാകുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങൾ തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. നെഹ്രൂവീയന്‍ സമന്വയത്തിന്റെ ഉപയോഗമൂല്യം കാലഹരണപ്പെട്ടതിന്റെ ഭാഗമായി രൂപംകൊണ്ട പ്രതിസന്ധിക്കുളളിലെ പ്രതിസന്ധിയായിരുന്നു ഇന്ദിര-സജ്ഞയ പ്രതിഭാസങ്ങളുടെ ഉദയത്തിന് കാരണമായതെങ്കില്‍ നവ-ലിബറല്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയാണ് മോദി-ഷാ പ്രതിഭാസത്തിന്റെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്. കൂടുതല്‍ വിശദമായ പഠനം ആവശ്യപ്പെടുന്ന ഈ വിഷയമാണ്. ഇന്ദിര-സജ്ഞയ പ്രതിഭാസം ധര്‍മക്ഷയത്തിന്റെ ലക്ഷണമായി വിലയിരുത്തി നെടുവീര്‍പ്പുകൾ പൊഴിച്ച പഴയകാലത്തെ ലിബറൽ ബുദ്ധിജീവികളുടെ പരിദേവനങ്ങള്‍ക്ക് സമാനമാണ് ഇപ്പോൾ അരു ഷൂരിയെപ്പോലുള്ളവർ നടത്തുന്ന മോദിവിരുദ്ധ വിലാപം. അടിയന്തരാവസ്ഥയില്‍ നിന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ വിലയിരുത്തുതിന് ഈ വിലാപങ്ങൾ മാത്രം മതിയാവില്ലെന്നു ചരിത്രം പഠിപ്പിക്കുന്നു.

.
1:അരവിന്ദ് രാജഗോപാല്‍: ദ എമര്‍ജെന്‍സി ആസ് പ്രീ-ഹിസ്റ്ററി ഓഫ് ദ ന്യൂ ഇന്ത്യന്‍ മിഡിൽ ക്ലാസ്
2:ബിപിന്‍ ചന്ദ്ര: ഇന്‍ ദ നെയിം ഓഫ് ഡെമോക്രസി
3:കെ.ബാലഗോപാല്‍: ഇയര്‍ ടു ദ ഗ്രൗണ്ട് സെലക്ടഡ് റൈറ്റിഠഗ്‌സ് ഓഫ് ബാലഗോപാൽ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Excerpt from kp sethunaths upcoming book khaki kakkayam adiyanthravsthayile keralam