നമ്മളെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആമുഖമോ, വിശദീകരണക്കുറിപ്പുകളോ നിയമാനുസൃതമായ നിര്‍വചനമോ ഒന്നും ആവശ്യമില്ല. തിരസ്‌ക്കാരത്തിന്റെ നിമിഷങ്ങളില്‍, ബാഹ്യമോ ആന്തരികമോ ആയ ഒരു സെന്‍സര്‍ഷിപ്പിന്റെയും സമ്മര്‍ദ്ദം കൊണ്ടല്ലാതെ നാമത് പ്രകടിപ്പിക്കുകയോ, സ്വീകരിക്കുകയോ, പങ്കിടുകയോ ചെയ്യുമ്പോള്‍ അതിന്റെ പവിത്രതയില്‍ നാം സന്തോഷിക്കുന്നുണ്ട്. അതെ, പവിത്രത എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്, കാരണം അതിന്റെ ആലിംഗനത്തില്‍ അമൂല്യവും നിഷ്‌കളങ്കവുമായ എന്തൊക്കെയോ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ശ്വാസനാളികളില്‍ നിറയുമ്പോള്‍, ഹൃദയങ്ങള്‍ പുഞ്ചിരി തൂകുന്നു, അവിശ്വസനീയമെന്നു തോന്നാമെങ്കിലും. എന്തിന്, പരിതാപകരമായ രീതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ പോലും പ്രതീക്ഷയുടെ, ആഹ്ലാദത്തിന്റെ ഈ തുടിപ്പറിയുന്നു. ഇത്തരം അപൂര്‍വ്വ നിമിഷങ്ങളിലെങ്കിലും അവര്‍ അന്തമില്ലാത്ത അടിമത്തത്തില്‍നിന്ന് അകലെയാകുന്നു.

പക്ഷേ, സ്വാതന്ത്ര്യം നമുക്കൊപ്പമോ നമുക്കിടയിലോ സ്ഥിരമായി നിലനില്‍ക്കുന്നില്ല. അതുകൊണ്ട് എല്ലാ ആഗസ്റ്റ് 15നും ഇന്ത്യയ്ക്ക് ഓരോ വയസ്സേറുന്ന വേളയില്‍ നമ്മളീ ആശയം അന്വേഷിച്ചു കണ്ടെത്തുകയും നമ്മോടുതന്നെ കൂടുതല്‍ വിശേഷണങ്ങളും സാദൃശ്യങ്ങളുമൊക്കെയായി വിശദീകരിക്കേണ്ടതുമുണ്ട്. 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വാതന്ത്ര്യമെന്നത് ഒരോ ഇന്ത്യന്‍ പൗരനും ജീവനുളള ഒരാശയമല്ല. അത് സമത്വത്തില്‍ പങ്കിടുന്നുമില്ല. ജാഗ്രത സ്ഥായിയായ ആവശ്യകതയായിരിക്കുന്നു.

ഒരു കലാകാരനെന്ന നിലയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ചട്ടക്കൂടുകളില്‍ കലാവിഷ്‌ക്കാരം നടത്താന്‍ ഞാന്‍ പ്രലോഭിതനാകുന്നു, കാരണം കലയുടെ പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ വളരെ അപൂര്‍വ്വമായേ ഇടം പിടിക്കാറുളളൂ. ചില അയഥാര്‍ത്ഥതലത്തില്‍ കല സഹജമായി അതിരുകളെ വികസിപ്പിക്കുകയും വലിയ നന്മകള്‍ സാദ്ധ്യമാക്കുകയും അങ്ങനെ കൂടുതല്‍ ജനാധിപത്യപരമായ സമൂഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് നമുക്ക് തോന്നാറുണ്ട്. നമുക്ക് ‘എല്ലാം സുഖകരം’ എന്ന സ്ഥായിയായ അനുഭവം തരുന്ന, സ്വയംവിമര്‍ശനത്തിന്റെ ഏതുരൂപത്തില്‍നിന്നും കലാകരാന്മാരെ അകറ്റിനിര്‍ത്തുന്ന ഒരുതരം യൂഫിമിസം.

Read More:പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ

വാസ്തവത്തില്‍, കലാകാരന്മാര്‍ സ്വയം ഉയരുകയും യാഥാര്‍ത്ഥകലയെ മണ്ണില്‍ച്ചവിട്ടിത്താഴ്ത്തി അഭിനവകല ഉന്നത മായികലോകത്തില്‍ വിരാജിക്കുകയും ചെയ്യുന്നു. പരിണിതഫലമോ, കലാകാരന്‍ എല്ലാ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും അടര്‍ത്തിമാറ്റപ്പെടുന്നു. എന്നാല്‍ സ്വത്വങ്ങളെ, വിശ്വാസങ്ങളെ, സമുദായേതര വ്യവഹാരങ്ങളെ, അനുഷ്ഠാനങ്ങളെ, ജീവിതത്തിന്റെ രാഷ്ട്രീയത്തെ ഒക്കെ മനസിലാക്കാന്‍ സമൂഹത്തിലെ ഏറ്റവും സ്പഷ്ടമായ മാധ്യമമാണ് കല. ജീവിതത്തിലെ ഓരോ നിമിഷത്തെയും കല ആഘോഷിക്കുകയും, വിശദീകരിക്കുകയും, നയിക്കുകയും, സ്വപ്‌നം കാണുകയും, പരിഗണിക്കുകയും, ചോദ്യം ചെയ്യുകയും, ഉത്തരം നല്‍കുകയും ചെയ്യുമ്പോള്‍ത്തന്നെ, അത് അവഗണിക്കുകയും, ചൂഷണം ചെയ്യുകയും ആസൂത്രിതമാവുകയും ചെയ്യുന്നു. അത് പ്രവര്‍ത്തിക്കുന്നത് കലയുടെ സഹൃദയത്വം, അതില്‍ പങ്കെടുക്കുന്നവര്‍, സ്ഥലസംബന്ധിയായ അഭിസംബോധനകള്‍, സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ എന്നിവയെല്ലാം നിശ്ചയിക്കുന്നതുപോലെയാണ്. അതുകൊണ്ടുതന്നെ സൗന്ദര്യത്തിന്റെ ഓരോ നിമിഷവും കൂടുതലും സൃഷ്ടിക്കപ്പെടുന്നത് വൈജാത്യത്തിന്റെ അങ്ങേയറ്റത്തോ കലാപത്തിലോ അല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കലാരൂപങ്ങള്‍ അവ രൂപം കൊണ്ട സമുദായങ്ങളെ പോലെത്തന്നെ അപൂര്‍വ്വമായാണ് ആദരിക്കപ്പെടുന്നത് അല്ലെങ്കില്‍ വലിയ സംവാദങ്ങളില്‍ പങ്കെടുക്കാന്‍ പാകത്തില്‍ ശക്തിപ്പെടുത്തുന്നത്. കലാലോകത്തെ ആകമാനം വിലയിരുത്തുമ്പോള്‍ എനിക്ക് പറയാനുളളത് അത് സമത്വമില്ലാത്തതും, ജനാധിപത്യവിരുദ്ധവും, സ്വാതന്ത്ര്യമില്ലാത്തതുമാണെന്നാണ്.

പക്ഷെ ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ നാമാദ്യം അംഗീകരിക്കേണ്ടത് കല ഒരു നിശ്ചയിക്കപ്പെട്ട പ്രവൃത്തിയാണ്, അല്ലാതെ ദൈവത്തിന്റെ സമ്മാനമോ അനുഗ്രഹമോ അല്ല എന്നുളളതാണ്. അത് ബോധപൂര്‍വ്വമുളള മാനുഷിക പ്രയത്‌നത്തിന്റെ സൃഷ്ടിയാണ്. ജനാധിപത്യത്തിനുളള ഇടം എന്ന മട്ടില്‍ കണ്ടുകൊണ്ട് നമ്മള്‍ കലയില്‍ ഇടപഴകുമ്പോള്‍ മറ്റൊരു ചിന്തയുദിക്കുന്നു. എല്ലാ അടിസ്ഥാനപരിസരത്തെയും ഇളക്കാന്‍പോന്ന ഇടപെടലുകള്‍ അനുവദിക്കാത്ത കലാലോകത്ത് ശരിയായ ക്രിയാത്മകത്വം ഉണ്ടാകുമോ? നിര്‍ഭാഗ്യവശാല്‍ ഇത്തരം വിമോചനവും സ്വാതന്ത്ര്യവുമൊക്കെ നിരീക്ഷിക്കാനുളള സംവിധാനങ്ങളാല്‍ സജ്ജമാണ് കലയുടെ ഏകാന്തലോകങ്ങള്‍. അപ്പോള്‍ നമ്മള്‍ അത്ഭുതപ്പെടണം, കലാകാരന്മാര്‍ സ്വതന്ത്രരല്ലേ എന്ന്? അത് മറ്റൊരു ദുര്‍ഘടമായ ചോദ്യത്തിലേക്ക് നയിക്കുന്നു, പിന്നെ നമ്മളെന്താണ് സൃഷ്ടിക്കുന്നത്?
ഒരു കലാകാരന്റെ ആദ്യ ജനാധിപത്യപരമായ പ്രവൃത്തി എന്നത് ഈ വീര്‍പ്പുമുട്ടലിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുക, തുടര്‍ന്നുകൊണ്ടേയിരിക്കുന്ന നിഷ്‌ക്രിയത്വത്തിന്റെ ക്രമം തകര്‍ക്കുക എന്നതാണ്. അപ്പോള്‍ കല വിധേയത്വത്തിന്റെ നിശ്ശബ്ദതയില്‍ നിന്ന് സ്വതന്ത്രയാവുകയും, പരിവര്‍ത്തനത്തിനുളള ഉപകരണമാവാന്‍ അനുവദിക്കുകയും ചെയ്യുന്നു. കലയുടെ പരമ്പരാഗത അധികാരശ്രേണിയെ കലാകാരന്‍ ചോദ്യം ചെയ്യുമ്പോഴേ കല മാറ്റത്തിനു വിധേയമാകുന്നുളളു. കലയുടെ തന്നെ ചലനാത്മകതയിലും കലാരൂപങ്ങള്‍ക്കിടയിലുമുളള മാറ്റം സമൂഹത്തില്‍ വലിയരീതിയില്‍ എന്തെങ്കിലും വ്യത്യാസം വരുത്തുമോ എന്ന് വായനക്കാരന്‍ അത്ഭുതപ്പെടുന്നുണ്ടാകും. കല സ്വയം ചോദ്യംചെയ്യപ്പെടുന്നതും ഉദാരവുമാകുമ്പോള്‍ വിവിധ മാധ്യമങ്ങളിലും രൂപങ്ങളിലുമുളള കലാവസ്തുക്കള്‍ ഓരോ ചിന്തയെയും സ്വാധീനിക്കും. സമൂഹത്തിന്റെ പല ശ്രേണിയില്‍നിന്നുളള, വ്യത്യസ്ത ലിംഗസ്വത്വങ്ങളില്‍ പെടുന്ന, സ്വതന്ത്രരായ കലാകാരന്മാര്‍ സംഗീതം, നൃത്തം, നാടകം, സാഹിത്യം, ദൃശ്യകലാരുപങ്ങള്‍, സിനിമ എന്നിവയിലൂടെയൊക്കെ ചിന്തയെ ഉദ്ദീപിപ്പിക്കും. അതുവരെ കല പരാജയമാണ്, ജനാധിപത്യം അടിച്ചമര്‍ത്തപ്പെട്ടതും സ്വാതന്ത്ര്യം നുണയുമാണ്.

മറ്റൊരു കവലയുണ്ട്, കലാകാരനല്ലാത്തൊരാള്‍ കലയുമായി സന്ധിക്കുന്നിടം. കലയെന്നത് സവിശേഷ സൗന്ദര്യബോധമുളവാക്കുന്ന വസ്തുക്കള്‍ സൃഷ്ടിക്കുക എന്നുളളതാണ്. പക്ഷെ കലയെ ഒരു ദാര്‍ശനികഗോപുരമായി മനസ്സിലാക്കുകയാണെങ്കില്‍, അവിടെ നൈസര്‍ഗികമായ മറ്റുചിലതുകൂടി പഠിക്കാനുണ്ട്. ഇത് ഒരു പൗരനായിരിക്കുന്നതിനോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്നു. എന്താണ് നമ്മളെ ഒരു പൗരനാക്കുന്നത്? നമ്മുടെ മേല്‍വിലാസത്തെക്കുറിച്ചോ, പാസ്സ്‌പോര്‍ട്ടിനെക്കുറിച്ചോ ആധാര്‍ നമ്പറിനെക്കുറിച്ചോ അല്ല ഞാന്‍ സംസാരിക്കുന്നത്. അതിനേക്കാള്‍ ആഴത്തില്‍ ചിലത് എന്നെ ഇന്ത്യയിലെ ഒരു പൗരനാക്കുന്നുണ്ട്, അതാണ് ജനാധിപത്യത്തിലെ സക്രിയമായ പങ്കുചേരല്‍. ജനാധിപത്യം ഓരോദിവസവും ഓരോനിമിഷവും സംഭവിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടിത് വലിയ ഗാംഭീര്യം കാണിക്കാനുളള സിദ്ധാന്തവല്‍ക്കരണമൊന്നുമല്ല. അതുകൊണ്ട് ഒരു പൗരനാവുക എന്നുവെച്ചാല്‍ നമ്മളാരാണ്, എവിടെയാണ് ജിവിക്കുന്നത്, നമ്മുടെ ബന്ധങ്ങള്‍, ചുറ്റുമുളളവയോടുളള താദാത്മ്യപ്പെടല്‍ തുടങ്ങിയ സങ്കീര്‍ണതകളില്‍ തുടര്‍ന്നും ജീവിക്കുക എന്നതാണ്. തന്നേക്കാള്‍ മറ്റുളളവര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവനാണ് ഒരു പൗരന്‍. സമൂഹം തിരസ്‌ക്കരിച്ചവര്‍, ഒന്നുമില്ലാത്തവര്‍ ഇത് അനായാസം ചെയ്യുന്നത് നമ്മള്‍ എപ്പോഴും കാണാറുണ്ട്. പക്ഷെ ഞാനും നിങ്ങളും അതൊക്കെ ഉട്ടോപ്യന്‍ സിദ്ധാന്തങ്ങളെന്ന് സ്വാര്‍ത്ഥതയോടെ അവഗണിക്കുന്നു.
ഇതെല്ലാം ആരംഭിക്കുന്നത് വ്യക്തിപരമായാണെങ്കിലും അത് വളര്‍ന്നു വികസിച്ച് പൗരന്മാരുടെ സമുദായങ്ങളെ സൃഷ്ടിക്കുന്നു. ഒരു പൗരന്‍ തന്റെ അവകാശങ്ങളുടെ, അധികാരങ്ങളുടെ, കടമകളുടെ നിഷ്‌ക്രിയ ഉപഭോക്താവല്ല. അവള്‍ തന്റെ പൗരത്വത്തിന്റെ എല്ലാവശങ്ങളും അന്വേഷിക്കുകയും, സ്വയം കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അവള്‍ സ്വന്തം വ്യക്തിത്വത്തില്‍നിന്നും തനിക്കു ചുറ്റുമുളള വൃത്തത്തില്‍ അവള്‍ കൈകാര്യംചെയ്യുന്ന വിവിധവേഷങ്ങളില്‍ നിന്നും ആരംഭിക്കുന്നു. എന്നാല്‍ പെട്ടെന്നുതന്നെ ചോദ്യങ്ങള്‍ നമ്മളെല്ലാവരെയും മൂടുകയും അവള്‍ അകവും പുറവുമായി നിരന്തരയുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു. കലാകാരന്‍ ഇത്തരം ചോദ്യങ്ങളിലേക്കെത്തുന്നത് ശബ്ദത്തിലൂടെ, വെളിച്ചത്തിലൂടെ, ആകൃതിയിലൂടെ ഒക്കെയായിരിക്കും പക്ഷെ പൗരന് അതവരുടെ ദൈനംദിന പ്രവൃത്തികളിലൂടെയാണ്. എന്നാല്‍ രണ്ടിലും നിരീക്ഷണം, ആത്മവിമര്‍ശനം, സ്വീകരിക്കാനുളള തുറന്ന പ്രകൃതം എന്നിവ അനിവാര്യമാണ്.

പരസ്പരബന്ധമുളള സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലുളള ധാരണ, മനുഷ്യരോടും ചുറ്റുപാടിനോടുമുളള നമ്മുടെ ബന്ധങ്ങളിലുളള പ്രകടമായ അസമത്വങ്ങളെ തിരിച്ചറിയല്‍ – അതാണ് പൗരത്വം. നമ്മള്‍ സ്വതന്ത്രരല്ല, നമ്മളില്‍ പലരും കരുതുന്നതുപോലെ സാധാരണരീതിയിലുളള ജീവിതം എന്നത് മറ്റുളളവരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ലംഘിച്ചുകൊണ്ടുമാണ്. നമ്മള്‍ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങുമ്പോഴേ, സങ്കല്‍പ്പം ക്രിയാത്മകമാകുമ്പോഴേ പൗരത്വം സജീവമാകുന്നുളളൂ. ഇത് വീണ്ടുമൊരു പൊളിച്ചടുക്കലിലേക്ക്, വ്യക്തിപരമായ ഭൂപടങ്ങള്‍, സ്വത്വങ്ങള്‍, ആചാരങ്ങള്‍, സമൂഹത്തിലേക്കുളള നമ്മുടെ സംഭാവനയുടെ സ്വഭാവം എന്നിവയെ പൊളിച്ചെഴുതാന്‍ സഹായിക്കും.

ബെസ്വാദ വില്‍സന്‍ തനിക്കുനേരെ നീട്ടിയ തോട്ടിപ്പണി നിഷേധിച്ചപ്പോള്‍, തന്റെ വാക്കുകള്‍ മായ്ച്ചുകളയുന്നിടത്ത് തന്നിലെ എഴുത്തുകാരന്‍ മരിക്കുന്നുവെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചപ്പോള്‍, അവര്‍ പൗരന്മാരായിത്തീരുകയാണ്. വ്യക്തിപരമായ സംഘര്‍ഷത്തെ മറികടക്കുന്ന വലിയ കടമയാവുകയാണ് ആ പ്രവൃത്തികള്‍. വ്യക്തികളിലെ കലാകാരന്‍ പുറത്തുവരുന്ന ക്രിയാത്മക പ്രവൃത്തികളാണവ, തല്‍ക്ഷണമുണ്ടാവുന്ന സ്വാതന്ത്ര്യം.
കലാകാരനും പൗരനും തിരിച്ചറിയുന്നത് ഒരേ രീതിയിലുളള പ്രക്രിയയിലൂടെയാണ്. രണ്ടും മനഃപ്പൂര്‍വവും ആലോചിച്ചുറപ്പിച്ചും സംഭവിക്കുന്നതാണ്. ദൈനിംദിനജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്ന സംഘര്‍ഷത്തില്‍ ജീവിക്കുകയും പ്രതികരിക്കുകയും, താദാത്മ്യപ്പെടുകയും, പങ്കിടുകയും, ചോദ്യം ചെയ്യുകയും, വെല്ലുവിളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ മാത്രം സംഭവിക്കുന്നവ. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ ജനസംഖ്യയിലെ വിവിധതരക്കാര്‍ പൗരന്മാരാവുകയും ഈ പങ്കാളിത്ത ജനാധിപത്യത്തിന്റെ മുന്‍നിരയിലുണ്ടാവുകയും ചെയ്ത പല ഘട്ടങ്ങള്‍ നമുക്കുണ്ടായിരുന്നു. പിന്നീട് നമ്മള്‍ നമ്മുടെ പൗരത്വമെന്ന വികാരത്തെ ആക്ടിവിസ്റ്റുകള്‍ക്ക് അടിയറ വെച്ചു. എന്നിട്ട് നിശബ്ദരായി, ചിറകുകള്‍ വിടര്‍ത്താന്‍ ധൈര്യമില്ലാത്തവരായി ഒതുങ്ങിക്കൂടി.

ഇപ്പോള്‍ നമ്മള്‍ ഇന്ത്യയിലെ പൗരന്മാരാകേണ്ട സമയമായിരിക്കുന്നു. ചിന്തകളെ ജനാധിപത്യവല്‍ക്കരിക്കുക, സ്വാതന്ത്ര്യം എല്ലാദിവസത്തെയും സംവാദമാക്കി മാറ്റുക. ഈ ആശയങ്ങളുടെമേല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ സർഗാതമകതയിലേയ്ക്കും വിലങ്ങുകളില്ലാത്ത സ്വാതന്ത്ര്യത്തിലേയ്ക്കും നമ്മളെത്തിച്ചേരുക . അങ്ങനെ പൗരന്‍ കലാകാരനാവുകയും കലാകാരന്‍ ഒടുവില്‍ തന്റെ പൗരത്വം കണ്ടെടുക്കുകയും ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook