scorecardresearch
Latest News

ദയാവധം: ജീവിതത്തിനും മരണത്തിനുമപ്പുറം

ദയാവധം എന്നത് ചെലവേറിയ കാര്യമാണ്. ഇന്ത്യ പോലുളള രാജ്യങ്ങളിൽ അത് നടപ്പാക്കുമ്പോൾ ഏറെ സൂക്ഷമത ഉണ്ടാകേണ്ടതുണ്ട്. ഇന്ന് ദയാവധം അനുവദിക്കിപ്പെട്ടിട്ടുളള ഒരിടം “ആത്മഹത്യ ടൂറിസ”ത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ടോ? സ്വിറ്റ്സർലാൻഡിലെ ആരോഗ്യപ്രവർത്തകനായി ലേഖകൻ​ എഴുതുന്നു

“അന്തസ്സോടെയുള്ള ജീവിതം, അന്തസ്സോടെയുള്ള മരണം.” (Life with Dignity, Death with Dignity) ആത്മഹത്യ എന്ന ‘ഏക പോംവഴി’ തേടുന്ന മനുഷ്യനെ ആത്മഹത്യയിലേക്ക് ‘അസിസ്റ്റ്’ ചെയ്യുന്ന സ്വിറ്റ്‌സർലാൻഡിലെ ഒരു സംഘടനയുടെ ദിശാസൂചികയാണിത്. ഈ വാചകമാണ് ‘ദയാവധം’ ഇന്ത്യയിൽ നടപ്പാക്കാൻ അനുമതി നൽകുന്ന വിധി പ്രസ്താവിച്ചപ്പോൾ, ബഹുമാനപ്പെട്ട സുപ്രിം കോടതി സൂചിപ്പിച്ചത്.

അന്തസ്സോടെ ജീവിക്കാനുളള അവകാശം എന്നത് ഇന്ന്, ആധുനിക ലോകത്ത് അംഗീകരിക്കപ്പെട്ടതാണ്. സാമ്പത്തിക സുരക്ഷ, സാമൂഹിക തുല്യത, ജനാധിപത്യപരമായ അവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ​ പൂർണ്ണ വ്യക്തി സ്വാതന്ത്ര്യത്തോടെയുള്ള ജീവിതമാണ് അന്തസ്സോടെ ജീവിക്കാനുളള അവകാശം ചുരുക്കി പറയാം. എന്നാൽ, എന്താണ് അന്തസ്സോടെയുള്ള മരണം?

സാധാരണ ഗതിയിലുള്ള ഏതൊരു മരണവും അന്തസ്സോടെയുള്ള മരണമാണ്. രാജ്യത്തിന് വേണ്ടി മരിക്കുന്നത് ധീരവും അന്തസ്സാർന്നതുമായ മരണമായിട്ടാണ് ഓരോ രാജ്യവും കണക്കാക്കുന്നത്. എന്നാൽ ഇപ്പോൾ സുപ്രീം കോടതി പരാമർശിക്കപ്പെട്ട ‘അന്തസ്സോടെയുള്ള മരണ’മെന്താണ്? കടുത്ത വേദനയിലും, ജീവച്ഛവമായും, ഒരിക്കലും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ കഴിയാതെ, എന്നാൽ മരണത്തിന് വിധേയമാകാതെ ‘ജീവിച്ചിരിക്കുന്ന ഒരു ശരീരമായി’ കിടക്കുന്നവർക്ക്, അവരുടെയും ബന്ധുക്കളുടെയും, വിവിധ മെഡിക്കൽ വിഭാഗങ്ങളുടെയും, സർക്കാർ, നിയമ, മനുഷ്യാവകാശ വകുപ്പുകളുടെയും അനുമതിയോടെ മോശമായ അവസ്ഥയിൽ ‘ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദപ്പെട്ട മരണത്തിലേയ്ക്ക്’ ആനയിക്കുന്നതിനെയാണ്, അന്തസ്സോടെയുള്ള മരണമെന്നതുകൊണ്ട് കോടതി ഉദ്ദേശിക്കുന്നത്. ഒറ്റ വാക്കിൽ പറഞ്ഞാൽ ദയാവധം. എന്നാൽ ദയാവധമൊരു വധമല്ല.

ദയാവധം അംഗീകരിച്ചിരിക്കുന്ന രാജ്യങ്ങൾ വിരളമാണ്. സ്വിറ്റ്‌സർലാൻഡ്, നെതർലാൻഡ്സ്, ബെൽജിയം, ലക്സംബർഗ്, അമേരിക്കയിലെ ഓറിയോൺ സംസ്ഥാനം, എന്നിവയാണ് ദയാവധം നടപ്പിലാക്കിയ രാജ്യങ്ങൾ. വാഷിങ്ടൺ സംസ്ഥാനവും ഈ നിയമങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കുട്ടികളുടെ ദയാവധം അംഗീകരിച്ചിരിക്കുന്ന രാജ്യം ബെൽജിയമാണ്.

നിലവിൽ ‘അന്തസ്സാർന്ന ജീവിതം’ ജനങ്ങൾ അനുഭവിക്കുന്ന, അതിനുള്ള സാമൂഹിക സാഹചര്യവും, സാമ്പത്തീക സൗകര്യങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും ഉറപ്പു നൽകുന്ന സാമൂഹ്യവ്യവസ്ഥയുള്ള രാജ്യങ്ങൾ തന്നെയാണ് ‘അന്തസോടെയുള്ള മരണത്തിനും’ അനുമതി നൽകിയിരിക്കുന്നത്.

ജനിക്കുന്നതു മുതൽ തൊഴിൽ ലഭിക്കുന്നതു വരെയുള്ള കാലഘട്ടത്തിൽ എല്ലാ വിധ ക്ഷേമ സൗകര്യങ്ങൾക്ക് പുറമെ, മാസം തോറും സർക്കാരുകൾ നൽകുന്ന ‘പോക്കറ്റ് മണി’, കൂടാതെ തൊഴിൽ നഷ്ടപ്പെട്ടാൽ ലഭിക്കുന്ന ശമ്പളത്തിന്‍റെ ഭൂരിഭാഗം തൊഴിലില്ല്യായ്മ വേതനം നൽകുന്ന സാമ്പത്തീക സുരക്ഷാ, എല്ലാവർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസ്, സമ്പൂർണ്ണ പെൻഷൻ പദ്ധതി, മാനസീക-ശാരീരിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കും, പരിമിതികളും ഭിന്നശേഷിയുളളവരുടെയും ജീവിതം പൂർണ്ണമായും സർക്കാരുകൾ ഏറ്റെടുക്കുന്ന വിധത്തിൽ അന്തസ്സുള്ള ജീവിതം ഉറപ്പു വരുത്തിയിരിക്കുന്ന രാജ്യങ്ങളാണവ.

ജാതി വ്യവസ്ഥയോ, തൊഴിൽപരമായ വിവേചനമോ ഇല്ലാത്ത, ജാതി മത വർണ്ണ ലിംഗപരമായ വിവേചനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളെടുക്കാൻ കഴിയുന്ന നീതിന്യായ സംവിധാനങ്ങളുമുള്ള, കുറ്റകൃത്യങ്ങൾ താരതമ്യേന കുറവുകളുള്ള രാജ്യങ്ങളും കൂടിയാണ് അന്തസ്സാർന്ന മരണവും അനുവദിച്ചിട്ടുള്ളത്.

മേൽപ്പറഞ്ഞ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, എത്രമാത്രം സാമൂഹിക സാമ്പത്തീക, ജാതി, മത, ലിംഗ, തൊഴിൽ അസന്തുലിതാവസ്ഥയും വിവേചനങ്ങളും നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. നീതിന്യായ സംവിധാനങ്ങളും നടപ്പിലാക്കുന്ന രീതികളും എത്രമാത്രം സുതാര്യമാണെന്ന കാര്യങ്ങളും ഈ വിധിയോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു.

ദയാവധം രണ്ടു തരത്തിലുണ്ട്. അതിൽ രണ്ടാമത്തെ വിഭാഗമാണ് ആത്മഹത്യയിലേക്കുള്ള ആനയിക്കൽ, അഥവാ ‘ആത്മഹത്യയെ അസിസ്റ്റ് ചെയ്യുക’ എന്നത്. അതായത് വിവിധ കാരണങ്ങളാൽ ജീവിച്ചിരിക്കാൻ ആഗ്രഹമില്ലാത്തവരും, മരണമാണ് ഏക പോംവഴിയെന്നും കരുതുന്നവർ. മാനസിക പ്രശ്നങ്ങളും, വിഷാദരോഗങ്ങളും പിടിപെട്ടു ജീവിതം നരകതുല്യമായ രീതിയിൽ കാണുന്നവർ. അവരെ കഴിയുന്നതും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുക എന്നതും, അതൊരിക്കലും സാധ്യമാകാതെ വന്നാൽ അവരുടെ താൽപര്യപ്രകാരം ‘നിയമപരമായ ആത്മഹത്യ’ യിലേക്ക് കൊണ്ടു പോകുകയെന്നതുമാണത്. സ്വിറ്റ്‌സർലാൻഡ് രണ്ടുതരം ദയാവധങ്ങളും അംഗീകരിച്ച് നടപ്പാക്കുന്ന രാജ്യമാണ്.

സാധാരണ നിലയ്ക്കുള്ള ദയാവധം ചെറിയ കാലയളവുകൾക്കുള്ളിൽ നിന്ന് നടപ്പാക്കുമ്പോൾ, ആത്മഹത്യയിലേക്ക് ആസിസ്റ്റ് ചെയ്യുന്ന ദയാവധത്തിന് കുറഞ്ഞത് നാല്‌ വർഷമെങ്കിലുമെടുക്കും.

പരമാവധി ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുക എന്നതാണ് ആദ്യത്തെ വലിയ ശ്രമം. ശേഷമാണ് ആത്മഹത്യയിലേക്ക് അസിസ്റ്റ് ചെയ്യപ്പെടുക. ആരുടേയും പ്രേരണയില്ലാതെ വ്യക്തി സ്വയം എടുക്കേണ്ട തീരുമാനമാണത്.

ആത്മഹത്യയിലേക്ക് അസിസ്റ്റ് ചെയ്യുന്ന രണ്ട് സംഘടനകളാണ് സ്വിറ്റ്‌സർലാൻഡിലുള്ളത്. ഡിഗ്നിറ്റാസ് (Dignitas), എക്സിറ്റ് (Exit) എന്നിവയാണത്. ഇതിൽ ഡിഗ്നിറ്റാസ് സംഘടനയുടെ തലവാചകമാണ് ഈ ലേഖനത്തിന്‍റെ ആദ്യം ചേർത്തിരിക്കുന്നത്.

‘ആത്മഹത്യ ടൂറിസ’വും സ്വിസ്സിന്‍റെ ഭാഗമാകുന്നുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ദയാവധവും, അതിന്‍റെ ഭാഗമായുള്ള നിയമപരമായ ആത്മഹത്യയ്ക്കും വേണ്ടി ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും, മറ്റു യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുമായി സ്വിറ്റ്‌സർലാൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 75000 പേരിലധികമാണ്. രജിസ്റ്റർ ചെയ്തിരിക്കുന്നവരിലെ ശരാശരി പ്രായനിരക്ക് 77 വയസ്സാണ് എന്നത് വാർദ്ധക്യത്തിലെ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദയാവധം എന്ന പ്രക്രിയ ചെലവേറിയതാണ്. 7000 (ഏകദേശം അഞ്ച് ലക്ഷം രൂപ) സ്വിസ് ഫ്രാങ്ക് മരണത്തിലേയ്ക്ക് മാത്രം ചെലവാകും. മരണാനന്തര ചടങ്ങുകൾക്ക് ഇതിന് പുറമെ 3500 സ്വിസ് ഫ്രാങ്കും ചെലവാകും.

ദയാവധം നടപ്പാക്കുന്നതിന് വിവിധ രീതികളുണ്ട്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാൽ, ഡോക്ടറിന്‍റെയും, സർക്കാരിന്‍റെയും, നിയമവകുപ്പിന്‍റെയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിശ്ചയിക്കപ്പെട്ട സമയത്തിന് അര മണിക്കൂർ മുമ്പ് ആന്റിമെറ്റിക്ക് (Antiemetic) ഡ്രഗ്‌ കഴിക്കാൻ നൽകും. ഛർദ്ദി ഒഴിവാക്കാനുള്ള മരുന്നാണിത്. അരമണിക്കൂറിനു ശേഷം കൃത്യസമയത്തു തന്നെ മരണത്തിനായുളള മരുന്ന് മരണം തിരഞ്ഞെടുത്തയാളിന്‍റെ കൈവശം നൽകും. അപ്പോഴും അത് ഉപയോഗിക്കണോ വേണ്ടയോ എന്നത് ആ ആളിന്‍റെ അവകാശമായിരിക്കും.

മരണം തിരഞ്ഞെടുത്തയാൾ അത് ഉപയോഗിക്കാൻ തീരുമാനിക്കുകയും ഉപയോഗിക്കുകയും ചെയ്താൽ അത് ഉളളിലെത്തി നാലഞ്ച് മിനിറ്റിനുള്ളിൽ തീർത്തും അബോധാവസ്ഥയിലാകുന്ന വ്യക്തി അധികം കഴിയാതെ മരിക്കും. സ്വയം കഴിക്കാൻ സാധിക്കാത്ത നിലയിലുള്ളവർക്ക് ഇൻജെക്ഷൻ വഴിയാണ് മരുന്ന് നൽകുക. വേഗത്തിലും മരണം തിരഞ്ഞെടുത്ത വ്യക്തിക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കിയുമുള്ള മറ്റു രീതികളും പരിശോധിക്കപ്പെടുന്നുണ്ട്.

നാല് ചെറിയ രാജ്യങ്ങളും രണ്ടു അമേരിക്കൻ സംസ്ഥാനങ്ങളും മാത്രമാണ് ലോകത്ത് ഇതു വരെ ദയാവധം അഗീകരിച്ചിട്ടുള്ളത്. അതിൽ നിന്നും ഇതിന്‍റെ ആഗോള ജനകീയ സ്വീകാര്യത എത്രയെന്ന് ആർക്കും ബോധ്യപ്പെടും.

മരിക്കാനുളള അവകാശം (Right to Die?) എന്ന ചോദ്യം പ്രസക്തവും ചിന്തനീയവുമാണ്. ജീവിക്കാനുളള അവകാശം പോലെ തന്നെ ഒരു മനുഷ്യന് അഭിമാനത്തോടെ മരിക്കാനും അവകാശമുണ്ടെന്ന വാദം ഉയരുന്നത്. നിയമങ്ങൾ കൃത്യതയോടും സുതാര്യതയോടും നടപ്പിൽ വരുത്തുന്ന രാജ്യങ്ങളോടൊപ്പം, നിയമങ്ങൾക്കുമീതെ ധനവും അധികാരവും നടമാടുന്ന രാജ്യങ്ങളിൽ ദയാവധം പോലെ  സങ്കീർണ്ണതകളുള്ള മാനുഷീക, സാമൂഹിക നിയമം എങ്ങനെ നടപ്പാക്കാൻ ​സാധിക്കും.

ഇന്ത്യ പോലുളള ഒരു രാജ്യത്ത് ഇത്തരം നിയമം നടപ്പാക്കുമ്പോൾ വ്യതിയാനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മവും നിതാന്തവുമായ ജാഗ്രത എല്ലായിടങ്ങളിൽ നിന്നുമുണ്ടായില്ലെങ്കിൽ ഫലം നേർവിപരീതമാകും.

ഈ നിയമം നടപ്പാക്കാൻ​ തീരുമാനിച്ച രാജ്യങ്ങളിലെ പൗരബോധവും ജനാധിപത്യ ബോധവും നിയമ സംവിധാനവും കൂടെ ഇതിനൊപ്പം പരിഗണിക്കപ്പെടേണ്ടതുണ്ട്.​ ഇന്ത്യയിൽ ഇത്തരമൊരു വിഷയം പരിഗണിക്കപ്പെടുമ്പോൾ ഇതിന് മുമ്പ് പരിഗണിക്കപ്പെടേണ്ട മറ്റൊന്ന് കൂടെ പരിഗണിക്കപ്പെടേണ്ടേ. അന്തസ്സായി മരിക്കാനുളള അവകാശം തിരഞ്ഞെടുക്കാൻ അന്തസ്സായി ജീവിക്കാൻ ഉളള അവകാശം കൂടെ ഇന്ത്യൻ ജനതയ്ക്ക് ലഭിക്കേണ്ടതില്ലേ. ദയാവധം എന്നതിന് മേൽ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതിന് മുമ്പ് ഈ യാഥാർത്ഥ്യം കൂടെ പരിഗണിക്കപ്പെടേണ്ടതല്ലേ. ഈ പശ്ചാത്തലങ്ങളൊക്കെ പരിഗണിച്ചാകണം ഇന്ത്യയിലെ ദയാവധം സംബന്ധിച്ച ചർച്ചകൾ മുന്നോട്ട് പോകാനുളളത്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Euthanasia assisted dying debate switzerland sunny asthappan