വെടക്കാക്കി തനിക്കാക്കുക എന്നത് ഒരു കമ്പോള തന്ത്രമാണ്. അതി ശക്തമായ മത്സരം നിലനിൽക്കുന്ന മാർക്കറ്റുകളിലാണ് പൊതുവെ ഈ കഴുത്തറപ്പൻ തന്ത്രങ്ങൾ യാതൊരു ധാർമ്മികതയും ഇല്ലാത്ത സ്ഥാപനങ്ങൾ നടത്തുന്നത്. പലപ്പോഴും വമ്പന്മാരെയാണ് വൃത്തികെട്ട കളികളിലൂടെ ഇല്ലാതാക്കാൻ വമ്പന്മാരാവാൻ മുൻപിട്ടിറങ്ങുന്നവർ ലാക്കാക്കുന്നതു.

ഈ അടുത്തകാലം വരെ പൊതു മേഖല ബാങ്കുകൾ, പ്രത്യേകിച്ച് എസ് ബി ഐ സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സുതാര്യതയുടെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ സാധാരണ ഇന്ത്യക്കാരന്റെ ബാങ്കിങ് സഹായിയായി നിലനിന്നു.”The Banker to Every Indian” എന്ന പ്രമാണ വാക്യത്തോട് നീതി പുലർത്താൻ എസ് ബി ഐ അതിന്റെ പരമാവധി ശ്രമിച്ചിരുന്നുവെന്നത് വസ്തുതയാണ്. മുട്ടാളത്തരം കാണിക്കുന്ന പ്രൈവറ്റ് ബാങ്കുകളെ സാധാരണക്കാരൻ നേരിട്ടത് എസ് ബി ഐ,എസ് ബി ടി എന്നിവയുടെയും മറ്റു സ്റ്റേറ്റ് ബാങ്കുകളുടെ പ്രവർത്തനത്തിന്റെ പിൻബലത്തിലാണ്.

നവ​ഉദാരവത്ക്കരണ പ്രക്രിയ തുടങ്ങിയ ശേഷം ഒരുപാട് പുതുതലമുറ സ്വകാര്യ ബാങ്കുകളും ബഹുരാഷ്ട്ര ബാങ്കുകളും ഇന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടും അവർക്കൊന്നും പൊതുമേഖല ബാങ്കുകൾ പ്രത്യേകിച്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി മത്സരിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. മൊത്തം ബാങ്കിങ് മേഖലയുടെ 20 – 22 ശതമാനത്തോളം മാർക്കറ്റ് ഷെയറും 18 ശതമാനത്തോളം ബ്രാഞ്ചുകളും, 20 ശതമാനത്തോളം സ്റ്റാഫും എസ് ബി ഐയുടെതാണു. മാത്രമല്ല കാലാകാലങ്ങളായി എസ് ബി ഐ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കിങ് ബ്രാൻഡ് ആണ്.

sbi, india, account

എസ് ബി ഐയുമായിട്ടുള്ള ബന്ധം ഉപഭോക്താവിന് വെറും സേവനദാതാവും ഉപഭോക്താവും മാത്രമല്ല, അതിലും വലുതായിരുന്നു. പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ കഴുത്തറപ്പൻ രീതിയില്ല എന്ന് മാത്രമല്ല ചെറിയ സമ്പാദ്യങ്ങളും ചെറിയ പണമിടപാടിനുമായി ആർക്കും കയറിചെല്ലാവുന്ന ഇടമായിരുന്നു അത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പുതിയ ബാങ്കുകളിൽ നിങ്ങളുടെ പണമിടപാടിന്റെ വലുപ്പമാണ് അവിടെയിരിക്കുന്നവർ ഉപഭോക്താവിനെ സ്വീകരിക്കുന്നതിനായുള്ള പ്രധാന ഘടകം, പക്ഷെ സർക്കാരിന്റെ ചെറിയ തുകയ്ക്കുള്ള ക്ഷേമ പെൻഷൻ വാങ്ങുന്ന ഏതൊരു ആൾക്കും ഒരു വ്യക്തി അർഹിക്കുന്ന എല്ലാ മാന്യതയുടെയും ക്രയവിക്രയം നടത്താവുന്ന ഒരിടമായിരുന്നു അടുത്തകാലം വരെ എസ് ബി ഐ.

പക്ഷെ അതൊക്കെ ഇന്ന് എസ് ബി ഐ യുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്, ശരാശരി ഇന്ത്യക്കാരന്റെ ബാങ്ക് എന്നതിൽ നിന്നും അവന്റെ പിച്ചച്ചട്ടിയിലുള്ള എല്ലാ തുണ്ടുകളും എങ്ങനെയെങ്കിലും സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു കൊളളക്കണ്ണുളള കച്ചവടക്കാരനായാണ് എസ് ബി ഐയുടെ പുതിയ അവതാരം. ഉപയോക്താവ് മാത്രമല്ല എസ് ബി ഐ യുടെ ബ്രാഞ്ചുകളിലെ ജീവനക്കാരും ഈ മാറ്റത്തിൽ പകച്ചിരിക്കുകയാണ്. ബാങ്കിങ് സഹായി എന്ന നിലയിൽ നിന്നും ഷൈലോക്കിലേക്കുള്ള പരിവർത്തനം ഉൾകൊള്ളാൻ പല ജീവനക്കാർക്കും കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല, എന്തിനു സാധാരണക്കാരന്റെ ശാപവചനകളുടെ മൊത്തക്കച്ചവടക്കാരനാവണം ഞങ്ങൾ എന്നു വിലപിച്ച ഒരു ബ്രാഞ്ച് മാനേജരെ ഈ അടുത്ത് കണ്ടു. മുകളിലുള്ളവർക്കു തീരുമാനിച്ചാൽ മതിയല്ലോ, ഞങ്ങളല്ലേ ഉപയോക്താക്കളെ കാണുന്നത്, ഇതെല്ലാം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പരിണതഫലം എന്തെന്ന് അവർക്കറിയാമോ എന്നു ചോദിച്ചത് വേറൊരു മാനേജർ. വേറൊരാൾ പറഞ്ഞത്, നിക്ഷപത്തിനായുളള ക്യാൻവാസ് നിർത്തി, പകരം ആളുകളോട് അക്കൗണ്ട് അടച്ചു വല്ല ഗ്രാമീണ ബാങ്കിലോ, കോഓപ്പറേറ്റീവ് ബാങ്കിലോ പോകാനാണ് രഹസ്യമായി ആവശ്യപ്പെടുന്നതെന്ന്, എന്തിനാണ് സ്വന്തം കൈയില്ലേ പൈസ ഇങ്ങനെ സർവീസ് ചാർജുകൾ അടച്ചു ഉപയോഗിക്കുന്നത്?

സേവങ്ങൾക്കു സർവീസ് ചാർജ് ഏർപെടുത്തിയതിനെ ന്യായികരിക്കുന്നവർ പറയുന്നത് ശമ്പള അക്കൗണ്ടുകൾക്കിതു ബാധകമല്ല എന്നതാണ്. അത് എത്രത്തോളം ശരിയാണ്? നിങ്ങളുടെ സ്ഥാപനം ബാങ്കുമായുണ്ടാക്കുന്ന ഉടമ്പടി അനുസരിച്ചായിരിക്കും ബാങ്ക് സേവനങ്ങൾ തരുന്നത്. പക്ഷെ, 90 ശതമാനത്തിനും മേൽ തൊഴിലാളികൾ അസംഘടിത മേഖലയിലും സ്വയം തൊഴിൽ ചെയ്യുന്നവരും ആവുമ്പോൾ ഈ ആനുകൂല്യം എത്ര പേർക്ക് കിട്ടും, ഒപ്പം എസ് ബി ഐ യുടെ ഉപയോക്താക്കളും പെൻഷനേഴ്‌സ് നല്ലൊരു ശതമാനം ഉണ്ട്. അവർക്കെങ്ങനെ ഇതു സഹായകരമാവും? സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും, സ്വന്തം ഉപഭോക്താക്കളെ കുറിച്ചും വ്യക്തമായ ഒരു മാനേജ്മെന്റിന് മാത്രമേ ഇന്ന് എസ് ബി ഐ നടത്തുന്ന പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ പറ്റുകയുള്ളു എന്നു മാത്രമല്ല ഈ പരിഷ്‌കാരണങ്ങളെ വളർച്ചയിലേക്കുള്ള പുതുതന്ത്രമായി കാണാൻ പറ്റു.

എന്താണ് ​എസ് ബി ഐ യ്ക്ക് പറ്റിയത്? എങ്ങനെയാണ് ജനങ്ങളുടെ ബാങ്കിൽ നിന്നും ജനദ്രോഹ ബാങ്കിലേക്ക് എസ് ബി ഐ മാറിയത്?

ഉദാരവൽക്കരണത്തിന് ശേഷം സ്വകാര്യ മൂലധനം വളർന്നപ്പോൾ അതിനു വേണ്ട സഹായം ചെയ്തവരിൽ പ്രധാനികൾ പൊതു മേഖല ബാങ്കുകൾ ആയിരുന്നു, പ്രത്യേകിച്ചും എസ് ബി ഐ. ഇന്ത്യൻ കോർപ്പറേറ്റ് നവ മുതലാളിത്ത മേലാളന്മാർക്കു നിക്ഷേപങ്ങൾ ആയതു എസ് ബി ഐലെയും മറ്റു പൊതു മേഖല ബാങ്കുകളുമായി ആം ആദ്മി പലതുള്ളികളായി ഇട്ട ചെറു നിക്ഷേപങ്ങൾ ആണ്. 2000ത്തിനു ശേഷം ബാങ്കുകൾ നവമുതലാളിത്ത നിക്ഷേപങ്ങൾക്കായി നൽകിയ തുക, കണക്കുകൾക്കപ്പുറം ആയിരുന്നു.

sbi, atm, service charges,

ഈ കാലഘട്ടത്തിലാണ് മുതലാളിമാർ കൂട്ടം കൂട്ടമായി രാജ്യ സഭയിലേക്കും ലോക സഭയിലേക്കും ചേക്കേറിയത്. അവർ പാർലമെന്റിന്റെ സുപ്രധാന കമ്മിറ്റികളിലും കമ്മീഷനുകളിലും യാതൊരു ബിസിനസ് എത്തിക്‌സും നോക്കാതെയിരുന്നപ്പോൾ ഒരു പാർട്ടിയും അതിനെതിരെ ശബ്ദമുയർത്തിയില്ല എന്നു മാത്രമല്ല, ജനങ്ങളും നിശ്ശബ്ദരായിരുന്നു. കാരണം കോർപ്പറേറ്റ് ഗവർണൻസ് എന്നത് എന്തോ മഹാകാര്യമാണെന്നു സാധാരാണ ജനത്തിനേ വിശ്വസിപ്പിക്കാൻ ഈ നവ മുതലാളിമാർക്കായിരുന്നു – അതിനു ചുക്കാൻ പിടിക്കാൻ മാധ്യമങ്ങളും നിന്നപ്പോൾ ഈ അവിശുദ്ധ ബന്ധങ്ങൾ വിശുദ്ധങ്ങളായി.

കോർപ്പറേറ്റ് ഹൗസുകൾ അവർക്കുകിട്ടിയ അവസരം നാന്നായി ഉപയോഗിച്ചു. ഈ യാത്രയിൽ അവർ പല രാഷ്ട്രീയക്കാരെയും തങ്ങളുടെ ബിസിനസ് കൂട്ടുകക്ഷികളാക്കി, ബ്യുറോക്രാറ്റ്‌സുകളെ കൂളിംഗ് പീരീഡ് എന്ന കാലമൊന്നും നോക്കാതെ റിട്ടയേർഡ് ആയതിന്റെ പിറ്റേ മാസം തന്നെ തങ്ങളുടെ ഉപദേഷ്‌ടാക്കളും ഉന്നത ഉദ്യോഗസ്ഥരും ആക്കി. അങ്ങനെ അവിശുദ്ധ ബന്ധങ്ങളുടെ നിരയില്ല കാലത്തിലേക്ക് ഇന്ത്യൻ രാഷ്ട്രീയവും കോർപ്പറേറ്റ് ലോകവും മാറിയപ്പോൾ അത് മാധ്യമങ്ങൾ അറിഞ്ഞെങ്കിലും കണ്ടില്ലയെന്നു നടിച്ചു അല്ലെങ്കിൽ അവരും അതിന്റെ അപ്പക്കഷണങ്ങളിൽ അറിയാതെ വഴുതി.

നീര റാഡിയ ടേപ്പിൽ രത്തൻ ടാറ്റ ബനാന റിപ്പബ്ലിക്ക് എന്നു പറഞ്ഞപ്പോൾ അത് എത്ര ഭീകരമായി ഇന്ത്യൻ സാമ്പത്തിക-ഭരണ വ്യവസ്ഥയെ നിയന്ത്രിച്ചു തുടങ്ങിയെന്നു സാധാരണക്കാരന് മനസ്സിലായില്ല. കോർപ്പറേറ്റ് – രാഷ്ട്രീയ – ഉദ്യോഗസ്ഥവൃന്ദ കൂട്ടുകെട്ട്, രാജ്യത്തിൻറെ ജനാധിപത്യ സ്ഥാപനങ്ങളെ, ജനാധിപത്യ പ്രക്രിയയെ ഒക്കെ, തങ്ങളുടെ വരുതിയിലാക്കി. ഇതിനെയൊക്കെ ചോദ്യം ചെയ്യുന്നുവെന്നും നടിച്ചു വന്ന മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും എന്തിന്നു പാർലമെന്റിലേയ്ക്കുള്ള യാത്രയിൽ ഒരു കോർപ്പറേറ്റ് ഭീമന്റെ സ്വകാര്യ വിമാനത്തിൽ ആയതു, പുതിയ അവിശുദ്ധ ബന്ധങ്ങൾ ജനത്തിനെയും ജനാധിപത്യത്തിന്റെയും പരിഹസിക്കുന്നതാണെന്നു മനസിലാക്കാനുള്ള സാമാന്യബോധം പോലും ജനത്തിന് നഷ്ടപ്പെട്ടിരുന്നു.

കിട്ടാക്കടങ്ങളുടെ വലുപ്പവും വ്യാപ്തിയും കൂടുകയായിരുന്നു. ‘വിൻഡോ ഡ്രസിങ്’ സൂത്രമുപയോഗിച്ചും, എണ്ണമില്ലാത്ത പിടിക്കപെടാൻ സാധ്യതയില്ലാത്തത്ര ‘ഷെൽ കമ്പനികൾ’ സ്ഥാപിച്ചും വൻകിട മുതലാളിമാർ പിന്നെയും പിന്നെയും ബാങ്കുകളിൽ നിന്നും കടങ്ങൾ എടുത്തു. സിബിൽ ക്രെഡിറ്റ് റേറ്റിംഗ് അവർക്കു പ്രശ്നമില്ലായിരുന്നു എന്നു മാത്രമല്ല, കിട്ടാക്കടത്തിന്റെ വലുപ്പമനുസരിച്ചു പുതിയ ലോണുകൾ കിട്ടാനുള്ള സാധ്യത കൂടുകയായിരുന്നു.

ഇന്ത്യൻ ഭരണകൂടം ഉൾപ്പടെ ആഘോഷിക്കുന്ന, ആഘോഷിച്ചിരുന്ന പല കോർപ്പറേറ്റുകളും വമ്പൻ മുതലാളിമാരും വായ്പ തിരിച്ചടയ്ക്കാത്തവരുടെ ഗണത്തിൽ പെടുന്നവരാണ്. എന്നിട്ടും ഇവർക്കെല്ലാം ഇന്നും കോടികളുടെ വായ്പകൾ കൊടുക്കാൻ ഈ ബാങ്കുകൾ തയ്യാറാകുന്നുവെന്നതാണ്. വിജയിക്കാൻ സാധ്യതയില്ലാത്ത പദ്ധതികൾക്കു പോലും വായ്പ നൽകും. ഇവരുടെ ക്രെഡിറ്റ് വർത്തിനസ്സ് (creditworthiness) വളരെ പരിതാപകരമാണെന്നതും പല ധനകാര്യസ്ഥാപനങ്ങളും കണ്ടെത്തിയത്. എന്നാൽ എസ് ബി ഐയ്ക്ക് ഇതൊന്നും പ്രശ്നമല്ലായിരുന്നു കാരണം വളരെ ലളിതം അവരുടെ രാഷ്ട്രീ ബന്ധങ്ങൾ അവരെ അശുദ്ധരിൽ നിന്നും വിശുദ്ധരാക്കി.

ഹൗസിങ് ലോണിന്റെ/ വാഹന ലോണിന്റെ/ വിദ്യാഭ്യാസ ലോണിന്റെ , എന്തിനു ക്രെഡിറ്റ് കാർഡിന്റെ ഒരു ഗഡു മുടങ്ങിയാൽ സിബിൽ റേറ്റിംഗിൽ താഴെപ്പോയി അടുത്ത വായ്പ കിട്ടാൻ വയ്യാതാകുന്നവരാണ് സാധാരണ ജനങ്ങൾ. ആ സ്ഥാനത്താണ് വൻകിടക്കാർ ഒന്നിന് മേലെ ഒന്നെന്ന രീതിയിൽ കടങ്ങൾ മേടിച്ചു തിരിച്ചടയ്ക്കാതെ മാന്യന്മാരായി വിലസുന്നത്. ഈ യാത്രയിൽ ബാങ്കിന്റെ ചെറു നിക്ഷേപകരെയും സാധാരണക്കാരായ ഉപഭോക്താക്കാളെക്കാളും വലുത് ഈ വൻകിട സാമ്പത്തിക തട്ടിപ്പുകാരാണെന്നു കരുതുന്ന ഒരു നേതൃത്വം ഉണ്ടാവുമ്പോൾ ആണ് എസ് ബി ഐ യെപോലുള്ള പൊതു മേഖല ബാങ്കുകൾക്ക് ഇത്തരം നെറിവില്ലാത്ത പകൽകൊള്ളക്കാരാവേണ്ടി വരേണ്ടി വരുന്നത്.

നോട്ടു നിരോധനവും അതിനുശേഷം വരുത്തിയ സാമ്പത്തിക ക്രയവിക്രയ റേഷനിങ്ങും ജനങ്ങളെ ഇന്നും വലച്ചുകൊണ്ടിരിക്കുമ്പോൾ എസ് ബി ഐ യെപ്പോലത്തെ ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ സ്പന്ദനം നന്നായറിയാവുന്ന ഒരു സ്ഥാപനം അവരുടെ ഉപഭോക്താവിന്റെ സേവകനിൽ നിന്നും ശിക്ഷകനിലേക്കു നീങ്ങുന്ന അവസ്ഥയെ നിസംഗതയോടെ നോക്കുന്ന ഒരു വ്യവസ്ഥ – അതിൽ രാഷ്ട്രീയവും ഉദ്യോഗസ്ഥവൃന്ദവും, പൊതു സമൂഹവും പെടും – സൂചിപ്പിക്കുന്നത് വികലമായ ദേശീയതയും വിള്ളൽ വീണതരത്തിലുള്ള ജനാധിപത്യത്തെയും ആണ്. അത് ഭയപ്പെടേണ്ട അവസ്ഥ തന്നെയാണ്.

എസ് ബി ഐ യെ എതിർത്തില്ലാതാകുന്നതിൽ നിന്നും ആ സ്ഥാപനത്തെ ഈ അവസ്ഥയിലെത്തിച്ച ഉപദേശവൃന്ദത്തെ പുകച്ചു പുറത്താക്കാനും, എസ് ബി ഐ പോലത്തെ പൊതു മേഖല സ്ഥാപനങ്ങളെ നാശത്തിലേക്കു നയിക്കുന്ന നിയമ നിർമാണങ്ങളെ ജനാധിപത്യരീതിയിൽ തന്നെ ചോദ്യം ചെയ്യുകയുമാണ് വേണ്ടത്. അതിനുമൊക്കെ മുമ്പേ, ഇന്ത്യൻ കോർപറേറ്റിന്റെ അസാന്മാർഗിക രീതികളെ നിയന്ത്രിക്കാതെ മുന്നോട്ടു പോകാൻ പറ്റില്ല – കൊട്ടിഘോഷിച്ച കോർപ്പറേറ്റ് ഗവേണൻസ് ഉണ്ടായിരുന്നെങ്കിൽ, ഒരു കോർപറേറ്റും ഇത്ര വലിയ കടകുടിശ്ശികക്കാരൻ ആവില്ലായിരുന്നു. രാജ്യത്തെ പിടിച്ചു നിറുത്തുന്ന വൻകിട പൊതു സ്ഥാപനങ്ങളെ തങ്ങളുടെ പിടിപ്പുകേട് കൊണ്ട് നാശത്തിലേക്കു നയിക്കുന്ന ഒരു ഉപോഭോക്ത്താവിനെയും ഒരു പരിധിക്കപ്പുറം കൈപിടിച്ച് നടത്തേണ്ട കാര്യം എസ് ബി ഐ യ്‌ക്കോ സർക്കാരിനോ ഇല്ല.

sbi atm, services charges

എസ് ബി ഐയെ വിശ്വസിച്ചു ഒപ്പം നിൽക്കുന്ന ഒരുപാട് ചെറുകിട ഉപഭോക്താക്കളെ വഴിയാധാരം ആക്കിയാൽ ഇല്ലാതാവുന്നത് എസ് ബി ഐ മാത്രമല്ല, അതുപോലുള്ള രാജ്യത്തിന്റെ കെട്ടുറപ്പിനെ ശക്തമാക്കുന്ന സ്ഥാപനങ്ങളും വിശ്വാസങ്ങളും ആണ്. വിശ്വാസം ആണ് വലുതെന്നു പറയുന്ന കോർപ്പറേറ്റ്, അതിനിടുന്ന വില, സ്വന്തം ഉച്ഛിഷ്ടത്തിന്റെ വില പോലുമില്ലെന്നത്, യാഥ്യാർഥ്യമാകുമ്പോൾ അവിടെ വഴിയാധാരമാവുന്നതു സാധാരണക്കാരനാണ്. അവന്റെ ജീവിതം നിലനിർത്തുന്ന അവശ്യ സേവനങ്ങളും വസ്തുക്കളും ആണ് അവനു അപ്രാപ്യമാകുന്നത്. അത് വളർച്ചയാണെന്നു പറയുന്നവരോട് തിരിച്ചൊന്നും പറയാനില്ല എന്നു മാത്രമല്ല ഇങ്ങനെ വെടക്കാക്കിയാൽ തനിക്കാകാനാണ് പരിപാടിയെങ്കിൽ വൈകാതെ കാര്യമായി ഒന്നും ബാക്കിയുണ്ടാവില്ല എന്നു ഓർമിപ്പിക്കേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook